ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് ടീം മാനേജ്‌മെന്റും ക്രിക്കറ്റ കണ്‍ട്രോള്‍് ബോര്‍ഡും. ലോകകപ്പിലെ പരാജയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുക അത്ര എളുപ്പമല്ലെന്ന് അവര്‍ക്ക് മറ്റാരേക്കാളും ബോധ്യമുണ്ട്. കാരണം ടീമിനേയും കളിക്കാരേയും സ്‌പോണ്‍സര്‍ചെയ്യാന്‍ കോര്‍പ്പറേറ്റുകളും ഏജന്‍സികളും പണ്ടത്തെപ്പോലെ താല്‍പര്യം കാണിക്കുന്നില്ല. മല്‍സരങ്ങളുടെ സ്‌പ്രേഷണാവകാശത്തിന് വേണ്ടി പഴയ പോലെ ടി വി ചാനലുകള്‍ ക്യൂ നില്‍ക്കുന്നില്ല. ജനമനസ്സുകളില്‍ കളിക്കും കളിക്കാര്‍ക്കുമുണ്ടായിരുന്ന സാഥാനം പതുക്കെ നഷ്ടമാവുന്നുവെന്ന തിരിച്ചറിവ് അവരെ സംബന്ധിച്ചിടത്തോളം ഹൃദയ ഭേധകമാവുമല്ലോ? അതുകൊണ്ട് തന്നെയാണ് ക്രിക്കറ്റ് എന്ന കളിയിലെ ദൈവമായി പ്രതിഷ്ടിക്കപ്പെട്ടിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ പോലും ഒഴിച്ചു നിര്‍ത്തി ടീമിനെ ഉടച്ചുവാര്‍ക്കുന്നു, ഇനിയത്തേത് ഒരു പുതിയ ടീം ആണ് എന്നെല്ലാമുള്ള ധാരണ സൃഷിടിക്കാന്‍ ബോര്‍ഡ് ശ്രമിച്ചത്. ഏതായാലും സച്ചിനും ഗാംഗുലിയും ഇല്ലാത്ത ഏകദിന ടീമും അവരുള്ള ടെസ്‌റ്റ് ടീമും ബംഗ്ലാദേശില്‍ ആധികാരിക ജയം നേടി. പക്ഷെ, ഇതുകൊണ്ടൊന്നും പഴയ പ്രതാപം, താരപരിവേഷം തിരിച്ചു കിട്ടുന്നില്ല. ബംഗ്ലാദേശിനെതിരായ ജയം എത്ര വലിയ മാര്‍ജിനിലുള്ളതായാലും കൊണ്ടാടാനുള്ളതല്ലെന്ന് കളിയുടെ ഏബീസീഡി പഠിച്ചവര്‍ക്കറിയാം. ഈ ജയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യമേ തല്‍ക്കാലം നല്‍കേണ്ടതുള്ളൂ. എന്നിരിക്കിലും, ശൂഭകരമായ ചില സൂചനകള്‍ ഈ വിജയം നല്‍കുന്നുവെന്നത് കാണാതിരുന്നു കൂടാ. സമീപ കാലത്ത് ടെസ്റ്റ് മാച്ചുകളില്‍ ഇന്ത്യന്‍ ടിമിന്റെ പ്രകടനം ഏകദിന മല്‍സരങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നത് കൂടി ഇവിടെ പരിഗണിക്കണം. വെസ്‌റ്റിന്‍ഡീസില്‍ പോയി പരമ്പര ജയിച്ചു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് ജയിച്ചു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്‌റ്റില്‍ നേടിയ ഇന്നിങ്ങ്‌സ് വിജയവും അതിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. ഒരിന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇന്നേവരെ ഇന്ത്യ നേടിയ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമാണിത്. ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ ജയിക്കാതെ പോയത് മഴ കാരണം ഏറെ സമയം കളി മുടങ്ങിയത് കൊണ്ട് മാത്രമാണ്. ടെസ്‌റ്റ് മാച്ചുകളില്‍ കളിക്കാന്‍ തല്‍ക്കാലം ഇന്ത്യയുടെ ഈ 'വയസ്സന്‍പട' തന്നെ മതിയെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. കൂടുതല്‍ ചടുലതയും ആര്‍ജ്ജവവും ആവശ്യമായ ഏകദിന മല്‍സരങ്ങള്‍ക്ക് കൂടുതല്‍ യുവതാരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെ കളിപ്പിക്കുകയും സച്ചിന്‍, സൗരവ്, ്‌നില്‍ കുംബ്ലെ തുടങ്ങിയവരെ ടെസ്റ്റ് മാച്ചുകള്‍ക്ക് മാത്രം ഉപയോഗിക്കുകയും ചെയ്യുകയെന്ന ഇപ്പോഴത്തെ നിലപാട് ഗുണം ചെയ്യുമെന്നെങ്കിലും ഈ ബംഗ്ലാദേശ് പര്യടനം തെളിയിച്ചിരിക്കുന്നു. അപ്പോഴും ഒരു ചോദ്യം നാവില്‍ വരുന്നു. സത്യത്തില്‍ ഗ്രെഗ് ചാപ്പല്‍ നേരത്തെ നിര്‍ദ്ദേശിച്ചതും ഇതു തന്നെയായിരുന്നില്ലേ, ആ പദ്ധതി നമ്മുടെ സീനിയര്‍ താരങ്ങള്‍ ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നില്ലേ? ഇപ്പോഴും ഏകദിന ടീമില്‍ തിരിച്ചെത്താനുള്ള വാശിയോടുള്ള ശ്രമമാണ് നമ്മുടെ സീനിയര്‍ താരങ്ങള്‍ നടത്തുന്നത്. അതവര്‍ക്ക് ദോഷമേ ചെയ്യുള്ളൂവെന്നത് അനുഭവത്തില്‍ നിന്ന് അവര്‍ പഠിച്ചില്ലെങ്കില്‍, അതവരുടെ തന്നെ കുറ്റമാണ്. സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറാന്‍ കഴിയുകയെന്നത് മികച്ച കായികതാരത്തിന് അനിവാര്യമായ ഗുണമാണ്. ടെസ്റ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇനിയും ഏറെ നേട്ടങ്ങളും, ആരാധകര്‍ പ്രതീക്ഷിക്കുന്നത് പോലെ റെക്കോര്‍ഡുകളും സൃഷ്ടിക്കാന്‍ കഴിയും. ബംഗ്ലാദേശിന്റെ താരതമ്യേന ദുര്‍ബലമായ ബൗളിങ് നിരയ്‌ക്കെതിരെയാണെങ്കിലും രണ്ട് ടെസ്‌റ്റിലും തുടര്‍ച്ചയായി സെഞ്ച്വറി നേടാനായത് തുടരെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സച്ചിന് ഏറെ ആശ്വാസകരമാണ്. ടെസ്‌റ്റ് മാച്ചുകളില്‍ സച്ചിന്‍ നേടിയ സെഞ്ച്വറികളുടെ എണ്ണം 37 ആയി. ലോകറെക്കോര്‍ഡിന്റെ കാര്യത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങിനേക്കാള്‍ നാലെണ്ണമധികം. മൊത്തം 10922 റണ്‍സ് സ്‌കോര്‍ ചെയ്‌ത് കഴിഞ്ഞ സച്ചിന് ടെസ്‌റ്റ് റണ്ണുകളുടെ കാര്യത്തില്‍ ലോകറെക്കോര്‍ഡ് സൃഷ്ടിക്കാന്‍ 1032 റണ്‍സ് കൂടി വേണം. 11953 റണ്‍സെടുത്ത ബ്രയാന്‍ ലാറയുടെ പേരിലാണ് ഇപ്പോള്‍ റെക്കോര്‍ഡ്. വ്യക്തമായ ആസൂത്രണത്തോടെ കരിയര്‍ പ്ലാന്‍ ചെയ്‌ത, ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കളിച്ചാല്‍, ആ റെക്കാര്‍ഡ് സച്ചിന് മറികടക്കാവുന്നതേയുള്ളൂ. അതു തന്നെയാണ് സച്ചിന്‍ ഏകദിന മല്‍സരങ്ങളില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് പറയാനുള്ള കാരണങ്ങളില്‍ ഒന്ന്. (ഏകദിനങ്ങളില്‍ സച്ചിന്‍ പതിനയ്യായിരത്തോളം റണ്‍സും 41 സെഞ്ച്വറിയും ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ അധികം ഇനിയെന്ത് വേണം?) സച്ചിനൊപ്പം ടീമിലെ സീനിയര്‍ കളിക്കാരനായ സൗരവ് ഗാംഗുലിക്കും ഈ പരമ്പര ആശ്വസിക്കാന്‍ വക നല്‍കുന്നു. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ദാദ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. ടെസ്റ്റില്‍ (ടെസ്‌റ്റില്‍ മാത്രം) രണ്ടു വര്‍ഷം കൂടി കളിക്കാനുള്ള 'ബാല്യം' ഉണ്ടെന്നാണ് സൗരവും നല്‍കുന്ന സൂചന. ഇന്ത്യന്‍ ക്രിക്കറ്റിലെ സമീപ കാലത്തെ മികച്ച കണ്ടെത്തല്‍ ദിനേഷ് കാര്‍ത്തികാണെന്ന നിഗമനത്തിന് ഈ ബംഗ്ലാ പര്യടനം അടിവരയിടുന്നു. മികച്ച ടെസ്റ്റ് ഓപ്പണറെന്ന നിലയിലേക്കുള്ള കാര്‍ത്തികിന്റെ വളര്‍ച്ച പ്രാധാന്യത്തോടെ കാണേണ്ട സംഭവ വികാസമാണ്. പ്രത്യേകിച്ചും വീന്ദേര്‍ സെവാഗിന് ഫോം വീണ്ടെടുക്കാന്‍ കഴിയാതെ പോവുന്ന സാഹചര്യത്തില്‍. സെവാഗിനെ പോലെ തന്നെ മധ്യനിര ബാറ്റ്‌സ്‌മാനായ ദിനേഷ് ഓപ്പണറുടെ റോള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായതാണ്. ലഭിച്ച അവസരങ്ങള്‍ ഒന്നും പാഴാക്കാത്ത ഈ 21കാരന്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോവുന്നു. സാഹചര്യത്തിനൊത്ത് ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാനും ദിനേഷിന് കഴിയുന്നു. കരിയറിന്റെ തുടക്കം തൊട്ടേ ഓപ്പണറായി തന്നെ കളിക്കുന്ന മൂംബൈക്കാര്‍ സലീം ജാഫര്‍ പക്ഷെ ഇപ്പോഴും വലിയ വെല്ലുവിളികള്‍ ഓറ്രെടുക്കാനുള്ള കെല്‍പ്പ് കാണിക്കുന്നില്ല. ഇതിന് മുമ്പ് കളിച്ച ദക്ഷിണാഫ്രിന്‍ പര്യടനത്തിലെന്ന പോലെ ഈ പരമ്പരയിലും ഒരു സെഞ്ച്വറി നേടിയിരുന്നുവെങ്കിലും ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നത് പലിയ പരാധീനത തന്നെ. എന്നിരിക്കിലും ഇന്ന് ഇന്ത്യയില്‍ ലഭ്യമായ മെച്ചപ്പെട്ട ഓപ്പണിങ്ങ് സഖ്യം എന്ന നിലയില്‍ കാര്‍ത്തിക്-ജാഫര്‍ സഖ്യത്തിന് പരമാവധി അവസരങ്ങള്‍ നല്‍കണം.ദീര്‍ഘകാലം ആശ്രയിക്കാവുന്ന ബൗളിങ് കോമ്പിനേഷന്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തളര്‍ച്ചയില്ലാതെ ഏറെ നേരം ബൗള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ബൗളിങ് കോമ്പിനേഷനെ കണ്ടെത്തുകയെന്നത് ടെസ്റ്റ് ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഓസ്‌ട്രേലിയക്ക് ടെസ്‌റ്റ് ക്രിക്കറ്റില്‍ സര്‍വാധിപത്യം നേടിക്കൊടുക്കുന്നതില്‍ ഗ്ലെന്‍ മെഗ്രാത്ത്-ഗില്ലസ്‌പി-ഷെയിന്‍ വോണ്‍ സഖ്യത്തിനുള്ള പങ്ക് നിസ്‌തുലമാണ്. മുമ്പ് പാകിസ്‌താന്‍ വസീം അക്രം-വഖാര്‍ യൂനുസ്-സഖ്‌ലയിന്‍ മുഷ്‌താഖ് എന്നിവരെ മുന്‍നിര്‍ത്തി വിജയങ്ങള്‍ കൊയ്‌തിരുന്നു. ഇതു പോലെ ദീര്‍ഘ കാലം ആശ്രയിക്കാവുന്ന ബൗളിങ് കോമ്പിനേഷന്‍ കണ്ടെത്തുക എന്നൊരു വെല്ലുവിളി അങ്ങനെ തന്നെ ഇന്ത്യന്‍ സെലക്‌റ്റര്‍മാരുടെ മുന്നില്‍ നില്‍ക്കുന്നു. ബംഗ്ലാ പര്യടനത്തിന് പോയ ഫ്രണ്ട്‌ലൈന്‍ ബൗളര്‍മാരില്‍ ശ്രീശാന്തിനും മുനാഫ് പട്ടേലിനും പരിക്കേറ്റ് തിരിച്ചു പോരേണ്ടി വന്നു. അവരുടെ അഭാവത്തില്‍ ആര്‍ പി സിങ്ങും വി ആര്‍ വി സിങ്ങും തങ്ങളുടെ ജോലി തരക്കേടില്ലാതെ നിര്‍വ്വഹിച്ചെങ്കിലും വലിയ പ്രതീക്ഷകളായി ഉയര്‍ത്തിക്കാട്ടാനാവില്ല. ശ്രീ തന്നെയാണ് ഇപ്പോഴും സെലക്‌റ്റര്‍മാരുടെ പരിഗണനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സഹീര്‍-ശ്രീ-ആര്‍ പി സംഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടാവും വരാനിരിക്കുന്ന ഇംഗ്ലീഷ് പര്യടനത്തിനുള്ള സെലക്ഷന്‍. തുടരെ പരിക്കേല്‍ക്കുന്നുവെന്നത് മുനാഫിന്റെ കരിയറിനു തന്നെ ഭീഷണിയായി മാറുകയാണ്. ഡല്‍ഹിക്കാരന്‍ ഇഷാന്ത് ശര്‍മ ഇനിയും വലിയ യുദ്ധങ്ങള്‍ക്ക് പര്യാപ്‌തനായിട്ടില്ല. സ്‌പിന്‍ നിരയില്‍ ഇപ്പോഴും കുംബ്ലെയില്‍ തന്നെ വിശ്വാസമര്‍പ്പിക്കേണ്ട അവസ്ഥയാണ്. പിയൂഷ് ചൗള മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കുന്നുമില്ല. രമേഷ് പവാര്‍ വിക്കറ്റുകള്‍ നേടുന്നുവെങ്കിലും ഒരു മാച്ച് വിന്നറെന്ന നിലയിലേക്കുയരുന്നില്ല. പ്രായവും രമേശിന് അത്ര അനുകൂലമായ ഘടകമല്ല.
Subscribe to:
Post Comments (Atom)
1 comment:
നല്ല ലേഖനം മാഷേ! തുടരൂ..
ഇപ്പോഴാണീ ബ്ലോഗു കണ്ണില്പെട്ടത്
Post a Comment