
കലാകാരന് അഥവാ സാഹിത്യകാരന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണോയെന്നത് ഏറെ പഴക്കമുള്ള ചോദ്യമാണ്. ഓരോ കലാസൃഷ്ടിയും ഒരോ ഉല്‍പ്പന്നമാണെന്നും അത് സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും സന്ദേശം നല്‍കുന്നതാവണം എന്നുമുള്ള മാര്‍ക്‌സിയന്‍ കാഴ്‌പ്പാടില്‍ നിന്നാണ് ഇങ്ങനെയൊരു ചോദ്യമുല്‍ഭവിച്ചത്. മറിച്ച് ഒരു സന്ദേശം നല്‍കുന്നതിന് വേണ്ടി കലാസൃഷ്ടിയെ രൂപപ്പെടുത്തുമ്പോള്‍ അത് സൗന്ദര്യതലത്തില്‍ പരാജയമാവുന്നുവെന്നും അതുകൊണ്ട് അതിന് വേണ്ടി ബോധപൂര്‍വം ശ്രമിക്കേണ്ടതില്ലെന്നും, കല കലയ്‌ക്കു വേണ്ടിയെന്ന മുദ്രാവാക്യമുയര്‍ത്തിയ ശുദ്ധകലാവാദികളും വാദിച്ചിരുന്നു. ഇവരുടെ വാദങ്ങള്‍ക്കാണ് പില്‍കാലത്ത് പ്രാമുഖ്യം ലഭിച്ചത്. എന്നാല്‍ കലാസൃഷ്ടിക്ക് പ്രകടമായ സാമൂഹിക പ്രതിബദ്ധതയില്ലെങ്കിലും കലാകാരന് അത് ആവശ്യമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ വയ്യ. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാകാരന്‍മാര്‍ സാഹോദര്യം, സഹിഷ്‌ണുത, വര്‍ഗ്ഗസമത്വം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മാതൃക കാണിക്കുകയും ചെയ്യണമെന്നതില്‍ തര്‍ക്കമില്ല താനും. ആ കാര്യങ്ങള്‍ കായിക രംഗത്തും ഇന്ന് ഏറെ പ്രസക്തമാണ്. കായിക താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവും വിധം മല്‍സരിക്കുകയും ജീവിക്കുകയും വേണമെന്നത് ഒളിമ്പിക്‌സ് പോലുള്ള മഹാപ്രസ്ഥാനങ്ങളും കായിക സംഘടനകളും ഉദ്‌ഘോഷിക്കുന്നുണ്ട് . കളിക്കളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന ഉത്തേജക മരുന്നുകള്‍ വിലക്കപ്പെട്ടതും ഇങ്ങനെയുള്ള ചില സദാചാര ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. കൃത്രിമമായി കായിക താരങ്ങളുടെ പ്രകടന മികവ് വര്‍ദ്ധിപ്പിക്കുന്നുവെന്നത് മാത്രമല്ല ഉത്തേജക മരുന്നുകളുടെ ദൂഷ്യം. അത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിന്, ആയുസ്സിന് ഭീഷമിയാവുന്നു എന്നത് കൂടിയാണ്. ഉത്തേജക മരുന്നുകള്‍ക്ക് ഇരയായ അമേരിക്കന്‍ അത്‌ലറ്റ് ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നറെ പോലുള്ളവരുടെ ദുരന്തം നമുക്ക് മുന്നിലുണ്ട്. ലോകത്തെ സര്‍വ കായിക ഇനങ്ങളിലും ഉത്തേജക മരുന്നിന്റെ ഉപഭോഗം തടയാനുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടു വന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന മാത്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഏറെ വൈകിയാണ് അവര്‍ കണ്ണുതുറന്നത്. ക്രിക്കറ്റിന് സാര്‍വദേശീയ അംഗീകാരം നേടിയെടുക്കാനും അതുവഴി ഒളിമ്പിക്‌സ് പോലുള്ള ലോക കായിക മേളകളില്‍ മല്‍സര ഇനമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്രിക്കറ്റര്‍മാരെ ഡോപ് ടെസ്റ്റിന് വിധേയരാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) തുനിഞ്ഞത്.ആ പതിവ് ആരംഭിച്ച് അധികം കഴിയും മുമ്പെ തന്നെ അതി പ്രശസ്‌തരായ ക്രിക്കറ്റര്‍മാര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുകയും ചെയ്‌തു. ആദ്യം പിടിക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണായിരുന്നു. അതോടെ ക്രിക്കറ്റില്‍ കാര്യങ്ങള്‍ നമ്മള്‍ കരുതിയത് പോലെ അത്ര ക്ലീന്‍ അല്ലെന്ന് ലോകത്തിന് ബോധ്യം വന്നു. പിന്നീട് പാകിസ്‌താന്റെ ഫാസ്റ്റ് ബൗളര്‍മാരായ ഷോയിബ് അക്തറും മുഹമദ് ആസിഫും കുരുങ്ങിയതോടെ കാര്യങ്ങള്‍ കുറേകൂടി വ്യക്തമാവുകയായിരുന്നു. ക്രിക്കറ്റ് ഒരു പവര്‍ ഗെയിമല്ലെന്നും സാങ്കേതികതയില്‍ ഊന്നിയുള്ള കളിയാണെന്നതു കൊണ്ട് ഉത്തേജക മരുന്നു കൊണ്ട് എന്തു പ്രയോജനമാണ് ക്രിക്കറ്റില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്നായിരുന്നു അതുവരെ ക്രിക്കറ്റര്‍മാര്‍ വാദിച്ചിരുന്നത്. എന്നാല്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം കൊണ്ട് പവറും സ്റ്റാമിനയും കൃത്രിമമായി വര്‍ധിപ്പിക്കുക മാത്രമല്ല മാനസിക സമ്മര്‍ദ്ധത്തെ അതിജീവിക്കാനും കഴിയുമെന്ന്‌് വ്യക്തമായതോടെ ചെസ്സില്‍ പോലും ഡോപ്‌ടെസ്റ്റ് ആവശ്യമായി വന്നിരിക്കുകയാണ്. അന്താരാഷ്ട്ര ചെസ് സംഘടന, ഫിഡെയും ചെസ് താരങ്ങളും ഡോപ് ടെസ്റ്റുമായി സഹകരിക്കുകയും ചെയ്യുന്നു. വോണും അക്തറും മറ്റും പിടിക്കപ്പെട്ടത് ക്രിക്കറ്റിനെ ഉത്തേജക വിമുക്തമാക്കാന്‍ കൂടുതല്‍ ഗൗരവതരമായ നടപടികള്‍ ആവശ്യമാണെന്നും തെളിയിക്കുന്നു. ഈ വസ്‌തുതകള്‍ പരിഗണിച്ചു വേണം വേള്‍ഡ് ആന്റി ഡോപ്പിങ് അതേറിറ്റി(വാഡ)യുമായി സഹകരിക്കാന്‍ തയ്യാറില്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനെ വിലയിരുത്തുന്നത്. വാഡയുടെ പരിശോധനാ സംഘം മല്‍സരങ്ങള്‍ ഇല്ലാത്ത സമയത്ത് പോലും താരങ്ങളെ തേടിയെത്തുമെന്നും അത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ വാദം. ആ നിലപാടിനോട് യോജിച്ചു കൊണ്ട് വാഡയുടെ പരിശോധനയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബി സി സി ഐ) സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യത എന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് മാത്രമുള്ളതല്ല. അവരേക്കാള്‍ എത്രയോ ഇരട്ടി പ്രതിഫലം വാങ്ങുന്ന ലോകത്തെ മുന്‍നിര ടെന്നീസ് താരങ്ങളും ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ അത്‌ലറ്റുകളും പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാരും ഇത്തരം പരിശോധനകളോട് സഹകരിക്കുന്നുണ്ട് . ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളിയായ ലോങ്‌ജംപര്‍ അഞ്‌ജു ബി ജോര്‍ജിന്റെ ഫോട്ടോ വാഡയുടെ പ്രചരണ പോസ്‌റ്ററില്‍ ഇടം പിടിച്ചിരുന്നു. വാഡയോട് ഏറ്റവും സജീവമായി സഹകരിക്കുന്ന അത്‌ലറ്റ് എന്ന നിലയിലാണ് അഞ്‌ജുവിന് ഈ ബഹുമതി(സംശയിക്കേണ്ട, ഇതൊരു ബഹുമതി തന്നെ) ലഭിച്ചത്. കായിക ലോകം ഉത്തേജക വിമുക്തമാവണമെന്നും താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവമമെന്നും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ഇവരെല്ലാം അല്‍പം ബുദ്ധിമുട്ടുകള്‍ സഹിച്ചും വാഡയുടെ പരിശോധനകളോട് സഹകരിക്കുന്നത്. ക്രിക്കറ്റിനെ ഒളിമ്പിക്‌സും കോമണ്‍വെല്‍ത്ത് ഗെയിംസും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മേളകളില്‍ ഉള്‍പ്പെടുത്തിയെടുക്കാനുള്ള ഐ സി സിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്ന രീതിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടേയും ബോര്‍ഡിന്റേയും നടപടി എന്നുകൂടി മനസ്സിലാക്കണം. മറ്റൊരു കാര്യം കൂടി. എന്തൊക്കയോ ഒളിപ്പിക്കാനുള്ളതു കൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ വാഡയുമായി സഹകരിക്കാത്തതെന്ന് കായികപ്രേമികള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
No comments:
Post a Comment