Thursday, March 22, 2007

ഇത്‌ ട്വന്റി-ട്വന്റി ലോകകപ്പ്‌?


അര ഡസനിലധികം ക്രിക്കറ്റ്‌ ലജന്റുകള്‍- എന്ന്‌ പറയുന്നതില്‍ പന്തികേടുണ്ടന്ന്‌ അറിയാം. പക്ഷ, ഇവിടെ അങ്ങിനെ പ്രയോഗിക്കേണ്ടി വരുന്നു, ക്ഷമിക്കുക. ഇത്തവണത്തെ ലോകകപ്പ്‌ അവസാന ലോകകപ്പാവുമെന്ന്‌ ഉറപ്പുള്ള പ്രതിഭാധനരായ ഒരു സംഘം കളിക്കാര്‍, അവരുടെ പേരുകള്‍ നോക്കുക- സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, ഇന്‍സമാം ഉല്‍ ഹഖ്‌, ബ്രയന്‍ ലാറ, സനത്‌്‌ ജയസൂര്യ, ഗ്ലെന്‍ മഗ്രാത്ത്‌, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ, ആഡം ഗില്‍ക്രിസ്റ്റ്‌.... ഇവരെ ക്രിക്കറ്റിലെ, ലജന്‍റുകള്‍ എന്നല്ലാതെ മറ്റെന്ത്‌ വിളിക്കും? ഈ ലിസ്റ്റിലെ ആദ്യ അഞ്ചു പേര്‍ ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സെടുത്തവരാണ്‌. പതിനായിരം റണ്‍സ്‌ തികച്ച മറ്റൊരാള്‍ കൂടിയേ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലുള്ളൂ-രാഹുല്‍ ദ്രാവിഡ്‌. രാഹുലും, പതിനായിരം റണ്‍സിനടുത്ത്‌ എത്തി നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങും അടുത്ത ലോകകപ്പില്‍ കൂടി കളിക്കുമെന്ന്‌ പ്രതീക്ഷിക്കുക. എന്നാല്‍ തന്നെ മേല്‍ പറഞ്ഞ 'ലജന്റുകള്‍' ഈ ലോകകപ്പ്‌ കഴിഞ്ഞ ഉടനെയോ, അല്ലെങ്കില്‍ അധികം വൈകാതെയോ ക്രിക്കറ്റിനാട്‌ വിടവാങ്ങുമെന്നത്‌ വേദനിപ്പിക്കുന്ന അറിവല്ലേ? ഇനിയെങ്ങനെ കളികാണും,എന്തിന്‌ കളി കാണണം?- ചോദിച്ചു പോവുന്നില്ലേ? കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തിലേറെയായി സച്ചിനും ലാറയും നമ്മെ ആനന്ദിപ്പിച്ച്‌ കൊണ്ടേയിരിക്കയാണ്‌. സച്ചിന്റെ സ്‌ട്രൈറ്റ്‌ ഡ്രൈവുകളും ലാറയുടെ സ്‌ക്വയര്‍ കട്ടുകളും ഇനി അധികകാലം കാണാന്‍ കഴിയില്ലെന്നത്‌, വിവരണാതീതമായ നഷ്ടം തന്നെ.എന്നാല്‍, ലോകകപ്പില്‍ കളിക്കാനെത്തിയ താരനിരയിലൂടെ ഓരോ തവണ കണ്ണോടിക്കുംതോറും ഈ ദുഖം കുറഞ്ഞുവരുന്നു. കളമൊഴിയുന്ന മഹാരഥികള്‍ക്ക്‌ പകരം പ്രതിഷ്ടിക്കപ്പെടാന്‍ പോന്ന പുതിയ പോരാളികള്‍ ടീം ലിസ്‌റ്റുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്‌. നോക്കൂ മൈക്കല്‍ ഹസ്സി, റോബിന്‍ ഉത്തപ്പ, ഉപുല്‍ തരംഗ, ജെസ്റ്റിന്‍ കെംപ്‌, മഹേന്ദ്ര സിങ്‌ ധോനി......തുടങ്ങിയ ക്ലീന്‍ ഹിറ്റര്‍മാരെയാണ്‌ ഇനി ക്രിക്കറ്റ്‌ ലോകം പിന്തുടരുക. ഈ പറഞ്ഞവരില്‍ ആരെങ്കിലും ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ്‌ തികക്കുമെന്ന്‌ പ്രതീക്ഷയില്ല. പലരും രണ്ടോ മൂന്നോ വര്‍ഷം കളിച്ച്‌ പിന്നോട്ടടിച്ചെന്നും വരാം. പക്ഷെ, പതിനായിരക്കാരുടെ കാലമല്ല ഇനി. ഫുട്‌ബോളില്‍ ആയിരം ഗോളടിച്ച പെലെയുടെ കാലം കഴിഞ്ഞെന്നത്‌ പോലെത്തന്നെയിത്‌. എല്ലാകളികള്‍ക്കും രൂപത്തിലും ഭാവത്തിലും കളിക്കാരുടെ സമീപനത്തിലും മാറ്റം സംഭവിക്കുന്നുണ്ട്‌. ക്രിക്കറ്റിലാണ്‌ ഈ മാറ്റത്തിന്‌ ഏറ്റവും വേഗതയെന്ന്‌ തോന്നുന്നു. ക്രിക്കറ്റ്‌ പോലെ വ്യത്യസ്‌തമായ മൂന്നു രൂപങ്ങളുള്ള ടീം ഗെയിം വേറെയേതാണുള്ളത്‌? ഫുട്‌ബോളില്‍ സെവന്‍സ്‌, ഫൈവ്‌സ്‌ തുടങ്ങിയ വകഭേദങ്ങളുണ്ട്‌. പക്ഷെ, ഇതെല്ലാം പ്രാദേശിക വകഭേദങ്ങളായി നിലനില്‍ക്കുന്നതേയുള്ളൂ. ക്രിക്കറ്റില്‍ ടെസ്‌റ്റും ഏകദിനവും ഇപ്പോള്‍ ട്വന്റി-ട്വന്റിയും സ്വീകാര്യതയും പ്രചാരവും നേടിക്കൊണ്ടിരിക്കുന്നു. ക്രിക്കറ്റില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ തീവ്രതയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ട്വന്റി-ട്വന്റി മല്‍സരങ്ങളുടെ ശൈലിക്ക്‌ യോജിച്ച വിധം കളിയോടുള്ള സമീപനവും കളി തന്നെയും മാറിക്കൊണ്ടിരിക്കുന്നു എന്ന്‌ തന്നെയാണ്‌ ധോനിയുടേയും കെംപിന്റേയുമെല്ലാം പ്രകടനങ്ങള്‍ വിളിച്ചു പറയുന്നത്‌. ഇനിയൊരു ഗാവസ്‌കറോ ജഫ്‌ ബോയ്‌ക്കോട്ടോ ജനിക്കില്ല, ജനിച്ചാല്‍ തന്നെ അതിജീവിക്കില്ല.ടെസ്റ്റ്‌്‌ ക്രിക്കറ്റിനെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയും ഗാവസ്‌കറേയും ബ്രാഡ്‌മാനേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും അവരുടെ റിക്കാര്‍ഡുകളുടെ പേരില്‍ ആരാധിക്കുകയും ചെയ്യുന്ന ക്ലാസിക്ക്‌ വാദികള്‍ക്ക്‌ ഇനി ഈ ഗെയിമില്‍ നിന്ന്‌ അധികമൊന്നും പ്രതീക്ഷിക്കാനില്ലെന്ന്‌ തോന്നുന്നു. പത്തോവറുകള്‍ക്കിടയില്‍ ഒരു ബൗണ്ടറി നേടുന്ന ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ നിന്ന്‌ എല്ലാ ഓവറിലും ബൗണ്ടറി അടിക്കുന്ന ഏകദിന ക്രിക്കറ്റിലേക്ക്‌ സംഭവിച്ച മാറ്റം ഉള്‍ക്കൊള്ളാന്‍ താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ എല്ലാ ഓവറിലും രണ്ട്‌ ബൗണ്ടറിയും ഒരു സിക്‌സറും വേണമെന്ന ട്വന്റി-ട്വന്റി സാഹചര്യത്തിലേക്കുള്ള പരിണാമം പാരമ്പര്യ വാദികള്‍ക്ക്‌ ഏറെ ദുഷ്‌ക്കരമാവും. അതു കൊണ്ടാണ്‌, ട്വന്റി-ട്വന്റി മല്‍സരങ്ങള്‍ ക്രിക്കറ്റിനെ നശിപ്പിക്കുമെന്ന മട്ടില്‍ വിമര്‍ശനമുയരുന്നത്‌. പക്ഷെ ഈ മാറ്റത്തെ തടുക്കാനൊ അതിന്റെ വേഗം കുറയ്‌ക്കാനോ ഇനി ആവില്ല. സോവിയറ്റ്‌ യൂണിയനില്‍ നടപ്പാക്കപ്പെട്ട ഗ്ലാസ്‌നോസ്‌തും പെരിസ്‌ട്രോയിക്കയും പോലെയാണിത്‌. സോവിയറ്റ്‌ യൂണിയന്‍ വിവിധ രാജ്യങ്ങളായി വിഘടിക്കപ്പെട്ടത്‌ പോലെ ക്രിക്കറ്റ്‌ സാമ്രാജ്യവും ടെസ്‌റ്റ്‌, ഏകദിന, ട്വന്റി-ട്വന്റി മേഖലകളായി വിഘടിക്കപ്പെട്ടെന്നും വരാം. ഓരോ രാജ്യത്തിനും തീര്‍ത്തും വ്യത്യസ്‌തമായ മൂന്ന്‌ ടീമുകള്‍ വേണ്ടി വന്നേക്കും. വ്യത്യസ്‌ത ടീമുകളും കളിക്കാരുമാവും ഈ മൂന്ന്‌ വിഭാഗങ്ങളിലും മികവ്‌ പുലര്‍ത്തുന്നത്‌. അത്‌ മേല്‍ പറഞ്ഞപോലെ വിഭജനത്തിന്‌ വഴി വെച്ചേക്കും.ട്വന്റി-ട്വന്റി ശൈലി, ക്രിക്കറ്റിനെ മൊത്തത്തില്‍ തന്നെ കീഴടക്കുന്നതിന്റെ സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്‌. ട്വന്റി-ട്വന്റി ആദ്യം അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിനെ അംഗീകരിക്കാതെ ചെറുത്ത്‌ നില്‍ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ശ്രമം നടത്തിയതാണ്‌. പക്ഷെ പെട്ടന്ന്‌ തന്നെ അതിനെ അംഗീകരിക്കേണ്ടി വന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഔദ്യോഗികമായിത്തന്നെ ഒരു ട്വന്റി-ട്വന്റി മാച്ച്‌ ഇന്ത്യന്‍ ടീം കളിച്ചു. ഏകദിന പരമ്പരയില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടപ്പോഴും ഇന്ത്യ ഈ ട്വന്റി-ട്വന്റി മാച്ചില്‍ ദക്ഷിണാഫ്രിക്കയയെ തോല്‍പ്പിച്ചു. ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലേയ്‌ക്ക്‌ കാണികളെ തിരിച്ച്‌ കൊണ്ട്‌ വരുന്നത്‌ ട്വന്റി-ട്വന്റി ആണത്രെ. ട്വന്റി-ട്വന്റി ലോകകപ്പിനും ഒരുക്കം തൂടങ്ങിക്കഴിഞ്ഞു. ഇങ്ങനെ ഇരുപത്‌ ഓവര്‍ മല്‍സരങ്ങളുടെ കാലം പുലരുമ്പോള്‍ പതിനായിരം റണ്ണിന്റേയും അമ്പത്‌ സെഞ്ച്വറിയുടേയും റിക്കാര്‍ഡുകള്‍ക്ക്‌ പ്രസക്തി നഷ്ടമാവാതിരിക്കുന്നതെങ്ങനെ? പതിനായിരക്കാര്‍ക്ക്‌ പകരം മുപ്പത്‌ പന്തില്‍ സെഞ്ച്വറി നേടുന്നവരും ഓവറില്‍ ആറു സിക്‌സര്‍ അടിക്കുന്നവരും പ്രതിഷ്‌ഠിക്കപ്പെടും. സ്‌ക്വയര്‍ കട്ടുകള്‍ക്കും സ്‌ട്രൈറ്റ്‌ ഡ്രൈവുകള്‍ക്കും പഴയപോലെ ആരും ഭംഗി കണ്ടെന്ന്‌ വരില്ല. ഏത്‌ പന്തിലും റണ്ണെടുക്കണമെന്ന അവസ്ഥ വരുമ്പോള്‍ റിവേഴ്‌സ്‌ സ്വീപ്പുകളും പാഡ്‌ല്‍ സ്വീപ്പുകളും ലേഡര്‍ ഷോട്ടുകളും എല്ലാം ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ നിരന്തരം കളിക്കേണ്ടി വരും.ഇവ ക്ലാസിക്ക്‌ ഷോട്ടുകളായി അംഗീകരിക്കപ്പെടും. റിവേഴ്‌സ്‌ സ്വീപ്പ്‌ കളിച്ച്‌ വിക്കറ്റ്‌ കളഞ്ഞെന്നോ, ഹിമാലയന്‍ വങ്കത്തമെന്നോ കളി റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ആരും എഴുതില്ല. റണ്ണടിക്കുന്നതിന്‌ വേണ്ടി 'വങ്കത്തങ്ങളും' സാഹസങ്ങളും കാണിക്കാത്തവനാവും വങ്കന്‍. ഈ ലോകകപ്പില്‍ അഞ്ഞൂറ്‌ റണ്‍സെന്ന ടോട്ടല്‍ അസംഭാവ്യമല്ലെന്ന്‌ പറയുന്നത്‌ ഇന്ത്യയുടെ ഓസ്‌ട്രേലിയക്കാരനായ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ആണ്‌. അതിന്റെ അര്‍ത്ഥം ഏകദിന ക്രിക്കറ്റ്‌ തന്നെ ട്വന്റി-ട്വന്റി ശൈലിയിലേയ്‌ക്ക്‌ മാറണമെന്നല്ലേ? അഞ്ഞൂറ്‌ റണ്‍സെടുക്കാന്‍ ഏറ്റവും യോഗ്യമായ ടീം ഉത്തപ്പയും ധോനിയും യൂവരാജും സെവാഗും ഉള്‍പ്പെട്ട, ചാപ്പല്‍ പരിശീലിപ്പിക്കുന്ന ഇന്ത്യ തന്നെയല്ലേ? ടീം സെലക്ഷന്റെ സമയത്ത്‌ ചാപ്പലിന്റെ മനസ്സില്‍ ആയൊരു പ്ലാന്‍ ഉണ്ടായിരുന്നുവെന്ന്‌ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. കൈഫ്‌ വേണ്ട, സെവാഗ്‌ മതിയെന്നും ബൗളിങ്ങില്‍ ഫോമിലല്ലെങ്കിലും നന്നായി ബാറ്റ്‌ ചെയ്യുന്ന, വലിയ ,ഷോട്ടുകളില്‍ അഭിരമിക്കുന്ന പഠാനെ ടീമിലെടുക്കാമെന്നും ചാപ്പല്‍ സെലക്‌ടര്‍മാരെ ധരിപ്പിച്ചത്‌ അതു കൊണ്ടല്ലേ?

2 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം... ആദ്യമായി കാണുകയാണീ ബ്ലോഗ്... ക്രിക്കറ്റിന്റെ പരിണാമങ്ങള്‍ വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്... ബൂലോഗത്തില്‍ ഒരു പുപ്പുലി ഇറങ്ങിയതാരുമറിഞ്ഞില്ലെ ബൂലൊഗരെ?????

Kuzhur Wilson said...

സ്പോര്‍റ്ട്സ് മലയാളം എന്ന തലക്കേട്ട് ഇഷ്ടമായി.
കൂടുതല്‍ കാക്കുന്നു