Tuesday, May 13, 2008

പടയ്‌ക്കു മുമ്പേ...

മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച, കെ വിശ്വനാഥിന്റെ കേരളത്തിന്റെ ശ്രീശാന്ത്‌ എന്ന പുസ്‌തകത്തിന്‌ പ്രശസ്‌ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എഴൂതിയ അവതാരിക


'വെര്‍ച്വല്‍ റിയാലിറ്റി' എന്നൊരു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതിനും എത്രയോ മുമ്പ്‌ നമ്മള്‍ കേരളത്തിലെ കുട്ടികള്‍ക്ക്‌ അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയിരുന്നു: വേലിത്തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന ഇടവഴികളെ ഈഡന്‍ ഗാര്‍ഡന്‍സാക്കി , ആകൃതിയൊപ്പിച്ച്‌ വെട്ടിയെടുത്ത കവളന്‍ മട്ടലുകളെ ക്രിക്കറ്റ്‌ ബാറ്റാക്കി , മരോട്ടി കായ്‌കളും ഉണങ്ങിയ പേരയ്‌ക്കകളും സ്റ്റിച്ചു ബോളാക്കി , കമ്മട്ടിപ്പത്തലുകളെ സ്‌റ്റമ്പുകളാക്കി നമ്മള്‍ ലോകകപ്പിനിറങ്ങി ; കുട്ടിക്കാലത്തിനു മാത്രം വശമായിരുന്ന ആത്മാവിന്റെ ആല്‍ക്കെമി ഉപയോഗിച്ച്‌ നമ്മള്‍ കപിലും മിയാന്‍ദാദും ഗ്രഹാം ഗൂച്ചുമായി. എത്ര യാഥാര്‍ത്ഥ്യ ബോധമുള്ള മായക്കാഴ്‌ച്ചകള്‍!ഞങ്ങള്‍ എറണാകുളം കുട്ടികള്‍ക്ക്‌ മായക്കാഴ്‌ചകളുടെ യാഥാര്‍ത്ഥ്യ പ്രതീതിയെക്കുറിച്ച്‌ സഹജജ്ഞാനമുണ്ട്‌. കാരണം മായയെക്കുറിച്ച്‌ ലോകത്തിന്‌ വിശദീകരണം കൊടുത്ത ശ്രീ ശങ്കരന്‍ എറണാകുളം കുട്ടിയായിരുന്നു- ഒരു കാലടിക്കാരന്‍. നാരീ സ്‌തനഭര നാഭീ ദേശങ്ങളൊക്കെ വെറും മാംസക്കട്ടകള്‍ മാത്രമാണെന്ന്‌ പറഞ്ഞ കുട്ടിശങ്കരനെ മറി കടക്കാന്‍ ഉണങ്ങിയ പേരയ്‌ക്ക , സ്‌റ്റിച്ച്‌ ബോള്‍ തന്നെയെന്ന്‌ ഞങ്ങള്‍ക്ക്‌ വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെ ആദി ശങ്കരനെ കൂക്കിയോടിച്ചെങ്കിലും ചില ആശങ്കകള്‍ ബാക്കി നിന്നിരുന്നു: അതു കൊണ്ടാണ്‌ ഏതെങ്കിലുമൊരു സോമനോ ശശിയോ മുഹമ്മദ്‌ കുട്ടിയോ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ്‌ നില്‍ക്കുന്ന ദൃശ്യം സ്വപ്‌നത്തില്‍ കണ്ടാലും ഞങ്ങള്‍ ചിരിച്ചിരുന്നത്‌.കാലത്തിന്റെ ലീല ഇന്നിപ്പോള്‍ ആ അത്ഭുതച്ചിരി മായ്‌ച്ചു കളഞ്ഞിരിക്കുന്നു. ആ സ്വപ്‌നത്തെ വാസ്‌തവത്തിന്റെ ജഴ്‌സി ധരിപ്പിച്ച്‌ കാലം ഇപ്പോള്‍ നമ്മുടെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നു.സ്വപ്‌നത്തിന്റെ പേര്‌ ശ്രീശാന്ത്‌. തനിക്കുതാന്‍പോരിമയുള്ള, 'ആരടാ' എന്ന്‌ ചോദിച്ചാല്‍ 'എന്തെടാ' എന്നു തിരിച്ചുചോദിക്കാന്‍ കെല്‍പ്പുള്ള ഒരസ്സല്‍ കൊച്ചിക്കാരന്‍. ഞങ്ങള്‍ തൊഴുത അതേ പൂര്‍ണത്രയീശ ക്ഷേത്രത്തിലും കലൂര്‍ പള്ളിയിലും അവനും തൊഴുതിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പരിഹസിച്ചു പന്തെറിഞ്ഞ നെല്ലിനെ അവന്‍ സിക്‌സറടിച്ചപ്പോള്‍ ഞങ്ങള്‍ എറണാകുളത്തുകാര്‍ പറഞ്ഞത്‌: അല്ലാണ്ടു പിന്നെ ! എറണാകുളം ജില്ലക്കാരായ ഞങ്ങള്‍ക്ക്‌ ലോകം മുഴുവന്‍ പറഞ്ഞു നടക്കാന്‍ പറ്റുന്ന ഒരഹങ്കാരം നേരത്തെ സ്വന്തമായുണ്ട്‌- യേശുദാസ്‌. അദ്ദേഹം കോട്ടുവായയിട്ടാലും കേള്‍ക്കാന്‍ മധുരമായിരിക്കുമെന്ന്‌ ഞങ്ങള്‍ ഗ്യാരണ്ടി കൊടുക്കും. പിന്നീട്‌ മിമിക്രിക്കാര്‍ എറണാകുളത്തെ റാഞ്ചിയെടുത്തതിന്‌ ശേഷം ഞങ്ങളുടെ സ്വഭാവത്തിലും പരിഹാസം ആധാര ശ്രുതിയായി. കേരളത്തിലെ മിമിക്രി കലാകാരന്‍മാരില്‍ എഴുപതു ശതമാനത്തേയും ഉദ്‌പാദിപ്പിച്ച്‌ തള്ളുന്ന(അതെ, കൊച്ചിന്‍ എന്നു മുന്നില്‍ ചേര്‍ത്താല്‍ ഏത്‌ മിമിക്രി സംഘത്തിനും രണ്ട്‌ പരിപാടി അധികം കിട്ടും) കമ്പോളമായി എറണാകുളം. ഗാനമേളകളില്‍ ഇന്ന്‌ ഏറ്റവും നന്നായി യേശുദാസിന്റെ പാട്ടുകള്‍ പാടുന്നതും ഒരു എറണാകുളത്തുകാരന്‍ തന്നെ. അദ്ദേഹത്തിന്റെ പേര്‌ മധു ബാലകൃഷ്‌ണന്‍-ശ്രീശാന്തിന്റെ അളിയന്‍ !എന്റെ സുഹൃത്തും കേരളത്തിലെ കളിയെഴുത്തുകാരില്‍ ശ്രദ്ധേയനുമായ വിശ്വനാഥ,്‌ ശ്രീശാന്തിന്റെ നിരങ്കുശത്വം ഭംഗിയായി പകര്‍ത്തിയിരിക്കുന്ന പുസ്‌തകമാണിത്‌- ശ്രീശാന്തിന്റെ ബാല്യ കൗമാരങ്ങളിലൂടെ, ശ്രീശാന്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരങ്ങളിലൂടെ വിശ്വനാഥ്‌ നടത്തിയ ഹൃദയ പൂര്‍വ്വമായ പ്രദക്ഷിണം. ശ്രീശാന്ത്‌ എന്നക്രിക്കറ്ററുടെ കേളീവ്യഗ്രതയുടെ ഓരോ കണവും ആസ്വദിച്ചാണ്‌ വിശ്വനാഥ്‌ ഈ പുസ്‌തകത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്‌. 'കളിയെഴുത്ത്‌ 'എന്ന വാക്ക്‌ ഇവിടെ 'കളി'യല്ലാതായിത്തീരുന്നു. സംസ്‌കൃതത്തില്‍ കവിയും സഹൃദയനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ശ്ലോകമുണ്ട്‌. ഒട്ടൊരു അശ്ലീലച്ചുവയുള്ള ആ നാലുവരി ശ്ലോകത്തിന്റെ ഏകദേശ അര്‍ത്ഥം ഇങ്ങനെ ``കവിതയുടെ രസചാതുര്യങ്ങള്‍ വ്യാഖ്യാതാവാണ്‌, അല്ലാതെ അതെഴുതിയ കവിയല്ല, അറിയുന്നത്‌. പുത്രിയുടെ സുരത സാമര്‍ത്ഥ്യം മരുമകനാണ്‌ ,അല്ലാതെ അവളുടെ അച്ഛനല്ല അറിയുന്നത്‌ എന്നപോലെ``. ശ്രീശാന്തിനേയും വിശ്വനാഥിനേയും ബന്ധിപ്പിച്ചു കൊണ്ടും അതിന്റെ അര്‍ത്ഥം നീട്ടാം. കാരണം ശ്രീശാന്ത്‌ എന്ന കളിക്കാരന്റെ വൈഭവങ്ങളെ വിശ്വനാഥിനോളം ശ്രീശാന്ത്‌ തന്നെ അറിഞ്ഞിട്ടുണ്ടാവുമോയെന്ന്‌ ഈ പുസ്‌തകം വായിക്കുമ്പോള്‍ നമുക്ക്‌ അദ്‌ഭുതം തോന്നാം. ഒരു പക്ഷെ മലയാള സാഹിത്യത്തിലും ഭാഷയിലും നല്ല പരിജ്ഞാനമുള്ള വിശ്വനാഥ്‌ കാവ്യ വ്യാഖ്യാനങ്ങളുടെ ശൈലി ബോധപൂര്‍വം അനുകരിച്ചതാവാം. കുറഞ്ഞ കാലയളവു കൊണ്ട്‌ ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവനും ശ്രദ്ധ നേടിയ ശ്രീശാന്തിന്റെ കളിക്കളത്തിലെ പ്രത്യുല്‍പ്പന്നമതിത്വം (Quick reflex ?) വിശ്വനാഥ്‌ മറ്റൊരു ജീവിത സന്ദര്‍ഭത്തില്‍ കണ്ടെത്തുന്നത്‌ കാണുക: ശ്രീശാന്ത്‌ തനിക്ക്‌ ആറു മാസം പ്രായമുള്ള സമയത്തെ ഒരു സംഭവം 'ഓര്‍ത്ത്‌ ' പറയുകയാണ്‌. അസുഖം വന്ന്‌ ആശുപത്രിയില്‍ കിടന്നപ്പോള്‍ അജ്ഞാതനായ ഒരാള്‍ വന്ന്‌ ശിരസ്സില്‍ തടവി സൗഖ്യമാക്കിയ കല്‌പിത കഥയാണത്‌. കഥ കേട്ടു കൊണ്ടിരിക്കുന്ന ശ്രീയുടെ പരിശീലകന്‍ , ആ വന്നയാള്‍ ചാപ്പലായിരുന്നുവോ എന്ന്‌ ചോദിക്കുന്നു. ഉടന്‍ വരുന്നൂ , ശ്രീയുടെ മറുപടി: ` ചാപ്പലല്ല, ചാപ്പലില്‍ നിന്നും വന്ന ഒരു പുള്ളി !`സാഹിത്യകാരന്‍മാര്‍ക്കു പോലും സാധ്യമാവാത്ത ഇത്തരം ചില ഉടനുത്തരങ്ങള്‍ സാഹിത്യവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത കായിക താരങ്ങളില്‍ നിന്നുണ്ടാകുന്നത്‌ കായിക-കലാ പ്രതിഭകളുടെ താരതമ്യ പഠനത്തിന്‌ ഉപയോഗിക്കാമെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. ടെന്‍സിങ്ങിനും മുമ്പേ എവറസ്റ്റ്‌ കീഴടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന മലോറി എന്ന പര്‍വ്വതാരോഹകന്‍ ( അദ്ദേഹം ആ ശ്രമത്തിനിടെ മരിച്ചു) താന്‍ വീണ്ടും വീണ്ടും എവറസ്‌റ്റിന്‌ മുകളിലെത്താന്‍ ശ്രമിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ വ്യക്തമാക്കാന്‍ നടത്തിയ ആ ഉടനുത്തരം പ്രശസ്‌തമാണല്ലോ. Because it is there!(കാരണം അതവിടെ ഉണ്ട്‌ ) എന്നായിരുന്നു മലോറിയുടെ ആറ്റിക്കുറുക്കിയ 'വിശദീകരണം'. മാര്‍പാപ്പയെ വിമര്‍ശിച്ചതിന്‌ പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ ` അദ്ദേഹം മാര്‍പ്പാപ്പയാണെങ്കില്‍ ഞാന്‍ മാറഡോണയാണ്‌ ` എന്നു പറഞ്ഞ സാക്ഷാല്‍ ഡീഗോയുടെ മറുപടിയും കാവ്യാത്മകം തന്നെ. ശ്രീശാന്താവട്ടെ, ഒരു പടികൂടി കടന്ന്‌ കവിത എഴുതുക കൂടി ചെയ്യുന്നു! കായിക താരങ്ങളുടെ മനസ്സും വചസ്സും പകര്‍ത്തിക്കൊണ്ട്‌ മുമ്പേ തന്നെ മൂന്നു ഗ്രന്ഥങ്ങള്‍ തയ്യാറാക്കി മലയാളി വായനക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എഴുത്തുകാരനാണ്‌ വിശ്വനാഥ്‌. മലയാളിയല്ലാത്ത താരങ്ങളെ( സച്ചിന്‍ തെണ്ടുല്‍ക്കറെയും സൗരവ്‌ ഗാംഗുലിയേയും സാനിയാ മിര്‍സയേയും) കുറിച്ച്‌ എഴുതിയുണ്ടാക്കിയ ആ പുസ്‌തകങ്ങള്‍ വായിച്ചാലറിയാം എത്ര സമഗ്രതാ ബോധത്തോടെയാണ്‌ വിശ്വനാഥ്‌ ഗ്രന്ഥ വിഷയത്തെ സമീപിച്ചിരിക്കുന്നതെന്ന്‌. ശ്രീശാന്തിനെക്കുറിച്ചുള്ള ഈഗ്രന്ഥത്തിലാവട്ടെ , നായകന്‍ മലയാളിയാണെന്നതും അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങള്‍ കേരളമാണെന്നതും വിശ്വനാഥിന്‌ കൂടുതല്‍ സഹായകമായി തീര്‍ന്നിട്ടുണ്ടെന്നു കാണാം. അതു കൊണ്ടുതന്നെ ഈഗ്രന്ഥം കൂടുതല്‍ ആസ്വാദ്യകരമായി തീര്‍ന്നിട്ടുണ്ടെന്നും പറയേണ്ടിയിരിക്കുന്നു. ഒരു സഹപ്രവര്‍ത്തകനെന്ന നിലയ്‌ക്ക്‌ മിക്കവാറും ദിവസങ്ങളില്‍ വിശ്വനാഥിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന എനിക്ക്‌ എത്ര ശ്രമിച്ചിട്ടും വിശ്വന്റെ ഒരു പ്രത്യേകത എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ലോകോത്തര കായിക താരങ്ങളെ ചെന്നുകണ്ട്‌ അഭിമുഖം തയ്യാറാക്കിയ ശേഷം തിരികെ ഓഫീസില്‍ ഹാജരാകുന്ന സന്ദര്‍ഭത്തില്‍ വിശ്വനാഥിന്റെ മുഖത്ത്‌ പ്രത്യക്ഷമാകുന്ന അഭിമാനം നിറഞ്ഞ തിളക്കമാണ്‌ അത്‌. വിശ്വനാഥ്‌ ഏറ്റവും സുന്ദരനായി കാണപ്പെടുന്ന സന്ദര്‍ഭവും അതുതന്നെ. മഹാത്മാ ഗാന്ധിയെ കാണുകയും തൊടുകയും ചെയ്‌ത ശേഷം തിരിച്ചു വരുമ്പോള്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുഖത്തുണ്ടായിരുന്ന ഭാവം അതു തന്നെയായിരിക്കുമെന്ന്‌ ഞാനൂഹിക്കുന്നു. കവിതയെ മനസ്സിലാക്കിയ ആസ്വാദകന്റെ മുഖമാണത്‌. സംഗീതം ഹൃദയത്തില്‍ കയറിയ ശ്രോതാവിന്റെ മുഖം. കളിയെഴുത്തുകാര്‍ക്കിടയില്‍ വിശ്വനാഥിനെ വേറിട്ടു നിര്‍ത്തുന്നതും ഈ ആത്മാര്‍ത്ഥത നിറഞ്ഞ ആസ്വാദന രീതിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു.ഒരു കളിക്കാരനെ സംബന്ധിച്ച്‌ അവന്റെ കളിയുടെ കാലയളവു പോലെ തന്നെ പ്രധാനമാണ്‌ അതിനുള്ള അര്‍പ്പിത ചേതസ്സായുള്ള പ്രയത്‌നങ്ങളുടെ കാലവും. ആ അര്‍ത്ഥത്തില്‍ തയ്യാറെടുപ്പുകളാണ്‌ അവന്‌ ജീവിതം. അതു തന്നെയാണ്‌ കരിയര്‍ റിക്കാര്‍ഡുകളേക്കാള്‍ അവന്റെ ജീവിതഗ്രന്ഥത്തിന്റെ ആധാരവസ്‌തുക്കളും. യൗവ്വനാരംഭത്തില്‍ നില്‍ക്കുന്ന ഒരുവന്റെ ജീവിതത്തെക്കുറിച്ച്‌ പുസ്‌തകമിറങ്ങുന്നതിന്റെ സാംഗത്യം ഇതുതന്നെ.കൊച്ചിക്കാരന്‍ ശാന്തകുമാരന്‍ നായരുടെ മകന്‍ ഇന്ത്യന്‍ ടീമിന്റെ മുന്നണിപ്പോരാളിയായി തീരുമ്പോള്‍ ഞാന്‍ കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്ത്‌ പോവുന്നു. കാരണം 'പടയ്‌ക്ക്‌ പിമ്പേ' എന്ന്‌ നമ്പ്യാര്‍ പരിഹസിച്ച ഒരു സമുദായത്തില്‍ നിന്നും ഒരാളിതാ വലിയൊരു രാജ്യത്തെ മുന്നില്‍ നിന്ന്‌ നയിക്കാന്‍ പോവുകയാണ്‌. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ചെയ്‌ത ആ വിഡംബനത്തിന്‌ അങ്ങനെ ചുട്ട മറുപടി കൊടുക്കാനും കവിതയെഴുതുന്ന ഈ കളിക്കാരനു കഴിഞ്ഞിരിക്കുന്നു.

No comments: