Tuesday, March 27, 2007

ദുരന്തം- അജ്ഞാതം, അവര്‍ണനീയം


ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ കുറിച്ചിടാം- അര ഡസനോളം ഇതിഹാസ താരങ്ങളും വന്‍തുക മുടക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ഇറക്കുമതി ചെയ്‌ത പ്രഗല്‍ഭനായ പരിശീലകനും ഫിസിയോയും ട്രെയ്‌നറും ബയോ മെക്കാനിക്ക്‌ എക്‌സ്‌പര്‍ട്ടുമൊക്കെയായി ഒന്‍പതാം ലോകകപ്പില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസിലേക്ക്‌ തിരിച്ച ഇന്ത്യന്‍ ടീം പരാജയത്തിന്റെ വിഴുപ്പു ഭാണ്ഡവുമായി തിരിച്ചു പോന്നു. നാട്ടില്‍ ആരാധകരുടെ വിലാപങ്ങളും മാധ്യമങ്ങളുടെ പരിഹാസവും അതിന്റെ ഉച്ഛസ്ഥായിയുലെത്തി......... ഇത്രയും ഇപ്പോഴേ കുറിച്ചിടാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഇതെന്ന്‌ കൂടി ഇതിനോട്‌ കൂടി എഴുതി ചേര്‍ക്കേണ്ടി വരുമോയെന്നേ ഇപ്പോള്‍ ചിന്തിക്കേണ്ടതുള്ളൂ. അങ്ങനെസംഭവിക്കാതിരിക്കണമെങ്കില്‍ ശരിയായ ഗൗരവത്തോടെ, ലക്ഷ്യ ബോധത്തോടെ ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി, അനില്‍ കുംബ്ലെ.... ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടിയ ഇതിഹാസ താരങ്ങള്‍ കളിക്കുന്ന ഒരു ടീം, സമീപ കാലത്ത്‌ റോബിന്‍ ഉത്തപ്പ, മഹേന്ദ്ര സിങ്ങ്‌ ധോനി, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ യുവതാരങ്ങളുടെ വരവോട്‌ കൂടി കൂടുതല്‍ മികവു നേടിയ ടീം. പരിശീലകനായി ഗ്രെഗ്‌ ചാപ്പല്‍ എന്ന ബുദ്ധിരാക്ഷസനും. ഈ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന എന്ത്‌ വിശദീകരണം നല്‍കും? എവിടെയാണ്‌ പിഴച്ചത്‌? മനസ്സിലാവുന്നില്ലെന്ന്‌ നമ്മുടെ ക്യാപ്‌റ്റന്‍ തന്നെ പറയുന്നു.ശ്രീലങ്കയോട്‌ തോറ്റത്‌ മനസ്സിലാക്കാം. പക്ഷെ ബംഗ്ലാദേശിനെതിരെ പിണഞ്ഞ തോല്‍വിക്ക്‌ എന്ത്‌ വിശദീകരണം നല്‍കും? ഇവിടെയാണ്‌ ക്രിക്കറ്റിന്‌, പ്രത്യേകിച്ചും ഏകദിനക്രിക്കറ്റിന്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന പരിണാമത്തെക്കുറിച്ച്‌ ബോധവാന്‍മാരാവേണ്ടതിന്റെ ആവശ്യം. ഫുട്‌ബോളുള്‍പ്പെടെയുള്ള ഗെയിമുകളെ പോലെ ഒരു ഫിസിക്കള്‍ ഗെയിം, അഥവാ ശാരീരികശേഷിക്ക്‌ പ്രാധാന്യമുള്ള കളി ആയിരുന്നില്ല ക്രിക്കറ്റ്‌. ടെക്‌നിക്കുകള്‍ക്ക്‌ ആധിപത്യമുള്ള ഗെയിം ആയിരുന്നു. ഫുട്‌ബോളിനേയോ ഹോക്കിയേയോ പോലെ മെയ്‌ക്കരുത്തിന്‌, സ്‌റ്റാമിനയ്‌ക്ക്‌ അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല. ഈയൊരു അവസ്ഥക്ക്‌ മാറ്റം വരാന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ വര്‍ഷങ്ങളായി. പതുക്കെ ക്രിക്കറ്റ്‌ കൂടുതല്‍ ഫിസിക്കലായി മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയും ന്യൂസിലഡുമെല്ലാം ഈ വഴിയില്‍ മുമ്പേ നടന്നവരാണ്‌. ഇപ്പോള്‍ ആ മാറ്റത്തിന്‌ വേഗം കൂടുന്നു. ഈ ലോകകപ്പ്‌ അതിന്‌ അടിവരയിടുന്നു. ബംഗ്ലാദേശ്‌ ഇന്ത്യയെ കീഴടക്കിയത്‌ തീര്‍ച്ചയായും ആ ഘടകത്തില്‍ ഊന്നിയാണ്‌. ശാരീരിക ക്ഷമതയില്‍ താരതമ്യേന ചെറുപ്പക്കാരായ ബംഗ്ലാദേശുകാര്‍ ഇന്ത്യക്കാരെ ശരിക്കും പിന്നിലാക്കി. ശാരീരിക ക്ഷമതയിലും അതുവഴി ആര്‍ജിക്കുന്ന ഫീല്‍ഡിങ്ങ്‌ മികവിലും ഈ ലോകകപ്പില്‍ ഏറ്റവും പിന്നില്‍ നിന്നത്‌ ഇന്ത്യയും പാകിസ്‌താനുമാണ്‌. നവാഗത യൂറോപ്യന്‍ ടീമുകളായ അയര്‍ലന്‍ഡും ഹോളണ്ടുമെല്ലാം ഇക്കാര്യത്തില്‍ മികവുള്ളവരാണ്‌. സച്ചിനും ദ്രാവിഡും കൂംബ്ലെയും സൗരവും എല്ലാം ഫീല്‍ഡിങ്ങില്‍ ബാധ്യതയായി വരികയാണ്‌. അല്‍പ്പം വിഷമത്തോടെ തന്നെ പറയട്ടെ, ഇവരൊക്കെ ഇനി ടെസ്റ്റ്‌ മാച്ചുകളില്‍ ശ്രദ്ധ കേന്ദീകരിക്കുന്നതവും ഉചിതം. പ്രായമേറി വരുന്നതാണ്‌ ഇവരുടെ പ്രശ്‌നമെന്ന്‌ മനസ്സിലാക്കാം. അപ്പോള്‍ മുനാഫ്‌ പട്ടേലിനെ പോലുള്ള യുവാക്കളോ? പുതുതായി ടീമിലെത്തുന്ന ഈ കളിക്കാര്‍ പോലും ശാരീരിക മികവിന്റേയും ഫീല്‍ഡിങ്ങിന്റേയും പ്രാധാന്യം ഇനിയും തിരച്ചറിഞ്ഞിട്ടില്ലെന്നത്‌ സത്യമാണ്‌. ഫീല്‍ഡീങ്ങ്‌ മല്‍സരങ്ങള്‍ ജയിക്കുന്നതില്‍ എത്ര നിര്‍ണായകമാണെന്ന്‌ ഇനിയും നമ്മുടെ ക്രികകറ്റ്‌ സംവിധാനത്തിന്‌ ബോധ്യം വന്നിട്ടില്ല എന്നതാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. യുവതാരങ്ങളുടെ പോലും ശാരീരികശേഷിയും ഫീല്‍ഡിങ്ങ്‌ മികവും മെച്ചപ്പെടുത്താന്‍ ശ്രമം നടക്കുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌.ക്യാപ്‌റ്റന്‍ എന്ന നിലയിലുള്ള രാഹുലിന്റെ പിഴവുകളും ഇന്ത്യയുടെ പതനത്തില്‍ നിര്‍ണായകമായി. രാഹുല്‍ അത്ര മികച്ചൊരു ക്യാപ്‌റ്റനല്ലെന്നത്‌ നേരത്തെ തന്നെ വ്യക്തമായിരുന്നു. പക്ഷെ, ടീമിലെ മറ്റു സീനിയര്‍ താരങ്ങളുടെ പിന്തുണയും സഹായവും ക്യാപ്‌റ്റനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, എന്തുകൊണ്ടോ, ഇങ്ങനെയൊരു സഹകരണം ഫീല്‍ഡില്‍ കണ്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ നയിച്ച ക്യാപറ്റന്‍ ഫീല്‍ഡില്‍ തികച്ചും ഒറ്റപ്പെട്ട്‌ മാറ്റിനിര്‍ത്തപ്പട്ടപോലെ തോന്നി. ഒരിക്കല്‍ പോലും ഫീല്‍ഡില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സൗരവിന്റെ സാന്നിധ്യം കണ്ടില്ല. ഓരോ മല്‍സരങ്ങള്‍ക്കും അവസാന പതിനൊന്നംഗ ടീമിനെ തിരഞ്ഞെടുക്കുന്നതിലും ടീം മാനേജ്‌മെന്റിന്‌ പിഴവ്‌ പറ്റി, തീര്‍ച്ച. ഹര്‍ബജന്റെ ദൗര്‍ബൗല്യങ്ങളെക്കുറിച്ച്‌ കളികാണുന്നവര്‍ക്കെല്ലാം വ്യക്തമായ ധാരണയുണ്ട്‌. അതില്ലാത്തത്‌ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്‌ മാത്രമാണെന്ന്‌ തോന്നുന്നു. പേസ്‌ ബൗളര്‍ അഗാര്‍ക്കറേയും അമിതമായി ആശ്രയിച്ചു. ഫാസ്റ്റ്‌ ബൗളിങ്ങിന്‌ അനുകൂലമായ സാഹചര്യത്തില്‍ കളിക്കാനിറങ്ങുമ്പോള്‍, മുന്‍നിര ബാറ്റ്‌സ്‌മാന്‍മാരുടെ വിക്കറ്റെടുക്കാന്‍ കൂടുതല്‍ മിടുക്കുള്ള ശ്രീശാന്തിനെ ഉപയോഗിക്കാമായിരുന്നു. തീര്‍ച്ചയായും അതിന്‌ ഫലമുണ്ടാവുമായിരുന്നു. ബംഗ്ലാദേശിനെതിരായ മാച്ചില്‍ ചെറിയ സ്‌കോറിന്‌ പുറത്താക്കപ്പെട്ട ശേഷവും ബൗളര്‍മാര്‍ക്ക്‌ കളി ജയിക്കാന്‍ കഴിയുമായിരുന്നു. ആ സമയത്ത്‌ ശ്രീശാന്തിനെ പോലെ തുടക്കത്തിലേ വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ള ഒരു ബൗളറുടെ അഭാവം നിഴലിച്ചു കണ്ടു.ഇനി, ചില തലകള്‍ ഉരുളുമെന്ന സൂചനയാണ്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അധികൃതര്‍ നല്‍കുന്നത്‌. ഈ തോല്‍വി അവരുടേയും മാനം കെടുത്തിയിരിക്കുന്നു. എന്തെങ്കിലും ചെയ്യാതെ തരമില്ല. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, മികച്ച കളിക്കാരില്ലാത്തതു കൊണ്ടല്ല, ഇന്ത്യന്‍ ടീം തോറ്റത്‌. മാറ്റം വേണ്ടത്‌ സമീപനത്തിലാണ്‌, ഘടനയിലാണ്‌. പെട്ടന്ന്‌ വരുത്താവുന്ന മാറ്റമല്ല അത്‌. എത്രയും പെട്ടന്ന്‌ തുടങ്ങുന്നവോ, അത്രയും നല്ലത്‌.

4 comments:

KANNURAN - കണ്ണൂരാന്‍ said...

എവിടെയൊക്കെയോ തകരാറുകളുണ്ട്.. അവ പരിഹരിക്കപ്പെട്ടേ മതിയാകൂ...

SAJAN | സാജന്‍ said...

പക്ഷെ മൊത്തം വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കിയിടത്തോളം വലിയ മാറ്റങ്ങള്‍ ടീം ഇന്ത്യക്ക് വരുമെന്നു തോന്നുന്നില്ല

സഞ്ചാരി said...

കൊല്‍ക്കത്ത ലോബി,മുന്‍പായി ലോബി,പിന്നെ പേരറിയാത്ത കുറേ ലോബികളും.
നൂറു കോടി ജനങ്ങള്‍ നാണകെട്ടെങ്കിലും ആരൊക്കെയൊ കുറെ കോടികള്‍ നേടിയിട്ടുണ്ടവും

സുരലോഗം || suralogam said...

നമ്മുടെ കളിക്കാര്‍ എല്ലാവരും അമിതമായ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. സ്വാഭാവികമായ കളി ആരും കാഴ്ചവെച്ചില്ല. മാധ്യമങ്ങളും ജനങ്ങളും പുലര്‍ത്തിയ അമിത പ്രതീക്ഷ, താരങ്ങളുടെ മുന്‍കാലചരിത്രത്തിന്റെ ഭാണ്ഡക്കെട്ട്, പരാജയഭീതി എന്നിവയുടെയെല്ലാം സമ്മര്‍ദ്ദം കളിക്കളത്തിലെ പ്രകടനത്തെ ബാധിച്ചു. സാധാരണ സ്പിന്നര്‍മാരെ പോലും നേരിടാന്‍ ഇതു മൂലം കഴിഞ്ഞില്ല.