Friday, July 4, 2008

റണ്‍ റെയ്‌ന(ന്‍)


ഒരു വര്‍ഷം മുമ്പ്‌ അന്നത്തെ ഇന്ത്യന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ സുരേഷ്‌ കുമാര്‍ റൈനയെ കുറിച്ച്‌ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണാവേണ്ട കളിക്കാരനെന്നായിരുന്നു റൈനയെ കുറിച്ച്‌ ചാപ്പലിന്റെ വിലയിരുത്തല്‍. ഇന്ത്യക്ക്‌ വേണ്ടി കളിച്ച ആദ്യ മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച റൈന പക്ഷെ വലിയ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന സ്ഥാനത്ത്‌ നിന്ന്‌ മാറി അധികം കഴിയുന്നതിന്‌ മുമ്പ്‌ റൈന ടീമില്‍ നിന്ന്‌ പുറത്താവുകയും ചെയ്‌തു. ഇപ്പോള്‍ ആറു മാസത്തിന്‌ ശേഷം ഈ ഉത്തര്‍പ്രദേശുകാരന്‍ ടീമിലേക്ക്‌ തിരിച്ചെത്തുന്നത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ വേണ്ടി കളിച്ച മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തിലാണ്‌. ഈ രണ്ടാം വരവില്‍ റൈന ചാപ്പല്‍ തന്നെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന്റെ പൊരുള്‍ എന്തായിരുന്നുവെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ പാകിസ്‌താനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 301 റണ്‍സ്‌ റൈന നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടു മാച്ചുകളില്‍ വമ്പന്‍ സ്‌കോറുകള്‍ പിന്തുടരവെ, തുടക്കത്തില്‍ ടീമിന്‌ വിക്കറ്റ്‌ നഷ്ടമായ അവസ്ഥയില്‍, അതായത്‌ സമര്‍ദ്ധ ഘട്ടത്തില്‍ പൊരുതി ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. ഉജ്വല ഫോമില്‍ റൈനയുടെ രണ്ടാംവരവ്‌ ഏകദിന മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങ്‌ നിരയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഓപ്പണര്‍ ഗൗതം ഗംഭീര്‍ സമീപ കാലത്ത്‌ പ്രകടമാക്കുന്ന ഫോമും ക്ലാസും ഇന്ത്യയെ വിജയികളുടെ സംഘമാക്കി തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഒപ്പം വീരേന്ദര്‍ സെവാഗ്‌, ഓസ്‌ട്രേലിയക്കാരന്‍ ബെവന്‍ രംഗമൊഴിഞ്ഞതിന്‌ ശേഷം ഏകദിന ക്രിക്കറ്റില്‍ ഇന്ന്‌ ലോകത്തെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന പദവിക്ക്‌ ആന്‍ഡ്രൂ സൈമണ്ട്‌സുമായി മല്‍സരിച്ചുകൊണ്ടിരിക്കുന്ന യുവരാജ്‌ സിങ്‌, മഹേന്ദ്ര സിങ്‌ ധോനി, സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഇവരെയെല്ലാം കവച്ചു വെക്കാന്‍ പ്രാപ്‌തനാണെന്ന്‌ ക്രിക്കറ്റ്‌ വിധഗ്‌ദര്‍ വിലയിരുത്തുന്ന രോഹിത്‌ ശര്‍മ.... ഈയൊരു ബാറ്റിങ്‌ നിര ക്ലിക്ക്‌ ചെയ്‌തുകഴിഞ്ഞെന്ന സൂചനയാണ്‌ ഏഷ്യാകപ്പ്‌ നല്‍കുന്നത്‌. ഏഷ്യാകപ്പിലും അതിന്‌ മുമ്പ്‌ നടന്ന കിറ്റ്‌പ്ലൈ കപ്പിലുമായി ജൂണ്‍ മാസത്തില്‍ കളിച്ച ആറു മാച്ചുകളില്‍ ഇന്ത്യ നേടിയ സ്‌കോറുകള്‍ നോക്കുക.(പട്ടിക കാണുക)മൊത്തം 269 ഓവറില്‍ 32 വിക്കറ്റ്‌ നഷ്ടത്തില്‍ 1802 റണ്‍സ്‌ ഈ മാച്ചുകളില്‍ നിന്ന്‌ ഇന്ത്യ നേടി. ഒരു ഓവറില്‍ ശരാശരി 6.69 റണ്‍സ്‌ ! രണ്ട്‌ വര്‍ഷം മുമ്പ്‌ വരെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണുകളായിരുന്ന സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവര്‍ ഇല്ലാതെയാണ്‌ ഇന്ത്യഇപ്പോള്‍ കളിക്കുന്നത്‌ എന്നും ഓര്‍ക്കണം. ഓസ്‌ട്രേലിയയില്‍ കളിച്ച ബെന്‍സന്‍ ആന്റ്‌ ഹെഡ്‌ജസ്‌ ചാമ്പ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ ഉള്‍പ്പെടെ ഫിബ്രവരി പത്തിന്‌ ശേഷം കളിച്ച 14 മാച്ചില്‍ പത്തും ഇന്ത്യ ജയിച്ചു. അവസാനമായി കളിച്ച 9 മാച്ചില്‍ എട്ടും ധോനിയുടെ ടീം ജയിച്ചു.ഓകദിന ക്രക്കറ്റിന്‌ തികച്ചും അനുയോജ്യനായ മികച്ച അറ്റാക്കിങ്‌ ബാറ്റ്‌സ്‌മാന്‍ എന്ന്‌ തെളിയിച്ചുകഴിഞ്ഞ റോബിന്‍ ഉത്തപ്പക്ക്‌ അവസാന ഇലവനില്‍ സ്ഥാനം കണ്ടെത്താനാവാതെ പുറത്തിരിക്കേണ്ടി വരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യന്‍ ടീമിലേക്ക നടന്നു കയറിയ യൂസഫ്‌ പഠാനും പരിമിതമായേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ. തീര്‍ന്നില്ല, ഇന്ത്യക്ക്‌ വേണ്ടികളിച്ചപ്പോഴെല്ലാം മികവു പുലര്‍ത്തിയ ദിനേഷ്‌ കാര്‍ത്തിക്‌, ഐ പി എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച മുന്‍ ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു, ശിഖര്‍ ധവാന്‍, അസ്‌നോദ്‌കര്‍ തുടങ്ങി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മികവു കാട്ടാന്‍ ശേഷിയുള്ള എത്രയോ യുവാക്കള്‍ പുറത്തിരിക്കുന്നു. അവരോട്‌ നീതി കാണിക്കാന്‍ ബി സി സി ഐയും ടീം മാനേജ്‌മെന്റും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. ഇന്ത്യക്ക്‌ തുടരെ ടൂര്‍ണമെന്റുകള്‍ കളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഈ കളിക്കാര്‍ക്ക്‌ മാറി മാറി അവസരം നല്‍കുക. എന്നതാണ്‌ പ്രാഥമികമായ പ്രതിവിധി. മുമ്പ്‌ ഓസ്‌ട്രേലിയയില്‍ നടന്ന ചില ഏകദിന ചാമ്പ്യന്‍ ഷിപ്പുകളില്‍ അവര്‍ സീനിയര്‍ ടീമിന്‌ ഒപ്പം തന്നെ അവരുടെ എ ടീമിനേയും കളിപ്പിച്ചിരുന്നു. ഈയൊരു ഫോര്‍മുല ഇന്ത്യക്കിപ്പോള്‍ അനായാസം പരീക്ഷിക്കാവുന്നതേയുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റ്‌ സംഘടനയില്‍(ഐ സി സി) ഇന്ത്യക്കുള്ള സ്വാധിന ശക്തി വിനിയോഗിക്കേണ്ടത്‌ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കാവണം. നമുക്ക്‌ തിരിച്ച്‌ ഏഷ്യാകപ്പിലേക്ക്‌ വരാം. ഈ വരികള്‍ എഴുതുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ലീഗ്‌ മല്‍സരങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോനി ഓരോ മല്‍സരം കഴിയും തോറും ടീമിനു മേല്‍ തനിക്കുള്ള സ്വാധിനവും നിയന്ത്രണവും കൂടുതല്‍ ബലപ്പെടുത്തിവരുന്നു എന്നത്‌ ശൂഭ സൂചനയാണ്‌. എത്ര വേഗത്തിലാണ്‌, ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ലഭിച്ച മികച്ച ക്യാപ്‌റ്റന്‍മാരുടെ ഗണത്തില്‍ ധോനി ഇടം പിടിച്ചത്‌. അതേസമയം പാക്‌ ക്യാപ്‌റ്റന്‍ ഷോയിബ്‌ മാലിക്കിനെ സംബന്ധിച്ചിടത്തോളം അനുദിനം കാര്യങ്ങള്‍ വഷളായി വരുന്നു. പാക്‌ ക്രിക്കറ്റില്‍ ഇന്നും ഏറ്റവും സ്വാധീനശക്തിയുള്ള ശബ്ദത്തിന്‌ ഉടമയായ ഇമ്രാന്‍ഖാന്‍ ക്യാപ്‌റ്റന്‍ എന്നതിനും ഇപ്പുറം ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ തന്നെ മാലിക്കിനെ ടീമില്‍ നിലനിര്‍ത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്‌തുകൊണ്ട്‌ രംഗത്ത്‌ വന്നിരിക്കുകയാണ്‌. ഈ ഏഷ്യാകപ്പ്‌ മാലിക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമാണ്‌.

No comments: