Wednesday, March 21, 2007

1983-മൊഹീന്ദര്‍, 2007-സൗരവ്‌?

സൗരവ്‌ ചണ്ഡീദാസ്‌ ഗാംഗുലി ഒരു ലോകകപ്പില്‍ കൂടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ ശരിക്കും ആഹ്ലാദം തോന്നുന്നു. ഇത്‌ ഭ്രഷ്ടനായവന്റെ പുനര്‍വാഴ്‌ച്ചയും ക്രൂശിതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമൊക്കെയാണ്‌. കേവലം ക്രിക്കറ്റിന്‌ അപ്പുറത്തേയ്‌ക്ക്‌ നീളുന്ന മാനങ്ങളും അര്‍ത്ഥങ്ങളുമെല്ലാം ഈ തിരിച്ചുവരവിനുണ്ട്‌. 2003ലെ ലോകകപ്പില്‍ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയെ ഫൈനലിലേയ്‌ക്ക്‌ നയിച്ച ക്യാപ്‌റ്റനായിരുന്നു, സൗരവ്‌. പക്ഷെ അതു കഴിഞ്ഞ്‌ രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ സൗരവിന്റെ ക്യാപ്‌റ്റന്‍സി തെറിച്ചു. വൈകാതെ ടീമില്‍ നിന്നും പുറത്തായി. ഈ 'നാടുകടത്തലിന്‌' കാരണം സൗരവിന്റെ ബാറ്റിങ്‌ ഫോം നഷ്ടമായി എന്നതിനുപരി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത്‌ സംഭവിച്ച അധികാരമാറ്റമാണെന്ന്‌ ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. അതങ്ങിനെയായിരുന്നുവെന്ന്‌ വിശ്വസിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്‌ താനും.ക്യാപ്‌റ്റനെന്ന നിലയില്‍ സൗരവിന്റെ റെക്കോഡ്‌ മോശമായപ്പോഴല്ല സൗരവില്‍ നിന്ന്‌ ക്യാപ്‌റ്റന്‍ സ്ഥാനം എടുത്തുമാറ്റിയത്‌. സാഥാനഭ്രഷ്ടനാക്കപ്പെടുമ്പോഴേക്കും ടെസ്‌റ്റിലും ഏകദിന മല്‍സരങ്ങളിവും ഇന്ത്യയെ ഏറ്റവും അധികം വിജയങ്ങളിലേയ്‌ക്ക്‌ നയിച്ച നായകന്‍ എന്ന റെക്കോഡ്‌ സൗരവ്‌ സ്വന്തമാക്കിയിരുന്നു. യുവതാരങ്ങളെ കണ്ടത്താനും അവരെ പ്രചോദിപ്പിക്കാനും കഴിയുന്ന മികച്ച നായകന്‍ എന്ന നിലയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. മുന്‍ഗാമികളെ അപേക്ഷിച്ച്‌ ടീമിനുള്ളില്‍ സമ്മതനുമായിരുന്നു. പിന്നീട്‌ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ കളിച്ച വിരലിലെണ്ണാവുന്ന മല്‍സരങ്ങളില്‍ ടീമിലെ ഏറ്റവും മോശം പ്രകടനമൊന്നുമായിരുന്നില്ല സൗരവിന്റേത്‌. പുറത്താക്കപ്പെടുന്നതിന്‌ തൊട്ട്‌ മുമ്പ്‌ കളിച്ച ടെസ്റ്റില്‍, പാകിസ്ഥാനെതിരെ കറാച്ചിയില്‍ സൗരവിന്റെ ബാറ്റിങ്‌ നല്ലകാലം കഴിഞ്ഞിട്ടില്ലെന്ന്‌ സൂചിപ്പിക്കുന്ന രീതിയിലായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ഒന്നടങ്കം പരാജയപ്പെടുകയും ഇന്ത്യ തോറ്റമ്പുകയും ചെയ്‌ത ഈ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആറാമനായി ബാറ്റുചെയ്യാനിറങ്ങിയ സൗരവ്‌ ഒറ്റയ്‌ക്ക്‌ പൊരുതി നിന്ന്‌ 37 റണ്‍സെടുത്ത്‌ പുറത്താവുകയായിരുന്നു. യുവരാജിന്‌ പിന്നില്‍ ആ ഇന്നിങ്‌സിലെ രണ്ടാമത്തെ ടോപ്‌ സ്‌കോററായിരുന്നു സൗരവ്‌. ആ സമയത്ത്‌ സൗരവ്‌ അത്ര മികച്ച ഫോമിലായിരുന്നില്ലെന്ന്‌ സമ്മതിക്കാം. പക്ഷെ വര്‍ഷങ്ങളോളം ടീമിന്റെ നെടുംതൂണായിരുന്ന ഒരു ബാറ്റ്‌സ്‌മാന്റെ ഫോം നഷ്ടമാകുന്ന സമയത്ത്‌ അയാളെ ടീമില്‍ നിന്ന്‌ പുറത്താക്കി അവശേഷിക്കുന്ന ആത്മ വിശ്വാസം നഷ്ടപ്പെടുത്തുകയോ, അതോ അയാളെ പരമാവധി പിന്തുണച്ച്‌ പഴയ ഫോം വീണ്ടെടുക്കാന്‍ സഹായിക്കുകയോ, ഏതാണ്‌ ശരി? മുമ്പ്‌ സച്ചിന്‍ തെണ്ടുല്‍ക്കറുടേയും ഇപ്പോള്‍ വീരേന്ദര്‍ സെവാഗിന്റേയും കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ആ രീതിയില്‍ പരമാവധി പിന്തുണ നല്‍കിയില്ലേ, പിന്നെ സൗരവിന്റെ കാര്യത്തില്‍ മാത്രമെന്തായിരുന്നു, മറ്റൊരു സമീപനം? കൊല്‍ക്കത്തക്കാരനായ ജഗ്‌മോഹന്‍ ഡാല്‍മിയ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത്‌ നിന്ന്‌ നീക്കപ്പെട്ട്‌ മുംബൈക്കാരനായ ശരദ്‌ പവാര്‍ വന്നതിന്റെ അനന്തരഫലമായിരുന്നു സൗരവിന്റെ പുറത്താകലെന്ന്‌ വിശ്വസിക്കാനുള്ള കാരണങ്ങളിലൊന്ന്‌ ഇതാണ്‌. ഒരു സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന്‌ ശേഷം അന്നത്തെ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മോറെ ആധികാരികമായി പ്രഖ്യാപിച്ചുകളഞ്ഞു-`ഇല്ല, സൗരവ്‌ തിരിച്ചുവരാന്‍ ഇനിയൊരു സാധ്യതയുമില്ല.` ടീമില്‍ നി്‌ന്ന്‌ പുറത്തായ ഒരു കളിക്കാരനെക്കുറിച്ച്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇങ്ങനെ തുറന്നടിക്കുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവില്ലാത്ത കാര്യമാണ്‌. മോറെയ്‌ക്ക്‌ ചില താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ അസ്സല്‍ സൂചനയല്ലായിരുന്നോ, ആ വാക്കുകള്‍? പക്ഷെ, എന്നിട്ടും സൗരവ്‌ തളര്‍ന്നില്ല. `ഞാന്‍ തിരിച്ചുവരും. അടുത്ത ലോകകപ്പില്‍ കളിക്കും.` അതായിരുന്നു സൗരവ്‌ അന്ന്‌ പറഞ്ഞത്‌. ഇപ്പോള്‍ സംഭവിച്ചതും അതുതന്നെ. ടീമില്‍ തിരിച്ചെത്തണം, ഒരു ലോകകപ്പ്‌ കൂടി കളിക്കണമെന്ന വാശിയോടെ പ്രതികൂല സാഹചര്യങ്ങളിലും പൊരുതുകയായിരുന്നു, 'മഹാരാജ'. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച പോരാളിയെന്ന്‌ സൗരവ്‌ വിലയിരുത്തപ്പെടാന്‍ പ്രധാന കാരണം ഈ വാശി തന്നെയല്ലേ? നാലു വര്‍ഷം മുമ്പ്‌ സൗരവിന്റെ ജീവചരിത്രമെഴുതുക എന്ന ഉദ്ദ്യേശത്തോടെ കൊല്‍ക്കത്തയിലെ വീട്ടില്‍ ചെന്നത്‌ ഓര്‍ക്കുന്നു. തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ സൗരവ്‌ പറഞ്ഞു. `എന്നെക്കൊണ്ട്‌ ഒരു കാര്യം ചെയ്യിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്‌. എന്നെക്കൊണ്ട്‌ അത്‌ സാധിക്കില്ലെന്ന്‌ പറഞ്ഞാല്‍ മതി.` ഇതേ കാര്യം സൗരവിനെക്കുറിച്ച്‌ അച്ഛന്‍ ചണ്ഡീദാസും സഹോദരന്‍ സ്‌നേഹാശിഷും പറഞ്ഞപ്പോള്‍ കൗതുകം തോന്നിയിരുന്നു. ആ കൗതുകം അദ്‌ഭുതവും ആദരവുമായി പരിണമിക്കുന്നത്‌ ഇപ്പോഴാണ്‌.ടീമില്‍ നിന്ന്‌ പുറത്തായപ്പോള്‍ സൗരവിന്റെ കടുത്ത ആരാധകര്‍ പോലും ചോദിച്ചിരുന്നു-സൗരവ്‌ എന്തിനിങ്ങനെ നാണം കെടാന്‍ നിന്ന്‌ കൊടുക്കുന്നു, ഇപ്പോള്‍ വിരമിക്കുന്നതല്ലേ നല്ലത്‌? പക്ഷെ സൗരവ്‌ മറിച്ചാണ്‌ കരുതിയത്‌. തോറ്റുപിന്‍മാറുകയല്ല, പൊരുതി വീണ്ടെടുക്കണം-അതാണ്‌ പോരാളിയുടെ ധര്‍മം. സൗരവിന്‌ കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു അത്‌. കൂടുതല്‍ മികച്ച ബാറ്റ്‌സ്‌മാനായാണ്‌ സൗരവ്‌ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്‌. ഷോട്ട്‌പിച്ച്‌ ബൗണ്‍സറുകള്‍ കളിക്കാനാവുന്നില്ലെന്ന സ്ഥിരം ദൗര്‍ബല്യത്തിന്‌ പരിഹാരം കണ്ടെത്തി. പന്ത്‌ പോവുന്ന വഴിക്ക്‌ ബാറ്റ്‌ വീശുന്നതിന്‌ പകരം, ശരീരം പന്തിനോടടുപ്പിച്ച്‌, കൂടുതല്‍ നിയന്ത്രണത്തോടെ ബാറ്റ്‌ വെയ്‌ക്കുന്നു. ബാക്ക്‌ലിഫ്‌റ്റും ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഒരു ബാറ്റ്‌സ്‌മാന്‍ ഇങ്ങനെ ബാറ്റിങ്‌ ടെക്‌നിക്കുകളില്‍ കാതലായ മാറ്റം വരുത്തിതിരിച്ചെത്തുന്നത്‌ ക്രിക്കറ്റില്‍ അപൂര്‍വമാണ്‌. ഫിറ്റ്‌നസ്സിലും, അതുവഴി ഫീല്‍ഡിങ്ങിലും സൗരവ്‌ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായി ഇതിനെ വിലയിരുത്തപ്പെടുന്നതും അതുകൊണ്ട്‌ തന്നെ. തന്റെ കരിയറിലുടനീളം ക്രിക്കറ്റ്‌ ഭരണാധികാരികളോട്‌ സമരം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു കളിക്കാരന്‍ നമുക്കുണ്ടായിരുന്നു. ഓരോ തവണ ടീമില്‍ നിന്ന്‌ പുറത്താകുമ്പോഴും സമരം ചെയ്‌ത്‌ ടീമില്‍ തിരിച്ചെത്തിയ മൊഹീന്ദര്‍ അമര്‍നാഥ്‌. 83-ല്‍ ഇന്ത്യ ലോകകപ്പ്‌ നേടിയപ്പോള്‍ അതില്‍ ഏറ്റവും വലിയ സംഭാവന മൊഹീന്ദറിന്റേതായിരുന്നു. സെമിയിലും ഫൈനലിലും മാന്‍ ഓഫ്‌ ദ മാച്ച്‌ മറ്റാരുമായിരുന്നില്ല. അതു പോലെ സൗരവ്‌ എന്ന പോരാളിക്ക്‌ ഈ ലോകകപ്പ്‌ തന്റേതാക്കി മാറ്റാന്‍ കഴിയുമോ? കമോണ്‍ സൗരവ്‌...

No comments: