Sunday, November 2, 2008

ദാദാഗിരി തുടരട്ടെ!


* അയലത്തെ പെണ്‍കുട്ടിയെ കണ്ടു മോഹിച്ചൊരു പയ്യന്‍. അവളുടെ അച്ഛന്‍ തന്റെ അച്ഛന്റെ ശത്രുവായതറിഞ്ഞിട്ടും മോഹം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അതിന്റെ പേരില്‍ അമ്മയുമായി വഴക്കിട്ട്‌ വീട്ടില്‍ നിന്നിറങ്ങിപോവുന്നു. പിന്നീട്‌ മീശ മുളച്ച്‌ ഒരാണയ ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ കാമുകിയെ റജിസ്റ്റര്‍ വിവാഹം ചെയ്യുന്നു.
* കുഞ്ഞുനാളില്‍ അവന്‍ മോഹിച്ചത്‌ രാജ്യമറിയുന്ന ഫുട്‌ബോള്‍ താരമാവാനാണ്‌. പിന്നീടെപ്പഴോ വഴിതെറ്റി ഒരു ക്രിക്കറ്റാറായി. ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാരും കൂട്ടുകാരും ചോദിച്ചു, `നിന്റെ ചേട്ടന്‍ വലിയ കളിക്കാരനാണ്‌. പക്ഷെ നീയിങ്ങനെ ബാറ്റുമായി നടന്നിട്ട്‌ എന്ത്‌ കാര്യം? ` പക്ഷെ പിന്നീട്‌ അതേ ചേട്ടന്റെ സാഥാനം തെറിപ്പിച്ച്‌ അവന്‍ സ്റ്റേറ്റ്‌ ടീമില്‍ കയറി.
* പിന്നീട്‌ ദേശീയ ടീമില്‍ കയറിപ്പറ്റിയപ്പോള്‍ രാജ്യം മുഴുവന്‍ ആര്‍ത്തു വിളിച്ചു.- പിന്‍വാതിലുടെ കയറിപ്പറ്റിയ പണക്കാരന്‍ ചെക്കന്‍. അന്ന്‌ കളിക്കാന്‍ കാര്യമായ അവസരം പോലും കിട്ടാതെ ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ടു. വാശിയോടെ പൊരുതിനിന്ന അവന്‍ നാലു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ടീമില്‍ തിരിച്ചെത്തി. റണ്‍മഴപെയ്യിച്ച്‌ ദേശീയ ഹീറോയായി.
* ടീമിലെ ശക്തികേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിക്കിടെ ഒരൊത്തുതീര്‍പ്പുസ്ഥാനാര്‍ഥിയായി ക്യാപ്‌റ്റനായി അവരോധിക്കപ്പെട്ടപ്പോഴും നെറ്റിചുളിച്ചവരായിരുന്നു അധികവും. ഇത്‌ എത്രകാലത്തേക്ക്‌ എന്നായിരുന്നു മുഴങ്ങികേട്ട ചോദ്യം. പക്ഷെ പുതിയ ക്യാപ്‌റ്റന്‍ ടീമിനെ ഉയരങ്ങലിലേക്ക്‌ നയിച്ചു. ശക്തരായ പ്രതിയോഗികളെ ഒന്നൊന്നായി വെട്ടിവീഴ്‌ത്തി, രാജസൂയം നടത്തി.
* തന്‍പോരിമ കൊണ്ട്‌ കളംഭരിച്ച ക്യാപ്‌റ്റന്‌ പ്രതിയോഗികള്‍ ഏറെ ഉണ്ടായിരുന്നു. ടീമിന്റെ പരിശീലകനും സെലക്‌റ്റര്‍മാരും മുന്‍താരങ്ങളും അധികാരികളും പലപ്പോഴും വാളോങി വന്നു. അവരെ തരിമ്പും കൂസാതെ നിലകൊണ്ട പോരാളിക്ക്‌ ആദ്യം നായകസ്ഥാനവും പിന്നീട്‌ ടീമിലെ അംഗത്വവും നഷ്ടമായി. എന്നാല്‍ ഓരോ തവണയും കൂടുതല്‍ കരുത്തോടെ ശക്തിയോടെ തിരിച്ചെത്തി അരങ്ങുവാണു. ഒടുവില്‍ തന്റെ കരുത്തും ഗരിമയും ഒട്ടും ചോര്‍ന്നിട്ടില്ലെന്ന്‌ തെളിയിച്ച ശേഷം ആരെയും കൂസാതെ തലയുയര്‍ത്തിപ്പിടിച്ചുകൊണ്ടോരു ഇറങ്ങിപ്പോക്ക്‌.

സൗരവ്‌ ചണ്ഡീദാസ്‌ ഗാംഗുലിയെന്ന ബംഗാളിയുടെ ജീവിതവും കരിയറും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്‌ മേല്‍പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ടു വേണ്ടിവരും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏഴായിരത്തില്‍ അധികവും ഏകദിന മാച്ചുകളില്‍ പതിനായിരത്തിലധികവും റണ്‍സ്‌ നേടിയ ബാറ്റ്‌സാമാന്‍, ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്‌റ്റന്‍ എന്നൊക്കെ സൗരവിനെ അടയാളപ്പെടുത്താം. റെക്കോര്‍ഡുകള്‍ ഏറെ പ്രസക്തമായ ഗെയിമാണ്‌ ക്രിക്കറ്റ്‌. അതുകൊണ്ടുതന്നെ ക്രിക്കറ്റര്‍മാരെ ഇങ്ങനെ നേട്ടങ്ങളുടെ കണക്കുകൊണ്ട്‌ വിശേഷിപ്പിക്കുന്ന രീതി പതിവുള്ളതാണ്‌. പക്ഷെ അങ്ങനെയുള്ള വിലയിരുത്തലുകള്‍ സൗരവിനെ പോലുള്ള പ്രബല വ്യക്തിത്വത്തിന്‌ ഉടമകളായ സ്‌പോര്‍ട്‌സമാന്‍മാര്‍ക്ക്‌ അപര്യാപ്‌തമാവും. മാറഡോണയും ബോബി ഫിഷറും ഉദാഹരണങ്ങള്‍. ഈ രണ്ടു പേരുടേയും അത്ര നാടകീയമാണോ സൗരവിന്റെ കരിയറും ജീവിതവുമെന്ന്‌ ചോദിച്ചേക്കാം. സൗരവ്‌ പിന്നിട്ട വഴികളെ കിറിച്ച്‌ അറിയുമ്പോള്‍ ആ സംശയം മാറും. മാത്രമല്ല. ഫിഷറിനേയും മാറഡോണയേയും പോലെ റിട്ടയര്‍മെന്റിന്‌ ശേഷവും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പോന്ന രിതിയിലുള്ള വ്യക്തിത്വമാണ്‌ സൗരവിന്റേത്‌. അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ഉള്ളിലൊതുക്കി ബി സി സി ഐയും ഐ സി സിയും ഏല്‍പ്പിക്കുന്ന മാച്ച്‌ റഫറി, ടെക്‌നിക്കല്‍ കമ്മിറ്റി ആധിയായ ചുമതലകള്‍ വഹിച്ച്‌ മിതഭാഷിയായ റിട്ടയേര്‍ഡ്‌ ജന്റില്‍മാന്റെ റോള്‍ നമ്മുടെ ദാദയ്‌ക്ക്‌ ചേരില്ല. അതങ്ങിനെയാവാന്‍ ഇടയുമില്ല. ദാദാഗിരി തുടരുക തന്നെ ചെയ്യും.
കമ്യൂണിസ്‌റ്റുകളും ആത്മിയവാദികളുമായ റിബലുകള്‍ ഏറെയുണ്ടായിട്ടുണ്ട്‌ ബംഗാളില്‍. സൗരവിനുമുണ്ട്‌ ഒരു റിബലിന്റെ മുഖം. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റില്‍ ടോസ്‌ സമയത്ത്‌ ഷോര്‍ട്‌്‌സ്‌ ധരിച്ച്‌ ഗ്രൗണ്ടിലിറങ്ങിയതും ലോര്‍ഡ്‌സ്‌ ബാല്‍ക്കണിയില്‍ ഷര്‍ട്ടുരി വീശിയതും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസായ വാക്കായ സച്ചിന്‍ ഡബ്‌ള്‍ സെഞ്ച്വറിയിലേക്ക്‌ നീങ്ങുമ്പോള്‍ ഇന്നിങ്‌സ്‌ ഡിക്ലയര്‍ ചെയ്യാന്‍ ആക്‌റ്റിങ്‌ ക്യാപ്‌റ്റനോട്‌ ആവശ്യപ്പെട്ടതുമെല്ലാം ദാദയിലെ റിബലാണ്‌. ആവശ്യത്തിലധികം മൃദുസ്വഭാവികളായ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒരു റിബല്‍ കാലത്തിന്റെ ആവശ്യമായിരുന്നു. വിജയശ്രീലാളിതനായ ക്യാപ്‌റ്റനായി സൗരവ്‌ മാറിയതിന്‌ ഒരു കാരണം ഇതുതന്നെ.
സൗരവിന്റെ ഈയൊരു നിഷേധീവ്യക്തിത്വം അദ്ദേഹത്തെ കുറിച്ച്‌ ചില തെറ്റായ നിഗമനങ്ങളിലേക്കും മറ്റുള്ളവരെ നയിച്ചിരുന്നു. ആറു വര്‍ഷം മുമ്പ്‌ സ്‌പോര്‍ട്‌സ്‌ മാസികക്ക്‌ വേണ്ടി സൗരവിന്റെ ജീവ ചരിത്രം തയ്യാറാക്കുന്നതിന്‌ വേണ്ടി കൊല്‍ക്കത്തിയില്‍ ചെന്നത്‌ ഓര്‍ക്കുന്നു. സൗരവിനെ കണ്ട്‌ സംസാരിക്കണമെന്ന്‌ അവിടെയുള്ള സുഹൃത്തുക്കള്‍ പലരും പറഞ്ഞു, ` സൂക്ഷിക്കണം. വലിയ കര്‍കശക്കാരനാണ്‌. നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലൊരു അഭിമുഖം കിട്ടുക ഏറെ ദുഷ്‌കരമായിരിക്കും. ` അതു കൊണ്ടുതന്നെ ആശങ്കയോടെയാണ്‌ സൗരവിനെ തേടി വീട്ടില്‍ ചെന്നത്‌. കുറച്ച്‌ നേരം കാത്തിരിക്കേണ്ടി വന്നു. പക്ഷെ അതുവരെയുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം മാറ്റിമറച്ചു കൊണ്ട്‌ നിറഞ്ഞ മുഖത്തോടെ മഹാരാജ ഞങ്ങളെ സ്വീകരിച്ചു, ഗുലാബ്‌ജാമിന്റെ മധുരം വിളമ്പി, അതിലേറെ മധുരമുള്ള ചിരികള്‍ സമ്മാനിച്ചു- മണിക്കൂറുകള്‍ നീണ്ടൊരു അഭിമുഖം. തന്റെ ജീവിതത്തെ കുറിച്ചറിയാന്‍ ആരെയൊക്കെ കാണണം, എവിടെയൊക്കെ പോവണം- എല്ലാം പറഞ്ഞുതന്നു.
സൗരവിന്റെ പ്രിയതമ ഡോണയോട്‌ ഭര്‍ത്താവിനെ കുറിച്ച്‌ കേട്ടറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിചിരിച്ചു.` ഇവിടെ ബംഗാളികള്‍ക്ക്‌ എന്തിനും സൗരവ്‌ വേണം. കടയുടെ ഉദ്‌ഘാടനമായാലും സമ്മാന വിതരണമായാലും. ഈ തിരക്കുകള്‍ കാരണം പലപ്പോഴും ഒഴിഞ്ഞുമാറും. എങ്കിലും ആളുകളോട്‌ കയര്‍ത്ത്‌ സംസാരിക്കുന്നത്‌ തീര്‍ത്തും വിരളമാണ്‌.` സൗരവിനെ അടുത്തറിയുന്നവര്‍-പരിശീലകര്‍, പഴയ അധ്യാപകര്‍, വുഹൃത്തുക്കള്‍ എല്ലാവരും അതുതന്നെ പറഞ്ഞു. പിന്നെയെന്താവും സൗരവിന്‌ ഇങ്ങനെയൊരു ഇമേജുണ്ടാവാന്‍ കാരണം? മറുപടി നല്‍കിയത്‌ ചെറുപ്പം തൊട്ടേ സൗരവിനെ അടുത്തറിയുന്ന മറുപടി നല്‍കിയത്‌ മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ അരുണ്‍ലാലാണ്‌. കളിക്കളത്തില്‍ തീര്‍ത്തും അക്രമണോല്‍സുകനാണ്‌ സൗരവ്‌. ഈയൊരു അഗ്രഷെനെ അറഗന്‍സ്‌ ആയി തെറ്റിധരിച്ചവരാണ്‌ അങ്ങനെ പ്രചരിപ്പിക്കുന്നത്‌.
സൗരവിന്‌ കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച യുവതാരങ്ങള്‍ പരഞ്ഞു തരും, എങ്ങിനെയാണ്‌ സൗരവ്‌ തങ്ങള്‍ക്ക്‌ വല്യേട്ടന്‍ ( ദാദ ) ആയതെന്ന്‌. കഴിവുള്ളവരെന്ന്‌ സൗരവിന്‌ ബോധ്യം വന്നാല്‍ അവര്‍ക്ക്‌ വേണ്ടി സെലക്‌റ്റര്‍മാരടക്കം ആരുമായും സൗരവ്‌ യുദ്ധം ചെയ്യും. ടീമിലെ മൊത്തം കളിക്കാരുടെ താല്‍പര്യത്തിന്‌ വിരുദ്ധമായി ഒന്നും സംഭവിക്കരുതെന്ന നിര്‍ബന്ധം- ഇതെല്ലാം സൗരവിനെ വ്യത്യസ്ഥനാക്കുന്ന ഘടകങ്ങളാണ്‌. എല്ലാ അര്‍ഥത്തിലും മികച്ച ലീഡര്‍, നേതാവാണ്‌ സൗരവ്‌. ഇപ്പോള്‍ ബംഗാളികളുടെ അന്തസ്സിന്റേയും അഭിമാനത്തിന്റേയും പ്രതീകം. ഏറ്റവും ജനപിന്തുണയുള്ള ബംഗാളിയാരെന്ന്‌ കണ്ടെത്താന്‍ നടത്തിയ സര്‍വെയില്‍ ഒന്നാമതെത്തിയത്‌ സൗരവായിരുന്നു. മറ്റു മിക്ക ക്രിക്കറ്റര്‍മാരില്‍ നിന്നും ഭിന്നമായി വ്യക്തമായ രാഷ്ട്രീയ, സാമൂഹിക ബോധത്തിന്‌ ഉടമയാണ്‌ സൗരവ്‌. ഇനി സൗരവിന്റെ കര്‍മമണ്ഡലം എന്താവും. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിന്റെ ഉറ്റ സുഹൃത്തായ സൗരവ്‌ രാഷ്ട്രീയത്തിലാവുമോ തന്റെ പുതിയ ഇന്നിങ്‌സ്‌ തുടങ്ങുക ? സാധ്യതകള്‍ തള്ളികളയാനാവില്ല.

No comments: