Wednesday, July 11, 2007

അരേ ബാപ്പ്‌രേ......


387 ഏകദിന മാച്ചുകളില്‍ 41 സെഞ്ച്വറി, 15043 റണ്‍സ്‌. 137 ടെസ്‌റ്റില്‍ 37 സെഞ്ച്വറി, 10922 റണ്‍സ്‌. അതൊന്ന കൂട്ടിനോക്കൂ- 25965 റണ്‍സും 78 സെഞ്ച്വറിയും ! സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്ററെ ആരാധിക്കുന്ന പോലെ വിമര്‍ശിക്കാനും നിങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയെ തുടര്‍ന്ന സച്ചിന്‌ ആരാധകരിലും പത്ര മാധ്യമങ്ങളിലും ചില മുന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന്‌ പോലും ലഭിച്ച നിന്ദയെ മുന്‍നിര്‍ത്തിയാണ്‌ ഇത്‌ പറയുന്നത്‌. സച്ചിന്‌ കളിയവസാനിപ്പിക്കാന്‍ സമയമായെന്ന്‌ തുറന്നടിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഇന്നിപ്പോള്‍ സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ്‌ തികച്ചതാണ്‌ വിണ്ടും സച്ചിന്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നിന്ന്‌ നേടിയതിന്റെ ഒരു കണക്കെടുപ്പിന്‌ മുതിരാന്‍ കാരണം. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന്‌ 25965 റണ്‍സ്‌- വൗ എന്നായാലും അരേ ബാപ്പ്‌ രേ എന്നായാലും ഊയീ എന്നായാലും, ഏത്‌ ഭാഷയിലായാലും അറിയാതെ വായില്‍ നിന്ന്‌ ഒരാശ്ചര്യ ശബ്ദം ഈ കണക്ക്‌ കേള്‍ക്കുന്നവരില്‍ നിന്നുയരുന്നു. ക്രിക്കറ്റ്‌ കമന്റേറ്റര്‍മാരും ആരാധകരും എല്ലാം ഈ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ എത്രയോ തവണ കേട്ടുകഴിഞ്ഞു. ദക്ഷിണഫ്രിക്കക്കെതിരായ ഫ്യൂച്ചര്‍ കപ്പ്‌ ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മാച്ചുകളിലും തൊണ്ണൂറിന്‌ മുകളില്‍ റണ്‍സ്‌ നേടി സച്ചിന്‍ ആരാധകരുടെ ഹൃദയങ്ങളിലേക്ക്‌ തകര്‍പ്പന്‍ തിരിച്ചുവരവാണ്‌ നടത്തിയത്‌. പത്യേകിച്ചും ബെല്‍ഫാസ്റ്റില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സച്ചിന്റെ ഇന്നിങ്‌സ്‌. തന്റെ ചെറുപ്പകാലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ തന്റെ മികച്ച ഷോട്ടുകള്‍ മുഴുവന്‍ പുറത്തെടുത്ത്‌ നിര്‍ഭയനായി അടിച്ചുതകര്‍ത്ത സച്ചിന്‍ എന്തുകൊണ്ടാണ്‌ ഡോണ്‍ ബ്രാഡ്‌മാന്‍ മുതല്‍ ബ്രയാന്‍ ലാറ വരെയുള്ള ലോകോത്തര ബാറ്റ്‌സ്‌മാന്‍മാര്‍ "The Best" എന്ന്‌ തന്നെ വിശേഷിപ്പിച്ചതെന്ന്‌ ലോകത്തെ കാണിച്ചുകൊടുത്തു. ബാറ്റിങ്‌ തികച്ചും ദുഷ്‌ക്കരമായ പിച്ചില്‍ മേഘാവൃതമായ, മഞ്ഞുപെയ്യുന്ന, ദുഷ്‌ക്കരമായ അന്തരീക്ഷത്തില്‍ എന്റിനിയും നെല്ലും ബലം പകര്‍ന്ന മികച്ചബൗളിങ്‌ നിരക്കെതിരെ, ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങിനെതിരെയാണ്‌ സച്ചിന്റെ പ്രകടനമെന്നതും പരിഗണിക്കണം. തന്റെ പഴയ ഓപ്പണിങ്‌ പങ്കാളി സൗരവ്‌ ഗാംഗുലിക്കൊപ്പം ഒരിക്കല്‍ കൂടി സച്ചിന്‍ മികവിന്റെ കൊടുമുടിയിലേക്കുയരുകയായിരുന്നു. ഈ ഇന്നിങ്‌സില്‍ സൗരവിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. സൗരവ്‌- സച്ചിന്‍ സഖ്യത്തെ നമുക്ക്‌ തിരിച്ചു കിട്ടിയിരിക്കുന്നു. ഈ രണ്ടു ബാറ്റ്‌സ്‌മാന്‍മാര്‍ക്കും കരിയറില്‍ ആധികനാള്‍ ബാക്കിയില്ല. അതുകൊണ്ട്‌ അവര്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ കളിക്കുന്ന ഓരോ ഇന്നിങ്‌സുകളും നമുക്ക്‌ ആസ്വദിക്കാം. മുന്തിരി കോപ്പയിലെ അവസാന തുള്ളികള്‍ പോലെ.....രണ്ടാം ഏകദിനത്തില്‍ സച്ചിന്റെ ഇന്നിങ്‌സാണ്‌ ഇന്ത്യക്ക്‌ ജയമൊരുക്കിയതെങ്കില്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോറ്റുപോയതിന്‌ കാരണം സച്ചിന്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തില്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായതായിരുന്നു . സൗരവ്‌ ഗാഗുലിയും ഗൗതം ഗംഭീറും തുടക്കത്തില്‍ പുറത്തായതിന്‌ ശേഷം രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്നിങ്‌സ്‌ കെട്ടിപടുത്ത സച്ചിന്‍ സ്വഞ്ചറി തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു . റണ്‍സടിക്കാന്‍ വിഷമമുള്ള വിക്കറ്റില്‍ തുടക്കത്തില്‍ കരുതലോടെ കളിച്ച്‌ വിക്കറ്റ്‌ കാത്ത സച്ചിന്‍ പിന്നീട്‌ മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത്‌ സ്‌കോറിങിന്‌ വേഗം കൂട്ടി. അപ്പോള്‍ 260 ന്‌ മുകളിലേക്കുള്ള ഒരു സ്‌കോര്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമാം വിധം സച്ചിന്‍ റണ്ണൗട്ടായതോടെ ആ പ്രതീക്ഷ പൊലിഞ്ഞു. യുവരാജ്‌ സിങിനോ കാര്‍ത്തികിനോ പുതുമുഖമായ രോഹിത്‌ ശര്‍മക്കോ അവസാന ഓവറുകളില്‍ റണ്ണടിച്ചുകൂട്ടാനായില്ല. അന്ത്യത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക്‌ വഴിവെച്ചതും നഷ്ടമായ ഈ 15 ഓ 18 ഓ റണ്ണുകളാണ്‌. ടീമിലെ പകുതിയോളം പേര്‍ പനി ബാധിതരായിരുന്നു. കളിക്കാന്‍ പ്രാപ്‌തരായ പതിനൊന്ന്‌ പേരെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന്‌ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ നേരത്തയേ പറഞ്ഞുരുന്നു. ധോനി, ശ്രീശാന്ത്‌, അഗാര്‍ക്കര്‍ എന്നിവര്‍ പനി ബാധിച്ച്‌ കിടപ്പിലായിരുന്നു. കളിക്കാനിറങ്ങിയവരില്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ ഉള്‍പ്പെടെ മൂന്നോ നാലോ പേര്‍ പനി കാരണം പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നില്ല. പനിയുടെ ക്ഷീണവും വെച്ചാണ്‌ രാഹുല്‍ 93 പന്ത്‌ നീണ്ട 74 റണ്‍സിന്റെ ഇന്നിങ്‌സ്‌ കളിച്ചത്‌. പനിബാധ കാര്യമായി ബാധിച്ചത്‌ ബൗളിങ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെയാണ്‌. 50 ഓവര്‍ എറിഞ്ഞ്‌ തീര്‍ക്കാന്‍ യോഗ്യരായ അഞ്ച്‌ മുന്‍നിര ബൗളര്‍മാരെ അണിനിരത്താന്‍ കഴിയാത്ത അവസ്ഥ. ഓപ്പണിങ്‌ ബൗളറായ സഹീര്‍ ഖാന്‍ ആവട്ടെ പൂര്‍ണമായി ഫിറ്റ്‌ ആയിരുന്നില്ല. നാട്ടില്‍ വെച്ചേറ്റ പരിക്ക്‌ പൂര്‍ണമായി ഭേദമാവാതെ ഫിറ്റാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ്‌ സഹീര്‍ ടീമില്‍ കയറിപ്പറ്റിയതെന്ന്‌ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇത്തരം ഒപ്പിക്കല്‍ ഫിറ്റ്‌നസ്‌ സെര്‍ട്ടിഫിക്കറ്റുകള്‍ എന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമാണല്ലോ ? പനിബാധയില്‍ ക്ഷീണിച്ചുപോയ ഇന്ത്യന്‍ ബൗളിങ്ങിന്റെ ദൗര്‍ബല്യം മുതലെടുത്ത്‌ ദക്ഷിണാഫ്രിക്ക ഫ്‌ളുക്കില്‍ ജയിച്ചുകയറുകയായിരുന്നു എന്നു പറയുന്നതില്‍ ഒരപകടമുണ്ട്‌. അത്‌ ഒരു ബാറ്റ്‌സ്‌മാനോടും അയാള്‍ ഈ മാച്ചില്‍ കളിച്ച മനോഹരമായ ഇന്നിങ്‌സിനോടുമുള്ള നിന്ദയാവും. ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ജാക്‌ കാലിസിന്റെ ഈ ഇന്നിങ്‌സ്‌ ഓര്‍ക്കപ്പെടേണ്ട ഒന്നാണ്‌. ടെസ്റ്റിലും ഏകദിന മാച്ചുകളിലും നിരന്തരം തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ടിരിക്കുന്ന കാലിസ്‌ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന പദവിക്കായി സച്ചിന്‍, പോണ്ടിങ്‌, ലാറ എന്നിവരോട്‌ മല്‍സരിക്കാന്‍ പ്രാപ്‌തനാണെന്ന്‌ തെളിയിച്ചു കഴിഞ്ഞു. മിക്കവാറും കാലിസ്‌ ഒറ്റക്ക്‌ തന്നെ പിടിച്ചുവാങിയ ജയമായിരുന്നു ഇത്‌. നാല്‌ ഓവറില്‍ 20 റണ്‍സ്‌ വഴങി രണ്ട്‌ വിക്കറ്റ്‌, രണ്ട്‌ ക്യാച്ച്‌, 116 പന്തില്‍ പുറത്താവാതെ 91 റണ്‍സും- ക്യാപ്‌റ്റന്റെ കളി !

No comments: