എന്തുകൊണ്ട് സച്ചിന്‍ ?
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ടീമിലെത്തിയ ക്രിക്കറ്റര്‍മാരെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവരെല്ലാം പറയുന്ന ഒരു കാര്യം ഉണ്ട്. ' സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. സച്ചിനില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. ഒപ്പം കളിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്ന പ്രോല്‍സാഹനവും പ്രചോദനവും ഏറെ വലുതാണ്.''വാചകങ്ങളില്‍ വലിയ മാറ്റമില്ലാതെ യുവ്‌രാജ് സിങ്ങും ഗൗതം ഗംഭീറും മുതല്‍ ഇര്‍ഫാന്‍ പത്താനും ശ്രീശാന്തും വരെയുള്ള ഇന്ത്യന്‍ ടീമിലെ മിക്ക കളിക്കാരും ഇത് തന്നെ പറയുന്നു. വീരേന്ദര്‍ സെവാഗ് ഒരു പടി കൂടി മുന്നോട്ട് പോയി, ' ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ കാരണം സച്ചിനാണ്. സച്ചിന്റെ കളി ടി വിയില്‍ കണ്ട്, അദ്ദേഹത്തെ അനുകരിച്ച് നടക്കുകയും സംസാരിക്കുകയും ബാറ്റ്‌ചെയ്യുകയും ചെയ്ത ഒരു പയ്യനായിരുന്നു ഞാന്‍. അങ്ങനെ അനുകരിക്കാന്‍ ശ്രമിച്ച് ഞാനുമൊരു ക്രിക്കറ്ററായി മാറുകയായിരുന്നു. '' സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മനുഷ്യന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ശേഷം ഇന്ത്യന്‍ ടീമിലും രഞ്ജി ടീമുകളിലും എത്തിപ്പെട്ട ക്രിക്കറ്റര്‍മാരോട് സംസാരിച്ചാല്‍ മതിയാവും.
സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയിട്ട് 20 വര്‍ഷം തികയുന്നു. സത്യത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം സച്ചിന് അതിന് മാത്രം പ്രായമായോ ? കുട്ടികളുടെ ശബ്ദത്തില്‍ സംസാരിക്കുന്ന, വലിയൊരു താരത്തിന്റെ പരിവേഷമോ ജാഡയോ ഇല്ലാതെ പെരുമാറുന്ന, നിഷ്‌ക്കളങ്കമായി ചിരിക്കുന്ന നമ്മുടെ സ്വന്തം പയ്യന്‍... അന്താരാഷ്ട്ര തലത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന ഇന്ത്യന്‍ കായിക താരങ്ങളെ മുഴുവന്‍ നമ്മള്‍ കുറേ കാലമായ് അളന്നു നോക്കുന്നത് സച്ചിന്‍ എന്ന അളവുകോല്‍ വെച്ചാണ്. അതുകൊണ്ടു തന്നെ അവര്‍ക്കാര്‍ക്കും അത്ര തിളക്കം തോന്നുന്നില്ല. വലിയ താരം തന്നെ, പക്ഷെ നമ്മുടെ സച്ചിനോളം പോരുമോ ? -അതാണ് പതിവ് ചോദ്യം.
എന്താണ് സച്ചിനെ വ്യത്യസ്തനാക്കുന്ന ഘടകം ? സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയ മുപ്പതിനായിരത്തിലധികം വരുന്ന റണ്ണുകളോ നൂറിനോട് അടുക്കുന്ന അന്താരാഷ്ട്ര സെഞ്ച്വറികളോ, നിരന്തരം തകര്‍ത്തു കൊണ്ടിരിക്കുന്ന റെക്കോര്‍ഡുകളോ.. എന്താവാം ? സച്ചിന്റെ കരിയറും ജീവിതവും അപഗ്രഥനം ചെയ്്തു നോക്കുമ്പോള്‍ ഇതൊന്നുമല്ലാത്ത മറ്റൊന്ന് ഉയര്‍ന്നു നില്‍ക്കുന്നതായി മനസ്സിലാവും. തന്റെ പ്രൊഫഷനോടുള്ള പ്രതിബദ്ധത. അതെ, ക്രിക്കറ്റിനോടുള്ള ആത്മ സമര്‍പ്പണം തന്നെയാണ് സച്ചിനെ വ്യത്യസ്തനാക്കുന്നത്. ചെസ്സും ബില്യാര്‍ഡ്‌സും പോലെ ശാരീരിക ക്ഷമത അനിവാര്യമല്ലാത്ത ഗെയ്മില്‍ പോലും ഇരുപത് വര്‍ഷം തുടര്‍ച്ചയായി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കുക, എന്നത് ചെറിയ കാര്യമല്ല. അപ്പോള്‍ ക്രിക്കറ്റ് പോലെ ശാരീരികവും മാനസികവുമായ ക്ഷമതയും ജാഗ്രതയും ആവശ്യമായ ഗെയ്മില്‍ ഇത്രയും കാലം കളിക്കുക, ഒരിക്കലും മോശം എന്നു പറയിപ്പിക്കാത്ത രീതിയില്‍ ടീമിനെ മുന്നോട്ട് നയിക്കുക! ഇതിനെ മഹാല്‍ഭുതം എന്നല്ലെങ്കില്‍ അമാനുഷികം എന്നേ വിശേഷിപ്പിക്കാനാവൂ.
എന്താണ് സച്ചിന്‍ ഇത്രയും കാലം ഇങ്ങനെ പരിലസിച്ചു നില്‍ക്കുന്നതിന് പിന്നിലെ രഹസ്യം എന്നു കൂടി ഈ വേളയില്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിന് എളുപ്പം കണ്ടെത്താവുന്ന കാരണം ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സച്ചിന്റെ സാങ്കേതിക മികവ് തന്നെ.
ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് മുമ്പ് ജന്‍മം കൊണ്ട ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറാണ്. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്ട്‌സ്, ഡെന്നിസ് ലില്ലി, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ അരങ്ങു തകര്‍ക്കുന്ന അതേ കാലത്താണ് സുനില്‍ ഗാവസ്‌കര്‍ ക്രിക്കറ്റ് കളിച്ചത്. പക്ഷെ ഇവര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ പോലും അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മറ്റ് ധരിക്കാതെ അതിവേഗ ബൗളര്‍മാരെ നേരിടുന്നത് അപകടമല്ലേയെന്ന ചോദ്യത്തിന് ഗാവസ്‌കര്‍ നല്‍കിയ മറുപടി രസകരമായിരുന്നു. - 'നിങ്ങള്‍ക്ക് സ്വന്തം തലയെ പന്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ വിക്കറ്റ് സംരക്ഷിക്കാന്‍ കഴിയുന്നത് എങ്ങിനെയാണ് ? ' ഇങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ സുനില്‍ ഗാവസ്‌കര്‍ക്ക് മാത്രമേ പറ്റൂ. ബാറ്റിങ്ങിലെ പ്രതിരോധ തന്ത്രങ്ങള്‍, ഡിഫന്‍സീവ് ടെക്‌നിക്കുകള്‍ അത്രത്തോളം സ്വായത്തമാക്കിയിരുന്നു സുനില്‍ എന്ന് വ്യക്തം.
ബാറ്റിങ് എന്ന കലയുടെ ആധികാരിക സ്‌കൂള്‍ ആണ് മുംബൈ. ഈ മുംബൈ സ്‌കൂളിന്റെ അക്കാലത്തെ കുറ്റമറ്റ ഉല്‍പ്പന്നമായിരുന്നു ഗാവസ്‌കര്‍. ബാറ്റിങ്ങിന്റെ സാങ്കേതിക പാഠങ്ങള്‍ മൂല്യം ഒട്ടും ചോര്‍ന്നു പോവാതെ തലമുറകളായി ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നു നല്‍കുന്ന മികച്ച ഗുരുക്കന്‍മാരുടെ സാന്നിധ്യമാണ് അതിന് കാരണം. സുനില്‍ ഗാവസ്‌കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് നിറഞ്ഞ് ശോഭിച്ച ശേഷം പതുക്കെ മാഞ്ഞു പോവുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞു പോയ ഉല്‍സവ കാലത്തെ കുറിച്ച് ചിന്തിച്ച് അവര്‍ വ്യഥ പൂണ്ടിരിക്കുമ്പോഴായിരുന്നു അതിനേക്കാള്‍ ശോഭയില്‍ മറ്റൊരു നക്ഷത്രം ഉദിച്ചുയര്‍ന്നത്. സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന നക്ഷത്രത്തിന്റെ ഉദയത്തെ കുറിച്ച് ആദ്യം ലോകത്തിന് മുന്നറിയിപ്പ് നല്‍കിയവരില്‍ ഗാവസ്‌കറും ഉള്‍പ്പെട്ടിരുന്നു എന്നത് യാദൃശ്ചികമല്ല. ഒരു പ്രതിഭയെ തിരിച്ചറിയാന്‍ മറ്റൊരു പ്രതിഭക്ക് കഴിയും.
ഗാവസ്‌കറുടെ അടിയുറച്ച പ്രതിരോധ തന്ത്രങ്ങള്‍ അതേപടി സച്ചിനിലുണ്ട്. ഈ പ്രതിരോധ തന്ത്രങ്ങളില്‍ കാലൂന്നി നിന്നുകൊണ്ട് തീര്‍ത്തും ആക്രമണോല്‍സുകമായ ഷോട്ടുകള്‍ കളിക്കുന്നു എന്നതാണ് സച്ചിന്റെ പ്രസക്തി. സച്ചിന്‍ എന്ന ബാറ്റ്‌സ്മാന് നല്‍കാവുന്ന ഏറ്റവും ലളിതമായ നിര്‍വചനവും ഇതാവും. സച്ചിന്റെ ബാറ്റിങ്ങിന് ആക്രമണോല്‍സുകത പകരുന്നത് ക്രിക്കറ്റിന്റെ പുസ്തകത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഷോട്ടുകള്‍ അനായാസം, അയത്‌നം കളിക്കാനുള്ള ശേഷിയാണ്. ഹുക്ക്, കട്ട്, ഡ്രൈവുകള്‍ എന്നിവ അതിന്റെ പൂര്‍ണതയോടെ എപ്പോള്‍ വേണമെങ്കിലും കളിച്ചു കാണിക്കാന്‍ സച്ചിന് കഴിയും. ഇതില്‍ സ്‌ട്രൈറ്റ് ഡ്രൈവ് സച്ചിന്‍ കളിക്കുന്നത് പോലെ മറ്റാര്‍ക്കെങ്കിലും കഴിയുമോ ? സംശയമാണ്. സ്‌ട്രൈറ്റ് ഡ്രൈവ് എങ്ങിനെ കളിക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പരിശീലകര്‍ സച്ചിന്റെ കളിയുടെ വീഡിയോ റിക്കാര്‍ഡുകള്‍ തിരയുന്നത് അതുകൊണ്ട് തന്നെ. തീര്‍ന്നില്ല കാലിന് നേരെ വരുന്ന പന്തുകള്‍ സ്‌ക്വയര്‍ ലെഗ്ഗിനും ഫൈന്‍ലെഗ്ഗിനും ഇടയിലൂടെ തിരിച്ചുവിടുന്ന ഫഌക്കുകളും ക്രിക്കറ്റിലെ അതിസുന്ദര കാഴ്ചകളില്‍ പെടുന്നു. ഈയൊരു ഷോട്ടിനെ എഴുതി ഫലിപ്പിക്കാനാവില്ല, സച്ചിന്റെ കളി കാണുകയേ നിര്‍വാഹമുള്ളൂ.
ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സച്ചിന്റെ പ്രധാന കരുത്തുകള്‍ ശരീരം കൃത്യമായി ബാലന്‍സ് ചെയ്യാനുള്ള കഴിവും പന്തിനോട് പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയും( റിഫഌക്‌സും) അപാരമായ കാഴ്ച ശക്തിയുമായിരുന്നു. സാധാരണ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുപ്പത് വയസ്സ് പിന്നിടുമ്പോള്‍ റിഫഌക്‌സിലും കാഴ്ച ശേഷിയിലും കുറവ് വരും. സച്ചിന്റെ കാര്യവും വ്യത്യസ്ഥമല്ല. ഈ സമയത്ത് തന്റെ മികവ് നിലനിര്‍ത്താന്‍ ഉറച്ച ബാറ്റിങ് ടെക്‌നിക്കുകളുടെ പിന്തുണ ആവശ്യമാണ്. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 20 വര്‍ഷം കഴിയുമ്പോഴും തന്റെ ബാറ്റിങ് മികവിന് വലിയ പോറലേല്‍ക്കാതെ നോക്കാന്‍ സച്ചിന് കഴിയുന്നതിന് പ്രധാന കാരണം ഈ അടിയുറച്ച ബാറ്റിങ് ടെക്‌നിക്കുകള്‍ തന്നെ, അതിന് നന്ദി പറയേണ്ടത് ദിവംഗതനായ രമാകാന്ത് അച്‌രേക്കര്‍ എന്ന ക്രിക്കറ്റ് ഗുരുവിനോടാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതവും കരിയറും ഉള്‍ക്കൊള്ളുന്ന സമഗ്രമായൊരു ഗ്രന്ഥം എന്ന ആശയം വര്‍ഷങ്ങളായി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തി പത്തു വര്‍ഷത്തിലേറെ കഴിഞ്ഞ സമയത്ത് 'സച്ചിന്‍ കളിയും ജീവിതവും' എന്ന പേരില്‍ ആണ് ഈ ജീവ ചരിത്ര ഗ്രന്ഥം ആദ്യം പുറത്തിറക്കുന്നത്. പീന്നീട് ഒരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ സച്ചിന്റെ അതുവരെയുള്ള കരിയര്‍ കൂടി ഉള്‍പ്പെടുത്തി ' സച്ചിന്‍ പ്രതിഭയും പ്രതിഭാസവും 'എന്ന പേരില്‍ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. അന്ന് ചെന്നൈയില്‍ വെച്ച് സച്ചിന്‍ തന്നെയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇപ്പോള്‍ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം തികയ്ക്കുന്ന വേളയില്‍ ജീവ ചരിത്രം ഒന്നു കൂടി അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദേശം വെച്ചത് സച്ചിന്റെ കരിയര്‍ ശ്രദ്ധാപൂര്‍വം പിന്തുടരുന്ന ചില സുഹൃത്തുക്കളാണ്. അതിനുള്ള പരിശ്രമം ആരംഭിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, അഞ്ചു വര്‍ഷത്തിനിടെ സച്ചിന്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നു. സച്ചിന്റെ കരിയറും ജീവിതവും പകര്‍ത്തുകയെന്നത് കൂടുതല്‍ ദുഷ്‌ക്കരമായി വരുന്നു. വിശേഷണങ്ങള്‍ കഴിവതും ഒഴിവാക്കി വസ്തുനിഷ്ഠമായി സച്ചിനെ വിലയിരുത്തുമ്പോള്‍ തന്നെ ഭാഷയുടെ പരിമിതി നമുക്ക് അനുഭവപ്പെടുന്നു. ഈ പരിഷ്‌ക്കരിച്ച പതിപ്പിന്റെ രചന പൂര്‍ത്തിയായപ്പോള്‍ വിശേഷണങ്ങള്‍ക്ക് അതീതനായി മാറിക്കഴിഞ്ഞ സച്ചിന്റെ ജീവചരിത്രം ആയതുകൊണ്ട് തന്നെ പുസ്തകത്തിന്റെ പേരിലും ഒരു വിശേഷണവും വേണ്ടെന്നും 'സച്ചിന്‍' എന്നു മാത്രം മതിയെന്ന് തോന്നി. സച്ചിന്റെ ഇതുവരെയുള്ള ജീവിതവും കരിയറും ഈ പുസ്തകത്തില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഈ പുസ്തകം വിജയം കണ്ടുവോയെന്ന് വിധിയെഴുതേണ്ടത് ഇനി നിങ്ങളാണ്.
സച്ചിനെന്ന വ്യക്തിയെയും ക്രിക്കറ്ററെയും കുറിച്ച് അദ്ദേഹത്തിന്റെ സഹകളിക്കാരുമായും സച്ചിനെ അടുത്തറിയുന്ന ഒട്ടേറെ വ്യക്തികളുമായും ദീര്‍ഘനേരം സംസാരിച്ചതിന്റെ ആത്മവിശ്വാസം ഈ ഗ്രന്ഥരചനയില്‍ എനിക്ക് കൂട്ടായി. ഇന്ത്യന്‍ ടീമില്‍ സച്ചിന്റെ കൂട്ടുകാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി. വി. എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, ആശിശ് നെഹ്‌റ, യുവ്‌രാജ് സിങ്ങ്, ഹര്‍ഭജന്‍ സിങ്ങ്, ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പത്താന്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ശിവലാല്‍ യാദവ്, മദന്‍ലാല്‍, യശ്പാല്‍ ശര്‍മ്മ, സയിദ് കിര്‍മാനി തുടങ്ങി സച്ചിനുമായി അടുത്ത് ഇടപഴകിയ ഒട്ടേറെ പേരുമായി നടത്തിയ ചര്‍ച്ചകളില്‍നിന്ന് അനാവരണം ചെയ്യപ്പെട്ട സച്ചിന്റെ വ്യക്തിത്വം എനിക്കുമുന്നിലുണ്ട്.
സച്ചിന്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ എത്തിയ കാലംതൊട്ട് ടിവിയിലും പിന്നീട് ഒരു ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പ്രസ് ബോക്‌സില്‍ ഇരുന്ന് നേരിട്ടും കാണാന്‍ കഴിഞ്ഞത് സച്ചിന്‍ എന്ന ക്രിക്കറ്ററെ ഉള്‍ക്കൊള്ളാനും തിരിച്ചറിയാനും എന്നെ സഹായിച്ചു. മോശമായൊരു ഇന്നിങ്ങ്‌സ് കളിച്ച് പുറത്താവുമ്പോഴും, ടീമിന് ജയമൊരുക്കുന്ന സെഞ്ച്വറി നേടി പവലിയനിലേക്ക് വരുമ്പോഴും സച്ചിന്റെ ശരീരഭാഷയും മുഖഭാവവും ഏറെ വ്യത്യസ്ഥമാണ്. വികാരങ്ങള്‍ അധികം പുറത്ത് കാണിക്കാതിരിക്കുന്ന പ്രകൃതമാണ് സച്ചിന്റേത്. പക്ഷേ, ബോധപൂര്‍വ്വമുള്ള ഈ ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നു. ടീം ജയിക്കുമ്പോള്‍ മറ്റാരേക്കാളും ആഹ്ലാദം പ്രകടിപ്പിക്കുന്നതും ടീം തോല്‍ക്കുമ്പോള്‍ ഏറ്റവും ദുഃഖിക്കുന്നതും സച്ചിന്‍ തന്നെ. ഇന്ത്യ ഒരു പ്രധാന മത്സരം തോറ്റതിനുശേഷം രണ്ടുദിവസമെങ്കിലും കഴിയാതെ സച്ചിനെ കാണാന്‍ ചെല്ലുന്നത് ഒരിക്കലും നന്നാവില്ല. ഇന്ത്യയുടെ ഓരോ പരാജയവും സച്ചിനെ അത്രത്തോളം വേദനിപ്പിക്കുന്നു. ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ തോല്‍വിക്ക് കാരണക്കാരായ ടീമംഗങ്ങള്‍ക്ക് നേരെ സകല നിയന്ത്രണവും വിട്ട് സച്ചിന്‍ പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ഔട്ടായ ശേഷം പവലിയനില്‍ തിരിച്ചെത്തുന്ന സച്ചിന്‍ ടിവിയില്‍ ദൃഷ്ടിയൂന്നി അനങ്ങാതെയിരിക്കും. താന്‍ എങ്ങനെയാണ് പുറത്തായത്, എവിടെയാണ് തന്റെ ഷോട്ട് പിഴച്ചതെന്ന് റീപ്ലേ കണ്ട് സസൂക്ഷ്മം വിലയിരുത്തും. അടുത്ത മത്സരത്തില്‍ ഈ പിഴവ് തിരുത്തി, ഏറെ ഭംഗിയായി സച്ചിന്‍ ആ ഷോട്ട് കളിച്ചിരിക്കും. സച്ചിനെ മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത് തന്റെ പിഴവുകള്‍ തിരുത്താനും പുതിയ പാഠങ്ങള്‍ പഠിക്കാനുമുള്ള ഈ സന്നദ്ധത തന്നെ.
ബാറ്റ് ചെയ്യാന്‍ ഊഴവും കാത്തിരിക്കുന്ന സച്ചിന്‍ പലപ്പോഴും തന്റെ കൂട്ടുകാരോട് സംസാരിക്കുക പോലുമില്ല. മാറിയിരുന്നു ഗ്രൗണ്ടിലേക്ക് തന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കും. ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിനുമുമ്പ് ക്രീസുമായി ഇണങ്ങിച്ചേരാനുള്ള ശ്രമമാണത്രെ ഇത്. ആ സമയത്ത് ആരെങ്കിലും സംസാരിക്കാന്‍ ഇടക്കുചെന്നാല്‍ സച്ചിന്‍ ക്ഷുഭിതനായെന്ന് വരും. അത്രത്തോളം ക്രിക്കറ്റുമായി ലയിച്ചുചേര്‍ന്ന, തന്റെ ജീവിതത്തില്‍ പ്രൊഫഷനേക്കാള്‍ വലുതായൊന്നുമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സച്ചിന്‍.
ഇങ്ങനെ നൂറുശതമാനം പ്രൊഫഷണലായ, ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന, ഇന്ത്യയെന്ന വിശാലരാഷ്ട്രത്തിന്റെ ദേശീയബിംബമായി മാറിക്കഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് ഇങ്ങനെയൊരു രചന നടത്തുകയെന്നത് വലിയ സാഹസമാണെന്ന ബോധ്യം എനിക്ക് തുടക്കം തൊട്ടേ ഉണ്ടായിരുന്നു. അങ്ങനെയൊരു ഭയപ്പാടോടെ തന്നെയാണ് ഇതിന് തുനിഞ്ഞതും. സച്ചിന്റെ ജീവിതത്തെ കുറിച്ചുള്ള സമഗ്രമായ ഒരു ഗ്രന്ഥമാണ് ഇതെന്ന് ഞാന്‍ അവകാശപ്പെടുന്നുമില്ല. എങ്കിലും വസ്തുതകളോടും സംഭവങ്ങളോടും പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
സസ്‌നേഹം,
കെ.വിശ്വനാഥ്
1. സച്ചിന്‍ എന്ന ഇതിഹാസം
മുംബൈയിലെ ഇടത്തരം സിനിമാതിയേറ്റര്‍. മാറ്റിനി കാണാനെത്തിയവരുടെ തിരക്ക്. അതിനിടയിലൂടെ പതുക്കെ അരിച്ചത്തിയ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് താടിവെച്ച് ഉയരം കുറഞ്ഞ ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. കീശയില്‍നിന്ന് കണ്ണടയെടുത്ത് ധരിച്ചു. ക്യൂ നിന്ന് ടിക്കെറ്റെടുത്ത് തിയേറ്ററിനകത്ത് കയറി. ഇന്റര്‍വെല്‍ സമയത്ത് പുറത്തേക്ക് വരുന്നഅയാള്‍ ഉല്ലാസവാനാണ്. കണ്ണട കീശയില്‍ വെച്ചിരിക്കന്നു. മുഖത്ത് എന്തോ കുഴപ്പം. മീശ ഇളകിപോയിരിക്കുന്നു. എല്ലാവരും അയാളെതന്നെയാണ് ശ്രദ്ധിക്കുന്നത്. ഇടക്ക് ആരോ വിളിച്ചുപറഞ്ഞു.
'അരേ യാര്‍ യേ സച്ചിന്‍ ഹേ'
അതോടെ ജനമിളകി. സച്ചിന്‍, സച്ചിന്‍.... എന്നാര്‍ത്തുവിളിച്ചുകൊണ്ട് ഹിസ്റ്റീരിയ ബാധിച്ചവരെ പോലെ അവര്‍ പിന്നാലെ കൂടി. താടിയും മീശയും നഷ്ടപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറായി മാറിയ ചെറുപ്പക്കാരന്‍ തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടി കാറിനകത്തെത്തി. കാര്‍സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടുനീങ്ങി. ഇടവേള അവസാനിച്ച് സിനിമ തുടങ്ങിയിട്ടും ആളുകള്‍ പരസ്പരം സംസാരിച്ചും പൊട്ടിച്ചിരിച്ചും കാര്‍ പോയവഴിക്കുതന്നെ നോക്കിനിന്നു. പ്രിയതാരത്തെ തൊടാന്‍ കഴിഞ്ഞവര്‍ അതിനെകുറിച്ച് പറഞ്ഞ് സായൂജ്യമടഞ്ഞു.
മുംബൈയിലെന്നല്ല ഇന്ത്യയിലെ ഏതു നഗരത്തിലും ഗ്രാമത്തിലും തെരുവിലും സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന മനുഷ്യന്റെ അവസ്ഥയിതാവും പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേക്കാളും ജനപ്രിയനാവും ഇന്ത്യയിലിന്ന് സച്ചിന്‍. എവിടെയും സച്ചിന്‍ തിരിച്ചറിയപ്പെടും. ഇങ്ങനെ 'വേട്ടയാടപ്പെടും'
ഏതൊരു താരത്തെ സംബന്ധിച്ചിടത്തോളവും ഏറെ അഭിമാനകരവും ആവേശകരവുമായ അവസ്ഥ.പക്ഷേ സച്ചിന്‍ ഏറെ ഭയക്കുന്നതും ഈ അവസ്ഥയെതന്നെ. സാധാരണ ചെറുപ്പക്കാരെ പോലെ തിയേറ്ററില്‍ ചെന്ന് സിനിമകാണാനും നഗരത്തിലൂടെ ചുറ്റിയടിക്കാനും തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനും കഴിയാത്തതില്‍ ഏറെ ദു:ഖമുണ്ടെന്ന് സച്ചിന്‍ പറയുന്നു.എന്നാല്‍ എപ്പോഴും എവിടെയും തന്നെ പിന്‍തുടര്‍ന്നെത്തുന്ന ആരാധകരെ കുറ്റപ്പെടുത്താന്‍ സച്ചിന്‍ ഒരുക്കമല്ല. 'അവര്‍ കാരണമല്ലേ ഞാനിങ്ങനെ ലോകമറിയുന്ന കളിക്കാരനായിതീര്‍ന്നത് പിന്നെയവരെ കുറ്റപ്പെടുത്തുന്നത് നന്ദികേടാവില്ലേ? സച്ചിന്‍ ചോദിക്കുന്നു.
ഈ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ സച്ചിന്‍ കണ്ടെത്തിയ ഒരുവഴിയുണ്ട്. ഒട്ടൊക്കെ ആപല്‍ക്കരമാണത്. മത്സരപരമ്പരകളുടെ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ മുംബൈ നഗരത്തിനു പുറത്തേക്കു നീളുന്ന റോഡുകളിലൂടെ അതിവേഗത്തില്‍ കാറോടിക്കുകയെന്നത് സച്ചിന്റെ ഹോബികളിലൊന്നാണ്. കാര്‍ ലൈസന്‍സ് കിട്ടുന്നതിനു മുമ്പ്, അതിനുള്ള പ്രായമാവുന്നതിനു മു മ്പുതന്നെ സച്ചിന്‍ ഒരു കാര്‍ സ്വന്തമാക്കിയിരുന്നു. ബാറ്റ് ചെയ്യുന്നതിലും കാറോടിക്കുന്നതിലും സച്ചിന്‍ ഒരുപോലെയാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. ഉഗ്രവേഗത്തില്‍ സംഹാരശക്തിയോടെ......ഈ കാറോട്ടഭ്രമത്തില്‍ അപകടങ്ങളെക്കുറിച്ച് സുനില്‍ഗാവാസ്‌കറെപ്പോലെ പലരും സച്ചിനെ ഉപദേശിക്കുകയും ചെയ്തിരുന്നു.
അടുത്തു പരിചയമുള്ളവര്‍ പറയും, ഭയം അവനെ തൊട്ടുതൂണ്ടിയിട്ടില്ല. കൊച്ചുനാളില്‍ മൃഗശാലയില്‍ പോവുമ്പോള്‍ കമ്പിയഴികള്‍ക്കപ്പുറത്തുനിന്ന് തന്നെനോക്കി മുരളുന്ന പുലിയെതൊട്ടുനോക്കാന്‍ വാശിപിടിച്ചു കരയുന്ന സച്ചിനെക്കുറിച്ചും അവര്‍ പറയും, ക്രീസിലെത്തിയാല്‍ ചീറിപ്പാഞ്ഞുവരുന്ന പന്തുകളോടും ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ തുടരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവരോടും ഇതേ രീതിയില്‍ സച്ചിന്‍ പെരുമാറിയെന്നുവരും.
സച്ചിന്റെ ഓരോ പ്രവൃത്തിയിലും വാക്കിലും ഭാവത്തിലും ഇതുപ്രകടം. ആരോടും എന്തും തുറന്നടിക്കും. അതുമൂലം മിത്രങ്ങള്‍ക്കൊപ്പം ഒട്ടേറെ ശത്രുക്കളേയും സച്ചിന് ലഭിക്കുന്നു.
കളിക്കുന്നത് മുംബൈക്കോ, ഇന്ത്യക്കോ, ക്ലബ് ടീമിനോ എന്ന് വ്യത്യാസമില്ല. അവസാന ഇഞ്ചുവരെ പൊരുതും. ക്യാപ്റ്റനാരെന്നോ പ്രതിയോഗികളാരെന്നോയുള്ള പ്രശ്‌നം അവിടെയില്ല. തോല്‍വിയുടെ വക്കില്‍നിന്ന് സച്ചിന്‍ ടീമിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിച്ച സന്ദര്‍ഭങ്ങള്‍ ഒട്ടേറെ. ഈ രക്ഷകപരിവേഷമാണ് സച്ചിനെ ആരാധകര്‍ക്ക് ഏറ്രവും പ്രിയപ്പെട്ടവനാക്കിതീര്‍ത്തത്.
എത്ര വേഗത്തിലാണ് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പര്യായമായിത്തീര്‍ന്നത്? ഇന്ത്യന്‍ ടീമെന്നാല്‍ സച്ചിന്‍ എന്ന നിലവന്നു. 'വണ്‍മാന്‍ ആര്‍മി' എന്ന് ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് നിരൂപകര്‍ വിശേഷിപ്പിക്കുന്നു. സച്ചിന്റെ അഭാവത്തില്‍ ഇന്ത്യ കളിച്ച മത്സരങ്ങളുടെ ഫലം പലപ്പോഴും ഈ നിഗമനം ശരിവെക്കുകയും ചെയ്യുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ എന്ന പദവിയിലേക്കാണ് ഇന്ന് സച്ചിന്റെ പ്രയാണം. ആസ്‌ത്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച ഇന്നും സജീവമായി രംഗത്തുള്ള ഏകക്രിക്കറ്റര്‍ സച്ചിനാണ്. ബ്രയാന്‍ ലാറക്കും സ്റ്റീവ് വോക്കും എത്രയോ മുകളിലാണ് സച്ചിന്റെ സ്ഥാനമെന് ബ്രാഡ്മാന്‍ വിലയിരുത്തി. സ്റ്റീവ് വോക്കും ബ്രയാന്‍ ലാറക്കും ഒന്നും അഭിപ്രായവ്യത്യാസമില്ലതാനും.
താരസിംഹാസനത്തിലേക്കുള്ള സച്ചിന്റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെയും നിരന്തര പോരാട്ടങ്ങളുടേയും ദീര്‍ഘമായ ഒരു കഥയുണ്ട്.
2. സാഹിത്യസഹവാസിലെ സച്ചു
പ്രസിദ്ധ മറാത്താകവി രമേഷ് ടെണ്ടുല്‍ക്കറുടെ മൂത്തമകന്‍ നിഥിന്‍ ടെണ്ടുല്‍ക്കറും ഇന്ന് ലോകമറിയുന്ന കവിയാണ്. രണ്ട് കവിതാസമാഹാരം പുറത്തിറക്കിയിട്ടുള്ള നിഥിന് സംസ്ഥാനസര്‍ക്കാറിന്റെ സാഹിത്യപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അവരുടെ വീട്.'സാഹിത്യസഹവാസ്' എന്തുകൊണ്ടും ആ പേര് അന്വര്‍ത്ഥമാക്കിയിരുന്നു. ഈസ്റ്റ് ബാന്ദ്രയിലെ ഈ ഇരുനില കെട്ടിടം ഒരുകാലത്ത് മറാത്തയിലെ പ്രമുഖസാഹിത്യകാരന്മാരുടെ സമ്മേളനകേന്ദ്രമായിരുന്നു. നിഥിന്റെ അനിയന്‍ അജിത്തും അനിയത്തി സവിതയും വളര്‍ന്നത് മനോഹരമായ കവിതകള്‍ കേട്ടുകൊണ്ടാണ്. തന്റെ മക്കള്‍ തന്നേക്കാള്‍ പ്രസിദ്ധരായ കവികളായിത്തീരുമെന്ന് അച്ഛന്‍ സ്വപ്നം കണ്ടിരിക്കണം. പക്ഷേ, കവിതക്കൊപ്പം മറ്റൊരു അഭിനിവേശം കൂടി കുട്ടികളില്‍ വളരുന്നത്, അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. കൊച്ചുനാളിലെ സവിതയും അജിത്തും മുംബൈക്കാരുടെ പ്രിയപ്പെട്ട കായികവിനോദമായക്രിക്കറ്റിലേക്ക് ആകൃഷ്ടരാവുന്നത് കവിസഹജമായ കൗതുകത്തോടെ ആദ്ദേഹം കണ്ടു. ഈ കുട്ടികള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വീരനായകന്മാരായ സുനില്‍ഗാവസ്‌കറേയും അജിത് വഡേക്കറേയും കുറിച്ച് വാതോരാതെ സംസാരിക്കുകയും വീട്ടിനകത്ത് കൊച്ചുബാറ്റും റബര്‍ പന്തും കൊണ്ട് ക്രിക്കറ്റ് കളിക്കുകയും ചെയ്തപ്പോള്‍ ഒരിക്കലും അദ്ദേഹം വിലക്കിയതുമില്ല.
1974 ഏപ്രില്‍ 24നായിരുന്നു അത്. സാഹിത്യസഹവാസിലെ നാലാമത്തെ കുട്ടിയുടെ പിറവി. സംഗീതപ്രിയനായ രമേഷ് തന്റെ ആരാധനാപാത്രമായ ഹിന്ദി സിനിമയിലെ സംഗീതസംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരാണ് ഇളയമകന് നല്‍കിയത് - സച്ചിന്‍. തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയുമുള്ള കൊച്ചനിയനെ അജിത്തും സവിതയും 'സച്ചു' എന്നു വിളിച്ചു. മറ്റു കുട്ടികളെ അപേക്ഷിച്ച് ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായിരുന്നു അവന്‍. രണ്ടുവയസ്സായപ്പോള്‍ തന്നെ വീട്ടിനകത്ത് ചേട്ടനും ചേച്ചിക്കുമൊപ്പം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. അവരുടെ കൊച്ചുബാറ്റിനായി എപ്പോഴും വാശിപിടിക്കുന്ന അനിയന്‍, അജിത്തിനും സവിതക്കും ശല്യക്കാരനായി. വീട്ടിലകത്തും മുറ്റത്തും നടക്കുകയായിരുന്നില്ല സച്ചു. എപ്പോഴും വട്ടംചുറ്റി ഓടിക്കൊണ്ടിരിക്കും. പൊട്ടിത്തെറിച്ച് നടക്കുന്ന കുസൃതിക്കാരന് നിലത്തുവീണ് മുറിവേല്‍ക്കാതിരിക്കാന്‍ അവര്‍ക്ക് ഏറെ പാടുപെടേണ്ടിവന്നു. കൊച്ചു ബാറ്റുകൊണ്ട് ചേട്ടനെ അനുകരിച്ച് ശക്തിയോടെ പന്തടിച്ചകറ്റുമ്പോള്‍ വീട്ടിനകത്ത് ചില്ലറ നാശനഷ്ടങ്ങള്‍ സംഭവിക്കുക പതിവായിരുന്നു. പക്ഷേ, അവനെ വിലക്കാന്‍ ആവീട്ടിലാര്‍ക്കും മനസ്സുവന്നില്ല. കാരണം, എല്ലാവര്‍ക്കും അത്രക്ക് പ്രിയപ്പെട്ടവനായിരുന്നു സച്ചു. ആറുവയസ്സാവുമ്പോഴേക്കും സാഹിത്യസഹവാസിനു മുന്നിലെ വിശാലമായ മുറ്റത്ത് ക്രിക്കറ്റിനൊപ്പം അവന്‍ ടെന്നീസും ഫുട്‌ബോളും ഹോക്കിയുമെല്ലാം കളിച്ചുതുടങ്ങി.
വീട്ടില്‍ ടി.വി. വാങ്ങിയതോടെ സച്ചു ക്രിക്കറ്റിനേക്കാള്‍ ടെന്നീസിനെ സ്‌നേഹിച്ചുതുടങ്ങി. സ്വീഡന്‍കാരന്‍ ബ്യോണ്‍ ബോര്‍ഗും അമേരിക്കക്കാരന്‍ ജോണ്‍ മെക്കന്റോയും തമ്മില്‍ വിംബിള്‍ഡന്‍ ഫൈനല്‍ മത്സരം ടി.വി.യില്‍ കാണുമ്പോള്‍ അവന്‍ കടുത്ത മെക്കന്റോ ആരാധകനായി മാറി. ചേട്ടനും ചേച്ചിയും ബോര്‍ഗിനുവേണ്ടി ശബ്ദം വെച്ചപ്പോള്‍ അവരേക്കാള്‍ ഉച്ചത്തില്‍ അവന്‍ മെക്കന്റോവിനുവേണ്ടി ആര്‍ത്തുവിളിച്ചു. ഒടുവില്‍ മെക്കന്റോ ജയം നേടിയപ്പോള്‍ അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അടുത്ത ദിവസം മെക്കന്റോയെ പോലെ തലയിലും കൈകളിലും ബാന്റണിഞ്ഞുകൊണ്ടാണ് അവന്‍ കൂട്ടുകാര്‍ക്കൊപ്പം ടെന്നീസ് കളിക്കാന്‍ ഇറങ്ങിയത്. തോളുവരെ മുടിനീട്ടിവളര്‍ത്തിയിരുന്ന സച്ചിന്‍ മെക്കന്റോയുടെ കൊച്ചുപതിപ്പായി മാറിക്കഴിഞ്ഞിരുന്നു. കൂട്ടുകാര്‍ 'കൊച്ചുമാക്ക്' എന്നു വിളിച്ചപ്പോള്‍ അവന്‍ അഭിമാനത്തോടെ ഞെളിഞ്ഞുനിന്നു.
മെക്കന്റോയുടെ കടുത്ത ആരാധകനായിരുന്നുവെങ്കിലും ചേട്ടന്‍ അജിത്തിന്റെ ക്രിക്കറ്റ് ഭ്രാന്ത് സച്ചിനേയും കൂടുതല്‍ സമയം ക്രിക്കറ്റ് കളിക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സച്ചിന് ഏഴു വയസാകുമ്പോഴേക്കും അജിത്ത് കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കഴിഞ്ഞിരുന്നു. വൈകാതെ അജിത്തിനും മറ്റ് മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പമായി സച്ചിന്റെ കളി. ബാറ്റ് ചെയ്യുമ്പോള്‍ പന്ത് തലയില്‍ കൊണ്ടാല്‍ പോലും അവന്‍ കരയില്ല. നാളെമുതല്‍ തന്നെ അവര്‍ക്കൊപ്പം കളിപ്പിക്കാതിരുന്നാലോ ? അതായിരുന്നു കൊച്ചുസച്ചിന്റെ പേടി. അജിത്ത് സമാധാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ അനിയന്‍ ചിരിച്ചുകൊണ്ട് പറയും, 'എനിക്ക് വേദനിച്ചില്ല.'
ബാറ്റ്‌ചെയ്യുമ്പോള്‍ സച്ചിന്‍ കാണിക്കുന്ന താല്‍പര്യവും ആര്‍ജ്ജവവും അജിത്തിനെപോലെ രമേഷ് ടെണ്ടുല്‍ക്കറും ശ്രദ്ധിച്ചിരുന്നു. ക്രിക്കറ്റുകളിക്കുന്നതിനുവേണ്ടി അവന്‍ ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം അദ്ദേഹം ചെയ്തുകൊടുത്തു. ഭാവിയില്‍ മകനെകുറിച്ച് പലഭാഷയില്‍ കവിതകള്‍ രചിക്കപ്പെടുമെന്നും ക്രീസില്‍ കവിത രചിക്കുന്ന ബാറ്റിംഗ് ഇതിഹാസമെന്ന് അവന്‍ വാഴ്ത്തപ്പെടുമെന്നും കവിയായ അച്ഛന്‍ അന്ന് ചിന്തിച്ചിരിക്കില്ല. പക്ഷേ അജിത്ത് ലോകം കീഴടക്കാന്‍ പോന്ന ഒരു ക്രിക്കറ്റ് താരത്തെ സച്ചിനില്‍ അന്നേ കണ്ടിരുന്നു. സ്‌ക്കൂള്‍ കോളേജ് ടീമുകള്‍ക്കുവേണ്ടി കളിച്ചു തെളിഞ്ഞ തന്നേക്കാള്‍ അനായാസമായും ആധികാരികവുമായാണ് സച്ചിന്‍ ബാറ്റ് ചെയ്യുന്നതെന്നും അവനെ ലോകമറിയുന്ന ഒരു താരമായിതീര്‍ക്കണമെന്നും അച്ഛനോടും സഹോദരിയോടും അജിത്ത് പറഞ്ഞു. അങ്ങനെ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് ഒരു തീരുമാനമെടുത്തു. ദാദറിലെ ശാരദാശ്രമം സ്‌ക്കൂളില്‍ സച്ചിനെ ചേര്‍ക്കണം. അജിത്തും സവിതയുമെല്ലാം പഠിച്ചത് വീട്ടിനടുത്തുള്ള ബാല്‍മോഹന്‍ സ്‌ക്കൂളിലായിരുന്നു. പക്ഷേ ക്രിക്കറ്റ് പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ശാരദാശ്രമം ആവും സച്ചിനെന്ന താരത്തിന്റെ വളര്‍ച്ചക്ക് അനുയോജ്യമെന്ന് അവര്‍തീരുമാനിച്ചു.മുംബൈയില്‍ അന്ന് സ്‌ക്കൂള്‍ ക്രിക്കറ്റിന് ഏറെ പ്രാധാന്യവും പരിഗണനയും ലഭിച്ചിരുന്നു. നഗരത്തിലെ പ്രധാന സ്‌ക്കൂളുകള്‍ക്കെല്ലാം മികച്ച ടീമുകളുണ്ടായിരുന്നു. 15 വയസ്സിനു താഴെയുള്ളവര്‍ക്കായി വെയ്ല്‍സ് ഷീല്‍ഡ്,17 വയസ്സിനു താഴെയുള്ളവര്‍ക്കായി ഹാരിസ് ട്രോഫി എന്നീ ചാമ്പ്യന്‍ഷിപ്പുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് സംഘടിപ്പിക്കപ്പെട്ടത്. ഈ രണ്ടു ടൂര്‍ണ്ണമെന്റുകളില്‍ കളിച്ചാണ് മുംബൈയില്‍നിന്നുള്ള പ്രമുഖ ക്രിക്കറ്റ്താരങ്ങളെല്ലാം ഉയര്‍ന്നുവന്നത്. ഈ രണ്ടു ടൂര്‍ണ്ണമെന്റുകളില്‍ തുടര്‍ച്ചയായി വിജയംനേടിയിരുന്നു ശാരദാശ്രമം സ്‌ക്കൂള്‍. ശാരദാശ്രമത്തിന്റെ വിജയഗാഥക്ക് പിന്നില്‍ ഒരു കോച്ചുമുണ്ടായിരുന്നു- രമാകാന്ത് അച്‌രേക്കര്‍. സച്ചിനെ അച്‌രേക്കറുടെ ക്യാമ്പില്‍ എത്തിക്കുകയെന്നത് അജിത്തിന്റ വലിയ മോഹമായിത്തീര്‍ന്നു. പക്ഷേ പ്രവീണ്‍ ആംറെയെപോലുള്ള നഗരത്തിലെ മികച്ച യുവതാരങ്ങളുടെ കോച്ചായ അച്‌രേക്കറുടെ ശിഷ്യത്വം ലഭിക്കുക ഒട്ടും എളുപ്പമായിരുന്നില്ല.
അച്‌രേക്കറുടെ ശിഷ്യനായിരുന്ന അജിത്തിന്റെ ഒരു സുഹൃത്ത് അദ്ദേഹത്തെ പരിചയപ്പെടുത്തികൊടുക്കാമെന്നേറ്റു. അടുത്ത ദിവസം രാവിലെ അച്‌രേക്കര്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ദക്ഷിണമുംബൈയിലെ ആസാദ് മൈതാനത്ത് സുഹൃത്തിനൊപ്പം അജിത്ത് ചെന്നു. തന്റെ അനിയന്‍ നന്നായി കളിക്കുമെന്നും അവന്റെ കളി കുറച്ചുനേരം കാണാന്‍ സന്മനസ്സ് കാണിക്കണമെന്നും അച് രേക്കറോട് അപേക്ഷിച്ചു. അനിയന് എത്ര വയസ്സുണ്ടെന്നും ക്രിക്കറ്റ് ബോളുകൊണ്ടുകളിക്കാറുണ്ടോ എന്നും കോച്ച് തിരക്കി. സച്ചിന് 11 വയസ്സുണ്ടെന്നും ടെന്നീസ്ബാള്‍ കൊണ്ടാണ് കളിക്കുന്നതെന്നും പക്ഷേ അവന്‍ നന്നായി ബാറ്റു ചെയ്യുമെന്നെല്ലാം അല്‍പം പരിഭ്രമത്തോടെ അജിത്ത് മറുപടിയും നല്‍കി. 'നാളെ അനിയനെ ഗ്രൗണ്ടില്‍ കൊണ്ടുവരു' അച് രേക്കര്‍ പറഞ്ഞു.
അടുത്തദിവസം സച്ചിനേയും കൂട്ടി ഗ്രൗണ്ടിലെത്തിയ അജിത്തിന് തുടക്കത്തില്‍ അല്‍പ്പം നിരാശപ്പെടേണ്ടിവന്നു. ആദ്യ ദിവസം പുറത്തിരുന്ന് മറ്റു കുട്ടികളുടെ കളികാണാനായിരുന്നു സച്ചിനോട് കോച്ച് പറഞ്ഞത്. കുറേനേരം സച്ചിന്‍ ഗ്രൗണ്ടിന് പുറത്തിരുന്ന് കളികണ്ടു. ഉച്ചയായപ്പോള്‍ അച് രേക്കറിന്റെ സഹായികളില്‍ ഒരാളായ ദാസ് ശിവാല്‍ക്കര്‍ ഗ്രൗണ്ടിലിറങ്ങി ഫീല്‍ഡ് ചെയ്യാന്‍ സച്ചിനോട് ആവശ്യപ്പെട്ടു. കിട്ടിയ അവസരം സച്ചിന്‍ പാഴാക്കിയില്ല മറ്റുകുട്ടികളെ അതിശയിപ്പിക്കുംവിധം സച്ചിന്‍ ഫീല്‍ഡ് ചെയ്തു. ഫീല്‍ഡില്‍ സച്ചിന്റെ പ്രകടനത്തില്‍ അച്‌രേക്കറും സംതൃപ്തനായി. പതിവായി ഗ്രൗണ്ടില്‍ പരിശീലനത്തിനെത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
അടുത്തദിവസം സച്ചിന്‍ പതിവിലും നേരത്തെ എഴുന്നേറ്റ് ഒരുക്കങ്ങള്‍ തുടങ്ങി. ആദ്യമായി ഒരു കോച്ചിന്റെ കീഴില്‍ പരിശീലനം നേടാന്‍ പോവുകയാണ്. വീട്ടുകാര്‍ മുഴുവന്‍ വിജയാശംസകള്‍ നേര്‍ന്നു. ജീന്‍സും ടീഷര്‍ട്ടും ഷൂവും ധരിച്ച് ചേച്ചി വാങ്ങിക്കൊടുത്ത ബാറ്റുമെടുത്ത് അജിത്തിനോടൊപ്പം വീട്ടില്‍നിന്നിറങ്ങി, അതിരാവിലെ ഗ്രൗണ്ടിലെത്തി. ആദ്യം കുറേനേരം ഫീല്‍ഡിംഗായിരുന്നു. ഒടുവില്‍ കൊച്ചുസച്ചിന്‍ കാത്തിരുന്ന നിമിഷമെത്തി. പാഡ് കെട്ടി ബാറ്റിനിറങ്ങാന്‍ അച്‌രേക്കര്‍ പറഞ്ഞു. സ്റ്റംപിനുമുമ്പില്‍ ഗാര്‍ഡെടുത്ത് ബാറ്റ്‌ചെയ്യാന്‍ തുടങ്ങി. തന്റെ നൈസര്‍ഗികമായ ശൈലിയില്‍തന്നെ സച്ചിന്‍ ബാറ്റ് വീശി. അച്‌രേക്കര്‍ വെറുതെ നോക്കിനിന്നതല്ലാതെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ല. വൈകാതെ ഒരു കാര്യം സച്ചിന് മനസ്സിലായി റബ്ബര്‍ പന്തുകൊണ്ടോ ടെന്നീസുബാള്‍ കൊണ്ടോ കളിക്കുന്നതുപോലെ എളുപ്പമല്ല ക്രിക്കറ്റ് ബോള്‍ കൊണ്ട് കളിക്കാന്‍. ഷോട്ടുകള്‍ കൂടുതല്‍ ശക്തിയോടെ കളിക്കണം. പക്ഷെ, നേരിട്ട എല്ലാ പന്തുകളും അടിച്ചുതെറിപ്പിക്കാന്‍ സച്ചിന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഏതായാലും അച്‌രേക്കര്‍ക്ക് പുതിയ ശിഷ്യന്റെ ബാറ്റിംഗ് നന്നായി പിടിച്ചു. സച്ചിന് ക്രിക്കറ്റ് കിറ്റ് വാങ്ങിക്കൊടുക്കാന്‍ അജിത്തിനോടു പറയുകയും ചെയ്തു.
അടുത്തദിവസം കടയില്‍ പോയി വെള്ള പാന്റ്‌സും ഷര്‍ട്ടും വാങ്ങി. ചേച്ചി ഒരുബാഗ് നല്‍കി. ചേച്ചിയുടെ ഭര്‍ത്താവ് ഒരുജോഡി ബാറ്റിംഗ് ഗ്ലൗസ്സും സമ്മാനിച്ചു. ബാഗില്‍ വസ്ത്രങ്ങളും ഗ്ലൗവുമെല്ലാം കുത്തിനിറച്ച് ചുമലില്‍ ബാറ്റും വെച്ച് അഭിമാനത്തോടെ ഗ്രൗണ്ടിലേക്ക്‌പോയ സച്ചിന്‍ തിരിച്ചെത്തിയത് കൂടുതല്‍ ആവേശകരമായ വാര്‍ത്തയുമായായിരുന്നു. അടുത്തദിവസം ഒരു ഏകദിന മാച്ചില്‍ കളിക്കാന്‍ അച് രേക്കര്‍ ആവശ്യപ്പെട്ടു.
വീട്ടിലെല്ലാവരുടേയും കാലുകള്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് സച്ചിന്‍ ഗ്രൗണ്ടിലേക്ക് യാത്രതിരിച്ചത്. (ഇന്നും വിദേശപര്യടനത്തിനും മറ്റും വീട്ടില്‍ നിന്ന് യാത്രയാവുമ്പോള്‍ സച്ചിന്‍ അങ്ങനെ ചെയ്യാറുണ്ട്) കളികഴിഞ്ഞ് സച്ചിന്‍ തിരിച്ചെത്തുന്നത് ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു അജിത്തും മറ്റു കുടുംബാംഗങ്ങളും വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ആവേശത്തോടെ തിരക്കി, ആദ്യമാച്ചില്‍ എത്ര റണ്‍സെടുത്തു?
നിഷ്‌കളങ്കമായി സച്ചിന്‍ മറുപടി പറഞ്ഞു ''പൂജ്യം''
തുടര്‍ന്നു വായിക്കാന്‍ സച്ചിന്‍(ലിപി പബ്ലിക്കേഷന്‍സ്,കോഴിക്കോട് )വില 100 രൂപ
No comments:
Post a Comment