രാഹുല്‍ ദ്രാവിഡ് - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍. സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് നമ്മുടെ മറ്റുപല ക്രിക്കറ്റ് നക്ഷത്രങ്ങളേയും പോലെ വീരവാദങ്ങള്‍ക്കോ, വെല്ലുവിളികള്‍ക്കോ മുതിരാറില്ല. പ്രതിയോഗികളെ ബഹുമാനിക്കുകയും അവരുടെ ബഹുമാനം പിടിച്ചു വാങ്ങുകയും ചെയ്യുന്ന അടിമുടി മാന്യനായ സ്‌പോര്‍ട്‌സ്‌മാന്‍. രാഹുലിന്റെ മികവ് എന്തെന്ന് ഈ മഹാരാജ്യത്തെ ക്രിക്കറ്റ്‌ആരാധകര്‍ക്ക് നല്ല ബോധ്യവുമുണ്ട്. അങ്ങനെ ബോധ്യം വരാത്തവരുണ്ടെങ്കില്‍ രാഹുലിന്റെ കരിയര്‍ റെക്കോര്‍ഡുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ടെസ്‌റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും പതിനായിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്‌ത ലോകത്തെ തന്നെ മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ് രാഹുല്‍. ഈയൊരു എലൈറ്റ് ക്ലബ്ബില്‍ രാഹുലിനൊപ്പമുള്ള മറ്റുരണ്ടു പേര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും മാത്രമാണ്. ടെസ്റ്റ് മാച്ചുകളില്‍ സച്ചിനേക്കാള്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സുകള്‍ രാഹുല്‍ കളിച്ചിട്ടുണ്ടെന്നതും ടീമിന്റെ ആവശ്യം പരിഗണിച്ച് എഴുപതിലധികം ഏകദിന മാച്ചുകളില്‍ വിക്കറ്റ് കീപ്പറുടെ അധിക ഡ്യൂട്ടിചെയ്യാനും ഈ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സാമാന്‍ തയ്യാറായിട്ടുണ്ടെന്നും ഓര്‍ക്കണം. മധ്യനിരയിലെ ദൈവമെന്ന് വരെ രാഹുലിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ പറയുന്നത് എന്തിനാണെന്നാവും ? മാധ്യമങ്ങളിലൂടെയും അല്ലാതെയും രാഹുല്‍ അപമാനിക്കപ്പെടുന്നത് കാണുമ്പോള്‍ അതിനെക്കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ ടീമിന്റെ ഐക്കണ്‍ പ്ലെയറായാണ് രാഹുലിനെ ഉള്‍പ്പെടുത്തിയത്. രാഹുലിന്റെ കഴിവിലും ഒരു ബ്രാന്റ് അംബാസിഡറെന്ന നിലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിലും മതിപ്പുള്ളത് കൊണ്ടാവണം വിജയ് മല്യയെന്ന വ്യവസായ ഭീമന്‍ രാഹുലിന്റെ ടീമിനെ ഏറ്റെടുക്കാന്‍ കോടികള്‍ മുടക്കിയത്. മുന്തിയ തരം ബിയര്‍ ഉണ്ടാക്കാനും വര്‍ഷം തോറും സുന്ദരികളായ മോഡലുകളെ കൊണ്ടു വന്ന് സ്വിം സ്യൂട്ട് കലണ്ടറുകള്‍ ഇറക്കാനും കുറ്റമറ്റ രീതിയില്‍ വിമാന സര്‍വീസ് നടത്താനും വിരുതനായ മല്യ ക്രിക്കറ്റില്‍ നിന്നും നൂറ് മേനി കൊയ്യുമെന്ന് ന്യായമായും നമ്മള്‍ പ്രതീക്ഷിച്ചു. ഐ പി എല്ലിന്റെ ബാംഗ്ലൂരില്‍ നടന്ന പ്രൗഡ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങില്‍ നിറഞ്ഞു നിന്നത് മല്യാ മുതലാളിയായിരുന്നു. മുതലാളിയുടെ വലുപ്പം ക്രിക്കറ്റ് സംപ്രേഷണത്തിലൂടെ ലോകമറിഞ്ഞു. പക്ഷെ ഉദ്‌ഘാടന മാച്ചില്‍ മല്യയുടെ ടീം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബോളീവുഡ് രാജാവ് ഷാറൂഖ് ഖാന്റെ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റപ്പോള്‍ തന്നെ മല്യയുടെ മുഖം ഇരുണ്ടിരുന്നു. പിന്നീടങ്ങോട്ടും റോയല്‍ ടീമിന് തോല്‍വികള്‍ തന്നെയായിരുന്നു. അതിനിടെ മല്യയുണ്ടാക്കുന്ന ബിയറിന്റെ പേര് ടീമിന് നല്‍കുകയും. കളിക്കാരുടെ പുറത്തെല്ലാം ബിയറിന്റെ പേര് എഴുതി വെക്കുകയും ( കളിക്കാരുടെ ജഴ്‌സിയിന്‍ മേലുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് എന്നല്ല റോയല്‍ ചാലഞ്ച് എന്ന ബിയര്‍ നാമം തന്നെ) ചെയ്യുന്നത് നിയമലംഘനമാണെന്ന് കാണിച്ച് ഒരു വിരുതന്‍ കേസിനും പോയി. എല്ലാം ചേര്‍ന്ന മുതലാളിയെ ശുണ്‌ഠി പിടിപ്പിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. മുതലാളി പൊട്ടിത്തെറിക്കുക തന്നെ ചെയ്‌തു. ആദ്യം ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രശസ്‌ത കമന്റേറ്ററുമായ ചാരു ശര്‍മയെ ഫയര്‍ ചെയ്‌തു. ശര്‍മയുടെ പണി പോയപ്പോള്‍ ടീമിന്റെ പരിശീലകന്‍ വെങ്കിടേഷ് പ്രസാദിന് അതൊരു മുന്നറിയിപ്പാണെന്ന് മല്യ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടും അരിശം തീരാതെയാവണം മുതലാളി രാഹുല്‍ ദ്രാവിഡിനെ പരസ്യമായി ആക്ഷേപിച്ചു കൊണ്ട് രംഗത്ത് വന്നത്. ടീം തിരഞ്ഞെടുത്തത് ചാരു ശര്‍മയും രാഹുലും എല്ലാം ചേര്‍ന്നാണെന്നും തന്റെ നിര്‍ദേശങ്ങള്‍ അവര്‍ പരിഗണിച്ചില്ലെന്നും മല്യ തുറന്നടിച്ചു. കാശു മുടക്കി ഉണ്ടാക്കിയ ടീം തോല്‍ക്കുന്നതിലുള്ള ആധിയെന്ന നിലയില്‍ ഈ വാക്കുകള്‍ നമുക്കെടുക്കാം. പക്ഷെ അതിന് അനുബന്ധമായി പറഞ്ഞ ചില കാരണങ്ങള്‍ അതിരു കടന്നു പോയി. ഇത്ര കാലം ക്രിക്കറ്റ് കളിച്ച, ഇന്ത്യന്‍ ടീമിനെ നയിച്ച രാഹുല്‍ തിരഞ്ഞെടുത്തതിനേക്കാള്‍ നല്ല ടീമിനെ തനിക്ക് സെലക്‌റ്റ് ചെയ്യാനാവുമെന്നും അതിനുള്ള വിവരമൊക്ക ക്രിക്കറ്റില്‍ തനിക്കുണെടെന്നുമായിരുന്നു മുതലാളിയുടെ വിലയിരുത്തല്‍. അതിനര്‍ഥം ഇത്രയേയുള്ളൂ - രാഹുലിന് ക്രിക്കറ്റിനെ കുറിച്ച് വലിയ വിവരമൊന്നുമില്ല. ഞാനാണ് എന്തുകൊണ്ടും ഭേദം. മാന്യത കൊണ്ടാവണം രാഹുല്‍ ഈ കുറ്റപ്പെടുത്തലിനോട് അതിര് വിട്ട് പ്രതികരിച്ചില്ല. ടീം സെലക്ഷന്‍ നടത്തിയത് താനല്ലെന്ന ഒരു വിശദീകരണം മാത്രം മീഡിയക്ക് നല്‍കി. പ്രതിഫലമായി ലഭിക്കുന്ന വലിയ തുക നഷ്ടമാവുമെന്ന ഭയം കാരണമാണ് രാഹുല്‍ പ്രതികരിക്കാത്തതെന്ന് വാദിക്കുന്നവരുണ്ടാവാം. അതിന് അടിസ്ഥാനമില്ല. കരാറിലെത്തി കഴിഞ്ഞ സാഹചര്യത്തില്‍ രാഹുലിന് പ്രതിഫലം നല്‍കാതെ പിന്‍മാറാന്‍ മല്യക്ക് കഴിയില്ല. കൈവന്ന സ്ഥാനങ്ങളും അധികാരങ്ങളും വിട്ടുകളയാന്‍ മടിയുള്ള ആളുമല്ല ദ്രാവിഡ്. ഡ്രസ്സിങ് റൂമില്‍ കയറി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചില ഭാരവാഹികളും ക്യാപ്‌റ്റന്റെ ചുമതലകളില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനം രാജിവെച്ച ചരിത്രമുണ്ട് രാഹുലിന്. ആ ഒരു പക വെച്ചാണ് പിന്നീട് രാഹുലിനെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നത് ഇന്ത്യന്‍ ക്രിക്കറ്രിലെ അരമന രഹസ്യമാണ്. അപ്പോഴും സൗരവ് ഗാംഗുലിയും മറ്റും ചെയ്‌തത് പോലെ തന്നെ തഴഞ്ഞതിനെ കുറിച്ച പരസ്യ പ്രസ്‌താവനയിറക്കാനും രാഹുല്‍ മുതിര്‍ന്നിട്ടില്ല.അങ്ങനെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാന്യതയുടെ പ്രതീകമായ, ഐതിഹാസികമായ നേട്ടങ്ങള്‍ കുറിച്ച ഒരു ക്രിക്കറ്ററെയാണ് മല്യ മുതലാളി പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുന്നത്. സ്‌തയത്തില്‍ ഈ സമയത്ത് പരസ്യമായി രംഗത്ത് വരേണ്ടത് ഐ പി എല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും എല്ലാം അധിപന്‍മാരായ ബി സി സി ഐ ആയിരുന്നു. അങ്ങനെയുണ്ടാവുമെന്ന് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഈ സംഭവങ്ങളുടെ സാരാംശം ഇത്രയുമാണ്. മാന്യതയുടെ കളിയെന്ന് വിശേഷിപ്പിച്ചിരുന്ന ക്രിക്കറ്റില്‍ അതിന് ഒരു സ്ഥാനവും ഇല്ലെന്ന് വന്നിരിക്കുന്നു. കരണത്തടിക്കുന്നവര്‍ക്കും കുതികാല്‍ വെട്ടുന്നവര്‍ക്കുമാണ് ഇവിടെ മാര്‍ക്കറ്റ്.അതിനിടെയിതാ ഐ പി എല്ലിലെ " മുതലാളി- തൊഴിലാളി ബന്ധം " വഴളായി വരുന്നുവെന്നതിന് മറ്റൊരു തെളിവുകൂടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുതലാളി കിങ് ഖാനും തൊഴിലാളി ദാദ സൗരവും പരസ്‌പരം കൊമ്പു കോര്‍ത്തു തുടങ്ങിയിരിക്കുന്നു. രാഹുലിനെ പോലല്ല ദാദ. കടിച്ചാല്‍ തിരിച്ചുകടിക്കും. ഖാനും മുറിവേറ്റെന്നിരിക്കും.ഈ മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തുചെയ്യും ? പരിഹാരം ഒന്നേയുള്ളൂ- സര്‍വരാജ്യ ക്രിക്കറ്റ് തൊഴിലാളികളെ സംഘടിക്കുവി ന്‍..........
Subscribe to:
Post Comments (Atom)
1 comment:
കൈ പൊള്ളിയ വിജയ്മല്യ
ബിസിനസ്സിന്‍റെ ഉന്നതങ്ങള്‍ താണ്ടിയ വ്യക്തി ബിസിനസ്സിനു പുറമേ കാറോട്ട മത്സരത്തിലും കുതിരപ്പന്തയത്തിലും ഇപ്പോള്‍ ലോകത്താദ്യമായി തുടങ്ങിയ റ്റൊന്‍റി-റ്റൊന്‍റി ഐ പി എല്‍ ക്രിക്കറ്റിലും കൈ വെച്ചെങ്കിലും ആദ്യമായി കൈ പൊള്ളിയതിലദ്ദേഹം പ്രതികരിക്കുകയും കൂടി ചെയ്തിരിക്കുന്നു
ഇരുപതേ ഇരുപത് വയസ്സന്മാരുടെ കളിയല്ല, പൂര്‍ണ്ണമായും യുവാക്കളുടേതെന്ന അവകാശ വാദം മാത്രമല്ല യുവാക്കള്‍ക്കു മാത്രം കളിക്കാന്‍ പറ്റുന്ന കളി എന്നു വേണമെങ്കില്‍ പറയാം പക്ഷെ അതില്‍ ലോകം കണ്ട വലിയൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്‍റെ നേതൃത്തിലുള്ള ടീമിന്‍റെ ഉടമസ്ഥവകാശമാണ്‍ ഈ ബിസിനസ്സ് ഭീമനുള്ളത്। ഐ പി എല്ലിലെ ടെസ്റ്റ് റ്റീം എന്ന് വിളിക്കാവുന്ന ദ്രാവിഡിന്‍റെ നേതൃത്തത്തിലുള്ള ടിം തുടര്‍ച്ചയായി പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനിടെയാണ്‍ സാമ്പത്തിക തകര്‍ച്ച എന്നതിനേക്കാള്‍ അഭിമാനത്തിന്‍റെ ഉലച്ചിലായി കരുതി അദ്ദേഹം പരസ്യമായി രംഗത്തു വന്നതും, അദ്ദേഹത്തിന്‍ പരസ്യമായി പ്രതികരിക്കാനും റ്റീമിനു നിയന്ത്രണ നിര്‍ദേശങ്ങള്‍ നല്‍കുവാനുള്ള അവകാശം ഉണ്ടെന്ന് ക്യാപ്റ്റന്‍ ദ്രവിഡ് അഭിപ്രായപ്പെട്ടതും।
ഐക്കണ്‍ താരങ്ങളുടേയും വലിയ തുകകള്‍ക്ക് ലേലം വിളിച്ചെടുത്ത വമ്പന്‍ താരങ്ങളുടേയും പരിതാപകരമായ പ്രകടനം പൊതുവെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടേയാണ്‍ ഒരു ആരംഭം എന്ന നിലയില്‍ വിജയ്മല്യ പ്രതികരിച്ചിരിക്കുന്നത്.
ടെണ്ടുല്‍ക്കര്‍ക്ക് ഇതു വരെ പരിക്കുകളില്‍ നിന്നെ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് കളിക്കാനും കഴിഞ്ഞിട്ടില്ല, ഹര്‍ബജന്‍ സംഗിന്‍ കളിയില്‍ നിന്ന് അടിക്കേസിലൂടെ വിലക്ക്, പുടമേ വിദേശ താരങ്ങളില്‍ അധികപേരും അവരുടെ സ്വകാര്യ കാര്യങ്ങള്‍ക്കായും മാതൃടീമിനു വേണ്ടിയും ഇടവേളകളിലുമാണ് ഒരു പക്ഷെ ഡെക്കാന്‍ ചാര്‍ജേഴ്സിനെപ്പോലുള്ള ടീമിന്‍റെ ഉടമസ്ഥര്‍ ഇതിനേക്കാല്‍ മോശമായി അല്ലെങ്കില്‍ ഹൃദയം പൊട്ടി പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരിക്കണം, ഉടനെ അതൊക്കെ പ്രതീക്ഷിക്കാം
ടീമിന്‍റെ മോശം പ്രകടനത്തില്‍ മനം നൊന്ത് ചാരു ശര്‍മ്മയെ അദ്ദേഹം പുറത്താക്കിക്കഴിഞ്ഞു। ടീമിന്‍റെ രൂപീകരണത്തിന്‍ ചാരു ശര്‍മ്മക്കും ദ്രാവിഡിനും പൂര്‍ണ്ണ അധികാരമാണ്‍ താന്‍ നല്‍കിയിരുന്നതെന്നും എന്നാല്‍ തനിക്ക് താല്‍ പര്യമുള്ള പല കളിക്കാരേയും ഇവര്‍ ലാസ്റ്റ് ഇലവനിലേക്ക് തിരഞ്ഞെടുത്തില്ലെന്നും മല്യക്ക് പരാതിയുണ്ട്, ലേലം വിളി മുതല്‍ ഇവര്‍ തന്‍റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങു തടിയായിരുന്നെന്നും അദ്ധേഹം വെളിപ്പെടുത്തി വിജയ് മല്യയുടെ പരാതിക്ക് സാധുത നല്‍കുന്നതാണ്‍ പല പ്രകടനങ്ങളും, റസാഖിനെപ്പോലുള്ള റ്റൊന്‍റി-റ്റൊന്‍റി ടീമിനു അനുസരിച്ച കളിക്കാര്‍ക്ക് കൊടുത്ത പ്രാധാന്യം കളി കാണുന്നാവര്‍ക്കും ചില സംശയങ്ങള്‍ ജനിപ്പിക്കാതിരുന്നില്ല.
കോടിക്കണക്കിനു ഡോളര്‍ ഒഴുകിയ ഐ പി എല്‍ വന്‍ വിജയമെന്ന് ടൂര്‍ണ്ണമെന്‍റെ തുടങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കുക കൂടി ചെയ്തീട്ടുള്ള ഈ മഹാമഹം പരാജയങ്ങളുടെ കഥ കൂടി പറഞ്ഞേക്കും। സംസ്ക്കരത്തിനു യോജിക്കാത്ത വിധമുള്ളതും പണത്തിന്‍റെ അതിപ്രസരവും മുന്‍പ് പലവിധ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുള്ള ഐ പി എലിന്‍ ഇപ്പോഴിതാ കളിക്കാരുടെ പരാജയം ടീമെന്ന നിലക്കുള്ള ഒത്തൊരുമയില്ലയ്മ പിന്നെ നഷ്ടങ്ങളുടെ കൂപ്പുകുത്തലു
പ്രമുഖ അന്തര്‍ദേശീയ അമ്പയറായ ദണ്ഡ്പാണി അഭിപ്രായപ്പെട്ടതിപ്രകാരമാണ്‍ 'ഐ പി എല്‍ ക്രിക്കറ്റ് ഒരു കായിക ഇനം മാത്രമല്ല ഇപ്പോള്‍, അതൊരു ബിസിനസ്സ് കൂടിയാണ് അതെ ബിസിനസ്സ് ആകുമ്പോള്‍ വിജയങ്ങള്‍ മാത്രമല്ലല്ലോ പരാജയങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്ന് വിജയ് മല്യയെ ആരും ബിസിനസ്സിലെ കളിപഠിപ്പിക്കേണ്ടതാണെന്ന് തോന്നുന്നില്ലെങ്കിലും കളി അല്‍പം കാര്യമായ പോലെയാണ്‍ കാര്യങ്ങളുടെ പോക്ക്। ഇത് മൊത്തം ഐ പി എലിന്‍റെതു മാത്രമല്ല ഇന്ത്യയിലെ ഐ പി എലിനെ അനുകരിക്കാന്‍ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് പാഠമാകേണ്ടതുണ്ട്.
ഇതൊക്കെയാണ്‍ മൊത്തം സ്ഥിതിയെങ്കിലും വിജയങ്ങളുടെ പരമ്പരയുമായി മുന്നേറുന്നവര്‍ക്കും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും നന്നായി കളിക്കുന്ന യുവ താരങ്ങള്‍ക്കും ക്രിക്കറ്റിനു മൊത്തയും ഇതൊരു പുതിയ മേഖല തന്നെയാണ്, പുത്തനുണര്‍വ്വു തന്നെയാണ്. അതു കൊണ്ടു തന്നെ ഐ പി എല്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Post a Comment