Wednesday, September 5, 2007

സൗരവ്‌ ഗാംഗുലിയുമായി അഭിമുഖം


വര്‍ഷാവസാന പരീക്ഷയ്‌ക്ക്‌ ഒരുങ്ങുന്ന മിടുക്കനായ പത്താംക്ലാസ്‌ വി ദ്യാര്‍ഥിയെപ്പോലെയാണ്‌ സൗരവ്‌. നല്ലവണ്ണം തയ്യാറെടുത്തേ ക്രിക്കറ്റ്‌ ഫീല്‍ഡിലെ ഏതു പരീക്ഷയും അഭിമുഖീകരിക്കൂ. രാവിലെയും വൈകുന്നേരവുമായി ആറുമണിക്കൂറോളം നീളുന്ന വ്യായാമവും നെറ്റ്‌ പ്രാക്‌ടീസും സൗരവിന്റെ ദിനചര്യയുടെ ഭാഗമാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ മത്സരങ്ങളൊന്നുമില്ലാത്ത ഇടവേളകളില്‍ സൗരവ്‌ കൊല്‍ക്കത്തയില്‍ ഉണ്ടാവുമെങ്കിലും തിരക്കൊഴിഞ്ഞ്‌ അല്‌പനേരം ഒന്നു പിടികിട്ടാനുള്ള വിഷമത്തിനു കാരണം ഇതുതന്നെ. മറ്റെന്തു മുടങ്ങിയാലും ക്രിക്കറ്റ്‌ പരിശീലനം മുടക്കാന്‍ വയ്യ. ഇക്കാര്യത്തില്‍ സൗരവ്‌ വലിയ `വാശിക്കാര'നാണ്‌. അതിനിടെ ഒഴിച്ചുകൂടാനാവാത്ത ചില ചടങ്ങുകള്‍. ബാക്കിസമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി വിഭജിച്ചുനല്‍കാന്‍ തികയുന്നില്ല.ഇത്തരം തിരക്കിട്ട ദിവസങ്ങളിലൊന്നില്‍ കൊല്‍ക്കത്തയിലെ തന്റെ വീട്ടില്‍വെച്ച്‌ നാലു മണിക്കൂറുകള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പ്രത്യേക അഭിമുഖത്തിനായി അനുവദിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

? കൊല്‍ക്കത്തക്കാരനല്ലേ, ഫുട്‌ബാളിനോട്‌ കമ്പം കാണുമല്ലോ?

= സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ ക്ലാസുകളില്‍ ഞാന്‍ ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബാള്‍ ആണ്‌ കളിച്ചത്‌. ശരിതന്നെ. പക്ഷെ, അങ്ങനെ ഒരു വലിയ ന്നൊന്നും ഗൗരവമായി ആഗ്രഹിച്ചിട്ടില്ല. സ്‌കൂളില്‍ നല്ലൊരു ഫുട്‌ബാള്‍ ടീമുണ്ടായിരുന്നു. തുടരെ മാച്ചുകള്‍ കളിക്കും. അതിനിടെ പഠിക്കാന്‍ സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോഴേക്കും കൂടുതല്‍ ക്രിക്കറ്റിനോട്‌ അടുത്തു. പതുക്കെ അതൊരു പ്രൊഫഷനായി കണ്ടു തുടങ്ങി. പിന്നെ മുഴുവന്‍ സമയവും ക്രിക്കറ്റിനായി നീക്കിവെച്ചു. ഫുട്‌ബാളിനോട്‌ ഇന്നും താല്‍പര്യമുണ്ട്‌. ടി.വി.യില്‍ യൂറോപ്യന്‍ ലീഗിലെ മത്സരങ്ങള്‍ കാണും. പിന്നെ, ഞാന്‍ കടുത്ത ഒരു ബ്രസീലിയന്‍ ഫാന്‍ ആണ്‌. കൊല്‍ക്കത്ത ഫുട്‌ബാളും ശ്രദ്ധിക്കാറുണ്ട്‌.

? ക്രിക്കറ്റ്‌ ഗൗരവമായി എടുത്തുതുടങ്ങിയത്‌ എന്നു തൊട്ടാണ്‌.

= എന്റെ പതിനാലാം വയസ്സിലാണ്‌ ശാസ്‌ത്രീയമായ കോച്ചിങ്‌ കിട്ടിയത്‌. അതുവരെ വെറും തമാശക്കായിരുന്നു കളി. സ്‌കൂളിന്റെ പിന്‍വശത്ത്‌ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമായിരുന്നു. എന്റെ അച്ഛന്‍ കൊല്‍ക്കത്ത ലീഗിലും യൂണിവേഴ്‌സിറ്റിതലത്തിലും ക്രിക്കറ്റ്‌ കളിച്ചിരുന്നു. ചേട്ടന്‍ രഞ്‌ജിടീമിലും കളിച്ചു. തികച്ചും ക്രിക്കറ്റിന്റെ ബാക്‌ഗ്രൗണ്ട്‌ എന്റെ കുടുംബത്തിനുണ്ടായിരുന്നു. അച്ഛന്‍ ഞാന്‍ ഒരു ക്രിക്കറ്റ്‌ താരമായിത്തീരാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ കൂടുതല്‍ സമയം ക്രിക്കറ്റ്‌ പരിശീലനത്തിന്‌ മാറ്റിവെച്ചു.

? സൗരവിന്‌ അന്ന്‌ പരിശീലകര്‍ ഇല്ലായിരുന്നോ

= തീര്‍ച്ചയായും ഒരുപാടുപേര്‍ എന്നെ ക്രിക്കറ്റ്‌ പഠിപ്പിച്ചു. അതെല്ലാം എനിക്ക്‌ ഗുണവും ചെയ്‌തു. പിന്നെ ശ്രീറാം ക്രിക്കറ്റ്‌ കോച്ചിങ്‌ സെന്ററില്‍ ചേര്‍ന്നു. അവിടെ വെച്ചാണ്‌ അടിസ്ഥാന നിയമങ്ങളും രീതികളും പഠിച്ചത്‌.

? അന്ന്‌ സൗരവിന്‌ ക്രിക്കറ്റില്‍ വഴികാട്ടിയായി ആരെങ്കിലും ഉണ്ടായിരുന്നോ

= അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാനാവില്ല. ഒട്ടേറെ വ്യക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും എന്റെ കരിയറില്‍ എന്നെ സഹായിച്ചു, ഗൈഡ്‌ ചെയ്‌തു. ചെറുപ്പത്തില്‍ത്തന്നെ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ്‌ താരം എങ്ങനെ ആയിരിക്കണം, എങ്ങനെയൊക്കെ ആയിരിക്കരുതെന്ന്‌ ഞാന്‍ മനസ്സിലാക്കിയിരുന്നു.

? ചെറുപ്പത്തില്‍ ആരായിരുന്നു സൗരവിന്റെ ഹീറോ

= പ്രധാനമായും നാലുപേര്‍. ഗാവസ്‌കര്‍, കപില്‍ദേവ്‌, അലന്‍ ബോര്‍ഡര്‍, ഡേവിഡ്‌ ഗവര്‍. അവരെപ്പോലെ ആവണമെന്ന്‌ ഞാനാഗ്രഹിച്ചു. അവരെപ്പോലെ ബാറ്റ്‌ ചെയ്യാനും ബൗള്‍ ചെയ്യാനും ശ്രമിച്ചു. ക്രിക്കറ്റ്‌ കളിച്ചുതുടങ്ങുന്ന എല്ലാ കുട്ടികളും ഇങ്ങനെയൊക്കെ ആയിരിക്കും.

? കപില്‍ദേവിന്റെ ക്യാപ്‌റ്റന്‍സിയില്‍ 83ല്‍ ഇന്ത്യ ലോകകപ്പ്‌ നേടുമ്പോള്‍ സൗരവിന്‌ പത്ത്‌ വയസ്സേ കാണുള്ളൂ. അന്നത്തെ ആ വിജയം എത്രത്തോളം സ്വാധീനിച്ചു.

= സത്യത്തില്‍ ഇത്‌ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യമാണ്‌. ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഇന്ത്യ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ കീഴടക്കി ലോകക്രിക്കറ്റ്‌ ചാമ്പ്യന്മാരായ രാത്രി! അന്ന്‌ കൊല്‍ക്കത്തയിലെ തെരുവുകളൊന്നും ഉറങ്ങിയില്ല. നേരം പുലരുവോളം ആഘോഷങ്ങളായിരുന്നു. ആ മുഹൂര്‍ത്തങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ഞങ്ങള്‍ കുട്ടികള്‍പോലും വല്ലാത്ത ത്രില്ലിലായിരുന്നു. ക്രിക്കറ്റ്‌ കളിക്കാനും ജയിക്കാനും അന്ന്‌ ആ വിജയം ഞങ്ങള്‍ക്കൊക്കെ പ്രചോദനമായി.

? ഇന്ത്യക്കുവേണ്ടി സൗരവിന്റെ ആദ്യ അവസരം ആസ്‌ത്രേല്യന്‍ പര്യടനമായിരുന്നു. അന്ന്‌ പക്ഷേ, പ്രധാന മാച്ചുകളില്‍ ഒന്നും കളിക്കാനായില്ല. ടീമില്‍ നിന്ന്‌ പുറത്താവുകയും ചെയ്‌തു. തീര്‍ച്ചയായും വല്ലാതെ നിരാശ തോന്നിക്കാണുമല്ലേ?

= ക്രിക്കറ്റില്‍ ഉയരത്തിലെത്താന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം വല്ലാതെ വേദനിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. പക്ഷേ, അങ്ങനെ നിരാശനായി ഇരുന്നിട്ട്‌ കാര്യമില്ലല്ലോ? കൂടുതല്‍ കരുത്തോടെ ആവേശത്തോടെ അധ്വാനിക്കുകയായിരുന്നു പിന്നെ. ഞാന്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ക്യാപ്‌റ്റനുമായി. ആ ആസ്‌ത്രേല്യന്‍ പര്യടനം ഇന്ന്‌ പഴങ്കഥയാണ്‌. നമുക്കത്‌ വിട്ടുകളയാം. പിന്നോട്ട്‌ നോക്കി ദുഃഖിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക്‌ മുന്നോട്ടു നോക്കാം. അവിടെ ഒരുപാട്‌ പ്രതീക്ഷകളും ലക്ഷ്യങ്ങളുമുണ്ട്‌. അതാണ്‌ എന്റെ ഫിലോസഫി.

? 96ല്‍ ലോര്‍ഡ്‌സില്‍ സൗരവിന്റെ ടെസ്റ്റ്‌ അരങ്ങേറ്റം അവിസ്‌മരണീയമായിരുന്നു. ശരിക്കും കരിയറിലെ ടേണിങ്‌ പോയന്റ്‌.

= അത്‌ എന്റെ ജീവിതത്തിലെ തന്നെ വലിയ മുഹൂര്‍ത്തമാണ്‌. കാര ണം, എന്റെ ആദ്യടെസ്റ്റ്‌. വേദി ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സ്‌. എനിക്ക്‌ അന്ന്‌ പലതും തെളിയിക്കാനുണ്ടായിരുന്നു. അവസാന ഇലവനില്‍ ഞാനുണ്ടെന്ന്‌ അറിഞ്ഞപ്പോഴേ തീരുമാനിച്ചു. എന്റെ പരമാവധി പുറത്തെടുക്കണമെന്ന്‌. ആഗ്രഹിച്ചതുപോലെ തന്നെ നടന്നു. ഞാന്‍ സെഞ്ച്വറി നേടി. അത്‌ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

? 97ലെ സഹാറാകപ്പും സൗരവിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട ടൂര്‍ണമെന്റാണല്ലോ. ഏകദിന ക്രിക്കറ്റില്‍ സൗരവിന്റെ സ്ഥാനമുറപ്പിച്ചത്‌ സഹാറാ കപ്പായിരിക്കും.

= ശരിയാണ്‌. വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു അത്‌. ഇന്ത്യ യും പാകിസ്‌താനും എവിടെവെച്ച്‌ ഏറ്റുമുട്ടിയാലും അതിന്‌ ഒരുപാട്‌ പ്രാധാന്യം ലഭിക്കുമല്ലോ. വീറും വാശിയും ഇരട്ടിയാവും. അങ്ങനെയുള്ള ഒരു പരമ്പരയില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ കഴിയുക. സ്വപ്‌നസാക്ഷാത്‌കാരമായിരുന്നു എനിക്കത്‌. ഞാന്‍ മാന്‍ ഓഫ്‌ ദ സീരീസ്‌ ആയി എന്നതല്ല, അന്ന്‌ ഇന്ത്യ പാകിസ്‌താനെ വ്യക്തമായ മാര്‍ജിനില്‍ തകര്‍ത്തു എന്നതാണ്‌ പ്രധാനം. ആ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു എന്നതില്‍ ഞാന്‍ ഇന്നും അഭിമാനിക്കുന്നു. എന്റെ ക്രിക്കറ്റ്‌ കരിയറിന്റെ തുടക്കത്തിലെ വലിയ അനുഭവവും വലിയ വിജയവും ആയിരുന്നു ആ സഹാറാകപ്പ്‌.

? പാകിസ്‌താനെതിരെ സൗരവിന്റെ റിക്കാര്‍ഡ്‌ വളരെ മികച്ചതാണ്‌. പ്രതിയോഗി പാകിസ്‌താനാവുമ്പോള്‍ സൗരവ്‌ പതിവിലും കൂടുതല്‍ അധ്വാനിച്ചുകളിക്കുന്നതാണോ.

= ഒരിക്കലും അതങ്ങനെയല്ല. ഇന്ത്യക്കുവേണ്ടി കളിക്കുന്ന എല്ലാ മത്സരവും പ്രധാനമാണ്‌. എല്ലാ മത്സരത്തിലും ടെസ്റ്റോ ഏകദിനമോ ആവട്ടെ, പ്ര തിയോഗി പാകിസ്‌താനോ ശ്രീലങ്കയോ ആവട്ടെ, മത്സരം ഇന്ത്യയിലോ വിദേശത്തോ ആവട്ടെ, ഞാന്‍ എന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നു.

? ടെസ്റ്റ്‌ ക്രിക്കറ്റില്‍ സൗരവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്‌ ഏതെന്നാണ്‌ കരുതുന്നത്‌.

= എന്റെ അരങ്ങേറ്റ ടെസ്റ്റില്‍, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി തന്നെയാണ്‌ ഏറ്റവും മികച്ചതെന്ന്‌ ഞാന്‍ കരുതുന്നു. അന്ന്‌ പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഞാനിന്ന്‌ ഇവിടെ എത്തില്ലായിരുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ വെച്ച്‌ അവര്‍ക്കെതിരെ നേടിയ സെഞ്ച്വറി മികച്ചതാണെന്ന്‌ നിങ്ങള്‍ക്കും തോന്നുന്നില്ലേ.

? മികച്ച ഏകദിന ഇന്നിങ്‌സോ?

= ധാക്കാ ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പില്‍ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി, ആസ്‌ത്രേല്യയില്‍ വെച്ച്‌ പാകിസ്‌താനെതിരെ ത്രിരാഷ്‌ട്ര ടൂര്‍ ണമെന്റില്‍ നേടിയ സെഞ്ച്വറി, കഴിഞ്ഞ ഐ.സി.സി കപ്പ്‌ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ ഹെഡിങ്‌ലിയില്‍ നേടിയ സെഞ്ച്വറി. ഇതെല്ലാം മികച്ചതാണെന്ന്‌ ഞാന്‍ കരുതുന്നു. കാരണം, ആ മാച്ചുകള്‍ ഇന്ത്യ ജയിച്ചു. അതാണു കാര്യം. ഞാന്‍ നന്നായി കളിച്ചിട്ടും ഇന്ത്യ ജയിച്ചില്ലെങ്കില്‍ പിന്നെന്തു കാര്യം?

? സൗരവിന്റെ ആരാധകര്‍ ഏറ്റവും കാണാന്‍ കൊതിക്കുന്നത്‌ ലോങ്ങോണിന്‌ മുകളിലുള്ള ലോഫ്‌റ്റി ഷോട്ടായിരുന്നു. സൗരവ്‌ ഫ്രണ്ട്‌ ഷൂട്ടില്‍ മുന്നോട്ടു കയറി ആ ഷോട്ട്‌ കളിക്കുന്നത്‌ കാണാന്‍ പ്രത്യേക ചന്തം ഉണ്ട്‌. ഈ ഷോട്ടിനായി എന്തെങ്കിലും പ്രത്യേക പരിശ്രമം നടത്തുന്നുവോ?

= എനിക്കറിയാം ആളുകള്‍ എന്റെ ആ ഷോട്ട്‌ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന്‌. നിങ്ങളെപ്പോലെ പലരും അതെന്നോടു പറഞ്ഞിട്ടുണ്ട്‌. എന്റെ ആ ഷോട്ട്‌ കൂടുതല്‍ മിനുക്കിയെടുക്കാന്‍ പ്രത്യേക പരിശ്രമം നടത്തുന്നു. ഇപ്പോഴും അത്‌ തുടരുന്നു.

? ക്യാപ്‌റ്റനെന്ന നിലയില്‍ സൗരവിന്‌ ആസ്‌ത്രേല്യക്കെതിരെ മികച്ച റിക്കാര്‍ഡാണ്‌. മറ്റൊരു ക്യാപ്‌റ്റനും ലോക ചാമ്പ്യന്മാര്‍ക്കെതിരെ ഇത്ര മികച്ച റിക്കാര്‍ഡ്‌ അവകാശപ്പെടാനാവില്ല. ഇതിനെ എങ്ങനെ വിലിയിരുത്തുന്നു?

= അതിനു കാരണം എന്റെ ടീമാണ്‌. ക്രിക്കറ്റ്‌ ഒരു ടീം ഗെയിമാണ്‌. ക്യാപ്‌റ്റന്‌ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ടീമിന്റെ സഹായമില്ലാതെ ഒരു ക്യാപ്‌റ്റനും വിജയങ്ങള്‍ നേടാനാവില്ല. ഏറ്റവും ഉചിതമായ സമയത്താണ്‌ ഞാന്‍ ക്യാപ്‌റ്റനായത്‌. കഴിവുള്ള ഒട്ടേറെ കളിക്കാരെ എനിക്ക്‌ കിട്ടി. അവരില്‍നിന്ന്‌ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്‌ എന്റെ ജോലി.

? ഹര്‍ഭജന്‍, സഹീര്‍ഖാന്‍, യുവരാജ്‌ സിങ്‌ എല്ലാവര്‍ക്കും ടീമില്‍ സ്ഥാനം നേടിക്കൊടുക്കുന്നതിലും അവരെക്കൊണ്ട്‌ നന്നായി കളിപ്പിക്കുന്നതിലും സൗരവിന്‌ വലിയ പങ്കുണ്ടായിരുന്നല്ലോ, സൗരവ്‌ ക്യാപ്‌റ്റനായതുകൊണ്ടാണ്‌ അവര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതെന്നും കേട്ടിട്ടുണ്ട്‌.

= കഴിവുള്ളവരെ പിന്തുണയ്‌ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അത്രമാത്രം. അവര്‍ക്ക്‌ കഴിവുള്ളതുകൊണ്ടാണ്‌ അവര്‍ ടീമില്‍ ഇടംപിടിച്ചതും മികച്ച കളിക്കാരായതും. അല്ലാതെ കഴിവില്ലാത്തവരെ ആരെത്ര തള്ളിവിട്ടിട്ടും കാര്യമില്ല.

? ക്രിക്കറ്റ്‌ കരിയറിലെ താങ്കളുടെ ലക്ഷ്യം എന്താണ്‌?

= ഇന്ത്യക്കുവേണ്ടി പരമാവധി കളിക്കുക. നമ്മുടെ ടീമിനെ ജയിപ്പിക്കുക. അതുതന്നെ എന്റെ ലക്ഷ്യം. അതിനു കഴിഞ്ഞാല്‍ ഞാന്‍ സംതൃപ്‌തനാവും.

? പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്നത്‌ എങ്ങനെയാണ്‌?

= പ്രധാനമായും മാനസികമായ തയ്യാറെടുപ്പാണ്‌ നടത്തുന്നത്‌. അടുത്ത മത്സരത്തെ നന്നായി ചിന്തിക്കും. നാളെ ഞാന്‍ എങ്ങനെയായിരിക്കും കളിക്കുകയെന്ന്‌ സങ്കല്‌പിച്ചുനോക്കും. എന്തൊക്കെയാണ്‌ എന്റെ കരുത്ത്‌, ദൗര്‍ബല്യങ്ങള്‍ എന്നു വിലയിരുത്തും. പ്രതിയോഗികളുടെ ശക്തി ഏതൊ ക്കെ മേഖലയിലാണെന്നും ചിന്തിക്കും. എന്നിട്ട്‌ ഒരു ഗെയിംപ്ലാന്‍ ഉണ്ടാ ക്കും. എന്നാല്‍ വല്ലാതെ നെഗറ്റീവായി ചിന്തിച്ച്‌ സ്വയം സമ്മര്‍ദ്ദത്തിലാവാന്‍ അനുവദിക്കില്ല. പോസറ്റീവായ ചിന്തയാണ്‌ വേണ്ടത്‌. എനിക്കതിന്‌ കഴിയുമെന്ന ഒരു ആത്മവിശ്വാസം വളര്‍ത്തിയെടുക്കും.

? ഇന്ത്യക്കുവേണ്ടി മത്സരങ്ങള്‍ ജയിക്കുമ്പോള്‍ എന്തു തോന്നും?

= ഏതു കായികതാരത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്‌ തന്റെ രാജ്യത്തെ ജയിപ്പിക്കുകയെന്നത്‌. രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യുമ്പോള്‍ എല്ലാവരും നിങ്ങളെ അഭിനന്ദിക്കും. അപ്പോള്‍ തോന്നുന്ന ആത്മാഭിമാനം പറഞ്ഞുതരാന്‍ പറ്റില്ല. നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്നതിലും വലുതായി മറ്റെന്തുണ്ട്‌?

? തോല്‍വികള്‍ വിഷമിപ്പിക്കാറുണ്ടോ?

= തോല്‍ക്കുമ്പോള്‍ വിഷമം തോന്നും. അത്‌ സ്വാഭാവികമല്ലേ? പക്ഷേ, അതിനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിച്ച്‌ അസ്വസ്ഥമാകാറില്ല. അത്‌ നല്ലതിനല്ല. ആദ്യം തോല്‍വി സ്വയം ഉള്‍ക്കൊള്ളണം. എന്നിട്ട്‌ അതിന്റെ കാര്യങ്ങള്‍ പഠിക്കും. എന്നിട്ട്‌ അതിനെ തരണം ചെയ്യാന്‍ ശ്രമിക്കും.

? സൗരവ്‌ എന്ന ക്രിക്കറ്ററെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ അറിയാം. പക്ഷേ, സൗരവ്‌ എന്ന വ്യക്തിയെക്കുറിച്ച്‌ അധികമറിയില്ലല്ലോ? സ്വയം വിലയിരുത്താമോ? പെട്ടെന്ന്‌ ക്ഷോഭിക്കുന്ന പ്രകൃതമാണോ?

= ഗ്രൗണ്ടിലെ എന്റെ വികാരപ്രകടനങ്ങള്‍ കണ്ട്‌ പലരും എന്നെ തെറ്റാ യി മനസ്സിലാക്കാറുണ്ട്‌. പക്ഷേ, ഗ്രൗണ്ടിനു പുറത്ത്‌ ഞാന്‍ വളരെ ശാന്തനായ മനുഷ്യനാണ്‌. വീട്ടില്‍ ആരോടും ദേഷ്യപ്പെടാറില്ല. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടേത്‌ ഒരു കൂട്ടുകുടുംബമാണ്‌. ഒരുപാട്‌ സഹോദരന്മാ രും സഹോദരിമാരും അമ്മാവന്മാരും ഒക്കെയുണ്ട്‌. എല്ലാവരോടും ഒത്ത്‌ സമയം കഴിക്കാന്‍ എനിക്കിഷ്‌ടമാണ്‌.

? ഡോണയും സനയും സൗരവില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി.

= സന എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്‌. പത്തു വര്‍ഷം മുമ്പായിരുന്നു എന്റെ വിവാഹം. ഡോണ വന്നതിനുശേഷം ജീവിതം കൂടുതല്‍ സുന്ദരമായി. മകള്‍ പിറന്നതോടെ കൂടുതല്‍ അര്‍ഥപൂര്‍ണവുമായി. നമ്മുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും കൂടുതല്‍ തിളക്കമുള്ളതായി മാറുന്നു. അത്‌ എന്റെ കരിയറിനും ഗുണം ചെയ്‌തു എന്നാണ്‌ അനുഭവം.

? വലിയ കാളീഭക്തനാണെന്നു കേട്ടിട്ടുണ്ട്‌?

= പൊതുവെ ബംഗാളികള്‍ കാളീഭക്തന്മാരാണ്‌. എല്ലാവരും കാളിയുടെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നു. മംഗളദുര്‍ഗ എന്റെ കുടുംബദേവതയാണ്‌. ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ്‌.

? സൗരവ്‌ ഒരു ഫുട്‌ബോള്‍ ആരാധകനാണെന്ന്‌ കേട്ടു. കൊല്‍ക്കത്തക്കാരുടെ സ്വന്തം ക്ലബ്ബുകളായ ബഗാനെയും ഈസ്റ്റ്‌ബംഗാളിനെയും കുറിച്ച്‌ എന്തു പറയുന്നു?

= കൊല്‍ക്കത്തയിലെ എല്ലാ ഫുട്‌ബാള്‍ ക്ലബ്ബുകളും എനിക്കിഷ്‌ടമാണ്‌. മോഹന്‍ബഗാനും ഈസ്റ്റ്‌ ബംഗാളിനും വേണ്ടി കൊല്‍ക്കത്ത ലീഗില്‍ ക്രിക്കറ്റ്‌ കളിച്ചിരുന്നു. അവര്‍ നേടുന്ന ഓരോ വിജയവും ഏറെ സന്തോഷിപ്പിക്കുന്ന അനുഭവമാണ്‌.

1 comment:

ശ്രീഹരി::Sreehari said...

one doubt .... Maharaja ennulle thankalude book aayirunno? i liked it a lot... i have one copy :) great work