Wednesday, March 21, 2007

വഞ്ചിതനായ ആചാര്യന്‍


നാല്‌ മാസം മുമ്പാണ്‌, ഐ സി സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട്‌ മല്‍സരങ്ങള്‍ മൊഹാലിയില്‍ നടക്കുന്നു. പാകിസ്ഥാന്‍ ടീമിന്റെ ആദ്യ പോരാട്ടം ശ്രീലങ്കക്കെതിരെയാണ്‌. തലേദിവസം രാവിലെ സ്‌റ്റേഡിയത്തിലെ മീഡിയാ റൂമില്‍ ഇരു ടീമുകളുടെ സാധ്യതയെക്കുറിച്ച്‌ ചൂടുപിടിച്ച ചര്‍ച്ച. അതിനിടയിലാണ്‌ പാകിസ്‌താനില്‍ നിന്ന്‌ വന്ന ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ടര്‍ കമ്രാന്‍ ബഹളമുണ്ടാക്കിക്കൊണ്ട്‌ വന്നത്‌. കമ്രാന്‍ ഉച്ചത്തില്‍ പറഞ്ഞു, "സുഹൃത്തുക്കളേ, ഇതാ ചൂടുള്ള വാര്‍ത്ത- പാകിസ്‌താന്‍ ടീമിലെ രണ്ട്‌ പേര്‍ ഉത്തേജക മരുന്നടിച്ച്‌ പിടിക്കപ്പെട്ടിരിക്കുന്നു." കേട്ട എല്ലാവരും ശരിയ്‌ക്കും ഞെട്ടി. ആരാണവര്‍? എല്ലാവര്‍ക്കും അറിയണം. അധികം വൈകാതെ പാക്‌ ടീമിന്റെ ഔദ്യോഗിക അറിയിപ്പ്‌ വന്നു. ഫാസ്റ്റ്‌ ബൗളര്‍മാരായ ഷോയിബ്‌ അക്തറും മുഹമ്മദ്‌ ആസിഫുമാണ്‌ പിടിക്കപ്പെട്ടത്‌. രണ്ടു പേരെയും നാട്ടിലേയ്‌ക്ക്‌ തിരിച്ചയക്കുകയാണ്‌. ഏതാനും മിനിറ്റുകള്‍ക്കകം പാക്‌ ടീം കോച്ച്‌ ബോബ്‌ വൂമറും ക്യാപ്‌റ്റന്‍ യൂനുസ്‌ഖാനും പത്ര സമ്മേളനം നടത്തുമെന്നും അറിയിപ്പിലുണ്ട്‌. ഏല്ലാവരും താഴെ നിലയിലുള്ള ഹാളിലേയ്‌ക്ക്‌ കുതിക്കുന്നു. പലര്‍ക്കും അപ്പോഴും സംശയം-അവര്‍ വരുമോ, ഇപ്പോള്‍ അവര്‍ എന്ത്‌ പറയും? പക്ഷെ, അധികം കാത്തിരിക്കേണ്ടി വന്നില്ല. എല്ലാ പ്രതീക്ഷകളും തെറ്റിച്ച്‌ ചിരിക്കുന്ന മുഖവുമായി തന്നെ വൂമര്‍ എത്തി. പിന്നില്‍ അനുസരണയുള്ള കുട്ടിയെ പോലെ ക്യാപ്‌റ്റന്‍ ഖാനും.അവര്‍ ഡയസ്സില്‍ വന്നിരുന്നിട്ടും ആരും ഒന്നും ചോദിക്കുന്നില്ല. എല്ലാവരും ഷോക്കിലാണെന്നപോലെ. അത്‌ കണ്ട്‌ വുമര്‍ ചിരിച്ചുകൊണ്ട്‌ തന്നെ ചോദിക്കുന്നു, ആര്‍കകും ഒന്നും ചോദിക്കാനില്ലേ? അത്‌ കേട്ടപ്പോള്‍ പലര്‍ക്കും ജീവന്‍ വെച്ചു. ചോദ്യമുയര്‍ന്നു, "മിസ്‌റ്റര്‍ വുമര്‍ എന്താണ്‌, സംഭവിച്ചത്‌?" അപ്പോഴും വൂമര്‍ ചിരി വിട്ടിട്ടില്ല. "എവിടെ എന്ത്‌ സംഭവിച്ചു എന്നാണ്‌?" " ആരാണ്‌ ഉത്തേജക മരുന്ന്‌ പരിശോധനയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌?"അദ്ദേഹത്തിന്റെ മുഖത്ത്‌ ഗൗരവം പടര്‍ന്നു. "മറ്റാരുമല്ല, ഞാന്‍ തന്നെ."ആ മറുപടി കേട്ട്‌ പലരും ഞെട്ടിയെന്ന്‌ തോന്നി. സ്വന്തം ടീമിലുള്ളവരെ കുരുക്കാന്‍ കോച്ച്‌ തന്നെ മുന്‍കൈ എടുക്കുകയാണോ, അവരുടെ രക്തം വേള്‍ഡ്‌ ആന്റി ഡോപ്പിങ്‌ അതോറിറ്റിയുടെ ലാബില്‍ അയച്ച്‌ ടെസ്‌റ്റ്‌ ചെയ്യിക്കുന്നത്‌ സ്വന്തം കളിക്കാരെ കുരുക്കിലാക്കുകയല്ലേ?-ഈ മട്ടിലായി പിന്നെ ചോദ്യങ്ങള്‍. ്‌പ്പോള്‍ വൂമര്‍ തന്റെ നിലപാട്‌ അര്‍ത്ഥശങ്കക്കിയടയില്ലാത്ത വിധം വ്യക്തമാക്കി-"ഉത്തേജകമരുന്ന്‌ സ്‌പോര്‍ട്‌സിന്റെ, മനുഷ്യരാശിയുടെ, സംസ്‌ക്കാരത്തിന്റെ ശത്രുവാണ്‌. അത്‌ ആര്‌ നടത്തിയാലും അംഗീകരിക്കാന്‍ എനിക്കാവില്ല." അക്തറിനും ആസിഫിനും കളിയില്‍ നിന്ന്‌ വിലക്ക്‌ വന്നപ്പോള്‍ അത്‌ വൂമറിന്റെ അറിവോടെ നടന്ന ഗൂഡാലോചനയാണെന്ന്‌ വരെ ആരോപണമുണ്ടായി. പക്ഷെ ആസിഫും അക്തറുമില്ലെങ്കിലും ശ്രീലങ്കക്കെതിരെ തന്റെ ടീമിന്റെ ശക്തി ക്ഷയിക്കില്ലെന്നും മല്‍സരം ജയിക്കാനാവുമെന്നും വൂമര്‍ അന്ന്‌ പറഞ്ഞു. അടുത്ത ദിവസം ഗ്രൗണ്ടില്‍ സംഭവിച്ചതും അതുതന്നെ. മല്‍സരത്തിന്റെ തലേ ദിവസം ഇത്ര വലിയ തിരിച്ചടി നേരിട്ട ടീമിനെ 24 മണിക്കൂറിനുള്ളില്‍ തന്നെ നിര്‍ണായക മല്‍സരത്തില്‍ ജയം നേടാന്‍ പ്രാപ്‌തരാക്കുക എന്നത്‌ വൂമറിനെ പോലെ ദൃഡ ചിത്തനായ പരിശീലകന്‌ മാത്രം കഴിയുന്നതാണ്‌. പാക്‌ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക്‌ വൂമര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കള്‍ക്ക്‌ പോലും അംഗീകരിക്കാതെ വയ്യ. പാക്‌ ക്രിക്കറ്റിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്‌ നിരന്തരം പോരാടേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന്‌ ആരോപിച്ച്‌ അമ്പയര്‍ ഡാരല്‍ ഹെയര്‍ പാക്‌ ടീമിന്‌ പിഴചുമത്തുകയും ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്‌ത ഘട്ടത്തില്‍ ക്രിക്കറ്റ്‌ ലോകത്ത്‌ പാക്‌ ക്രിക്കറ്റിന്റെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടത്തില്‍ മുന്നില്‍ നിന്നത്‌ വൂമറായിരുന്നു. എന്നിട്ടും പാക്‌്‌ ക്രിക്കറ്റില്‍ നിന്ന്‌ കൂടുതലും കൈപ്പേറിയ അനുഭവങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായത്‌. ഷോയിബ്‌ അക്തര്‍ വൂമറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു വരെ ആരോപണമുണ്ടായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ധമായിരുന്നു വൂമറിന്‌ നേരിടേണ്ടി വന്നത്‌. ഡോപ്പിങ്ങിന്റ കാര്യത്തില്‍ എന്നപോലെ കായികരംഗത്തിന്റ ശരിയായ മഹത്വവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ശുദ്ധവാദിയായ ക്രിക്കറ്റ്‌ പരിശീലകനായിരുന്നു വൂമര്‍. പക്ഷെ, അദ്ദേഹത്തിന്‍ തന്റെ ശിഷ്യന്‍മാരില്‍ നിന്ന്‌ എന്നും മറിച്ചുള്ള അനുഭവമായിരുന്നു ഉണ്ടായത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീമിനെ ഇന്ന്‌ നാം കാണുന്ന രീതിയില്‍ മികച്ച പ്രൊഫഷണലുകളുടെ സംഘമാക്കി തീര്‍ത്തത്‌ വൂമറാണ്‌. പക്ഷെ താന്‍ വാര്‍ത്തെയുത്ത ടീമില്‍ നിന്ന്‌ തന്നെ അദ്ദേഹത്തിന്‌ ശക്തമായ തിരിച്ചടി കിട്ടി. ഹാന്‍സി ക്രോണ്യെയുടെ ടീം കോഴ വാങ്ങി ഗ്രൗണ്ടില്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന്‌ തെളിയിക്കപ്പെട്ടപ്പോള്‍ വൂമര്‍ തന്റെ ആദര്‍ശങ്ങള്‍ക്ക്‌ മേല്‍ കെട്ടിപ്പടുത്ത സാമ്രാജ്യമാണ്‌ തകര്‍ന്നുവീണത്‌. ദക്ഷിണാഫ്രിക്കന്‍ ടീമിന്റേയും ക്രോണ്യേയുടേയും ഈ പതനത്തില്‍ അദ്ദേഹം അത്യന്തം ദുഖിതനുമായിരുന്നു. ലോകക്രിക്കറ്റില്‍ ഒത്തുതീര്‍പ്പില്ലാത്ത പ്രൊഫഷണലിസത്തിന്റെ വിത്തുകള്‍ പാകിയ ക്യാപ്‌റ്റനും അകാലത്തില്‍ അപ്രതീക്ഷിതമായ ദുരന്തങ്ങളിലൂടെ മരണത്തെ പൂകിയെന്നതിനെ യാദൃശ്ചികം എന്ന ഒറ്റവാക്കിലൂടെ വിശദീകരിക്കുന്നത്‌ എങ്ങിനെ?

No comments: