ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന് പരമപ്രാധാന്യം കല്‍പ്പിക്കുന്ന വെള്ള കുപ്പായക്കാരുടെ കളി. ഈ കുപ്പായം മാറിയിട്ട് കാലം കുറച്ചായി. കളിയെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഏകദിന ക്രിക്കറ്റില്‍ കളര്‍ കുപ്പായം അവതരിപ്പിച്ചു. ആദ്യം രാത്രി കളിക്കുമ്പോള്‍ മാത്രമായിരുന്നു. ഈ നിറംമാറ്റം. പിന്നെ "പകല്‍മാന്യന്‍"മാരുടെ കുപ്പായവും മാറ്റി. സര്‍വത്ര ഈസ്റ്റ്‌മാന്‍ കളറിലായി. പേരിന് ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് മാത്രം ഗൃഹാതുരത്വത്തിന് വേണ്ടി വെള്ളകുപ്പായം നിലനിര്‍ത്തി. കളി ട്വന്റിയിലേക്ക് മാറിയപ്പോള്‍ നിറം പോരെന്നായി. സര്‍വത്ര കളറാക്കി. കുപ്പായങ്ങള്‍ കോമാളികളുടേതായി എന്ന് പാരമ്പര്യവാദികള്‍ അടക്കം പറഞ്ഞപ്പോള്‍ അത് ഗൗനിക്കേണ്ടെന്ന് കളിയെ മാര്‍ക്കറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിധഗ്‌ദന്‍മാര്‍ ഉപദേശിച്ചു. പണപ്പെട്ടിയുടെ വലുപ്പം കൂടി വരുന്നതിന്റെ ഊക്കില്‍ കളിക്കാരും സംഘാടകരും പൂരക്കാഴ്‌ചകള്‍ കണ്ട് കണ്ണ് മഞ്ഞണിഞ്ഞ കാണികളും കൈയ്യടിച്ചു. കളറിലെന്ത് കാര്യം? എന്നാവും ചോദ്യം. ശരിയാ, കളറിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കാനില്ല. എന്നാല്‍ കുപ്പായത്തിന്റെ കളര്‍ മാത്രമല്ല മാറുന്നത്. ഒപ്പം ഈ കളിയുടെ ശൈലിയും സ്വഭാവവും സംസ്‌ക്കാരവും മാറുന്നുവെന്ന് അനുനിമിഷം ഗ്രൗണ്ടിനകത്തും പുറത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. മാന്യന്‍മാരുടെ കളിയെന്ന് ഉദ്‌ഘോഷിച്ചിരുന്ന ക്രിക്കറ്റില്‍ മാന്യമെന്ന് പറയാവുന്ന എന്താണ് ഇനിഭാക്കിയുള്ളത് ? ആദ്യം കോഴ വിവാദം, പിന്നെ മരുന്നടി . ഇപ്പാഴിതാ ഗ്രൗണ്ടിനകത്ത് ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ കരണത്തടിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഫുട്‌ബോളില്‍, ലോകകപ്പ് ഫൈനലില്‍ ഒരു കളിക്കാരന്‍ എതിര്‍ ടീമിലെ കളിക്കാരനെ തലകൊണ്ടിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഐ പി എല്‍ മല്‍സരത്തിന് ശേഷം കളിക്കാര്‍ പരസ്‌പരം കൈകൊടുത്ത്‌പിരിയുന്നതിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തിടിച്ചതിനെ ലോകകപ്പിലെ സിദാന്‍-മറ്റെരാസി സംഭവവുമായി താരതമ്യം ചെയ്‌തു കൊണ്ട് ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോനിയുള്‍പ്പെടെയുള്ളവര്‍ പ്രസ്‌താവനയിറക്കൂന്നു. എന്നാല്‍ അവര്‍ ഇങ്ങനെ ചെയ്യുന്നത് സുപ്രധാനമായ ചില വസ്‌തുതകള്‍ വിസ്‌മരിച്ചു കൊണ്ടാണ്. സിദാന്‍ മറ്റരാസിയെ തല കൊണ്ടിടിച്ചത് മല്‍സരത്തിനിടെ ആയിരുന്നു. കളിയുടെ ആവേശം കൊണ്ട് സംഭവിച്ചുപോയ ഒരു പാതകമായി ഇതിനെ വേണമെങ്കില്‍ ന്യായീകരിക്കാം. എന്നാല്‍ ഹര്‍ഭജബനോ കളിക്കു ശേഷം കളിക്കളത്തിനകത്തുള്ള കാര്യങ്ങള്‍ എല്ലാം മറന്ന് പരസ്‌പരം ഹസ്‌തദാനം ചെയ്യേണ്ട ഘട്ടത്തിലാണ് ഇങ്ങനെ ചെയ്‌തത്‌്. ആവേശ തള്ളിച്ചയില്‍ ചെയ്‌തു പോയതെന്ന ന്യായീകരണം ഇതിനില്ല. അവനൊന്ന് കൊടുത്തുകളയാമെന്ന് നേരത്തെ തീരുമാനിച്ചുറച്ച ഒരാക്രമണമായി തന്നെ ഇതിനെ കാണണം. കളിക്കളത്തിന് പുറത്തൊതുങ്ങുന്നതല്ല ഈ സംഭവം. ശ്രീശാന്ത് പരാതിപെട്ടിരുന്നെങ്കില്‍ മൊഹാലി പോലീസിന് കേസെടുത്ത് ഹര്‍ബജനെ അറസ്‌റ്റ് ചെയ്‌ത് അന്വേഷണം നടത്താമായിരുന്നു. തീര്‍ന്നില്ല, മറ്റരാസിയും സിദാനും രണ്ടു രാജ്യങ്ങളുടെ കളിക്കാരാണ്. ഹര്‍ബജനും ശ്രീയും ഐ പി എല്ലില്‍ രണ്ടു ടീമുകളിലായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്നവരാണ്. ടീം ഇന്ത്യയെന്ന് നമ്മള്‍ ആഭിമാന പൂര്‍വം വിശേഷിപ്പിക്കുന്ന ഒരു വികാരത്തിന്റെ ഭാഗമാണ്. ക്രിക്കറ്റ് ഫുട്‌ബോള്‍ പോലെയല്ല. കളിക്കാര്‍ പരസ്‌പരം ശരീരത്തില്‍ സ്‌പര്‍ശിക്കേണ്ട ആവശ്യമില്ലാത്ത, കളിക്കിടെ അങ്ങനെ സംഭവിച്ചാല്‍ അതിന് "സോറി " ചോദിക്കേണ്ട കളിയാണ്. ഇവിടെ അടി കൊണ്ടത് ശ്രീശാന്തിന്റെ മുഖത്തല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്യതയുടെ മുഖംമൂടിക്ക് മേലാണ്. ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത് ടീം ഇന്ത്യയുടെ യതാര്‍ഥ കോലമാണ്. സംഭവം നടന്നപ്പോള്‍ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലോ മറ്റോയിരുന്ന് കളികാണുകയായിരുന്ന ഒരാള്‍ ഉറക്കെ ചിരിച്ചു കാണും. ചിരിച്ച് ചിരിച്ച് അയാളുടെ കണ്ണില്‍ നിന്ന് വെള്ളംവന്നു കാണും. സത്യത്തില്‍ ഈ സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ ആദ്യം പ്രതികരണം തേടേണ്ടത് അയാളില്‍ നിന്നായിരുന്നു. മറ്റാരുമല്ല അത്. ഹൈദരാബാദ് ടീമിന് വേണ്ടി ഐ പി എല്ലില്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സഹകളിക്കാരന്റെ മുഖത്തടിച്ച ഇതേ ഹര്‍ബജന്റെ സ്വഭാവ മഹിമയെ കുറിച്ച് നേരത്തെ പരാതിപെട്ടതിന്റെ പേരില്‍ നമ്മള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകര്‍ വെറുക്കപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്ന സൈമണ്ട്‌സ്. ഹര്‍ബജന്‍ തന്നെ കളിക്കളത്തില്‍ വെച്ച് തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു സൈമണ്ട്‌സിന്റെ പരാതി. അന്ന് സ്‌നേഹം കൊണ്ട് നമ്മള്‍ ഹര്‍ബജന്‍ എന്നു പൂര്‍ണമായി വിളിക്കാതെ ബാജിയെന്ന് വിളിക്കുന്ന ഈ പഞ്ചാബിയുടെ സ്വഭാവ മഹിമ തെളിയിക്കുന്ന സാക്ഷ്യപത്രവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിക്കറ്റ് ഒസ്‌ട്രേലിയയുടെ ഓഫീസുകളില്‍ കയറിയിറങ്ങി. മങ്കി എന്നല്ല ബാജി സൈമണ്ട്‌സിന്റെ മുഖത്ത് നോക്കി പറഞ്ഞത് ഹിന്ദിയില്‍ "മാ കീ" എന്നാണെന്നും സച്ചിന്‍ അന്വേഷണ കമ്മീഷന് മുന്നാകെ വാദിച്ചു. മാ കീ ( അമ്മയുടെ... ) എന്നത് നല്ല പ്രയോഗമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാവണം ഹര്‍ബജനെ വെറുതെ വിട്ടു. സൈമണ്ട്‌സ് പരിഹാസ്യനായി.ഐ പി എല്ലില്‍ ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി സൈമണ്ട്‌സ് കളിക്കാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ കളികാണാനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ മോശമായി പെരുമാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ, തന്റെ ടീമിന് മേണ്ടി ഉജ്വല പ്രകടനം പുറത്തെടുത്ത സൈമണ്ട്‌സ് ഇവിടെ ഒട്ടേറെ പുതിയ ആരാധകരെ സൃഷ്ടിക്കുകയാണ് ചെയ്‌തത്. ഹര്‍ബജനോ, തന്റെ നികൃഷ്ടമായ പ്രവര്‍ത്തിയിലൂടെ സ്വയം അപഹാസ്യനായി. സൈമണ്ട്‌സ് പൊട്ടിചിരിക്കാതിരിക്കുന്നത് എങ്ങനെ ? ഹര്‍ബബന്‍ ഇങ്ങനെ ശ്രീശാന്തിനെ ആക്രമിച്ചത് ഇന്ത്യന്‍ ടീമിനുള്ളില്‍ കളിക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌പര്‍ധയുടേയും അനാരോഗ്യകരമായ പ്രവണതകളുടേയും ബഹിര്‍സ്‌ഫുരണമായി വേണം കാണാന്‍. കളിക്കാര്‍ക്കാരുടെ അച്ചടക്കത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന ബി സി സി ഐ അധികര്‍ക്കോ ടീം മാനേജ്‌മെന്റിനോ അക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല എന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം. നോരത്തെ പറഞ്ഞപോലെ പെട്ടെന്ന് നിയന്ത്രണം വിട്ട് ചെയ്‌ത് പോയ കാര്യമല്ല, ഹര്‍ബജന്റെ കാര്യത്തില്‍ സംഭവിച്ചത്. മറിച്ച് കാലങ്ങളായി ടീമില്‍ നീറി കൊണ്ടിരിക്കുന്ന പകയോ, സ്‌പര്‍ധയോ ഒക്കെയാണതിന് പിന്നില്‍. സീനിയര്‍-ജൂനിയര്‍ പോര്, മേഖലകളുടെ പേരിലുള്ള പോര്, ഇങ്ങനെ കോക്കസുകളും ലോബികളും ടീമിന്റെ അണിയറയില്‍ വാഴുന്നുവെന്നത് പുതിയ വാര്‍ത്തയല്ല. പെട്ടെന്ന് കൈവരുന്ന പ്രശസ്‌തി, കൈ നിറയെ പണം- നമ്മുടെ യുവ താരങ്ങള്‍ വഴി തെറ്റിപോവാന്‍ അനുകൂലമായ സാഹചര്യം. കളിക്കാര്‍ മീഡിയയോടും ആരാധരോടും എതിര്‍ ടീമിലെയും സ്വന്തം ടീമിലേയും കളിക്കാരോടും എങ്ങനെ പെരുമാറണം, ഗ്രൗണ്ടിലും പുറത്തും എന്തൊക്കെ ചെയ്യണം, എന്ത് ചെയ്യരുത് എന്നെല്ലാം അവരെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ സംവിധാനമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലും മറ്റും കളിക്കാര്‍ക്ക് ഇതുപോലെ സുജന മര്യാദകള്‍ അഭ്യസിപ്പിക്കുന്നതിനും സ്വന്തം പദവി എന്തെന്നും അത് എങ്ങിനെയെല്ലാം കാത്തുസൂക്ഷിക്കണമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനും പ്രൊഫഷണല്‍ ട്രെയ്‌നിങ് നല്‍കുന്നുണ്ട്. അത്തരം സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ ഇവിടെ അരങ്ങേറുകയില്ലായിരുന്നു. അത്തരം നടപടികള്‍ക്ക് ഇനിയെങ്കിലും തുനിഞ്ഞില്ലെങ്കില്‍ രോഗാതുരമായ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി സംഭവിക്കാവുന്നത് ഒന്നേയുള്ളൂ- വിഷം തീണ്ടിയുള്ള മരണം.
Subscribe to:
Post Comments (Atom)
1 comment:
വന്നുവന്നു ക്രിക്കറ്റ് വെറും കച്ചവടം മാത്രമായി അധപ്പതിച്ചു . എനിക്ക് തോന്നുന്നത് ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയത് IPL - ഇന് കൂടുതല്‍ പ്രചാരം ലഭിക്കുവാന്‍ വേണ്ടി മനപ്പൂര്‍വ്വം അവതരിപ്പിച്ച ഒരു നാണം കേട്ട തെരുവ് നാടകം ആണെന്നാണ്
Post a Comment