ക്രിക്കറ്റിലേക്ക് പണം ഒഴുകിയെത്തുമ്പോഴൊക്കെ കെറി പാര്‍ക്കറുടെ പേര് ഓര്‍മിക്കപ്പെടും. കാരണം കോടീശ്വരനായിരുന്ന ഈ ദക്ഷിണാഫ്രിക്കന്‍ വ്യവസായിയാണ് ക്രിക്കറ്റ് എന്ന ഗെയ്മിനെ വാണിജ്യവല്ക്കരിക്കാന് ഗൗരവപൂര്‍ണമായ ശ്രമം ആദ്യം നടത്തിയത്. വര്‍ണവിവേചന വ്യവസ്ഥിതിയുടെ പ്രയോക്താക്കാളായിരുന്ന ദക്ഷിണാഫ്രിക്കയുടെ മണ്ണിലായിരുന്നു പാര്‍ക്കറുടെ ലീഗ് എന്നതുകൊണ്ട് അന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന ആ ലീഗ് സംവിധാനത്തെ എതിര്‍ത്തു. അവിടെ മല്‍സരിക്കാന്‍ പോവുന്ന കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. അങ്ങനെ പാര്‍ക്കറുടെ ലീഗ് ഒരു വന്‍വിജയമാവാതെ പോയി. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് സംഘടന പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് എന്ന ആശയം മുന്നോട്ട് വെക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ലോകമെമ്പാടുമുള്ള മറ്റു സംഘടനകളും കളിക്കാരും അതിനെ രണ്ടു കൈയ്യും നീട്ടി വാരിപ്പുണരുന്നു. ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പെ പാര്‍ക്കര്‍ പ്രാവര്‍ത്തികമാക്കിയ ലീഗിന് തത്തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ ഒരു സംവിധാനത്തിന് വേണ്ടി ഇത്രയും കാലം എന്തുകൊണ്ടു മറ്റാരും മുന്നിട്ടിറങ്ങിയില്ല ? ഗെയ്മിനെ മാര്‍ക്കറ്റ് ചെയ്യുന്ന കാര്യത്തില്‍ ഐ സി സി വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന ദൗര്‍ബല്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍ ബി സി സി ഐ ഇങ്ങനെയൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനും അതു വഴി കോടികള്‍ സമ്പാദിക്കാന്‍ കഴിഞ്ഞതിനും ക്രിക്കറ്റ് താരങ്ങള്‍ സുഭാഷ്ചന്ദ്രയെന്ന വ്യവസായിയോട് നന്ദി പറയണം. സത്യത്തില്‍ ഇങ്ങനെയൊരു പ്രൊഫഷണല്‍ ലീഗ് സംവിധാനം തുടങ്ങുവാന്‍ സീ ടെലിവിഷന്‍ ഗ്രൂപ്പിന്റെ മേധാവിയായ സുഭാഷ് ചന്ദ്ര ബി സി സി ഐയെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഒരു പ്രൊഫഷണല്‍ ലീഗിന് തുടക്കമിടാന്‍ ഇത്രയും വൈകിയതില്‍ നിന്ന്, ബി സി സി ഐ ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കമ്പോള സാധ്യതകള്‍ ശരിയായ രീതിയില്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന് സമ്മതിക്കേണ്ടി വരും. കാരണം ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പ്രീമിയര്‍ ലീഗിന് രാജ്യത്തെ വ്യവസായികളിലും രാജ്യാന്തര കമ്പോളത്തിലും ആരാധകരിലും നിന്നെല്ലാം ലഭിച്ച സ്വീകരണം അത്ര വലുതാണ്. ഐ പി എല്ലിലേക്ക് ഇന്ന് ഒഴുകിയെത്തുന്ന സമ്പത്ത് മുമ്പും ഇവിടെ തന്നെയുണ്ടായിരുന്നു. എന്തു കൊണ്ട് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടാന്‍ ഇത്രയും വൈകിയെന്നു തന്നെയാണ് സ്വാഭാവികമായും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ വഴിത്തിരിവാകും പ്രീമിയര്‍ ലീഗ് എന്ന കാര്യം ഇപ്പോഴേ ഉറപ്പിച്ചുപറയാം. കെറി പാര്‍ക്കറുടെ വിമത ലീഗുമായോ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് സംവിധാനവുമായോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ താരതമ്യം ചെയ്യേണ്ടത്. തീര്‍ച്ചയായും ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്ബോള്‍ ലീഗിനെയാവും ഐ പി എല്‍ മാതൃകയാക്കേണ്ടി വരിക. പേരിലെ സാദൃശ്യം മാത്രം മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗിനെ അപേക്ഷിച്ച് എത്രയോ കുറഞ്ഞ തുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്കുന്ന പ്രതിഫലം. അന്താരാഷ്ട്ര മീഡിയയില്‍ ഇംഗ്ലീഷ് ലീഗിന് ലഭിക്കുന്ന കവറേജ് ഒരിക്കലും ഐ പി എല്ലിന് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഒന്നുണ്ട്, തുടക്കത്തില്‍ തന്നെ ഐ പി എല്ലിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകരണം ആവേശകരമാണ്. ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെല്ലാം ഓരോ ടീമുകളിലും എത്തിപ്പെടാന്‍ പരസ്പരം മല്‍സരിച്ചു. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കളിക്കളത്തിന് പുറത്തു നടന്ന ഏറ്റവും ആവേശകരമായ മല്‍സരമായാണ് ഐ പി എല്ലിലേക്ക് വേണ്ടി നടത്തിയ ലേലം വിളിയെ ഓസ്ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമെല്ലാം മാധ്യമങ്ങള്‍ വിലയിരുത്തിയത്. ഐ പി എല്‍ എന്ന കുഞ്ഞ് ജനിക്കുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ ഇത്ര പരിചരണവും വാല്സല്യവും അതിന് ലഭിക്കുന്നുവെങ്കില്‍ ബാല്യ, കൗമാരദശകളില്‍ എത്തുമ്പോള്‍ ഐ പി എല്ലിന് ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്ബോള്‍ ലീഗുമായി കിടപിടിക്കാവുന്ന സ്വീകാര്യതയും ഗ്ലാമറും കൈവന്നുകൂടെന്നില്ല. ഇപ്പോള്‍തന്നെ ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ കാണുന്ന ചില പ്രവണതകള്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട് ക്രിക്കറ്റിലും കണ്ടു തുടങ്ങിയിരിക്കുന്നു. വലിയ താരങ്ങള്‍ പലരും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നതിലും താല്പര്യം ലീഗില്‍ കളിക്കുന്നതിന് പ്രകടമാക്കുന്നുവെന്നത് തന്നെ ഇതില്‍ പ്രധാനം. സുരക്ഷാ പ്രശ്നം ഉന്നയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ പാക്പര്യടനത്തിന് പോവാന്‍ വിസമ്മതിച്ചതിന് പിന്നില്‍ ഐ പി എല്ലില്‍ നിന്ന് ആകര്‍ഷകമായ കരാറുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നത് രഹസ്യമല്ല. പാക് പര്യടനത്തിന് പോവില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ആന്‍ഡ്രൂ സൈമണ്ട്സ് മറ്റ് ഓസീസ് താരങ്ങളേക്കാള്‍ ഏറെ ഉയര്‍ന്ന തുകക്കുള്ള കരാര്‍ ഒപ്പിച്ചെടുത്തു. സൈമണ്ട്സിനെ ഭാവിയില്‍ മറ്റു താരങ്ങളും മാതൃകയാക്കിയേക്കാം. ഐ പി എല്ലില്‍ തടസ്സമില്ലാതെ കളിക്കുന്നതിന് വേണ്ടി കളിക്കാര്‍ ചെറിയ പ്രായത്തില്‍ തന്നെ ദേശീയ ടീമില്‍ നിന്നുള്ള റിട്ടയര്‍മെന്റ് പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് സജീവ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഫുട്ബോള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമായ ഈ പ്രവണത ഐ പി എല്ലിന്റെ പ്രലോഭനങ്ങള്‍ വഴി ക്രിക്കറ്റിലും നടപ്പിലാവുമെന്നാണ് ആശങ്ക.സിനിമയും ക്രിക്കറ്റും കൈകോര്‍ക്കുമ്പോള്‍ബി സി സി ഐ വിവിധ ടീമുകള്‍ക്ക് സ്പോണ്‍സര്‍മാരെ ക്ഷണിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ ഇന്ത്യയിലെ വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ പണമൊഴുക്കി മല്‍സരിക്കാനെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നമായ ബിസിനസ് ഗ്രൂപ്പ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ലേലം വിളിയിലൂടെ തന്നെ ടീമുകളെ സ്വന്തമാക്കി. എന്നാല്‍ ഹിന്ദി സിനിമാ ലോകം ക്രിക്കറ്റ് ലീഗിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് വേണ്ടി കാണിച്ച താല്പര്യം കൗതുകമുണര്‍ത്തുന്നു. പ്രീതി സിന്റയെന്ന ബോളിവുഡ് നടി മൊഹാലി ടീമിനെ ഏറ്റെടുത്തു. ഇത് പക്ഷെ കാമുകനായ നെസ് വാഡിയയുടെ നിയന്ത്രണത്തിലുള്ള ബിസിനസ് ഗ്രൂപ്പിന്റെ പിന്‍ബലത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സ്വയമേവ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞ ഷാറൂഖ് ഖാന് കൊല്‍ക്കത്ത ടീമിനെ ഏറ്റെടുത്തത് ഒരു സിനിമാതാരം എന്ന ലേബലില്‍ തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം സ്വാധിനം ചെലുത്തുന്ന വിനോദ വ്യവസായങ്ങളാണ് ക്രിക്കറ്റും ഹിന്ദി സിനിമയും ഇത് രണ്ടും കൈകോര്‍ക്കുമ്പോള്‍ ലഭിക്കുന്ന കരുത്തും സ്വാധീന ശേഷിയും എന്താണെന്ന് മനസ്സിലാക്കി തന്നെയാണ് കിങ് ഖാന് പണം മുടക്കിയിരിക്കുന്നത്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കഥ ഇതിവൃത്തമാക്കിയ ചക്ദേ എന്ന തന്റെ സിനിമയെ മാര്‍ക്കറ്റ് ചെയ്യാന്‍ ക്രിക്കറ്റുമായും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള തന്റെ ബന്ധം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച അനുഭവവും ഷാറൂഖിന് ഇവിടെ തുണയായിരിക്കണം. സൗരവ് ഗാംഗുലിയുടെ ടീമിനെയാണ് ഷാറൂഖ് സ്വന്തമാക്കിയത്. പരസ്യ വിപണിയില്‍ നല്ല മാര്‍ക്കറ്റുള്ള രണ്ട് കമേഷ്യല്‍ ഐക്കണുകളാണ് ഷാറൂഖും സൗരവും. ഇവര്‍ ഒരുമിച്ചു ചേരുമ്പോഴോ? കാര്യങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.ക്രിക്കറ്റിനെ ഇങ്ങനെ മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് പരാതി ഉയരുന്നുണ്ട്. പക്ഷെ ഒരു കാര്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്ക്കുമൊത്ത് പരിണമിക്കാതെ ഒരു ഗെയ്മിനും നിലനില്‍പ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ട് വെച്ച കാല് ഇനി പിറകോട്ടെടുക്കാന്‍ കഴിയില്ല.
Subscribe to:
Post Comments (Atom)
1 comment:
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Flores Online, I hope you enjoy. The address is http://flores-on-line.blogspot.com. A hug.
Post a Comment