Wednesday, October 17, 2007
ശ്രീശാന്ത് കണ്ണുരുട്ടുന്നത് കുറ്റമോ ?
മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റ്. വെളുത്ത വസ്‌ത്രമണിഞ്ഞ് കളിക്കേണ്ട ഗെയിം. കളിക്കളത്തിലെ ആചാരമര്യാദകള്‍ക്കും പ്രതിയോഗികളോടുള്ള പെരുമാറ്റത്തിനുമെല്ലാം പ്രത്യേക നിഷ്‌ക്കര്‍ഷ വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും അവര്‍ ഓരോ മല്‍സരത്തിനും നിയോഗിക്കുുന്ന മാച്ച് റഫറിമാരുമെല്ലാം ഇക്കാര്യത്തില്‍ അണുവിട വ്യതിചലിക്കില്ല. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിന്റെ പെരുമാറ്റത്തില്‍ തുടരെ പിഴവുകള്‍ അവര്‍ കണ്ടെത്തിയത് ഈ നിര്‍ബന്ധബുദ്ധികാരണമാവണം. അമിതമായി അപ്പീല്‍ ചെയ്‌തതിന് പിഴ, ബാറ്റ്‌സ്‌മാനെ തുറിച്ച് നോക്കിയതിന് ശകാരം, താക്കീത്....ഇങ്ങനെ പോവുന്നു മാച്ച് റഫറിമാരുടെ ശിക്ഷാ നടപടികള്‍. അതിന്റെ ചുവടുപിടിച്ച് നമ്മുടെ മാധ്യമങ്ങളും സാംസ്‌ക്കാരിക നായകരും ശ്രീയെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഇതിന് ഒരു മറുവശമുണ്ട്. അത് കാണാതിരുന്നുകൂടാ.ബൗള്‍ ചെയ്യുന്നതിനിടെ ബാറ്റ്‌സ്‌മാനെ തുറിച്ചു നോക്കുകയും ഒന്നോരണ്ടോ വാക്കുകള്‍ പറയുകയും ചെയ്‌ത, ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബൗളര്‍ ശ്രീശാന്തല്ല. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അങ്ങനെയൊരു രീതിയെകുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നതിന് മുമ്പ് ബാറ്റ്‌സ്‌മാന് മേല്‍ കളിക്കിടെ മാനസികമായ ആധിപത്യം നേടുന്നതിനുള്ള ഒരു തന്ത്രമായി ഇത്തരം രീതികളെ വികസിപ്പിച്ചെടുത്തവരാണ് ഓസ്‌ട്രേലിയക്കാര്‍. പിന്നീട് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും വ്യാപകമായി തന്നെ ഈ രീതി പിന്തുടര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡിന്റെ ശകാരവര്‍ഷത്തിനു മുന്നില്‍ രാഹുല്‍ ദ്രാവിഡും മറ്റും ചൂളി നില്‍ക്കുന്ന കാഴ്‌ച നമ്മള്‍ എത്രയോ തവണ കണ്ടതാണ്. ഓസ്‌ട്രേലിയക്കാരില്‍ ബൗളര്‍ മാത്രമല്ല, ക്ലോസ്‌ഇന്‍ ഫീല്‍ഡര്‍മാര്‍ ഒന്നടങ്കം ഇങ്ങനെ ബാറ്റ്‌സ്‌മാനെ വിരട്ടിക്കൊണ്ടിരിക്കും. പക്ഷെ അന്നൊന്നും ഇത്ര വലിയ കോലാഹലം ഉയര്‍ന്നിരുന്നില്ല. മാച്ച്‌റഫറിമാര്‍ ശിക്ഷ വിധിക്കുന്നതും കുറവായിരുന്നു. ഇന്ന് ഇത്തരം `അതിരുവിട്ട` പെരുമാറ്റത്തിന്റെ ആശാന്‍മാരായ ഓസ്‌ട്രേലിയക്കാര്‍ തന്നെ ശ്രീക്കെതിരെ നിരന്തരം ആക്ഷേപമുന്നയിക്കുന്നു. അത് നമ്മുടെ മാധ്യമങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളും ഏറ്റുപിടിക്കുന്നു എന്നത് വിചിത്രമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശ്രീ ചെന്നാല്‍ കൈകാര്യം ചെയ്യുമെന്ന പരസ്യമായ ഭീഷണി പോലും ഓസ്‌ട്രേലിയക്കാരില്‍ നിന്നുയര്‍ന്നു കഴിഞ്ഞു. ഇത്തരം പരസ്യ ഭീഷണികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണകര്‍ത്താക്കള്‍ കേട്ടതായേ നടിക്കുന്നില്ല. കൗണ്‍സിലിന്റെ തീരുമാനങ്ങളിലും ശിക്ഷാനടപടികളിലും വര്‍ണവിവേചനത്തിന്റെ സ്‌പര്‍ശമുണ്ടെന്ന ആരോപണം കാലപ്പഴക്കമുള്ളതാണ്. ഓസ്‌ട്രേലിയക്കാരും ഇംഗ്ലീഷുകാരും ചെയ്യുന്ന തെറ്റുകള്‍ സൗകര്യപൂര്‍വം അവഗണിക്കുകയും ഏഷ്യന്‍ കളിക്കാര്‍ ഇതേകാര്യം ചെയ്യുമ്പോള്‍ കനത്ത ശിക്ഷ നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപണം ഉന്നയിച്ചവരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗാവസ്‌കറും പാക് നായകന്‍ ഇമ്രാന്‍ ഖാനുമെല്ലാം ഉള്‍പ്പെടുന്നു. ഇപ്പോള്‍ ശ്രീക്കെതിരായ കര്‍ശന നടപടികളിലും രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ നാലു മാച്ചില്‍ നിന്നുവരെ വിലക്കുകയുമൊക്കെ ചെയ്‌തതിന് പിന്നില്‍ ഐ സി സി യുടെ ചട്ടക്കൂടില്‍ തന്നെ നിലനില്‍ക്കുന്ന വിവേചനത്വരയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.ശ്രീശാന്ത് കളിക്കളത്തില്‍ ഒരു ഫാസ്റ്റ്‌ബൗളര്‍ക്ക് യോജിച്ച രീതിയിലുള്ള അഗ്രഷന്‍ കാണിക്കുന്നുവെന്നത് ശരിയാണ്. അതുകൊണ്ടുള്ള ഗുണം ടീമിനു തന്നെയാണ്. ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹൈഡന്റെ വിക്കറ്റെടുത്ത് മല്‍സരം ഇന്ത്യയുടെ വരുതിയിലാക്കിയത് തന്നെ മികച്ച ഉദാഹരണം. തകര്‍പ്പന്‍ ഫോമിലായിരുന്നു അന്ന് ഹൈഡന്‍. ശ്രീ തുടക്കം തൊട്ടേ ഹൈഡനെ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രകോപിപ്പിച്ചു കൊണ്ടുരുന്നു. ഹൈഡന്‍ ശരിക്കും ക്ഷുഭിതനായിരുന്നു. രണ്ടാമത്തെ സെപെല്ലിനായി ശ്രീ വന്നപ്പോള്‍ ഹൈഡന്‍ കൂറ്റനടിക്ക് മുതിര്‍ന്നു. ബൗള്‍ഡ്‌്. ഓസ്‌ട്രേലിക്കാര്‍ ആസൂത്രണം ചെയ്‌തെടുത്ത ഈ തന്ത്രം അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കുകയായിരുന്നു ശ്രീ. സംശയിക്കേണ്ട ഓസ്‌ട്രേലിക്കാര്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ നമ്മുടെ ശ്രീയാണ്. അവരുടെ വാക്കുകളിലും പ്രതികരണങ്ങളിലും നിന്നുതന്നെ അത് പ്രകടമാണ്.
Subscribe to:
Post Comments (Atom)
6 comments:
nikshpakshamaayi 10 minutes thangalku chinthikkan kazhinjaal,
thaangal ezhuthiyathu muzhuvan thaangale thirinju kothum.....
athukondu athinu shramikkaruth please
കണ്ടില്ല!കേട്ടില്ല!മിണ്ടീല്ലാ...
തൊട്ടതിനും പിടിച്ചതിനുമൊക്കെ ശ്രീശാന്തിനെ കുറ്റം പറയുന്നതിന് പല കാരണങ്ങളുമുണ്ടാകാം. മലയാളികളില്‍ വലിയൊരു വിഭാഗം ഇപ്പോഴും ശ്രീശാന്തിന്‍റെ നേട്ടം അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നു എന്നതും ശരിയാണ്.
പക്ഷെ എല്ലാ വിമര്‍ശനങ്ങളെയും ഈ വിഭാഗത്തില്‍ പെടുത്താനാവില്ല. ശ്രീയുടെ ആഗ്രഷനും പ്രകടനങ്ങളുമൊക്കെ ചിലപ്പോഴെങ്കിലും അതിരു കടക്കുകയും സുബോധം ഇല്ലാത്തതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു എന്ന് പറയാതിരിക്കാനാവില്ല.
ആക്രമണോത്സുകത നല്ലതാണ്. പക്ഷെ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാനും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനും ഏതു വലിയ കായികതാരത്തിനും ബാധ്യതുണ്ട്.
ആറ്റു നോറ്റ് ഒരു മലയാളി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ സന്തോഷിച്ചവര്‍ കയ്യിലിരിപ്പിന്‍റെ ഗുണംകൊണ്ട് ശ്രീശാന്ത് പുറത്താകുമെന്ന ഭയത്തിലാണ് ഇപ്പോള്‍.
അതുകൊണ്ട് ശ്രീശാന്തിന്‍റെ എല്ലാ കോമാളിത്തരങ്ങളെയും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
സിനിമാ താരങ്ങളോടും കായിക തരങ്ങളോടും ഒക്കെ ഇഷ്ടം ആകാം ആരാധന തോന്നരുത് എന്ന് പറയുന്നത് ഇതു കൊണ്ടാ..പലതും കാണില്ല..ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കും...
ശ്രീശാന്തിനെ കുറ്റം പറയുന്നവര്‍ക്കുള്ള നല്ലൊരു മറുപടിയായി ഇത്. പക്ഷേ ഇതിനകത്ത് മാനേജ്മെന്റ് പ്രൊഫഷണലുകളുടെ കൈയുണ്ടെന്ന് ചെറിയൊരു ആരോപണമുള്ളത് തള്ളിക്കളയാനാവില്ല. കഴിഞ്ഞ ട്വന്റി 20ക്കുശേഷം ശ്രീകാന്തിന്റെ 'മാര്‍ക്കറ്റ് വാല്യു' ഉയര്‍ന്നിരുന്നു. വിവാദത്തോടെ അവ വളരെ ഏറെയായി, അതായത് പരസ്യങ്ങളിലും മറ്റും അഭിനയിക്കുന്നതിന് ചെക്കന് കാശു കൂടുതല്‍ മേടിക്കാന്‍ വഴിയായെന്നു സാരം. അതിനുള്ള ചെറിയൊരു പൊടിക്കൈ ആയിരുന്നുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്.
ശ്രീശാന്ത് തന്നെ തണ്റ്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞത് വായിച്ചില്ലേ ? അതിനെ പ്പറ്റി എന്ത് പറയുന്നു. അയാള്‍ക്ക് തന്നെ അയാളുടെ സ്വഭാവം പിടിക്കുന്നില്ല, പിന്നെ നമ്മള്‍ക്കൊ ?
Post a Comment