വീരേന്ദര്‍ സെവാഗിനെ, ആദ്യമായി കാണുന്നത് പത്ത് വര്‍ഷം മുമ്പാണ്. അന്ന് വീരു ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടേയുള്ളൂ. ഡല്‍ഹിയിലെ നജഫ്ഗഢിലെ വീട്ടില്‍ ഫീച്ചര്‍ ചെയ്യാന്‍ പോയതായിരുന്നു അന്ന്. ചോദ്യങ്ങള്‍ക്ക് മടിച്ച് മടിച്ച് ഭോജ്പൂരി ഹിന്ദിയില്‍ മറുപടി നല്‍കിയിരുന്ന വീരു ഇന്ന് പക്ഷെ, ഏറെ മാറിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് ശേഷം ഉദയം കൊണ്ട ലജന്റ് എന്നൊരു വിശേഷണത്തിലേക്ക് വീരു വളര്‍ന്നു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി വീരു സ്കോര്‍ ചെയ്തു. വീരുവിന് മുമ്പ് രണ്ട് ടെസ്റ്റ് ട്രിപ്പിള്‍ സ്കോര്‍ ചെയ്തവര്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും ബ്രയാന്‍ ലാറയും മാത്രം. ഇനിയും ാെരു ട്രിപ്പിള്‍ സെഞ്ച്വറി വീരുവിന്റെ ബാറ്റില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിറക്കാമെന്ന പ്രതീക്ഷ നമ്മളില്‍ ജനിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് ട്രിപ്പിളുകള്‍ക്ക് പുറമെ മൂന്ന് ഡബ്ള്‍ സെഞ്ച്വറികള്‍, 69 ടെസ്റ്റുകളില്‍ നിന്ന് 15 സെഞ്ച്വറിയും 18 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5757 റണ്‍സ്. 205 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ച്വറിയും 35 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 6592 റണ്‍സ്. 30കാരനായ സെവാഗിന് മുന്നില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ സെഞ്ച്വറികളോ റണ്‍സോ അല്ല സത്യത്തില്‍ വീരുവിനെ വേറിട്ടു നിര്‍ത്തുന്നത്. ഈ റണ്ണുകള്‍ അടിച്ചെടുത്ത ശൈലിയാണ്. ടെസ്റ്റില്‍ 78.72 ഉം ഏകദിനത്തില്‍ 101.85ഉം ആണ് വീരുവിന്റെ സ്ട്രൈക്ക് റേറ്റ്. ഇങ്ങനെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തികൊണ്ട് ബാറ്റ് ചെയ്യുന്ന ഒരു ഹാര്‍ഡ് ഹിറ്റര്‍ ഒരു ദശകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി നില്ക്കുന്നുവെന്നതും ട്രിപ്പിളുകളും ഡബ്ളും ഉള്‍പ്പെടെയുള്ള മാരത്തോണ്‍ ഇന്നിങ്സുകള്‍ കളിക്കുന്നുവെന്നതും ഏറെക്കുറെ അവിശ്വസനീയമാണ്. ഇങ്ങനെയുള്ള ഒരുപാട് അവിശ്വസനീയതകളും ആശ്ചര്യങ്ങളുമാണ് ഈ അഭിമുഖത്തിലുടനീളം ചോദ്യങ്ങള്‍ ആയി ഉന്നയിച്ചത്. പക്ഷെ തന്റെ ബാറ്റിങ്ങില്‍ അങ്ങനെ അതിശയിപ്പിക്കതക്കതായി ഒന്നുമില്ലെന്നും ബാറ്റിങ്ങിനോടും ജീവിതത്തോടുമുള്ള തന്റെ സമീപനവും ഉള്‍ക്കാഴ്ചളും തികച്ചും ലളിതമാണെന്നും തനിക്കു മാത്രം സാധ്യമായ ലാഘവത്തോടെ വീരു സമര്‍ത്ഥിക്കുന്നു . അഭിമുഖത്തിലേക്ക്...ബാറ്റിങ് എന്നാല്‍ക്രിക്കറ്റില്‍ നിര്‍വചിക്കപ്പെട്ട ഷോട്ടുകളെ സ്വന്തമായൊരു ശൈലിയില്‍ കളിക്കുക വഴി ബാറ്റിങ്ങിനെ പുനര്‍നിര്‍വചിക്കുകയായിരുന്നു വീരു. താങ്കള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കാലത്ത് ` ബാറ്റ് ചെയ്യുമ്പോള്‍ വീരുവിന്റെ കാലുകള്‍ ചലിക്കുന്നില്ല, ഇങ്ങനെയല്ല ആ ഷോട്ട് കളിക്കേണ്ടത് ` എന്നെല്ലാം കമന്റേറ്റര്‍മാര്‍ താങ്കളുടെ ബാറ്റിങ് ടെക്നിക്കുകളെ കുറിച്ച് പരാതിപ്പെടുന്നത് കേള്‍ക്കാമായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും വര്‍ഷങ്ങള്‍ അതിജീവിച്ചു. ഇത്രയധികം റണ്‍സും സെഞ്ച്വറിയും സ്കോര്‍ ചെയ്തു. എന്തു തോന്നുന്നു ?= നിങ്ങല്‍ പറയുന്ന ടെക്നിക്കുകളിലും മറ്റും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ മനക്കരുത്തുള്ളവനാണെങ്കില്‍, സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവനാണെങ്കില്‍, നിങ്ങള്‍ക്ക് പ്രതിഭയുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിജീവിക്കാനാവും. ഞാന്‍ ആഭ്യന്തരക്രിക്കറ്റില്‍ തുടക്കത്തിലേ മികച്ച പ്രകടനം നടത്തികൊണ്ടിരുന്നു. പക്ഷെ ഈയൊരു കളി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പറിച്ചു നടുകയെന്നത് വളരെ ദുഷ്ക്കരമായിരുന്നു. 99 ഏപ്രിലില്‍ പാകിസ്താനെതിരെ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഞാന്‍ ടീമില്‍ നിന്ന് പുറത്തായി. ആ സമയത്ത് ടീമില്‍ തിരിച്ചെത്താന്‍ അതികഠിനമായി അധ്വാനിച്ചു. ബാറ്റിങ് ഓഡറില്‍ മുന്നോട്ട് കയറി ബാറ്റ്ചെയ്യാന്‍ പഠിച്ചു. ദീര്‍ഘനേരം ബൗളിങ് മെഷിനില്‍ നിന്ന് തിളങ്ങുന്ന പുതിയ പന്ത് അതിവേഗത്തില്‍ കളിച്ചുശീലിച്ചു. പന്തിന്റെ സ്വിങ്ങിനെതിരെ കളിക്കാനും പ്രത്യേകം പരിശീലനം ഉണ്ടായിരുന്നു. അതിന് ശേഷം ഓസ്ട്രേലിയക്കെതിരെ കളിച്ച മാച്ചില്‍ ഞാന്‍ ഒരു ഫിഫ്റ്റി സ്കോര്‍ ചെയ്തു. മൂന്നു വിക്കറ്റും കിട്ടി. ആ മല്‍സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ഠാനായിരുന്നു. അത് എനിക്ക് കിട്ടിയ ആത്മവിശ്വാസം ഏറെ വലുതാണ്. പിനിനീട് അതില്‍ പിടിച്ചുകയറി. എല്ലാവരും പറഞ്ഞ കാര്യമാണ്, ക്രിക്കറ്റില്‍ ആയാലും ജീവിതത്തിലായാലും വിജയത്തിലേക്ക് കുറുക്കു വഴികളില്ല. കഠിനാധ്വാനം വേണം. എല്ലാ മാച്ചിലും ഇത്ര അഗ്രസ്സീവായ കളിക്കുമ്പോള്‍ ഭയം തോന്നില്ലേ, ഇങ്ങനെ അടിച്ചു തകര്‍ക്കുമ്പോള്‍ വീരുവിനെ പുറത്താക്കാന്‍ ബൗളര്‍ക്ക് കൂടുതല്‍ അവസരം കിട്ടില്ലേ ?= ഈ ആക്രമണോല്സുകത എന്റെ കരുത്താണ്. എന്റെ കരുത്തില്‍ ഊന്നി ഒരു ബൗളര്‍ എന്നെ പുറത്താക്കുന്നുവെങ്കില്‍ അതായുളുടെ മിടുക്ക്. അത്തരം ബൗളര്‍മാരോട് ഒന്നേ പറയാനുള്ളൂ ` ഗുഡ് ലക്ക് ` എന്റെ ഇഷ്ട ഷോട്ടുകള്‍ കളിച്ച് ഒട്ടേറെ റണ്‍സ് ഞാന്‍ നേടി. ഏതെങ്കിലും ഒരു ബൗളര്‍ ഏതെങ്കിലും മാച്ചില്‍ എന്റെ പ്രിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമത്തിനിടെ പുറത്താക്കുന്നുെവെങ്കില്‍ അത് സ്വാഭാവികമാണ്. അങ്ങനെ പേടിക്കാനൊന്നുമില്ല. സ്വന്തം ബാറ്റിങ് വിലയിരുത്തി നോക്കിയിട്ടുണ്ടോ, എന്താണ് വലിയ കരുത്ത് ?= എന്റെ ഗെയിം എനിക്ക് നന്നായി അറിയാം. ഞാന്‍ ടെക്നിക്ക് മെച്ചപ്പെടുത്താന്‍ ശ്രമിക്കാറില്ല. മറിച്ച് എന്റെ മാനസികാവസ്ഥ, മനോഭാവം മെച്ചപ്പെടുത്താനേ ശ്രമിക്കാറുള്ളൂ. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റ്സ്മാന്റെ മനോഭാവത്തിന് ഏറെ പ്രാധാന്യമുണ്ട് . കഴിഞ്ഞ എട്ടു-പത്തു വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നു. എന്റെ കരുത്തും ദൗര്‍ബല്യങ്ങളും ഏറ്റവും വ്യക്തമായി അറിയുന്ന വ്യക്തി ഞാന്‍ തന്നെയാണ്. എന്റെ തിയറി വളരെ ലളിതമാണ്. ലെല വേല യമഹഹ മിറ ുഹമ്യ വേല യമഹഹ.( പന്ത് നിരീക്ഷിക്കുക, കളിക്കുക). അടിക്കേണ്ട പന്താണെന്ന് കണ്ടാല്‍ പിന്നെ അതേ കുറിച്ച് കൂടുതല്‍ ആലോചിക്കാറില്ല. ഞാന്‍ അടിച്ചിരിക്കും. ുീശെശേ്ലില ൈമിറ മഴൃലശൈ്ലില ൈ( ക്രിയാത്മകതയും ആക്രമണോല്സുകതയും) ആണ് എന്റെ ബാറ്റിങ്ങിന് ആധാരം. ആദ്യ പന്തു തൊട്ടേ ഷോട്ടുകള്‍ കളിച്ചാല്‍, റണ്ണടിച്ചാല്‍ ബൗളര്‍ സമര്‍ദ്ധത്തിലാവും. തുടക്കത്തിലേ റണ്‍സ് വിട്ടുകൊടുക്കേണ്ടി വരുമ്പോള്‍ ഏത് ബൗളറും പ്രതിരോധത്തലാവും. വിക്കറ്റെടുക്കാനാവില്ല, പരമാവധി റണ്‍ വിട്ടു കൊടുക്കാതിരിക്കാനാവും പിന്നെ അയാള്‍ ശ്രമിക്കുക. അത് നമ്മള്‍ക്ക് മുതലെടുക്കാം. ഒമിറല്യല രീ ീൃറശിമശേീി യമെോമി(കണ്ണെത്തുന്നിടത്ത് കൈയ്യെത്തിക്കുന്നതില്‍ മിടുക്കനായ ബാറ്റ്സ്മാന്) ആയി സെവാഗിനെ പലരും വിലയിരുത്തുന്നു. ഇതെത്രത്തോളം ശരിയാണ് ? =ശരിയാണ് ആ ഗുണം എനിക്ക് നൈസര്‍ഗികമായി ലഭിച്ചതാണ്. പക്ഷെ അതെങ്ങെനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്കറിയില്ല. പറഞ്ഞുവല്ലോ, ഞാന്‍ ചെയ്യുന്നത് ഇത്രമാത്രം പന്ത് നിരീക്ഷിച്ച് അത് അര്‍ഹിക്കുന്ന ട്രീറ്റ്മെന്റ് നല്കുന്നു. സച്ചിന് ഇഫക്റ്റ്വീരുവിനെ ആളുകള്‍ സച്ചിനുമായി പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. സത്യത്തില്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ? = ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ കാരണം സച്ചിന് ആണ് . കുഞ്ഞു നാളിലേ സച്ചിന്റെ കളി ടെലിവിഷനില്‍ കാണാറുണ്ടായിരുന്നു. സച്ചിന് അന്നേ വലിയ ആവേശവും ക്രിക്കറ്റ് കളിക്കാനുള്ള പ്രചോദനവുമാണ്. കളിക്കാന്‍ തുടങ്ങിയപ്പോള്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചു. സച്ചിന് ഉപയോഗിക്കുന്ന രീതിയിലുള്ള പാഡും ഹെല്‍മറ്റുമെല്ലാം ധരിച്ച് ഗ്രൗണ്ടിലിറങ്ങി. അപ്പോള്‍ ആളുകള്‍ പറഞ്ഞു. `സെവാഗ് സച്ചിനെ പോലാണ്` എന്നെ കാണാന്‍ സച്ചിനെ പോലെയുണ്ടാവാം. പക്ഷെ സച്ചിനെ പോലെ കളിച്ചിട്ടില്ല. അതിന് ശ്രമിച്ചു. കഴിഞ്ഞില്ല. അത് അസാധ്യമാണ്. എന്നാല്‍ സച്ചിന് പറഞ്ഞു, `സെവാഗിന്റെ ശൈലി എന്റേതിന് വളരെ അടുത്ത് നില്ക്കുന്നു` എന്ന് . എനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ആ വാക്കുകള്‍. സെവാഗിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്റെ ഒരു വെടിക്കെട്ട് സെഞ്ച്വറിയുണ്ടായിരുന്നു. അന്ന് സച്ചിനൊപ്പം സെവാഗ് ഒരു ഡെബ്ള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. സച്ചിന് കളിച്ച പോലത്തെ ഷോട്ടുകള്‍, അപ്പര്‍ കട്ടുകള്‍ ഉള്‍പ്പെടെ കളിച്ച് സെവാഗും സെഞ്ച്വറിയടിച്ചു. സച്ചിന്റെ പ്രതിബിംബം പോലെയായിരുന്നുവല്ലോ അത് ?= നല്ല വാക്കുകള്‍ക്ക് നന്ദി. (ചിരിക്കുന്നു, മനസ്സ് നിറഞ്ഞ് ഒരു സെവാഗിയന്‍ ചിരി ) ആ അരങ്ങേറ്റ ഇന്നിങ്സ് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ബ്ലോംഫൗണ്ടെയിനിലെ ഗുഡ് ഇയര്‍ പാര്‍ക്കിലായിരുന്നു അത്. നല്ല ബൗണ്‍സുള്ള വിക്കറ്റായിരുന്നു അത്. ഞാന്‍ ക്രീസിലെത്തിയപ്പോള്‍ സച്ചിന് പറഞ്ഞു. ` ബൗണ്‍സി വിക്കറ്റാണ്. നിനക്കെതിരെ ഷോട്ട് ബോളുകളും ബൗണ്‍സറുകളും അവര്‍ എറിയും. അപ്പര്‍കട്ടുകള്‍ കലിച്ചാല്‍ റണ്‍സ് കിട്ടു. ഞാനങ്ങനെ ചെയ്തു. രണ്ടു ബൗണ്ടറി കിട്ടി. അത് നല്ല തുടക്കമായി. സച്ചിന് നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലുള്ളത് വലിയ കാര്യമാണ്. ഓരോ സാഹചര്യവും എങ്ങിനെ കൈകാര്യം ചെയ്യമമെന്ന് പറഞ്ഞുതരും. എങ്ങനെയാണ് കളിക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി തരും. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു. സച്ചിനൊപ്പം ഇന്ത്യക്ക് കളിക്കുക. അദ്ദേഹത്തോടൊപ്പം വലിയ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കുക, അദ്ദേഹത്തെ പോലെ സെഞ്ച്വറിയടിക്കുക. അതൊക്കെ പറഞ്ഞു മനസ്സിലാക്കിത്തരിക ഏറെ ബുദ്ധിമുട്ടാണ്, സുഹൃത്തേ... സച്ചിന്റെ സാന്നിധ്യം, ഉപദേശം ആ അരങ്ങേറ്റ ഇന്നിങ്സില്‍ എനിക്ക് താങ്ങും തണലുമായി. അദ്ദേഹം കാരണമാണ് അത് സാധ്യമായത്. പ്രതിയോഗിഅന്താരാഷ്ട്ര ക്രിക്കറ്റില്‍ വീരുവിനെ ഏറ്റവും വിഷമിപ്പിച്ച ബൗളര്‍ ആരാണ് ?= വെല്ലുവിളി ഉയര്‍ത്തുന്ന കുറേ ബൗളര്‍ ഉണ്ട്് . ബ്രെറ്റ് ലീ, ഷോയിബ് അക്തര്‍ അങ്ങനെ ചിലര്‍. എന്നാല്‍ മുത്തയ്യ മുരളീധരന്റെ ക്ലാസ് ാെന്നു വേറെയാണ്. ഞാന്‍ ഫോമില്‍ നില്ക്കുമ്പോള് മറ്റേത് ബൗളറെയും വിഷമിക്കാതെ കൈകാര്യം ചെയ്യും. എന്നാല്‍ മുരളിയെ ഏത് വിക്കറ്റിലായാലും ഞാന്‍ ഫോമിലാണെങ്കിലും അല്ലെങ്കിലും നേരിടുക വളരെ ബുദ്ധിമുട്ടാണ്. മുരളിയാണ് ഇന്ന് ബാറ്റ്സ്മാന്മാരുടെ മുന്നിലുള്ള വലിയ വെല്ലുവിളി. പ്ലാനിങ്കരിയറില്‍ മോശം സമയം ഉണ്ടാവുമ്പോള്‍ അതിനെ എങ്ങിനെ തരണം ചെയ്യും ?= ബാറ്റിങ്ങിനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ ബാറ്റിങ് പരിശീലനത്തിനായി ചെലവഴിക്കും. കാരണം എത്രയധികം നിങ്ങള്‍ ബാറ്റ് ചെയ്യുന്നുവോ, അത്രയും വേഗത്തില്‍ നിങ്ങള്‍ക്ക് ഫോമില്‍ തിരിച്ചെത്താന്‍ പറ്റും. അതാണ് അതിന്റെ തമാശ. മോശം സമയം വരുമ്പോള്‍ നമ്മുടെ കഴിവിനെ കുറിച്ച് നമുക്ക് തന്നെ സംശയം തോന്നും. അതിനെ അതിജീവിക്കുക എന്നതാണ് വലിയ വെല്ലുവിളി. മോശം ഫോമിലാവുമ്പോള്‍ നമ്മള് അതേ കുറിച്ച് കൂടുതല്‍ ചിന്തിക്കും. സ്വയം ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുകയേയുള്ളൂ. അതുകൊണ്ട് അതിനെ കുറിച്ച് അധികം ചിന്തിക്കാതിരിക്കാന്‍ ശ്രമിക്കും. പക്ഷെ എല്ലായ്പ്പോഴും അതിന് കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ കുറേ മെഡിറ്റേഷന്‍ ചെയ്യും. എന്നിട്ട് എന്റെ സമയത്തിനായി കാത്തിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കുക എന്നത് വലിയ ശാരീരിക ക്ഷമത ആവശ്യമായ ദൗത്യമാണ്. ഫിറ്റ്നസ് നിലനിര്‍ത്താന്‍ സെവാഗിന്റെ പദ്ധതിയെങ്ങിനെയാണ് ?= മാച്ചുകളില്‍ കളിക്കുക എന്നത് തന്നെ കഠിനാധാവനമാണ്. ആ സമയത്ത് ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രം അര മണിക്കൂറോ മറ്റോ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യും . എന്നാല്‍ ഓഫ് സീസണില്‍ അത് പോരാ. മൂന്ന് നാലാ മണിക്കൂര്‍ ജിമ്മില്‍ ചിലവഴിക്കേണ്ടതുണ്ട്. നിരന്തര യാത്രകളാണെങ്കിലും അതിന് സമയം കണ്ടെത്തും. 40-45 മിനുറ്റ് കാര്‍ഡി എക്സര്‍സൈസ്, പിന്നെ വെയിറ്റ് ട്രെയ്നിങ്, സ്റ്റെബിലിറ്റി എക്സര്‍സൈസ്. എല്ലാം ചെയ്യും. ബൗളര്‍ വീരുടെസ്റ്റില്‍ 27, ഏകദിനത്തില്‍ 87 വിക്കറ്റ് ഒരു ടെസ്റ്റ് ഇന്നിങ്സില്‍ അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. നല്ലൊരു ഓഫ് സ്പിന്നറാണ് വീരു. ഒരു ഓള്‍റൗണ്ടറെന്ന് വിലയിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നുവോ ?= അയ്യോ, ഇല്ല. അത്യാവശ്യം ബൗള്‍ചെയ്യാനറിയുന്ന ഒരു നല്ല ബാറ്റ്സ്മാനാണ് സെവാഗ്. അല്ലാതെ ഓള്‍റൗണ്ടറല്ല. ഓള്‍റൗണ്ടറുടേത് കഠിനമായൊരു റോള്‍ ആണ്. ഞാന്‍ ഒരു പാര്‍ട്ട്ടൈം ബൗളരുടെ റോളിലാണ്. ടെസ്റ്റായാലും ഏകദിനമായാലും ടി-20 ആയാലും ടീമിന്റെ ആവശ്യാനുസരണം ഒന്നോ രണ്ടോ ഓവര്‍ ബൗള്‍ ചെയ്യും. ഒത്താല്‍ രണ്ടു വിക്കറ്റ്. അത് കിട്ടിയാല്‍ സന്തോഷമായി. ബൗളിങ് മെച്ചപ്പെടുത്താന്‍ ശ്രമിക്കാറില്ലേ ?= നെറ്റ്സില്‍ കുറച്ച് സമയം ബൗള്‍ ചെയ്യും. റഗുലര്‍ ബൗളര്‍ അല്ലാത്തത് കൊണ്ട് വലിയ പരീക്ഷണങ്ങള്‍ ഒന്നും നടത്താറില്ല. മാച്ചില്‍ ശരിയായ സ്ഥലത്ത് ബൗള്‍ചെയ്ത് ബാറ്റ്സ്മാന് തെറ്റ് വരുത്താന്‍ കാത്തിരിക്കും. നിരീക്ഷണങ്ങള്‍, സമീപനങ്ങള്‍ഒട്ടേറെ ക്യാപ്റ്റന്മാരുടെ കീഴില്‍ വീരു കളിച്ചു. സൗരവ്, രാഹുല്‍, അനില്‍, ധോനി... അവരെ എങ്ങിനെ വിലയിരുത്തുന്നു?= സൗരവാണ് ഏറ്റവും മികച്ച ക്യാപ്റ്റന്‍. രാഹുലും ആ ജോലി നന്നായി നിര്‍വഹിച്ചു. കളിക്കാരുമായുള്ള ആശയ വിനിമയത്തിലും ടീമിനെ മാനേജ് ചെയ്യുന്നതിലും അനില്‍ ഭായ് ഏറെ മികവു കാട്ടി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഗ്രൗണ്ടില്‍ വലിയ റിസല്‍ട്ട് ഉണ്ടാക്കാനായില്ല. ഗ്രൗണ്ടിന് പുരത്ത് ഏറ്റവും മികച്ച ക്യാപ്റ്റനാണ് അനില്ഭായ്. ഒരു പക്ഷെ മഹി ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനായ മാറിയേക്കാം.സാധാരണ ഹാര്‍ഡ്ഹിറ്റര്‍മാര്‍ക്ക് ദീര്‍ഘമായ ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിയാറില്ല. അഫ്രിഡുയും ഗെയ്ലും ശ്രീകാന്തുമെല്ലാം ഉദാഹരണങ്ങള്‍. പക്ഷെ വീരു ട്രിപ്പിളുകളും ഡബ്ളുകളും സ്കോര്‍ ചെയ്യുന്നു. എങ്ങിനെയാണ് ഇത്ര ദീര്‍ഘമായ ഇന്നിങ്സുകള്‍ കളിക്കാനുള്ള ഏകാഗ്രത നിലനിര്‍ത്തുന്നത്?= നേരിടാന്‍ പോവുന്ന ബോളിനെ കുറിച്ച് മാത്രം ചിന്തിച്ച് കളിക്കുക എന്നതാണ് എന്റെ ശൈലി. മറിച്ച് ദീര്‍ഘമായ ഇന്നിങ്സുകള്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. ഓരോ ബോളും എങ്ങിനെ നേരിടാം, അതിജീവിക്കാം എന്നു ചിന്തിച്ച്, ആ പന്തില്‍ മാത്രം ശ്രദ്ധിച്ച് കളിക്കുമ്പോള്‍, നീണ്ട ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിയുമെന്നാണ് എന്റെ അനുഭവം. സ്വഞ്ച്വറിയും ഡബ്ള്‍ സെഞ്ച്വറിയും അടുക്കുമ്പോള്‍ മിക്ക ബാറ്റ്സ്മാന്മാരും സമര്‍ദ്ധത്തിന് അടിപ്പെടുന്നതായി കാണുന്നു. പക്ഷെ വീരു ടെസ്റ്റില്‍ തന്റെ ാദ്യ ട്രിപ്പിള്‍ തികച്ചത് ഒരു സിക്സറോടെയായിരുന്നു. എന്താണ് ഈ വ്യത്യസ്ഥതയുടെ രഹസ്യം ?= സെഞ്ചറിക്കോ ട്രിപ്പിളിനോ അരികില്‍ എത്തിയാല്‍ ചെയ്യാവുന്നത്, ആത്മവിശ്വാസം ഒന്നുകൂടി ഉറപ്പിച്ച് ഒരു മോശം പന്തിന് വേണ്ടി കാക്കുക. ആ പന്ത് കിട്ടികഴിഞ്ഞാല്‍ അതില്‍ ഷോട്ട് കളിക്കുക, എത്രയും വേഗം ആ മാന്ത്രിക സംഖ്യ തികക്കുക എന്നതാണ്. മറിച്ച് 20 പന്തുകളൊക്കെ അതിനായി കാത്തിരുന്നാല്‍ സമര്‍ദ്ധത്തിന് അടിപ്പെട്ട് പുറത്താവാനുള്ള സാധ്യത കൂടുതലാണ്. പകരം കഴിയുന്നത്ര വേഗം ആ സ്കോര്‍ തികക്കുകയും ഓട്ടാവാനുള്ള സാധ്യത കുറയ്കുകയുമാണ് ഞാന്‍ ചെയ്യുന്നത്. സച്ചിന് പറയാറുണ്ട് , ടെസ്റ്റ് മാച്ചുകള്‍ക്ക് മുമ്പുള്ള രാത്രിയില്‍ ഉറങ്ങാന്‍ കഴിയാറില്ലെന്ന്. വീരുവിന്റെ കാര്യമെങ്ങനെയാണ് ?= ഞാന്‍ നന്നായി ഉറങ്ങും. ഒരു പത്ത് മണിക്കൂര്‍ സുഖ നിദ്ര.ഹാര്‍ഡ്ഹിറ്ററാണെങ്കിലും സിംഗ്ളുകള്‍ എടുക്കുന്നതില്‍ വീരു പിശുക്കു കാട്ടാറില്ല, എന്താ അങ്ങിനെയല്ലേ ?=കഴിയുന്നതും പന്തുകള്‍ പാഴാക്കരുതെന്നാണ് എന്റെ നിലപാട്. മുന്നോ നാലോ പന്ത് റണ്ണെടുക്കാതെ വിട്ടാല്‍ നിങ്ങല്‍ സമര്‍ദ്ധത്തിലാവും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ പറ്റാത്ത മികച്ച പന്തുകളിലും റണ്ണെടുത്ത് കൊണ്ടിരിക്കണം. രണ്ട് പന്തില്‍ ബൗണ്ടറിയടിച്ചു. മൂന്നാമത്തെ പന്ത് അതിന് പറ്റാത്തതാണ്. സിംഗ്ള്‍ എടുത്ത് നിങളുടെ പങ്കാളിക്ക് അവസരം നല്കക. അയാള്‍ക്ക് അടുത്ത മൂന്നു പന്തില്‍ മികച്ച രണ്ട് ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞേക്കും. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നാല്‍ അതിന്റെ ഗുണം നിങ്ങളുടെ ടീമിനായിരിക്കും. പിന്നിട്ട വഴികള്‍,ലക്ഷ്യങ്ങള്‍സെവാഗ് ഒരു അക്കാദമിയുടേയോ ഒരു സിസ്റ്റത്തിന്റേയോ സന്തതിയല്ല. അതു കൊണ്ടു തന്നെ ഒരു സ്വാഭാവിക പ്രതിഭയെന്നാണ് വിലയിരുത്തികാണുന്നത്. എന്തു തോന്നുന്നു. അങ്ങനെയാണോ, അതോ ആരെങ്കിലും ഇന്ന രീതിയിലൂടെ വളര്‍ത്തിയെടുത്തതാണ് എന്ന് പറയാമോ ?= നിങ്ങള്‍ ആദ്യം പറഞ്ഞ വിശേഷണം തന്നെയാണ് എനിക്ക് യോജിച്ചത്. ഞാന്‍ ക്രിക്കറ്ററായി രൂപപ്പെടുന്ന ഘട്ടത്തില്‍ നിരന്തരം 10 ഓവര്‍, 15 ഓവര്‍ മാച്ചുകള്‍ കളിക്കുമായിരുന്നു. ഓരോ ബോളിലും റണ്ണെടുക്കുക എന്നതാണ് ഈ മാച്ചുകളുടെ ആവശ്യം. ഓരോ പന്തും എങ്ങനെ അതിജീവിക്കാം എന്ന ചിന്തക്ക് അവിടെ സ്ഥാനമില്ല. എങ്ങനെ റണ്ണെടുക്കാം ന്നെു മാത്രമേ ചിന്തിക്കാനാവൂ. അങ്ങനെയാണ് എന്നിലെ ബാറ്റ്സ്മാന് രൂപപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു തുടങ്ങിയ സമയത്തും എന്റെയൊരു ചിന്ത ഇങ്ങനെയായിരുന്നു. പിന്നീട് അല്പമൊക്കെ മാറ്റം വന്നിട്ടുണ്ട്. എന്തായിരുന്നു സെവാഗിന്റെ കരിയറിലെ ടേണിങ് പോയന്റ് ?= 2001 ല്‍ ശ്രീലങ്കയില്‍ ന്യൂസിലന്റിനെതിരെ ഞാന്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടി. ഏകദിന ക്രിക്കറ്റിന്രെ ചരിത്രത്തിലെ തന്നെ വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു അത്. അന്ന് തൊട്ടാണ് ആളുകള്‍ പറഞ്ഞു തുടങ്ങിയത്. ` ഇയാള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള പ്രതിഭയുണ്ട് . അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും നേടാനാവും ` എന്നെല്ലാം. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി, വേറെ മൂന്ന് ഡബ്ള്‍. ഭാവിയില്‍ 400 നി മുകളിലേക്ക് ഒരു സ്കോര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നുവോ, ലാറയുടെ റെക്കോര്‍ഡ് ഉന്നം വെക്കുന്നുവോ ?= ഞാന്‍ ഒരു റെക്കോര്‍ഡും ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല. ഇനിയങ്ങോട്ടും അങ്ങിനെ തന്നെയാവും. ഞാന്‍ ബാറ്റിങ് ആസ്വദിച്ച് കളിക്കുന്നു. കഴിയുന്നത്ര റണ്‍സ് നേടാന്‍ ശ്രമിക്കുന്നു. ബൗണ്ടറികളും സിക്സറുകളും അടിക്കാന്‍ ഇഷ്ടമാണ്. ആ റെക്കോര്‍ഡ് തകര്‍ക്കണം, ഈ റെക്കോര്‍ഡ് തകര്‍ക്കണം എന്നൊന്നും ചിന്തിക്കാറില്ല. വളരെ ലഘുവായ ചിന്തകളുള്ള സാധാരണ മനുഷ്യനാണ് ഞാന്‍. വ്യക്തി, ജീവിതം.ക്രിക്കറ്റിലായാലും ജീവിതത്തിലായാലും പെട്ടെന്ന് പ്രതികരിക്കുന്ന വ്യകാതിയാണ് വീരുവെന്ന് തോന്നുന്നു. പെട്ടെന്ന് ദേഷ്യം വരുമല്ലേ ?=അങ്ങനെയല്ല. പക്ഷെ, എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കില്‍ അതിനെ കുറിച്ച് ചിന്തിച്ച് ചുറ്റിക്കറങ്ങുന്ന സ്വഭാവക്കാരനല്ല. ചിന്തിക്കുന്ന കാര്യം കഴിയുന്നത്ര വേഗം നടപ്പാക്കും. ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനോട് യോജിപ്പില്ലെങ്കില്‍ അപ്പോള്‍ തന്നെ വെട്ടിതുറന്നു പറയും. എന്റെ ക്യാരക്റ്റര്‍ നേരെ കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന രീതിയിലാണ്. ക്രിക്കറ്റിലും അതെ. കുടുംബം എത്രത്തോളം പ്രധാനമാണ് വീരുവിന് ?= എന്തു ചോദ്യം സുഹൃത്തേ... എന്റെ കരിയറില്‍ കുടുംബത്തിന്റെ സ്വാധീനം ഏറെയുണ്ട്. എന്റെ അച്ഛനും അമ്മയും തികച്ചും ഗ്രാമീണരാണ്. അവര്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല. ചെറുപ്പത്തില്‍ അവര്‍ എന്നെ പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. പിന്നീട് ഞാന്‍ പഠനത്തില്‍ മോശമാണെന്നും ക്രിക്കറ്റില്‍ കൊള്ളാമെന്നും തോന്നിയപ്പോള്‍ പറഞ്ഞു, ` നീ നന്നായി പഠിക്കുന്ന കാലത്തോളം നിനക്ക് ക്രിക്കറ്റ് കളിക്കാം. പഠനം കഴിഞ്ഞാല്‍ നീ എന്തെങ്കിലും ബിസിനസിനോ ജോലിക്കോ പ്രാപ്തനാവണം. കുടുംബത്തെ സഹാടിക്കേണ്ട ചുമതല നിനക്കുണ്ട്. ` അപ്പോള്‍ ഞാന്‍ പറഞ്ഞു.- ഓ കെ. ഞാന്‍ പഠനവും കളിയും തുടര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കും മുമ്പ് ഞാന്‍ ഇന്ത്യക്ക് കളിച്ചു. എന്റെ വളര്‍ച്ചയില്‍ അവര്‍ ഏറെ സഹായിച്ചു. എനിക്ക് വേണ്ടതെല്ലാം അവര്‍ തന്നു. എന്നെ മുന്നോട്ട് തള്ളി, പ്രചോദിപ്പിച്ചു. ഇപ്പോള്‍ ഭാര്യയുടെ പിന്തുണയും ഏറെ നിര്‍ണായകമാണ്. ഇപ്പോള്‍ ആര്യവീറിന്റെ സാന്നിധ്യം തന്നെ എനിക്ക് പ്രചോദനം നല്കുന്നു. സോറി പറഞ്ഞില്ല ആര്യവീര്‍ എന്റെ മകനാണ്.ഇപ്പോഴും നജഫ്ഗഡിലെ വീട്ടിലാണോ താമസം ?= കഴിഞ്ഞ വര്‍ഷം വരെ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ദക്ഷിണ ഡെല്‍ഹിയില്‍ പുതിയ വീടി നിര്‍മിച്ചു, അങ്ങോട്ട് മാറി. ക്രിക്കറ്റരായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു ?= ആരുമാവില്ല. നല്ലൊരു മനുഷ്യ ജീവി മാത്രം.പുനര്ജന്മം കിട്ടിയാലോ ?= സച്ചിന് തെണ്ടുല്‍ക്കര്‍. സെവാഗിന് ദൈവം എന്നാല്‍ എന്താണ് ?= ഇതൊരു കുഴക്കുന്ന ചോദ്യമാണല്ലോ. സത്യത്തില്‍ എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ഒരുപാട് ദൈവങ്ങളെ ആരാധിക്കുന്നു. ഞാന്‍ എപ്പോഴും ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് ജന്മം തന്നതിന്, ഒരു മികച്ച ക്രിക്കറ്ററും നല്ല മനുഷ്യനും ആയി ജീവിക്കാന്‍ അവസരം തന്നതിന്...ദൈവം വീരുവിന് ഒരു വരം തരുന്നു. എന്തു ചോദിക്കും?= ഒന്നും ചോദിക്കില്ല, എനിക്ക് എല്ലാം തന്നതിന് നന്ദി പറയും.അപ്പോള്‍ സംതൃപ്തനായ മനുഷ്യനാണല്ലേ?= സംശയമില്ല. ആഗ്രഹിച്ചതെല്ലാം സാധ്യമായി. ഞാനിപ്പോഴും എന്രെ രാജ്യത്തിന് വേണ്ടി കളിക്കുന്നു. എന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും എല്ലാം എന്നെ സ്നേഹിക്കുന്നു. ആളുകള്‍ അവരെ ബഹുമായിക്കുന്നു. ഇതില്പരം ഇനിയെന്തു വേണം എനിക്ക്. മറ്റുള്ളവര്‍ വീരുവിനെ കുറിച്ച് എന്തു പറയുന്നു, എന്നത് ഗൗനിക്കാറുണ്ടോ ?= ഇല്ല. കാരണം അവര്‍ക്ക് അവരുടേതായ രീതിയില്‍ ചിന്തിക്കാനും സംസാരിക്കാനും അവകാസമുണ്ട്. അവരെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുകയുമില്ല. ആരോടാണ് കടപ്പാട് ?=സത്യത്തില്‍ േെന്നാട് തന്നെ. ഒരുപാട് അധ്വാനിച്ചാണ് ഇവിടംവരെയെത്തിയത്. ഞാനിന്നുമോര്‍ക്കുന്നു. ചെറുപ്പത്തില്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്ക്കും. അഞ്ചു മണിയോടെ വീട്ടില്‍ നിന്നിറങ്ങും. പിന്നെ പഠനവും നിരന്തരം കളിയും. തിരിച്ചെത്തുമ്പോള്‍ രാത്രി ഒന്‍പത് മണി കവിയും. അങ്ങനെ ഏറെക്കാലം. പിന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരെന്നാണെങ്കില്‍, അതെന്റെ അമ്മയാണ്. പണം വീരുവിനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണ് ?= പണം എനിക്ക് മാത്രമല്ലല്ലോ, എല്ലാവര്ക്കും അനിവാര്യമാണ്. നല്ല രീതിയില്‍ ജീവിക്കാന്‍ പണം വേണമല്ലോ. പക്ഷെ വീരുവിന് പണത്തോട് ആര്‍ത്തിയാമെന്ന് എന്നെയറിയുന്നവര്‍ ആരും പറയില്ല. ജീവിക്കാന്‍, ചിലവഴിക്കാന്‍ വേണ്ട പണം കിട്ടിയാല്‍ ഞാന്‍ തൃപ്തനാവും. കളിയില്‍ നിന്ന് റിട്ടയര്‍ ചെയ്താല്‍ എന്താവും. കമന്റേറ്റര്‍, കോച്ച് ?= സത്യത്തില്‍ അതേകുറിച്ച് ചിന്തിച്ചിച്ചില്ല. എന്നാലും ഒരു കാര്യം ഉറപ്പ്. എന്നെ ഞാനാക്കിയ, എല്ലാം എനിക്ക് വെച്ചു നീട്ടിയ ഈ ഗെയ്മിനായി, അല്ലെങ്കില്‍ സമൂഹത്തിനായി എന്തെങ്കിലും ഒക്കെ തിരിച്ചു നല്കാന് ഉതകുന്ന ഒരു റോള്‍ എനിക്കുണ്ടാവും.
Monday, October 5, 2009
Tuesday, September 15, 2009
ഇന്ത്യന്‍ ക്രിക്കറ്റ് എങ്ങോട്ടാണാവോ ?

തികച്ചും യാഥാസ്ഥിതികമായ ചിട്ടവട്ടങ്ങളുള്ള ഒരു ഗെയിമാണ് ക്രിക്കറ്റ്. നിയമങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തില്‍ മാന്യന്മാര് കളിക്കേണ്ട ഗെയിം. അതെല്ലാം പഴയകാര്യം എന്നു പറയേണ്ടി വരും. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണ ഘടനയിലും നിയമ വ്യവസ്ഥയിലും മാറ്റം വന്നതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റിലെ മാറ്റം. ഒരു കളി തന്നെ വ്യത്യസ്ഥമായ കളികളായി മാറുന്ന അവസ്ഥ. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിങ്ങനെയുള്ള അംഗീകൃത രൂപങ്ങള്‍ക്ക് പുറമെ ഡബ്ള്‍ വിക്കറ്റ് മാച്ചുകളെ പോലെ അത്രക്കങ്ങ് ക്ലച്ച് പിടിക്കാതെ പോയ വേറെയും പരിഷ്കൃത രൂപങ്ങള്‍. പന്തില്‍, കളിക്കാരുടെ വസ്ത്രത്തില്‍, ഡ്രിങ്ക്സ് ട്രോളിയില്‍... അങ്ങനെ മാറ്റങ്ങള്‍ വന്ന് ഇപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് കളിക്കാര്‍ ഇയര്‍ഫോണ്‍ വഴി മല്‍സരത്തിനിടെ കമന്റേറ്റര്‍മാരുമായി സംസാരിക്കുന്നിടത്ത് വരെയെത്തിയിരിക്കുന്നു മാറ്റം. ` ഒറ്റ സെക്കന്റ്, അതാ ഒരു ബൗണ്‍സര്‍ വരുന്നു, ഞാനൊന്ന് ഹുക്ക് ചെയ്യട്ടെ` എന്ന് ബാറ്റ്സ്മാന് ടെലിവിഷനിലൂടെ കാണികളോട് ലൈവ് ആയി പറയുന്ന കാലത്തേക്ക് ഇനിയധികമില്ലെന്ന് തന്നെ വേണം വിശ്വസിക്കാന്‍ഈ മാറ്റങ്ങള്‍ നല്ലതിനോയെന്ന ചര്‍ച്ച അവിടെ നില്ക്കട്ടെ. ഈ മാറ്റങ്ങള്‍ക്കൊത്ത് മുന്നോട്ട് പോവാന്‍ ഓരോ ക്രിക്കറ്റ് ടീമിനും ഓരോ രാജ്യത്തെയും ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനും ക്രിക്കറ്റ് ഒരു കരിയര്‍ ആയി തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കും എന്തെല്ലാം രീതിയില്‍ മാറേണ്ടിവരും തയ്യാറെടുക്കേണ്ടി വരുമെന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. കാരണം മാറ്റങ്ങളുടെ ലോകത്ത് അവക്കൊത്ത് നീങ്ങാത്തവര്‍ അപ്രസക്തരായി പോവും. ഇന്ന് മുന്‍നിര ക്രിക്കറ്റ് രാഷ്ട്രങ്ങള്‍ എല്ലാം അഭിമുഖീകരിക്കുന്ന വെല്ലുവിളി ഇതാണ്. ഇനി നടക്കുന്ന ഓരോ മല്‍സരവും ടൂര്‍ണമെന്റുകളും കളിക്കേണ്ടത് ഈ കാര്യങ്ങള്‍ മനസ്സില്‍ കണ്ടാവണം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും സെലക്റ്റര്‍മാരും ഈ സവിശേഷ സാഹചര്യത്തെ ശരിയായ രീതിയില്‍ തന്നെ അഭിമുഖീകരിക്കുന്നുവോയെന്നതും ഏറെ പ്രസക്തമാണ്. മുമ്പൊന്നുമില്ലാത്തവിധം ശാരീരികക്ഷമത ആവശ്യമായ ഗെയിം ആയി മാറിയിരിക്കുന്നു എന്നാതാണ് കളിക്കാരുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ക്രിക്കറ്റിന് സംഭവിച്ചിരിക്കുന്ന വലിയ മാറ്റം. കളിക്കാരുടെ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ നേരിയ വിട്ടുവീഴ്ചകള്‍ പോലും അനുവദനീയമല്ല. ഈ കാര്യത്തില്‍ ഇന്ത്യന്‍ സെലക്റ്റര്‍മാരുടെ സമീപനം ഇന്നും നിരാശാജനകമാണ്. പരിക്കു പറ്റിയ കളിക്കാര്‍ അത് പുറത്തു പറയാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും സെലക്റ്റര്‍മാര്‍ അതിന്മേല് കൂടുതല്‍ വിശദീകരണം തേടാതെ അതാത് കളിക്കാര്‍ക്ക് സെലക്,ന് നല്‍കുകയും ചെയ്യുന്ന പതിവ് നിര്‍ബാധം തുടരുകയാണ്. ട്വന്റി-20 ലോകകപ്പിന് പോയ ടീമില്‍ ഉള്‍പ്പെട്ടിരുന്ന വീരേന്ദര്‍ സെവാഗ് മല്‍സര വേദിയിലെത്തിയ ശേഷം താന്‍ പരിക്കിന്റെ പിടിയിലാണെന്ന് സമ്മതിക്കുകയും നാട്ടിലേക്ക് തിരിച്ചു പോരികയും ചെയ്ത സംഭവം ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്റെ സാധ്യതകള്‍ തകര്‍ത്തുകളഞ്ഞിരുന്നു. സെവാഗ് അവസാന നിമിഷം പിന്മാറിയത് കാരണം. പകരം ഒരു കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പോലും കഴിയാതെ പോയി. സെവാഗിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ തന്നെ ഇങ്ങനെ ചെയ്താല്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ? ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാധ്യതാ ടീമില്‍ ഉണ്ടായിരുന്ന സഹീര്‍ പരിക്കുകാരണം പിന്മാറി. പരിക്കാണെന്ന കാര്യം തുറന്നു സമ്മതിക്കാന്‍ സെവാഗ് നേരത്തെ തന്നെ തയ്യാറായിരുന്നെങ്കില്‍ സാധ്യതാ ടീമില്‍് മറ്റൊരു ഫാസ്റ്റ് ബൗളരെ ഉള്‍പ്പെടുത്താമായിരുന്നു. തനിക്ക് പരിക്കാണെന്ന് വെളിപ്പെടുത്തിയാല്‍ ആ ഒഴിവില്‍ മറ്റൊരു യുവതാരം കയറി പറ്റുകയും നന്നായി പെര്‍ഫോം ചെയ്താല്‍ ഭാവിയില്‍ തന്റെ വാതില്‍ അടയുകയും ചെയ്യുമെന്ന കളിക്കാരുടെ ഭയമാണ് ഇത്തരെ ഒളിച്ചുകളികള്‍ക്ക് പിന്നില്‍ എന്നത് വ്യക്തമാണ്. അത് കളിക്കാരുടെ കാര്യം. സെലക്റ്റര്‍മാര്‍ക്ക് ഈ അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലേയെന്ന് സ്വാഭാവികമായും ചോദ്യമുയരണം. പ്രതിഫലം വാങ്ങുന്ന ജോലിയാണ് ഇന്ത്യന്‍ വെലക്റ്റര്‍മാരോട്. അതുകൊണ്ടു തന്നെ തികച്ചും പ്രൊഫഷണലായി ആ ജോലി ചെയ്യുന്നതിന് അവര്‍ക്ക് ബാധ്യതയും ഉണ്ട്. പക്ഷെ ഒരു പാട് സമ്മര്‍ദ്ധങ്ങള്‍ക്ക് വഴിപ്പെട്ട് പലരുടേയും ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ സെലക്റ്റര്‍മാര്‍ എന്നത് അവര്‍ സെലക്റ്റ് ചെയ്യുന്ന ടീമുകളുടെ ഘടന തന്നെ വ്യക്തമാക്കുന്നു. ഓരോ സോണിനേയും, സംസ്ഥാനത്തേയും പ്രതിനിധീകരിച്ചാണ് സെലക്ഷന് കമ്മിറ്റിയിലേക്ക് സെലക്റ്റര്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ 'സെലക്ഷന്' തന്നെ ടീം സെലക്ഷനിലെ ക്രമക്കേടുകള്‍ക്ക് വഴി വെക്കുന്നു. താന്‍ ്പരതിനിധീകരിക്കുന്ന സ്ംസ്ഥാനത്ത് നിന്ന് കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒരു സെലക്റ്റര്‍ എന്ന നിലയില്‍ അയാളുടെ സംസ്ഥാന അസോസിയേഷന് അയാളുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നത് അതാത് സംസ്ഥാനത്തെ, സോണിലെ എത്ര കളിക്കാര്‍ക്ക് സെലക്ഷന് നേടികൊടുത്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തിലാണ്. പിന്നീട് കൂടുതല്‍ വലിയ പദവിയിലേക്ക് പിന്തുണ നേടിയെടുക്കാന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ ഓരോ സെലക്റ്ററും ശ്രമിക്കുന്നതോടെ ദേശീയ ടീം സെലക്ഷന്റെ സര്‍വ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്നു. അര്‍ഹരായ കളിക്കാര്‍ പുറത്താവുന്നു. ശരാശരിക്കാര്‍ പലരും ഇന്ത്യന്‍ താരങ്ങളാവുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനും ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമില്‍ നിന്ന് സമീപ കാലത്ത് ഏകദിന മാച്ചുകളില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ഒട്ടേറെ പ്രകടനങ്ങള്‍ നടത്തിയ ഇര്ഫാന് പത്താന് പുറത്തായതിനും ഇന്ത്യയിലെ മികച്ച പേസ് ബൗളര്‍ എന്ന് രവിശാസ്ത്രി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് വിശാരദരും മുന്‍താരങ്ങളും വിലയിരുത്തുന്ന ശ്രീശാന്തിന് 30 അംഗ സാധ്യതാ ലിസിറ്റില്‍ തന്നെ ഇടം പിടിക്കാന്‍ കഴിയാതെ പോയതിനും കാരണം ഇതുതന്നെ. സഹീര്‍ ഖാന്റെ അഭാവത്തില്‍ പോലും ശ്രീയുടെ പേര് പരാമര്‍ശിക്കാന്‍ പോലും സെലക്റ്റര്‍മാര്‍ മടിക്കുന്നത് അതി വിചിത്രം തന്നെ. മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് മികച്ച കളിക്കാരനാണെന്നതില്‍ രണ്ടില്ല പക്ഷം. കുറച്ചു കാലമായി രാഹുലിന് ഏകദിന ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. യുവാക്കള്‍ക്ക് അവസരം നല്കി ഭാവിയിലേക്കുള്ള ടീമിനെ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നായിരുന്നു അതിനുള്ള കാരണമായി സെലക്റ്റര്‍മാരും ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അധികൃതരും നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നല്ല പ്രായം പിന്നിട്ട സച്ചിനും രാഹുലും ഒരുമിച്ച് ടീമില്‍ ഇടം പിടിച്ചിരിക്കുന്നു. തിരച്ചില്‍ കഴിഞ്ഞോ, ഭാവിയിലേക്കുള്ള ടീമിനെ കണ്ടെത്തി കഴിഞ്ഞുവോ ? അതോ പുതിയ കളിക്കാര്‍ ആരും മികച്ചവരല്ലെന്ന നിഗമനത്തില്‍ എത്തികഴിഞ്ഞോ ആവോ ? ട്വന്റി-20 ലോകകപ്പിലെ ദയനീയ പതനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്ററിയുന്നതിന് ലഭിച്ചിരിക്കുന്ന അവസരമാണ് ഐ സി സി ട്രോഫി. ഗൊരവ പൂര്‍ണമായ സമീപനം ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ക്കോ ടീം മാനേജ്്മെന്റിനും ഇനിയും അന്യമാണെന്നാണ്. ഈ ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍വാവലോകന വേളയിലും വ്യക്തമാവുന്നത്. ഒട്ടേറെ പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ ജന്മം കൊള്ളുന്ന വിശാല രാഷ്ട്രമാണിത്. ക്രിക്കറ്റിനെ ഹൃദയപൂര്‍വം ഉള്‍ക്കൊള്ളുന്ന ഒരുപാട് ആരാധകരുടെ പിന്തുണയും ഉണ്ട്. പക്ഷെ ഈ അനുകൂല ഘടകങ്ങളൊന്നും ശരിയായി മുതലെടുക്കാന്‍ കഴിവുള്ള ഭാവനാശാലികളായ ക്രിക്കറ്റ് ഒഫീഷ്യലുകള്‍ നമുക്കില്ലെന്നത് ഇന്നും വലിയ ദുര്യോഗമായി അവശേഷിക്കുന്നു. ഇടക്ക് വീണു കിട്ടുന്ന വിജയങ്ങള്‍ ഈ രാജ്യത്തെ ക്രിക്കറ്റ് പ്രതിഭയുടെ ആധിക്യം കൊണ്ടുമാത്രമാണ്. അതില്‍ നമ്മുടെ ഒഫീഷ്യലുകളുടെ പങ്ക് തികച്ചും നിസ്സാരമാണ്. ഈ തിരിച്ചറിവോടെ വേണം ഇന്ത്യന്‍ ടീമിന്റെ ഓരോ കളികളും കാണാന്‍, ഓരോ വിജയങ്ങളും ആഘോഷിക്കാന്‍.
വാഡയെ ഭയക്കുന്നതാര് ?

കലാകാരന് അഥവാ സാഹിത്യകാരന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണോയെന്നത് ഏറെ പഴക്കമുള്ള ചോദ്യമാണ്. ഓരോ കലാസൃഷ്ടിയും ഒരോ ഉല്പ്പന്നമാണെന്നും അത് സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും സന്ദേശം നല്കുന്നതാവണം എന്നുമുള്ള മാര്‍ക്സിയന്‍ കാഴ്പ്പാടില്‍ നിന്നാണ് ഇങ്ങനെയൊരു ചോദ്യമുല്‍ഭവിച്ചത്. മറിച്ച് ഒരു സന്ദേശം നല്‍കുന്നതിന് വേണ്ടി കലാസൃഷ്ടിയെ രൂപപ്പെടുത്തുമ്പോള്‍ അത് സൗന്ദര്യതലത്തില്‍ പരാജയമാവുന്നുവെന്നും അതുകൊണ്ട് അതിന് വേണ്ടി ബോധപൂര്‍വം ശ്രമിക്കേണ്ടതില്ലെന്നും, കല കലയ്ക്കു വേണ്ടിയെന്ന മുദ്രാവാക്യമുയര്‍ത്തിയ ശുദ്ധകലാവാദികളും വാദിച്ചിരുന്നു. ഇവരുടെ വാദങ്ങള്‍ക്കാണ് പില്കാലത്ത് പ്രാമുഖ്യം ലഭിച്ചത്. എന്നാല്‍ കലാസൃഷ്ടിക്ക് പ്രകടമായ സാമൂഹിക പ്രതിബദ്ധതയില്ലെങ്കിലും കലാകാരന് അത് ആവശ്യമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ വയ്യ. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാകാരന്മാര് സാഹോദര്യം, സഹിഷ്ണുത, വര്‍ഗ്ഗസമത്വം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മാതൃക കാണിക്കുകയും ചെയ്യണമെന്നതില്‍ തര്‍ക്കമില്ല താനും. ആ കാര്യങ്ങള്‍ കായിക രംഗത്തും ഇന്ന് ഏറെ പ്രസക്തമാണ്. കായിക താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവും വിധം മല്‍സരിക്കുകയും ജീവിക്കുകയും വേണമെന്നത് ഒളിമ്പിക്സ് പോലുള്ള മഹാപ്രസ്ഥാനങ്ങളും കായിക സംഘടനകളും ഉദ്ഘോഷിക്കുന്നുണ്ട് . കളിക്കളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന ഉത്തേജക മരുന്നുകള്‍ വിലക്കപ്പെട്ടതും ഇങ്ങനെയുള്ള ചില സദാചാര ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. കൃത്രിമമായി കായിക താരങ്ങളുടെ പ്രകടന മികവ് വര്‍ദ്ധിപ്പിക്കുന്നുവെന്നത് മാത്രമല്ല ഉത്തേജക മരുന്നുകളുടെ ദൂഷ്യം. അത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിന്, ആയുസ്സിന് ഭീഷമിയാവുന്നു എന്നത് കൂടിയാണ്. ഉത്തേജക മരുന്നുകള്‍ക്ക് ഇരയായ അമേരിക്കന്‍ അത്ലറ്റ് ഫ്ളോറന്‍സ് ഗ്രിഫിത്ത് ജോയ്നറെ പോലുള്ളവരുടെ ദുരന്തം നമുക്ക് മുന്നിലുണ്ട്. ലോകത്തെ സര്‍വ കായിക ഇനങ്ങളിലും ഉത്തേജക മരുന്നിന്റെ ഉപഭോഗം തടയാനുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടു വന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന മാത്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഏറെ വൈകിയാണ് അവര്‍ കണ്ണുതുറന്നത്. ക്രിക്കറ്റിന് സാര്‍വദേശീയ അംഗീകാരം നേടിയെടുക്കാനും അതുവഴി ഒളിമ്പിക്സ് പോലുള്ള ലോക കായിക മേളകളില്‍ മല്‍സര ഇനമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്രിക്കറ്റര്‍മാരെ ഡോപ് ടെസ്റ്റിന് വിധേയരാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) തുനിഞ്ഞത്.ആ പതിവ് ആരംഭിച്ച് അധികം കഴിയും മുമ്പെ തന്നെ അതി പ്രശസ്തരായ ക്രിക്കറ്റര്‍മാര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുകയും ചെയ്തു. ആദ്യം പിടിക്കപ്പെട്ടത് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണായിരുന്നു. അതോടെ ക്രിക്കറ്റില്‍ കാര്യങ്ങള്‍ നമ്മള് കരുതിയത് പോലെ അത്ര ക്ലീന്‍ അല്ലെന്ന് ലോകത്തിന് ബോധ്യം വന്നു. പിന്നീട് പാകിസ്താന്റെ ഫാസ്റ്റ് ബൗളര്‍മാരായ ഷോയിബ് അക്തറും മുഹമദ് ആസിഫും കുരുങ്ങിയതോടെ കാര്യങ്ങള്‍ കുറേകൂടി വ്യക്തമാവുകയായിരുന്നു. ക്രിക്കറ്റ് ഒരു പവര്‍ ഗെയിമല്ലെന്നും സാങ്കേതികതയില്‍ ഊന്നിയുള്ള കളിയാണെന്നതു കൊണ്ട് ഉത്തേജക മരുന്നു കൊണ്ട് എന്തു പ്രയോജനമാണ് ക്രിക്കറ്റില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്നായിരുന്നു അതുവരെ ക്രിക്കറ്റര്‍മാര്‍ വാദിച്ചിരുന്നത്. എന്നാല്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം കൊണ്ട് പവറും സ്റ്റാമിനയും കൃത്രിമമായി വര്‍ധിപ്പിക്കുക മാത്രമല്ല മാനസിക സമ്മര്‍ദ്ധത്തെ അതിജീവിക്കാനും കഴിയുമെന്ന്് വ്യക്തമായതോടെ ചെസ്സില്‍ പോലും ഡോപ്ടെസ്റ്റ് ആവശ്യമായി വന്നിരിക്കുകയാണ്. അന്താരാഷ്ട്ര ചെസ് സംഘടന, ഫിഡെയും ചെസ് താരങ്ങളും ഡോപ് ടെസ്റ്റുമായി സഹകരിക്കുകയും ചെയ്യുന്നു. വോണും അക്തറും മറ്റും പിടിക്കപ്പെട്ടത് ക്രിക്കറ്റിനെ ഉത്തേജക വിമുക്തമാക്കാന്‍ കൂടുതല്‍ ഗൗരവതരമായ നടപടികള്‍ ആവശ്യമാണെന്നും തെളിയിക്കുന്നു. ഈ വസ്തുതകള്‍ പരിഗണിച്ചു വേണം വേള്‍ഡ് ആന്റി ഡോപ്പിങ് അതേറിറ്റി(വാഡ)യുമായി സഹകരിക്കാന്‍ തയ്യാറില്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനെ വിലയിരുത്തുന്നത്. വാഡയുടെ പരിശോധനാ സംഘം മല്‍സരങ്ങള്‍ ഇല്ലാത്ത സമയത്ത് പോലും താരങ്ങളെ തേടിയെത്തുമെന്നും അത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ വാദം. ആ നിലപാടിനോട് യോജിച്ചു കൊണ്ട് വാഡയുടെ പരിശോധനയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബി സി സി ഐ) സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യത എന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് മാത്രമുള്ളതല്ല. അവരേക്കാള്‍ എത്രയോ ഇരട്ടി പ്രതിഫലം വാങ്ങുന്ന ലോകത്തെ മുന്‍നിര ടെന്നീസ് താരങ്ങളും ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ അത്ലറ്റുകളും പ്രൊഫഷണല്‍ ഫുട്ബോളര്‍മാരും ഇത്തരം പരിശോധനകളോട് സഹകരിക്കുന്നുണ്ട് . ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളിയായ ലോങ്ജംപര്‍ അഞ്ജു ബി ജോര്‍ജിന്റെ ഫോട്ടോ വാഡയുടെ പ്രചരണ പോസ്റ്ററില്‍ ഇടം പിടിച്ചിരുന്നു. വാഡയോട് ഏറ്റവും സജീവമായി സഹകരിക്കുന്ന അത്ലറ്റ് എന്ന നിലയിലാണ് അഞ്ജുവിന് ഈ ബഹുമതി(സംശയിക്കേണ്ട, ഇതൊരു ബഹുമതി തന്നെ) ലഭിച്ചത്. കായിക ലോകം ഉത്തേജക വിമുക്തമാവണമെന്നും താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവമമെന്നും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ഇവരെല്ലാം അല്പം ബുദ്ധിമുട്ടുകള്‍ സഹിച്ചും വാഡയുടെ പരിശോധനകളോട് സഹകരിക്കുന്നത്. ക്രിക്കറ്റിനെ ഒളിമ്പിക്സും കോമണ്‍വെല്‍ത്ത് ഗെയിംസും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മേളകളില്‍ ഉള്‍പ്പെടുത്തിയെടുക്കാനുള്ള ഐ സി സിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്ന രീതിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടേയും ബോര്‍ഡിന്റേയും നടപടി എന്നുകൂടി മനസ്സിലാക്കണം. മറ്റൊരു കാര്യം കൂടി. എന്തൊക്കയോ ഒളിപ്പിക്കാനുള്ളതു കൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ വാഡയുമായി സഹകരിക്കാത്തതെന്ന് കായികപ്രേമികള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
Friday, July 24, 2009
മുംബൈ ലജന്റ്സ്

സ്പോര്‍ട്സിന് ഒരു ഭൂമിശാസ്ത്രമുണ്ട്. ഒരു പ്രത്യേക പ്രദേശത്തെ, നാട്ടിലെ ജനങ്ങള്‍ ഏതെങ്കിലും ഒരു ഗെയ്മിലോ, സ്പോര്‍ട്സിലെ സവിശേഷ മികവു കാട്ടുന്നുവെന്ന വസ്തുതയാണ്. ഭൂമിശാസ്ത്രം എന്ന വാക്കു കൊണ്ട് ഇവിടെ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്. ആ പ്രയോഗം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹവുമുണ്ട്. അതവിടെ നില്ക്കട്ടെ, നമുക്ക് കാര്യത്തിലേക്ക് കടക്കാം. സ്ക്വാഷില്‍ ലോക ചാമ്പ്യന്മാരായ ജഹാംഗീര്‍ ഖാനും ജാന്‍ഷര്‍ ഖാനും പെഷവാറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. പഞ്ചാബിലെ ഹോഷിയാപ്പൂരില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ എത്തിയവരുടെ പട്ടിക എടുത്തു നോക്കിയാലും ഈ ഭൂമിശാസ്ത്രം പിടികിട്ടും. അമേരിക്കയിലെ അത്ലറ്റിക്സ് ഗ്രാമങ്ങളും ബ്രസീലിലെ ഫുട്ബോള്‍ ഗ്രാമങ്ങളും ക്യൂബയിലെ ബോക്സിങ് ഗ്രാമങ്ങളും എല്ലാം ഇവിടെ പരാമര്‍ശ യോഗ്യമാണ്. (കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ല. രാഷ്ട്രീയം നമുക്ക് അസ്സല് കളിയാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ കളിയായി അംഗീകാരം ലഭിച്ചിട്ടില്ല.)ഇന്ത്യന്‍ ക്രിക്കറ്റില്‍ മികവു തെളിയിച്ച ബാറ്റ്ല്മാന്‍മാരുടെ കാര്യത്തിലും ഈയൊരു പ്രാദേശിക മുന്‍തൂക്കം കാണാം. പ്രത്യേകിച്ചും ബാറ്റ്സ്മാന്മാരുടെ കാര്യത്തില്‍. മുംബൈ ഗഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും നിന്ന് നിന്ന് ബാറ്റിങ് ലജന്റുകള്‍ ഒന്നിനു പിറകെ ഒന്നായി ഉദിച്ചുയരുന്നുവെന്നത് പഠന വിധേയമാക്കേണ്ടതാണ്. പലരും ഈ വഴിക്ക് ചിന്തിക്കുകയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തില്‍ പണ്ടു തൊട്ടേ മികച്ച ബാറ്റിങ് പരിശീലകര്‍ ഉണ്ടായിരുന്നുവെന്നതും മുമ്പ് ജന്മം കൊണ്ട മികച്ച ബാറ്റ്സ്മാന്മാര് സൃഷ്ടിച്ച സ്വാധീനം കൂടുതല്‍ കുട്ടികളെ ഈ വഴിക്ക് നടക്കാന്‍ പ്രേരിപ്പിച്ചു എന്നതെല്ലാം ഇതിനുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനെല്ലാമുപരി ബാറ്റ്സ്മാന് എന്ന നിലയില്‍ മികവു കാട്ടാന്‍ പറ്റുന്നരീതിയില്‍ ചില സവിശേഷതകള്‍ മുംബൈക്കാര്‍ക്ക് ഉണ്ട എന്ന വിശ്വസിച്ചു പോവുന്നത്ര മികച്ച ബാറ്റ്സ്മാന്മാര്ക്ക് മുംബൈ ജന്മം നല്‍കിയിട്ടുണ്ട്. നോക്കൂ, ആ പട്ടിക എത്ര നീണ്ടതാണ് ! വിജയ് മര്‍ച്ചന്റ്, പോളി ഉമ്രിഗര്‍, വിജയ് മഞ്ച്രേക്കര്‍, നരീ കോണ്ട്രാക്ട്ടര്, ദിലീപ് സര്‍ദേശായി, അജിത്ത് വഡേക്കര്‍, സുനില്‍ ഗാവസ്കര്‍, ദുലീപ് വെങ്സര്‍ക്കാര്‍, സഞ്ജയ് മഞ്ച്രേക്കര്‍, വിനോദ് കാംബ്ലി, സച്ചിന് തെണ്ടുല്‍ക്കര്‍......... ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ച എല്ലാ മുംബൈ ബാറ്റ്സ്മാന്മാരുടെയും പട്ടിക നോക്കുകയാണെങ്കില്‍ അത് ഇതിലും ദീര്‍ഘമാണ്.സുനില്‍ ഗാവസ്കര്‍ക്ക് 60 വയസ്സ് തികഞ്ഞിരിക്കുന്നു എന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ മുംബൈ ലജന്റ്സിനെ കുറിച്ച് ഓര്‍ക്കാന്‍ കാരണം. സുനില്‍ ഗാവസ്കര്‍ ഇന്ത്യയിലെ "ക്രിക്കറ്റ് മത വിശ്വാസികളെ" സംബന്ധിച്ചിടത്തോളം മാര്‍പാപ്പയായിരുന്നു. ഗാവസ്കര്‍ ബാറ്റിങ്ങിന്റെ അവസാന വാക്കായിരുന്നു. എന്നാല്‍ ഗാവസ്കര്‍ റിട്ടയര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്കകം അവര്‍ക്കൊരു ദൈവത്തെ ലഭിച്ചു, സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍. നേട്ടങ്ങലുടെ കാര്യത്തില്‍ സച്ചിന് ഇതിനകം ഗാവസ്കറെ ഏറെ പിന്നിലാക്കി കഴിഞ്ഞു. ഗാവസ്കറുടെ സുപ്രസിദ്ധമായ വിശേഷണം - ലിറ്റില്‍ മാസ്റ്റര്‍ - സച്ചിന്റേതായി മാറി. ഗാവസ്കറുഠെ കാലത്ത് അദ്ദേഹത്തോട് പ്രതിഭയുടെ കാര്യത്തില്‍ മല്‍സരിച്ചിരുന്ന വെസ്റ്റിന്ഡീസുകാരന് വിവിയന്‍ റിച്ചാര്‍ഡ്സിന്റെ വിശേഷണം- മാസ്റ്റര്‍ ബ്ലാസ്റ്ററും സച്ചിന് കൈവശപ്പെടുത്തി. ഒരേ സമയം ഗാവസ്കറുടേയും റിച്ചാര്‍ഡ്സിന്റേയും പിന്‍ഗാമിയായി അവരോധിക്കപ്പെടുക എന്നത് എത്രയോ വലിയ കാര്യമാണ്. ഡോണ്‍ ബ്രാഡ്മാനുമായി താരതമ്യം ചെയ്തു നോക്കി ബാറ്റിങ്ങിലെ ഓള് ടൈം ഗ്രെയ്റ്റ് ആയി സച്ചിനെ അവരോധിക്കുന്നതിന് അദ്ദേഹത്തിന്റെ ആരാധകര്‍ ധൈര്യപ്പെടുന്നു. അവര്‍ക്ക് ബ്രാഡ്മാന് തന്നെയാണ് അതിന് ധൈര്യം പകര്‍ന്നത്. എന്റെ കളി ഇപ്പോള്‍ നേരിട്ട് കാണണമെങ്കില്‍ സച്ചിന്റെ ബാറ്റിങ് കണ്ടാല്‍ മതിയെന്ന് ഞാന്‍ ഭാര്യയോട് പറയാറാണ്ടെന്ന ബ്രാഡ്മാന്റെ പ്രസ്ഥാവന സച്ചിന് തന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും പുരസ്കാരവുമായിരുന്നു. സച്ചിനെ റിച്ചാര്‍ഡ്സും ബ്രാഡ്മാനുമായി താരതമ്യം ചെയ്തവരാരും ഒരു ഗാവസ്കര്‍-സച്ചിന് താരതമ്യത്തിന് മുതിര്‍ന്നില്ലെന്നത് ശ്രദ്ധിക്കുക. ഈ രണ്ടു പേരുടേയും ശൈലിയിലും കളിയോടുള്ള സമീപനത്തിലുള്ള അന്തരവും ആവാം അതിന് കാരണം. സച്ചിന് തന്നേക്കാള്‍ മിടുക്കനാണെന്ന് ഗാവസ്കര്‍ സച്ചിന്റെ കരിയര്‍ തുടങ്ങിയ കാലത്തേ അംഗീകരിച്ചിരുന്നു. സച്ചിനാവട്ടെ ഗാവസ്കര്‍ ചെറുപ്പത്തിലേ തന്റെ ആരാധനാ പാത്രമാണെന്ന് ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്യുന്നു. ആരാണ് വലിയവനെന്ന് നിശ്ചയിക്കാന്‍ വേണ്ടിയല്ലെങ്കിലും നമ്മുടെ എക്കാലത്തേയും മികച്ചവരായ ഈ രണ്ട് ബാറ്റിങ് ഇതിഹാസങ്ങളെ താരതമ്യം ചെയ്യ്തു നോക്കുന്നത് ഏറെ രസകരമാവും. ഗാവസ്കര്‍ എതിരിട്ട ബൗളിങ് എത്തരത്തിലുള്ളതായിരുന്നു! മൈക്കല്‍ ഹോള്‍ഡിങ്, ജിയോല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍, വെയ്ന്‍ ഡാനിയല്‍, ആന്‍ഡി റോബര്‍ട്സ് എന്നിവരുള്‍പ്പെട്ട കരീബിയന്‍ പേസ് ബാറ്ററിയോട് പോരടിച്ചാണ് ഗാവസ്കര്‍ ഓരോ പടവും പിന്നിട്ടത്. അവരെ മെരുക്കാന്‍ കഴിഞ്ഞ അന്നത്തെ ഒരേയൊരു ബാറ്റ്സ്മാനായിരുന്നു സണ്ണി. അത് പോലൊരു ബൗളിങ് അറ്റാക്ക് പിന്നീട് ലോകക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്ന് പാരമ്പര്യവാദികളായ ക്രിക്കറ്റ് നിരൂപകര്‍ ഉറപ്പിച്ച് പറയും. സച്ചിനുണ്ടോ അത്തരം ബൗളര്‍മാരെ നേരിട്ടിരിക്കുന്നു! ഇല്ലെന്ന് ആര് പറഞ്ഞു ? വഖാര്‍ യൂനുസ്- വസീം അക്രം ദ്വയത്തെ എതിരിട്ട് ജയിച്ചാണ് സച്ചിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് വെസ്റ്റിന്‍ഡീസുകാരായ കോട്നീ വാല്‍ഷ്-കര്ട്ലി ആംബ്രോസ് സഖ്യത്തെ നേരിട്ടും കൊടിനാട്ടി. എന്നാല്‍ അവരേക്കാളൊക്കെ ആപല്ക്കാരിയായ ബൗളറെന്ന് വിലയിരുത്താവുന്ന ഓസ്ട്രേലിയക്കാരന് ഗ്ലെന്‍ മഗ്രാത്തിനെ മിക്കവാറും തന്രെ കരിയറിലുടനീളം സച്ചിന് നേരിട്ടു. മഗ്രാത്തിനൊപ്പം ഡാമിയന്‍ ഫ്ളെമിങും ജാസന്‍ ഗില്ലസ്പിയും ചേര്‍ന്ന സംഘം വിഖ്യാതമായ കരീബിയന്‍ സംഘത്തോളം പോന്നതല്ലെങ്കിലും അവരോട് കിടപിടിക്കുന്നതാണ്. അവര്‍ക്കെതിരെ ഏറ്റവും മികവു പുലര്‍ത്തിയ ബാറ്റ്സ്മാന് സച്ചിന് തന്നെയാണ്. സ്പിന്‍ ബൗളര്‍മാരെ നേരിടുന്ന കാര്യത്തിലാണ് സച്ചിന് ഗാവസ്കറേക്കാള്‍ കുറച്ചു കൂടി മാര്‍ക്കു വാങ്ങുന്നത്. സച്ചിന് കളിക്കുമ്പോള്‍ ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ്ങിന്റെ പൂക്കാലമാണ്. ഷെയ്ന് വോണ്‍, മുത്തയ്യ മുരളീധരന് ഈ രണ്ടു പേരെയും മാറി മാറി നേരിട്ട് ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്സ്മാന് എന്ന ഖ്യാതി സച്ചിന് നിലനിര്‍ത്തി പോന്നു. പ്രത്യേകിച്ചും ഷെയിന്‍ വോണ്‍ എത്രയോ തവണ സച്ചിന് മുന്നില്‍ തോറ്റ് സുല്ല് പറഞ്ഞിരുന്നു. തീര്‍ന്നില്ല സച്ചിന്റെ മഹത്വങ്ങള്‍. ലോക ക്രിക്കറ്റിലെ ഫീല്‍ഡിങ് നിലവാരം മുമ്പെന്നത്തേക്കാളും മെച്ചമായ ഒരു കാലത്താണ് സച്ചിന് കളിക്കുന്നത്. സച്ചിന്റെ് എത്രയോ ഉറച്ച ബൗണ്ടറികള്‍ വിക്കറ്റുകളായി പരിണമിച്ചു പോയി. ഇങ്ങനെ കിട്ടാതെ പോയ റണ്‍സ് എത്ര ! സച്ചിന് ലോക ക്രിക്കറ്റിന് നല്കിയ സംഭാവനകളില്‍ ആയിരകണക്കിന് വരുന്ന റണ്ണുകളും പെരുകി വരുന്ന സെഞ്ച്വറികളും അതുവഴി ജന്മം കൊണ്ട റെക്കോര്‍ഡുകളും മാത്രമല്ല. ക്രിക്കറ്റിന്രെ പുസ്തകത്തില്‍ അതുവരെ ഇല്ലാതിരുന്ന ചില ഷോട്ടുകള്‍ കൂടിയാണ്. പാഡ്ല്‍ സ്വീപും സ്ലിപ്പിന് മുകളിലൂടെ പറക്കുന്ന ലാഡര്‍ ഷോട്ടും ഉള്‍പ്പെടെയുള്ള പുത്തന്‍ ഷോട്ടുകല്‍ കൂടിയാണ്. ഈ ഷോട്ടുകള്‍ സച്ചിന് മുമ്പും ചിലരൊക്കെ അപൂര്‍വമായി കളിച്ചിരിക്കാം. എന്നാല്‍ നിരന്തരം ആ ഷോട്ടുകള്‍ വിജയകരമായി കളിച്ച് അവക്ക് ഒരു ക്രിക്കറ്റിങ് ഷോട്ടെന്ന നിലയില്‍ അംഗീകാരം നേടി കൊടുത്തത് ചസ്സിനാണ്. ഇതെല്ലാം അപൂര്‍വ പ്രതിഭകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ആദ്യമേ പറഞ്ഞു, സച്ചിന് ഗാവസ്കറേക്കാള്‍ കേമനാണെന്ന് സ്ഥാപിക്കാനല്ല ഇത്രയും എഴുതിയത്. ഗാവസ്കര്‍ ഗാവസ്കറും സച്ചിന് സച്ചിനുമാണ്..........
Tuesday, July 14, 2009
ലവിങ് റാസ്ക്കല്‍...
മെലാനിന്‍ എന്ന രാസവസ്തുവിന് ലോകചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. കാരണം ലളിതം, മനുഷ്യരുടെ തൊലിയുടെ നിറം നിര്‍ണയിക്കുന്നത് മെലാനിനാണ്. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യകുലത്തില്‍ പ്രാഥമിക വിഭജനം നടന്നത്. വെളുത്ത തൊലിക്കാരന്‍ കുലീനനായി സ്വയം പ്രഖ്യാപിച്ചു. കറുത്തവനെ കീഴടക്കാനും ഭരിക്കാനും തുടങ്ങി. നൂറ്റാണ്ടുകളും യുഗങ്ങളും ഏറെ കഴിഞ്ഞിട്ടും മനുഷ്യസംസ്കാരം ഏറെ പരിണാമങ്ങള്‍ക്ക് വിധേയമായിട്ടും കറുത്തവന്റെ അസ്പൃശ്യത മാറ്റമില്ലാതെ തുടരുന്നുവെന്നത് ലോകത്തെ രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യം വരും. ബരാക് ഒബാമ യു എസ് പ്രസിഡന്റായി എന്നത് വലിയ അതിശയത്തോടെ തന്നെ വീക്ഷിക്കേണ്ടി വരുന്നു. ബരാക് ഒബാമ കറുത്തവനായ പിതാവില്‍ വെള്ളക്കാരിയായ മാതാവിന് പിറന്ന, വെളുത്തവന്റെ സാംസ്കാരിക ഭൂമികയില്‍ ഉരുവം കൊണ്ട ഒരു രാഷ്ട്രീയ നേതാവാണ്. കറുത്തവന്റെ പ്രതിനിധിയെന്ന് അയാളെ വിശേഷിപ്പിക്കുന്നതില്‍ എത്രത്തോളം സാംഗത്യമുണ്ടെന്നും സംശയിക്കണം. കായിക രംഗത്ത് കറുത്തവനോടുള്ള വിവേചനവും അവജ്ഞാപ്രകടനങ്ങളും ഇന്നും ശക്തമായി തുടരുന്നു. മുഹമദ് അലി, ജെസ്സി ഓവന്‍സ് തുടങ്ങിയ മഹാരഥന്മാര്ക്ക് പോലും വര്‍ണവെറിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും അധികം പണമൊഴുകുന്ന യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗില്‍ തിയറി ഹെന്റിയും സാമുവല്‍ എറ്റൂവും ഉള്‍പ്പെട്ട `കറുത്ത താരങ്ങള്‍ക്ക്' നേരിടേണ്ടി വരുന്ന അപമാനവും ഭീഷണികളും വാര്‍ത്തയാവുന്നു. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ നിന്ന് വര്‍ണവെറിയെ ഉഛാടനം ചെയ്യാന്‍ ഐ. സി. സി. (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ) ഏറെ യത്നിച്ചിരുന്നു. വെളുത്ത വര്ഗ്ഗക്കാരന്റെ ന്യൂനപക്ഷ ഭരണകൂടത്തിനോടുള്ള എതിപ്പ് പ്രകടമാക്കുന്നതിന് വേണ്ടി കായികലോകത്ത് നിന്ന് ദക്ഷിണാഫ്രിക്കയെ അകറ്റി നിര്‍ത്താനുള്ള തീരുമാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ കായിക സംഘടനയാണ് ഐ. സി. സി. പക്ഷെ, അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് വെള്ളക്കാരായ കാണികളില്‍ നിന്ന് അവജ്ഞയും അപമാനവും നേരിടേണ്ടി വന്ന സംഭവങ്ങള്‍ എത്രയോ ഉണ്ട്. വെസ്റ്റിന്‍ഡ്യന്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിനുണ്ടായ തിക്താനുഭവങ്ങള്‍ അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇന്ന് ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നത് ഓസ്ട്രേലിയയുടെ പ്രതിഭാധനനായ ആള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സിന്റെ ക്രിക്കറ്റ് കരിയര്‍ അകാലത്തില്‍ അവസാനിക്കുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ പെരുമാറ്റ ദൂഷ്യത്തിന്റേയും അച്ചടക്കമില്ലായ്മയുടേയും പേരില്‍ സൈമണ്ടിനെതിരെ നടപടിയെടുത്തിരിക്കുന്നു. ട്വന്റി-20 ലോകകപ്പിന് പോയ ഓസീസ് ടീമില്‍ അംഗമായിരുന്ന സൈമണ്ട്സിനെ ഇടക്ക് വെച്ച് നാട്ടിലേക്ക് തിരിച്ചയച്ചു. ഇപ്പോള്‍ സൈമണ്ട്സുമായുള്ള കരാര്‍ റദ്ദാക്കാന്‍ അവര്‍ തുനിയുകയാണ്. ആന്‍ഡ്രൂ ഇതിന് മുമ്പും കളിക്കളത്തിനകത്തും പുറത്തുമുള്ള സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങുമായി ഗ്രൗണ്ടില്‍ വെച്ച് സൈമണ്ട്സ് ഉടക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ ഓര്‍ക്കുക. സത്യത്തില്‍ അങ്ങനെയൊരു കുഴപ്പക്കാരനോണോ സൈമണ്ട്സ്? അല്ലെങ്കില്‍ സൈമണ്ട്സിനെ മാന്യന്മാരുടെ കളിയിലെ `റിബല്‍' ആക്കി തീര്‍ത്ത പശ്ചാത്തലമെന്താണ്? സൈമണ്ട്സ് എന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ, മനുഷ്യന്റെ കടുത്ത ആരാധകനായി മാറിപ്പോയ ഒരു വ്യക്തിയാണ് ഇതെഴുതുന്നത് എന്നകാര്യം ദയവായി വിസ്മരിക്കുക. വെസ്റ്റിന്‍ഡീസുകാരനായ പിതാവും ഇംഗ്ലീഷുകാരിയായ മാതാവുമാണ് ആന്‍ഡ്രൂവിന്. ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന് ഓസ്ട്രേലിയയിലേക്ക് മാറിയ, ക്രിക്കറ്റിനു വേണ്ടി ജീവതമര്‍പ്പിച്ച മനുഷ്യന്. ആധുനിക സമൂഹത്തില്‍ വര്‍ണവെറി ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്ന സവര്‍ണ യാഥാസ്തിതികരുള്ളത് ഓസട്രേലിയയിലാണ്. തന്റെ ജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന ചീത്ത അനുഭവങ്ങളാണ് സൈമണ്ട്സിന്റെ റിബല്‍ വ്യക്തിത്വത്തിന് പിന്നില്‍. കാണികളുടെ കുരങ്ങന് വിളികളും അപഹസിക്കുന്ന അംഗവിക്ഷേപങ്ങളും സൈമണ്ട്സിന് എത്രയോ നേരിടേണ്ടി വന്നിരുന്നു. ഹര്ഭജന് സിങ് ഗ്രൗണ്ടില്‍ വെച്ച് മങ്കി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് സൈമണ്ട്സ് പരാതിപ്പെട്ടപ്പോള്‍ അന്വേഷണത്തിനൊടുവില്‍ അധികൃതര്‍ ഹര്‍ഭജനെ കുറ്റ വിമുക്തനാക്കി. മങ്കി എന്നല്ല ഹിന്ദിയില്‍ `മാ കീ' എന്നാണ് ഹര്ഭജന് വിളിച്ചതെന്നായിരുന്നു ഇന്ത്യന്‍ ടീമംഗങ്ങളുടെ ന്യായം. ഇതൊരു നല്ല പ്രയോഗമാണെന്നോ അല്ലെങ്കില്‍ സൈമണ്ട്സ് കള്ളം പറയുകയാണന്നോ ആവണം ഇവിടെ വിവക്ഷ. ഏതായാലും ഈ സംഭവം സൈമണ്ട്സിനെ ഏറെ വേദനിപ്പിച്ചിരുന്നു. തനിക്ക് വേണ്ടി ക്രിക്കറ്റ് ഓസ്ട്രേലിയ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന പരാതിയും ഉണ്ടായിരുന്നു. മുമ്പും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണമുണ്ടാവുകയും ശിക്ഷ നേരിടുകയും ചെയ്തുട്ടുണ്ട്. ഷെയ്ന് വോണിനേയും റിക്കി പോണ്ടിങ്ങിനേയും പോലുള്ള തലതെറിച്ച ക്രിക്കറ്റര്‍മാരെ നേര്‍വഴിക്ക് കൊണ്ടുവന്ന ചരിത്രമുണ്ട് ക്രിക്കറ്റ് ഓസ്ട്രലിയക്ക്. അതിന് വേണ്ടി അവര്‍ നടത്തിയ പരിശ്രമമോ വിട്ടുവീഴ്ചയോ സെമണ്ട്സിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയാല്‍ കുറ്റം പറയാനാവില്ല. ലോകോത്തര ലെഗ്സ്പിന്നറായി മാറിയ ഷെയ്ന് വോണ്‍ തന്റെ യൗവ്വനത്തില്‍ തികഞ്ഞ തെമ്മാടിയായിരുന്നു. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം വോണിന്റെ കരിയര്‍ അവസാനിക്കുമെന്ന് തോന്നിച്ചപ്പോള്‍ വോണിനെ മെരുക്കിയെടുക്കാനും നേര്‍വഴിക്ക് നടത്താനും ടെറി ജെന്നര്‍ എന്ന് പ്രഗല്ഭ പരിശീലകനെ ക്രിക്കറ്റ് ഓസ്ട്രേലിയ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ജെന്നറാണ് പിന്നീട് വോണിനെ സംസ്കരിച്ചെടുത്തത്. പോണ്ടിങിന്റെ കാര്യത്തിലും സമാനമായ നടപടികള്‍ ഉണ്ടായി. ഇവരെ പോലെ പ്രതിഭാധനനാണ് സൈമോ. പക്ഷെ സൈമണ്ട്സിന്റെ കാര്യത്തില്‍ ഇത്തരം ഉദ്യമങ്ങളൊന്നും ഉണ്ടായില്ല. തൊലിയുടെ നിറം ഇതിലൊരു ഘടകമല്ലെന്ന് എങ്ങിനെ പറയാനാവും? സൈമണ്ട്സിന്റെ തെമ്മാടിത്തങ്ങളെ കുറിച്ച് ഇപ്പോള്‍ വര്‍ണവെറിയന്‍മാരുടേതായ വെബ് സൈറ്റുകളിലും ബ്ലോഗുകളിലും വരുന്ന റിപ്പോര്‍ട്ടുകളും അഭിപ്രായപ്രകടനങ്ങളും ഏതൊരു ക്രിക്കറ്റ് പ്രേമിയേയും വേദനിപ്പിക്കുന്നതാണ്. സൈമോയുടെ സ്വഭാവത്തേയും കളിയേയും മാത്രമല്ല അദ്ദേഹത്തിന്റെ ജന്മത്തെ വരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും കറുത്ത തമാശകളും. ഇതെല്ലാം കാണുമ്പോള്‍ മൂന്നു വര്‍ഷം മുമ്പ് സൈമണ്ട്സുമായി നടത്തിയ കൂടികാഴ്ച്ചയെ കുറിച്ച് ഓര്‍ത്തു പോവുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏതുതരം വ്യക്തിയാണ് സൈമോ എന്ന് വ്യക്തമാക്കപ്പെടുകയും അദ്ദേഹത്തോടുള്ള ഇഷ്ടം ഇരട്ടിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു അത്. 2006 ഒക്ടോബര്‍ മാസം ഐ. സി. സി. ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മൊഹാലിയില്‍ പോയതായിരുന്നു. ഒരു മാസത്തോളം മൊഹാലിയില്‍ താമസിക്കണം. ചണ്ഡീഗഡില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചെറു പട്ടണമാണ് മൊഹാലി. അവിടുത്തെ സ്റ്റേഡിയത്തിനടുത്ത് രണ്ടു മൂന്ന് ഹോട്ടലുകളേയുള്ളൂ. അവിടുത്തെ മുറികളെല്ലാം ഇന്ത്യയുടെ മാച്ചുകള്‍ നടക്കുന്നത് കൊണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടിരുന്നു. വളരെ വിഷമിച്ചാണ് ഒരു റൂം കിട്ടിയത്. അപ്പോഴേ പറഞ്ഞിരുന്നു, ബുക്ക് ചെയ്തു വെച്ചവര്‍ വന്നാല്‍ ഒഴിയേണ്ടി വരും. ഇന്ത്യ-ഓസീസ് മല്‍സരത്തിന് രണ്ടു ദിവസം മുമ്പ് റിസപ്ഷണിസ്റ്റ് പറഞ്ഞു, "നാളെ മുറി ഒഴിഞ്ഞു കിട്ടണം." ശരിക്കും വെട്ടിലായി. മറ്റെവിടെയും മുറി കിട്ടാനില്ല. ഹോട്ടലിന്റെ ഉടമയെ കണ്ട് ഒന്നു കൂടി അപേക്ഷിച്ചു നോക്കി. അപ്പോള്‍ അയാള്‍ വിചിത്രമായൊരു ഡിമാന്റ് വെച്ചു: ഇന്ത്യ-ഓസീസ് മല്‍സരം കാണാന്‍ രണ്ട് വി. ഐ. പി. ടിക്കറ്റ് വേണം . അതത്ര എളുപ്പമല്ല. അപ്പോള്‍ മൊഹാലിയില്‍ ഏറ്റവും വിലപിടിച്ച വസ്തുവാണത്. മാച്ചിന്റെ ടിക്കറ്റുകള്‍ എത്രയോ ദിവസം മുമ്പേ വിറ്റു തീര്‍ന്നിരിക്കുന്നു... അന്നു വൈകുന്നേരം ഓസീസ് ടീമിന്റെ പരിശീലനമുണ്ട്. ഏതെങ്കിലും ഓസീസ് താരത്തിന്റെ ഇന്റര്‍വ്യൂ തരപ്പെടുമോയെന്ന പ്രതീക്ഷയിലാണ് ഗ്രൗണ്ടില്‍ പോയത്. രക്ഷയില്ല. താരങ്ങള്‍ മീഡിയക്ക് മുഖം കൊടുക്കുന്നില്ല. അപ്പോള്‍ സൈമോ ട്രെയ്നിങ് അവസാനിപ്പിച്ച് പുറത്തേക്ക് വരുന്നു. മുന്നോട്ട് ചെന്ന് ാെന്നു മുട്ടിനോക്കി. `മാച്ചിന്റെ മുമ്പുള്ള ദിവസങ്ങളില്‍ മീഡിയയെ കാണുന്നതില്‍ വിലക്കുണ്ട് സുഹൃത്തേ', സൈമണ്ട്സ് പറഞ്ഞു. ഒന്നുകൂടി നിര്‍ബന്ധിച്ചപ്പോള്‍, ടീമിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കരുതെന്ന നിബന്ധനയില്‍ വൈകുന്നേരം മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. താജ് ഹോട്ടലിലെ സൈമോയുടെ മുറി തേടിപിടിച്ച് ചെല്ലുമ്പോള്‍ ടി.വി.യില്‍ വെസ്റ്റിന്‍ഡീസിന്റെ ഒരു മാച്ച് ലൈവ് കണ്ടു കൊണ്ടിരിക്കുകയാണ് സൈമോ. ഹൃദയം തുറന്ന ഒരു ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. ശരിക്കും അദ്ദേഹം എന്നെ വിസ്മയിപ്പിച്ചു. നിഷ്ക്കലങ്കമായ പെരുമാറ്റം. താരജാഡയില്‍ മതിമറന്ന് മറ്റുള്ളവരെ അവഗണിക്കുന്ന ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒരു അപവാദമാണ് സൈമോയെന്ന് പെട്ടെന്ന് ബോധ്യം വരാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇന്ത്യയെ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുവെന്നും ഇവിടുത്തെ കാഴ്ചകളും റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകളും എല്ലാം ക്യാമറയിലും ഹൃദയത്തിലും പകര്‍ത്തിവെക്കാറുണ്ടെന്നും സൈമോ പറഞ്ഞു. എന്നിലെ ആരാധകന് ഉണര്‍ന്നു. ഞാന്‍ മടിച്ചു കൊണ്ട് പറഞ്ഞു, " സൈമോയുടെ ചുരുണ്ടുകിടക്കുന്ന മുടിചുരുള്‍ ഒന്നു തൊട്ടുനോക്കണം. വലിയൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ഞാന്‍ നന്നായൊന്ന് മുടിയില്‍ പിടിച്ചു വലിച്ചു. ഒപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത് ക്യാമറയില്‍ ആ രംഗം പകര്‍ത്തിയപ്പോള്‍ സൈമോയുടെ കമന്റ് " ഒരു കോപ്പി എനിക്കും വേണം." ഒരു മണിക്കൂറിലധികം സൈമോ എനിക്കു വേണ്ടി ചിലവഴിച്ചു. തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതൊരു ചോദ്യം, " നിങ്ങള്‍ക്ക് ഞാന്‍ എന്താണ് തരേണ്ടത്?" പെട്ടെന്ന് തന്നെ ഞാന്‍ പറഞ്ഞു, ഇന്ത്യ-ഓസീസ് മാച്ചിന്റെ രണ്ട് ടിക്കറ്റ്. വീണ്ടും പൊട്ടിച്ചിരി. കളിക്കാര്‍ക്ക് മാത്രം കിട്ടുന്ന നാല് വി ഐ പി പാസുകള്‍ എടുത്ത് കൈയില്‍ തന്നു. അടുത്ത ദിവസം ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ ചെറുപ്പക്കാരനായ ഉടമ തന്റെ കാമുകിക്കൊപ്പം വി ഐ പി ബോക്സിലിരുന്ന് ഇന്ത്യയുടെ മാച്ച് കണ്ടു, ആ ദിവസം മുതല്‍ എനിക്ക് ഹോട്ടലില്‍ ബ്രെയ്ക്ക്ഫാസ്റ്റ് ഫ്രീ..... എല്ലാം സൈമോയുടെ ചിലവില്‍. ഈ സൈമോ എങ്ങനെ തെമ്മാടിയാവും?
Saturday, July 11, 2009
ശ്രീക്ക് ഇരിക്കപിണ്ഡമോ ?

ശാന്തകുമാരന്‍ ശ്രീശാന്ത് ചെയ്ത തെറ്റെന്താണ്? ആലോചിച്ച് നോക്കിയാല്‍ കുറേ കാര്യങ്ങള്‍ ചൂണ്ടികാണിക്കാനുണ്ടാവും. കളിക്കളത്തിനകത്ത് അതിരുകടന്ന രീതിയില്‍ അഗ്രഷന് പ്രകടമാക്കുന്നു, സംസാരത്തില്‍ പക്വതയില്ല, അച്ചടക്കമില്ല അങ്ങനെ പലതും. എന്നാല്‍ ഈ കാരണങ്ങള്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ശ്രീയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമാവണോ? അല്ലെങ്കില്‍ ഈ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഇന്ത്യയില്‍ ഇന്നുള്ള ഏക ക്രിക്കറ്ററാണോ ശ്രീ ? അച്ചടക്കമില്ല എന്ന കുറ്റം ആരോപിക്കപ്പെടാത്ത ഒരു ക്രിക്കറ്റര്‍ പോലും ഇന്ന് ഇന്ത്യന്‍ ടീമിലില്ല. പ്രധാന മല്‍സരങ്ങളുടെ തലേന്ന് തെരുവിലും നൈറ്റ് ക്ലബ്ബുകളിലും അലഞ്ഞു തിരിഞ്ഞതിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ നമ്മുടെ സൂപ്പര്‍ ക്രിക്കറ്റര്‍മാരുടെ ഒരു നിര തന്നെയുണ്ട്. ടീം മാനേജ്മെന്റ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് നല്കിയ റിപ്പോര്‍ട്ടില്‍ അവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെച്ചിരുന്നു. പരിക്ക് ഒളിപ്പിച്ച് വെച്ച് ടീമില്‍ ഇടം നേടുകയും നിര്‍ണായക മല്‍സരത്തില്‍ കളിക്കാനാവാതെ വരികയും ചെയ്ത സംഭവങ്ങള്‍ വിരളമല്ല. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ സെവാഗിന്റെ പേരില്‍ ഈ കറ്റം ആരോപിക്കപ്പെടുകയും ക്യാപ്റ്റന്‍ ധോനി അത് പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു. കളിക്കളത്തിനകത്തെ പെരുമാറ്റത്തിന്റെ പേരില്‍ സമീപ കാലത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ് ഹര്ബജന് സിങ്ങും പ്രവീണ്‍ കുമാറും എല്ലാം. ഇന്ത്യന്‍ ടീമിലെ ആഭ്യന്തര കലഹത്തെ കുറിച്ച് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട കളിക്കാരെയാരെയും അതിന്റെ പേരില്‍ ദീര്‍ഘ കാലത്തേക്ക് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. പക്ഷെ, ശ്രീക്ക് ഇന്ത്യന്‍ ടീമിന്റെ മേലാളന്മാര് ദീര്‍ഘ കാലത്തേക്ക് ഊരു വിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്ന് ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി പ്രഖ്യാപിക്കപ്പെട്ട 30 അംഗ സാധ്യതാ പട്ടികയും വ്യക്തമാക്കുന്നു. ഇന്ത്യയിലെ മികച്ച 30 ക്രിക്കറ്റര്‍മാരില്‍ ഇപ്പോള്‍ ശ്രീക്ക് സ്ഥാനമില്ലെന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്. 2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശ്രീ. അതിന് ശേഷം ബംഗ്ലാദേശില്‍ ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രീക്കതില്‍ സ്ഥാനമുണ്ടായിരുന്നു. പരിക്കു കാരണം അന്ന് ശ്രീ ടീമില്‍ നിന്ന് പിന്മാറി. പിന്നീട് ഫിറ്റ്നസ് വീണ്ടെടുത്ത ശ്രീ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും ഇക്കഴിഞ്ഞ ഐ പി എല്ലിലും കളിച്ചു. ഐ പി എല്ലില്‍ ശ്രീയുടെ പ്രകടനം ഒട്ടും മോശമായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മാച്ചില്‍ ധോനിയെ ക്ലീന്‍ ബൗള്‍ ചെയ്ത ഒറ്റ പന്ത് മതി ശ്രീയുടെ ഫോം മങ്ങിയിട്ടില്ലെന്ന് തെളിയിക്കാന്‍. ശ്രീയെ പോലെ ആവശ്യാനുസരണം വ്യത്യസ്ഥമായ ഡെലിവറികള്‍ എറിയാന്‍ മിടുക്കുള്ള വേറൊരു പേസ് ബൗളര്‍ ഇന്ത്യയിലില്ലെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് വിശാരദന്മാര് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അല്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ പേസ് ബൗളറാണ് ശ്രീയെന്ന് അവരില്‍ ബഹു ഭൂരിപക്ഷവും അംഗീകരിക്കുന്നു. പന്ത് നിരന്തരം സീമില്‍ തന്നെ പിച്ച്ചെയ്യിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു പേസ്ബൗളര്‍ ലോകക്രിക്കറ്റില്‍ തന്നെ വിരളമാണ്. ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതല്ല ശ്രീ. പരിക്ക് കാരണം മാറി നിന്നതായിരുന്നു. അങ്ങനെയുള്ള ക്രിക്കറ്റര്‍ക്ക് പരിക്ക് ഭേദമായാല്‍ ഒരവസരം നല്‍കുകയെന്നത് സാമാന്യ മര്യാദയാണ്. പരിക്കുകളുടെ ഇടവേളക്ക് ശേഷം താരങ്ങള്‍ സ്വയം ഫിറ്റ്നസ് പ്രഖ്യാപിച്ച് ടീമില്‍ തിരിച്ചുവരുന്നത് ഇന്ത്യന്‍ ടീമില്‍ സര്‍വസാധാരണമാണ്. ശ്രീശാന്തിനോട് അത്തരം ഔദാര്യമൊന്നും കാട്ടേണ്ട. എന്നാല്‍ ഇന്ത്യക്ക് വേണ്ടി നേട്ടങ്ങള്‍ കൊയ്ത, മല്‍സരങ്ങള്‍ ജയിച്ച ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ക്ക് ഫിറ്റ്നസ് തെളിയിക്കാന്‍ അവസരം നല്‍കുകയും ടീമിലേക്ക് പരിഗണിക്കുകയും ചെയ്യേണ്ടതല്ലേ ? ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും , പരിഗണിക്കുകയെങ്കിലും ചെയ്താല്‍ മതിയായിരുന്നു. ടീം സെലക്ഷന് ശേഷം ടീമില്‍ ഇടം പിടിക്കാത്ത കളിക്കാരെ കുറിച്ച് സെലക്റ്റര്‍മാര്‍ ടീം പ്രഖ്യാപന വേളയില്‍ രണ്ടു വാക്കു പറയാറുണ്ട്. ഭാവിയിലെങ്കിലും ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ആ താരത്തിന് നല്‍കാനും, അതുവഴി അയാള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ആ നല്ല വാക്കുകള്‍ ഉതകും. ശ്രീയുടെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല. ടീം സെലക്ഷന് വേളയില്‍ സ്വാധീനിക്കുന്ന ലോബികളെ കുറിച്ച് ഒരുപാട് പറഞ്ഞുകേള്‍ക്കാറുണ്ട്. മുംബൈ ലോബി, നോര്‍ത്ത്ഇന്ത്യന്‍ ലോബി, കൊല്‍ക്കത്ത ലോബി എന്നിങ്ങനെ അതാതുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ സ്വാധീനമുള്ള ആളുകളുടെ ഉപജാപവൃന്ദങ്ങള്‍ സെലക്ഷനില്‍ സ്വാധീനം ചെലുത്തുന്നുവെന്നത് ഇന്ന് ഒരു രഹസ്യമല്ല. അങ്ങനെയുള്ള ലോബികള്‍ വഴി ടീമില്‍ കളിക്കാര്‍ എത്തുന്നത് സഹിക്കാം. പക്ഷെ ഇത്തരം ലോബികളുടെ പിന്തുണയില്ലാതെ ഒരു കളിക്കാരനും ടീമില്‍ എത്താനാവില്ലെന്ന് വന്നാലോ ? ശ്രീയുടെ കാര്യത്തില്‍ അതല്ലേ സംഭവിക്കുന്നത് ? ശ്രീക്ക് വേണ്ടി സെലക്ഷന് കമ്മിറ്റിയിലോ, ക്രിക്കറ്റ് ബോര്‍ഡിലോ സംസാരിക്കാന്‍ ആരുമില്ല. കേരളാക്രിക്കറ്റ് അസോസിയേഷനന്റെ ഭാരവാഹികള്‍ക്ക് അതിനുള്ള കഴിവില്ല, അല്ലെങ്കില്‍ അവര്‍ക്കതില്‍ താല്പര്യമില്ല. സമുദായത്തിലെ നിയമങ്ങള്‍ ലംഘിക്കുന്നവരെ പടിയടച്ച് പിണ്ഡം വെക്കുന്ന പതിവ് പഴയകാലത്ത് കേരളത്തിലുണ്ടായിരുന്നു (ഇന്നും അപൂര്‍വമായെങ്കിലും അതുണ്ട്.) ജീവിച്ചിരിക്കെ പിണ്ഡം വെക്കുന്ന ആ രീതിക്ക് ഇരിക്കപിണ്ഡമെന്നാണ് പേര്. ഫോം നഷ്ടപ്പെട്ടിട്ടില്ലാത്ത, കളിയില്‍ നിന്ന് വിരമിച്ചിട്ടില്ലാത്ത യുവക്രിക്കറ്റര്‍ക്ക്് ഭ്രഷ്ട് കല്‍പ്പിക്കുന്നത് ഇരിക്കപിണ്ഡം തന്നെയല്ലേ. ഹേമങ് ബദാനിയേയും അജയ് രാത്രയേയും പോലുള്ള കളിക്കാര്‍ക്ക് മുമ്പങ്ങിനെ സംഭവിച്ചിരുന്നു. പക്ഷെ അതൊന്നും ശ്രീശാന്തിന്റെ അനുഭവത്തോളം കഠിനമല്ല. ടെസ്റ്റിലും ഏകദിനത്തിലും ശ്രീശാന്തിന്റെ റെക്കോര്‍ഡും നിലവിലെ ഫോമും പരിഗമിക്കുമ്പോള്‍ ഇത് ഇരിക്കപിണ്ഡത്തേക്കാള്‍ പ്രാകൃതമായ ശിക്ഷയാണ്.രസകരമായ ഒരു വസ്തുത. പ്രഥമ ഐ പി എല്ലിലെ ഒരു മല്‍സര ശേഷം തോറ്റ ടീമിലെ കളിക്കാരനായ ഹര്ഭജന് സിങ് ജയിച്ച ടീമിലെ കളിക്കാരനായ ശ്രീശാന്തിന്റെ കരണത്തടിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയൊരു സംഭവം മറ്റേതെങ്കിലും രാജ്യത്തെ ക്രിക്കറ്റ് മാച്ചിനിടയിലോ മറ്റേതെങ്കിലും ഗെയ്മിലോ ആയിരുന്നു സംഭവിച്ചതെങ്കില്‍ പിന്നീട് അടിച്ച കളിക്കാരന് ഗ്രൗണ്ടിലിറങ്ങില്ല. അയാള്‍ക്ക് ആജീവന കാല വിലക്ക് തന്നെ വന്നേനേ. പക്ഷെ ഇവിടെ സംഭവിച്ചതോ, ഹര്ബജന് ആ വര്‍ഷത്തേക്ക് ഐ പി എല്ലില്‍ വിലക്ക് വന്നു. പക്ഷെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ ബാധിച്ചില്ല. അയാള്‍ തുടരെ ഇന്ത്യക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. അയാള്‍ക്ക് പത്മശ്രീ നല്കാന് ക്രിക്കറ്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. പത്മ അവാര്‍ഡ് നല്കി രാജ്യം സിങ്ങിനെ ആദരിച്ചു. ശ്രീയാവട്ടെ പിന്നീട് ഇന്നുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. കാരണം ലളിതം, ഇത് ഇന്ത്യന്‍ ക്രിക്കറ്റാണ്.....
Subscribe to:
Posts (Atom)