റോബര്‍ട്ട് ആന്‍ഡ്രൂ വൂമറുടെ പ്രേതം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ(ഐ സി സി) വേട്ടയാടിക്കൊണ്ടിരിക്കും, ആ സംഘടന എന്നെങ്കിലും പിരിച്ചുവിടും വരെ. കാരണം 58ാം വയസ്സില്‍ ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും അവശേഷിപ്പിച്ച് വൂമര്‍ ഇഹലോകത്ത് നിന്ന് യാത്രയാകേണ്ടിവന്നതിന് ഉത്തരവാദികള്‍ മേല്‍പ്പറഞ്ഞ സംഘടനയാണ്, അവര്‍ മാത്രമാണ്. ജീവിതമെന്നാല്‍ വൂമര്‍ക്ക് ക്രിക്കറ്റ് മാത്രമായിരുന്നു. തന്റെ നല്ല നാളുകളില്‍ കളിക്കാരനെന്ന നിലയിലും പിന്നീട് ക്രിക്കറ്റ് പരിശീലനത്തിന് പുതിയ മുഖം നല്‍കിയ കോച്ചെന്ന നിലയിലും വൂമര്‍ ക്രിക്കറ്റിനെ സേവിച്ചു. പക്ഷെ ഒടുവില്‍ ആ മനുഷ്യന് തിരിച്ചുകിട്ടിയതോ? വൂമര്‍ കൊല്ലപ്പെട്ടതാണ്, അതും ഒരു ലോകകപ്പ് വേദിയില്‍ വെച്ച്. കൊല്ലപ്പെട്ടതാണെന്ന് ഐ സി സി തന്നെ സമ്മതിക്കുന്നു. പക്ഷെ, ആരു കൊന്നു, എന്തിന്? ഇത്തരം കാര്യങ്ങളില്‍ ഒരു ബാധ്യതയുമില്ലെന്ന നിലപാടിലാണ് ഐ സി സി അധികൃതര്‍. ലോകകപ്പിന്റെ സംഘാടകരേയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനേയും സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ് ഈ സംഭവം. കാരണം കൊല സംഭവിച്ചിരിക്കുന്നത് ലോകകപ്പ് വേദിയില്‍ വെച്ചാണ്. കൊല്ലപ്പെട്ടത് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനെത്തിയ ടീമിന്റെ പരിശീലകനും. അന്താരാഷ്ട്ര കായിക രംഗത്ത് തന്നെ സമാനതകളില്ലാത്ത സംഭവമാണിത്. ബ്രയാന്‍ ലാറയെയോ, സച്ചിന്‍ തെണ്ടുല്‍ക്കറേയോ പോലുള്ള താരങ്ങളില്‍ ആരെങ്കിലുമാണ് കൊല്ലപ്പെട്ടതെങ്കിലോ? പരിശീലകന്‍ കൊല്ലപ്പെടാമെങ്കില്‍ നാളെ മറ്റൊരു ടൂര്‍ണമെന്റിനിടയില്‍ അതും സംഭവിക്കാം. പിന്നെയെന്ത് സുരക്ഷയാണ്, ഐ സി സി ലോകകപ്പിന് ഏര്‍പ്പെയുത്തിയിരിക്കുന്നത്? വൂമറുടെ കൊലയ്‌ക്ക് വാതുവെപ്പ് മാഫിയയുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതിന്റെ പേരില്‍ പാകിസ്‌താന്‍ കളിക്കാരെ ഒട്ടേറെത്തവണ ചോദ്യം ചെയ്‌തു. ക്രിക്കറ്റ് മാത്രമല്ല വാതുവെപ്പിന്റെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ഗെയിം. ബാസ്‌ക്കറ്റ്‌ബോളിലും ബേസ്‌ബോളിലും എന്തിന് ഫുട്‌ബോളില്‍ പോലും ആപല്‍ക്കരമായ രീതിയില്‍ വാതുവെപ്പും ഒത്തുകളിയും അരങ്ങേറിയിരുന്നു. പക്ഷെ അതിന്റെ അപകടം മണത്തറിഞ്ഞ് ഇത്തരം ദുഷ്‌പ്രവണതകളെ മുളയിലേ നുള്ളാന്‍ അതാത് കളികളുടെ ലോകസംഘടനകള്‍ക്ക് കളിഞ്ഞിരുന്നു, വാതുവെപ്പുകാരുടെ താല്‍പര്യത്തിനൊത്ത് കളിയില്‍ വെള്ളം ചേര്‍ക്കുന്ന കളിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആ സംഘടനകള്‍ തയ്യാറായി. അത് മറ്റു കളിക്കാര്‍ക്ക് മുന്നറിയിപ്പായി. പക്ഷെ ക്രിക്കറ്റിലോ? ഒത്തുകളിനാടകങ്ങള്‍ പുറത്തായപ്പോള്‍ ഇന്ത്യയിലേയും പാകിസ്‌താനിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഏതാനും കളിക്കാര്‍ക്കെതിരെ ആജീവനകാല വിലക്കുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കൈക്കൊണ്ടെങ്കിലും ഐ സി സി കാര്യമായി ഒന്നും ചെയ്‌തില്ല എന്നതാണ് സത്യം. അസ്‌ഹറുദ്ദീനെ വിലക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ്, അതില്‍ ഐ സി സിക്ക് ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍ ഈയിടെ ഐ സി സിയുടെ ചീഫ് എക്‌സിക്യൂട്ടിവിന്റെ പ്രസ്‌താവനയും ഉണ്ടായിരുന്നു. അവരുടെ ഈ അഴകൊഴമ്പന്‍ നിലപാട് വാതുവെപ്പുകാര്‍ക്കും അവരോട് പണം പറ്റാന്‍ തയ്യാറായി നില്‍ക്കുന്ന കളിക്കാര്‍ക്കും പ്രേരണയാവുമെന്നതില്‍ സംശയിക്കാനില്ല. ഇപ്പോള്‍ വൂമറുടെ മരണത്തിന് ഐ സി സി ഉത്തരവാദികളാവുന്നത് എങ്ങനെയെന്ന് ഇതില്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വാതുവെപ്പിന്റെ സൂചനകള്‍ കിട്ടി തുടങ്ങിയപ്പോഴേ കര്‍ശന നടപടിക്ക് ഐ സി സി തയ്യാറായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാവില്ലായിരുന്നു, തീര്‍ച്ച. ഒരു പക്ഷെ വൂമര്‍ കൊല്ലപ്പെടില്ലായിരുന്നു. വാതുവെപ്പ് മാഫിയക്കും അവരുമായി ബന്ധമുള്ള കളിക്കാര്‍ക്കുമെതിരെ തക്ക സമയത്ത് നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഗ്രൗണ്ടിനകത്തും പുറത്തും ദുര്‍മരണങ്ങള്‍ സംഭവിക്കാമെന്ന് ഇതേക്കുറിച്ച് അന്വഷണം നടത്തിയ ഏജന്‍സികളും പത്രപ്രവര്‍ത്തകരുമെല്ലാം എത്രയോ തവണ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ ഇത്തരം മുന്നറിയിപ്പുകള്‍ ഐ സി സി ചെവിക്കൊണ്ടതേയില്ല. ഒത്തുകളിയെന്നത് വലിയൊരു ക്രൈം ആണ്‌്. ഏത് ക്രൈമിന്റെയും കാര്യത്തിലുമെന്നപോലെ ഒത്തുകളിയുടെ കാര്യത്തിലും അമ്പത് ശതമാനവും ലോകമറിയാതെ പോയി. ഇന്നും ക്രിക്കറ്റ് ലോകത്തിന്റെ ആരാധനാപാത്രങ്ങളായ പല താരങ്ങളും ടീമിനേയും രാജ്യത്തേയും വഞ്ചിച്ച് കാശുണ്ടാക്കിയവരാവാമെന്നത് ക്രിക്കറ്റ്‌പ്രേമികളെ അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തയായി അവശേഷിക്കുന്നു. ഇനി പിടിക്കപ്പെട്ടവരുടെ കാര്യമോ? മിക്കവരും സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടു. പിടിക്കപ്പടില്ല, അഥവാ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടില്ല. ഈയൊരു വിശ്വാസം കാശുവാങ്ങി ഒത്തുകളിക്കാന്‍ പിന്നെയും കളിക്കാരെ പ്രേരിപ്പിക്കും. വാതുവെപ്പ് മാഫിയയാവട്ടെ അനുദിനം ശക്തി പ്രാപിച്ചുവരുന്നു. ഒരൊറ്റ മല്‍സരത്തിന് തന്നെ 4600 കോടി രൂപയുടെ ബെറ്റിങ്ങ നടക്കുന്ന അവസ്ഥ. ഇതിന്റെ ചെറിയൊരു ഭാഗം, 100 കോടിരൂപ മുടക്കിയാല്‍ ഇരു ടീമിലേയും എത്ര കളിക്കാരെ വിലക്കെടുക്കാം, അത്രയക്ക് വലിയ ഓഫറുകള്‍ വരുമ്പോള്‍ അതില്‍ വീണുപോവുന്ന കളിക്കാരെ എങ്ങിനെ കുറ്റം പറയും? അവിടെയാണ് ഐ സി സി ഇടപെടേണ്ടിയിരുന്നത്. കോഴ വാങ്ങി ഒത്തുകളിച്ചത് ഓരോ രാജ്യത്തെ കോടതികളിലും തെളിയിക്കുക ബുദ്ധിമുട്ടായിരിക്കും. പക്ഷെ, ഒരു കളിക്കാരന്‍ ഇങ്ങനെ കുറ്റം ചെയ്‌തെന്ന് ബോധ്യം വന്നാല്‍ ഐ സി സിക്ക് നടപടിയെടുക്കാവുന്നതായിരുന്നു. പക്ഷെ, ഇക്കാര്യത്തില്‍ ഐ സി സി തികച്ചും നിഷ്‌കൃയത്വം പാലിച്ചു. സമാനമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായിരുന്നെങ്കില്‍, ഒന്നാലോചിച്ചി നോക്കൂ. ആലോചിക്കാനൊന്നുമില്ല, ഒത്തുകളിച്ചെന്ന് ബോധ്യം വരുന്ന പഷം ആ കളിക്കാരന്‍ പിന്നെ ഫുട്‌ബോള്‍ തൊടില്ല. ഇന്ത്യയിലും പാകിസ്‌താനിലും ഏതാനും കളിക്കാര്‍ക്ക് ശിക്ഷ നല്‍കിയത്, ഇവിടുത്തെ ക്രിക്കറ്റ് അസോസിയേഷനുകളാണ്, ഐ സി സിയല്ല.ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഒത്തുകളിച്ചെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ കോച്ച്, വൂമറായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും, ഒരിടത്ത് നിന്നും വൂമര്‍ക്കെതിരെ ആരോപണം ഉയര്‍ന്നില്ല. നൂറ് ശതമാനം സംശുദ്ധമായ ക്രിക്കറ്റിന് വേണ്ടി നിലകൊണ്ട വ്യക്തിയായി അംഗീകരിക്കപ്പെട്ടിരുന്നു, ഈ ഇംഗ്ലീഷുകാരന്‍. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ചുമതല വിട്ട ശേഷം, എത്തിപ്പെട്ടതാവട്ടെ പാകിസ്‌താനെ പോലെ വാതുവെപ്പിന്റെ കേന്ദ്രമായ ഒരിടത്തും. തിക്താനുഭവങ്ങള്‍ അവിടെയും അദ്ദേഹത്തിന് ഉണ്ടായി എന്ന് ന്യായമായും സംശയിക്കാം. ഉണ്ടായി എന്ന് അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ വെളിപ്പെടുത്തുന്നു.ലോകകപ്പില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസിലേക്ക് പോയ പാക് ടീമില്‍ വൂമര്‍ക്കൊപ്പമുണ്ടായിരുന്ന ബൗളിങ്ങ് കോച്ച് മുഷ്‌താഖ് അഹമ്മദിനും ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിനും ഇരുണ്ട ഭൂതകാലങ്ങളുണ്ട്. ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിയമിച്ച ജസ്റ്റിസ് ഖയൂം കമ്മീഷന്‍ ഇരുവര്‍ക്കും പിഴ വിധിച്ചിരുന്നു. ഈ വസ്‌തുത വൂമറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വളര്‍ത്താന്‍ കാരണമാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പാക് താരങ്ങളെ ജമൈക്കന്‍ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേ, അവരെക്കുറിച്ച് പോലീസിന് സംശയമൊന്നുമില്ലെന്ന് പ്രസ്‌താവനയിറക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡുമായി അടുപ്പമുള്ള സകലരും ഉല്‍സാഹിച്ചിരുന്നു. ഈ വ്യഗ്രത തന്നെ സംശയം വര്‍ധിപ്പിക്കുന്നു. അതേ സമയം അങ്ങനെ ആരെയും അന്വഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. വാതുവെപ്പുമായി ബന്ധപ്പെട്ട മരണങ്ങള്‍ വിരളമല്ല. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ വാത് വെപ്പ് മാഫിയയുടെ അധിപന്‍ എന്ന് വിശ്വസിക്കപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളില്‍ ചിലരുടെ മരണം ക്രിക്കറ്റ് ബെറ്റിങ്ങുമായി ബന്ധപ്പെട്ടാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഹാന്‍സി ക്രോണ്യെ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും സംശയമുയര്‍ന്നിരുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എവിടെയുമെത്താതെ നില്‍ക്കുന്നു. വൂമര്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്ന പുസ്‌തകത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിരല്‍ ചൂണ്ടുന്നത് വാതുവെപ്പുകാരിലേക്കാണ്. വൂമറെ ഉടനടി അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ യശസ്സിനും നിലനില്‍പ്പിനും ഭീഷണിയാവുമെന്ന് ചിലര്‍ ഭയപ്പെട്ടിരിക്കണം. വൂമര്‍ പാക് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ടീമിനകത്ത് സംഭവിച്ച ചില കാര്യങ്ങളും അന്വേഷണ വിഷയമാവുന്നുവത്രെ. ഷോയിബ് അക്തറിനും മുഹമ്മദി ആസിഫിനും ടീമില്‍ നിന്ന് പുറത്ത് പോവേണ്ടിവന്നത് വൂമര്‍ മുന്‍കൈ എടുത്ത് നടത്തിച്ച ഡോപ്പ് ടെസ്റ്റിനെ തുടര്‍ന്നായിരുന്നു. ടെസ്റ്റ് നടത്തിയത് തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് വൂമര്‍ പത്ര സമ്മേളനത്തില്‍ പരസ്യമായി സമ്മതിക്കുകയും ചെയ്‌തിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഷോയിബ് അക്തര്‍ വൂമറിനെ പിടിച്ചുതള്ളുക വരെ ചെയ്‌തു. പാക് ടീമംഗങ്ങള്‍ക്ക് വൂമറോടുള്ള സമീപനത്തിന് ഉദാഹരണമായി ഈ സംഭവത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിച്ചേക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment