Wednesday, March 21, 2007

അഭിമുഖം-സാനിയ മിര്‍സ


പ്രശസ്‌തിയുടെയും ഗ്ലാമറിന്റെയും ലോകത്താണ്‌ സാനിയ ഇപ്പോള്‍. ഈ പ്രായത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ മാത്രമേ നമ്മുടെ നാട്ടില്‍ ഇങ്ങനെ സൗഭാഗ്യങ്ങള്‍ കൈവന്നിട്ടുണ്ടാവൂ.സാനിയയെ പത്രങ്ങളുടെയും ചാനലുകളുടെയും റിപ്പോര്‍ട്ടര്‍മാര്‍ വിടാതെ പിന്തുടരുന്നു. ഓട്ടോഗ്രാഫ്‌ വാങ്ങാനും ഹസ്‌തദാനം ചെയ്യാനും ഒപ്പം നിന്ന്‌ ഫോട്ടോ എടുക്കാനും ആരാധകര്‍ തിരക്കിയെത്തുന്നു. ഇന്ത്യയില്‍ മുമ്പ്‌ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ മാത്രമേ ഇങ്ങനെ ട്രീറ്റ്‌മെന്റ്‌ ലഭിച്ചിട്ടുള്ളൂ.`ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറഞ്ഞ്‌ ഞാന്‍ മടുത്തു. എത്ര പ്രാവശ്യമാ ഒരേ കാര്യം തന്നെ പറയുന്നത്‌?' ഇന്റര്‍വ്യൂ തുടങ്ങുന്നതിന്‌ മുമ്പേ സാനിയ തിരിച്ചടിച്ചു. പരിഭവം പ്രകടമായെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ട്‌. മീഡിയയെ എങ്ങനെ നേരിടണമെന്നും ക്യാമറകള്‍ക്ക്‌ മുന്നില്‍ എങ്ങനെ പെരുമാറണമെന്നും സാനിയ പഠിച്ചിരുന്നു. എല്ലാ കാര്യത്തിലും ശരിക്കും പ്രൊഫഷണല്‍ ആണ്‌ അവള്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്‌ അവളുടെ സംഭാഷണത്തില്‍. ഹൈദരാബാദിലെ വീട്ടില്‍ വെച്ച്‌ സാനിയ അനുവദിച്ച അഭിമുഖം.
ടൂര്‍ണമെന്റുകളുടെ സമ്മാനതുക, വന്‍കമ്പനികളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍... കോടീശ്വരിയായി മാറിയിട്ടുണ്ടാവുമല്ലോ...?
(അല്‌പനേരം മുഖത്തേക്ക്‌ തുറിച്ചുനോക്കിയ ശേഷമാണ്‌ മറുപടി) പണം കിട്ടുന്നു എന്നത്‌ നേര്‌. പക്ഷേ, പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ കളിക്കാനും ട്രെയിന്‍ ചെയ്യാനും ധാരാളം പണം വേണം. ട്രെയ്‌നര്‍ വേണം, കോച്ച്‌ വേണം, യാത്രകള്‍ക്ക്‌ തന്നെ വലിയ ചിലവ്‌ വരുന്നു. ആന്ധ്രാ സര്‍ക്കാറിന്റേയും എന്റെ സ്‌പോണ്‍സര്‍ ജി.വി.കെ. ഗ്രൂപ്പിന്റെയും സഹായമുള്ളതുകൊണ്ടാണ്‌ ഇത്രയൊക്കെ കഴിഞ്ഞത്‌. എന്റെ ചെറുപ്പം തൊട്ടേ എന്നെ ടെന്നീസ്‌ താരമാക്കാന്‍ അച്ഛനും അമ്മയും ചിലവാക്കിയ പണത്തിന്‌ കണക്കില്ല.അപ്പോള്‍ അച്ഛനും അമ്മയും ചേര്‍ന്നാണ്‌ സാനിയയെ കളിക്കാരിയാക്കിയത്‌?എന്തു സംശയം. അവര്‍ വളരെമുമ്പേ, അതായത്‌ എനിക്ക്‌ അഞ്ചു വയസ്സാവും മുമ്പേ തീരുമാനിച്ചു, എന്നെ ടെന്നീസ്‌ താരമാക്കണമെന്ന്‌. ആദ്യം ട്രെയിനിങ്‌ തന്നത്‌ അച്ഛനാണ്‌. ആറാം വയസ്സില്‍ തന്നെ കോച്ചിങ്‌ സെന്ററില്‍ ചേര്‍ത്തു. എട്ട്‌-ഒന്‍പത്‌ വയസ്സില്‍ തന്നെ ഞാന്‍ സബ്‌ജൂനിയര്‍ തലത്തിലും മറ്റും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു തുടങ്ങിയിരുന്നു. അന്ന്‌ ദീര്‍ഘയാത്രകളില്‍ അച്ഛനോ അമ്മയോ ആരെങ്കിലും കൂടെ വരും. വലിയ പണച്ചിലവുള്ള യാത്രകള്‍. പലപ്പോഴും പണം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. പിന്നെ അനിയത്തി ആനം. എനിക്കൊപ്പം അച്ഛനും അമ്മയും യാത്ര ചെയ്യുന്നതുകൊണ്ട്‌ അവള്‍ ചെറുപ്പത്തിലേ അവരെ മിസ്‌ ചെയ്‌തിരുന്നു. അവളോടും കടപ്പാടുണ്ട്‌.
പരിശീലകരെ കുറിച്ച്‌ എന്തു തോന്നുന്നു?
എനിക്ക്‌ ചെറുപ്പംതൊട്ട്‌ ഇതേവരെ പത്തു പന്ത്രണ്ട്‌ പരിശീലകരുണ്ടായിരുന്നു. എല്ലാവരും എന്റെ കരിയറില്‍ ഏറെ സഹായിച്ചവരാണ്‌. അവരോടെല്ലാം വലിയ കടപ്പാടുണ്ട്‌. പിന്നെ ഇപ്പോഴത്തെ കോച്ച്‌ ബോബ്‌ ബ്രെറ്റ്‌ വളരെ പ്രൊഫഷണലാണ്‌. ഒട്ടേറെ മുന്‍നിര താരങ്ങളുടെ പരിശീലകനാണ്‌. അദ്ദേഹത്തിന്റെ കീഴില്‍ എനിക്ക്‌ വലിയ പുരോഗതിയുണ്ടായെന്നു തോന്നുന്നു. ഇറ്റലിയിലാണ്‌ അദ്ദേഹം കോച്ചിങ്‌ നടത്തുന്നത്‌.
സാനിയ മതവിശ്വാസിയാണല്ലോ. ടെന്നീസിലെ ഗ്ലാമറും മതവിശ്വാസങ്ങളും പരസ്‌പരവിരുദ്ധമാവില്ലേ, ഈയൊരു പ്രതിസന്ധി എങ്ങിനെ നേരിടുന്നു?
അങ്ങനെ ഒരു പ്രതിസന്ധി ഉണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടേയില്ല. ഞാന്‍ മതവിശ്വാസിയാണ്‌. ചെറുപ്പത്തിലേ അച്ഛനും അമ്മയും പകര്‍ന്നുതന്നതാണ്‌ ഈ വിശ്വാസം. ഏഴാം വയസ്സില്‍തന്നെ ഞാന്‍ ഖുര്‍ആന്‍ പഠിച്ചുകഴിഞ്ഞിരുന്നു. പിന്നെ കളിക്കുമ്പോള്‍ ബുര്‍ഖ ധരിക്കാന്‍ കഴിയുമോ? ഞാന്‍ ഷോര്‍ട്‌സ്‌ ധരിക്കുന്നത്‌ ടെന്നീസ്‌ കളിക്കാന്‍ വേണ്ടി മാത്രമാണ്‌. ശരീരം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല.
സാനിയയുടെ സ്വപ്‌നം എന്താണ്‌. എവിടംവരെ എത്തുമെന്നാണ്‌ പ്രതീക്ഷ?
ദീര്‍ഘകാലത്തേക്ക്‌ ഒരു ലക്ഷ്യം പറയാനാവില്ല. മുന്നോട്ടു എന്തു സംഭവിക്കുമെന്ന്‌ എങ്ങനെ പറയും? ലോക റാങ്കിങ്ങില്‍ ആദ്യ 25ല്‍ എത്തണമെന്നും തുടര്‍ച്ചയായി ആ റാങ്കിങ്ങ്‌ നിലനിര്‍ത്തണമെന്നുമെല്ലാം ആഗ്രഹമുണ്ട്‌.
സാനിയ ഒരു റോള്‍ മോഡലായി മാറി എന്നു തോന്നുന്നുവോ?
ഞാന്‍ നേടിയ വിജയങ്ങള്‍ എനിക്ക്‌ കിട്ടുന്ന പ്രശസ്‌തി, അത്‌ നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്ക്‌ പ്രചോദനമാവുമെങ്കില്‍ നന്നായേനെ. അച്ഛനമ്മമാര്‍ കുട്ടികളെ ടെന്നീസ്‌ താരാമാക്കാന്‍ മുന്നിട്ടിറങ്ങുന്ന ഒരു സാഹചര്യം ഉണ്ടാവണം. എന്നാല്‍ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ കളിക്കാര്‍ വളര്‍ന്നുവരുമല്ലോ.
ഡബ്‌ള്‍സിലും മിക്‌സഡ്‌ ഡബ്‌ള്‍സിലും ഭാവിയില്‍ കളിക്കുമോ, അതോ സിംഗ്‌ള്‍സില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമോ?
ഡബ്‌ള്‍സിലും മിക്‌സഡ്‌ ഡബ്‌ള്‍സിലും തുടര്‍ന്ന്‌ കളിക്കണമെന്നുതന്നെയാണ്‌ ആഗ്രഹം. അതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നു. നല്ല പാര്‍ട്‌ണര്‍മാരെ കണ്ടെത്തണം.ഒരു പ്രൊഫഷണല്‍ ടെന്നീസ്‌ താരമായശേഷം തിരക്കേറിയ ജീവിതമായിരിക്കുമല്ലോ.
എങ്ങനെയാണ്‌ സാനിയയുടെ ജീവിതചര്യ?
എത്ര തിരക്കുണ്ടെങ്കിലും എക്‌സര്‍സൈസും ട്രെയിനിങ്ങും മുടക്കാറില്ല. വീട്ടിലാണെങ്കില്‍ രാവിലെ 5.30ന്‌ എഴുന്നേല്‍ക്കും. ഉടന്‍ എക്‌സര്‍സൈസുകള്‍ തുടങ്ങും. ഒന്നര മണിക്കൂറിനു ശേഷം ബ്രേക്ക്‌ഫാസ്റ്റ്‌ കഴിക്കും. എഴുമണിയോടെ ടെന്നീസ്‌ കോര്‍ട്ടില്‍ എത്തും. പത്തര വരെ കളി തുടരും. വീട്ടില്‍ തിരിച്ചെത്തി കുറച്ചു സമയം പഠനത്തിനു ചിലവഴിക്കും. (നഗരത്തിലെ സെന്റ്‌ മേരീസ്‌ കോളേജില്‍ ജേര്‍ണലിസം ഡിഗ്രി വിദ്യാര്‍ഥിനിയാണ്‌ സാനിയ) കുറച്ചു നേരം ഉറങ്ങും. ഉച്ചയ്‌ക്കു ശേഷം രണ്ടു മണിയോടെ വീണ്ടും ടെന്നീസ്‌ കോര്‍ട്ടില്‍. നാലരവരെ ടെന്നീസ്‌ കളിക്കും. പിന്നെ ആറരവരെ വീണ്ടും എക്‌സര്‍സൈസുകള്‍. ദിവസവും അങ്ങനെ മൂന്നു മണിക്കൂറെങ്കിലും എക്‌സര്‍സൈസുകള്‍ എടുക്കും. എല്ലാതരം ഫിസിക്കല്‍ ട്രെയിനിങ്ങും ഉണ്ട്‌. ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം ജിംനേഷ്യത്തില്‍ പോവും. വേഗതയും സഹനശേഷിയും വര്‍ധിപ്പിക്കാനുള്ള എക്‌സര്‍സൈസുകളാണ്‌ അധികവും.
ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ?
ഭക്ഷണത്തില്‍ കഠിനമായ നിയന്ത്രണം ഒന്നുമില്ല. നന്നായി ഭക്ഷണം കഴിക്കും. പക്ഷേ നന്നായി അധ്വാനിക്കുന്നതുകൊണ്ട്‌ കഴിച്ചതെല്ലാം കത്തിത്തീരും. ഭാരം നിയന്ത്രണാതീതമാവാറില്ല. അതുകൊണ്ട്‌ തന്നെ എന്റെ ഭക്ഷണരീതി ശരിയാണെന്നു എനിക്കു തോന്നുന്നു. ശരിയായ സ്റ്റാമിനയും നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്‌.
എന്തു ഭക്ഷണമാണ്‌ സാനിയയ്‌ക്ക്‌ ഇഷ്‌ടം?
ഇറച്ചി എനിക്ക്‌ ഇഷ്‌ടമാണ്‌. രാവിലെയും ഉച്ചയ്‌ക്കും രാത്രിയും ഇറച്ചി കഴിക്കും. ചിലപ്പോള്‍ സ്‌നാക്‌സിനൊപ്പവും (ഉറക്കെ ചിരിക്കുന്നു). സത്യത്തില്‍ പച്ചക്കറി വളരെ കുറവാണ്‌. അത്‌ അത്ര നല്ല സ്വഭാവമല്ലെന്ന്‌ അറിയാം. ചോറും ചപ്പാത്തിയും കഴിക്കും. പഴങ്ങള്‍ ഇഷ്‌ടമാണ്‌. പക്ഷെ ആപ്പിളും വാഴപ്പഴവും കഴിക്കാറില്ല.
വസ്‌ത്രങ്ങളോട്‌ താല്‍പര്യം എങ്ങനെയാണ്‌. ജീന്‍സും ടോപ്പും തന്നെയാണോ ഇഷ്‌ടം?
സല്‍വാറും പാന്റ്‌സും എല്ലാം ധരിക്കാറുണ്ട്‌. പക്ഷെ എല്ലാം ധരിച്ച്‌ നടക്കാന്‍ അധികം അവസരം കിട്ടാറില്ല. ട്രാക്ക്‌സൂട്ടും ടെന്നീസ്‌ വേഷവുമാവും അധികവും.ഹോബികള്‍ എന്തൊക്കെയാണ്‌.
സിനിമ, വായന, സംഗീതം...
സത്യം പറയാല്ലോ, വായന തീരെ കമ്മിയാണ്‌. പാട്ട്‌ കേള്‍ക്കും. അധികമില്ല. റാപ്പും ഹിന്ദിയും ഇഷ്‌ടമാണ്‌. സിനിമ കാണും; ഹിന്ദിയും ഇംഗ്ലീഷും. അക്ഷയ്‌കുമാറും രവീണ ഠണ്ഡനുമാണ്‌ എന്റെ ഫേവറേറ്റ്‌. പിന്നെ ഇന്റര്‍നെറ്റില്‍ സര്‍ഫ്‌ ചെയ്യാനും ഇഷ്‌ടമാണ്‌.
സുഹൃത്തുക്കള്‍ ധാരാളമുണ്ടോ?
അത്ര അധികമില്ല. ഹൈദരാബാദില്‍ ഉണ്ടാവുന്നത്‌ വളരെ കുറവല്ലേ, അതുകൊണ്ട്‌ നിരന്തരം ബന്ധപ്പെടാനാവാറില്ല. എങ്കിലും നാലഞ്ച്‌പേര്‍ നല്ല സുഹൃത്തുക്കളായുണ്ട്‌.
ടെന്നീസ്‌ ഇന്ത്യയില്‍ ഒരു ജ്വരമായി പടരും എന്ന്‌ തോന്നുന്നുണ്ടോ?
എനിക്ക്‌ എല്ലാ ഗെയിമും ഇഷ്‌ടമാണ്‌. ടെന്നീസും ക്രിക്കറ്റും എല്ലാം. ഇപ്പോള്‍ ടെന്നീസ്‌ കൂടുതല്‍ പോപ്പുലറായി വരികയല്ലേ. ധാരാളം കുട്ടികള്‍ ഇപ്പോള്‍ ടെന്നീസ്‌ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. വളരെ നല്ല ഗെയിമാണിത്‌. കാണാനും കളിക്കാനും നല്ല ഹരമുള്ള ഗെയിം. സംശയം വേണ്ട.
ക്രിക്കറ്റ്‌ ഇഷ്‌ടമാണല്ലോ, ആരാണ്‌ ഇഷ്‌ട ക്രിക്കറ്റര്‍?
സംശയമെന്ത്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍.
2005ല്‍ സെറീനക്കെതിരെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചത്‌ സാനിയയ്‌ക്ക്‌ മറക്കാനാവില്ലല്ലോ?വളരെ നല്ല അനുഭവമായിരുന്നു. സെറീനയെപ്പോലൊരു മികച്ച കളിക്കാരിക്കെതിരായ മാച്ചില്‍ നിന്ന്‌ നമുക്ക്‌ പലതും പഠിക്കാനുണ്ട്‌. ഞാന്‍ വലിയ ആവേശത്തിലായിരുന്നു. കൂടെ അല്‌പം പിരിമുറുക്കവും. ഏതായാലും എന്റെ പതിവുശൈലിയില്‍ കളിക്കാന്‍ തീരുമാനിച്ചു. നല്ല മത്സരമായിരുന്നു അത്‌. ഏകപക്ഷീയമായ ഒരു കീഴടങ്ങലായിരുന്നില്ല.
മത്സരശേഷം സെറീന എന്തു പറഞ്ഞു?
ഞാന്‍ നന്നായി ഫൈറ്റ്‌ ചെയ്‌തതില്‍ സെറീന വളരെ സന്തുഷ്‌ടയായിരുന്നു. അവരത്‌ എന്നോടു പറഞ്ഞു.
സെറീനയാണോ സാനിയയുടെ റോള്‍ മോഡല്‍?
സെറീന മികച്ച കളിക്കാരിയാണ്‌. ഞാനവരെ ബഹുമാനിക്കുന്നു. പക്ഷേ, എന്റെ റോള്‍ മോഡല്‍ സ്റ്റെഫിഗ്രാഫ്‌ ആണ്‌. ചെറുപ്പം തൊട്ടേ സ്റ്റെഫിയുടെ ആരാധികയാണ്‌ ഞാന്‍.
2005ല്‍ റാങ്കിങ്ങില്‍ സാനിയ പെട്ടെന്ന്‌ ഒരു കുതിച്ച്‌ ചാട്ടം നടത്തിയല്ലോ. സത്യത്തില്‍ എങ്ങനെയാണ്‌ ഈ പുരോഗതി ഉണ്ടാക്കിയത്‌?
ബോബ്‌ ബ്രെറ്റിനു കീഴില്‍ പരിശീലിച്ചത്‌ വളരെ ഉപകാരപ്രദമായെന്ന്‌ തോന്നുന്നു. മുമ്പേ എനിക്ക്‌ എല്ലാ ഷോട്ടുകളും നന്നായി കളിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ഷോട്ട്‌ സെലക്‌ഷന്റെ കാര്യത്തില്‍ കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ട്‌. കൂടുതല്‍ ശാരീരികക്ഷമത ഉണ്ട്‌. വേഗതയും ക്ഷമയും വര്‍ധിപ്പിച്ചു. സെര്‍വ്‌ ചെയ്യുന്നതിലും ചില അഡ്‌ജസ്റ്റുമെന്റുകള്‍ നടത്തിയിട്ടുണ്ട്‌.

1 comment:

Unknown said...

ഇതും നന്നായി. :-)