Wednesday, May 21, 2008

മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍......


രാഹുല്‍ ദ്രാവിഡ്‌ - ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍. സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ്‌ കാര്യമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നത്‌ കൊണ്ട്‌ നമ്മുടെ മറ്റുപല ക്രിക്കറ്റ്‌ നക്ഷത്രങ്ങളേയും പോലെ വീരവാദങ്ങള്‍ക്കോ, വെല്ലുവിളികള്‍ക്കോ മുതിരാറില്ല. പ്രതിയോഗികളെ ബഹുമാനിക്കുകയും അവരുടെ ബഹുമാനം പിടിച്ചു വാങ്ങുകയും ചെയ്യുന്ന അടിമുടി മാന്യനായ സ്‌പോര്‍ട്‌സ്‌മാന്‍. രാഹുലിന്റെ മികവ്‌ എന്തെന്ന്‌ ഈ മഹാരാജ്യത്തെ ക്രിക്കറ്റ്‌ആരാധകര്‍ക്ക്‌ നല്ല ബോധ്യവുമുണ്ട്‌. അങ്ങനെ ബോധ്യം വരാത്തവരുണ്ടെങ്കില്‍ രാഹുലിന്റെ കരിയര്‍ റെക്കോര്‍ഡുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും പതിനായിരത്തിലധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ലോകത്തെ തന്നെ മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ്‌ രാഹുല്‍. ഈയൊരു എലൈറ്റ്‌ ക്ലബ്ബില്‍ രാഹുലിനൊപ്പമുള്ള മറ്റുരണ്ടു പേര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും മാത്രമാണ്‌. ടെസ്റ്റ്‌ മാച്ചുകളില്‍ സച്ചിനേക്കാള്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച ഇന്നിങ്‌സുകള്‍ രാഹുല്‍ കളിച്ചിട്ടുണ്ടെന്നതും ടീമിന്റെ ആവശ്യം പരിഗണിച്ച്‌ എഴുപതിലധികം ഏകദിന മാച്ചുകളില്‍ വിക്കറ്റ്‌ കീപ്പറുടെ അധിക ഡ്യൂട്ടിചെയ്യാനും ഈ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സാമാന്‍ തയ്യാറായിട്ടുണ്ടെന്നും ഓര്‍ക്കണം. മധ്യനിരയിലെ ദൈവമെന്ന്‌ വരെ രാഹുലിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ പറയുന്നത്‌ എന്തിനാണെന്നാവും ? മാധ്യമങ്ങളിലൂടെയും അല്ലാതെയും രാഹുല്‍ അപമാനിക്കപ്പെടുന്നത്‌ കാണുമ്പോള്‍ അതിനെക്കുറിച്ച്‌ പറയാതിരിക്കുന്നത്‌ എങ്ങനെ ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ ടീമിന്റെ ഐക്കണ്‍ പ്ലെയറായാണ്‌ രാഹുലിനെ ഉള്‍പ്പെടുത്തിയത്‌. രാഹുലിന്റെ കഴിവിലും ഒരു ബ്രാന്റ്‌ അംബാസിഡറെന്ന നിലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിലും മതിപ്പുള്ളത്‌ കൊണ്ടാവണം വിജയ്‌ മല്യയെന്ന വ്യവസായ ഭീമന്‍ രാഹുലിന്റെ ടീമിനെ ഏറ്റെടുക്കാന്‍ കോടികള്‍ മുടക്കിയത്‌. മുന്തിയ തരം ബിയര്‍ ഉണ്ടാക്കാനും വര്‍ഷം തോറും സുന്ദരികളായ മോഡലുകളെ കൊണ്ടു വന്ന്‌ സ്വിം സ്യൂട്ട്‌ കലണ്ടറുകള്‍ ഇറക്കാനും കുറ്റമറ്റ രീതിയില്‍ വിമാന സര്‍വീസ്‌ നടത്താനും വിരുതനായ മല്യ ക്രിക്കറ്റില്‍ നിന്നും നൂറ്‌ മേനി കൊയ്യുമെന്ന്‌ ന്യായമായും നമ്മള്‍ പ്രതീക്ഷിച്ചു. ഐ പി എല്ലിന്റെ ബാംഗ്ലൂരില്‍ നടന്ന പ്രൗഡ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങില്‍ നിറഞ്ഞു നിന്നത്‌ മല്യാ മുതലാളിയായിരുന്നു. മുതലാളിയുടെ വലുപ്പം ക്രിക്കറ്റ്‌ സംപ്രേഷണത്തിലൂടെ ലോകമറിഞ്ഞു. പക്ഷെ ഉദ്‌ഘാടന മാച്ചില്‍ മല്യയുടെ ടീം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബോളീവുഡ്‌ രാജാവ്‌ ഷാറൂഖ്‌ ഖാന്റെ ടീം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട്‌ തോറ്റപ്പോള്‍ തന്നെ മല്യയുടെ മുഖം ഇരുണ്ടിരുന്നു. പിന്നീടങ്ങോട്ടും റോയല്‍ ടീമിന്‌ തോല്‍വികള്‍ തന്നെയായിരുന്നു. അതിനിടെ മല്യയുണ്ടാക്കുന്ന ബിയറിന്റെ പേര്‌ ടീമിന്‌ നല്‍കുകയും. കളിക്കാരുടെ പുറത്തെല്ലാം ബിയറിന്റെ പേര്‌ എഴുതി വെക്കുകയും ( കളിക്കാരുടെ ജഴ്‌സിയിന്‍ മേലുള്ളത്‌. റോയല്‍ ചാലഞ്ചേഴ്‌സ്‌ എന്നല്ല റോയല്‍ ചാലഞ്ച്‌ എന്ന ബിയര്‍ നാമം തന്നെ) ചെയ്യുന്നത്‌ നിയമലംഘനമാണെന്ന്‌ കാണിച്ച്‌ ഒരു വിരുതന്‍ കേസിനും പോയി. എല്ലാം ചേര്‍ന്ന മുതലാളിയെ ശുണ്‌ഠി പിടിപ്പിച്ചെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. മുതലാളി പൊട്ടിത്തെറിക്കുക തന്നെ ചെയ്‌തു. ആദ്യം ടീമിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും പ്രശസ്‌ത കമന്റേറ്ററുമായ ചാരു ശര്‍മയെ ഫയര്‍ ചെയ്‌തു. ശര്‍മയുടെ പണി പോയപ്പോള്‍ ടീമിന്റെ പരിശീലകന്‍ വെങ്കിടേഷ്‌ പ്രസാദിന്‌ അതൊരു മുന്നറിയിപ്പാണെന്ന്‌ മല്യ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടും അരിശം തീരാതെയാവണം മുതലാളി രാഹുല്‍ ദ്രാവിഡിനെ പരസ്യമായി ആക്ഷേപിച്ചു കൊണ്ട്‌ രംഗത്ത്‌ വന്നത്‌. ടീം തിരഞ്ഞെടുത്തത്‌ ചാരു ശര്‍മയും രാഹുലും എല്ലാം ചേര്‍ന്നാണെന്നും തന്റെ നിര്‍ദേശങ്ങള്‍ അവര്‍ പരിഗണിച്ചില്ലെന്നും മല്യ തുറന്നടിച്ചു. കാശു മുടക്കി ഉണ്ടാക്കിയ ടീം തോല്‍ക്കുന്നതിലുള്ള ആധിയെന്ന നിലയില്‍ ഈ വാക്കുകള്‍ നമുക്കെടുക്കാം. പക്ഷെ അതിന്‌ അനുബന്ധമായി പറഞ്ഞ ചില കാരണങ്ങള്‍ അതിരു കടന്നു പോയി. ഇത്ര കാലം ക്രിക്കറ്റ്‌ കളിച്ച, ഇന്ത്യന്‍ ടീമിനെ നയിച്ച രാഹുല്‍ തിരഞ്ഞെടുത്തതിനേക്കാള്‍ നല്ല ടീമിനെ തനിക്ക്‌ സെലക്‌റ്റ്‌ ചെയ്യാനാവുമെന്നും അതിനുള്ള വിവരമൊക്ക ക്രിക്കറ്റില്‍ തനിക്കുണെടെന്നുമായിരുന്നു മുതലാളിയുടെ വിലയിരുത്തല്‍. അതിനര്‍ഥം ഇത്രയേയുള്ളൂ - രാഹുലിന്‌ ക്രിക്കറ്റിനെ കുറിച്ച്‌ വലിയ വിവരമൊന്നുമില്ല. ഞാനാണ്‌ എന്തുകൊണ്ടും ഭേദം. മാന്യത കൊണ്ടാവണം രാഹുല്‍ ഈ കുറ്റപ്പെടുത്തലിനോട്‌ അതിര്‌ വിട്ട്‌ പ്രതികരിച്ചില്ല. ടീം സെലക്ഷന്‍ നടത്തിയത്‌ താനല്ലെന്ന ഒരു വിശദീകരണം മാത്രം മീഡിയക്ക്‌ നല്‍കി. പ്രതിഫലമായി ലഭിക്കുന്ന വലിയ തുക നഷ്ടമാവുമെന്ന ഭയം കാരണമാണ്‌ രാഹുല്‍ പ്രതികരിക്കാത്തതെന്ന്‌ വാദിക്കുന്നവരുണ്ടാവാം. അതിന്‌ അടിസ്ഥാനമില്ല. കരാറിലെത്തി കഴിഞ്ഞ സാഹചര്യത്തില്‍ രാഹുലിന്‌ പ്രതിഫലം നല്‍കാതെ പിന്‍മാറാന്‍ മല്യക്ക്‌ കഴിയില്ല. കൈവന്ന സ്ഥാനങ്ങളും അധികാരങ്ങളും വിട്ടുകളയാന്‍ മടിയുള്ള ആളുമല്ല ദ്രാവിഡ്‌. ഡ്രസ്സിങ്‌ റൂമില്‍ കയറി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചില ഭാരവാഹികളും ക്യാപ്‌റ്റന്റെ ചുമതലകളില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനം രാജിവെച്ച ചരിത്രമുണ്ട്‌ രാഹുലിന്‌. ആ ഒരു പക വെച്ചാണ്‌ പിന്നീട്‌ രാഹുലിനെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്‌ എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്രിലെ അരമന രഹസ്യമാണ്‌. അപ്പോഴും സൗരവ്‌ ഗാംഗുലിയും മറ്റും ചെയ്‌തത്‌ പോലെ തന്നെ തഴഞ്ഞതിനെ കുറിച്ച പരസ്യ പ്രസ്‌താവനയിറക്കാനും രാഹുല്‍ മുതിര്‍ന്നിട്ടില്ല.അങ്ങനെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാന്യതയുടെ പ്രതീകമായ, ഐതിഹാസികമായ നേട്ടങ്ങള്‍ കുറിച്ച ഒരു ക്രിക്കറ്ററെയാണ്‌ മല്യ മുതലാളി പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുന്നത്‌. സ്‌തയത്തില്‍ ഈ സമയത്ത്‌ പരസ്യമായി രംഗത്ത്‌ വരേണ്ടത്‌ ഐ പി എല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും എല്ലാം അധിപന്‍മാരായ ബി സി സി ഐ ആയിരുന്നു. അങ്ങനെയുണ്ടാവുമെന്ന്‌ ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഈ സംഭവങ്ങളുടെ സാരാംശം ഇത്രയുമാണ്‌. മാന്യതയുടെ കളിയെന്ന്‌ വിശേഷിപ്പിച്ചിരുന്ന ക്രിക്കറ്റില്‍ അതിന്‌ ഒരു സ്ഥാനവും ഇല്ലെന്ന്‌ വന്നിരിക്കുന്നു. കരണത്തടിക്കുന്നവര്‍ക്കും കുതികാല്‍ വെട്ടുന്നവര്‍ക്കുമാണ്‌ ഇവിടെ മാര്‍ക്കറ്റ്‌.അതിനിടെയിതാ ഐ പി എല്ലിലെ " മുതലാളി- തൊഴിലാളി ബന്ധം " വഴളായി വരുന്നുവെന്നതിന്‌ മറ്റൊരു തെളിവുകൂടി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ മുതലാളി കിങ്‌ ഖാനും തൊഴിലാളി ദാദ സൗരവും പരസ്‌പരം കൊമ്പു കോര്‍ത്തു തുടങ്ങിയിരിക്കുന്നു. രാഹുലിനെ പോലല്ല ദാദ. കടിച്ചാല്‍ തിരിച്ചുകടിക്കും. ഖാനും മുറിവേറ്റെന്നിരിക്കും.ഈ മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തുചെയ്യും ? പരിഹാരം ഒന്നേയുള്ളൂ- സര്‍വരാജ്യ ക്രിക്കറ്റ്‌ തൊഴിലാളികളെ സംഘടിക്കുവി ന്‍..........

Tuesday, May 13, 2008

പടയ്‌ക്കു മുമ്പേ...

മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച, കെ വിശ്വനാഥിന്റെ കേരളത്തിന്റെ ശ്രീശാന്ത്‌ എന്ന പുസ്‌തകത്തിന്‌ പ്രശസ്‌ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എഴൂതിയ അവതാരിക


'വെര്‍ച്വല്‍ റിയാലിറ്റി' എന്നൊരു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതിനും എത്രയോ മുമ്പ്‌ നമ്മള്‍ കേരളത്തിലെ കുട്ടികള്‍ക്ക്‌ അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയിരുന്നു: വേലിത്തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന ഇടവഴികളെ ഈഡന്‍ ഗാര്‍ഡന്‍സാക്കി , ആകൃതിയൊപ്പിച്ച്‌ വെട്ടിയെടുത്ത കവളന്‍ മട്ടലുകളെ ക്രിക്കറ്റ്‌ ബാറ്റാക്കി , മരോട്ടി കായ്‌കളും ഉണങ്ങിയ പേരയ്‌ക്കകളും സ്റ്റിച്ചു ബോളാക്കി , കമ്മട്ടിപ്പത്തലുകളെ സ്‌റ്റമ്പുകളാക്കി നമ്മള്‍ ലോകകപ്പിനിറങ്ങി ; കുട്ടിക്കാലത്തിനു മാത്രം വശമായിരുന്ന ആത്മാവിന്റെ ആല്‍ക്കെമി ഉപയോഗിച്ച്‌ നമ്മള്‍ കപിലും മിയാന്‍ദാദും ഗ്രഹാം ഗൂച്ചുമായി. എത്ര യാഥാര്‍ത്ഥ്യ ബോധമുള്ള മായക്കാഴ്‌ച്ചകള്‍!ഞങ്ങള്‍ എറണാകുളം കുട്ടികള്‍ക്ക്‌ മായക്കാഴ്‌ചകളുടെ യാഥാര്‍ത്ഥ്യ പ്രതീതിയെക്കുറിച്ച്‌ സഹജജ്ഞാനമുണ്ട്‌. കാരണം മായയെക്കുറിച്ച്‌ ലോകത്തിന്‌ വിശദീകരണം കൊടുത്ത ശ്രീ ശങ്കരന്‍ എറണാകുളം കുട്ടിയായിരുന്നു- ഒരു കാലടിക്കാരന്‍. നാരീ സ്‌തനഭര നാഭീ ദേശങ്ങളൊക്കെ വെറും മാംസക്കട്ടകള്‍ മാത്രമാണെന്ന്‌ പറഞ്ഞ കുട്ടിശങ്കരനെ മറി കടക്കാന്‍ ഉണങ്ങിയ പേരയ്‌ക്ക , സ്‌റ്റിച്ച്‌ ബോള്‍ തന്നെയെന്ന്‌ ഞങ്ങള്‍ക്ക്‌ വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെ ആദി ശങ്കരനെ കൂക്കിയോടിച്ചെങ്കിലും ചില ആശങ്കകള്‍ ബാക്കി നിന്നിരുന്നു: അതു കൊണ്ടാണ്‌ ഏതെങ്കിലുമൊരു സോമനോ ശശിയോ മുഹമ്മദ്‌ കുട്ടിയോ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ്‌ നില്‍ക്കുന്ന ദൃശ്യം സ്വപ്‌നത്തില്‍ കണ്ടാലും ഞങ്ങള്‍ ചിരിച്ചിരുന്നത്‌.കാലത്തിന്റെ ലീല ഇന്നിപ്പോള്‍ ആ അത്ഭുതച്ചിരി മായ്‌ച്ചു കളഞ്ഞിരിക്കുന്നു. ആ സ്വപ്‌നത്തെ വാസ്‌തവത്തിന്റെ ജഴ്‌സി ധരിപ്പിച്ച്‌ കാലം ഇപ്പോള്‍ നമ്മുടെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നു.സ്വപ്‌നത്തിന്റെ പേര്‌ ശ്രീശാന്ത്‌. തനിക്കുതാന്‍പോരിമയുള്ള, 'ആരടാ' എന്ന്‌ ചോദിച്ചാല്‍ 'എന്തെടാ' എന്നു തിരിച്ചുചോദിക്കാന്‍ കെല്‍പ്പുള്ള ഒരസ്സല്‍ കൊച്ചിക്കാരന്‍. ഞങ്ങള്‍ തൊഴുത അതേ പൂര്‍ണത്രയീശ ക്ഷേത്രത്തിലും കലൂര്‍ പള്ളിയിലും അവനും തൊഴുതിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പരിഹസിച്ചു പന്തെറിഞ്ഞ നെല്ലിനെ അവന്‍ സിക്‌സറടിച്ചപ്പോള്‍ ഞങ്ങള്‍ എറണാകുളത്തുകാര്‍ പറഞ്ഞത്‌: അല്ലാണ്ടു പിന്നെ ! എറണാകുളം ജില്ലക്കാരായ ഞങ്ങള്‍ക്ക്‌ ലോകം മുഴുവന്‍ പറഞ്ഞു നടക്കാന്‍ പറ്റുന്ന ഒരഹങ്കാരം നേരത്തെ സ്വന്തമായുണ്ട്‌- യേശുദാസ്‌. അദ്ദേഹം കോട്ടുവായയിട്ടാലും കേള്‍ക്കാന്‍ മധുരമായിരിക്കുമെന്ന്‌ ഞങ്ങള്‍ ഗ്യാരണ്ടി കൊടുക്കും. പിന്നീട്‌ മിമിക്രിക്കാര്‍ എറണാകുളത്തെ റാഞ്ചിയെടുത്തതിന്‌ ശേഷം ഞങ്ങളുടെ സ്വഭാവത്തിലും പരിഹാസം ആധാര ശ്രുതിയായി. കേരളത്തിലെ മിമിക്രി കലാകാരന്‍മാരില്‍ എഴുപതു ശതമാനത്തേയും ഉദ്‌പാദിപ്പിച്ച്‌ തള്ളുന്ന(അതെ, കൊച്ചിന്‍ എന്നു മുന്നില്‍ ചേര്‍ത്താല്‍ ഏത്‌ മിമിക്രി സംഘത്തിനും രണ്ട്‌ പരിപാടി അധികം കിട്ടും) കമ്പോളമായി എറണാകുളം. ഗാനമേളകളില്‍ ഇന്ന്‌ ഏറ്റവും നന്നായി യേശുദാസിന്റെ പാട്ടുകള്‍ പാടുന്നതും ഒരു എറണാകുളത്തുകാരന്‍ തന്നെ. അദ്ദേഹത്തിന്റെ പേര്‌ മധു ബാലകൃഷ്‌ണന്‍-ശ്രീശാന്തിന്റെ അളിയന്‍ !എന്റെ സുഹൃത്തും കേരളത്തിലെ കളിയെഴുത്തുകാരില്‍ ശ്രദ്ധേയനുമായ വിശ്വനാഥ,്‌ ശ്രീശാന്തിന്റെ നിരങ്കുശത്വം ഭംഗിയായി പകര്‍ത്തിയിരിക്കുന്ന പുസ്‌തകമാണിത്‌- ശ്രീശാന്തിന്റെ ബാല്യ കൗമാരങ്ങളിലൂടെ, ശ്രീശാന്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരങ്ങളിലൂടെ വിശ്വനാഥ്‌ നടത്തിയ ഹൃദയ പൂര്‍വ്വമായ പ്രദക്ഷിണം. ശ്രീശാന്ത്‌ എന്നക്രിക്കറ്ററുടെ കേളീവ്യഗ്രതയുടെ ഓരോ കണവും ആസ്വദിച്ചാണ്‌ വിശ്വനാഥ്‌ ഈ പുസ്‌തകത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്‌. 'കളിയെഴുത്ത്‌ 'എന്ന വാക്ക്‌ ഇവിടെ 'കളി'യല്ലാതായിത്തീരുന്നു. സംസ്‌കൃതത്തില്‍ കവിയും സഹൃദയനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ശ്ലോകമുണ്ട്‌. ഒട്ടൊരു അശ്ലീലച്ചുവയുള്ള ആ നാലുവരി ശ്ലോകത്തിന്റെ ഏകദേശ അര്‍ത്ഥം ഇങ്ങനെ ``കവിതയുടെ രസചാതുര്യങ്ങള്‍ വ്യാഖ്യാതാവാണ്‌, അല്ലാതെ അതെഴുതിയ കവിയല്ല, അറിയുന്നത്‌. പുത്രിയുടെ സുരത സാമര്‍ത്ഥ്യം മരുമകനാണ്‌ ,അല്ലാതെ അവളുടെ അച്ഛനല്ല അറിയുന്നത്‌ എന്നപോലെ``. ശ്രീശാന്തിനേയും വിശ്വനാഥിനേയും ബന്ധിപ്പിച്ചു കൊണ്ടും അതിന്റെ അര്‍ത്ഥം നീട്ടാം. കാരണം ശ്രീശാന്ത്‌ എന്ന കളിക്കാരന്റെ വൈഭവങ്ങളെ വിശ്വനാഥിനോളം ശ്രീശാന്ത്‌ തന്നെ അറിഞ്ഞിട്ടുണ്ടാവുമോയെന്ന്‌ ഈ പുസ്‌തകം വായിക്കുമ്പോള്‍ നമുക്ക്‌ അദ്‌ഭുതം തോന്നാം. ഒരു പക്ഷെ മലയാള സാഹിത്യത്തിലും ഭാഷയിലും നല്ല പരിജ്ഞാനമുള്ള വിശ്വനാഥ്‌ കാവ്യ വ്യാഖ്യാനങ്ങളുടെ ശൈലി ബോധപൂര്‍വം അനുകരിച്ചതാവാം. കുറഞ്ഞ കാലയളവു കൊണ്ട്‌ ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവനും ശ്രദ്ധ നേടിയ ശ്രീശാന്തിന്റെ കളിക്കളത്തിലെ പ്രത്യുല്‍പ്പന്നമതിത്വം (Quick reflex ?) വിശ്വനാഥ്‌ മറ്റൊരു ജീവിത സന്ദര്‍ഭത്തില്‍ കണ്ടെത്തുന്നത്‌ കാണുക: ശ്രീശാന്ത്‌ തനിക്ക്‌ ആറു മാസം പ്രായമുള്ള സമയത്തെ ഒരു സംഭവം 'ഓര്‍ത്ത്‌ ' പറയുകയാണ്‌. അസുഖം വന്ന്‌ ആശുപത്രിയില്‍ കിടന്നപ്പോള്‍ അജ്ഞാതനായ ഒരാള്‍ വന്ന്‌ ശിരസ്സില്‍ തടവി സൗഖ്യമാക്കിയ കല്‌പിത കഥയാണത്‌. കഥ കേട്ടു കൊണ്ടിരിക്കുന്ന ശ്രീയുടെ പരിശീലകന്‍ , ആ വന്നയാള്‍ ചാപ്പലായിരുന്നുവോ എന്ന്‌ ചോദിക്കുന്നു. ഉടന്‍ വരുന്നൂ , ശ്രീയുടെ മറുപടി: ` ചാപ്പലല്ല, ചാപ്പലില്‍ നിന്നും വന്ന ഒരു പുള്ളി !`സാഹിത്യകാരന്‍മാര്‍ക്കു പോലും സാധ്യമാവാത്ത ഇത്തരം ചില ഉടനുത്തരങ്ങള്‍ സാഹിത്യവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത കായിക താരങ്ങളില്‍ നിന്നുണ്ടാകുന്നത്‌ കായിക-കലാ പ്രതിഭകളുടെ താരതമ്യ പഠനത്തിന്‌ ഉപയോഗിക്കാമെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. ടെന്‍സിങ്ങിനും മുമ്പേ എവറസ്റ്റ്‌ കീഴടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന മലോറി എന്ന പര്‍വ്വതാരോഹകന്‍ ( അദ്ദേഹം ആ ശ്രമത്തിനിടെ മരിച്ചു) താന്‍ വീണ്ടും വീണ്ടും എവറസ്‌റ്റിന്‌ മുകളിലെത്താന്‍ ശ്രമിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ വ്യക്തമാക്കാന്‍ നടത്തിയ ആ ഉടനുത്തരം പ്രശസ്‌തമാണല്ലോ. Because it is there!(കാരണം അതവിടെ ഉണ്ട്‌ ) എന്നായിരുന്നു മലോറിയുടെ ആറ്റിക്കുറുക്കിയ 'വിശദീകരണം'. മാര്‍പാപ്പയെ വിമര്‍ശിച്ചതിന്‌ പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ ` അദ്ദേഹം മാര്‍പ്പാപ്പയാണെങ്കില്‍ ഞാന്‍ മാറഡോണയാണ്‌ ` എന്നു പറഞ്ഞ സാക്ഷാല്‍ ഡീഗോയുടെ മറുപടിയും കാവ്യാത്മകം തന്നെ. ശ്രീശാന്താവട്ടെ, ഒരു പടികൂടി കടന്ന്‌ കവിത എഴുതുക കൂടി ചെയ്യുന്നു! കായിക താരങ്ങളുടെ മനസ്സും വചസ്സും പകര്‍ത്തിക്കൊണ്ട്‌ മുമ്പേ തന്നെ മൂന്നു ഗ്രന്ഥങ്ങള്‍ തയ്യാറാക്കി മലയാളി വായനക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എഴുത്തുകാരനാണ്‌ വിശ്വനാഥ്‌. മലയാളിയല്ലാത്ത താരങ്ങളെ( സച്ചിന്‍ തെണ്ടുല്‍ക്കറെയും സൗരവ്‌ ഗാംഗുലിയേയും സാനിയാ മിര്‍സയേയും) കുറിച്ച്‌ എഴുതിയുണ്ടാക്കിയ ആ പുസ്‌തകങ്ങള്‍ വായിച്ചാലറിയാം എത്ര സമഗ്രതാ ബോധത്തോടെയാണ്‌ വിശ്വനാഥ്‌ ഗ്രന്ഥ വിഷയത്തെ സമീപിച്ചിരിക്കുന്നതെന്ന്‌. ശ്രീശാന്തിനെക്കുറിച്ചുള്ള ഈഗ്രന്ഥത്തിലാവട്ടെ , നായകന്‍ മലയാളിയാണെന്നതും അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങള്‍ കേരളമാണെന്നതും വിശ്വനാഥിന്‌ കൂടുതല്‍ സഹായകമായി തീര്‍ന്നിട്ടുണ്ടെന്നു കാണാം. അതു കൊണ്ടുതന്നെ ഈഗ്രന്ഥം കൂടുതല്‍ ആസ്വാദ്യകരമായി തീര്‍ന്നിട്ടുണ്ടെന്നും പറയേണ്ടിയിരിക്കുന്നു. ഒരു സഹപ്രവര്‍ത്തകനെന്ന നിലയ്‌ക്ക്‌ മിക്കവാറും ദിവസങ്ങളില്‍ വിശ്വനാഥിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന എനിക്ക്‌ എത്ര ശ്രമിച്ചിട്ടും വിശ്വന്റെ ഒരു പ്രത്യേകത എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ലോകോത്തര കായിക താരങ്ങളെ ചെന്നുകണ്ട്‌ അഭിമുഖം തയ്യാറാക്കിയ ശേഷം തിരികെ ഓഫീസില്‍ ഹാജരാകുന്ന സന്ദര്‍ഭത്തില്‍ വിശ്വനാഥിന്റെ മുഖത്ത്‌ പ്രത്യക്ഷമാകുന്ന അഭിമാനം നിറഞ്ഞ തിളക്കമാണ്‌ അത്‌. വിശ്വനാഥ്‌ ഏറ്റവും സുന്ദരനായി കാണപ്പെടുന്ന സന്ദര്‍ഭവും അതുതന്നെ. മഹാത്മാ ഗാന്ധിയെ കാണുകയും തൊടുകയും ചെയ്‌ത ശേഷം തിരിച്ചു വരുമ്പോള്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുഖത്തുണ്ടായിരുന്ന ഭാവം അതു തന്നെയായിരിക്കുമെന്ന്‌ ഞാനൂഹിക്കുന്നു. കവിതയെ മനസ്സിലാക്കിയ ആസ്വാദകന്റെ മുഖമാണത്‌. സംഗീതം ഹൃദയത്തില്‍ കയറിയ ശ്രോതാവിന്റെ മുഖം. കളിയെഴുത്തുകാര്‍ക്കിടയില്‍ വിശ്വനാഥിനെ വേറിട്ടു നിര്‍ത്തുന്നതും ഈ ആത്മാര്‍ത്ഥത നിറഞ്ഞ ആസ്വാദന രീതിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു.ഒരു കളിക്കാരനെ സംബന്ധിച്ച്‌ അവന്റെ കളിയുടെ കാലയളവു പോലെ തന്നെ പ്രധാനമാണ്‌ അതിനുള്ള അര്‍പ്പിത ചേതസ്സായുള്ള പ്രയത്‌നങ്ങളുടെ കാലവും. ആ അര്‍ത്ഥത്തില്‍ തയ്യാറെടുപ്പുകളാണ്‌ അവന്‌ ജീവിതം. അതു തന്നെയാണ്‌ കരിയര്‍ റിക്കാര്‍ഡുകളേക്കാള്‍ അവന്റെ ജീവിതഗ്രന്ഥത്തിന്റെ ആധാരവസ്‌തുക്കളും. യൗവ്വനാരംഭത്തില്‍ നില്‍ക്കുന്ന ഒരുവന്റെ ജീവിതത്തെക്കുറിച്ച്‌ പുസ്‌തകമിറങ്ങുന്നതിന്റെ സാംഗത്യം ഇതുതന്നെ.കൊച്ചിക്കാരന്‍ ശാന്തകുമാരന്‍ നായരുടെ മകന്‍ ഇന്ത്യന്‍ ടീമിന്റെ മുന്നണിപ്പോരാളിയായി തീരുമ്പോള്‍ ഞാന്‍ കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്ത്‌ പോവുന്നു. കാരണം 'പടയ്‌ക്ക്‌ പിമ്പേ' എന്ന്‌ നമ്പ്യാര്‍ പരിഹസിച്ച ഒരു സമുദായത്തില്‍ നിന്നും ഒരാളിതാ വലിയൊരു രാജ്യത്തെ മുന്നില്‍ നിന്ന്‌ നയിക്കാന്‍ പോവുകയാണ്‌. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ചെയ്‌ത ആ വിഡംബനത്തിന്‌ അങ്ങനെ ചുട്ട മറുപടി കൊടുക്കാനും കവിതയെഴുതുന്ന ഈ കളിക്കാരനു കഴിഞ്ഞിരിക്കുന്നു.

അടി വീഴുന്നതെവിടെ ?


ക്രിക്കറ്റ്‌ ഒരു ടീം ഗെയിമാണ്‌. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പരമപ്രാധാന്യം കല്‍പ്പിക്കുന്ന വെള്ള കുപ്പായക്കാരുടെ കളി. ഈ കുപ്പായം മാറിയിട്ട്‌ കാലം കുറച്ചായി. കളിയെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഏകദിന ക്രിക്കറ്റില്‍ കളര്‍ കുപ്പായം അവതരിപ്പിച്ചു. ആദ്യം രാത്രി കളിക്കുമ്പോള്‍ മാത്രമായിരുന്നു. ഈ നിറംമാറ്റം. പിന്നെ "പകല്‍മാന്യന്‍"മാരുടെ കുപ്പായവും മാറ്റി. സര്‍വത്ര ഈസ്റ്റ്‌മാന്‍ കളറിലായി. പേരിന്‌ ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ മാത്രം ഗൃഹാതുരത്വത്തിന്‌ വേണ്ടി വെള്ളകുപ്പായം നിലനിര്‍ത്തി. കളി ട്വന്റിയിലേക്ക്‌ മാറിയപ്പോള്‍ നിറം പോരെന്നായി. സര്‍വത്ര കളറാക്കി. കുപ്പായങ്ങള്‍ കോമാളികളുടേതായി എന്ന്‌ പാരമ്പര്യവാദികള്‍ അടക്കം പറഞ്ഞപ്പോള്‍ അത്‌ ഗൗനിക്കേണ്ടെന്ന്‌ കളിയെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിധഗ്‌ദന്‍മാര്‍ ഉപദേശിച്ചു. പണപ്പെട്ടിയുടെ വലുപ്പം കൂടി വരുന്നതിന്റെ ഊക്കില്‍ കളിക്കാരും സംഘാടകരും പൂരക്കാഴ്‌ചകള്‍ കണ്ട്‌ കണ്ണ്‌ മഞ്ഞണിഞ്ഞ കാണികളും കൈയ്യടിച്ചു. കളറിലെന്ത്‌ കാര്യം? എന്നാവും ചോദ്യം. ശരിയാ, കളറിന്‌ വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കാനില്ല. എന്നാല്‍ കുപ്പായത്തിന്റെ കളര്‍ മാത്രമല്ല മാറുന്നത്‌. ഒപ്പം ഈ കളിയുടെ ശൈലിയും സ്വഭാവവും സംസ്‌ക്കാരവും മാറുന്നുവെന്ന്‌ അനുനിമിഷം ഗ്രൗണ്ടിനകത്തും പുറത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. മാന്യന്‍മാരുടെ കളിയെന്ന്‌ ഉദ്‌ഘോഷിച്ചിരുന്ന ക്രിക്കറ്റില്‍ മാന്യമെന്ന്‌ പറയാവുന്ന എന്താണ്‌ ഇനിഭാക്കിയുള്ളത്‌ ? ആദ്യം കോഴ വിവാദം, പിന്നെ മരുന്നടി . ഇപ്പാഴിതാ ഗ്രൗണ്ടിനകത്ത്‌ ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ കരണത്തടിക്കുന്നിടത്ത്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഫുട്‌ബോളില്‍, ലോകകപ്പ്‌ ഫൈനലില്‍ ഒരു കളിക്കാരന്‍ എതിര്‍ ടീമിലെ കളിക്കാരനെ തലകൊണ്ടിടിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഐ പി എല്‍ മല്‍സരത്തിന്‌ ശേഷം കളിക്കാര്‍ പരസ്‌പരം കൈകൊടുത്ത്‌പിരിയുന്നതിനിടെ ഹര്‍ഭജന്‍ സിങ്‌ ശ്രീശാന്തിന്റെ മുഖത്തിടിച്ചതിനെ ലോകകപ്പിലെ സിദാന്‍-മറ്റെരാസി സംഭവവുമായി താരതമ്യം ചെയ്‌തു കൊണ്ട്‌ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോനിയുള്‍പ്പെടെയുള്ളവര്‍ പ്രസ്‌താവനയിറക്കൂന്നു. എന്നാല്‍ അവര്‍ ഇങ്ങനെ ചെയ്യുന്നത്‌ സുപ്രധാനമായ ചില വസ്‌തുതകള്‍ വിസ്‌മരിച്ചു കൊണ്ടാണ്‌. സിദാന്‍ മറ്റരാസിയെ തല കൊണ്ടിടിച്ചത്‌ മല്‍സരത്തിനിടെ ആയിരുന്നു. കളിയുടെ ആവേശം കൊണ്ട്‌ സംഭവിച്ചുപോയ ഒരു പാതകമായി ഇതിനെ വേണമെങ്കില്‍ ന്യായീകരിക്കാം. എന്നാല്‍ ഹര്‍ഭജബനോ കളിക്കു ശേഷം കളിക്കളത്തിനകത്തുള്ള കാര്യങ്ങള്‍ എല്ലാം മറന്ന്‌ പരസ്‌പരം ഹസ്‌തദാനം ചെയ്യേണ്ട ഘട്ടത്തിലാണ്‌ ഇങ്ങനെ ചെയ്‌തത്‌്‌. ആവേശ തള്ളിച്ചയില്‍ ചെയ്‌തു പോയതെന്ന ന്യായീകരണം ഇതിനില്ല. അവനൊന്ന്‌ കൊടുത്തുകളയാമെന്ന്‌ നേരത്തെ തീരുമാനിച്ചുറച്ച ഒരാക്രമണമായി തന്നെ ഇതിനെ കാണണം. കളിക്കളത്തിന്‌ പുറത്തൊതുങ്ങുന്നതല്ല ഈ സംഭവം. ശ്രീശാന്ത്‌ പരാതിപെട്ടിരുന്നെങ്കില്‍ മൊഹാലി പോലീസിന്‌ കേസെടുത്ത്‌ ഹര്‍ബജനെ അറസ്‌റ്റ്‌ ചെയ്‌ത്‌ അന്വേഷണം നടത്താമായിരുന്നു. തീര്‍ന്നില്ല, മറ്റരാസിയും സിദാനും രണ്ടു രാജ്യങ്ങളുടെ കളിക്കാരാണ്‌. ഹര്‍ബജനും ശ്രീയും ഐ പി എല്ലില്‍ രണ്ടു ടീമുകളിലായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്നവരാണ്‌. ടീം ഇന്ത്യയെന്ന്‌ നമ്മള്‍ ആഭിമാന പൂര്‍വം വിശേഷിപ്പിക്കുന്ന ഒരു വികാരത്തിന്റെ ഭാഗമാണ്‌. ക്രിക്കറ്റ്‌ ഫുട്‌ബോള്‍ പോലെയല്ല. കളിക്കാര്‍ പരസ്‌പരം ശരീരത്തില്‍ സ്‌പര്‍ശിക്കേണ്ട ആവശ്യമില്ലാത്ത, കളിക്കിടെ അങ്ങനെ സംഭവിച്ചാല്‍ അതിന്‌ "സോറി " ചോദിക്കേണ്ട കളിയാണ്‌. ഇവിടെ അടി കൊണ്ടത്‌ ശ്രീശാന്തിന്റെ മുഖത്തല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്യതയുടെ മുഖംമൂടിക്ക്‌ മേലാണ്‌. ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്‌ ടീം ഇന്ത്യയുടെ യതാര്‍ഥ കോലമാണ്‌. സംഭവം നടന്നപ്പോള്‍ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലോ മറ്റോയിരുന്ന്‌ കളികാണുകയായിരുന്ന ഒരാള്‍ ഉറക്കെ ചിരിച്ചു കാണും. ചിരിച്ച്‌ ചിരിച്ച്‌ അയാളുടെ കണ്ണില്‍ നിന്ന്‌ വെള്ളംവന്നു കാണും. സത്യത്തില്‍ ഈ സംഭവത്തെ കുറിച്ച്‌ മാധ്യമങ്ങള്‍ ആദ്യം പ്രതികരണം തേടേണ്ടത്‌ അയാളില്‍ നിന്നായിരുന്നു. മറ്റാരുമല്ല അത്‌. ഹൈദരാബാദ്‌ ടീമിന്‌ വേണ്ടി ഐ പി എല്ലില്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ്‌. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സഹകളിക്കാരന്റെ മുഖത്തടിച്ച ഇതേ ഹര്‍ബജന്റെ സ്വഭാവ മഹിമയെ കുറിച്ച്‌ നേരത്തെ പരാതിപെട്ടതിന്റെ പേരില്‍ നമ്മള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകര്‍ വെറുക്കപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്ന സൈമണ്ട്‌സ്‌. ഹര്‍ബജന്‍ തന്നെ കളിക്കളത്തില്‍ വെച്ച്‌ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു സൈമണ്ട്‌സിന്റെ പരാതി. അന്ന്‌ സ്‌നേഹം കൊണ്ട്‌ നമ്മള്‍ ഹര്‍ബജന്‍ എന്നു പൂര്‍ണമായി വിളിക്കാതെ ബാജിയെന്ന്‌ വിളിക്കുന്ന ഈ പഞ്ചാബിയുടെ സ്വഭാവ മഹിമ തെളിയിക്കുന്ന സാക്ഷ്യപത്രവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിക്കറ്റ്‌ ഒസ്‌ട്രേലിയയുടെ ഓഫീസുകളില്‍ കയറിയിറങ്ങി. മങ്കി എന്നല്ല ബാജി സൈമണ്ട്‌സിന്റെ മുഖത്ത്‌ നോക്കി പറഞ്ഞത്‌ ഹിന്ദിയില്‍ "മാ കീ" എന്നാണെന്നും സച്ചിന്‍ അന്വേഷണ കമ്മീഷന്‌ മുന്നാകെ വാദിച്ചു. മാ കീ ( അമ്മയുടെ... ) എന്നത്‌ നല്ല പ്രയോഗമാണെന്ന്‌ ബോധ്യപ്പെട്ടത്‌ കൊണ്ടാവണം ഹര്‍ബജനെ വെറുതെ വിട്ടു. സൈമണ്ട്‌സ്‌ പരിഹാസ്യനായി.ഐ പി എല്ലില്‍ ഹൈദരാബാദ്‌ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‌ വേണ്ടി സൈമണ്ട്‌സ്‌ കളിക്കാന്‍ വരുമെന്ന്‌ പറഞ്ഞപ്പോള്‍ കളികാണാനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ മോശമായി പെരുമാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ, തന്റെ ടീമിന്‌ മേണ്ടി ഉജ്വല പ്രകടനം പുറത്തെടുത്ത സൈമണ്ട്‌സ്‌ ഇവിടെ ഒട്ടേറെ പുതിയ ആരാധകരെ സൃഷ്ടിക്കുകയാണ്‌ ചെയ്‌തത്‌. ഹര്‍ബജനോ, തന്റെ നികൃഷ്ടമായ പ്രവര്‍ത്തിയിലൂടെ സ്വയം അപഹാസ്യനായി. സൈമണ്ട്‌സ്‌ പൊട്ടിചിരിക്കാതിരിക്കുന്നത്‌ എങ്ങനെ ? ഹര്‍ബബന്‍ ഇങ്ങനെ ശ്രീശാന്തിനെ ആക്രമിച്ചത്‌ ഇന്ത്യന്‍ ടീമിനുള്ളില്‍ കളിക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌പര്‍ധയുടേയും അനാരോഗ്യകരമായ പ്രവണതകളുടേയും ബഹിര്‍സ്‌ഫുരണമായി വേണം കാണാന്‍. കളിക്കാര്‍ക്കാരുടെ അച്ചടക്കത്തെ കുറിച്ച്‌ വലിയ വായില്‍ സംസാരിക്കുന്ന ബി സി സി ഐ അധികര്‍ക്കോ ടീം മാനേജ്‌മെന്റിനോ അക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല എന്നതിന്‌ ഇതില്‍പരം എന്ത്‌ തെളിവ്‌ വേണം. നോരത്തെ പറഞ്ഞപോലെ പെട്ടെന്ന്‌ നിയന്ത്രണം വിട്ട്‌ ചെയ്‌ത്‌ പോയ കാര്യമല്ല, ഹര്‍ബജന്റെ കാര്യത്തില്‍ സംഭവിച്ചത്‌. മറിച്ച്‌ കാലങ്ങളായി ടീമില്‍ നീറി കൊണ്ടിരിക്കുന്ന പകയോ, സ്‌പര്‍ധയോ ഒക്കെയാണതിന്‌ പിന്നില്‍. സീനിയര്‍-ജൂനിയര്‍ പോര്‌, മേഖലകളുടെ പേരിലുള്ള പോര്‌, ഇങ്ങനെ കോക്കസുകളും ലോബികളും ടീമിന്റെ അണിയറയില്‍ വാഴുന്നുവെന്നത്‌ പുതിയ വാര്‍ത്തയല്ല. പെട്ടെന്ന്‌ കൈവരുന്ന പ്രശസ്‌തി, കൈ നിറയെ പണം- നമ്മുടെ യുവ താരങ്ങള്‍ വഴി തെറ്റിപോവാന്‍ അനുകൂലമായ സാഹചര്യം. കളിക്കാര്‍ മീഡിയയോടും ആരാധരോടും എതിര്‍ ടീമിലെയും സ്വന്തം ടീമിലേയും കളിക്കാരോടും എങ്ങനെ പെരുമാറണം, ഗ്രൗണ്ടിലും പുറത്തും എന്തൊക്കെ ചെയ്യണം, എന്ത്‌ ചെയ്യരുത്‌ എന്നെല്ലാം അവരെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ സംവിധാനമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലും മറ്റും കളിക്കാര്‍ക്ക്‌ ഇതുപോലെ സുജന മര്യാദകള്‍ അഭ്യസിപ്പിക്കുന്നതിനും സ്വന്തം പദവി എന്തെന്നും അത്‌ എങ്ങിനെയെല്ലാം കാത്തുസൂക്ഷിക്കണമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനും പ്രൊഫഷണല്‍ ട്രെയ്‌നിങ്‌ നല്‍കുന്നുണ്ട്‌. അത്തരം സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ ഇവിടെ അരങ്ങേറുകയില്ലായിരുന്നു. അത്തരം നടപടികള്‍ക്ക്‌ ഇനിയെങ്കിലും തുനിഞ്ഞില്ലെങ്കില്‍ രോഗാതുരമായ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനി സംഭവിക്കാവുന്നത്‌ ഒന്നേയുള്ളൂ- വിഷം തീണ്ടിയുള്ള മരണം.

Thursday, February 28, 2008

ഐ.പി.എല്‍- ക്രിക്കറ്റിലെ വഴിമാറ്റം


ക്രിക്കറ്റിലേക്ക്‌ പണം ഒഴുകിയെത്തുമ്പോഴൊക്കെ കെറി പാര്‍ക്കറുടെ പേര്‌ ഓര്‍മിക്കപ്പെടും. കാരണം കോടീശ്വരനായിരുന്ന ഈ ദക്ഷിണാഫ്രിക്കന്‍ വ്യവസായിയാണ്‌ ക്രിക്കറ്റ്‌ എന്ന ഗെയ്‌മിനെ വാണിജ്യവല്‍ക്കരിക്കാന്‍ ഗൗരവപൂര്‍ണമായ ശ്രമം ആദ്യം നടത്തിയത്‌. വര്‍ണവിവേചന വ്യവസ്‌ഥിതിയുടെ പ്രയോക്താക്കാളായിരുന്ന ദക്ഷിണാഫ്രിക്കയുടെ മണ്ണിലായിരുന്നു പാര്‍ക്കറുടെ ലീഗ്‌ എന്നതുകൊണ്ട്‌ അന്ന്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സംഘടന ആ ലീഗ്‌ സംവിധാനത്തെ എതിര്‍ത്തു. അവിടെ മല്‍സരിക്കാന്‍ പോവുന്ന കളിക്കാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി. അങ്ങനെ പാര്‍ക്കറുടെ ലീഗ്‌ ഒരു വന്‍വിജയമാവാതെ പോയി. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ്‌ സംഘടന പ്രീമിയര്‍ ക്രിക്കറ്റ്‌ ലീഗ്‌ എന്ന ആശയം മുന്നോട്ട്‌ വെക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലും ലോകമെമ്പാടുമുള്ള മറ്റു സംഘടനകളും കളിക്കാരും അതിനെ രണ്ടു കൈയ്യും നീട്ടി വാരിപ്പുണരുന്നു. ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പെ പാര്‍ക്കര്‍ പ്രാവര്‍ത്തികമാക്കിയ ലീഗിന്‌ തത്തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ ഒരു സംവിധാനത്തിന്‌ വേണ്ടി ഇത്രയും കാലം എന്തുകൊണ്ടു മറ്റാരും മുന്നിട്ടിറങ്ങിയില്ല ? ഗെയ്‌മിനെ മാര്‍ക്കറ്റ്‌ ചെയ്യുന്ന കാര്യത്തില്‍ ഐ സി സി വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന ദൗര്‍ബല്യത്തിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌. ഇപ്പോള്‍ ബി സി സി ഐ ഇങ്ങനെയൊരു സംരംഭത്തിന്‌ മുന്നിട്ടിറങ്ങിയതിനും അതു വഴി കോടികള്‍ സമ്പാദിക്കാന്‍ കഴിഞ്ഞതിനും ക്രിക്കറ്റ്‌ താരങ്ങള്‍ സുഭാഷ്‌ചന്ദ്രയെന്ന വ്യവസായിയോട്‌ നന്ദി പറയണം. സത്യത്തില്‍ ഇങ്ങനെയൊരു പ്രൊഫഷണല്‍ ലീഗ്‌ സംവിധാനം തുടങ്ങുവാന്‍ സീ ടെലിവിഷന്‍ ഗ്രൂപ്പിന്റെ മേധാവിയായ സുഭാഷ്‌ ചന്ദ്ര ബി സി സി ഐയെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഒരു പ്രൊഫഷണല്‍ ലീഗിന്‌ തുടക്കമിടാന്‍ ഇത്രയും വൈകിയതില്‍ നിന്ന്‌, ബി സി സി ഐ ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കമ്പോള സാധ്യതകള്‍ ശരിയായ രീതിയില്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന്‌ സമ്മതിക്കേണ്ടി വരും. കാരണം ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പ്രീമിയര്‍ ലീഗിന്‌ രാജ്യത്തെ വ്യവസായികളിലും രാജ്യാന്തര കമ്പോളത്തിലും ആരാധകരിലും നിന്നെല്ലാം ലഭിച്ച സ്വീകരണം അത്ര വലുതാണ്‌. ഐ പി എല്ലിലേക്ക്‌ ഇന്ന്‌ ഒഴുകിയെത്തുന്ന സമ്പത്ത്‌ മുമ്പും ഇവിടെ തന്നെയുണ്ടായിരുന്നു. എന്തു കൊണ്ട്‌ ഇങ്ങനെയൊരു സംരംഭത്തിന്‌ തുടക്കമിടാന്‍ ഇത്രയും വൈകിയെന്നു തന്നെയാണ്‌ സ്വാഭാവികമായും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ വഴിത്തിരിവാകും പ്രീമിയര്‍ ലീഗ്‌ എന്ന കാര്യം ഇപ്പോഴേ ഉറപ്പിച്ചുപറയാം. കെറി പാര്‍ക്കറുടെ വിമത ലീഗുമായോ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ്‌ സംവിധാനവുമായോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ താരതമ്യം ചെയ്യേണ്ടത്‌. തീര്‍ച്ചയായും ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിനെയാവും ഐ പി എല്‍ മാതൃകയാക്കേണ്ടി വരിക. പേരിലെ സാദൃശ്യം മാത്രം മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്‌. ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ലീഗിനെ അപേക്ഷിച്ച്‌ എത്രയോ കുറഞ്ഞ തുകയാണ്‌ ഇപ്പോള്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ നല്‍കുന്ന പ്രതിഫലം. അന്താരാഷ്ട്ര മീഡിയയില്‍ ഇംഗ്ലീഷ്‌ ലീഗിന്‌ ലഭിക്കുന്ന കവറേജ്‌ ഒരിക്കലും ഐ പി എല്ലിന്‌ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഒന്നുണ്ട്‌, തുടക്കത്തില്‍ തന്നെ ഐ പി എല്ലിന്‌ അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകരണം ആവേശകരമാണ്‌. ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെല്ലാം ഓരോ ടീമുകളിലും എത്തിപ്പെടാന്‍ പരസ്‌പരം മല്‍സരിച്ചു. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കളിക്കളത്തിന്‌ പുറത്തു നടന്ന ഏറ്റവും ആവേശകരമായ മല്‍സരമായാണ്‌ ഐ പി എല്ലിലേക്ക്‌ വേണ്ടി നടത്തിയ ലേലം വിളിയെ ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമെല്ലാം മാധ്യമങ്ങള്‍ വിലയിരുത്തിയത്‌. ഐ പി എല്‍ എന്ന കുഞ്ഞ്‌ ജനിക്കുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ ഇത്ര പരിചരണവും വാല്‍സല്യവും അതിന്‌ ലഭിക്കുന്നുവെങ്കില്‍ ബാല്യ, കൗമാരദശകളില്‍ എത്തുമ്പോള്‍ ഐ പി എല്ലിന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗുമായി കിടപിടിക്കാവുന്ന സ്വീകാര്യതയും ഗ്ലാമറും കൈവന്നുകൂടെന്നില്ല. ഇപ്പോള്‍തന്നെ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ലീഗില്‍ കാണുന്ന ചില പ്രവണതകള്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട്‌ ക്രിക്കറ്റിലും കണ്ടു തുടങ്ങിയിരിക്കുന്നു. വലിയ താരങ്ങള്‍ പലരും സ്വന്തം രാജ്യത്തിന്‌ വേണ്ടി കളിക്കുന്നതിലും താല്‍പര്യം ലീഗില്‍ കളിക്കുന്നതിന്‌ പ്രകടമാക്കുന്നുവെന്നത്‌ തന്നെ ഇതില്‍ പ്രധാനം. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ പാക്‌പര്യടനത്തിന്‌ പോവാന്‍ വിസമ്മതിച്ചതിന്‌ പിന്നില്‍ ഐ പി എല്ലില്‍ നിന്ന്‌ ആകര്‍ഷകമായ കരാറുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നത്‌ രഹസ്യമല്ല. പാക്‌ പര്യടനത്തിന്‌ പോവില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച ആന്‍ഡ്രൂ സൈമണ്ട്‌സ്‌ മറ്റ്‌ ഓസീസ്‌ താരങ്ങളേക്കാള്‍ ഏറെ ഉയര്‍ന്ന തുകക്കുള്ള കരാര്‍ ഒപ്പിച്ചെടുത്തു. സൈമണ്ട്‌സിനെ ഭാവിയില്‍ മറ്റു താരങ്ങളും മാതൃകയാക്കിയേക്കാം. ഐ പി എല്ലില്‍ തടസ്സമില്ലാതെ കളിക്കുന്നതിന്‌ വേണ്ടി കളിക്കാര്‍ ചെറിയ പ്രായത്തില്‍ തന്നെ ദേശീയ ടീമില്‍ നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ സജീവ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമായ ഈ പ്രവണത ഐ പി എല്ലിന്റെ പ്രലോഭനങ്ങള്‍ വഴി ക്രിക്കറ്റിലും നടപ്പിലാവുമെന്നാണ്‌ ആശങ്ക.സിനിമയും ക്രിക്കറ്റും കൈകോര്‍ക്കുമ്പോള്‍ബി സി സി ഐ വിവിധ ടീമുകള്‍ക്ക്‌ സ്‌പോണ്‍സര്‍മാരെ ക്ഷണിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ ഇന്ത്യയിലെ വമ്പന്‍ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ പണമൊഴുക്കി മല്‍സരിക്കാനെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നമായ ബിസിനസ്‌ ഗ്രൂപ്പ്‌ റിലയന്‍സ്‌ ഇന്ത്യ ലിമിറ്റഡ്‌ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ലേലം വിളിയിലൂടെ തന്നെ ടീമുകളെ സ്വന്തമാക്കി. എന്നാല്‍ ഹിന്ദി സിനിമാ ലോകം ക്രിക്കറ്റ്‌ ലീഗിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്‌ വേണ്ടി കാണിച്ച താല്‍പര്യം കൗതുകമുണര്‍ത്തുന്നു. പ്രീതി സിന്റയെന്ന ബോളിവുഡ്‌ നടി മൊഹാലി ടീമിനെ ഏറ്റെടുത്തു. ഇത്‌ പക്ഷെ കാമുകനായ നെസ്‌ വാഡിയയുടെ നിയന്ത്രണത്തിലുള്ള ബിസിനസ്‌ ഗ്രൂപ്പിന്റെ പിന്‍ബലത്തിലാണ്‌. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സ്വയമേവ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞ ഷാറൂഖ്‌ ഖാന്‍ കൊല്‍ക്കത്ത ടീമിനെ ഏറ്റെടുത്തത്‌ ഒരു സിനിമാതാരം എന്ന ലേബലില്‍ തന്നെയാണ്‌. ഇന്ത്യയില്‍ ഏറ്റവും അധികം സ്വാധിനം ചെലുത്തുന്ന വിനോദ വ്യവസായങ്ങളാണ്‌ ക്രിക്കറ്റും ഹിന്ദി സിനിമയും ഇത്‌ രണ്ടും കൈകോര്‍ക്കുമ്പോള്‍ ലഭിക്കുന്ന കരുത്തും സ്വാധീന ശേഷിയും എന്താണെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ കിങ്‌ ഖാന്‍ പണം മുടക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കഥ ഇതിവൃത്തമാക്കിയ ചക്‌ദേ എന്ന തന്റെ സിനിമയെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ക്രിക്കറ്റുമായും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുമായുള്ള തന്റെ ബന്ധം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച അനുഭവവും ഷാറൂഖിന്‌ ഇവിടെ തുണയായിരിക്കണം. സൗരവ്‌ ഗാംഗുലിയുടെ ടീമിനെയാണ്‌ ഷാറൂഖ്‌ സ്വന്തമാക്കിയത്‌. പരസ്യ വിപണിയില്‍ നല്ല മാര്‍ക്കറ്റുള്ള രണ്ട്‌ കമേഷ്യല്‍ ഐക്കണുകളാണ്‌ ഷാറൂഖും സൗരവും. ഇവര്‍ ഒരുമിച്ചു ചേരുമ്പോഴോ? കാര്യങ്ങള്‍ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.ക്രിക്കറ്റിനെ ഇങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച്‌ പരാതി ഉയരുന്നുണ്ട്‌. പക്ഷെ ഒരു കാര്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്ത്‌ പരിണമിക്കാതെ ഒരു ഗെയ്‌മിനും നിലനില്‍പ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ട്‌ വെച്ച കാല്‍ ഇനി പിറകോട്ടെടുക്കാന്‍ കഴിയില്ല.

Monday, February 25, 2008

ധോനിയാണ്‌ താരം


2011ലെ ലോകകപ്പ്‌ , അതാണ്‌ ലക്ഷ്യമെന്ന്‌ ക്യാപ്‌റ്റന്‍ ധോനി പറയുന്നു. ലോകകപ്പ്‌ ജയിക്കാന്‍ പോന്ന ഒരു ടീമിനെ കെട്ടിപ്പടുക്കണം. ശ്രമം ഇപ്പോഴേ തുടങ്ങണം. തികച്ചും അപ്രതീക്ഷിതമായി പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച നായകനാണ്‌ ധോനി. അതുകൊണ്ട്‌ ധോനിയുടെ വാക്കുകള്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ ചെവികൊള്ളാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഓസ്‌ട്രേലിയയിലെ സി ബി സീരിസ്‌ ത്രിരാഷ്ട്ര ഓകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ടീമില്‍ ധോനിയുടെ താല്‍പര്യപ്രകാരം കൂടുതല്‍ യുവതാരങ്ങള്‍ക്ക്‌ ഇടം നല്‍കിയതിന്‌ കാരണം അതുതന്നെ. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൗരവ്‌ ഗാംഗുലിയേയും മിസ്‌റ്റര്‍ റിലയബിള്‍ ആയ രാഹുല്‍ ദ്രാവിഡിനേയും പോലും പൂര്‍ണമനസ്സോടെയല്ലാതെ സെലക്‌റ്റര്‍മാര്‍ മാറ്റിനിര്‍ത്തി. അതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഇതിനെല്ലാം മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും വിവാദം ഉടലെടുക്കുകയും ചെയ്‌തു. ആ സമയത്ത്‌ ധോനിയായിരുന്നു കൂടുതല്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നത്‌. സത്യത്തില്‍ അപ്പോള്‍ അയാള്‍ക്ക്‌ വന്നുചേര്‍ന്ന ഉത്തരവാദിത്വം ഏറെ വലുതായിരുന്നു. തന്റെ ഇംഗിതമനുസരിച്ചൊരു ടീമിനെ കിട്ടിയിരിക്കുന്നു. അങ്ങനെയൊരു ടീമിനെ സെലക്‌റ്റ്‌ ചെയ്‌തതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ട, പുതുമുഖങ്ങളുടെ ടീം ദയനീയമായി പരാജയപ്പെട്ടാല്‍ അതിന്റെ പ്രതികരണം അതീവ രൂക്ഷമായിരിക്കും. തന്റെ ക്യാപ്‌റ്റന്‍ സ്ഥാനം മാത്രമല്ല, ടീമിലെ ഇടം തന്നെ നഷ്ടമാവാം. എന്നാല്‍ ഇത്ര ദുഷ്‌ക്കരമായ ഒരു ഘട്ടത്തെ സ്വതസിദ്ധമായ ലാഘവത്തോടെ നേരിട്ടുവെന്നതാണ്‌ ധോനിയുടെ മിടുക്ക്‌. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായിട്ടും ധോനി പ്രതികരിച്ചിരുന്നില്ല. കളിക്കളത്തില്‍ കാണാമെന്നതായിരുന്നു അപ്പോഴെല്ലാം ക്യാപ്‌റ്റന്റെ നിലപാട്‌.കളിക്കളത്തില്‍ കണ്ടെതെന്താണ്‌ ? സി ബി സീരിസിലെ ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനല്‍ നടക്കാനിരിക്കുന്നേയുള്ളൂ. അതിന്റെ റിസല്‍ട്ട്‌ എന്തു തന്നെയായാലും ചില കാര്യങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചുപറയനാവും. ധോനിയുടെ യങ്ങ്‌ ടീം യാത്രയുടെ തുടക്കം ഭംഗിയാക്കിയിരിക്കുന്നു. എത്ര മല്‍സരങ്ങള്‍ അവര്‍ ജയിക്കുന്നു എന്നതല്ല, കളിയോട്‌ അവര്‍ പുലര്‍ത്തുന്ന സമീപനവും അവരുടെ ശൈലിയും പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌. ലോക ചാമ്പ്യന്‍മാരായ ഓസീസും റണ്ണറപ്പുകളായ ശ്രീലങ്കയുമായിരുന്നു ഈ ടൂര്‍ണമെന്റിലെ പ്രതിയോഗികള്‍. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കാര്യമായ ദൗര്‍ബല്യങ്ങളൊന്നും പ്രകടമാക്കാതെ അവര്‍ പോരാടി. ചില മല്‍സരങ്ങള്‍ ജയിച്ചു. എന്നാല്‍ ജയിച്ച മല്‍സരങ്ങള്‍ക്കെല്ലാമുപരി ധോനിയുടെ ടീമിന്റെ കരുത്ത്‌ തെളിയിച്ചത്‌ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയോട്‌ തോറ്റുപോയ അവസാന ലീഗ്‌ മല്‍സരമാണ്‌. 50 ഓവറില്‍ 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ 4 വിക്കറ്റിന്‌ 51 റണ്‍സെന്ന നിലയിലേക്ക്‌ പതിച്ചു. അവിടെ വെച്ച്‌ നടത്തിയ പോരാട്ടം ഈ ടീമിനെക്കുറിച്ച്‌ നമുക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌. ഗൗതം ഗംഭീറിന്റെ സെഞ്ച്വറിയും റോബിന്‍ ഉത്തപ്പയുടെ ഹാഫ്‌ സെഞ്ച്വറിയും ആ റണ്ണുകള്‍ നേടിയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതിഗംഭീരങ്ങള്‍ തന്നെയായിരുന്നു. ന്യൂസിലണ്ടുകാരാനായ അമ്പയര്‍ അല്‍ഹില്ലിന്റെ ചില സംശയകരമായ തീരുമാനങ്ങള്‍ കൂടിയാണ്‌ ഈ ഘട്ടത്തില്‍ ഇന്ത്യന്‍ വിജയത്തിന്‌ തടയിട്ടത്‌. ഗൗതം ഗംഭീര്‍ സ്റ്റംപ്‌ഡ്‌ ആയെന്ന്‌ തികച്ചും സംശയകരമായ സാഹചര്യത്തില്‍ തേഡ്‌ അമ്പയറോട്‌ തിരക്കാതെ തന്നെ ഹില്‍ വിധിച്ചുകളഞ്ഞു. റോബിന്റെ രണ്ടു റണ്‍ അനുവദിക്കാതിരുന്ന ഷോട്ട്‌റണ്‍ തീരുമാനവും അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. പരമ്പരയില്‍ ഉടനീളം ഗൗതം ഗംഭീര്‍ കാഴ്‌ചവെച്ച ബാറ്റിങ്‌ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും മികവ്‌ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ ഗംഭീറാണ്‌. 2003ല്‍ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച ഗൗതമിനെയല്ല ഇപ്പോള്‍ നമ്മള്‍ കാണുന്നത്‌. അന്ന്‌ പരിമിതമായ ഷോട്ടുകള്‍ മാത്രമുള്ള ഫ്രണ്ട്‌ ഫൂട്ടില്‍ കയറി ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുന്ന ഒരു ശരാശരിക്കാരനെന്നേ ഗംഭീര്‍ തോന്നിച്ചിരുന്നുള്ളൂ. പക്ഷെ ഇപ്പോഴത്തെ 26 കാരന്‍ ക്രിക്കറ്റിലെ മിക്ക ഷോട്ടുകളും അതിന്റെ ചാരുതയോടെ കളിക്കാന്‍ പ്രാപ്‌തി നേടിയിരിക്കുന്നു. ക്രീസിന്‌ പുറത്ത്‌ സ്റ്റാന്‍സെടുത്ത്‌ ബ്രെറ്റ്‌ ലീയെ പോലുള്ള അതിവേഗ ബൗളര്‍മാരെ നേരിടാന്‍ ധൈര്യം കാണിക്കുന്നു. ഗൗതമിനെ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നമ്മുടെ സെലക്‌റ്റര്‍മാര്‍ പശ്ചാത്തപിച്ചിരിക്കും. ഗാഭിറിനൊപ്പം ബാറ്റിങിന്റ ചുമതലയേറ്റെടുക്കാന്‍ ക്യാപ്‌റ്റനും കഴിഞ്ഞു. ധോനി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ അവതരിച്ചത്‌ മേഘഗര്‍ജനമായാണ്‌. സെവാഗിനേക്കാള്‍ വലിയ വെടിക്കെട്ടുകാരനോയെന്ന്‌ നമ്മള്‍ അദ്‌ഭുതം കൂറിയതാണ്‌. കളിച്ച പന്തിനേക്കാള്‍ ഇരുപതെങ്കിലും അധികം റണ്‍സെന്നതായിരുന്നു അന്ന്‌ ധോനിയുടെ പതിവ്‌. അപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‌ പുറത്തും ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍, റണ്ണെടുക്കാന്‍ കഴിയുമോയെന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഫൂട്ടവര്‍ക്ക്‌ മോശം, മൂവ്‌ചെയ്യുന്ന പന്തുകള്‍ കളിക്കാനുള്ള ടെക്‌നിക്കില്ല...... അതു കാരണം ഇംഗ്ലണ്ടിലേയും ഓസീസിലേയും വിക്കറ്റുകളില്‍ മികവുകാട്ടാനാവുന്ന കാര്യം സംശയത്തിലാണെന്ന്‌ വിധഗ്‌ദര്‍ മുന്നറിയിപ്പ്‌ നല്‍കി. സംഗതി ശരിയാണെന്ന്‌ ഏഷ്യക്ക്‌ പറത്തേക്കുള്ള തന്റെ ആദ്യ പര്യടനങ്ങളില്‍ ധോനി തോന്നിപ്പിച്ചു. എന്നാല്‍ പ്രശ്‌നം സ്വയം തിരിച്ചറിഞ്ഞ ധോനി പെട്ടെന്ന്‌ തന്നെ അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ബൗണ്‍സും കൂടുതല്‍ മൂവ്‌മെന്‍രകുമുള്ള പിച്ചുകളില്‍ പ്രതികൂല സാഹടര്യങ്ങളില്‍ ബാറ്റ്‌ ചെയ്യേണ്ടി വര്‌ുമ്പോള്‍ ഏറ്റവും അനിവാര്യമായ ഗുണം ക്ഷമയാണെന്ന്‌ ധോനി തിരിച്ചറിഞ്ഞു. കരതലോടെ കളിച്ച്‌ വിക്കറ്റുമായി പൊരുത്തപ്പെട്ടശേഷം സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം ആക്രമിക്കുന്ന ശൈലിയിലേക്ക്‌ മാറി. സിംഗുളുകളുടെ പ്രാധാന്യം എന്തെന്ന്‌ തന്റെ ടീമംഗങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക്‌ ബാറ്റിങിനെ മാറ്റിയെടുക്കാന്‍ ധോനിക്ക്‌ കഴിഞ്ഞു. അഡ്‌ലെയ്‌ഡില്‍ ശ്രീലങ്കക്കെതിരായ മാച്ചില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ തോളിലേറ്റിയ ധോനിയുടെ 50 റണ്‍സില്‍ ഒറ്റ ബൗണ്ടറിയോ സിക്‌സറോ ഉണ്ടായിരുന്നില്ല. ഓര്‍ക്കാന്‍ നല്ല രസം, ഒന്നരകൊവ്വം മുമ്പു വരം ധോനി ഇങ്ങനെയൊരു ഇന്നിങ്ങ്‌സ്‌ കളിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‌ഡ കഴിയുമായിരുന്നോ? സാഹചര്യത്തിന്‌ അനുസരിച്ച്‌ മാറാന്‍ കഴിയുക എന്നത്‌ ഓന്തിന്റെ , ലക്ഷണമല്ല, മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ സവിശേഷതയാണ്‌. അഭിമാനത്തോടെ തന്നെ പറയാം ധോനിയാണ്‌ നമ്മുടെ താരം.......

Friday, February 1, 2008

പത്മവിഭൂഷണന്‍ സച്ചിന്‍


രണ്ടു ദശകങ്ങള്‍ക്ക്‌ മുമ്പാണത്‌, സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ എന്ന പതിനഞ്ചുകാരനെ ചേര്‍ത്തുനിര്‍ത്തി അന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന സുനില്‍ മനോഹര്‍ ഗാവസ്‌കര്‍ പറഞ്ഞു " നീ ഇന്ത്യക്ക്‌ വേണ്ടി കളിക്കണം. ഒന്നോ രണ്ടോ വര്‍ഷമല്ല, ദീര്‍ഘ കാലം. എന്റെ റെക്കോര്‍ഡുകള്‍ മുഴുവന്‍ തകര്‍ക്കണം. ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ 40 സെഞ്ച്വറിയും 15000 ല്‍ അധികം റണ്‍സും നീ നേടിയില്ലെങ്കില്‍ നിന്നെ ഞാന്‍ ചതച്ചരച്ചു കൊല്ലും. " സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗാവസ്‌കര്‍ മാത്രമല്ല, പ്രതിഭ മറ്റുപലരും അന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ഇത്ര കൃത്യമായി സച്ചിന്റെ ടാലന്റ്‌ അളെന്നെടുക്കാന്‍ ഗാവസ്‌കര്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ. ഗാവസ്‌കറുടെ ഈ വാക്കുകളെ അതിശയോക്തിയായേ മറ്റുള്ളവര്‍ അന്ന്‌ കണ്ടിരുന്നുള്ളൂ. കാരണം ഇത്രയധികം റണ്‍സും സെഞ്ച്വറിയും മനുഷ്യസാധ്യമോയെന്ന്‌ സ്വാഭാവികമായും അവര്‍ ചിന്തിച്ചുപോയി. എന്നാല്‍ ഇന്നിതാ സച്ചിന്‍ ഗാവസ്‌കര്‍ നിശ്ചയിച്ചിരുന്ന ആ ലക്ഷ്യത്തിന്‌ അരികില്‍ എത്തി നില്‍ക്കുന്നു. സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്‍ ഈലക്ഷ്യത്തിലും നിന്ന്‌ ഏറെ മുന്നോട്ട്‌ പോവുമെന്നു കരുതണം. " എനിക്ക്‌ ഇപ്പോഴും ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശവും ആഗ്രഹവുമുണ്ട്‌. അത്‌ അവസാനിക്കുന്ന വരെ ഞാന്‍ കളിക്കും. രണ്ടോ മൂന്നോ വര്‍ഷം കൂടി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടരുകയെന്നതാണ്‌ സച്ചിന്റെ ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മനമറിയുന്ന സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പതിനയ്യായിരം റണ്‍സെന്നതും അപ്രാപ്യമല്ലെന്ന്‌ നമുക്ക്‌ കരുതാം. ഗാവസ്‌കര്‍ ആഗ്രഹിച്ചിരുന്നത്‌ പോലെ റണ്‍സിലും സെഞ്ച്വറികളിലുമെല്ലാം സച്ചിന്‍ അദ്ദേഹത്തിന്റെ ഏറെ മുന്നിലെത്തികഴിഞ്ഞിരിക്കുന്നു.ഗാവസ്‌കര്‍ പറയാത്ത, പ്രവചിക്കാത്ത ഒരു കാര്യം കൂടി സ്വാഭാവികമായും ഇവിടെ ചിന്തിച്ചുപോവും. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ എത്ര സെഞ്ച്വറിയും റണ്‍സും നേടിയിരിക്കുന്നു എന്നതാണത്‌. ഈ വരികള്‍ എഴുതുമ്പോള്‍, 15962 റണ്‍സും 41 സെഞ്ച്വറിയുമാണ്‌ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും കൂടെ 27744 റണ്‍സും 80 സെഞ്ച്വറിയും. ഇത്‌ കേള്‍ക്കുമ്പോള്‍ ക്രിക്കറ്റിന്റെ ബാലപാഠമറിയുന്ന ഏതൊരാളും പറഞ്ഞുപോവുന്നത്‌ "എന്റമ്മോ " എന്നുമാത്രമാവും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സു നേടുന്ന ബാറ്റ്‌സ്‌മാന്‍ എന്നൊരു റെക്കോര്‍ഡു മാത്രമേ ഇനി സച്ചിന്‌ നേടാനുള്ളൂ. 11953 റണ്‍സ്‌ നേടിയ ബ്രയാന്‍ ലാറയാണ്‌ ഇപ്പോള്‍ സച്ചിന്‌ മുന്നിലുള്ളത്‌. അതു മറികടക്കാന്‍ സച്ചിന്‌ ഇനി കേവലം 172 റണ്‍സു മതി. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 493 റണ്‍സെടുത്ത്‌ സച്ചിന്‍ ടോപ്‌സ്‌കോററായി. എത്ര റണ്‍സെടുത്തു എന്നതിലല്ല, ആ റണ്‍സ്‌ നേടിയ രീതിയാണ്‌ ആരാധകരെ ആഹ്ലാദിപ്പിക്കുന്നത്‌. തന്റെ കരിയറിന്‍രെ തുടക്കകാലത്തെ അനുസ്‌മരിപ്പിക്കും വിധം ബൗളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ സച്ചിന്‌ ഈ പരമ്പരയില്‍ ഉടനീളം കഴിഞ്ഞു. തന്റെ ചെറുപ്പത്തിലെ പോലെ റിഫ്‌ളക്ഷനും ( പന്തിനോട്‌ പ്രതികരിക്കാനുള്ള നൈസര്‍ഗ്ഗികമായി പ്രതികരിക്കാനുള്ള കഴിവ്‌) കാഴ്‌ചശക്തിയും സച്ചിനിപ്പോള്‍ ഇല്ലായിരിക്കും. മുപ്പത്‌ വയസ്സ്‌ പിന്നിട്ട ഏത്‌ ബാറ്റ്‌സ്‌മാനും സംഭവിക്കുന്നതാണിത്‌. പക്ഷെ ഈ പോരായിമകളെ നിരന്തര പരിശീലനവും തന്റെ മികച്ച ബാറ്റിങ്‌ ടെക്‌നിക്കുകളും കൊണ്ടു മറികടക്കാന്‍ സച്ചിനി കഴിയുന്നു. ഏല്ലാത്തിനും അപ്പുറം സച്ചിന്‍ തന്നെ വ്യക്തമാക്കിയപോലെ ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശം സച്ചിനില്‍ ഒട്ടും ചോര്‍ന്ന്‌ പോയിട്ടില്ല. തന്റെ കരിയര്‍ കൃത്യമായി പ്ലാന്‍ ചെയ്‌താണ്‌ സച്ചിന്‍ ഓരോ അടിയും മുന്നോട്ടുവെക്കുന്നത്‌. ടെന്നീസ്‌ എല്‍ബോ രോഗബാധിതനായപ്പോള്‍, എന്തെല്ലാം സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായപ്പോഴും രോഗം പൂര്‍ണമായും ഭേധമാവുന്നത്‌ വരെ കളിയില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ സച്ചിന്‍ തുനിഞ്ഞത്‌. തല്‍ക്കാലത്തോക്ക്‌ കളിക്കാനുള്ള ഫിറ്റ്‌നസ്സും ശാരീരിക ശേഷിയും നേടുകയല്ല, തന്റെ കരിയര്‍ പരമാവധി മുന്നോട്ടുകൊണ്ടു പോവാന്‍ കഴിയും വിധത്തില്‍ പരിക്കുകളും അസുഖങ്ങളും അപ്പോള്‍ തന്നെ പൂര്‍ണമായും ചികില്‍സിച്ച്‌ ഭേദമാക്കുകായാണ്‌ സച്ചിന്‍ ചെയ്‌തത്‌. ഭാവിയിലേക്ക്‌ കണ്ണുനട്ടുകൊണ്ടുള്ള ഇത്തരം പ്ലാനിങ്ങാണ്‌ സച്ചിന്റെ വിജയരഹസ്യം. തീര്‍ച്ച, ഇനിയും നമ്മുടെ ലിറ്റില്‍ നമ്മളെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കും.

Friday, October 26, 2007

പാകിസ്‌താന്‍ വീണ്ടുമെത്തുമ്പോള്‍...


ഇന്ത്യയും പാകിസ്‌താനും ക്രിക്കറ്റ്‌ മൈതാനത്ത്‌ മുഖാമുഖം വരുമ്പോള്‍ അത്‌ യുദ്ധവും ഉല്‍സവവും ഒക്കെയായി മാറാറുണ്ട്‌. മീഡിയയാണ്‌ ഇങ്ങനെ കാര്യങ്ങള്‍ പരുപ്പിച്ചു കാട്ടുന്നതെന്നും മറ്റേത്‌ പരമ്പരയെ പോലെയും ഇതൊരു സാധാരണ മല്‍സരമാണെന്ന്‌ ഇരു ടീമുകളുടേയും ക്യാപ്‌റ്റന്‍മാര്‍ പത്ര സമ്മേളനത്തില്‍ ആണയിടാറുണ്ട്‌. പക്ഷെ, സത്യത്തില്‍ അതങ്ങിനെയാണോ ? അല്ലെന്ന്‌ മുമ്പ്‌ നടന്ന ഇന്ത്യ-പാക്‌ മല്‍സരങ്ങളെക്കുറിച്ച്‌ അനുസ്‌മരിക്കുമ്പോള്‍ മുന്‍താരങ്ങള്‍ വ്യക്തമാക്കാറുണ്ട്‌. ഓരോ മല്‍സരത്തിന്‌ മുമ്പും കളി നടക്കുമ്പോള്‍ ഗ്രൗണ്ടിലും കളിക്കാര്‍ അനുഭവിച്ച സമര്‍ദ്ധത്തെ കുറിച്ച്‌ അവര്‍ തന്നെ പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇരു ടീമുകളുടേയും ആരാധകര്‍ മാത്രമല്ല. ക്രിക്കറ്റ്‌ എന്ന ഗെയിം എന്തെന്നറിയാത്ത ആളുകള്‍ പോലും ആരാ ഇപ്പോള്‍ മുന്നില്‍, ആരു ജയിക്കും? എന്ന്‌ ആവേശത്തോടെ തിരക്കുന്നു. കേവലം ഒരു ഗെയിം എന്നതിന്‌ ഉപരി മറ്റെന്തൊക്കയോ ആയി മാറുന്നു ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ എന്നു പറയുന്നതിന്‌ അടിസ്ഥാനം ഇതുതന്നെ. പകവീട്ടുകയെന്ന ഒരു വാക്ക്‌ ഇന്ത്യാ-പാക്‌ മല്‍സരങ്ങളുമായി ചുറ്റിപ്പറ്റി നിരന്തരം ഉയര്‍ന്നു കേള്‍ക്കും. നീറിപുകയുന്ന തോല്‍വിയുടെ ഓര്‍മകള്‍ ആരാധകരെ മഥിച്ചുകൊണ്ടിരിക്കും, ചില കളിക്കാരെ വേട്ടയാടികൊണ്ടിരിക്കും. പകരം ചോദിക്കാതെ നിര്‍വാഹമില്ലാത്ത പരാജയങ്ങള്‍. ഇപ്പോള്‍ മൂന്നു ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഉള്‍പ്പെട്ട മുഴുനീള പരമ്പര കളിക്കാന്‍ പാകിസ്‌താന്‍ ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ പകരം ചോദിക്കാനുള്ളത്‌ കൂടുതലും പാകിസ്‌താനാണ്‌. 20-ട്വ്‌ന്റി ലോകകപ്പിന്റെ ഫൈനലിലെ പരാജയമാണ്‌ അതിനു കാരണം. ആദ്യമായായിരുന്നു ഒരു ലോകകപ്പിന്റെ ഫൈനലില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടുന്നത്‌. സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവരുടെ അഭാവത്തിലും ഇന്ത്യ പാകിസ്‌താനെ കീഴടക്കിയെന്നത്‌ ഇന്ത്യന്‍ ആരാധകര്‍ മേനി പറഞ്ഞതാണ്‌. അതിന്‌ ഒരു തിരിച്ചടി നല്‍കാതെ പാകിസ്‌താന്‍കാര്‍ മടങ്ങിപ്പോവുന്നത്‌ എങ്ങിനെ? പാക്‌ താരങ്ങളുടെ മനസ്സില്‍ കനലെരിയുന്നുണ്ടാവും. ഇന്ത്യയും പാകിസ്‌താനും പരസ്‌പരം തുടര്‍ച്ചയായി കളിക്കാന്‍ തുടങ്ങിയ ശേഷം പഴയപോലെ കളി യുദ്ധമാവുന്നില്ലെന്നത്‌ ശരിയാണ്‌ . പക്ഷെ ഇപ്പോഴും ഈ കളി കാര്യമാണ്‌.ആരു ജയിക്കുമെന്ന ആകാംക്ഷ ഏങ്ങുമുണ്ട്‌. അവസാനമായി ഇന്ത്യ- പാക്‌ മുഴുനീള പരമ്പര നടന്നത്‌ കഴിഞ്ഞവര്‍ഷം ആദ്യം പാകിസ്‌താനില്‍ വെച്ചായിരുന്നു. ഇതില്‍ ടെസ്റ്റ്‌ പരമ്പര 1-0 എന്ന മാര്‍ജിനില്‍ പാകിസ്‌താനും ഏകദിന പരമ്പര 4-1 എന്ന മാര്‍ജിനില്‍ ഇന്ത്യയും ജയിച്ചു. ഇത്തവണ ടെസ്റ്റിലായാലും ഏകദിനത്തിലായാലും ഇന്ത്യക്ക ചെറിയ മുന്‍തൂക്കം കല്‍പ്പിക്കാവുന്നതാണ്‌. ഒരു ടീം എന്ന നിലയില്‍ കുറേ കൂടി ഒത്തിണക്കമുണ്ടെന്നാതാണ്‌ ഇന്ത്യക്ക്‌ അനുകൂലമായ ഘടകം. പാക്‌ ടീമിനുള്‌ലിലെ ചേരിപ്പേരും കോക്കസ്‌ പ്രവര്‍ത്തനങ്ങളും ഒട്ടും അവസാനിച്ചിട്ടില്ലെന്ന്‌ തന്നെയാണ്‌ സൂചന. നിരന്തരമായി അച്ചടക്ക നടപടിക്ക്‌ വിധേയനായ ഷോയിബ്‌ അക്തറിന്റെ വിലക്ക്‌ അവസാനിച്ചുകഴിഞ്ഞു ഇന്ത്യക്കെതിരെ ഷോയിബിന്‌ കളിക്കാം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്‌ പാകിസ്‌താന്‌ നേട്ടമല്ല, കോട്ടമാണ്‌. ഷോയിബ്‌ ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ വീണ്ടും ആളിക്കത്തും. തന്നേക്കാള്‍ ഉയര്‍ന്നവനായോ അല്ലെങ്കില്‍ തുല്യനായോ ഒരാളേയും അംഗീകരിക്കാനാവില്ലെന്നതാണ്‌ ഷോയിബിന്റെ പ്രശ്‌നമെന്ന്‌ പാക്‌ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അങ്ങനെയൊരാള്‍ ടീമില്‍ തിരിച്ചെത്തുന്നത്‌ പ്രശ്‌നങ്ങള്‍ വഷളാക്കുകയേയുള്ളൂ. ക്യാപ്‌റ്റനെന്ന നിലയില്‍ ഷോയിബ്‌ മാലിക്കിനെ പൂര്‍ണമായി അംഗീകരിക്കാന്‍ മുഹമദ്‌ യൂസഫ്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ തയ്യാറല്ലെന്നതും രഹസ്യമല്ല. മറിച്ച്‌ ഇന്ത്യന്‍ ടീമില്‍ ധോനിയെന്ന ജൂനിയര്‍ ക്യാപ്‌റ്റനെ അംഗീകരിക്കാന്‍ സച്ചിനും സൗരവിനും രാഹുലിനുമെല്ലാം കഴിയുന്നുണ്ട്‌. തന്റെ ആദ്യ ദൗത്യം തന്നെ(ട്വന്റി-20 ലോകകപ്പ)വന്‍വിജയമാക്കാന്‍ കഴിഞ്ഞെന്നത്‌ ധോനിയെന്ന നായകനെ ശക്തനാക്കി തീര്‍ത്തിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തോറ്റുവെങ്കിലും ക്യാപ്‌റ്റന്റെ പ്രകടനം മെച്ചമാണെന്നാണ്‌ വിലയിരുത്തപ്പെട്ടത്‌. ഇനി ടെസ്റ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍സി കൂടി ധോനിയെ ഏല്‍പ്പിക്കമോയെന്നേ കണ്ടറിയാനുള്ളൂ. ബിഗ്‌ 3ക്ക്‌ പാകിസ്‌താനെതിരെ ഇത്‌ അവസാന പര്‌നപരയായിരിക്കുമെന്നു വേണം കരുതാന്‍. ഇവരുടെ സാന്നിധ്യം ടെസറ്റില്‍ ഇന്ത്യക്ക്‌ വലിയ പ്ലസ്‌ പോയന്റാണ്‌. ഇവര്‍ക്കൊപ്പം വി വി എസ്‌ ലക്ഷ്‌മണ്‍ കൂടി ചേരുന്നതോടെ മികച്ച മധ്യനിര രൂപം കൊള്ളുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിങ്ങിന്‌ ടെസ്‌റ്റില്‍ എങ്ങനെ അവസരം നല്‍കുമെന്നയാണ്‌ ഇവിടെ പ്രസക്തമായ ചോദ്യം. യുവിക്ക്‌ ടെസ്‌റ്റില്‍ സ്ഥിരം സ്ഥാനം നല്‍കണമെന്നു തന്നെയാണ്‌ സെലക്‌റ്റര്‍മാരില്‍ കൂടുതല്‍ പേരുടേയും അഭിപ്രായം. 26 കാരനായ യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട്‌ ഏഴുവര്‍ഷം കഴിഞ്ഞു. ഇക്കാലത്തിനുള്ളില്‍ 19 ടെസ്‌റ്റിലേ യുവിക്ക്‌ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇനിയും വൈകിക്കൂടായെന്ന്‌ സെലക്‌റ്റര്‍മാര്‍ തീരുമാനിച്ചാല്‍ വിഷമകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ധോനി നിര്‍ബന്ധിതനായേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്‌റ്റ്‌ ഇന്നിങ്ങ്‌സ്‌ കളിച്ച ലക്ഷ്‌മണിനു നേരെതന്നെയാവും ആദ്യം വാള്‍ നീളുക. ഓപ്പണിങ്‌ സ്ഥാനത്ത്‌ ദിനേഷ്‌ കാര്‍ത്തികും വസീം ജാഫറും അവസാനമായി കളിച്ച ടെസറ്റുകളില്‍ മികച്ച പ്രകടനാമാണ്‌ കാഴ്‌ചവെച്ചത്‌. എങ്കിലും സ്‌പെഷലിസ്റ്റ്‌ ഓപ്പണര്‍മാരെന്ന നിലയില്‍ ഏകദിന മാച്ചുകളില്‍ മികവറിയിച്ചു കഴിഞ്ഞ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ഇവര്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്നു. മികച്ച ഷോട്ട്‌പ്ലെയറായ റോബിന്‍ ഓപ്പണറുടെ എല്ലാഗുണങ്ങളും പ്രകടമാക്കുന്നു. റോബിനും ഗംഭീറും പക്വതയാര്‍ജിച്ചു കഴിഞ്ഞെന്ന ധോനിയുടെ വാക്കുകളും ഈയൊരു സൂചനയാണ്‌ നല്‍കുന്നത്‌. ഇന്ത്യയുടെ ബാറ്റിങ്‌ ലൈനപ്പിനോട്‌ ശരിക്കും കിടപരിടിക്കുന്നതാണ്‌ പാകിസ്‌താന്റേയും ലൈനപ്പ്‌. മുഹമദ്‌ യൂസഫ്‌, യൂനുസ്‌ഖാന്‍ എന്നിവര്‍ മികച്ച ഫോം തുടരുകയാണ്‌. ഇവര്‍ക്കൊപ്പം ക്യാപ്‌റ്റന്‍മാലിക്കും യുവ ബാറ്റ്‌സ്‌മാന്‍മാരും ചേരുമ്പോള്‍ ഇന്‍സമാമിന്റെ അഭാവം പ്രകയമാവില്ലെന്ന്‌ തന്നെ വേണം കരുതാന്‍. ടെസ്റ്റില്‍ ബൗളര്‍മാരില്‍ പാക്‌ പക്ഷത്ത്‌ മികച്ച സ്വീങ്‌ ബൗളറായ മുഹമദ്‌ ആസിഫും ഇന്ത്യന്‍ നിരയില്‍ ലഗ്‌ സ്‌പിന്നര്‍ അനില്‍ കുംബ്ലെയും തന്നെയാവും കുന്തമുന. ഇന്ത്യന്‍ പേസ്‌ ബൗളര്‍ ശ്രീശാന്തിനും പലതും തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരമാവും ഇത്‌. ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിക്കാനുവുമെന്ന്‌ ശ്രീ ദക്ഷിണാഫ്രിക്കയില്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചതാണ്‌. അത്തരമൊരു പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രീക്ക്‌ സമയമായിരിക്കുന്നു. ഏകദിന മാച്ചുകളില്‍ നിര്‍ണായകമാവുക ഇന്ത്യന്‍ യുവബാറ്റ്‌സ്‌മാന്‍മാരുടെ സംഹാരശേഷിതന്നെയാവും. യുവരാജ്‌, ഗംഭീര്‍, ഉത്തപ്പ, ധോനി ഇത്യയധികം സംഹാരശേഷിയുള്ള ബാറ്റ്‌സ്‌മാന്‍മാര്‍ ഒരുമിച്ച്‌ ചേരുന്നത്‌ അപൂര്‍വമാണ്‌. ബിഗ്‌ ത്രീയില്‍ രണ്ടുപേര്‍ക്കെങ്കിലും പുറത്തിരിക്കേണ്ടി വന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അദ്‌ഭുതപ്പെടാനില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും അനിവാര്യനല്ല ന്നെു തെളിയിക്കാന്‍ കഴിയുന്നിടത്തേക്ക്‌ നമ്മുടെ യുവതാരങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നത്‌ സത്യത്തില്‍ ആഹ്ലാദകരമായ കാര്യമാണ്‌.