Friday, October 24, 2008

സച്ചിന്‍, ഒരു തുടര്‍ക്കഥ-2011 വരെ?


സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ നമുക്കാരാണ്‌ ? ഇന്ത്യക്ക്‌ വേണ്ടി റണ്ണടിച്ചു കൂട്ടുന്ന ഒരു ക്രിക്കറ്റര്‍. അല്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ കായികതാരം. ദൈവമെന്ന്‌ അയാളെ വിശേഷിപ്പിച്ചവരുണ്ട്‌. വടക്കെ മലബാറുകാര്‍ക്ക്‌ ഗുളികനും മുത്തപ്പനുമുള്ളത്‌ പോലെ, ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍ക്കായി ഒരു സച്ചിന്‍ ദൈവവും! ഈ സ്‌തുതി സാമാന്യബുദ്ധിക്ക്‌ നിരയ്‌ക്കുന്നതല്ല. എന്നാല്‍ ക്രിക്കറ്റില്‍ സച്ചിന്‍ കുറിച്ച നേട്ടങ്ങളും അങ്ങിനെയാണ്‌. സാമാന്യ ബുദ്ധിയ്‌ക്ക്‌ നിരയ്‌ക്കാത്ത, സാധാരണ ക്രിക്കറ്റര്‍മാര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്‌. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്‌ ഈ നവമ്പര്‍ 15ന്‌ 19 വര്‍ഷം തികയും. 152 ടെസ്റ്റുകളും 417 അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങളും. ഒരു ടെസ്റ്റില്‍ ശരാശരി നാലു ദിവസം കളി നടക്കുന്നതായി കണക്കാക്കിയാല്‍ തന്നെ ആയിരത്തി ഇരുപത്തിയഞ്ച്‌ ദിവസം സച്ചിന്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കാനിറങ്ങി. പതിനെട്ടായിരത്തിലധികം റണ്‍സ്‌, 81 സെഞ്ച്വറി, 139 അര്‍ദ്ധ സെഞ്ച്വറി, 221 ക്യാച്ച്‌, 196 വിക്കറ്റ്‌, മുവായിരത്തിലധികം ബൗണ്ടറി, ഇരുന്നൂറിലധികം സിക്‌സര്‍...അന്താരാഷ്ട്ര മല്‍സരങ്ങളിലെ (ടെസ്റ്റിലും ഏകദിനത്തിലും കൂടി) മാത്രം കണക്കാണ്‌. ഇതിനിടയില്‍ ആഭ്യന്തര മല്‍സരങ്ങളിലും നിരന്തരം കളിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. ആ മാച്ചുകളില്‍ നിന്ന്‌ 65 സെഞ്ച്വറിയടക്കം ഇരുപതിനായിരത്തിലധികം റണ്‍സ്‌ വേറെയും അടിച്ചു കൂട്ടിയിട്ടുണ്ട്‌. ഈ റണ്ണുകള്‍ സ്‌കോര്‍ ചെയ്യാന്‍ എത്ര കിലോമീറ്ററുകള്‍ സച്ചിന്‍ ഓടിയിട്ടുണ്ടാവുമെന്നത്‌ രസകരമായ ഒരു കടംകഥയാവുന്നു.ദൈവമല്ലെങ്കിലും ഒരു അമാനുഷനാണ്‌ നമ്മുടെ ചാമ്പ്യന്‍ എന്ന്‌ സമ്മതിച്ചു കൂടേ? ഇന്ത്യന്‍ മനസ്സുകളില്‍ സച്ചിന്‍ സൃഷ്ടിച്ച സ്വാധിനം എത്രത്തോളമുണ്ടെന്നതിന്‌ ചെറിയൊരു അനുഭവം ഇവിടെ പങ്കുവെക്കട്ടെ.കഴിഞ്ഞ വര്‍ഷം സച്ചിന്‍ സെഞ്ച്വറികള്‍ക്ക്‌ തൊട്ടടുത്ത്‌ നിരന്തരം പുറത്തായി കൊണ്ടിരുന്ന സമയം. സച്ചിന്‌ 2007 ല്‍ സച്ചിന്‌ സെഞ്ച്വറി നേടാന്‍ കഴിയില്ലെന്ന്‌ ഒരു ജോതിഷി പ്രവചിച്ചതായി ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. പാകിസ്‌താനെതിരായ മാച്ചില്‍ സച്ചിന്‍ 99 റണ്‍സെടുത്ത്‌ പുറത്തായതിന്റെ തൊട്ടടുത്ത ദിവസം ഒരു ഫോണ്‍ കോള്‍. ആവശ്യം ഇത്രമാത്രം. സച്ചിന്റെ ഫോണ്‍ നമ്പര്‍ വേണം, സച്ചിനുമായി സംസാരിക്കാന്‍ അവസരമൊരുക്കികൊടുക്കുകയും വേണം. ഫോണില്‍ വിളിച്ച്‌ സംസാരിച്ചയാളുടെ, കടുത്ത സച്ചിന്‍ ആരാധകനായ സുഹൃത്തിന്‌ വേണ്ടിയാണ്‌. സച്ചിന്‍ നിരന്തരം സെഞ്ച്വറിക്കടുത്ത്‌ വെച്ച്‌ പുറത്താവുന്നത്‌ സുഹൃത്തിന്റെ മനോനില വഷളാക്കിയിരിക്കുന്നു. സച്ചിന്‍ ഒരു സെഞ്ച്വറിയടച്ചാലേ അദ്ദേഹത്തിന്‌ ഇനി സ്വാസ്ഥ്യം ലഭിക്കുള്ളൂ. സച്ചിന്റെ നിര്‍ഭാഗ്യം വിട്ടകലാന്‍ ഒരു രക്ഷയും നല്‍കണം. മുംബൈയില്‍ സച്ചിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒര പത്രപ്രവര്‍ത്തക സുഹൃത്തിനെ വിളിച്ച്‌ ഞാന്‍ കാര്യം പറഞ്ഞു. അയാളുടെ മരുപടി രസകരമായിരുന്നു. ഇതേ രീതിയില്‍ സച്ചിന്റെ സ്വഞ്ച്വറി നഷ്ടങ്ങള്‍ കാരണം സ്വാസ്ഥ്യം നഷ്ടമായ ഒട്ടേറെ പേരുടെ ഫോണ്‍കോളുകള്‍ സച്ചിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിക്കുന്നുണ്ട്‌. ഇങ്ങനെ സ്വന്തം കുടുംബാംഗത്തെ പോലെ താരത്തെ സ്‌നേഹിക്കുയും അയാളുടെ നഷ്ടങ്ങളില്‍ വേദനിക്കുയും ചെയ്യുന്ന അനേകായിരങ്ങള്‍ സച്ചിന്‍ ഇന്ത്യക്കാര്‍ക്ക്‌ എന്താണെന്നതിന്റെ സൂചനയാണ്‌.നീണ്ട 19 വര്‍ഷം സജീവമായി അന്താരാഷ്ട്ര രംഗത്ത്‌ തുടരുകയെന്നത്‌ ഏത്‌ ഗെയിമിലായാലും ദുഷകരമായ ദൗത്യമാണ്‌. ആ കാലയളവിനുള്ളില്‍ ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന സ്വാഭാവിക മാറ്റങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കുകയാവും ഏറ്റവും ശ്രമകരമായ കാര്യം. ക്രിക്കറ്റ്‌ പോലെ സാങ്കേതികതക്കും ശാരീരിക ക്ഷമതക്കും ഒരേപോലെ പ്രസക്തിയുള്ള ഗെയ്‌മാവുമ്പോള്‍ കുറേക്കൂടി പ്ലാനിങും കഠിനാദ്വാനവും ആവശ്യമായിവരും. ഇന്ന്‌ നാം കാണുന്നത്‌ 17കാരനായ സച്ചിനെയല്ല. പ്രായം അദ്ദേഹത്തിന്‍രെ ശരീരത്തിലും ഏറെ പ്രഹരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്‌. കളി തുടങ്ങിയ കാലത്തെ റിഫ്‌ളക്ഷനോ കാഴ്‌ചശക്തിയോ ഇന്ന്‌ സച്ചിനില്ല. ഒരു ബാറ്റ്‌സ്‌മാനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും നിര്‍ണായകപ്രാധാന്യമുള്ള ഘടകങ്ങളാണ്‌. പിന്നെ നിരന്തരം പിന്തുടരുന്ന പരിക്കും അസുഖങ്ങളും. എന്നിട്ടും ടീമിന്‌ ഭാരമാവുന്ന കളിക്കാരന്‍ എന്ന തോന്നലുളവാക്കാതെ മിക്ക മല്‍സരങ്ങളിലും തന്റേതായ സംഭാവന നല്‍കാന്‍ സച്ചിന്‌ കഴിയുന്നു. സാങ്കേതിക ക്ഷമതയില്‍ സംഭവിക്കുന്ന കുറവുകള്‍ ബാധിക്കാത്ത രീതിയില്‍ തന്റെ ബാറ്റിങ്‌ ശൈലിയില്‍ മാറ്റം വരുത്താന്‍ സച്ചിന്‌ ഓരോ ഘട്ടത്തിലും കഴിഞ്ഞിട്ടുണ്ട്‌. തന്റെ കരിയര്‍ ദീര്‍ഘിപ്പിക്കുക എന്ന ലക്ഷ്യം വെച്ച്‌ കൃത്യമായ പ്ലാനിങും സച്ചിന്‍ നടത്തുന്നു. പരിക്കുകള്‍ സംഭവിക്കുമ്പോള്‍ അത്‌ പൂര്‍ണമായും ഭേദമാവും വരെ ഗ്രൗണ്ടില്‍ നിന്ന്‌ മാറി നില്‍ക്കും. ടെന്നീസ്‌ എല്‍ബോ എന്ന അസുഖം ഏത്‌ സ്‌പോര്‍ട്‌സ്‌മാന്റെയും കരിയര്‍ അകാലത്തില്‍ അവസാനിപ്പിക്കാന്‍ പോന്നതാണ്‌. പക്ഷെ സച്ചിന്‍ വേണ്ടത്ര സമയമെടുത്ത്‌ പൂര്‍ണമായും അസുഖത്തില്‍ നിന്ന്‌ മോചിതനായി കൂടുതല്‍ കരുത്തോടെ കളിക്കളത്തിലേക്ക്‌ മടങ്ങി വരികയായിരുന്നു. സച്ചിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്‌. സച്ചിന്‍ മങ്ങി തുടങ്ങിയിരിക്കുന്നു, പഴയ പോലെ അക്രമണോല്‍സുകനല്ല, റിട്ടയര്‍മെന്റിന്‌ സമയമായിരിക്കുന്നു, ഇന്ത്യയെ വിജയത്തിലേക്ക്‌ നയിക്കാന്‍ പോന്ന ഇന്നിങ്‌സുകള്‍ കളിക്കാറില്ല- ഇങ്ങനെയുള്ള പരാതികള്‍. സത്യത്തില്‍ സച്ചിനില്‍ നിന്ന്‌ ലഭിച്ചതൊന്നും പോരായെന്ന ഇന്ത്യക്കാരന്റെ ആരാധന കലര്‍ന്ന നിര്‍ബന്ധമാണ്‌ ഇതിന്‌ പിന്നില്‍. സച്ചിന്‍ ബാറ്റുമായി ക്രീസിലേക്ക്‌ നടക്കുമ്പോഴെല്ലാം നമ്മള്‍ സെഞ്ച്വറി പ്രതീക്ഷിക്കുന്നു. അത്‌ ലഭിക്കാതെ വരുമ്പോള്‍ നിരാശരാവുന്നു. സച്ചിനെ കുറിച്ച്‌ ഇനിയും നമ്മള്‍ക്ക്‌ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ 19 വര്‍ഷം കഴിഞ്ഞിട്ടും ക്രിക്കറ്റിനോട്‌ സച്ചിന്‍ 17 കാരന്റെ അഭിനിവേശം സൂക്ഷിക്കുന്നു, എന്നത്‌ തന്നെ ഈ പ്രതീക്ഷക്ക്‌ കാരണം. 2011ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍, മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യക്ക്‌ കപ്പ്‌ സമ്മാനിച്ച്‌ കളി നിര്‍ത്തണം- സച്ചിന്‍ ആഗ്രഹക്കുന്നത്‌ ഇതാണ്‌, നമ്മള്‍ പ്രാര്‍ഥിക്കുന്നതും.

2 comments:

വികടശിരോമണി said...

സച്ചിൻ ഒരു പ്രതിഭാസമാണ്.അദ്ദേഹം കളിക്കുന്ന കാലത്തു ജീവിച്ച ക്രിക്കറ്റ്പ്രേമികൾ എന്നനിലയിൽ നാം അനുഗൃഹീതരും.ഗിൽക്രിസ്റ്റിനെപ്പോലുള്ളവർ ചീപ്പ് പബ്ലിസിറ്റിക്കായി നടത്തുന്ന നാടകത്തിൽ നാണംകെടുന്നത് അവർതന്നെയാകും.നല്ലപോസ്റ്റ്..
സച്ചിനെപ്പറ്റി അടൂത്തിടെ തന്നെ ഞാനുമെഴുതിയിരുന്നു.
http://vikatasiromani.blogspot.com/2008/10/blog-post_21.html

Sharu (Ansha Muneer) said...

സച്ചില്‍ കളിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ സച്ചിന്‍ ക്രീസിലുള്ള സമയം വരെ മാത്രം ക്രിക്കറ്റ് കാണാനിരിക്കുന്ന ഒരമ്മയുടെ മകളാണ് ഞാന്‍. അതുപോലെ സച്ചിനെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന എത്രയെത്ര അമ്മമാരുണ്ടാകും നമ്മുടെ രാജ്യത്ത്!!!!