Monday, September 3, 2007

ആഘോഷിക്കപ്പെടാത്ത പ്രതിഭ !


ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ഇപ്പോഴത്തെ എത്ര കളിക്കാരെ അതില്‍ ഉള്‍പ്പെടുത്തും. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി... അങ്ങനെ നീളുന്നവയാണ്‌ മിക്ക പണ്ഡിതന്‍മാരുടേയും സെലക്ഷന്‍ എന്ന്‌ നമ്മള്‍ കണ്ടുകളഞ്ഞു. ഇവരൊക്കെ വലിയ കളിക്കാരാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അനില്‍ കുംബ്ലെ എന്തു കൊണ്ട്‌ ആ പട്ടികയില്‍ ഇടം പിടിക്കുന്നില്ലെന്ന്‌ അദ്‌ഭുതപ്പെട്ടു പോവുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്രവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറെന്ന നിലയില്‍ കപില്‍ദേവുള്‍പ്പെടെയുള്ളവരെ കുംബ്ലെ ബഹുദൂരം പിന്നിലാക്കുന്നു. കപിലുമായി താരതമ്യം ചെയ്യാന്‍ മാത്രം മഹത്വമൊന്നും കുംബ്ലെക്കില്ലെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. 118 ടെസ്‌റ്രുകളില്‍ നിന്ന്‌ 556 വിക്കറ്റ്‌, എട്ടു തവണ ടെസ്റ്റില്‍ പത്തു വിക്കറ്റ്‌ നേട്ടം, 33 തവണ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ്‌ നേട്ടം. തീര്‍ന്നില്ല. ഒരിന്നിങ്‌സിലെ പത്തു വിക്കറ്റുകളും നേടുന്ന ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ബൗളറുമാണ്‌. ഇതിലപ്പുറം എന്തു വേണം ക്രിക്കറ്റ്‌മഹത്വത്തിന്‌ അവകാശിയാവാന്‍ ? നേടുന്ന വിക്കറ്റുകളുടെ എണ്ണം മാത്രമല്ല ഒരു ക്രിക്കറ്ററുടെ മഹത്വം നിശ്ചയിക്കുന്നത്‌ എന്ന്‌ വാദിക്കാം. എങ്കില്‍ പിന്നെ അയാള്‍ ടീമിനെ എത്ര മാച്ചുകളില്‍ വിജയിപ്പിച്ചു എന്നത്‌ കൂടി പരിഗണിക്കണം. ഇന്ത്യയുടെ ടെസ്‌റ്റ്‌ റെക്കോഡുകള്‍ എടുത്ത്‌ പരിശോധിച്ചു നോക്കൂ, കുംബ്ലെയോളം ഇന്ത്യക്ക്‌ വോണ്ടി മല്‍സരങ്ങള്‍ ജയിച്ച ആരുണ്ട്‌ ? ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക ടീമിലെ ജൂനിയറായ കളിക്കാരുടെ പേരുകള്‍ പോലും ചര്‍ച്ചയില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്‌. ഒരിക്കല്‍ പോലും കുംബ്ലെ സെലക്‌റ്റര്‍മാരുടെ പരിഗണനയില്‍ വന്നില്ല. ഏകദിന ടീമില്‍ നിന്ന്‌ കുംബ്ലെ നിഷ്‌കാസിതനായത്‌ ഫീല്‍ഡിങ്‌ ദുര്‍ബലമാണെന്നതിന്റെ പേരിലാണ്‌. പക്ഷെ ടീമിലെ മറ്റംഗങ്ങളില്‍ എത്ര പേരുണ്ട്‌ മിടുക്കന്‍മാരായ ഫീല്‍ഡര്‍മാര്‍ ? ഇന്ത്യ ഫൈനല്‍ വരയെത്തിയ 2003 ലോകകപ്പിലെ മല്‍സരങ്ങളില്‍ കരക്കിരിക്കേണ്ടി വന്നത്‌ കുംബ്ലെയെ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍്‌ സമീപ കാലത്തുണ്ടായ ഏറ്റവും മികച്ച മാച്ച്‌ വിന്നറെ കൈകാര്യം ചെയ്യേണ്ട രീതി ഇതായിരുന്നോ ? ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ്‌ പര്‌മ്പരക്കിടെ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന വലിയൊരു നേട്ടത്തിന്‌ അനില്‍ ഉടമയായി. ഷെയിന്‍ വോണിനും മുത്തയ്യ മുരളിധരനും പിന്നില്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി. മൂന്നാം സ്ഥാനത്തിന്‌ വേണ്ടി ഗ്ലെന്‍ മഗ്രാത്തിനെയാണ്‌ അനില്‍ പിന്തള്ളിയത്‌. ഓവലില്‍ നടന്ന മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌നില്‍ മൂന്നു വിക്കറ്റെടുത്തു കൊണ്ടാണ്‌ അനില്‍ മെഗ്രായെ പിന്നിലാക്കിയത്‌. ഈ നേട്ടം നമ്മള്‍ പ്രതീക്ഷിച്ചതായിരുന്നെങ്കില്‍, തികച്ചും അപ്രതീക്ഷിതമായ മറ്റൊന്ന്‌ കൂടി ആഹ്ലാദിക്കാനും ആഘോഷിക്കാനും ഈ ടെസ്‌റ്റില്‍ കൂംബ്ലെ ആരാധകര്‍ക്ക്‌ സമ്മാനിച്ചു- തന്റെ ടെസ്‌റ്റ്‌ കരിയറിലെ ആദ്യ സെഞ്ച്വറി. തന്റെ പ്രതിഭയോട്‌ പൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ പോയ ഒരു ബാറ്റ്‌സ്‌മാനാണ്‌ സത്യത്തില്‍ അനില്‍. ഇതിന്‌ എത്രയോ മുമ്പ്‌ ഒരു സ്വഞ്ചറി നേടാമായിരുന്നു. അത്‌ കഴിയാത്തതിന്‌ ഒരു കാരണം ബാറ്റിങ്‌ ഓഡറില്‍ എട്ടാമനും ഒന്‍പതാമനുമൊക്കെയായാണ്‌ ബാറ്റിങിന്‌ ഇറങ്ങുന്നത്‌ എന്നുകൊണ്ടാണെന്ന്‌ തോന്നുന്നു. ഓവല്‍ ടെസറ്റിലും എട്ടാമനായാണ്‌ അനില്‍ ഇറങ്ങിയത്‌. എന്നാല്‍ സഹീര്‍, ആര്‍ പി സിങ്‌, ശ്രീശാന്ത്‌ എന്നീ പിന്‍നിര ബാറ്റ്‌സ്‌മാന്‍മാരുടെ പിന്തുണ കിട്ടിയത്‌ കൊണ്ട്‌ അനിലിന്‌ സെഞ്ച്വറി തികക്കാനായി. പ്രത്യേകിച്ചും പതിനൊന്നാമനായി ഇറങ്ങി 35 റണ്‍സെടുത്ത്‌ മികച്ച പിന്തുണ നല്‍കിയ ശ്രീയോട്‌ ഈ സെഞ്ച്വറിക്ക്‌ അനില്‍ കടപ്പെട്ടിരിക്കുന്നു. അനിലിന്റെ ഈ സെഞ്ച്വറി ആഘോഷിക്കപ്പെടേണ്ടതാണ്‌, എക്കാലവും ഓര്‍ക്കപ്പെടേണ്ടതും.

2 comments:

മൂര്‍ത്തി said...

പണ്ട് ബാഗ്ലൂരിലെ ഒരു വണ്‍‌ഡേ കുംബ്ലെയും ശ്രീനാഥും ബാറ്റ് ചെയ്ത് ജയിപ്പിച്ചത് മനസ്സില്‍ നിന്ന് മായുന്നില്ല. ശ്രീനാഥിന്റെ സിക്സറും. അന്ന് രണ്ടു പേരുടെയും അമ്മമാര്‍ കളി കാണാനെത്തിയിരുന്നു. അവരുടെ ടെന്‍ഷനും സന്തോഷവും..

കുംബ്ലെക്ക് അഭിനന്ദനങ്ങള്‍..

Unknown said...

കുംബ്ലെ നല്ല കളിക്കാരനാണെന്ന കാര്യത്തില്‍ സംശയമില്ല. ഹര്‍ഭജനും ശരണ്‍ദീപ് സിങുമൊക്കെയായി ഇന്ത്യന്‍ ഏകദിന സ്പിന്‍ കുഴഞ്ഞ് മറിഞ്ഞപ്പോള്‍ കുംബ്ലെയെ തിരികെ കൊണ്ട് വരണമെന്ന് തോന്നിയിരുന്നു. പക്ഷെ കുംബ്ലെ ടെസ്റ്റ് കരിയര്‍ നീട്ടിക്കിട്ടാന്‍ വേണ്ടി ഏകദിനങ്ങളുടെ കഠിനമായ ഷെഡ്യൂളില്‍ നിന്ന് മാറി നില്‍ക്കുകയാവും എന്നും ധരിച്ചിരുന്നു. ഫീല്‍ഡിങ് പോരാ എന്ന വാദം 20:20 ആണെങ്കില്‍ മനസിലാക്കാമായിരുന്നു. ഏകദിനത്തില്‍ കളിയ്ക്കാന്‍ ഇപ്പോഴും കുംബ്ലെയ്ക്ക് ബാല്യം ഉണ്ട് എന്ന് ഞാന്‍ കരുതുന്നു.