Tuesday, August 21, 2007

നാല്‍പ്പതോവറിലെ വെടിക്കെട്ട്‌


1939 ല്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ദര്‍ബനിലെ കിംഗ്‌സ്‌മീഡില്‍ നടന്ന നടന്ന ടെസ്റ്റ്‌ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. മാര്‍ച്ച്‌ മുന്നിന്‌ ആരംഭിച്ച ടെസ്റ്റ്‌ 14 വരെ നീണ്ടു. അതിനിടയില്‍ അഞ്ച്‌, 11, 12 എന്നീ ദിവസങ്ങളില്‍ വിശ്രമമായിരുന്നു. ഒന്‍പത്‌ ദിവസം കളിച്ചിട്ടും മല്‍സരത്തിന്‌ ഫലമുണ്ടായില്ല. ഇംഗ്ലണ്ട്‌ ടീമിന്‌ നാട്ടിലേക്ക്‌ പോവാനുള്ള ബോട്ട്‌ പുറപ്പെട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട്‌ മനസ്സില്ലാ മനസ്സോടെ കളി അവസാനിപ്പിക്കേണ്ടി വന്നു. ഇരു ടീമുകളുടേയും ക്യാപ്‌റ്റന്‍മാര്‍ സമനിലക്ക്‌ സമ്മതിച്ച്‌ കളിയവസാനിപ്പിക്കുമ്പോള്‍, ഇംഗ്ലണ്ടിന്‌ ജയിക്കാന്‍ രണ്ടാമിന്നിങ്‌സിലെ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ, ഇംഗ്ലണ്ടിന്‌ ജയിക്കാന്‍ 42 റണ്‍സ്‌ കൂടി മതിയായിരുന്നു. സ്‌കോര്‍ നില ഇങ്ങനെയായിരുന്നു-ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ്‌- 530 ആളൗട്ട്‌. ഇംഗ്ലണ്ട്‌ ഒന്നാമിന്നിങ്‌സ്‌-316 ആളൗട്ട്‌. ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സ്‌- 481 ആളൗട്ട്‌. ഇംഗ്ലണ്ട്‌ രണ്ടാമിന്നിങ്‌സ്‌- അഞ്ച്‌ വിക്കറ്റിന്‌ 654 .മൊത്തം 43 മണിക്കൂറും 16 മിനുറ്റും കളി നടന്നു. 1981 റണ്‍സ്‌ സ്‌കോര്‍ ചെയ്യപ്പെട്ടു ! ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ വാന്‍ ഡര്‍ ബില്‍ ഏഴു മണിക്കൂറിലധികം ബാറ്റ്‌ ചെയ്‌താണ്‌ 125 റണ്‍സെടുത്തത്‌.അതിന്‌ ഇംഗ്ലീഷ്‌ പക്ഷത്ത്‌ നിന്ന്‌ ഒരു മറുപടിയും ലഭിച്ചു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ അവരുടെ ഓപ്പണര്‍ പോള്‍ ഗിബ്‌ 120 റണ്‍സെടുക്കാന്‍ ഏഴര മണിക്കൂറിലധികം വിനിയോഗിച്ചു. ഈ മല്‍സരം ഒരു പന്തും ഒഴിവാക്കാതെ കണ്ടിരുന്ന എത്ര ക്രിക്കറ്റ്‌ ഭ്രാന്തന്‍മാരുണ്ടാവും ആവോ ? അങ്ങനെയൊരാളുടെ അനുഭവം മുന്‍നിര്‍ത്തി ഒരസംബന്ധ നാടകം എഴുതിയിരുന്നെങ്കില്‍ അത്‌ അക്കാലത്തെ വിശ്രുതനായ ഐറിഷ്‌ നാടകകൃത്ത്‌ സാമുവല്‍ ബക്കറ്റിന്റെ ഗോഥയെ കാത്ത്‌ എന്നത്‌ പോലെ മഹത്തായ ഒരു കൃതിയായി മാറുമായിരുന്നില്ലെന്ന്‌ ആരുകണ്ടു! അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌ 1877 ല്‍ ആണ്‌. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ 15 മുതല്‍ 19 വരെ നടന്ന ഇംഗ്ലണ്ട്‌-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ ആണ്‌ രണ്ട്‌ രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ആദ്യത്തെ ക്രിക്കറ്റ്‌ മല്‍സരം. ഈ മല്‍സരത്തിന്‌ സമയ ദൈര്‍ഘ്യം നിര്‍ണയിച്ചിരുന്നില്ല. രണ്ട്‌ ടീമുകളും രണ്ട്‌ വീതം ഇന്നിങ്‌സുകള്‍ കളിച്ച്‌ ഏതെങ്കിലും ഒരു ടീം ജയിക്കും വരെ ടെസ്‌റ്റ്‌ നീളും എന്നതായിരുന്നു വ്യവസ്ഥ. പക്ഷെ നാലു ദിവസം കൊണ്ട്‌ കളി തീര്‍ന്നു. ഓസ്‌ട്രേലിയ 45 റണ്‍സിന്‌ ജയിച്ചു. ഇങ്ങനെ മുന്നോറോളം ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ അരങ്ങേറി. ഇതിനിടയില്‍ ചില പരമ്പരകളില്‍ ടെസ്റ്റുകള്‍ക്ക്‌ മൂന്ന്‌ ദിവസം, നാല്‌ ദിവസം എന്നിങ്ങനെ സമയ പരിധി നിര്‍ണയിച്ചു. ചില മല്‍സരങ്ങളാവട്ടെ നാലോ അഞ്ചോ ദിവസത്തിന്‌ ശേഷം ഇരു ടീമിന്റേയും ക്യാപ്‌റ്റന്‍മാര്‍ ചേര്‍ന്ന്‌ തീരുമാനമെടുത്ത്‌ സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ്‌ സമയ പരിധി നിര്‍ണയിച്ചിട്ടില്ലായിരുന്ന" ചരിത്ര പ്രസിദ്ധമായ " ഈ ഡര്‍ബന്‍ ടെസ്റ്റ്‌. ഏതായാലും ക്രിക്കറ്റ്‌ ഭരണ കര്‍ത്താക്കളെ ഒരു പുനര്‍ വിചിന്തനത്തിന്‌ ഈ ടെസ്റ്റ്‌ പ്രേരിപ്പിച്ചു. പിന്നീടൊരിക്കലും ഡര്‍ബന്‍ ആവര്‍ത്തിച്ചില്ല. ടെസ്റ്റ്‌ മാച്ചുകള്‍ക്ക്‌ നിയതമായ സമയദൈര്‍ഘ്യം തീരുമാനിക്കപ്പെട്ടു. പഞ്ചദിന ടെസ്റ്റുകള്‍ അംഗീകരിക്കപ്പെട്ടതിന്‌ ശേഷം അടുത്ത കാലം വരെയും മല്‍സരത്തിനിടയ്‌ക്ക്‌ ഒരു വിശ്രമദിനം എന്ന പതിവുണ്ടായിരുന്നു. ഇത്തരം കാത്തിരുപ്പുകള്‍ അറുബോറാണെന്ന്‌ പുതിയകാലത്തെ ക്രിക്കറ്റ്‌ പ്രേക്ഷകര്‍ക്ക തോന്നി തുടങ്ങിയപ്പോള്‍ ആ വിശ്രമദിനം ഒഴിവാക്കപ്പെട്ടു. ടെസ്റ്റ്‌ മല്‍സരങ്ങളോടുള്ള കളിക്കാരുടെ സമിപനത്തിലും മാറ്റം വന്നു. വാന്‍ഡര്‍ ബില്ലിന്റേയും പോള്‍ ഗിബ്ബിന്റേയും ശൈലിയില്‍ കളിക്കാനാവില്ലെന്ന്‌ കളിക്കാര്‍ തിരിച്ചറിഞ്ഞതോടെ ടെസ്‌റ്റ്‌ മാച്ചുകള്‍ കുറെയൊക്കെ ത്രില്ലിങ്‌ ആയി മാറിയിരിക്കുന്നു. സമനിലയിലാവുന്ന മല്‍സരങ്ങള്‍ കുറഞ്ഞു. എന്നിട്ടും പക്ഷെ ഏകദിന മല്‍സരങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടെസ്റ്റുകള്‍ക്ക കഴിയുന്നില്ല. അഞ്ചു ദിവസം ടെലിവിഷന്‌ മുന്നിലിരുന്ന്‌ കളികാണാന്‍ ആര്‍ക്കുകഴിയുമെന്ന ചിന്ത പ്രബലമാണ്‌. കാലം അതിവേഗം മാറുന്നു. സംഭവങ്ങള്‍ക്കും വേഗം വേണമെന്ന്‌ പുതിയ മനുഷ്യര്‍ ചിന്തിക്കുന്നു. സമയം തികയുന്നില്ലെന്ന പരാതിയിലാണ്‌ പുതിയ തലമുറ. അപ്പോള്‍ കാര്യങ്ങള്‍ വളരെ ലളിതമാണ്‌. കളി കാണാന്‍ പരമാവധി ചിലവഴിക്കാവുന്ന സമയം രണ്ടു മണിക്കൂര്‍. അതിനിടയില്‍ തീരുമാനമാവുന്ന കളിയുണ്ടെങ്കില്‍ കാണാം. അങ്ങനെയുള്ളവ്‌# കാണുന്നില്ലെങ്കില്‍ കാണേണ്ട ഞങ്ങള്‍ കളിച്ചോളാം എന്ന്‌ ഇന്നാര്‍ക്കും പറയാനാവില്ല. കാരണം കളികള്‍ നിലനില്‍ക്കുന്നത്‌ കാഴ്‌ചക്കാരുടെ താല്‍പര്യത്തില്‍ മാത്രമാണ്‌. അത്‌ നേരത്തെ തിരിച്ചറിഞ്ഞാണ്‌ 20 ഓവര്‍ മല്‍സരങ്ങള്‍ക്ക്‌ രൂപം കൊടുത്തിരിക്കുന്നത്‌. എട്ടു മണിക്കൂര്‍ നീളുന്ന ഏകദിന മല്‍സരം ഇടക്കൊന്ന്‌ ടിവിയിലേക്ക്‌ പാളി നോക്കികാണാം. അതിനപ്പുറം കഴിയില്ല. രണ്ടര മണിക്കൂര്‍ കൊണ്ടവസാനിക്കുന്ന ട്വന്റി-20 മാച്ചുകളാണെങ്കില്‍ മുഴുവന്‍ പന്തുകളും കാണാം. കാരണം ഒരോ പന്തും സംഭവബഹുലമാവും. പ്രതിരോധിക്കപ്പെടുന്ന ഡെലിവറികള്‍ ഉണ്ടാവില്ല.ക്രിക്കറ്റിനെ നശിപ്പിക്കാനേ പുതിയ കളി ഉപകരിക്കൂയെന്ന്‌ വാദിച്ചിരുന്ന പാരമ്പ്യൃര്യ വാദികള്‍ക്കും വൈകാതെ സത്യം അംഗീകരിക്കേണ്ടി വരും. അതിന്റെ സൂചനയാണ്‌, പുതിയ ശൈലിയിലുള്ള കളി ഉടലെടുത്ത്‌ അധികം കഴിയും മുമ്പേതന്നെ ആ കളിയുടെ ലോകകപ്പ്‌ സംഘടിപ്പിക്കാന്‍ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണസമിതിയായ ഐ സി സി നിര്‍ബന്ധിതരായിരിക്കുന്നത. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനെ പോലെ ആവേശമുയര്‍ത്താന്‍ ട്വന്റി-20 ലോകകപ്പിന്‌ ഇതേവരം കഴിഞ്ഞിട്ടില്ല, സത്യം തന്നെ. ഈ കളി ഇന്ത്യ പോലെ ക്രിക്കറ്റിന്റെ വളക്കൂറുള്ള മണ്ണില്‍ പോപ്പുലറായി കഴിഞ്ഞിട്ടില്ലെന്നതാണ്‌ അതിന്‌ കാരണം. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ താല്‍പര്യക്കുറവും സംശയങ്ങളുമാണ്‌ അതിനുകാരണം. പുതിയ കളിയെ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും വൈമുഖ്യം കാട്ടുന്ന ഏക ക്രിക്കറ്റ്‌ സംഘടന ഒരു പക്ഷെ ബി സി സി ഐ ആയിരിക്കും. ഭാവിയില്‍ അതിനവര്‍ക്ക്‌ ദുഖിക്കേണ്ടി വരുമെന്നേ ഇപ്പോള്‍ പറയാനാവൂ. ഭാവിയുടെ ഗെയിം ട്വന്റി-20 ആണെന്നതിന്‌ വ്യക്തമായ സൂചനകള്‍ ക്രിക്കറ്റ്‌ ലോകത്ത്‌ നിന്നു ലഭിച്ചു കഴിഞ്ഞു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ട്വന്റി-20 ലീഗ്‌ മുമ്പേ സജീവമാണ്‌. വലിയ തോതില്‍ കാണികളെ ആകര്‍ഷിക്കുന്നുമുണ്ട്‌. കരീബിയയില്‍ ആവട്ടെ ട്വന്റി-20 ലീഗ്‌ പണക്കൊഴുപ്പുകൊണ്ടും ജന പങ്കാളിത്വം കൊണ്ടും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. രാജ്യത്തെ വന്‍കിട ഇന്‍ഷുറന്‍സ്‌ കമ്പനിയായ സ്റ്റാന്‍ഫോര്‍ഡ്‌ പണം വാരിയെറിയുകയാണ്‌. കരീബിയന്‍ ദ്വീപ സമൂഹത്തിലെ 19 രാജ്യങ്ങള്‍ കഴിഞ്ഞ സീസണില്‍ ടീമിനെയിറക്കി. ഇത്തവണ അത്‌ 21 രാജ്യങ്ങളായി ഉയരുന്നു. കമ്പനിയുടെ ഇപ്പോഴത്തെ ഉടമ അലന്‍ സ്‌റ്റാന്‍ഫോര്‍ഡ്‌ നേരിട്ടാണ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഏറ്റവും ശ്രദ്ധേയമായ കാര്യം ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്‍ക്ക്‌ നത്‌#കുന്ന സമ്മാനതുക പത്ത്‌ ലക്ഷം അമേരിക്കന്‍ ഡോളര്‍ ( ഏകദേശം 42 കോടി ഇന്ത്യന്‍ രൂപ ) ആണെന്നതാണ്‌. റണ്ണറപ്പുകള്‍ക്ക്‌ അഞ്ച്‌ ലക്ഷം ഡോളറും. പുതിയ കളിയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കിയാണ്‌ ഇത്രയും തുക താന്‍ മുടക്കുന്നതെന്ന്‌ അലന്‍ സമ്മതിക്കുന്നു. വെസ്‌്‌റ്റിന്‍ഡീസിലെ മുന്‍ നിര താരങ്ങള്‍ മുഴുവന്‍ ട്വന്റി-20 ലീഗില്‍ മല്‍സരിക്കുന്നു. ക്ലൈവ്‌ ലോയ്‌ഡ്‌, ഗോര്‍ഡന്‍ ഗ്രീനിഡ്‌ജ്‌, കര്‍ട്‌ലി ആംബ്രോസ്‌ തുടങ്ങിയ മുന്‍കാല താരങ്ങള്‍ ലീഗിന്റെ സംഘാടനത്തില്‍ സഹകരിക്കുന്നു. ട്വന്റി-20 യുടെ ഒരു ഇന്റര്‍ നാഷണല്‍ ലീഗാണ്‌ അലന്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്‌. ഇത്രയും പണവും സന്നാഹവുമായി അദ്ദേഹമതിന്‌ വേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ അതിനെ അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമുണ്ടാവില്ല. അത്‌ മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ്‌ ട്വന്റി-20 ലോക ചാമ്പ്യന്‍ഷിപ്പിന്‌ ഐ സി സി തന്നെ മുന്‍കൈ എടുത്തത്‌. പക്ഷെ, ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ഇപ്പോഴും കണ്ണടച്ച്‌ ഇരുട്ടാക്കാനുള്ള ശ്രമത്തിലാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ എന്ന പേരില്‍ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കാനുള്ള സീ സ്‌പോര്‍ട്‌സിന്റെ നീക്കത്തെ ചെറുക്കാനുള്ള കഠിന ശ്രമത്തിലാണവര്‍. സ്‌റ്റാന്‍ഫോര്‍ഡ്‌ വെസ്‌റ്റിന്‍ഡീസില്‍ കാണിച്ചത്‌ തന്നെയാണ്‌ സീ ഇന്ത്യയിലും ചെയ്യാന്‍ ശ്രമിക്കുന്നത്‌. ആകര്‍ഷകമായ പ്രതിഫലവും സമ്മാനതുകയും അവരും വാഗ്‌ദാനം ചെയ്യുന്നു. വിദേശ താരങ്ങളെ ഇന്ത്യയിലെത്തിച്ച്‌ കളിക്കാനിറക്കാനും സീ പദ്ധതിയിടുന്നു. ബ്രയാന്‍ ലാറ, സ്റ്റീഫന്‍ഫ്‌ളെമിങ്ങ്‌, ഇന്‍സമാമുല്‍ ഹഖ്‌ തുടങ്ങിയ വലിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ബി സി സി ഐ, സീ സ്‌പോര്‍ട്‌സ്‌ തെളിക്കുന്ന വഴിയിലൂടെ നടക്കോണ്ടി വരും.ട്വന്റി-20 ഇങ്ങനെ ലോകമെമ്പാടും വേരുറപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറാനിരിക്കുന്ന ലോകകപ്പിനെ കായിക ലോകം വലിയ പ്രാധാന്യത്തോടെ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ പോലെ ഈ ലോകചാമ്പ്യന്‍ഷിപ്പിനേയും വന്‍ ഹിറ്റാക്കി മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞതായി അതിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു. "മറ്റേത്‌ ലോകകപ്പിനേയും വെല്ലുന്ന തയ്യാറെടുപ്പുകളും സജ്ജികരണങ്ങളും ഇവിടെയുണ്ടാവൂം. മുമ്പ്‌ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ വിബയകരമായി സംഘടിപ്പിച്ചതിന്റെ ആത്മ വിശ്വാസം മുന്‍നിര്‍ത്തിയാണ്‌ ഞ്‌ങ്ങള്‍ ഇത്‌ പറയുന്നത്‌ " ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകരായ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രസിഡന്റ്‌ നോര്‍മന്‍ അരന്‍ഡസ്സേ പറയുന്നു. "ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നതിന്‌ വേണ്ടി ആകാക്ഷയോടെ കാത്തിരിക്കുകയാണ്‌. ഈ ചാമ്പ്യന്‍ഷിപ്പിനെ കാണുന്നത്‌ അഭിമാനത്തോടെയാണ്‌. ലോകത്തിന്‌ മുമ്പാകെ ഈ ഗെയിം ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള അവസരം എന്റെ രാജ്യത്തിന്‌ ലഭിച്ചിരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ട്‌" -ദക്ഷിണാഫ്രിക്കക്കാരനായ ഐ സി സി പ്രസിഡന്റ്‌ റേ മാലി പറയുന്നു. ഡര്‍ബനിലെ കിങ്‌സ്‌മീഡ്‌, ജൊഹന്നാസ്‌ബര്‍ഗിലെ വാണ്ടറേഴ്‌സ്‌,കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ്‌ എന്നിവിടങ്ങളിലാണ്‌ ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ നടക്കുന്നത്‌. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങള്‍ തന്നെയാണ്‌ വേദികളായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ചില ദിവസങ്ങളില്‍ ഒരേ ഗ്രൗണ്ടില്‍ തന്നെ രണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്‌. ക്രിക്കറ്റില്‍ ഇതും ഒരു പുതുമയാണ്‌. സെപ്‌തംബര്‍ പതിനൊന്ന്‌ മുതല്‍ 24 വരെ 12 ദിവസങ്ങള്‍ കൊണ്ട്‌ (സെമിക്കും ഫൈനലിനും മുമ്പ്‌ ഓരോ ദിവസം വിശ്രമ ദിനങ്ങള്‍) 27 മല്‍സരങ്ങള്‍ 12 ടീമുകള്‍ മാറ്റുരക്കുന്ന ഈ ടൂര്‍ണമെന്റില്‍ അരങ്ങേറും. രണ്ടര മുന്ന്‌ മണിക്കൂറിനുള്ളില്‍ ഓരോ കളിയും തീരും. ഏറ്റവും വലിയ ആകര്‍ഷകത പ്രതിരോധം ഇല്ലാത്ത കളിയാണിത്‌. ബാറ്റ്‌സ്‌മാനും ബൗളറും ഫീല്‍ഡറുമെല്ലാം ഏത്‌ സമയവും ആക്രമിച്ചുകൊണ്ടേടിയിക്കും. ആരു പറഞ്ഞു, ക്രിക്കറ്റ്‌ ബോറടിപ്പിക്കുന്ന കളിയാണെന്ന്‌ ? ക്രിക്കറ്റില്‍ മാറ്റത്തിന്റെ കാറ്റിന്‌ അവസാനമില്ല. ഒന്‍പത്‌ ദിവസം കളിച്ചില്ലും തീരുമാനമാവാതെ ഇരു ക്യാപ്‌റ്റന്‍മാര്‍ക്കും കൈകൊടുത്തുപിരിയേണ്ടി വന്ന ഗെയിമില്‍ ആണ്‌ ട്വന്റി-20 യും വേരോടുന്നത്‌. ഒന്‍പത്‌ ദിവസത്തെ ടെസ്റ്റ്‌ അരങ്ങേറിയ ഡെര്‍ബന്‍ ഇതാ ട്വന്റി-20 ലോകകപ്പിനും വേദിയാവുന്നു. കാണ്‍ക വിധിവൈപരീത്യം. പാരമ്പര്യ വാദികളുടെ സന്ദേഹങ്ങള്‍ക്ക്‌ തല്‍ക്കാലം ചെവികൊടുക്കാതിരിക്കാം. കൊടുങ്കാറ്റിന്റെ വേഗതയും ഇടിമിന്നലിന്റെ ശൗര്യവുമുള്ള പുതിയ ക്രിക്കറ്റിനെ നമുക്ക്‌ ആഘോഷിക്കാം.

2 comments:

G.MANU said...

good post :)

മൂര്‍ത്തി said...

നമ്മള്‍ കേട്ടിട്ടില്ലാത്ത പല വിദേശകളിക്കാരുടേയും വിശേഷണം 20-20 സ്പെഷലിസ്റ്റ് എന്നാണ്. 20 ഓവറില്‍ 200+ സ്കോര്‍ വരുന്ന എത്രയോ കളികളാണ് ഇംഗ്ലണ്ടില്‍ നടക്കുന്നത്...

പോസ്റ്റ് കൊള്ളാം..