Friday, August 29, 2008

ഇന്ത്യ-ധോനി = ?


യുവരാജ സിങ്‌്‌ ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കാരന്‍ മൈക്കല്‍ ബെവന്‌ ശേഷം അവതരിച്ച ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണെന്ന്‌ പറഞ്ഞത്‌ യുവിയുടേയോ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റേയോ കടുത്ത ആരാധകര്‍ മാത്രമല്ല. ക്രിക്കറ്റ്‌ എന്ന ഗെയിമിനെ തലനാരിഴ കീറി പരിശോധിക്കാന്‍ പ്രാപ്‌തരായ വിഖ്യാത കളിയെഴുത്തുകാരും ഇന്ത്യക്കാരും വിദേശികളുമായ മുന്‍ ക്രിക്കറ്റ്‌ താരങ്ങളും ഈ യുവരാജ്‌ ഫാന്‍സ്‌ അസോസിയേഷനില്‍ ഉള്‍പ്പെടുന്നു. പക്ഷെ പലപ്പോഴും അവര്‍ യുവിയെ കുറിച്ച്‌ ഇങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞ്‌ നാക്കെടുടുക്കുമ്പോഴേക്ക്‌ കാണാം തുടര്‍ച്ചയായി നാലോ അഞ്ചോ മല്‍സരങ്ങളില്‍ അയാള്‍ ഇരട്ട അക്കം കാണാതെ പുറത്താവുന്നത്‌. അപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുമായി ക്രിക്കറ്റിലെ ക്ലാസിക്ക്‌ ശൈലിയുടെ വക്താക്കളായ മറ്റു ചിലര്‍ രംഗത്തെത്തും. അടുത്ത മല്‍സരത്തില്‍ യുവരാജിന്റെ ബാറ്റില്‍ നിന്ന്‌ ആറു സിക്‌സറുകള്‍ പ്രവഹിക്കും. ആ മാച്ചിലും അതിനടുത്ത മാച്ചിലും സെഞ്ച്വറി. തുടരെ ആറു മാച്ചുകളില്‍ യുവിയുടെ മികവില്‍ ഇന്ത്യന്‍ ടീം ജയിക്കും.സത്യത്തില്‍ യുവിയുടെ ഈ തലതിരിഞ്ഞ സ്വഭാവമാണ്‌ ഇന്ത്യന്‍ ടീമിനുമുള്ളത്‌. ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ തുടരെ മല്‍സരങ്ങള്‍ തോല്‍ക്കും. ഒരാഴ്‌ചയേ കഴിഞ്ഞിട്ടുണ്ടാവൂ. അവര്‍ ലോക ചാമ്പ്യന്‍ മാരെ തുടരെ കീഴടക്കും. വിദേശ മണ്ണില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിന്തുടര്‍ന്ന്‌ തുടരെ ജയിച്ച്‌ റെക്കോര്‍ഡിടൂം. നാലു ദിവസം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും ദുര്‍ബലരായ ടീമിനോട്‌ തോല്‍ക്കും. ആയതിനാല്‍, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ കുറിച്ച്‌ എന്ത്‌ പറയുമ്പോഴും രണ്ടുവട്ടമല്ല, ഒരു നാല്‌ വട്ടം നന്നായി ആലോചിച്ചു കൊള്ളുക. കാരണം ഇന്ന്‌ പറഞ്ഞത്‌/എഴുതിയത്‌ നാളെ തന്നെ നിങ്ങള്‍ക്ക്‌ വിഴുങ്ങേണ്ടി വരും. എല്ലാ കളികളിലും മിക്ക ടീമുകളും കളിക്കാരും ഇങ്ങനെയല്ലേ , ജയവും തോല്‍വിയും മാറി മാറി അവര്‍ക്കും ഉണ്ടാവാറില്ലേ, അതിനെയല്ലേ ഫോം എന്ന്‌ നമ്മള്‍ പരയുന്നത്‌ ? ശരിയാണ്‌ ഫോം അഥവാ പ്രകടന മികവ്‌ എന്നത്‌ സ്‌പോര്‍ട്‌സില്‍ പ്രത്യേകിച്ചും ക്രിക്കറ്റില്‍ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഫോം നഷ്ടപ്പെട്ട ബാറ്റ്‌സ്‌മാന്‍മാര്‍ തിരിച്ചുവരവിന്‌ വേണ്ടി കഠിനാദ്വാനം ചെയ്യുന്നതിനെ കുറിച്ചെല്ലാം എത്രയോ തവണ എഴുതികഴിഞ്ഞതാണ്‌. ഇത്‌ കുറേയേറെ ശാരീരികവും, അതിലേറെ മാനസികവുമായ ഒരു പ്രതിഭാസമാണെന്ന്‌ ആധുനിക കായിക ശാസ്‌ത്ര വിധഗ്‌ദര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റേയും യുവരാജ്‌ ഉള്‍പ്പെടെയുള്ള കളിക്കാരുടേയും ഓരോ മല്‍സരത്തിലേയും പ്രകടനം കാണുമ്പോള്‍ ഇതിനെ കേവലം ഫോം എന്ന ശീര്‍ഷകത്തിന്‌ കീഴില്‍ വിലയിരുത്താനാവുമോയെന്നത്‌ സംശയമാണ്‌. പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയില്‍ ഇന്ത്യന്‍ മറ്റേത്‌ ടീമുകളേയും അതിശയിപ്പിക്കുന്ന രീതിയിലാണ്‌ ഇന്ത്യന്‍ ടീം. വിജയത്തില്‍ നിന്ന്‌ പരാജയത്തിലേക്ക്‌ വഴുതാനും വീഴ്‌ചയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കാനും മറ്റേത്‌ ടീമുകളേക്കാളും കുറച്ച്‌ സമയമേ വേണ്ടൂ നമ്മുടെ നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ്‌ ടീമിന്‌. ഇക്കാര്യത്തില്‍ രാജാക്കന്‍മാരെന്ന്‌ വിലയിരുത്തപ്പെട്ടിരുന്ന പാകിസ്‌താന്‍ പോലും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ പിറകിലാണെന്ന്‌ കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും. കണക്കുകള്‍ ന്നെു പറയുമ്പോള്‍ പിന്നോട്ട്‌ പോയി 1983 തൊട്ടുള്ള കണക്കുകള്‍ തന്നെ നോക്കണം. അന്ന്‌ ലോകത്തെ മുഴുവന്‍ വിസ്‌മയിപ്പിച്ച്‌ ലോക കിരീടം ചൂടിയ കപിലിന്റെ ടീം ലോകകപ്പില്‍ ഫൈനലിലും ഗ്രൂപ്പ്‌ മല്‍സരത്തിലുമായി രണ്ടു തവണ മുന്‍ വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍മാരും അന്ന്‌ ലോകക്രിക്കറ്റിലെ പ്രതിയോഗകളില്ലാത്ത രാജാക്കന്‍മാരുമായിരുന്ന വെസ്റ്റിന്‍ഡീസിനെ കീഴടക്കിയിരുന്നു. മാലങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ പര്യടനത്തിന്‌ വന്ന വെസ്റ്റിന്‍ഡീസ്‌ ഇന്ത്യയെ ഏകദിന പരമ്പരയില്‍ തകര്‍ത്ത്‌ അമ്മാനമാടി. അഞ്ച്‌ മാച്ചുകളുള്ള പരമ്പരയില്‍ അഞ്ചിലും ഇന്ത്യ തോറ്റു ! ഇതിന്‌ ശേഷം ഇങ്ങോട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ റെക്കോര്‍ഡുകള്‍ പെട്ടെന്നുള്ള ഉയര്‍ച്ചകളും വീഴചകളും നിറഞ്ഞതാണ്‌. ഈയൊരു സവിശേഷ പ്രവണത ഇന്നും തുടരുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച്‌ നമ്മുടെ ക്രിക്കറ്റ്‌ പണ്ഡിറ്റുകളും സെലക്‌റ്റര്‍മാരും ഏറെ ഉറക്കമിളിച്ചതാണ്‌. അതിന്‌ ലഭ്യമായ ഏറ്റവും വിശ്വായ യോഗ്യമായ ഉത്തരം മനശാസ്‌ത്രപരമായ സവിശേഷതകളാണ്‌ ഇതിന്റെ കാരമമെന്നതാണ്‌. ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ ഇവിടെയെത്തിയ വിദേശികളായ പരിശീലകരും മനശാസ്‌ത്ര വിധഗ്‌ദരുമെല്ലാം ഈയൊരു പ്രശ്‌നത്തില്‍ ഊന്നിയാണ്‌ ഗവേഷണം നടത്തിയത്‌. പക്ഷെ പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു. ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ച്വേണം ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളേയും വീഴ്‌ചകളേയും വിലയിരുത്താന്‍. ഓരോ കാലഘട്ടത്തിനും അനുയോജ്യരായ പ്രതിഭയുള്ള ക്രിക്കറ്റര്‍മാരെ ഉദ്‌പാദിപ്പിക്കുന്നതില്‍ എന്നും മുമ്പന്തിയിലാണ്‌ ഇന്ത്യ വ്യക്തിഗത ക്രിക്കറ്റിലെ വ്യക്തിഗത റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ തന്നെ അത്‌ വ്യക്തം. പക്ഷെ നിര്‍ണായക മല്‍സരങ്ങളില്‍ കളിക്കാനിറങ്ങുമ്പോള്‍ തങ്ങളുടെ പ്രതിഭയോട്‌ നീതി പുലര്‍ത്താന്‍ കഴിയാതെ പോവുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും ഈ മാനസിക ദൗര്‍ബല്യത്തിന്‌ കീഴ്‌പ്പെട്ടിരിക്കുന്നു. സ്ഥിരമായ ഏകദിന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഇന്ത്യ വീമു പോവുന്നതിന്‌ മറ്റ്‌ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.ഇനി ഈയൊരു ദൗര്‍ബല്യത്തില്‍ നിന്ന്‌ അല്‍പ്പമെങ്കിലും മുക്തരായ മൂന്നോ നോലോ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍? എണ്‍പതുകള്‍ക്ക്‌ ശേഷമുള്ള ഇന്ത്യയുടെ കളികള്‍ വിലയിരുത്തികൊണ്ട്‌ പറയാം. കപില്‍ദേവ്‌, വീരേന്ദര്‍ സെവാഗ്‌, ധോനി. ഈ മൂന്നുപേരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്ലാസിക്‌ ഭുമികയില്‍ നിന്ന്‌ ഉരുവം കൊണ്ടവരല്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ കറങ്ങി കൊണ്ടിരുന്ന വിരലിണ്ണാവുന്ന നഗരങ്ങള്‍ക്ക്‌ പുറമെ നിന്ന്‌ ഉയര്‍ന്നു വന്ന ഗ്രാമീണരായ ക്രിക്കറ്റര്‍മാരാണ്‌ താനും. (ഗ്രാമീണര്‍ക്ക്‌ ധൈര്യവും മനക്കട്ടിയും കൂടുമെന്ന്‌ കവിവാക്യം.) ഇപ്പോള്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ നേടിയ വിജയം തീര്‍ച്ചയായും ധോനിയുടെ വിജയമായി വേണം വിലയിരുത്താന്‍. സച്ചിനും സെവാഗും പരിക്കു മൂലം പിന്‍മാറിയിരുന്നു. ഗൗതം ഗംഭീറും യുവരാജും അമ്പേ പരാജയമായി എന്നിട്ടും ഇന്ത്യ ഒരു മല്‍സരം ബാക്കി നില്‍ക്കെ തന്നെ പരമ്പര ജയിച്ചു. ആദ്യം മല്‍സരത്തില്‍ തോറ്റ്‌ പിന്നില്‍ നിന്ന ശേഷം , ഇനിയും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ മൊത്തത്തില്‍ തന്നെ പരിഹരിച്ചിട്ടില്ലാത്ത അജാന്ത മെന്‍ഡിസ്‌ എന്ന "സുഡോകു" വിനെ അതിജീവിച്ച്‌ ധോനി ടീമിനെ വിജയ തീരത്തെത്തിച്ചു. ജയിച്ച മല്‍സരങ്ങളിലെല്ലാം ബാറ്റ്‌ കൊണ്ട്‌ ധോനിയുടെ കാര്യമായ സംഭാവനയുണ്ട്‌. ഒപ്പം ക്യാപ്‌റ്റനെന്ന നിലയിലും ധോനി ഈ ജയത്തില്‍ നിരാണായക പങ്കു വഹിച്ചു.സച്ചിന്‍ തെണ്ടുല്‍ക്കറുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്രയോ നിസ്സാരനായ ബാറ്റ്‌സ്‌മാനാണ്‌ ധോനി. പക്ഷെ താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലുമെല്ലാം സച്ചിനെ മറികടന്ന്‌ ഇഈന്ത്യന്‍ ക്രിക്കറ്റിന്‍രെ പ്രതീകമായി മാറുന്നതിന്റെ സൂചന ഇപ്പോഴേ ധോനി നല്‍കി കഴിഞ്ഞു. വിശുദ്ധരായ ദൈവങ്ങളേക്കാള്‍ പലപ്പോഴും നമുക്ക്‌ ഇഷ്ടം തോന്നുക നമുക്ക്‌ വേണ്ടി പടവെട്ടി ജയിക്കുന്ന പോരാളികളെയാവും.