നാട്ടില്‍ പുലികള്‍, വിദേശത്ത് കടലാസ് പുലികള്‍- ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ, പ്രത്യേകിച്ചും ടെസ്റ്റ് ടീമിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും അധികം ഉപയോഗിച്ച വാചകമായിരിക്കും ഇത്. വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുന്നത് നീലക്കുറിഞ്ഞി പൂക്കും പോലെ അപൂര്‍വമായ സംഭവമായിരുന്നു താനും. ഈ അവസ്ഥ ഇന്ന് പതുക്കെ മാറിയിരിക്കുന്നു. ഇന്ത്യ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലും ടെസ്റ്റ് ജയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടു ദശകത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷം ഇംഗ്ലണ്ടില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ മണ്ണില്‍ വെച്ചും സമാനമായ വിജയം ഇന്ത്യ നേടിയിരുന്നു. എന്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഈ മാറ്റത്തിന് പിന്നില്‍? അതിനെക്കുറിച്ച് പഠിക്കുമ്പോള്‍ ചില കണക്കുകള്‍ ഇവിടെ ഉദ്ദരിക്കുന്നത് നന്നായിരിക്കും. 75 വര്‍ഷം മുമ്പ് 1932 ലാണ് ഇന്ത്യ വിദേശത്ത് ആദ്യമായൊരു ടെസ്റ്റ് കളിച്ചത്. അന്നുതൊട്ടിന്നേവരെ 201 ടെസ്റ്റ് ഇന്ത്യ വിദേശ മണ്ണില്‍ കളിച്ചു. അതില്‍ ജയിച്ചത് 29 എണ്ണം. 84 തോല്‍വിയും 88 സമനിലയും. വിദേശത്ത് നേടിയ വിജയങ്ങളില്‍ 11 എണ്ണം സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലും. അഞ്ചെണ്ണം രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലുമാണ്. രണ്ടു പേരുടേയും കൂടി ക്യാപ്റ്റന്‍സിയില്‍ വിദേശത്ത് കളിച്ച 45 മാച്ചുകളില്‍ 16 എണ്ണം ഇന്ത്യ ജയിച്ചു. 15 സമനില, 14 തോല്‍വി. അതിനിടെ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് ജയിച്ചു. ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലും പാക്സ്താനിലും നീണ്ട ഇടവേളക്ക് ശേഷവും സിംബാബ്വേയില് ആദ്യമായും ടെസ്റ്റ് പരമ്പര ജയിച്ചു.ഒരു കാര്യം ഇവിടെ വ്യക്തമാവുന്നു. ഇന്ത്യക്ക് പുറത്ത് മല്‍സരങ്ങള്‍ ജയിക്കാന്‍ കെല്‍പ്പും മനക്കരുത്തും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഉണ്ടാക്കുന്നതില്‍ സൗരവ് ഗാംഗുലിക്ക് വലിയ റോളുണ്ട്. ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ സൗരവ് ഗാംഗുലി എന്ന പേരിന് നേരെ നല്‍കേണ്ട വിവരണം - ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരത്തിലധികവും ഏകദിന മല്‍സരങ്ങളില്‍ അയ്യായിരത്തിലധികവും റണ്‍സ് നേടിയ ബാറ്റ്സ്മാന് എന്നല്ല മറിച്ച് " പ്രതിഭാധനരെങ്കിലും നാട്ടിന് പുറത്ത് കളിക്കുമ്പോള്‍ അതി സമ്മര്‍ദ്ധത്തിന് അടിപ്പെട്ട് പ്രതിയോഗികള്‍ക്ക് മുന്നില്‍ തളര്‍ന്നു പോവുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക തങ്ങളുടെ കരുത്ത് ബോധ്യപ്പെടുത്തി കൊടുക്കുകയും വിദേശത്തും മല്‍സരങ്ങള്‍ ജയിക്കാന്‍ അവരെ പര്യാപ്തരാക്കുകയും ചെയ്ത നായകന് " എന്നാവണം. സൗരവ് തുടക്കമിട്ടതിന്റെ പിന്തുടര്ച്ചയാണ് രാഹുല്‍ ഇപ്പോള്‍ നേടുന്ന വിജയങ്ങള്‍. സൗരവ് ഉണ്ടാക്കിയ അടിത്തറയില്‍, ഊന്നിനിന്നാണ് രാഹുല്‍ മുന്നോട്ട് പോവുന്നത്. ഇംഗ്ലണ്ടില്‍ നേടിയ ഈ പരമ്പര വിജയത്തിനിടയിലും മൂന്നാം ടെസ്റ്റ് ജയിക്കാവുന്ന അവസ്ഥയില്‍ നിന്ന് സമനിലയിലെത്തിച്ചതിന്റെ പേരില്‍ രാഹുല്‍ വിമര്‍ശന വിധേയനായെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ഹിമാലയന്‍ വങ്കത്തമായി വിലയിരുത്തപ്പെടുന്നു. ഒരു ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ലീഡ് നേടിയ സാഹചര്യത്തില്‍ അവസാന ടെസ്റ്റ് തോല്‍ക്കില്ലെന്ന് ഉറപ്പിക്കാനാണ് രാഹുല്‍ ഇങ്ങനെയൊരു നീക്കത്തിന് തുനിഞ്ഞതത്രെ. ഇഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ തുടരെ ബൗള്‍ ചെയ്ത് തളര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാരെ ഉടന്‍ തന്നെ ബൗള്‍ ചെയ്യിക്കുന്നത് നല്ലതാവില്ലെന്ന് കരുതിയാണ് മറിച്ചൊരു തീരുമാനമെടുത്തതെന്ന വിശദീകരണമാണ് രാഹുല്‍ മീഡിയക്ക് മുന്നില്‍ നല്‍കിയത്. അത് ശരിയോ തെറ്റോ ആവട്ടെ. ഒരു കാര്യം ശ്രദ്ധേയമാണ്. ഇത്തരം തീരുമാനങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറാവുന്നു. നേരത്തെ ലോകകപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വവും രാഹുല്‍ സ്വയം ഏറ്റെടുത്തിരുന്നു, എന്നോര്‍ക്കുക. മുന്‍ഗാമികളായ പല ക്യാപ്റ്റന്മാരും പിഴവുകള്‍ പറ്റുമ്പോള്‍ അതിന് കാരണമായ തീരുമാനം ടീമിന്റെ, അല്ലെങ്കില്‍ മാനേജ്മെന്റിന്റെ മൊത്തം തീരുമാനമാണെന്ന് പറഞ്ഞ് തടിയൂരിയിരുന്നത് ഓര്‍ക്കുക. രാഹുലിന് ഇത്തവണ അങ്ങനെ പറഞ്ഞൊഴിയാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു എന്നതാണ് സത്യം. സെലക്ഷന് കമ്മിറ്റി ചെയര്മാന് ദുലീപ് വെങ്സര്‍ക്കാര്‍, ബി സി സി ഐ ഭാരവാഹികളായ നിരഞ്ജന് ഷാ, രത്നാകര്‍ ഷെട്ടി എന്നിവരെല്ലാം കളി നടക്കുമ്പോള്‍ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നു. കളിക്കാര്‍ മാത്രമുണ്ടാവേണ്ട ഡ്രസ്സിങ് റൂമില്‍ ഇങ്ങനെയൊരു ആള്‍ക്കൂട്ടത്തെ കണ്ട് ടി വി കമന്റേറ്ററായ രവി ശാസ്ത്രി അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും കേട്ടിരുന്നു. രാഹുലിന് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ ഉന്നതരുടെ സംഘം വിഘാതമാന്നുണ്ടോ എന്ന് വ്യക്തമല്ല. അതെന്തായാലും ഡ്രസ്സിങ് റൂമിലെ "ആള്‍ക്കൂട്ടം" ഒട്ടും ആശ്വാസ്യമായ പ്രവണതയല്ല. ഈ വിജയത്തില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ നിര്‍ണായക സംഭാവന നല്കിയ സൗരവ് ഗാംഗുലി, ദിനേഷ് കാര്‍ത്തിക്, സഹീര്‍ ഖാന്, ആര് പി സിങ്, സച്ചിന് തെണ്ടുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ് എന്നിവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ബാറ്റ്സ്മാന് എന്ന നിലയിലും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകളെടുക്കുന്ന ചെയ്ഞ്ച് ബൗളറെന്ന നിലയിലും സൗരവ് നല്കിയ സംഭാവനകളും ഇവിടെ സ്മരണീയമാണ്. മുന്നു ടെസ്റ്റിലെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 49.80 ശരാശരിയില്‍ 249 റണ്‍സ് സൗരവ് സ്കോര്‍ ചെയ്തു. 43.83 ശരാശരിയില്‍ 263 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക് മാത്രമാണ്. പരമ്പരയില്‍ സൗരവിനേക്കാള്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്. ഏതാനും മാസങ്ങള്‍ക്ക് മുൂമ്പ ഫോം നഷ്ടപ്പെട്ട് ടീമില്‍ നിന്ന് പുറത്ത് പോവുകയും ഇനിയൊരിക്കലും തിരിച്ചു വരികയില്ലെന്ന് വിധിയെഴുതപ്പെടുകയും ചെയ്ത കളിക്കാരനാണ് സൗരവ് എന്നത് ഈ പ്രകടനങ്ങളുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ഇന്ന് ടീമില്‍ ഏറ്റവും അനിവാര്യനായ കളിക്കാരനായി സൗരവ് മാറിയിരിക്കുന്നു. സൗരവിനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജവീഥിയിലേക്കുള്ള തിരിച്ചുവരവാണ് സഹീര്‍ഖാനും നടത്തിയത്. ഗാംഗുലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഉയര്‍ത്തികൊണ്ടു വന്ന ഒരു സംഘം യുവതാരങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്ന പേസ് ബൗളറാണ് സഹീര്‍. പിന്നീട് ഫോം നഷ്ടമായി എന്നതിനുപരി അച്ചടക്കത്തിന്റെ പേരിലാണ് ടീമിന് പുറത്ത് പോയത്. ഇനിയൊരു ഇനിയൊരു തിരിച്ചു വരവുണ്ടാവുമോയെന്ന് ആശങ്കയുയര്‍ത്തും വിധം വിസ്മരിക്കപ്പെട്ടുപോവുന്നതായി തോന്നിച്ചിരുന്നു സഹീര്‍. ഇപ്പോഴത്തെ ഈ തിരിച്ചു വരവിന് പിന്നില്‍ ഒരു പാട് അദ്വാനമുണ്ട്. ഏറെ വിയര്‍പ്പ് ചിന്തിയിട്ടുണ്ട്. ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് നേടിയ സഹീര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോള്‍ ലഭിച്ച മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡ് ഓരോ ഇഞ്ചിലും സഹീര്‍ അര്‍ഹിക്കുന്നതാണ്. ദിനേഷ് കാര്‍ത്തിക് ആണ് ഭാവി ഇന്ത്യന്‍ ടീമിലേക്ക് ഏറ്രവും പ്രതീക്ഷ നല്കുന്ന താരമെന്ന് ഈ ഇംഗ്ലീഷ് പര്യടനം അര്‍ഥശങ്കക്കിയടില്ലാത്ത വിധം തെളിയിക്കപ്പെട്ടിരിക്കയാണ്. മഹേന്ദര്‍ സിങ് ധോനി സ്ഥാനമുറപ്പിച്ചിരിക്കെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കൂടിയാവാമെന്ന് സെലക്റ്റര്‍മാരെക്കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്തായിരുന്നു ദിനേഷിന്റെ ആദ്യ വിജയം. ഇപ്പോള്‍ ധോനിയോ ദിനേഷോ ആരാണ് മിടുക്കന് എന്ന ചോദ്യമുയര്‍ന്നു വരികയും. കൂടുതല്‍ പേര് ദിനേഷാണ് മികച്ചവന്‍ എന്ന് ചിന്തിക്കുകയും ചെയ്യുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി നില്ക്കുന്നു. ശ്രീശാന്തിന് ഈ പരമ്പര അത്ര മികച്ചതായിരുന്നില്ല. ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ ശ്രീയായിരിക്കും തുരുപ്പ് ചീട്ട് എന്ന രീതിയിലായിരുന്നു വിലയിരുത്തലുകള്‍. പക്ഷെ, ആ പ്രതീക്ഷക്കൊത്തുയരാന്‍ ശ്രീക്ക് തുടക്കത്തില്‍ കഴിയാതെ പോയി. എന്നാലും ടെസ്റ്റ് പരമ്പരയുടെ അവസാനം ശ്രീ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്കി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ വോനുമായുണ്ടായ ചെറിയ ഉരസലുകള്‍ ഇംഗ്ലീഷ് മീഡിയ വലിയ വാര്‍ത്തയാക്കി. അത് മുതലെടുത്ത് ശ്രീയെ സമ്മര്‍ദ്ധത്തിലാക്കാനാണ് പിന്നീട് ശ്രമം നടന്നത്. മാച്ചറഫറി ഫൈന്‍ വിധിച്ചപ്പോള്‍ അത് പോരാ ശ്രീയെ ഇന്ത്യ അടുത്ത ടെസ്റ്റില്‍ കളിപ്പിക്കാതെ ശിക്ഷിക്കണമെന്ന ആവശ്യവുമായി ചില മുന്‍താരങ്ങള്‍ രംഗത്ത് വന്നത് ദുരുദ്ദേശപരമാണ്. ഇംഗ്ലീഷുകാരോ ഓസ്ട്രേലിയക്കാരോ ആയ കളിക്കാര്‍ സമാനമായ കുറ്റം ചെയ്താല്‍ ഇത്ര ഗുരുതരമായി അതിനെ കാണുകയോ, ഇത്തരം പ്രസ്താവനകള്‍ ഉയരുകയോ ചെയ്യാറില്ലെന്ന് ക്രിക്കറ്റ് സര്‍ക്യൂട്ട് നിരന്തരം പിന്തുടരുന്നവര്‍ക്ക് ഉറപ്പിച്ചു പറയാനാവും. അതാണ് ക്രിക്കറ്റിലെ വിവേചനം. എന്നിരുന്നാലും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ബൗളറെ തള്ളികളഞ്ഞില്ല. മൂന്നാം ടെസ്റ്റില്‍ ശ്രീ കളിച്ചു. ഇത്തരം കൊച്ചു കൊച്ചു പ്രതിസന്ധികള്‍ ഏതു ക്രിക്കറ്ററുടെ കരിയറിലുമുണ്ടാവാം. വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കാന്‍ ശ്രീക്ക് കഴിയട്ടെ.
Subscribe to:
Post Comments (Atom)
4 comments:
Good stuff. Im a ganguly fan... Nice to hear somebody saying good about him.. continue the good work
ഒരു പ്രതിഭാധനനായ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ ഗാംഗുലിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ എപ്പോഴോ രൂപം കൊണ്ട ഒരു അഹങ്കാരിയായ സധാരണക്കാരനെ വിഷമത്തോടെ വീക്ഷിക്കേണ്ടിയും വന്നു.
ഇപ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നുന്നു.
നല്ല ലേഖനം. പാരഗ്രാഫ് തിരിക്കാത്തതിനാല്‍ വായന ദുഷ്കരം.
സൌരവ് അഹങ്കാരിയായേക്കാം പക്ഷേ ആ അര്‍പ്പണബോധവും മനസ്സാന്നിദ്ധ്യവും ആദരിക്കപ്പെടേണ്ടതാണ്. അവയില്ലെങ്കില്‍ ഈ തിരിച്ചുവരവ് അസാദ്ധ്യമായിരുന്നു. ഇക്കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തില്‍ ബാറ്റിംഗ് ടെക്നിക്കുകളില്‍ സൌരവ് വരുത്തിയ മാറ്റങ്ങളാണെന്നു തോന്നുന്നു അദ്ധേഹത്തെ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും നല്ല ബാറ്റ്സ്മാനാക്കിയത്. പ്ര്യത്യേകിച്ച് മോണ്ടി പനേസറെയും സൈഡ്ബോട്ടത്തിനെയും നേരിട്ട രീതി ശ്ളാഘനീയമായിരുന്നു.
...ഞാന്‍ സൌരവിന്റെ ഒരു കടുത്ത ആരാധകനാണ്, അത് ആ ആക്രമണോല്സുകത ഇഷ്ടമുള്ളതു കൊണ്ടു തന്നെയാണ്. ലോഡ്സിലെ ആദ്യ ടെസ്റ്റില്‍ തന്നെ മൈക് അതേര്‍ടണ്‍ രണ്ട് പോയിന്റുള്‍പ്പടെ ഓഫ് സൈഡില്‍ നിരത്തിയ ഏഴു ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ ബാക്ക്ഫൂട്ടില്‍ പന്ച് ചെയ്ത് നേടിയഒരു ബൌണ്ടറി, മിനു പടേലിന്റെ പന്ത് ക്രീസില്‍ നിന്നിറങ്ങി നൃത്തചലനങ്ങളോടെ ഗ്യാലറിയിലേക്കെത്തിച്ചത്, ആരാധന തോന്നാന്നിരിക്കേണ്ട കാര്യമുണ്ടായിരിന്നില്ല.
....വിശ്വനാഥ് നിങ്ങളെ ബൂലോകത്ത് കണ്ടതില്‍ സന്തോഷം
Post a Comment