Friday, October 26, 2007

പാകിസ്‌താന്‍ വീണ്ടുമെത്തുമ്പോള്‍...


ഇന്ത്യയും പാകിസ്‌താനും ക്രിക്കറ്റ്‌ മൈതാനത്ത്‌ മുഖാമുഖം വരുമ്പോള്‍ അത്‌ യുദ്ധവും ഉല്‍സവവും ഒക്കെയായി മാറാറുണ്ട്‌. മീഡിയയാണ്‌ ഇങ്ങനെ കാര്യങ്ങള്‍ പരുപ്പിച്ചു കാട്ടുന്നതെന്നും മറ്റേത്‌ പരമ്പരയെ പോലെയും ഇതൊരു സാധാരണ മല്‍സരമാണെന്ന്‌ ഇരു ടീമുകളുടേയും ക്യാപ്‌റ്റന്‍മാര്‍ പത്ര സമ്മേളനത്തില്‍ ആണയിടാറുണ്ട്‌. പക്ഷെ, സത്യത്തില്‍ അതങ്ങിനെയാണോ ? അല്ലെന്ന്‌ മുമ്പ്‌ നടന്ന ഇന്ത്യ-പാക്‌ മല്‍സരങ്ങളെക്കുറിച്ച്‌ അനുസ്‌മരിക്കുമ്പോള്‍ മുന്‍താരങ്ങള്‍ വ്യക്തമാക്കാറുണ്ട്‌. ഓരോ മല്‍സരത്തിന്‌ മുമ്പും കളി നടക്കുമ്പോള്‍ ഗ്രൗണ്ടിലും കളിക്കാര്‍ അനുഭവിച്ച സമര്‍ദ്ധത്തെ കുറിച്ച്‌ അവര്‍ തന്നെ പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇരു ടീമുകളുടേയും ആരാധകര്‍ മാത്രമല്ല. ക്രിക്കറ്റ്‌ എന്ന ഗെയിം എന്തെന്നറിയാത്ത ആളുകള്‍ പോലും ആരാ ഇപ്പോള്‍ മുന്നില്‍, ആരു ജയിക്കും? എന്ന്‌ ആവേശത്തോടെ തിരക്കുന്നു. കേവലം ഒരു ഗെയിം എന്നതിന്‌ ഉപരി മറ്റെന്തൊക്കയോ ആയി മാറുന്നു ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ എന്നു പറയുന്നതിന്‌ അടിസ്ഥാനം ഇതുതന്നെ. പകവീട്ടുകയെന്ന ഒരു വാക്ക്‌ ഇന്ത്യാ-പാക്‌ മല്‍സരങ്ങളുമായി ചുറ്റിപ്പറ്റി നിരന്തരം ഉയര്‍ന്നു കേള്‍ക്കും. നീറിപുകയുന്ന തോല്‍വിയുടെ ഓര്‍മകള്‍ ആരാധകരെ മഥിച്ചുകൊണ്ടിരിക്കും, ചില കളിക്കാരെ വേട്ടയാടികൊണ്ടിരിക്കും. പകരം ചോദിക്കാതെ നിര്‍വാഹമില്ലാത്ത പരാജയങ്ങള്‍. ഇപ്പോള്‍ മൂന്നു ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഉള്‍പ്പെട്ട മുഴുനീള പരമ്പര കളിക്കാന്‍ പാകിസ്‌താന്‍ ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ പകരം ചോദിക്കാനുള്ളത്‌ കൂടുതലും പാകിസ്‌താനാണ്‌. 20-ട്വ്‌ന്റി ലോകകപ്പിന്റെ ഫൈനലിലെ പരാജയമാണ്‌ അതിനു കാരണം. ആദ്യമായായിരുന്നു ഒരു ലോകകപ്പിന്റെ ഫൈനലില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടുന്നത്‌. സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവരുടെ അഭാവത്തിലും ഇന്ത്യ പാകിസ്‌താനെ കീഴടക്കിയെന്നത്‌ ഇന്ത്യന്‍ ആരാധകര്‍ മേനി പറഞ്ഞതാണ്‌. അതിന്‌ ഒരു തിരിച്ചടി നല്‍കാതെ പാകിസ്‌താന്‍കാര്‍ മടങ്ങിപ്പോവുന്നത്‌ എങ്ങിനെ? പാക്‌ താരങ്ങളുടെ മനസ്സില്‍ കനലെരിയുന്നുണ്ടാവും. ഇന്ത്യയും പാകിസ്‌താനും പരസ്‌പരം തുടര്‍ച്ചയായി കളിക്കാന്‍ തുടങ്ങിയ ശേഷം പഴയപോലെ കളി യുദ്ധമാവുന്നില്ലെന്നത്‌ ശരിയാണ്‌ . പക്ഷെ ഇപ്പോഴും ഈ കളി കാര്യമാണ്‌.ആരു ജയിക്കുമെന്ന ആകാംക്ഷ ഏങ്ങുമുണ്ട്‌. അവസാനമായി ഇന്ത്യ- പാക്‌ മുഴുനീള പരമ്പര നടന്നത്‌ കഴിഞ്ഞവര്‍ഷം ആദ്യം പാകിസ്‌താനില്‍ വെച്ചായിരുന്നു. ഇതില്‍ ടെസ്റ്റ്‌ പരമ്പര 1-0 എന്ന മാര്‍ജിനില്‍ പാകിസ്‌താനും ഏകദിന പരമ്പര 4-1 എന്ന മാര്‍ജിനില്‍ ഇന്ത്യയും ജയിച്ചു. ഇത്തവണ ടെസ്റ്റിലായാലും ഏകദിനത്തിലായാലും ഇന്ത്യക്ക ചെറിയ മുന്‍തൂക്കം കല്‍പ്പിക്കാവുന്നതാണ്‌. ഒരു ടീം എന്ന നിലയില്‍ കുറേ കൂടി ഒത്തിണക്കമുണ്ടെന്നാതാണ്‌ ഇന്ത്യക്ക്‌ അനുകൂലമായ ഘടകം. പാക്‌ ടീമിനുള്‌ലിലെ ചേരിപ്പേരും കോക്കസ്‌ പ്രവര്‍ത്തനങ്ങളും ഒട്ടും അവസാനിച്ചിട്ടില്ലെന്ന്‌ തന്നെയാണ്‌ സൂചന. നിരന്തരമായി അച്ചടക്ക നടപടിക്ക്‌ വിധേയനായ ഷോയിബ്‌ അക്തറിന്റെ വിലക്ക്‌ അവസാനിച്ചുകഴിഞ്ഞു ഇന്ത്യക്കെതിരെ ഷോയിബിന്‌ കളിക്കാം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്‌ പാകിസ്‌താന്‌ നേട്ടമല്ല, കോട്ടമാണ്‌. ഷോയിബ്‌ ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ വീണ്ടും ആളിക്കത്തും. തന്നേക്കാള്‍ ഉയര്‍ന്നവനായോ അല്ലെങ്കില്‍ തുല്യനായോ ഒരാളേയും അംഗീകരിക്കാനാവില്ലെന്നതാണ്‌ ഷോയിബിന്റെ പ്രശ്‌നമെന്ന്‌ പാക്‌ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അങ്ങനെയൊരാള്‍ ടീമില്‍ തിരിച്ചെത്തുന്നത്‌ പ്രശ്‌നങ്ങള്‍ വഷളാക്കുകയേയുള്ളൂ. ക്യാപ്‌റ്റനെന്ന നിലയില്‍ ഷോയിബ്‌ മാലിക്കിനെ പൂര്‍ണമായി അംഗീകരിക്കാന്‍ മുഹമദ്‌ യൂസഫ്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ തയ്യാറല്ലെന്നതും രഹസ്യമല്ല. മറിച്ച്‌ ഇന്ത്യന്‍ ടീമില്‍ ധോനിയെന്ന ജൂനിയര്‍ ക്യാപ്‌റ്റനെ അംഗീകരിക്കാന്‍ സച്ചിനും സൗരവിനും രാഹുലിനുമെല്ലാം കഴിയുന്നുണ്ട്‌. തന്റെ ആദ്യ ദൗത്യം തന്നെ(ട്വന്റി-20 ലോകകപ്പ)വന്‍വിജയമാക്കാന്‍ കഴിഞ്ഞെന്നത്‌ ധോനിയെന്ന നായകനെ ശക്തനാക്കി തീര്‍ത്തിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തോറ്റുവെങ്കിലും ക്യാപ്‌റ്റന്റെ പ്രകടനം മെച്ചമാണെന്നാണ്‌ വിലയിരുത്തപ്പെട്ടത്‌. ഇനി ടെസ്റ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍സി കൂടി ധോനിയെ ഏല്‍പ്പിക്കമോയെന്നേ കണ്ടറിയാനുള്ളൂ. ബിഗ്‌ 3ക്ക്‌ പാകിസ്‌താനെതിരെ ഇത്‌ അവസാന പര്‌നപരയായിരിക്കുമെന്നു വേണം കരുതാന്‍. ഇവരുടെ സാന്നിധ്യം ടെസറ്റില്‍ ഇന്ത്യക്ക്‌ വലിയ പ്ലസ്‌ പോയന്റാണ്‌. ഇവര്‍ക്കൊപ്പം വി വി എസ്‌ ലക്ഷ്‌മണ്‍ കൂടി ചേരുന്നതോടെ മികച്ച മധ്യനിര രൂപം കൊള്ളുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിങ്ങിന്‌ ടെസ്‌റ്റില്‍ എങ്ങനെ അവസരം നല്‍കുമെന്നയാണ്‌ ഇവിടെ പ്രസക്തമായ ചോദ്യം. യുവിക്ക്‌ ടെസ്‌റ്റില്‍ സ്ഥിരം സ്ഥാനം നല്‍കണമെന്നു തന്നെയാണ്‌ സെലക്‌റ്റര്‍മാരില്‍ കൂടുതല്‍ പേരുടേയും അഭിപ്രായം. 26 കാരനായ യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട്‌ ഏഴുവര്‍ഷം കഴിഞ്ഞു. ഇക്കാലത്തിനുള്ളില്‍ 19 ടെസ്‌റ്റിലേ യുവിക്ക്‌ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇനിയും വൈകിക്കൂടായെന്ന്‌ സെലക്‌റ്റര്‍മാര്‍ തീരുമാനിച്ചാല്‍ വിഷമകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ധോനി നിര്‍ബന്ധിതനായേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്‌റ്റ്‌ ഇന്നിങ്ങ്‌സ്‌ കളിച്ച ലക്ഷ്‌മണിനു നേരെതന്നെയാവും ആദ്യം വാള്‍ നീളുക. ഓപ്പണിങ്‌ സ്ഥാനത്ത്‌ ദിനേഷ്‌ കാര്‍ത്തികും വസീം ജാഫറും അവസാനമായി കളിച്ച ടെസറ്റുകളില്‍ മികച്ച പ്രകടനാമാണ്‌ കാഴ്‌ചവെച്ചത്‌. എങ്കിലും സ്‌പെഷലിസ്റ്റ്‌ ഓപ്പണര്‍മാരെന്ന നിലയില്‍ ഏകദിന മാച്ചുകളില്‍ മികവറിയിച്ചു കഴിഞ്ഞ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ഇവര്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്നു. മികച്ച ഷോട്ട്‌പ്ലെയറായ റോബിന്‍ ഓപ്പണറുടെ എല്ലാഗുണങ്ങളും പ്രകടമാക്കുന്നു. റോബിനും ഗംഭീറും പക്വതയാര്‍ജിച്ചു കഴിഞ്ഞെന്ന ധോനിയുടെ വാക്കുകളും ഈയൊരു സൂചനയാണ്‌ നല്‍കുന്നത്‌. ഇന്ത്യയുടെ ബാറ്റിങ്‌ ലൈനപ്പിനോട്‌ ശരിക്കും കിടപരിടിക്കുന്നതാണ്‌ പാകിസ്‌താന്റേയും ലൈനപ്പ്‌. മുഹമദ്‌ യൂസഫ്‌, യൂനുസ്‌ഖാന്‍ എന്നിവര്‍ മികച്ച ഫോം തുടരുകയാണ്‌. ഇവര്‍ക്കൊപ്പം ക്യാപ്‌റ്റന്‍മാലിക്കും യുവ ബാറ്റ്‌സ്‌മാന്‍മാരും ചേരുമ്പോള്‍ ഇന്‍സമാമിന്റെ അഭാവം പ്രകയമാവില്ലെന്ന്‌ തന്നെ വേണം കരുതാന്‍. ടെസ്റ്റില്‍ ബൗളര്‍മാരില്‍ പാക്‌ പക്ഷത്ത്‌ മികച്ച സ്വീങ്‌ ബൗളറായ മുഹമദ്‌ ആസിഫും ഇന്ത്യന്‍ നിരയില്‍ ലഗ്‌ സ്‌പിന്നര്‍ അനില്‍ കുംബ്ലെയും തന്നെയാവും കുന്തമുന. ഇന്ത്യന്‍ പേസ്‌ ബൗളര്‍ ശ്രീശാന്തിനും പലതും തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരമാവും ഇത്‌. ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിക്കാനുവുമെന്ന്‌ ശ്രീ ദക്ഷിണാഫ്രിക്കയില്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചതാണ്‌. അത്തരമൊരു പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രീക്ക്‌ സമയമായിരിക്കുന്നു. ഏകദിന മാച്ചുകളില്‍ നിര്‍ണായകമാവുക ഇന്ത്യന്‍ യുവബാറ്റ്‌സ്‌മാന്‍മാരുടെ സംഹാരശേഷിതന്നെയാവും. യുവരാജ്‌, ഗംഭീര്‍, ഉത്തപ്പ, ധോനി ഇത്യയധികം സംഹാരശേഷിയുള്ള ബാറ്റ്‌സ്‌മാന്‍മാര്‍ ഒരുമിച്ച്‌ ചേരുന്നത്‌ അപൂര്‍വമാണ്‌. ബിഗ്‌ ത്രീയില്‍ രണ്ടുപേര്‍ക്കെങ്കിലും പുറത്തിരിക്കേണ്ടി വന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അദ്‌ഭുതപ്പെടാനില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും അനിവാര്യനല്ല ന്നെു തെളിയിക്കാന്‍ കഴിയുന്നിടത്തേക്ക്‌ നമ്മുടെ യുവതാരങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നത്‌ സത്യത്തില്‍ ആഹ്ലാദകരമായ കാര്യമാണ്‌.

Wednesday, October 17, 2007

ശ്രീശാന്ത്‌ കണ്ണുരുട്ടുന്നത്‌ കുറ്റമോ ?

മാന്യന്‍മാരുടെ കളിയാണ്‌ ക്രിക്കറ്റ്‌. വെളുത്ത വസ്‌ത്രമണിഞ്ഞ്‌ കളിക്കേണ്ട ഗെയിം. കളിക്കളത്തിലെ ആചാരമര്യാദകള്‍ക്കും പ്രതിയോഗികളോടുള്ള പെരുമാറ്റത്തിനുമെല്ലാം പ്രത്യേക നിഷ്‌ക്കര്‍ഷ വേണം. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലും അവര്‍ ഓരോ മല്‍സരത്തിനും നിയോഗിക്കുുന്ന മാച്ച്‌ റഫറിമാരുമെല്ലാം ഇക്കാര്യത്തില്‍ അണുവിട വ്യതിചലിക്കില്ല. ഇന്ത്യന്‍ ഫാസ്റ്റ്‌ ബൗളര്‍ ശ്രീശാന്തിന്റെ പെരുമാറ്റത്തില്‍ തുടരെ പിഴവുകള്‍ അവര്‍ കണ്ടെത്തിയത്‌ ഈ നിര്‍ബന്ധബുദ്ധികാരണമാവണം. അമിതമായി അപ്പീല്‍ ചെയ്‌തതിന്‌ പിഴ, ബാറ്റ്‌സ്‌മാനെ തുറിച്ച്‌ നോക്കിയതിന്‌ ശകാരം, താക്കീത്‌....ഇങ്ങനെ പോവുന്നു മാച്ച്‌ റഫറിമാരുടെ ശിക്ഷാ നടപടികള്‍. അതിന്റെ ചുവടുപിടിച്ച്‌ നമ്മുടെ മാധ്യമങ്ങളും സാംസ്‌ക്കാരിക നായകരും ശ്രീയെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഇതിന്‌ ഒരു മറുവശമുണ്ട്‌. അത്‌ കാണാതിരുന്നുകൂടാ.ബൗള്‍ ചെയ്യുന്നതിനിടെ ബാറ്റ്‌സ്‌മാനെ തുറിച്ചു നോക്കുകയും ഒന്നോരണ്ടോ വാക്കുകള്‍ പറയുകയും ചെയ്‌ത, ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ബൗളര്‍ ശ്രീശാന്തല്ല. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അങ്ങനെയൊരു രീതിയെകുറിച്ച്‌ ചിന്തിക്കുക പോലും ചെയ്യുന്നതിന്‌ മുമ്പ്‌ ബാറ്റ്‌സ്‌മാന്‌ മേല്‍ കളിക്കിടെ മാനസികമായ ആധിപത്യം നേടുന്നതിനുള്ള ഒരു തന്ത്രമായി ഇത്തരം രീതികളെ വികസിപ്പിച്ചെടുത്തവരാണ്‌ ഓസ്‌ട്രേലിയക്കാര്‍. പിന്നീട്‌ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും വ്യാപകമായി തന്നെ ഈ രീതി പിന്തുടര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡിന്റെ ശകാരവര്‍ഷത്തിനു മുന്നില്‍ രാഹുല്‍ ദ്രാവിഡും മറ്റും ചൂളി നില്‍ക്കുന്ന കാഴ്‌ച നമ്മള്‍ എത്രയോ തവണ കണ്ടതാണ്‌. ഓസ്‌ട്രേലിയക്കാരില്‍ ബൗളര്‍ മാത്രമല്ല, ക്ലോസ്‌ഇന്‍ ഫീല്‍ഡര്‍മാര്‍ ഒന്നടങ്കം ഇങ്ങനെ ബാറ്റ്‌സ്‌മാനെ വിരട്ടിക്കൊണ്ടിരിക്കും. പക്ഷെ അന്നൊന്നും ഇത്ര വലിയ കോലാഹലം ഉയര്‍ന്നിരുന്നില്ല. മാച്ച്‌റഫറിമാര്‍ ശിക്ഷ വിധിക്കുന്നതും കുറവായിരുന്നു. ഇന്ന്‌ ഇത്തരം `അതിരുവിട്ട` പെരുമാറ്റത്തിന്റെ ആശാന്‍മാരായ ഓസ്‌ട്രേലിയക്കാര്‍ തന്നെ ശ്രീക്കെതിരെ നിരന്തരം ആക്ഷേപമുന്നയിക്കുന്നു. അത്‌ നമ്മുടെ മാധ്യമങ്ങളും ക്രിക്കറ്റ്‌ പണ്ഡിറ്റുകളും ഏറ്റുപിടിക്കുന്നു എന്നത്‌ വിചിത്രമാണ്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ ശ്രീ ചെന്നാല്‍ കൈകാര്യം ചെയ്യുമെന്ന പരസ്യമായ ഭീഷണി പോലും ഓസ്‌ട്രേലിയക്കാരില്‍ നിന്നുയര്‍ന്നു കഴിഞ്ഞു. ഇത്തരം പരസ്യ ഭീഷണികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഭരണകര്‍ത്താക്കള്‍ കേട്ടതായേ നടിക്കുന്നില്ല. കൗണ്‍സിലിന്റെ തീരുമാനങ്ങളിലും ശിക്ഷാനടപടികളിലും വര്‍ണവിവേചനത്തിന്റെ സ്‌പര്‍ശമുണ്ടെന്ന ആരോപണം കാലപ്പഴക്കമുള്ളതാണ്‌. ഓസ്‌ട്രേലിയക്കാരും ഇംഗ്ലീഷുകാരും ചെയ്യുന്ന തെറ്റുകള്‍ സൗകര്യപൂര്‍വം അവഗണിക്കുകയും ഏഷ്യന്‍ കളിക്കാര്‍ ഇതേകാര്യം ചെയ്യുമ്പോള്‍ കനത്ത ശിക്ഷ നല്‍കുകയും ചെയ്യുന്നുവെന്ന്‌ ആരോപണം ഉന്നയിച്ചവരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗാവസ്‌കറും പാക്‌ നായകന്‍ ഇമ്രാന്‍ ഖാനുമെല്ലാം ഉള്‍പ്പെടുന്നു. ഇപ്പോള്‍ ശ്രീക്കെതിരായ കര്‍ശന നടപടികളിലും രണ്ടു വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയെ നിശ്ചിത സമയത്ത്‌ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ നാലു മാച്ചില്‍ നിന്നുവരെ വിലക്കുകയുമൊക്കെ ചെയ്‌തതിന്‌ പിന്നില്‍ ഐ സി സി യുടെ ചട്ടക്കൂടില്‍ തന്നെ നിലനില്‍ക്കുന്ന വിവേചനത്വരയാണെന്ന്‌ സംശയിക്കുന്നതില്‍ തെറ്റില്ല.ശ്രീശാന്ത്‌ കളിക്കളത്തില്‍ ഒരു ഫാസ്റ്റ്‌ബൗളര്‍ക്ക്‌ യോജിച്ച രീതിയിലുള്ള അഗ്രഷന്‍ കാണിക്കുന്നുവെന്നത്‌ ശരിയാണ്‌. അതുകൊണ്ടുള്ള ഗുണം ടീമിനു തന്നെയാണ്‌. ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹൈഡന്റെ വിക്കറ്റെടുത്ത്‌ മല്‍സരം ഇന്ത്യയുടെ വരുതിയിലാക്കിയത്‌ തന്നെ മികച്ച ഉദാഹരണം. തകര്‍പ്പന്‍ ഫോമിലായിരുന്നു അന്ന്‌ ഹൈഡന്‍. ശ്രീ തുടക്കം തൊട്ടേ ഹൈഡനെ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രകോപിപ്പിച്ചു കൊണ്ടുരുന്നു. ഹൈഡന്‍ ശരിക്കും ക്ഷുഭിതനായിരുന്നു. രണ്ടാമത്തെ സെപെല്ലിനായി ശ്രീ വന്നപ്പോള്‍ ഹൈഡന്‍ കൂറ്റനടിക്ക്‌ മുതിര്‍ന്നു. ബൗള്‍ഡ്‌്‌. ഓസ്‌ട്രേലിക്കാര്‍ ആസൂത്രണം ചെയ്‌തെടുത്ത ഈ തന്ത്രം അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കുകയായിരുന്നു ശ്രീ. സംശയിക്കേണ്ട ഓസ്‌ട്രേലിക്കാര്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ നമ്മുടെ ശ്രീയാണ്‌. അവരുടെ വാക്കുകളിലും പ്രതികരണങ്ങളിലും നിന്നുതന്നെ അത്‌ പ്രകടമാണ്‌.

Wednesday, September 5, 2007

സൗരവ്‌ ഗാംഗുലിയുമായി അഭിമുഖം


വര്‍ഷാവസാന പരീക്ഷയ്‌ക്ക്‌ ഒരുങ്ങുന്ന മിടുക്കനായ പത്താംക്ലാസ്‌ വി ദ്യാര്‍ഥിയെപ്പോലെയാണ്‌ സൗരവ്‌. നല്ലവണ്ണം തയ്യാറെടുത്തേ ക്രിക്കറ്റ്‌ ഫീല്‍ഡിലെ ഏതു പരീക്ഷയും അഭിമുഖീകരിക്കൂ. രാവിലെയും വൈകുന്നേരവുമായി ആറുമണിക്കൂറോളം നീളുന്ന വ്യായാമവും നെറ്റ്‌ പ്രാക്‌ടീസും സൗരവിന്റെ ദിനചര്യയുടെ ഭാഗമാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ മത്സരങ്ങളൊന്നുമില്ലാത്ത ഇടവേളകളില്‍ സൗരവ്‌ കൊല്‍ക്കത്തയില്‍ ഉണ്ടാവുമെങ്കിലും തിരക്കൊഴിഞ്ഞ്‌ അല്‌പനേരം ഒന്നു പിടികിട്ടാനുള്ള വിഷമത്തിനു കാരണം ഇതുതന്നെ. മറ്റെന്തു മുടങ്ങിയാലും ക്രിക്കറ്റ്‌ പരിശീലനം മുടക്കാന്‍ വയ്യ. ഇക്കാര്യത്തില്‍ സൗരവ്‌ വലിയ `വാശിക്കാര'നാണ്‌. അതിനിടെ ഒഴിച്ചുകൂടാനാവാത്ത ചില ചടങ്ങുകള്‍. ബാക്കിസമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി വിഭജിച്ചുനല്‍കാന്‍ തികയുന്നില്ല.ഇത്തരം തിരക്കിട്ട ദിവസങ്ങളിലൊന്നില്‍ കൊല്‍ക്കത്തയിലെ തന്റെ വീട്ടില്‍വെച്ച്‌ നാലു മണിക്കൂറുകള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പ്രത്യേക അഭിമുഖത്തിനായി അനുവദിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

? കൊല്‍ക്കത്തക്കാരനല്ലേ, ഫുട്‌ബാളിനോട്‌ കമ്പം കാണുമല്ലോ?

= സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ ക്ലാസുകളില്‍ ഞാന്‍ ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബാള്‍ ആണ്‌ കളിച്ചത്‌. ശരിതന്നെ. പക്ഷെ, അങ്ങനെ ഒരു വലിയ ന്നൊന്നും ഗൗരവമായി ആഗ്രഹിച്ചിട്ടില്ല. സ്‌കൂളില്‍ നല്ലൊരു ഫുട്‌ബാള്‍ ടീമുണ്ടായിരുന്നു. തുടരെ മാച്ചുകള്‍ കളിക്കും. അതിനിടെ പഠിക്കാന്‍ സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോഴേക്കും കൂടുതല്‍ ക്രിക്കറ്റിനോട്‌ അടുത്തു. പതുക്കെ അതൊരു പ്രൊഫഷനായി കണ്ടു തുടങ്ങി. പിന്നെ മുഴുവന്‍ സമയവും ക്രിക്കറ്റിനായി നീക്കിവെച്ചു. ഫുട്‌ബാളിനോട്‌ ഇന്നും താല്‍പര്യമുണ്ട്‌. ടി.വി.യില്‍ യൂറോപ്യന്‍ ലീഗിലെ മത്സരങ്ങള്‍ കാണും. പിന്നെ, ഞാന്‍ കടുത്ത ഒരു ബ്രസീലിയന്‍ ഫാന്‍ ആണ്‌. കൊല്‍ക്കത്ത ഫുട്‌ബാളും ശ്രദ്ധിക്കാറുണ്ട്‌.

? ക്രിക്കറ്റ്‌ ഗൗരവമായി എടുത്തുതുടങ്ങിയത്‌ എന്നു തൊട്ടാണ്‌.

= എന്റെ പതിനാലാം വയസ്സിലാണ്‌ ശാസ്‌ത്രീയമായ കോച്ചിങ്‌ കിട്ടിയത്‌. അതുവരെ വെറും തമാശക്കായിരുന്നു കളി. സ്‌കൂളിന്റെ പിന്‍വശത്ത്‌ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമായിരുന്നു. എന്റെ അച്ഛന്‍ കൊല്‍ക്കത്ത ലീഗിലും യൂണിവേഴ്‌സിറ്റിതലത്തിലും ക്രിക്കറ്റ്‌ കളിച്ചിരുന്നു. ചേട്ടന്‍ രഞ്‌ജിടീമിലും കളിച്ചു. തികച്ചും ക്രിക്കറ്റിന്റെ ബാക്‌ഗ്രൗണ്ട്‌ എന്റെ കുടുംബത്തിനുണ്ടായിരുന്നു. അച്ഛന്‍ ഞാന്‍ ഒരു ക്രിക്കറ്റ്‌ താരമായിത്തീരാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ കൂടുതല്‍ സമയം ക്രിക്കറ്റ്‌ പരിശീലനത്തിന്‌ മാറ്റിവെച്ചു.

? സൗരവിന്‌ അന്ന്‌ പരിശീലകര്‍ ഇല്ലായിരുന്നോ

= തീര്‍ച്ചയായും ഒരുപാടുപേര്‍ എന്നെ ക്രിക്കറ്റ്‌ പഠിപ്പിച്ചു. അതെല്ലാം എനിക്ക്‌ ഗുണവും ചെയ്‌തു. പിന്നെ ശ്രീറാം ക്രിക്കറ്റ്‌ കോച്ചിങ്‌ സെന്ററില്‍ ചേര്‍ന്നു. അവിടെ വെച്ചാണ്‌ അടിസ്ഥാന നിയമങ്ങളും രീതികളും പഠിച്ചത്‌.

? അന്ന്‌ സൗരവിന്‌ ക്രിക്കറ്റില്‍ വഴികാട്ടിയായി ആരെങ്കിലും ഉണ്ടായിരുന്നോ

= അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാനാവില്ല. ഒട്ടേറെ വ്യക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും എന്റെ കരിയറില്‍ എന്നെ സഹായിച്ചു, ഗൈഡ്‌ ചെയ്‌തു. ചെറുപ്പത്തില്‍ത്തന്നെ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ്‌ താരം എങ്ങനെ ആയിരിക്കണം, എങ്ങനെയൊക്കെ ആയിരിക്കരുതെന്ന്‌ ഞാന്‍ മനസ്സിലാക്കിയിരുന്നു.

? ചെറുപ്പത്തില്‍ ആരായിരുന്നു സൗരവിന്റെ ഹീറോ

= പ്രധാനമായും നാലുപേര്‍. ഗാവസ്‌കര്‍, കപില്‍ദേവ്‌, അലന്‍ ബോര്‍ഡര്‍, ഡേവിഡ്‌ ഗവര്‍. അവരെപ്പോലെ ആവണമെന്ന്‌ ഞാനാഗ്രഹിച്ചു. അവരെപ്പോലെ ബാറ്റ്‌ ചെയ്യാനും ബൗള്‍ ചെയ്യാനും ശ്രമിച്ചു. ക്രിക്കറ്റ്‌ കളിച്ചുതുടങ്ങുന്ന എല്ലാ കുട്ടികളും ഇങ്ങനെയൊക്കെ ആയിരിക്കും.

? കപില്‍ദേവിന്റെ ക്യാപ്‌റ്റന്‍സിയില്‍ 83ല്‍ ഇന്ത്യ ലോകകപ്പ്‌ നേടുമ്പോള്‍ സൗരവിന്‌ പത്ത്‌ വയസ്സേ കാണുള്ളൂ. അന്നത്തെ ആ വിജയം എത്രത്തോളം സ്വാധീനിച്ചു.

= സത്യത്തില്‍ ഇത്‌ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യമാണ്‌. ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഇന്ത്യ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ കീഴടക്കി ലോകക്രിക്കറ്റ്‌ ചാമ്പ്യന്മാരായ രാത്രി! അന്ന്‌ കൊല്‍ക്കത്തയിലെ തെരുവുകളൊന്നും ഉറങ്ങിയില്ല. നേരം പുലരുവോളം ആഘോഷങ്ങളായിരുന്നു. ആ മുഹൂര്‍ത്തങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ഞങ്ങള്‍ കുട്ടികള്‍പോലും വല്ലാത്ത ത്രില്ലിലായിരുന്നു. ക്രിക്കറ്റ്‌ കളിക്കാനും ജയിക്കാനും അന്ന്‌ ആ വിജയം ഞങ്ങള്‍ക്കൊക്കെ പ്രചോദനമായി.

? ഇന്ത്യക്കുവേണ്ടി സൗരവിന്റെ ആദ്യ അവസരം ആസ്‌ത്രേല്യന്‍ പര്യടനമായിരുന്നു. അന്ന്‌ പക്ഷേ, പ്രധാന മാച്ചുകളില്‍ ഒന്നും കളിക്കാനായില്ല. ടീമില്‍ നിന്ന്‌ പുറത്താവുകയും ചെയ്‌തു. തീര്‍ച്ചയായും വല്ലാതെ നിരാശ തോന്നിക്കാണുമല്ലേ?

= ക്രിക്കറ്റില്‍ ഉയരത്തിലെത്താന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം വല്ലാതെ വേദനിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. പക്ഷേ, അങ്ങനെ നിരാശനായി ഇരുന്നിട്ട്‌ കാര്യമില്ലല്ലോ? കൂടുതല്‍ കരുത്തോടെ ആവേശത്തോടെ അധ്വാനിക്കുകയായിരുന്നു പിന്നെ. ഞാന്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ക്യാപ്‌റ്റനുമായി. ആ ആസ്‌ത്രേല്യന്‍ പര്യടനം ഇന്ന്‌ പഴങ്കഥയാണ്‌. നമുക്കത്‌ വിട്ടുകളയാം. പിന്നോട്ട്‌ നോക്കി ദുഃഖിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക്‌ മുന്നോട്ടു നോക്കാം. അവിടെ ഒരുപാട്‌ പ്രതീക്ഷകളും ലക്ഷ്യങ്ങളുമുണ്ട്‌. അതാണ്‌ എന്റെ ഫിലോസഫി.

? 96ല്‍ ലോര്‍ഡ്‌സില്‍ സൗരവിന്റെ ടെസ്റ്റ്‌ അരങ്ങേറ്റം അവിസ്‌മരണീയമായിരുന്നു. ശരിക്കും കരിയറിലെ ടേണിങ്‌ പോയന്റ്‌.

= അത്‌ എന്റെ ജീവിതത്തിലെ തന്നെ വലിയ മുഹൂര്‍ത്തമാണ്‌. കാര ണം, എന്റെ ആദ്യടെസ്റ്റ്‌. വേദി ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സ്‌. എനിക്ക്‌ അന്ന്‌ പലതും തെളിയിക്കാനുണ്ടായിരുന്നു. അവസാന ഇലവനില്‍ ഞാനുണ്ടെന്ന്‌ അറിഞ്ഞപ്പോഴേ തീരുമാനിച്ചു. എന്റെ പരമാവധി പുറത്തെടുക്കണമെന്ന്‌. ആഗ്രഹിച്ചതുപോലെ തന്നെ നടന്നു. ഞാന്‍ സെഞ്ച്വറി നേടി. അത്‌ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

? 97ലെ സഹാറാകപ്പും സൗരവിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട ടൂര്‍ണമെന്റാണല്ലോ. ഏകദിന ക്രിക്കറ്റില്‍ സൗരവിന്റെ സ്ഥാനമുറപ്പിച്ചത്‌ സഹാറാ കപ്പായിരിക്കും.

= ശരിയാണ്‌. വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു അത്‌. ഇന്ത്യ യും പാകിസ്‌താനും എവിടെവെച്ച്‌ ഏറ്റുമുട്ടിയാലും അതിന്‌ ഒരുപാട്‌ പ്രാധാന്യം ലഭിക്കുമല്ലോ. വീറും വാശിയും ഇരട്ടിയാവും. അങ്ങനെയുള്ള ഒരു പരമ്പരയില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ കഴിയുക. സ്വപ്‌നസാക്ഷാത്‌കാരമായിരുന്നു എനിക്കത്‌. ഞാന്‍ മാന്‍ ഓഫ്‌ ദ സീരീസ്‌ ആയി എന്നതല്ല, അന്ന്‌ ഇന്ത്യ പാകിസ്‌താനെ വ്യക്തമായ മാര്‍ജിനില്‍ തകര്‍ത്തു എന്നതാണ്‌ പ്രധാനം. ആ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു എന്നതില്‍ ഞാന്‍ ഇന്നും അഭിമാനിക്കുന്നു. എന്റെ ക്രിക്കറ്റ്‌ കരിയറിന്റെ തുടക്കത്തിലെ വലിയ അനുഭവവും വലിയ വിജയവും ആയിരുന്നു ആ സഹാറാകപ്പ്‌.

? പാകിസ്‌താനെതിരെ സൗരവിന്റെ റിക്കാര്‍ഡ്‌ വളരെ മികച്ചതാണ്‌. പ്രതിയോഗി പാകിസ്‌താനാവുമ്പോള്‍ സൗരവ്‌ പതിവിലും കൂടുതല്‍ അധ്വാനിച്ചുകളിക്കുന്നതാണോ.

= ഒരിക്കലും അതങ്ങനെയല്ല. ഇന്ത്യക്കുവേണ്ടി കളിക്കുന്ന എല്ലാ മത്സരവും പ്രധാനമാണ്‌. എല്ലാ മത്സരത്തിലും ടെസ്റ്റോ ഏകദിനമോ ആവട്ടെ, പ്ര തിയോഗി പാകിസ്‌താനോ ശ്രീലങ്കയോ ആവട്ടെ, മത്സരം ഇന്ത്യയിലോ വിദേശത്തോ ആവട്ടെ, ഞാന്‍ എന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നു.

? ടെസ്റ്റ്‌ ക്രിക്കറ്റില്‍ സൗരവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്‌ ഏതെന്നാണ്‌ കരുതുന്നത്‌.

= എന്റെ അരങ്ങേറ്റ ടെസ്റ്റില്‍, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി തന്നെയാണ്‌ ഏറ്റവും മികച്ചതെന്ന്‌ ഞാന്‍ കരുതുന്നു. അന്ന്‌ പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഞാനിന്ന്‌ ഇവിടെ എത്തില്ലായിരുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ വെച്ച്‌ അവര്‍ക്കെതിരെ നേടിയ സെഞ്ച്വറി മികച്ചതാണെന്ന്‌ നിങ്ങള്‍ക്കും തോന്നുന്നില്ലേ.

? മികച്ച ഏകദിന ഇന്നിങ്‌സോ?

= ധാക്കാ ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പില്‍ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി, ആസ്‌ത്രേല്യയില്‍ വെച്ച്‌ പാകിസ്‌താനെതിരെ ത്രിരാഷ്‌ട്ര ടൂര്‍ ണമെന്റില്‍ നേടിയ സെഞ്ച്വറി, കഴിഞ്ഞ ഐ.സി.സി കപ്പ്‌ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ ഹെഡിങ്‌ലിയില്‍ നേടിയ സെഞ്ച്വറി. ഇതെല്ലാം മികച്ചതാണെന്ന്‌ ഞാന്‍ കരുതുന്നു. കാരണം, ആ മാച്ചുകള്‍ ഇന്ത്യ ജയിച്ചു. അതാണു കാര്യം. ഞാന്‍ നന്നായി കളിച്ചിട്ടും ഇന്ത്യ ജയിച്ചില്ലെങ്കില്‍ പിന്നെന്തു കാര്യം?

? സൗരവിന്റെ ആരാധകര്‍ ഏറ്റവും കാണാന്‍ കൊതിക്കുന്നത്‌ ലോങ്ങോണിന്‌ മുകളിലുള്ള ലോഫ്‌റ്റി ഷോട്ടായിരുന്നു. സൗരവ്‌ ഫ്രണ്ട്‌ ഷൂട്ടില്‍ മുന്നോട്ടു കയറി ആ ഷോട്ട്‌ കളിക്കുന്നത്‌ കാണാന്‍ പ്രത്യേക ചന്തം ഉണ്ട്‌. ഈ ഷോട്ടിനായി എന്തെങ്കിലും പ്രത്യേക പരിശ്രമം നടത്തുന്നുവോ?

= എനിക്കറിയാം ആളുകള്‍ എന്റെ ആ ഷോട്ട്‌ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന്‌. നിങ്ങളെപ്പോലെ പലരും അതെന്നോടു പറഞ്ഞിട്ടുണ്ട്‌. എന്റെ ആ ഷോട്ട്‌ കൂടുതല്‍ മിനുക്കിയെടുക്കാന്‍ പ്രത്യേക പരിശ്രമം നടത്തുന്നു. ഇപ്പോഴും അത്‌ തുടരുന്നു.

? ക്യാപ്‌റ്റനെന്ന നിലയില്‍ സൗരവിന്‌ ആസ്‌ത്രേല്യക്കെതിരെ മികച്ച റിക്കാര്‍ഡാണ്‌. മറ്റൊരു ക്യാപ്‌റ്റനും ലോക ചാമ്പ്യന്മാര്‍ക്കെതിരെ ഇത്ര മികച്ച റിക്കാര്‍ഡ്‌ അവകാശപ്പെടാനാവില്ല. ഇതിനെ എങ്ങനെ വിലിയിരുത്തുന്നു?

= അതിനു കാരണം എന്റെ ടീമാണ്‌. ക്രിക്കറ്റ്‌ ഒരു ടീം ഗെയിമാണ്‌. ക്യാപ്‌റ്റന്‌ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ടീമിന്റെ സഹായമില്ലാതെ ഒരു ക്യാപ്‌റ്റനും വിജയങ്ങള്‍ നേടാനാവില്ല. ഏറ്റവും ഉചിതമായ സമയത്താണ്‌ ഞാന്‍ ക്യാപ്‌റ്റനായത്‌. കഴിവുള്ള ഒട്ടേറെ കളിക്കാരെ എനിക്ക്‌ കിട്ടി. അവരില്‍നിന്ന്‌ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്‌ എന്റെ ജോലി.

? ഹര്‍ഭജന്‍, സഹീര്‍ഖാന്‍, യുവരാജ്‌ സിങ്‌ എല്ലാവര്‍ക്കും ടീമില്‍ സ്ഥാനം നേടിക്കൊടുക്കുന്നതിലും അവരെക്കൊണ്ട്‌ നന്നായി കളിപ്പിക്കുന്നതിലും സൗരവിന്‌ വലിയ പങ്കുണ്ടായിരുന്നല്ലോ, സൗരവ്‌ ക്യാപ്‌റ്റനായതുകൊണ്ടാണ്‌ അവര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതെന്നും കേട്ടിട്ടുണ്ട്‌.

= കഴിവുള്ളവരെ പിന്തുണയ്‌ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അത്രമാത്രം. അവര്‍ക്ക്‌ കഴിവുള്ളതുകൊണ്ടാണ്‌ അവര്‍ ടീമില്‍ ഇടംപിടിച്ചതും മികച്ച കളിക്കാരായതും. അല്ലാതെ കഴിവില്ലാത്തവരെ ആരെത്ര തള്ളിവിട്ടിട്ടും കാര്യമില്ല.

? ക്രിക്കറ്റ്‌ കരിയറിലെ താങ്കളുടെ ലക്ഷ്യം എന്താണ്‌?

= ഇന്ത്യക്കുവേണ്ടി പരമാവധി കളിക്കുക. നമ്മുടെ ടീമിനെ ജയിപ്പിക്കുക. അതുതന്നെ എന്റെ ലക്ഷ്യം. അതിനു കഴിഞ്ഞാല്‍ ഞാന്‍ സംതൃപ്‌തനാവും.

? പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്നത്‌ എങ്ങനെയാണ്‌?

= പ്രധാനമായും മാനസികമായ തയ്യാറെടുപ്പാണ്‌ നടത്തുന്നത്‌. അടുത്ത മത്സരത്തെ നന്നായി ചിന്തിക്കും. നാളെ ഞാന്‍ എങ്ങനെയായിരിക്കും കളിക്കുകയെന്ന്‌ സങ്കല്‌പിച്ചുനോക്കും. എന്തൊക്കെയാണ്‌ എന്റെ കരുത്ത്‌, ദൗര്‍ബല്യങ്ങള്‍ എന്നു വിലയിരുത്തും. പ്രതിയോഗികളുടെ ശക്തി ഏതൊ ക്കെ മേഖലയിലാണെന്നും ചിന്തിക്കും. എന്നിട്ട്‌ ഒരു ഗെയിംപ്ലാന്‍ ഉണ്ടാ ക്കും. എന്നാല്‍ വല്ലാതെ നെഗറ്റീവായി ചിന്തിച്ച്‌ സ്വയം സമ്മര്‍ദ്ദത്തിലാവാന്‍ അനുവദിക്കില്ല. പോസറ്റീവായ ചിന്തയാണ്‌ വേണ്ടത്‌. എനിക്കതിന്‌ കഴിയുമെന്ന ഒരു ആത്മവിശ്വാസം വളര്‍ത്തിയെടുക്കും.

? ഇന്ത്യക്കുവേണ്ടി മത്സരങ്ങള്‍ ജയിക്കുമ്പോള്‍ എന്തു തോന്നും?

= ഏതു കായികതാരത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്‌ തന്റെ രാജ്യത്തെ ജയിപ്പിക്കുകയെന്നത്‌. രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യുമ്പോള്‍ എല്ലാവരും നിങ്ങളെ അഭിനന്ദിക്കും. അപ്പോള്‍ തോന്നുന്ന ആത്മാഭിമാനം പറഞ്ഞുതരാന്‍ പറ്റില്ല. നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്നതിലും വലുതായി മറ്റെന്തുണ്ട്‌?

? തോല്‍വികള്‍ വിഷമിപ്പിക്കാറുണ്ടോ?

= തോല്‍ക്കുമ്പോള്‍ വിഷമം തോന്നും. അത്‌ സ്വാഭാവികമല്ലേ? പക്ഷേ, അതിനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിച്ച്‌ അസ്വസ്ഥമാകാറില്ല. അത്‌ നല്ലതിനല്ല. ആദ്യം തോല്‍വി സ്വയം ഉള്‍ക്കൊള്ളണം. എന്നിട്ട്‌ അതിന്റെ കാര്യങ്ങള്‍ പഠിക്കും. എന്നിട്ട്‌ അതിനെ തരണം ചെയ്യാന്‍ ശ്രമിക്കും.

? സൗരവ്‌ എന്ന ക്രിക്കറ്ററെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ അറിയാം. പക്ഷേ, സൗരവ്‌ എന്ന വ്യക്തിയെക്കുറിച്ച്‌ അധികമറിയില്ലല്ലോ? സ്വയം വിലയിരുത്താമോ? പെട്ടെന്ന്‌ ക്ഷോഭിക്കുന്ന പ്രകൃതമാണോ?

= ഗ്രൗണ്ടിലെ എന്റെ വികാരപ്രകടനങ്ങള്‍ കണ്ട്‌ പലരും എന്നെ തെറ്റാ യി മനസ്സിലാക്കാറുണ്ട്‌. പക്ഷേ, ഗ്രൗണ്ടിനു പുറത്ത്‌ ഞാന്‍ വളരെ ശാന്തനായ മനുഷ്യനാണ്‌. വീട്ടില്‍ ആരോടും ദേഷ്യപ്പെടാറില്ല. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടേത്‌ ഒരു കൂട്ടുകുടുംബമാണ്‌. ഒരുപാട്‌ സഹോദരന്മാ രും സഹോദരിമാരും അമ്മാവന്മാരും ഒക്കെയുണ്ട്‌. എല്ലാവരോടും ഒത്ത്‌ സമയം കഴിക്കാന്‍ എനിക്കിഷ്‌ടമാണ്‌.

? ഡോണയും സനയും സൗരവില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി.

= സന എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്‌. പത്തു വര്‍ഷം മുമ്പായിരുന്നു എന്റെ വിവാഹം. ഡോണ വന്നതിനുശേഷം ജീവിതം കൂടുതല്‍ സുന്ദരമായി. മകള്‍ പിറന്നതോടെ കൂടുതല്‍ അര്‍ഥപൂര്‍ണവുമായി. നമ്മുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും കൂടുതല്‍ തിളക്കമുള്ളതായി മാറുന്നു. അത്‌ എന്റെ കരിയറിനും ഗുണം ചെയ്‌തു എന്നാണ്‌ അനുഭവം.

? വലിയ കാളീഭക്തനാണെന്നു കേട്ടിട്ടുണ്ട്‌?

= പൊതുവെ ബംഗാളികള്‍ കാളീഭക്തന്മാരാണ്‌. എല്ലാവരും കാളിയുടെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നു. മംഗളദുര്‍ഗ എന്റെ കുടുംബദേവതയാണ്‌. ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ്‌.

? സൗരവ്‌ ഒരു ഫുട്‌ബോള്‍ ആരാധകനാണെന്ന്‌ കേട്ടു. കൊല്‍ക്കത്തക്കാരുടെ സ്വന്തം ക്ലബ്ബുകളായ ബഗാനെയും ഈസ്റ്റ്‌ബംഗാളിനെയും കുറിച്ച്‌ എന്തു പറയുന്നു?

= കൊല്‍ക്കത്തയിലെ എല്ലാ ഫുട്‌ബാള്‍ ക്ലബ്ബുകളും എനിക്കിഷ്‌ടമാണ്‌. മോഹന്‍ബഗാനും ഈസ്റ്റ്‌ ബംഗാളിനും വേണ്ടി കൊല്‍ക്കത്ത ലീഗില്‍ ക്രിക്കറ്റ്‌ കളിച്ചിരുന്നു. അവര്‍ നേടുന്ന ഓരോ വിജയവും ഏറെ സന്തോഷിപ്പിക്കുന്ന അനുഭവമാണ്‌.

Tuesday, September 4, 2007

സൗരവ്‌ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്‌ ചെയ്‌തത്‌ ...




നാട്ടില്‍ പുലികള്‍, വിദേശത്ത്‌ കടലാസ്‌ പുലികള്‍- ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ, പ്രത്യേകിച്ചും ടെസ്റ്റ്‌ ടീമിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും അധികം ഉപയോഗിച്ച വാചകമായിരിക്കും ഇത്‌. വിദേശത്ത്‌ ഇന്ത്യ ഒരു ടെസ്‌റ്റ്‌ ജയിക്കുന്നത്‌ നീലക്കുറിഞ്ഞി പൂക്കും പോലെ അപൂര്‍വമായ സംഭവമായിരുന്നു താനും. ഈ അവസ്ഥ ഇന്ന്‌ പതുക്കെ മാറിയിരിക്കുന്നു. ഇന്ത്യ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും വെസ്‌റ്റിന്‍ഡീസിലും ടെസ്‌റ്റ്‌ ജയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടു ദശകത്തിലധികം നീണ്ട കാത്തിരിപ്പിന്‌ ശേഷം ഇംഗ്ലണ്ടില്‍ വെച്ച്‌ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒരു ടെസ്റ്റ്‌ പരമ്പര ജയിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ മണ്ണില്‍ വെച്ചും സമാനമായ വിജയം ഇന്ത്യ നേടിയിരുന്നു. എന്താണ്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഈ മാറ്റത്തിന്‌ പിന്നില്‍? അതിനെക്കുറിച്ച്‌ പഠിക്കുമ്പോള്‍ ചില കണക്കുകള്‍ ഇവിടെ ഉദ്ദരിക്കുന്നത്‌ നന്നായിരിക്കും. 75 വര്‍ഷം മുമ്പ്‌ 1932 ലാണ്‌ ഇന്ത്യ വിദേശത്ത്‌ ആദ്യമായൊരു ടെസ്റ്റ്‌ കളിച്ചത്‌. അന്നുതൊട്ടിന്നേവരെ 201 ടെസ്റ്റ്‌ ഇന്ത്യ വിദേശ മണ്ണില്‍ കളിച്ചു. അതില്‍ ജയിച്ചത്‌ 29 എണ്ണം. 84 തോല്‍വിയും 88 സമനിലയും. വിദേശത്ത്‌ നേടിയ വിജയങ്ങളില്‍ 11 എണ്ണം സൗരവ്‌ ഗാംഗുലിയുടെ ക്യാപ്‌റ്റന്‍സിയിലും. അഞ്ചെണ്ണം രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്‌റ്റന്‍സിയിലുമാണ്‌. രണ്ടു പേരുടേയും കൂടി ക്യാപ്‌റ്റന്‍സിയില്‍ വിദേശത്ത്‌ കളിച്ച 45 മാച്ചുകളില്‍ 16 എണ്ണം ഇന്ത്യ ജയിച്ചു. 15 സമനില, 14 തോല്‍വി. അതിനിടെ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്‌റ്റ്‌ ജയിച്ചു. ഇംഗ്ലണ്ടിലും വെസ്‌റ്റിന്‍ഡീസിലും പാക്‌സ്‌താനിലും നീണ്ട ഇടവേളക്ക്‌ ശേഷവും സിംബാബ്‌വേയില്‍ ആദ്യമായും ടെസ്റ്റ്‌ പരമ്പര ജയിച്ചു.ഒരു കാര്യം ഇവിടെ വ്യക്തമാവുന്നു. ഇന്ത്യക്ക്‌ പുറത്ത്‌ മല്‍സരങ്ങള്‍ ജയിക്കാന്‍ കെല്‍പ്പും മനക്കരുത്തും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഉണ്ടാക്കുന്നതില്‍ സൗരവ്‌ ഗാംഗുലിക്ക്‌ വലിയ റോളുണ്ട്‌. ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ സൗരവ്‌ ഗാംഗുലി എന്ന പേരിന്‌ നേരെ നല്‍കേണ്ട വിവരണം - ടെസ്റ്റ്‌ ക്രിക്കറ്റില്‍ പതിനായിരത്തിലധികവും ഏകദിന മല്‍സരങ്ങളില്‍ അയ്യായിരത്തിലധികവും റണ്‍സ്‌ നേടിയ ബാറ്റ്‌സ്‌മാന്‍ എന്നല്ല മറിച്ച്‌ " പ്രതിഭാധനരെങ്കിലും നാട്ടിന്‌ പുറത്ത്‌ കളിക്കുമ്പോള്‍ അതി സമ്മര്‍ദ്ധത്തിന്‌ അടിപ്പെട്ട്‌ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തളര്‍ന്നു പോവുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക തങ്ങളുടെ കരുത്ത്‌ ബോധ്യപ്പെടുത്തി കൊടുക്കുകയും വിദേശത്തും മല്‍സരങ്ങള്‍ ജയിക്കാന്‍ അവരെ പര്യാപ്‌തരാക്കുകയും ചെയ്‌ത നായകന്‍ " എന്നാവണം. സൗരവ്‌ തുടക്കമിട്ടതിന്റെ പിന്തുടര്‍ച്ചയാണ്‌ രാഹുല്‍ ഇപ്പോള്‍ നേടുന്ന വിജയങ്ങള്‍. സൗരവ്‌ ഉണ്ടാക്കിയ അടിത്തറയില്‍, ഊന്നിനിന്നാണ്‌ രാഹുല്‍ മുന്നോട്ട്‌ പോവുന്നത്‌. ഇംഗ്ലണ്ടില്‍ നേടിയ ഈ പരമ്പര വിജയത്തിനിടയിലും മൂന്നാം ടെസ്‌റ്റ്‌ ജയിക്കാവുന്ന അവസ്ഥയില്‍ നിന്ന്‌ സമനിലയിലെത്തിച്ചതിന്റെ പേരില്‍ രാഹുല്‍ വിമര്‍ശന വിധേയനായെന്നത്‌ ശ്രദ്ധേയമാണ്‌. ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റ്‌ ചെയ്യാനിറങ്ങിയത്‌ ഹിമാലയന്‍ വങ്കത്തമായി വിലയിരുത്തപ്പെടുന്നു. ഒരു ടെസ്റ്റ്‌ ജയിച്ച്‌ പരമ്പരയില്‍ ലീഡ്‌ നേടിയ സാഹചര്യത്തില്‍ അവസാന ടെസ്റ്റ്‌ തോല്‍ക്കില്ലെന്ന്‌ ഉറപ്പിക്കാനാണ്‌ രാഹുല്‍ ഇങ്ങനെയൊരു നീക്കത്തിന്‌ തുനിഞ്ഞതത്രെ. ഇഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ തുടരെ ബൗള്‍ ചെയ്‌ത്‌ തളര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാരെ ഉടന്‍ തന്നെ ബൗള്‍ ചെയ്യിക്കുന്നത്‌ നല്ലതാവില്ലെന്ന്‌ കരുതിയാണ്‌ മറിച്ചൊരു തീരുമാനമെടുത്തതെന്ന വിശദീകരണമാണ്‌ രാഹുല്‍ മീഡിയക്ക്‌ മുന്നില്‍ നല്‍കിയത്‌. അത്‌ ശരിയോ തെറ്റോ ആവട്ടെ. ഒരു കാര്യം ശ്രദ്ധേയമാണ്‌. ഇത്തരം തീരുമാനങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറാവുന്നു. നേരത്തെ ലോകകപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വവും രാഹുല്‍ സ്വയം ഏറ്റെടുത്തിരുന്നു, എന്നോര്‍ക്കുക. മുന്‍ഗാമികളായ പല ക്യാപ്‌റ്റന്‍മാരും പിഴവുകള്‍ പറ്റുമ്പോള്‍ അതിന്‌ കാരണമായ തീരുമാനം ടീമിന്റെ, അല്ലെങ്കില്‍ മാനേജ്‌മെന്റിന്റെ മൊത്തം തീരുമാനമാണെന്ന്‌ പറഞ്ഞ്‌ തടിയൂരിയിരുന്നത്‌ ഓര്‍ക്കുക. രാഹുലിന്‌ ഇത്തവണ അങ്ങനെ പറഞ്ഞൊഴിയാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു എന്നതാണ്‌ സത്യം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദുലീപ്‌ വെങ്‌സര്‍ക്കാര്‍, ബി സി സി ഐ ഭാരവാഹികളായ നിരഞ്‌ജന്‍ ഷാ, രത്‌നാകര്‍ ഷെട്ടി എന്നിവരെല്ലാം കളി നടക്കുമ്പോള്‍ ഡ്രസ്സിങ്‌ റൂമിലുണ്ടായിരുന്നു. കളിക്കാര്‍ മാത്രമുണ്ടാവേണ്ട ഡ്രസ്സിങ്‌ റൂമില്‍ ഇങ്ങനെയൊരു ആള്‍ക്കൂട്ടത്തെ കണ്ട്‌ ടി വി കമന്റേറ്ററായ രവി ശാസ്‌ത്രി അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും കേട്ടിരുന്നു. രാഹുലിന്‌ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ ഈ ഉന്നതരുടെ സംഘം വിഘാതമാന്നുണ്ടോ എന്ന്‌ വ്യക്തമല്ല. അതെന്തായാലും ഡ്രസ്സിങ്‌ റൂമിലെ "ആള്‍ക്കൂട്ടം" ഒട്ടും ആശ്വാസ്യമായ പ്രവണതയല്ല. ഈ വിജയത്തില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ നിര്‍ണായക സംഭാവന നല്‍കിയ സൗരവ്‌ ഗാംഗുലി, ദിനേഷ്‌ കാര്‍ത്തിക്‌, സഹീര്‍ ഖാന്‍, ആര്‍ പി സിങ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി വി എസ്‌ ലക്ഷ്‌മണ്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകളെടുക്കുന്ന ചെയ്‌ഞ്ച്‌ ബൗളറെന്ന നിലയിലും സൗരവ്‌ നല്‍കിയ സംഭാവനകളും ഇവിടെ സ്‌മരണീയമാണ്‌. മുന്നു ടെസ്‌റ്റിലെ ആറ്‌ ഇന്നിങ്‌സുകളില്‍ നിന്ന്‌ 49.80 ശരാശരിയില്‍ 249 റണ്‍സ്‌ സൗരവ്‌ സ്‌കോര്‍ ചെയ്‌തു. 43.83 ശരാശരിയില്‍ 263 റണ്‍സെടുത്ത ദിനേഷ്‌ കാര്‍ത്തിക്‌ മാത്രമാണ്‌. പരമ്പരയില്‍ സൗരവിനേക്കാള്‍ റണ്‍സ്‌ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍. ഏതാനും മാസങ്ങള്‍ക്ക്‌ മുൂമ്പ ഫോം നഷ്ടപ്പെട്ട്‌ ടീമില്‍ നിന്ന്‌ പുറത്ത്‌ പോവുകയും ഇനിയൊരിക്കലും തിരിച്ചു വരികയില്ലെന്ന്‌ വിധിയെഴുതപ്പെടുകയും ചെയ്‌ത കളിക്കാരനാണ്‌ സൗരവ്‌ എന്നത്‌ ഈ പ്രകടനങ്ങളുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ഇന്ന്‌ ടീമില്‍ ഏറ്റവും അനിവാര്യനായ കളിക്കാരനായി സൗരവ്‌ മാറിയിരിക്കുന്നു. സൗരവിനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജവീഥിയിലേക്കുള്ള തിരിച്ചുവരവാണ്‌ സഹീര്‍ഖാനും നടത്തിയത്‌. ഗാംഗുലി ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഉയര്‍ത്തികൊണ്ടു വന്ന ഒരു സംഘം യുവതാരങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്ന പേസ്‌ ബൗളറാണ്‌ സഹീര്‍. പിന്നീട്‌ ഫോം നഷ്ടമായി എന്നതിനുപരി അച്ചടക്കത്തിന്റെ പേരിലാണ്‌ ടീമിന്‌ പുറത്ത്‌ പോയത്‌. ഇനിയൊരു ഇനിയൊരു തിരിച്ചു വരവുണ്ടാവുമോയെന്ന്‌ ആശങ്കയുയര്‍ത്തും വിധം വിസ്‌മരിക്കപ്പെട്ടുപോവുന്നതായി തോന്നിച്ചിരുന്നു സഹീര്‍. ഇപ്പോഴത്തെ ഈ തിരിച്ചു വരവിന്‌ പിന്നില്‍ ഒരു പാട്‌ അദ്വാനമുണ്ട്‌. ഏറെ വിയര്‍പ്പ്‌ ചിന്തിയിട്ടുണ്ട്‌. ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റില്‍ ഒന്‍പത്‌ വിക്കറ്റ്‌ നേടിയ സഹീര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ഇപ്പോള്‍ ലഭിച്ച മാന്‍ ഓഫ്‌ ദ സീരിസ്‌ അവാര്‍ഡ്‌ ഓരോ ഇഞ്ചിലും സഹീര്‍ അര്‍ഹിക്കുന്നതാണ്‌. ദിനേഷ്‌ കാര്‍ത്തിക്‌ ആണ്‌ ഭാവി ഇന്ത്യന്‍ ടീമിലേക്ക്‌ ഏറ്രവും പ്രതീക്ഷ നല്‍കുന്ന താരമെന്ന്‌ ഈ ഇംഗ്ലീഷ്‌ പര്യടനം അര്‍ഥശങ്കക്കിയടില്ലാത്ത വിധം തെളിയിക്കപ്പെട്ടിരിക്കയാണ്‌. മഹേന്ദര്‍ സിങ്‌ ധോനി സ്ഥാനമുറപ്പിച്ചിരിക്കെ മറ്റൊരു വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കൂടിയാവാമെന്ന്‌ സെലക്‌റ്റര്‍മാരെക്കൊണ്ട്‌ തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്തായിരുന്നു ദിനേഷിന്റെ ആദ്യ വിജയം. ഇപ്പോള്‍ ധോനിയോ ദിനേഷോ ആരാണ്‌ മിടുക്കന്‍ എന്ന ചോദ്യമുയര്‍ന്നു വരികയും. കൂടുതല്‍ പേര്‍ ദിനേഷാണ്‌ മികച്ചവന്‍ എന്ന്‌ ചിന്തിക്കുകയും ചെയ്യുന്നിടത്ത്‌ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ശ്രീശാന്തിന്‌ ഈ പരമ്പര അത്ര മികച്ചതായിരുന്നില്ല. ഇന്ത്യ ഇംഗ്ലണ്ടിലേക്ക്‌ യാത്ര തിരിക്കുമ്പോള്‍ ശ്രീയായിരിക്കും തുരുപ്പ്‌ ചീട്ട്‌ എന്ന രീതിയിലായിരുന്നു വിലയിരുത്തലുകള്‍. പക്ഷെ, ആ പ്രതീക്ഷക്കൊത്തുയരാന്‍ ശ്രീക്ക്‌ തുടക്കത്തില്‍ കഴിയാതെ പോയി. എന്നാലും ടെസ്‌റ്റ്‌ പരമ്പരയുടെ അവസാനം ശ്രീ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കി. രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ വോനുമായുണ്ടായ ചെറിയ ഉരസലുകള്‍ ഇംഗ്ലീഷ്‌ മീഡിയ വലിയ വാര്‍ത്തയാക്കി. അത്‌ മുതലെടുത്ത്‌ ശ്രീയെ സമ്മര്‍ദ്ധത്തിലാക്കാനാണ്‌ പിന്നീട്‌ ശ്രമം നടന്നത്‌. മാച്ചറഫറി ഫൈന്‍ വിധിച്ചപ്പോള്‍ അത്‌ പോരാ ശ്രീയെ ഇന്ത്യ അടുത്ത ടെസ്‌റ്റില്‍ കളിപ്പിക്കാതെ ശിക്ഷിക്കണമെന്ന ആവശ്യവുമായി ചില മുന്‍താരങ്ങള്‍ രംഗത്ത്‌ വന്നത്‌ ദുരുദ്ദേശപരമാണ്‌. ഇംഗ്ലീഷുകാരോ ഓസ്‌ട്രേലിയക്കാരോ ആയ കളിക്കാര്‍ സമാനമായ കുറ്റം ചെയ്‌താല്‍ ഇത്ര ഗുരുതരമായി അതിനെ കാണുകയോ, ഇത്തരം പ്രസ്‌താവനകള്‍ ഉയരുകയോ ചെയ്യാറില്ലെന്ന്‌ ക്രിക്കറ്റ്‌ സര്‍ക്യൂട്ട്‌ നിരന്തരം പിന്തുടരുന്നവര്‍ക്ക്‌ ഉറപ്പിച്ചു പറയാനാവും. അതാണ്‌ ക്രിക്കറ്റിലെ വിവേചനം. എന്നിരുന്നാലും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തന്റെ ബൗളറെ തള്ളികളഞ്ഞില്ല. മൂന്നാം ടെസ്‌റ്റില്‍ ശ്രീ കളിച്ചു. ഇത്തരം കൊച്ചു കൊച്ചു പ്രതിസന്ധികള്‍ ഏതു ക്രിക്കറ്ററുടെ കരിയറിലുമുണ്ടാവാം. വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കാന്‍ ശ്രീക്ക്‌ കഴിയട്ടെ.

Monday, September 3, 2007

ആഘോഷിക്കപ്പെടാത്ത പ്രതിഭ !


ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ഇപ്പോഴത്തെ എത്ര കളിക്കാരെ അതില്‍ ഉള്‍പ്പെടുത്തും. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി... അങ്ങനെ നീളുന്നവയാണ്‌ മിക്ക പണ്ഡിതന്‍മാരുടേയും സെലക്ഷന്‍ എന്ന്‌ നമ്മള്‍ കണ്ടുകളഞ്ഞു. ഇവരൊക്കെ വലിയ കളിക്കാരാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അനില്‍ കുംബ്ലെ എന്തു കൊണ്ട്‌ ആ പട്ടികയില്‍ ഇടം പിടിക്കുന്നില്ലെന്ന്‌ അദ്‌ഭുതപ്പെട്ടു പോവുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്രവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറെന്ന നിലയില്‍ കപില്‍ദേവുള്‍പ്പെടെയുള്ളവരെ കുംബ്ലെ ബഹുദൂരം പിന്നിലാക്കുന്നു. കപിലുമായി താരതമ്യം ചെയ്യാന്‍ മാത്രം മഹത്വമൊന്നും കുംബ്ലെക്കില്ലെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. 118 ടെസ്‌റ്രുകളില്‍ നിന്ന്‌ 556 വിക്കറ്റ്‌, എട്ടു തവണ ടെസ്റ്റില്‍ പത്തു വിക്കറ്റ്‌ നേട്ടം, 33 തവണ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ്‌ നേട്ടം. തീര്‍ന്നില്ല. ഒരിന്നിങ്‌സിലെ പത്തു വിക്കറ്റുകളും നേടുന്ന ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ബൗളറുമാണ്‌. ഇതിലപ്പുറം എന്തു വേണം ക്രിക്കറ്റ്‌മഹത്വത്തിന്‌ അവകാശിയാവാന്‍ ? നേടുന്ന വിക്കറ്റുകളുടെ എണ്ണം മാത്രമല്ല ഒരു ക്രിക്കറ്ററുടെ മഹത്വം നിശ്ചയിക്കുന്നത്‌ എന്ന്‌ വാദിക്കാം. എങ്കില്‍ പിന്നെ അയാള്‍ ടീമിനെ എത്ര മാച്ചുകളില്‍ വിജയിപ്പിച്ചു എന്നത്‌ കൂടി പരിഗണിക്കണം. ഇന്ത്യയുടെ ടെസ്‌റ്റ്‌ റെക്കോഡുകള്‍ എടുത്ത്‌ പരിശോധിച്ചു നോക്കൂ, കുംബ്ലെയോളം ഇന്ത്യക്ക്‌ വോണ്ടി മല്‍സരങ്ങള്‍ ജയിച്ച ആരുണ്ട്‌ ? ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക ടീമിലെ ജൂനിയറായ കളിക്കാരുടെ പേരുകള്‍ പോലും ചര്‍ച്ചയില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്‌. ഒരിക്കല്‍ പോലും കുംബ്ലെ സെലക്‌റ്റര്‍മാരുടെ പരിഗണനയില്‍ വന്നില്ല. ഏകദിന ടീമില്‍ നിന്ന്‌ കുംബ്ലെ നിഷ്‌കാസിതനായത്‌ ഫീല്‍ഡിങ്‌ ദുര്‍ബലമാണെന്നതിന്റെ പേരിലാണ്‌. പക്ഷെ ടീമിലെ മറ്റംഗങ്ങളില്‍ എത്ര പേരുണ്ട്‌ മിടുക്കന്‍മാരായ ഫീല്‍ഡര്‍മാര്‍ ? ഇന്ത്യ ഫൈനല്‍ വരയെത്തിയ 2003 ലോകകപ്പിലെ മല്‍സരങ്ങളില്‍ കരക്കിരിക്കേണ്ടി വന്നത്‌ കുംബ്ലെയെ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍്‌ സമീപ കാലത്തുണ്ടായ ഏറ്റവും മികച്ച മാച്ച്‌ വിന്നറെ കൈകാര്യം ചെയ്യേണ്ട രീതി ഇതായിരുന്നോ ? ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ്‌ പര്‌മ്പരക്കിടെ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന വലിയൊരു നേട്ടത്തിന്‌ അനില്‍ ഉടമയായി. ഷെയിന്‍ വോണിനും മുത്തയ്യ മുരളിധരനും പിന്നില്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി. മൂന്നാം സ്ഥാനത്തിന്‌ വേണ്ടി ഗ്ലെന്‍ മഗ്രാത്തിനെയാണ്‌ അനില്‍ പിന്തള്ളിയത്‌. ഓവലില്‍ നടന്ന മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌നില്‍ മൂന്നു വിക്കറ്റെടുത്തു കൊണ്ടാണ്‌ അനില്‍ മെഗ്രായെ പിന്നിലാക്കിയത്‌. ഈ നേട്ടം നമ്മള്‍ പ്രതീക്ഷിച്ചതായിരുന്നെങ്കില്‍, തികച്ചും അപ്രതീക്ഷിതമായ മറ്റൊന്ന്‌ കൂടി ആഹ്ലാദിക്കാനും ആഘോഷിക്കാനും ഈ ടെസ്‌റ്റില്‍ കൂംബ്ലെ ആരാധകര്‍ക്ക്‌ സമ്മാനിച്ചു- തന്റെ ടെസ്‌റ്റ്‌ കരിയറിലെ ആദ്യ സെഞ്ച്വറി. തന്റെ പ്രതിഭയോട്‌ പൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ പോയ ഒരു ബാറ്റ്‌സ്‌മാനാണ്‌ സത്യത്തില്‍ അനില്‍. ഇതിന്‌ എത്രയോ മുമ്പ്‌ ഒരു സ്വഞ്ചറി നേടാമായിരുന്നു. അത്‌ കഴിയാത്തതിന്‌ ഒരു കാരണം ബാറ്റിങ്‌ ഓഡറില്‍ എട്ടാമനും ഒന്‍പതാമനുമൊക്കെയായാണ്‌ ബാറ്റിങിന്‌ ഇറങ്ങുന്നത്‌ എന്നുകൊണ്ടാണെന്ന്‌ തോന്നുന്നു. ഓവല്‍ ടെസറ്റിലും എട്ടാമനായാണ്‌ അനില്‍ ഇറങ്ങിയത്‌. എന്നാല്‍ സഹീര്‍, ആര്‍ പി സിങ്‌, ശ്രീശാന്ത്‌ എന്നീ പിന്‍നിര ബാറ്റ്‌സ്‌മാന്‍മാരുടെ പിന്തുണ കിട്ടിയത്‌ കൊണ്ട്‌ അനിലിന്‌ സെഞ്ച്വറി തികക്കാനായി. പ്രത്യേകിച്ചും പതിനൊന്നാമനായി ഇറങ്ങി 35 റണ്‍സെടുത്ത്‌ മികച്ച പിന്തുണ നല്‍കിയ ശ്രീയോട്‌ ഈ സെഞ്ച്വറിക്ക്‌ അനില്‍ കടപ്പെട്ടിരിക്കുന്നു. അനിലിന്റെ ഈ സെഞ്ച്വറി ആഘോഷിക്കപ്പെടേണ്ടതാണ്‌, എക്കാലവും ഓര്‍ക്കപ്പെടേണ്ടതും.

ടീം യങ്‌ ഇന്ത്യ


യുവരക്തത്തിന്‌ വേണ്ടിയുള്ള മുറവിളിക്ക്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പ്രത്യേകിച്ചും ഏകദിന മല്‍സരങ്ങള്‍ ജയിക്കാന്‍ യുവരക്തത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന വാദം ശക്തമാണ്‌. വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്‌ കാരണമായി കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ഉയര്‍ത്തിയിരുന്ന പരാതി ഓര്‍ക്കുക. ടീമിലെ സീനിയര്‍ താരങ്ങള്‍ ഗൂഡാലേചന നടത്തി, യുവതാരങ്ങളെ കളിക്കാനിറക്കിയില്ല. ഇങ്ങനെ തന്റെ ഗെയിംപ്ലാന്‍ അവര്‍ തകര്‍ത്തു കളഞ്ഞു.- ചാപ്പലിന്റെ ഈ കുറ്റപ്പെടുത്തല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും സൗരവ്‌ ഗാംഗുലിക്കും നേരെയാണ്‌ പ്രധാനമായും വിരല്‍ചൂണ്ടിയിരുന്നത്‌. അന്ന്‌ കേള്‍ക്കേണ്ടി വന്ന ഈ വിമര്‍ശനത്തിന്റെ പേരിലാണ്‌ ഇപ്പോള്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക്‌ തങ്ങളെ പരിഗണിക്കേണ്ടെന്ന്‌ സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവര്‍ കൂട്ടായി തീരുമാനമെടുത്ത്‌ തങ്ങളെ പരിഗണിക്കേണ്ടെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടത്‌. അതിനോട്‌ ബോര്‍ഡും സെലക്‌റ്റര്‍മാരും ക്രിയാത്മകമായി തന്നെ പ്രതികരിച്ചിരിക്കുന്നു. കൂടുതല്‍ യൂവതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെയാണ്‌ ഇന്ത്യ ട്വന്റി-20 ലോകകപ്പിന്‌ അയക്കുന്നത്‌. മുപ്പത്‌ വയസ്സ്‌ തികഞ്ഞ ഒറ്റ കളിക്കാരന്‍ പോലും ടീമിലില്ല. ടീമിന്റെ ശരാശരി പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. ഇന്ത്യ മുമ്പൊരിക്കലും ഇങ്ങനെയൊരു ടീമിനെ ഒരു ചാമ്പ്യന്‍ഷിപ്പിനും അയച്ചിട്ടില്ല. ടീമില്‍ ഏറ്രവും പ്രായം കൂടിയ കളിക്കാരന്‍ 29കാരനായ അജിത്ത്‌ അഗാര്‍ക്കറാണ്‌. പതിനഞ്ച ടീമിലെ ഒന്‍പത്‌ കളിക്കാര്‍ 25 ല്‍ താഴെ പ്രായമുള്ളവരാണ്‌. (ഓസീസ്‌ ടീമില്‍ ഒന്‍പത്‌ പേര്‍ മുപ്പതിന്‌ മേല്‍ പ്രായമുള്ളവരാണ്‌.) യുവതാരങ്ങളില്‍ സെലക്‌റ്റര്‍മാര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‌ മറുപടി നല്‍കുകയെന്നത്‌ മഹേന്ദ്ര സിങ്ങ്‌ ധോനിയുടെ 'ടീം യങ്‌ ഇന്ത്യ'യുടെ കടമയാണ്‌.യുവാക്കളുടെ ടീം ആണെങ്കിലും പരിചയ സമ്പന്നരായ അര ഡസന്‍ കളിക്കാരെങ്കിലും ഇന്ത്യന്‍ ടീമിലുണ്ട്‌. വണ്‍ഡേ സ്‌പെഷ്യലിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന അഗാര്‍ക്കറും യുവരാജ്‌ സിങ്ങും ഒപ്പം ലോകകപ്പിലെ പതനത്തിന്‌ ശേഷം ടീമില്‍ നിന്ന്‌ പുറത്തായ വീരേന്ദര്‍ സെവാഗ്‌, ഹര്‍ഭജന്‍ സിങ്ങ്‌, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ്‌ ഈ ടീമിലെ സീനിയര്‍മാര്‍. സെവാഗ്‌, ഹര്‍ഭജന്‍, പത്താന്‍ എന്നിവര്‍ക്ക്‌ നിലനില്‍പ്പിനുള്ള പോരാട്ടമാണ്‌. ടെസ്‌റ്റ്‌, ഏകദിന ടീമുകളിലേക്ക്‌ തിരിച്ചെത്തുകയെന്ന സ്വപ്‌നം സഫലമാവണമെങ്കില്‍ അവര്‍ക്ക്‌ ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്തിയേ മതിയാവൂ. ആക്രമണോല്‍സുക ബാറ്റിങ്ങിന്‌ പുതിയ മാനങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന, ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന സെവാഗിന്‌ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ പ്രതീക്ഷയര്‍പ്പിക്കാം. സെവാഗ്‌ ക്ലിക്ക്‌ ചെയ്യുമോ ഇല്ലയോ എന്നതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായക ഘടകം. ഓപ്പണിങ്ങില്‍ സെവാഗ്‌-റോബിന്‍ ഉത്തപ്പ ടീം ട്വന്റി-20 മാച്ചുകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ജോഡിയായിരിക്കും. മധ്യനിരയില്‍ യുവരാജിനും ദിനേശ്‌ കാര്‍ത്തികിനുമൊപ്പം ദേശീയ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലെ ഏക സെഞ്ച്വറിക്ക്‌ ഉടമയായ രോഹിത്‌ ശര്‍മയും ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായ ധോനിയും പിന്നെ രണ്ട്‌ ഓള്‍റൗണ്ടര്‍മാര്‍- ഇര്‍ഫാന്‍ പത്താന്‍, ചേട്ടന്‍ യൂസഫ്‌ പത്താന്‍, ജോഗീന്ദര്‍ എന്നിവര്‍ക്കിടയില്‍ നിന്ന്‌ രണ്ട പേര്‍ക്ക്‌ അവസരമുണ്ട്‌. യൂസഫ്‌ പത്താന്‍ സ്‌ിന്നറാണ്‌. അയാള്‍ കളിക്കുന്ന മാച്ചുകളില്‍ ഹര്‍ഭജന്‌ ഇടം കിട്ടണമെന്നില്ല. ട്വന്റി-20 മാച്ചുകളില്‍ രണ്ടു സ്‌പിന്നര്‍മാര്‍ക്ക്‌ ഇടം കിട്ടുന്നത്‌ ദുര്‍ലഭമാണ്‌. പേസ്‌ ബൗളര്‍മാരുടെ സെലക്ഷന്‍ അഗാര്‍ക്കര്‍, ആര്‍ പി സിങ്‌, ശ്രീശാന്ത്‌ എന്നിവര്‍ക്കിടയില്‍ നിന്നാണ്‌. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ഫലപ്രദമായിരുന്നു എന്നത്‌ ശ്രീക്ക്‌ മുന്‍തൂക്കം നല്‍കുന്നു. ഇര്‍ഫാന്‍ പത്താന്‍ ബൗളിങില്‍ ഇപ്പോഴും പഴയ ശൗര്യം വീണ്ടെടുത്തിട്ടില്ലെന്നത്‌ തലവേദനയാണ്‌. ഇന്ത്യന്‍ എ ടീമിന്റെ കെനിയന്‍ പര്യടനത്തിലും ഇര്‍ഫാന്‌ പന്ത്‌ കൊണ്ട്‌ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.ട്വന്റി-20 മാച്ചുകളില്‍ ഫീല്‍ഡിങിന്‌ ഏകദിന മാച്ചുകളേക്കാളും പ്രസക്തിയുണ്ട്‌. യുവരാജ്‌, ദിനേഷ്‌ കാര്‍ത്തിക്‌ എന്നിവര്‍ ലോകോത്തര ഫീല്‍ഡര്‍മാരാണ്‌. റോബിന്‍, ശ്രീ, ഇര്‍ഫാന്‍ തുടങ്ങിയ യുവതാരങ്ങളും ഫീല്‍ഡില്‍ കരുത്തു പകരുന്നു. സെവാഗ്‌, അഗാര്‍ക്കര്‍, ആര്‍ പി തുടങ്ങിയവരാണ്‌ താരതമ്യേന ദുര്‍ബല കണ്ണികള്‍. സെവാഗ്‌ പക്ഷെ ക്ലോസിന്‍ ഫീല്‍ഡിങ്ങില്‍ മികവു പുലര്‍ത്താറുണ്ട്‌. ഫീല്‍ഡിങ്ങ്‌കരുത്തിനെ ക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ സുരേഷ്‌ റൈനയെ പരിഗണിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നു വരുന്നു. ഇടക്കാലത്ത്‌ ബാറ്റിങ്‌ ഫോം മങ്ങിപ്പോയെങ്കിലും നമ്മുടെ യുവതാരങ്ങളില്‍ വെച്ച്‌ ഏറ്റവും മികച്ചഫീല്‍ഡറാണ്‌ റൈന. വേഗത്തില്‍ റണ്‍ സ്‌കോര്‍ ചെയ്യാനുള്ള മിടുക്കുണ്ട്‌. ആവശ്യം വരുമ്പോള്‍ ബൗളറായും ഉപയോഗിക്കാം. മുന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ദിനേഷ്‌ കാര്‍ത്തികിനും ശ്രീശാന്തിനും ധോണിക്കുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട്‌ നയിക്കാന്‍ കെല്‍പ്പുള്ള ഭാവിവാഗ്‌ദാനമായി റൈനയെ വിലയിരുത്തിയിരുന്നു ഒന്നോര്‍ക്കുക. ക്യാപ്‌റ്റനായി ധോനിയെ തിരഞ്ഞെടുത്തത്‌ യുവരാജ്‌ സിങ്ങിന്റെ തലക്ക്‌ മുകളിലൂടെയാണെന്ന്‌ വേണമെങ്കില്‍ ആരോപിക്കാം. ഭാവി ക്യാപ്‌റ്റന്‍ ആരായിരിക്കമെന്നതിന്റെ സൂചനയാണ്‌ സെലക്‌റ്റര്‍മാര്‍ നല്‍കിയിരിക്കുന്നത്‌. യുവിയുടേയും ധോനിയുടേയും സമിപനവും വ്യക്തിത്വവും പരിഗണിക്കുമ്പോള്‍ സെലക്‌റ്റര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്ന തന്നെ വിശ്വസിക്കണം. അച്ചടക്കത്തിന്റേയും ടീമിനുള്ളില്‍ ലോബികള്‍ ഉണ്ടാക്കുന്നതിന്റേയും കാര്യത്തില്‍ മുന്‍ പരിശീലകരുടെ വിമര്‍ശനത്തിന്‌ വിധേയനായ വ്യക്തിയാണ്‌ യുവരാജ്‌. ലോകകപ്പ്‌ വഴിഞ്ഞ ഉടന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട്‌ നടത്തിയ പ്രസ്ഥാവനകളും യുവരാജിന്റെ സല്‍പ്പേരിനെ ബാധിച്ചിരുന്നു. ധോനിയാവട്ടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച ടീംമാനാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്‌തു. ഭാവി ക്യാപ്‌റ്റന്‍ പദവിയിലേക്ക്‌ ധോനിക്ക്‌ ഇപ്പോഴുള്ള പ്രതിയോഗി ദിനേഷ്‌ കാര്‍ത്തികാണ്‌. നല്ല ക്രിക്കറ്റ്‌ മസ്‌തിഷ്‌ക്കത്തിന്‌ ഉടമയാണ്‌ കാര്‍ത്തികെന്ന്‌ ടീമിനുള്ളിലും പുറത്തും നിന്ന്‌ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ട്വന്റി-20 ലോകകപ്പില്‍ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ധോനിക്ക്‌ ഏറെ ആശ്രയിക്കാവുന്ന കൂട്ടുകാരനാവും കാര്‍ത്തിക്‌. ട്വന്റി-20 ലോകകപ്പില്‍ സെമി വരെയെങ്കിലും എത്തേണ്ടെത്‌ ടീം യങ്‌ ഇന്ത്യയുടെ ബാധ്യതയാണ. ഭാവിയില്‍ യുവതാരങ്ങള്‍ക്ക്‌ കൂടുതലായി അവസരം നല്‍കാന്‍ അത്‌ സെലക്‌റ്റര്‍മാരെ പ്രേരിപ്പിക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സെമിഫൈനല്‍ വരെ മുന്നേറാന്‍ കഴിഞ്ഞാല്‍ അത്‌ വലിയ നേട്ടമായി തന്നെ പരിഗണിക്കപ്പെടുകയും ചെയ്യും. ആദ്യ റൗണ്ടില്‍ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളി പാരമ്പര്യ വൈരികളായ പാകിസ്‌താനില്‍ നിന്നാണ്‌. അവരോട്‌ തോറ്റാലും സ്‌കോട്ട്‌ലണ്ടിനെ കീഴടക്കിയാല്‍ അടുത്തറൗണ്ടിലേക്ക്‌ മുന്നേറാം. പക്ഷെ പാകിസ്‌താനെതിരായ പോരാട്ടം അഭിമാനപ്രശ്‌നമായി തന്നെ ധോനിയുടെ ടീം കരുതും. ഇന്‍സമാം ഉല്‍ ഹഖും യൂസഫ്‌ യുഹാനയും ഇല്ലെന്നത്‌ ഒഴിച്ചാല്‍ മുഴുവന്‍ കരുത്തമായാണ്‌ പാകിസ്‌താന്‍ എത്തുന്നത്‌. ഇന്‍സമാമും യുഹാനയും മാറി നിന്നതല്ല. സെലക്‌റ്റര്‍മാര്‍ ഒഴിവാക്കിയതാണ്‌. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ഏറ്റവും ശ്രദ്ധ നേടുക ഇന്ത്യ-പാക്‌ പോരാട്ടം തന്നെയാവും.

Tuesday, August 21, 2007

നാല്‍പ്പതോവറിലെ വെടിക്കെട്ട്‌


1939 ല്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ദര്‍ബനിലെ കിംഗ്‌സ്‌മീഡില്‍ നടന്ന നടന്ന ടെസ്റ്റ്‌ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. മാര്‍ച്ച്‌ മുന്നിന്‌ ആരംഭിച്ച ടെസ്റ്റ്‌ 14 വരെ നീണ്ടു. അതിനിടയില്‍ അഞ്ച്‌, 11, 12 എന്നീ ദിവസങ്ങളില്‍ വിശ്രമമായിരുന്നു. ഒന്‍പത്‌ ദിവസം കളിച്ചിട്ടും മല്‍സരത്തിന്‌ ഫലമുണ്ടായില്ല. ഇംഗ്ലണ്ട്‌ ടീമിന്‌ നാട്ടിലേക്ക്‌ പോവാനുള്ള ബോട്ട്‌ പുറപ്പെട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട്‌ മനസ്സില്ലാ മനസ്സോടെ കളി അവസാനിപ്പിക്കേണ്ടി വന്നു. ഇരു ടീമുകളുടേയും ക്യാപ്‌റ്റന്‍മാര്‍ സമനിലക്ക്‌ സമ്മതിച്ച്‌ കളിയവസാനിപ്പിക്കുമ്പോള്‍, ഇംഗ്ലണ്ടിന്‌ ജയിക്കാന്‍ രണ്ടാമിന്നിങ്‌സിലെ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ, ഇംഗ്ലണ്ടിന്‌ ജയിക്കാന്‍ 42 റണ്‍സ്‌ കൂടി മതിയായിരുന്നു. സ്‌കോര്‍ നില ഇങ്ങനെയായിരുന്നു-ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ്‌- 530 ആളൗട്ട്‌. ഇംഗ്ലണ്ട്‌ ഒന്നാമിന്നിങ്‌സ്‌-316 ആളൗട്ട്‌. ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സ്‌- 481 ആളൗട്ട്‌. ഇംഗ്ലണ്ട്‌ രണ്ടാമിന്നിങ്‌സ്‌- അഞ്ച്‌ വിക്കറ്റിന്‌ 654 .മൊത്തം 43 മണിക്കൂറും 16 മിനുറ്റും കളി നടന്നു. 1981 റണ്‍സ്‌ സ്‌കോര്‍ ചെയ്യപ്പെട്ടു ! ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ വാന്‍ ഡര്‍ ബില്‍ ഏഴു മണിക്കൂറിലധികം ബാറ്റ്‌ ചെയ്‌താണ്‌ 125 റണ്‍സെടുത്തത്‌.അതിന്‌ ഇംഗ്ലീഷ്‌ പക്ഷത്ത്‌ നിന്ന്‌ ഒരു മറുപടിയും ലഭിച്ചു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ അവരുടെ ഓപ്പണര്‍ പോള്‍ ഗിബ്‌ 120 റണ്‍സെടുക്കാന്‍ ഏഴര മണിക്കൂറിലധികം വിനിയോഗിച്ചു. ഈ മല്‍സരം ഒരു പന്തും ഒഴിവാക്കാതെ കണ്ടിരുന്ന എത്ര ക്രിക്കറ്റ്‌ ഭ്രാന്തന്‍മാരുണ്ടാവും ആവോ ? അങ്ങനെയൊരാളുടെ അനുഭവം മുന്‍നിര്‍ത്തി ഒരസംബന്ധ നാടകം എഴുതിയിരുന്നെങ്കില്‍ അത്‌ അക്കാലത്തെ വിശ്രുതനായ ഐറിഷ്‌ നാടകകൃത്ത്‌ സാമുവല്‍ ബക്കറ്റിന്റെ ഗോഥയെ കാത്ത്‌ എന്നത്‌ പോലെ മഹത്തായ ഒരു കൃതിയായി മാറുമായിരുന്നില്ലെന്ന്‌ ആരുകണ്ടു! അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌ 1877 ല്‍ ആണ്‌. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ 15 മുതല്‍ 19 വരെ നടന്ന ഇംഗ്ലണ്ട്‌-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ ആണ്‌ രണ്ട്‌ രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ആദ്യത്തെ ക്രിക്കറ്റ്‌ മല്‍സരം. ഈ മല്‍സരത്തിന്‌ സമയ ദൈര്‍ഘ്യം നിര്‍ണയിച്ചിരുന്നില്ല. രണ്ട്‌ ടീമുകളും രണ്ട്‌ വീതം ഇന്നിങ്‌സുകള്‍ കളിച്ച്‌ ഏതെങ്കിലും ഒരു ടീം ജയിക്കും വരെ ടെസ്‌റ്റ്‌ നീളും എന്നതായിരുന്നു വ്യവസ്ഥ. പക്ഷെ നാലു ദിവസം കൊണ്ട്‌ കളി തീര്‍ന്നു. ഓസ്‌ട്രേലിയ 45 റണ്‍സിന്‌ ജയിച്ചു. ഇങ്ങനെ മുന്നോറോളം ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ അരങ്ങേറി. ഇതിനിടയില്‍ ചില പരമ്പരകളില്‍ ടെസ്റ്റുകള്‍ക്ക്‌ മൂന്ന്‌ ദിവസം, നാല്‌ ദിവസം എന്നിങ്ങനെ സമയ പരിധി നിര്‍ണയിച്ചു. ചില മല്‍സരങ്ങളാവട്ടെ നാലോ അഞ്ചോ ദിവസത്തിന്‌ ശേഷം ഇരു ടീമിന്റേയും ക്യാപ്‌റ്റന്‍മാര്‍ ചേര്‍ന്ന്‌ തീരുമാനമെടുത്ത്‌ സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ്‌ സമയ പരിധി നിര്‍ണയിച്ചിട്ടില്ലായിരുന്ന" ചരിത്ര പ്രസിദ്ധമായ " ഈ ഡര്‍ബന്‍ ടെസ്റ്റ്‌. ഏതായാലും ക്രിക്കറ്റ്‌ ഭരണ കര്‍ത്താക്കളെ ഒരു പുനര്‍ വിചിന്തനത്തിന്‌ ഈ ടെസ്റ്റ്‌ പ്രേരിപ്പിച്ചു. പിന്നീടൊരിക്കലും ഡര്‍ബന്‍ ആവര്‍ത്തിച്ചില്ല. ടെസ്റ്റ്‌ മാച്ചുകള്‍ക്ക്‌ നിയതമായ സമയദൈര്‍ഘ്യം തീരുമാനിക്കപ്പെട്ടു. പഞ്ചദിന ടെസ്റ്റുകള്‍ അംഗീകരിക്കപ്പെട്ടതിന്‌ ശേഷം അടുത്ത കാലം വരെയും മല്‍സരത്തിനിടയ്‌ക്ക്‌ ഒരു വിശ്രമദിനം എന്ന പതിവുണ്ടായിരുന്നു. ഇത്തരം കാത്തിരുപ്പുകള്‍ അറുബോറാണെന്ന്‌ പുതിയകാലത്തെ ക്രിക്കറ്റ്‌ പ്രേക്ഷകര്‍ക്ക തോന്നി തുടങ്ങിയപ്പോള്‍ ആ വിശ്രമദിനം ഒഴിവാക്കപ്പെട്ടു. ടെസ്റ്റ്‌ മല്‍സരങ്ങളോടുള്ള കളിക്കാരുടെ സമിപനത്തിലും മാറ്റം വന്നു. വാന്‍ഡര്‍ ബില്ലിന്റേയും പോള്‍ ഗിബ്ബിന്റേയും ശൈലിയില്‍ കളിക്കാനാവില്ലെന്ന്‌ കളിക്കാര്‍ തിരിച്ചറിഞ്ഞതോടെ ടെസ്‌റ്റ്‌ മാച്ചുകള്‍ കുറെയൊക്കെ ത്രില്ലിങ്‌ ആയി മാറിയിരിക്കുന്നു. സമനിലയിലാവുന്ന മല്‍സരങ്ങള്‍ കുറഞ്ഞു. എന്നിട്ടും പക്ഷെ ഏകദിന മല്‍സരങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടെസ്റ്റുകള്‍ക്ക കഴിയുന്നില്ല. അഞ്ചു ദിവസം ടെലിവിഷന്‌ മുന്നിലിരുന്ന്‌ കളികാണാന്‍ ആര്‍ക്കുകഴിയുമെന്ന ചിന്ത പ്രബലമാണ്‌. കാലം അതിവേഗം മാറുന്നു. സംഭവങ്ങള്‍ക്കും വേഗം വേണമെന്ന്‌ പുതിയ മനുഷ്യര്‍ ചിന്തിക്കുന്നു. സമയം തികയുന്നില്ലെന്ന പരാതിയിലാണ്‌ പുതിയ തലമുറ. അപ്പോള്‍ കാര്യങ്ങള്‍ വളരെ ലളിതമാണ്‌. കളി കാണാന്‍ പരമാവധി ചിലവഴിക്കാവുന്ന സമയം രണ്ടു മണിക്കൂര്‍. അതിനിടയില്‍ തീരുമാനമാവുന്ന കളിയുണ്ടെങ്കില്‍ കാണാം. അങ്ങനെയുള്ളവ്‌# കാണുന്നില്ലെങ്കില്‍ കാണേണ്ട ഞങ്ങള്‍ കളിച്ചോളാം എന്ന്‌ ഇന്നാര്‍ക്കും പറയാനാവില്ല. കാരണം കളികള്‍ നിലനില്‍ക്കുന്നത്‌ കാഴ്‌ചക്കാരുടെ താല്‍പര്യത്തില്‍ മാത്രമാണ്‌. അത്‌ നേരത്തെ തിരിച്ചറിഞ്ഞാണ്‌ 20 ഓവര്‍ മല്‍സരങ്ങള്‍ക്ക്‌ രൂപം കൊടുത്തിരിക്കുന്നത്‌. എട്ടു മണിക്കൂര്‍ നീളുന്ന ഏകദിന മല്‍സരം ഇടക്കൊന്ന്‌ ടിവിയിലേക്ക്‌ പാളി നോക്കികാണാം. അതിനപ്പുറം കഴിയില്ല. രണ്ടര മണിക്കൂര്‍ കൊണ്ടവസാനിക്കുന്ന ട്വന്റി-20 മാച്ചുകളാണെങ്കില്‍ മുഴുവന്‍ പന്തുകളും കാണാം. കാരണം ഒരോ പന്തും സംഭവബഹുലമാവും. പ്രതിരോധിക്കപ്പെടുന്ന ഡെലിവറികള്‍ ഉണ്ടാവില്ല.ക്രിക്കറ്റിനെ നശിപ്പിക്കാനേ പുതിയ കളി ഉപകരിക്കൂയെന്ന്‌ വാദിച്ചിരുന്ന പാരമ്പ്യൃര്യ വാദികള്‍ക്കും വൈകാതെ സത്യം അംഗീകരിക്കേണ്ടി വരും. അതിന്റെ സൂചനയാണ്‌, പുതിയ ശൈലിയിലുള്ള കളി ഉടലെടുത്ത്‌ അധികം കഴിയും മുമ്പേതന്നെ ആ കളിയുടെ ലോകകപ്പ്‌ സംഘടിപ്പിക്കാന്‍ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണസമിതിയായ ഐ സി സി നിര്‍ബന്ധിതരായിരിക്കുന്നത. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനെ പോലെ ആവേശമുയര്‍ത്താന്‍ ട്വന്റി-20 ലോകകപ്പിന്‌ ഇതേവരം കഴിഞ്ഞിട്ടില്ല, സത്യം തന്നെ. ഈ കളി ഇന്ത്യ പോലെ ക്രിക്കറ്റിന്റെ വളക്കൂറുള്ള മണ്ണില്‍ പോപ്പുലറായി കഴിഞ്ഞിട്ടില്ലെന്നതാണ്‌ അതിന്‌ കാരണം. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ താല്‍പര്യക്കുറവും സംശയങ്ങളുമാണ്‌ അതിനുകാരണം. പുതിയ കളിയെ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും വൈമുഖ്യം കാട്ടുന്ന ഏക ക്രിക്കറ്റ്‌ സംഘടന ഒരു പക്ഷെ ബി സി സി ഐ ആയിരിക്കും. ഭാവിയില്‍ അതിനവര്‍ക്ക്‌ ദുഖിക്കേണ്ടി വരുമെന്നേ ഇപ്പോള്‍ പറയാനാവൂ. ഭാവിയുടെ ഗെയിം ട്വന്റി-20 ആണെന്നതിന്‌ വ്യക്തമായ സൂചനകള്‍ ക്രിക്കറ്റ്‌ ലോകത്ത്‌ നിന്നു ലഭിച്ചു കഴിഞ്ഞു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ട്വന്റി-20 ലീഗ്‌ മുമ്പേ സജീവമാണ്‌. വലിയ തോതില്‍ കാണികളെ ആകര്‍ഷിക്കുന്നുമുണ്ട്‌. കരീബിയയില്‍ ആവട്ടെ ട്വന്റി-20 ലീഗ്‌ പണക്കൊഴുപ്പുകൊണ്ടും ജന പങ്കാളിത്വം കൊണ്ടും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. രാജ്യത്തെ വന്‍കിട ഇന്‍ഷുറന്‍സ്‌ കമ്പനിയായ സ്റ്റാന്‍ഫോര്‍ഡ്‌ പണം വാരിയെറിയുകയാണ്‌. കരീബിയന്‍ ദ്വീപ സമൂഹത്തിലെ 19 രാജ്യങ്ങള്‍ കഴിഞ്ഞ സീസണില്‍ ടീമിനെയിറക്കി. ഇത്തവണ അത്‌ 21 രാജ്യങ്ങളായി ഉയരുന്നു. കമ്പനിയുടെ ഇപ്പോഴത്തെ ഉടമ അലന്‍ സ്‌റ്റാന്‍ഫോര്‍ഡ്‌ നേരിട്ടാണ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഏറ്റവും ശ്രദ്ധേയമായ കാര്യം ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്‍ക്ക്‌ നത്‌#കുന്ന സമ്മാനതുക പത്ത്‌ ലക്ഷം അമേരിക്കന്‍ ഡോളര്‍ ( ഏകദേശം 42 കോടി ഇന്ത്യന്‍ രൂപ ) ആണെന്നതാണ്‌. റണ്ണറപ്പുകള്‍ക്ക്‌ അഞ്ച്‌ ലക്ഷം ഡോളറും. പുതിയ കളിയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കിയാണ്‌ ഇത്രയും തുക താന്‍ മുടക്കുന്നതെന്ന്‌ അലന്‍ സമ്മതിക്കുന്നു. വെസ്‌്‌റ്റിന്‍ഡീസിലെ മുന്‍ നിര താരങ്ങള്‍ മുഴുവന്‍ ട്വന്റി-20 ലീഗില്‍ മല്‍സരിക്കുന്നു. ക്ലൈവ്‌ ലോയ്‌ഡ്‌, ഗോര്‍ഡന്‍ ഗ്രീനിഡ്‌ജ്‌, കര്‍ട്‌ലി ആംബ്രോസ്‌ തുടങ്ങിയ മുന്‍കാല താരങ്ങള്‍ ലീഗിന്റെ സംഘാടനത്തില്‍ സഹകരിക്കുന്നു. ട്വന്റി-20 യുടെ ഒരു ഇന്റര്‍ നാഷണല്‍ ലീഗാണ്‌ അലന്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്‌. ഇത്രയും പണവും സന്നാഹവുമായി അദ്ദേഹമതിന്‌ വേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ അതിനെ അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമുണ്ടാവില്ല. അത്‌ മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ്‌ ട്വന്റി-20 ലോക ചാമ്പ്യന്‍ഷിപ്പിന്‌ ഐ സി സി തന്നെ മുന്‍കൈ എടുത്തത്‌. പക്ഷെ, ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ഇപ്പോഴും കണ്ണടച്ച്‌ ഇരുട്ടാക്കാനുള്ള ശ്രമത്തിലാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ എന്ന പേരില്‍ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കാനുള്ള സീ സ്‌പോര്‍ട്‌സിന്റെ നീക്കത്തെ ചെറുക്കാനുള്ള കഠിന ശ്രമത്തിലാണവര്‍. സ്‌റ്റാന്‍ഫോര്‍ഡ്‌ വെസ്‌റ്റിന്‍ഡീസില്‍ കാണിച്ചത്‌ തന്നെയാണ്‌ സീ ഇന്ത്യയിലും ചെയ്യാന്‍ ശ്രമിക്കുന്നത്‌. ആകര്‍ഷകമായ പ്രതിഫലവും സമ്മാനതുകയും അവരും വാഗ്‌ദാനം ചെയ്യുന്നു. വിദേശ താരങ്ങളെ ഇന്ത്യയിലെത്തിച്ച്‌ കളിക്കാനിറക്കാനും സീ പദ്ധതിയിടുന്നു. ബ്രയാന്‍ ലാറ, സ്റ്റീഫന്‍ഫ്‌ളെമിങ്ങ്‌, ഇന്‍സമാമുല്‍ ഹഖ്‌ തുടങ്ങിയ വലിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ബി സി സി ഐ, സീ സ്‌പോര്‍ട്‌സ്‌ തെളിക്കുന്ന വഴിയിലൂടെ നടക്കോണ്ടി വരും.ട്വന്റി-20 ഇങ്ങനെ ലോകമെമ്പാടും വേരുറപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറാനിരിക്കുന്ന ലോകകപ്പിനെ കായിക ലോകം വലിയ പ്രാധാന്യത്തോടെ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ പോലെ ഈ ലോകചാമ്പ്യന്‍ഷിപ്പിനേയും വന്‍ ഹിറ്റാക്കി മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞതായി അതിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു. "മറ്റേത്‌ ലോകകപ്പിനേയും വെല്ലുന്ന തയ്യാറെടുപ്പുകളും സജ്ജികരണങ്ങളും ഇവിടെയുണ്ടാവൂം. മുമ്പ്‌ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ വിബയകരമായി സംഘടിപ്പിച്ചതിന്റെ ആത്മ വിശ്വാസം മുന്‍നിര്‍ത്തിയാണ്‌ ഞ്‌ങ്ങള്‍ ഇത്‌ പറയുന്നത്‌ " ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകരായ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രസിഡന്റ്‌ നോര്‍മന്‍ അരന്‍ഡസ്സേ പറയുന്നു. "ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നതിന്‌ വേണ്ടി ആകാക്ഷയോടെ കാത്തിരിക്കുകയാണ്‌. ഈ ചാമ്പ്യന്‍ഷിപ്പിനെ കാണുന്നത്‌ അഭിമാനത്തോടെയാണ്‌. ലോകത്തിന്‌ മുമ്പാകെ ഈ ഗെയിം ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള അവസരം എന്റെ രാജ്യത്തിന്‌ ലഭിച്ചിരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ട്‌" -ദക്ഷിണാഫ്രിക്കക്കാരനായ ഐ സി സി പ്രസിഡന്റ്‌ റേ മാലി പറയുന്നു. ഡര്‍ബനിലെ കിങ്‌സ്‌മീഡ്‌, ജൊഹന്നാസ്‌ബര്‍ഗിലെ വാണ്ടറേഴ്‌സ്‌,കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ്‌ എന്നിവിടങ്ങളിലാണ്‌ ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ നടക്കുന്നത്‌. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങള്‍ തന്നെയാണ്‌ വേദികളായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ചില ദിവസങ്ങളില്‍ ഒരേ ഗ്രൗണ്ടില്‍ തന്നെ രണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്‌. ക്രിക്കറ്റില്‍ ഇതും ഒരു പുതുമയാണ്‌. സെപ്‌തംബര്‍ പതിനൊന്ന്‌ മുതല്‍ 24 വരെ 12 ദിവസങ്ങള്‍ കൊണ്ട്‌ (സെമിക്കും ഫൈനലിനും മുമ്പ്‌ ഓരോ ദിവസം വിശ്രമ ദിനങ്ങള്‍) 27 മല്‍സരങ്ങള്‍ 12 ടീമുകള്‍ മാറ്റുരക്കുന്ന ഈ ടൂര്‍ണമെന്റില്‍ അരങ്ങേറും. രണ്ടര മുന്ന്‌ മണിക്കൂറിനുള്ളില്‍ ഓരോ കളിയും തീരും. ഏറ്റവും വലിയ ആകര്‍ഷകത പ്രതിരോധം ഇല്ലാത്ത കളിയാണിത്‌. ബാറ്റ്‌സ്‌മാനും ബൗളറും ഫീല്‍ഡറുമെല്ലാം ഏത്‌ സമയവും ആക്രമിച്ചുകൊണ്ടേടിയിക്കും. ആരു പറഞ്ഞു, ക്രിക്കറ്റ്‌ ബോറടിപ്പിക്കുന്ന കളിയാണെന്ന്‌ ? ക്രിക്കറ്റില്‍ മാറ്റത്തിന്റെ കാറ്റിന്‌ അവസാനമില്ല. ഒന്‍പത്‌ ദിവസം കളിച്ചില്ലും തീരുമാനമാവാതെ ഇരു ക്യാപ്‌റ്റന്‍മാര്‍ക്കും കൈകൊടുത്തുപിരിയേണ്ടി വന്ന ഗെയിമില്‍ ആണ്‌ ട്വന്റി-20 യും വേരോടുന്നത്‌. ഒന്‍പത്‌ ദിവസത്തെ ടെസ്റ്റ്‌ അരങ്ങേറിയ ഡെര്‍ബന്‍ ഇതാ ട്വന്റി-20 ലോകകപ്പിനും വേദിയാവുന്നു. കാണ്‍ക വിധിവൈപരീത്യം. പാരമ്പര്യ വാദികളുടെ സന്ദേഹങ്ങള്‍ക്ക്‌ തല്‍ക്കാലം ചെവികൊടുക്കാതിരിക്കാം. കൊടുങ്കാറ്റിന്റെ വേഗതയും ഇടിമിന്നലിന്റെ ശൗര്യവുമുള്ള പുതിയ ക്രിക്കറ്റിനെ നമുക്ക്‌ ആഘോഷിക്കാം.

Wednesday, July 11, 2007

അരേ ബാപ്പ്‌രേ......


387 ഏകദിന മാച്ചുകളില്‍ 41 സെഞ്ച്വറി, 15043 റണ്‍സ്‌. 137 ടെസ്‌റ്റില്‍ 37 സെഞ്ച്വറി, 10922 റണ്‍സ്‌. അതൊന്ന കൂട്ടിനോക്കൂ- 25965 റണ്‍സും 78 സെഞ്ച്വറിയും ! സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്ററെ ആരാധിക്കുന്ന പോലെ വിമര്‍ശിക്കാനും നിങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയെ തുടര്‍ന്ന സച്ചിന്‌ ആരാധകരിലും പത്ര മാധ്യമങ്ങളിലും ചില മുന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന്‌ പോലും ലഭിച്ച നിന്ദയെ മുന്‍നിര്‍ത്തിയാണ്‌ ഇത്‌ പറയുന്നത്‌. സച്ചിന്‌ കളിയവസാനിപ്പിക്കാന്‍ സമയമായെന്ന്‌ തുറന്നടിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഇന്നിപ്പോള്‍ സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ്‌ തികച്ചതാണ്‌ വിണ്ടും സച്ചിന്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നിന്ന്‌ നേടിയതിന്റെ ഒരു കണക്കെടുപ്പിന്‌ മുതിരാന്‍ കാരണം. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന്‌ 25965 റണ്‍സ്‌- വൗ എന്നായാലും അരേ ബാപ്പ്‌ രേ എന്നായാലും ഊയീ എന്നായാലും, ഏത്‌ ഭാഷയിലായാലും അറിയാതെ വായില്‍ നിന്ന്‌ ഒരാശ്ചര്യ ശബ്ദം ഈ കണക്ക്‌ കേള്‍ക്കുന്നവരില്‍ നിന്നുയരുന്നു. ക്രിക്കറ്റ്‌ കമന്റേറ്റര്‍മാരും ആരാധകരും എല്ലാം ഈ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ എത്രയോ തവണ കേട്ടുകഴിഞ്ഞു. ദക്ഷിണഫ്രിക്കക്കെതിരായ ഫ്യൂച്ചര്‍ കപ്പ്‌ ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മാച്ചുകളിലും തൊണ്ണൂറിന്‌ മുകളില്‍ റണ്‍സ്‌ നേടി സച്ചിന്‍ ആരാധകരുടെ ഹൃദയങ്ങളിലേക്ക്‌ തകര്‍പ്പന്‍ തിരിച്ചുവരവാണ്‌ നടത്തിയത്‌. പത്യേകിച്ചും ബെല്‍ഫാസ്റ്റില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സച്ചിന്റെ ഇന്നിങ്‌സ്‌. തന്റെ ചെറുപ്പകാലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ തന്റെ മികച്ച ഷോട്ടുകള്‍ മുഴുവന്‍ പുറത്തെടുത്ത്‌ നിര്‍ഭയനായി അടിച്ചുതകര്‍ത്ത സച്ചിന്‍ എന്തുകൊണ്ടാണ്‌ ഡോണ്‍ ബ്രാഡ്‌മാന്‍ മുതല്‍ ബ്രയാന്‍ ലാറ വരെയുള്ള ലോകോത്തര ബാറ്റ്‌സ്‌മാന്‍മാര്‍ "The Best" എന്ന്‌ തന്നെ വിശേഷിപ്പിച്ചതെന്ന്‌ ലോകത്തെ കാണിച്ചുകൊടുത്തു. ബാറ്റിങ്‌ തികച്ചും ദുഷ്‌ക്കരമായ പിച്ചില്‍ മേഘാവൃതമായ, മഞ്ഞുപെയ്യുന്ന, ദുഷ്‌ക്കരമായ അന്തരീക്ഷത്തില്‍ എന്റിനിയും നെല്ലും ബലം പകര്‍ന്ന മികച്ചബൗളിങ്‌ നിരക്കെതിരെ, ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങിനെതിരെയാണ്‌ സച്ചിന്റെ പ്രകടനമെന്നതും പരിഗണിക്കണം. തന്റെ പഴയ ഓപ്പണിങ്‌ പങ്കാളി സൗരവ്‌ ഗാംഗുലിക്കൊപ്പം ഒരിക്കല്‍ കൂടി സച്ചിന്‍ മികവിന്റെ കൊടുമുടിയിലേക്കുയരുകയായിരുന്നു. ഈ ഇന്നിങ്‌സില്‍ സൗരവിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. സൗരവ്‌- സച്ചിന്‍ സഖ്യത്തെ നമുക്ക്‌ തിരിച്ചു കിട്ടിയിരിക്കുന്നു. ഈ രണ്ടു ബാറ്റ്‌സ്‌മാന്‍മാര്‍ക്കും കരിയറില്‍ ആധികനാള്‍ ബാക്കിയില്ല. അതുകൊണ്ട്‌ അവര്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ കളിക്കുന്ന ഓരോ ഇന്നിങ്‌സുകളും നമുക്ക്‌ ആസ്വദിക്കാം. മുന്തിരി കോപ്പയിലെ അവസാന തുള്ളികള്‍ പോലെ.....രണ്ടാം ഏകദിനത്തില്‍ സച്ചിന്റെ ഇന്നിങ്‌സാണ്‌ ഇന്ത്യക്ക്‌ ജയമൊരുക്കിയതെങ്കില്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോറ്റുപോയതിന്‌ കാരണം സച്ചിന്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തില്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായതായിരുന്നു . സൗരവ്‌ ഗാഗുലിയും ഗൗതം ഗംഭീറും തുടക്കത്തില്‍ പുറത്തായതിന്‌ ശേഷം രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്നിങ്‌സ്‌ കെട്ടിപടുത്ത സച്ചിന്‍ സ്വഞ്ചറി തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു . റണ്‍സടിക്കാന്‍ വിഷമമുള്ള വിക്കറ്റില്‍ തുടക്കത്തില്‍ കരുതലോടെ കളിച്ച്‌ വിക്കറ്റ്‌ കാത്ത സച്ചിന്‍ പിന്നീട്‌ മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത്‌ സ്‌കോറിങിന്‌ വേഗം കൂട്ടി. അപ്പോള്‍ 260 ന്‌ മുകളിലേക്കുള്ള ഒരു സ്‌കോര്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമാം വിധം സച്ചിന്‍ റണ്ണൗട്ടായതോടെ ആ പ്രതീക്ഷ പൊലിഞ്ഞു. യുവരാജ്‌ സിങിനോ കാര്‍ത്തികിനോ പുതുമുഖമായ രോഹിത്‌ ശര്‍മക്കോ അവസാന ഓവറുകളില്‍ റണ്ണടിച്ചുകൂട്ടാനായില്ല. അന്ത്യത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക്‌ വഴിവെച്ചതും നഷ്ടമായ ഈ 15 ഓ 18 ഓ റണ്ണുകളാണ്‌. ടീമിലെ പകുതിയോളം പേര്‍ പനി ബാധിതരായിരുന്നു. കളിക്കാന്‍ പ്രാപ്‌തരായ പതിനൊന്ന്‌ പേരെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന്‌ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ നേരത്തയേ പറഞ്ഞുരുന്നു. ധോനി, ശ്രീശാന്ത്‌, അഗാര്‍ക്കര്‍ എന്നിവര്‍ പനി ബാധിച്ച്‌ കിടപ്പിലായിരുന്നു. കളിക്കാനിറങ്ങിയവരില്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ ഉള്‍പ്പെടെ മൂന്നോ നാലോ പേര്‍ പനി കാരണം പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നില്ല. പനിയുടെ ക്ഷീണവും വെച്ചാണ്‌ രാഹുല്‍ 93 പന്ത്‌ നീണ്ട 74 റണ്‍സിന്റെ ഇന്നിങ്‌സ്‌ കളിച്ചത്‌. പനിബാധ കാര്യമായി ബാധിച്ചത്‌ ബൗളിങ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെയാണ്‌. 50 ഓവര്‍ എറിഞ്ഞ്‌ തീര്‍ക്കാന്‍ യോഗ്യരായ അഞ്ച്‌ മുന്‍നിര ബൗളര്‍മാരെ അണിനിരത്താന്‍ കഴിയാത്ത അവസ്ഥ. ഓപ്പണിങ്‌ ബൗളറായ സഹീര്‍ ഖാന്‍ ആവട്ടെ പൂര്‍ണമായി ഫിറ്റ്‌ ആയിരുന്നില്ല. നാട്ടില്‍ വെച്ചേറ്റ പരിക്ക്‌ പൂര്‍ണമായി ഭേദമാവാതെ ഫിറ്റാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ്‌ സഹീര്‍ ടീമില്‍ കയറിപ്പറ്റിയതെന്ന്‌ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇത്തരം ഒപ്പിക്കല്‍ ഫിറ്റ്‌നസ്‌ സെര്‍ട്ടിഫിക്കറ്റുകള്‍ എന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമാണല്ലോ ? പനിബാധയില്‍ ക്ഷീണിച്ചുപോയ ഇന്ത്യന്‍ ബൗളിങ്ങിന്റെ ദൗര്‍ബല്യം മുതലെടുത്ത്‌ ദക്ഷിണാഫ്രിക്ക ഫ്‌ളുക്കില്‍ ജയിച്ചുകയറുകയായിരുന്നു എന്നു പറയുന്നതില്‍ ഒരപകടമുണ്ട്‌. അത്‌ ഒരു ബാറ്റ്‌സ്‌മാനോടും അയാള്‍ ഈ മാച്ചില്‍ കളിച്ച മനോഹരമായ ഇന്നിങ്‌സിനോടുമുള്ള നിന്ദയാവും. ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ജാക്‌ കാലിസിന്റെ ഈ ഇന്നിങ്‌സ്‌ ഓര്‍ക്കപ്പെടേണ്ട ഒന്നാണ്‌. ടെസ്റ്റിലും ഏകദിന മാച്ചുകളിലും നിരന്തരം തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ടിരിക്കുന്ന കാലിസ്‌ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന പദവിക്കായി സച്ചിന്‍, പോണ്ടിങ്‌, ലാറ എന്നിവരോട്‌ മല്‍സരിക്കാന്‍ പ്രാപ്‌തനാണെന്ന്‌ തെളിയിച്ചു കഴിഞ്ഞു. മിക്കവാറും കാലിസ്‌ ഒറ്റക്ക്‌ തന്നെ പിടിച്ചുവാങിയ ജയമായിരുന്നു ഇത്‌. നാല്‌ ഓവറില്‍ 20 റണ്‍സ്‌ വഴങി രണ്ട്‌ വിക്കറ്റ്‌, രണ്ട്‌ ക്യാച്ച്‌, 116 പന്തില്‍ പുറത്താവാതെ 91 റണ്‍സും- ക്യാപ്‌റ്റന്റെ കളി !

കളി മാറുന്നു, കപ്പും


1971 മാര്‍ച്ച്‌ ഒന്നിന്‌ ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ലോര്‍ഡ്‌സ്‌ ഗ്രൗണ്ടില്‍ പ്രഥമ ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഉദ്‌ഘാടന മല്‍സരത്തിന്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ മൈക്ക്‌ ഹെന്‍ റി ഡെന്നസും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശ്രീനിവാസന്‍ വെങ്കിട്ടരാഘവനും അമ്പയര്‍ ഡേവിഡ്‌ കോണ്‍സ്‌റ്റന്റിനൊപ്പം ടോസ്‌ ചെയ്യാനിറങ്ങുമ്പോള്‍ യാഥാസ്‌തിതികരായ ക്രിക്കറ്റ്‌ പണ്ഡിതന്‍മാര്‍ മുഖം തിരിച്ചു കളഞ്ഞു. കാരണം ക്രിക്കറ്റെന്നാല്‍ ടെസ്റ്റ്‌ ക്രിക്കറ്റാണെന്ന കടുംപിടുത്തത്തിലായിരുന്നു അവര്‍. ഏകദിന ക്രിക്കറ്റ്‌ അന്ന്‌ ബാല്യദശയിലായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ പത്തൊന്‍പതാമത്തെ മല്‍സരമായിരുന്നു അത്‌. പക്ഷെ, അന്ന്‌ മുഖം തിരിച്ചുനിന്നവര്‍ക്ക്‌ അതിവേഗം നിയന്ത്രിത ഓവര്‍ മല്‍സരങ്ങളുടെ വഴിക്ക്‌ ഓടേണ്ടി വന്നു. പതുക്കെ ഏകദിന മല്‍സരങ്ങള്‍ പ്രചാരത്തിലും ജന പ്രിയതയിലും ടെസ്റ്റ്‌ മാച്ചുകളെ കടത്തി വെട്ടിയത്‌ ഇന്ന്‌ ക്രിക്കറ്റ്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. മുന്നുമാസം മുമ്പ്‌ വെസ്റ്റിന്‍ഡീസില്‍ നടന്ന ഒന്‍പതാം ലോകകപ്പ്‌ കായികരംഗത്തെ ഒരു മഹാസംഭവമായി മാധ്യമലോകവും ക്രിക്കറ്റ്‌ പ്രേമികളും ആഘോഷിച്ചപ്പോള്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ എന്ന ആശയത്തെ തന്നെ പുഛിച്ചുതള്ളിയിരുന്ന അന്നത്തെ പാരമ്പര്യ വാദികളുടെ വങ്കത്തരം ഒരിക്കല്‍കൂടി അനുസ്‌മരിക്കപ്പെട്ടു. 35 വര്‍ഷത്തെ അതേ അവസ്ഥ ഒരിക്കല്‍ കൂടി ക്രിക്കറ്റില്‍ പുനഃസൃഷ്ടിക്കപ്പെടുകയാണ്‌ . ഇപ്പോള്‍ ക്രിക്കറ്റില്‍ പരിവര്‍ത്തനത്തിന്റെ കാഹളം ഉയര്‍ത്തുന്നത്‌ ട്വന്റി-20 എന്ന പുതിയ രൂപമാണ്‌ .ഇതാ ട്വന്റി-20 ക്രിക്കറ്റിലും ലോകകപ്പ്‌ അവതരിപ്പിക്കപ്പെടുന്നു. അന്നത്തെ പോലെ പുതിയ കളിയുടെ പ്രസക്തിയും സാധ്യതയും ചോദ്യം ചെയ്‌തു കൊണ്ട്‌ സംശയവാദികളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ സെപ്‌തംബര്‍ 11ന്‌ ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ഈ ലോകകപ്പ്‌ ഇപ്പോഴേ ഹിറ്റായി കഴിഞ്ഞെന്നാണ്‌ സൂചന. പൗതുജനങ്ങള്‍ക്കായി ലോകകപ്പിന്റെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ച ആദ്യദിവസം തന്നെ 22000 ടിക്കറ്റുകള്‍ വിറ്റു. പതിവ്‌ ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌ പുറമെ ഇംഗ്ലണ്ടിലേയും ദക്ഷിണാഫ്രിക്കയിലേയുമെല്ലാം വലിയൊരു വിഭാഗം കായിക പ്രേമികള്‍ ട്വന്റി-20 യുടെ ആരാധകരും വക്താക്കളുമായി രംഗത്തെത്തുന്നു. ഇംഗ്ലണ്ടിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രചാരത്തിലുള്ള ചില ഫാന്‍സൈറ്റുകളില്‍ കാണുന്ന മെസ്സേജുകള്‍ ആ രീതിയിലാണ്‌. ക്രിക്കറ്റ്‌ എനിക്കിഷ്ടമല്ല, അത്‌ ബോറാണ്‌. പക്ഷെ ഈ കളി എനിക്കിഷ്ടമായി.... ഇങ്ങനെ നൂറുകണക്കിന്‌ മെസ്സേജുകള്‍. അടിസ്ഥാനപരമായി ക്രിക്കറ്റിന്റെ നിയമവും രീതികളുമാണ്‌ ട്വന്റി-20 ക്കെങ്കിലും കളികാണാനെത്തുന്ന ആരാധകരുടെ പെരുമാറ്റവും താരങ്ങളുടെ ആഘോഷവുമെല്ലാം ഇത്‌ ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോളിനെയാണ്‌ അനുസ്‌മരിപ്പിക്കുന്നത്‌. ഏകദിന മല്‍സരത്തോളം സമയം മിനക്കെട്ടിരിക്കേണ്ടെന്നതും കൂടുതല്‍ തീപ്പാറുന്ന ആക്ഷന്‍ രംഗങ്ങല്‍ സൃഷ്ടിക്കുന്നുവെന്നതും തീര്‍ച്ചയായും ട്വന്റി-20യുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ കൗണ്ടിയില്‍ 2003 തൊട്ടേ ട്വന്റി-20 കപ്പ്‌ എന്ന പേരില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നു. അത്‌ കൗണ്ടിയിലെ മറ്റ്‌ ചാമ്പ്യന്‍ഷിപ്പുകളെ ജനപ്രിയതയില്‍ പിന്നിലാക്കികഴിഞ്ഞുവെന്നാണ്‌ സത്യം.1971ലെ ആദ്യ ഏകദിന ലോകകപ്പിനോട്‌ ഇന്ത്യ തികച്ചും നിഷേധാത്മകമായ സമീപനമാണ്‌ പുലര്‍ത്തിയത്‌്‌. എങ്ങനെയാണ്‌ ഏകദിനമല്‍സരങ്ങളില്‍ ബാറ്റ്‌ ചെയ്യേണ്ടത്‌ എന്നു പോലും അറിയാത്ത വിധത്തില്‍ കളിച്ച്‌ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ നാണക്കേട്‌ വരുത്തിവെച്ചു. കളിക്കാരെ പോലെ ബോര്‍ഡും അന്ന്‌ കളി കാര്യമായി എടുത്തിരുന്നില്ല. ലോകകപ്പിന്‌ മുമ്പ്‌ രണ്ട്‌ ഏകദിന മല്‍സരമായിരുന്നു ഇന്ത്യ കളിച്ചിരുന്നത്‌. ഇപ്പോള്‍ ട്വന്റി-20 യുടെ കാര്യം അതിലും കഷ്ടമാണ്‌. തുടക്കത്തില്‍ ഈ കളിയെ അംഗീകരിക്കാന്‍ ഏറ്രവും വിമുഖത കാണിച്ചത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ തന്നെ. കഴിഞ്ഞ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരു ട്വന്റി-20 മല്‍സരം ഉള്‍പ്പെടുത്തണമെന്ന്‌ ദഷിണാഫ്രിക്കന്‍ ബോര്‍ഡ്‌ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡ്‌ മടിച്ചുമടിച്ചാണ്‌ അതിന്‌ വഴങ്ങിയത്‌. ആ മാച്ച്‌ ഇന്ത്യ ജയിച്ചു. ഇന്നേവരെ ഇന്ത്യന്‍ ടീം കളിച്ച ഏക അന്താരാഷ്ട്ര ട്വന്റി-20 മല്‍സരം അതുതന്നെ. ലോകകപ്പില്‍ കളിക്കുന്ന മറ്റു ടീമുകളില്‍ മിക്കവരും അന്താരാഷ്ട്ര ട്വന്റി-20 മാച്ചുകളില്‍ കളിക്കാനൊരുങ്ങുകയാണ്‌. അടുത്തമാസങ്ങളിലെ അവരുടെ ടൂര്‍ പ്രോഗ്രാമുകളില്‍ ട്വന്റി-20 മാച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ജൂണ്‍ 28നും 29നും ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ രണ്ട്‌ മാച്ചുകള്‍ കളിച്ചു. പാകിസ്‌താന്‍, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്‌, ശ്രീലങ്ക, കാനഡ എന്നീ ടീമുകള്‍ സെപ്‌തംബറില്‍ ടൊറന്റോയില്‍ ടൂര്‍ണമെന്റ്‌ കളിക്കും. ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പാകിസ്‌താനും സ്‌കോട്ട്‌ലന്റുമാണ്‌ ഇന്ത്യയുടെ പ്രതിയോഗികള്‍. ഇന്ത്യന്‍ ബോര്‍ഡ്‌ ഓസ്‌ട്രേലിയക്കെതിരെ രണ്ട്‌ ട്വന്റി-20 മാച്ചുകള്‍ കളിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ ആ മാച്ചുകള്‍ ലോകകപ്പിന്‌ ശേഷമാണ്‌. അപ്പോള്‍ ഒരു തയ്യാറെടുപ്പുമില്ലാതെയാണ്‌ ഇന്ത്യന്‍ താരങ്ങള്‍ ട്വന്റി-20 ലോകകപ്പിനിറങ്ങുക.എന്നിരുന്നാലും ഒട്ടേറെ ചര്‍ച്ചകള്‍ക്ക്‌ ശേഷം ഇന്ത്യന്‍ ബോര്‍ഡ്‌ ഈയിടെ ട്വന്റി-20 ദേശീയചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിച്ചിരുന്നു. ആ ചാമ്പ്യന്‍ഷിപ്പ്‌ വന്‍വിജയമായി മാറി. നമ്മുടെ കളിക്കാരില്‍ നിന്ന്‌ പ്രതീക്ഷ നല്‍കുന്ന ചില പ്രകടനങ്ങളും കണ്ടു. രസകരമായ വസ്‌തുത രഞ്‌ജി മാച്ചുകളില്‍ കളിച്ചുതെളിഞ്ഞവരോ, മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെച്ചവരോ ആയിരുന്നില്ല അവരെന്നതാണ്‌.നിലവിലെ ടീമിലെ പ്രായം കൂടുതലുള്ള, ഫിറ്റ്‌നസ്‌ കുറഞ്ഞ കളിക്കാരെ മാറ്റിനിര്‍ത്തി ട്വന്റി-20 ദേശിയചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമോയെന്നതാണ്‌ വിലയേറിയ ചോദ്യം. നിലവിലെ സാഹചര്യത്തില്‍ അങ്ങനെയൊരു പുതുമുഖ ടീമിനെ സെലക്‌റ്റ്‌ ചെയ്യാനുള്ള സാധ്യത കുറവാണ്‌. ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന്‌ ടീമില്‍ അഴിച്ചുപണി നടത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ബോര്‍ഡ്‌ അധികൃതര്‍ കാട്ടികൂട്ടിയത്‌? പ്രതിസന്ധി നേരിടാന്‍ പഴയകളിക്കാരുടേയും വിധഗ്‌ദരുടേയും യോഗം ചേര്‍ന്ന്‌ കടുത്ത ശുദ്ധീകരണ നടപടികള്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശ്‌ പര്യടനത്തിനുള്ള ഏകദിന ടീമില്‍ നിന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കറേയും സൗരവ്‌ ഗാംഗുലിയേയും മാറ്റിനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം വരുന്നു എന്ന്‌ ഒരുവേള ചിന്തിച്ചുപോയി.പക്ഷെ അതിനു ശേഷം എന്ത്‌ സംഭവിച്ചു? ഒരു മാസത്തിനുള്ളില്‍ തന്നെയിതാ പഴയവര്‍ എല്ലാം ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. എന്തിന്‌ അജിത്‌ അഗാര്‍ക്കര്‍ പോലും! ഈ സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പിനും പുതിയൊരു ടീമിനെ കണ്ടെത്താന്‍ ബോര്‍ഡ്‌ തയ്യാറാകുമെന്ന്‌ കരുതുക വയ്യ.ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 10 മാച്ചില്‍ നിന്ന്‌ 313 റണ്‍സെടുത്ത പഞ്ചാബിന്റെ ഇരുപത്‌കാരന്‍ കരണ്‍ ഗോയല്‍, 8 മാച്ചില്‍ 300 റണ്‍സ്‌ നേടിയ ഗുജറാത്തിന്റെ നീരജ്‌ പട്ടേല്‍, 10 മാച്ചില്‍ 285 റണ്‍സെടുത്ത തമിഴ്‌ നാടിന്റെ ദേവേന്ദ്രന്‍, ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ഏക സ്വഞ്ച്വറി സ്‌കോര്‍ ചെയ്‌ത രോഹിത്‌ ശര്‍മ- ഇവരില്‍ ആരെയെങ്കിലുമൊക്കെ ലോകകപ്പ്‌ ടീമിലേക്ക്‌ പരിഗണിക്കുമോയെന്ന്‌ കണ്ടറിയണം. രോഹിത്‌ ശര്‍മയെ ഇപ്പോള്‍ ഏകദിന ടീമില്‍ ഉള്‍പ്പെയുത്തിയിട്ടുണ്ട്‌. ദേവേന്ദ്രന്‍ ട്വന്റി-20 മാച്ചുകള്‍ക്ക്‌ തികച്ചും യോജിച്ച കളിക്കാരനാണെന്ന വിലയിരുത്തപ്പെടുന്നു. ട്വന്റി-20 യില്‍ അല്ലാതെ മറ്റൊരു ഫസ്റ്റ്‌ ക്ലാസ്‌ മാച്ചിലും ദേവേന്ദ്രന്‍ ഇതുവരെ കളിച്ചിട്ടില്ല. ലോകകപ്പിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമെല്ലാം ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. ഏകദിന ടീമിലെ പകുതിയിലേറെ കളിക്കാരില്ലാതെയാവും അവര്‍ ലോകകപ്പില്‍ മാറ്റുരക്കുക. ആഭ്യന്തര ലീഗില്‍ നിരന്തരം ട്വന്റി-20 മാച്ചുകള്‍ കളിക്കുന്നത്‌ കൊണ്ട്‌ സ്‌പെഷ്യലിസ്റ്റുകളെ കണ്ടെത്താന്‍ അവര്‍ക്കു പ്രയാസമുണ്ടാകില്ല. ഇതുവരെ നമ്മള്‍ കണ്ടു ശീലിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു ഗെയിം ആവും നമ്മള്‍ ദക്ഷിണാഫ്രിക്കയില്‍ കാണുക. കളി മാറുകയാണ്‌. അതിനൊത്ത്‌ മാറാന്‍ സന്നദ്ധരാവുന്നവര്‍ അതിജീവിക്കും മറ്റുള്ളവര്‍ ചവറ്റുകുട്ടയില്‍ പോവും. ദക്ഷിണാഫ്രിക്ക ഈ പരിണാമത്തിന്റെ പരീക്ഷണ വേദിയൊരുക്കുന്നു. പുതിയ കാഴ്‌ചകള്‍ക്ക്‌ നമ്മള്‍ക്കും തയ്യാറെടുക്കാം. ടെസ്റ്റ്‌ കളിക്കുന്ന ഒന്‍പത്‌ ടീമുകള്‍ക്കൊപ്പം കെനിയ, സിംബാബ്വേ, സ്‌കോട്ട്‌ലണ്ട്‌ എന്നീ ടീമുകളാണ്‌ ലോകകപ്പില്‍ മാറ്റുരക്കുക. 12 ടീമുകളെ നാല്‌ ഗ്രൂപ്പായി തിരിച്ചാണ്‌ ആദ്യ റൗണ്ടില്‍ മല്‍സരം. ഓരോ ഗ്രൂപ്പിലും നിന്ന്‌ രണ്ട്‌ വീതം ടീമുകള്‍ അടുത്ത റൗണ്ടിലേക്ക്‌ യോഗ്യത നേടും. രണ്ടാം റൗണ്ടില്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ്‌ മല്‍സരം. എ, സി ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും(എ 1,സി 1) ബി,ഡി ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരും(ബി 2, ഡി 2) ഇ ഗ്രൂപ്പില്‍ മല്‍സരിക്കും. ബി, ഡി ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും(ബി 1, ഡി 1) എ, സി ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരും(എ 2, സി 2) എഫ്‌ ഗ്രൂപ്പില്‍ മല്‍സരിക്കും. രണ്ടാം റൗണ്ടിലെ രണ്ടു ഗ്രൂപ്പുകളിലും നിന്ന്‌ കൂടുതല്‍ പോയന്റ്‌ നേടുന്ന രണ്ട്‌ വീതം ടീമുകള്‍ സെമിയിലും മല്‍സരിക്കും.യൊഹന്നാസ്‌ബര്‍ഗ്‌, കേപ്‌ടൗണ്‍, ഡര്‍ബന്‍ എന്നിവിടങ്ങളിലാണ്‌ മല്‍സരം. ഗ്രൂപ്പ്‌ എ-ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്‌, ബംഗ്ലാദേശ്‌ഗ്രൂപ്പ്‌ ബി-ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, സിംബാബ്വേഗ്രൂപ്പ്‌ സി-ന്യൂസീലണ്ട്‌, ശ്രീലങ്ക, കെനിയ ഗ്രൂപ്പ്‌ ഡി-ഇന്ത്യ, പാകിസ്‌താന്‍,

Friday, June 8, 2007

വലിയ ജയം, ചെറിയ നേട്ടം


ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ്‌ ടീം മാനേജ്‌മെന്റും ക്രിക്കറ്റ കണ്‍ട്രോള്‍്‌ ബോര്‍ഡും. ലോകകപ്പിലെ പരാജയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന്‌ കരകയറുക അത്ര എളുപ്പമല്ലെന്ന്‌ അവര്‍ക്ക്‌ മറ്റാരേക്കാളും ബോധ്യമുണ്ട്‌. കാരണം ടീമിനേയും കളിക്കാരേയും സ്‌പോണ്‍സര്‍ചെയ്യാന്‍ കോര്‍പ്പറേറ്റുകളും ഏജന്‍സികളും പണ്ടത്തെപ്പോലെ താല്‍പര്യം കാണിക്കുന്നില്ല. മല്‍സരങ്ങളുടെ സ്‌പ്രേഷണാവകാശത്തിന്‌ വേണ്ടി പഴയ പോലെ ടി വി ചാനലുകള്‍ ക്യൂ നില്‍ക്കുന്നില്ല. ജനമനസ്സുകളില്‍ കളിക്കും കളിക്കാര്‍ക്കുമുണ്ടായിരുന്ന സാഥാനം പതുക്കെ നഷ്ടമാവുന്നുവെന്ന തിരിച്ചറിവ്‌ അവരെ സംബന്ധിച്ചിടത്തോളം ഹൃദയ ഭേധകമാവുമല്ലോ? അതുകൊണ്ട്‌ തന്നെയാണ്‌ ക്രിക്കറ്റ്‌ എന്ന കളിയിലെ ദൈവമായി പ്രതിഷ്ടിക്കപ്പെട്ടിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ പോലും ഒഴിച്ചു നിര്‍ത്തി ടീമിനെ ഉടച്ചുവാര്‍ക്കുന്നു, ഇനിയത്തേത്‌ ഒരു പുതിയ ടീം ആണ്‌ എന്നെല്ലാമുള്ള ധാരണ സൃഷിടിക്കാന്‍ ബോര്‍ഡ്‌ ശ്രമിച്ചത്‌. ഏതായാലും സച്ചിനും ഗാംഗുലിയും ഇല്ലാത്ത ഏകദിന ടീമും അവരുള്ള ടെസ്‌റ്റ്‌ ടീമും ബംഗ്ലാദേശില്‍ ആധികാരിക ജയം നേടി. പക്ഷെ, ഇതുകൊണ്ടൊന്നും പഴയ പ്രതാപം, താരപരിവേഷം തിരിച്ചു കിട്ടുന്നില്ല. ബംഗ്ലാദേശിനെതിരായ ജയം എത്ര വലിയ മാര്‍ജിനിലുള്ളതായാലും കൊണ്ടാടാനുള്ളതല്ലെന്ന്‌ കളിയുടെ ഏബീസീഡി പഠിച്ചവര്‍ക്കറിയാം. ഈ ജയത്തിന്‌ അര്‍ഹിക്കുന്ന പ്രാധാന്യമേ തല്‍ക്കാലം നല്‍കേണ്ടതുള്ളൂ. എന്നിരിക്കിലും, ശൂഭകരമായ ചില സൂചനകള്‍ ഈ വിജയം നല്‍കുന്നുവെന്നത്‌ കാണാതിരുന്നു കൂടാ. സമീപ കാലത്ത്‌ ടെസ്റ്റ്‌ മാച്ചുകളില്‍ ഇന്ത്യന്‍ ടിമിന്റെ പ്രകടനം ഏകദിന മല്‍സരങ്ങളെ അപേക്ഷിച്ച്‌ മികച്ചതാണെന്നത്‌ കൂടി ഇവിടെ പരിഗണിക്കണം. വെസ്‌റ്റിന്‍ഡീസില്‍ പോയി പരമ്പര ജയിച്ചു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ്‌ ജയിച്ചു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്‌റ്റില്‍ നേടിയ ഇന്നിങ്ങ്‌സ്‌ വിജയവും അതിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. ഒരിന്നിങ്‌സിനും 239 റണ്‍സിനുമാണ്‌ ഇന്ത്യ ജയിച്ചത്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഇന്നേവരെ ഇന്ത്യ നേടിയ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമാണിത്‌. ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ ജയിക്കാതെ പോയത്‌ മഴ കാരണം ഏറെ സമയം കളി മുടങ്ങിയത്‌ കൊണ്ട്‌ മാത്രമാണ്‌. ടെസ്‌റ്റ്‌ മാച്ചുകളില്‍ കളിക്കാന്‍ തല്‍ക്കാലം ഇന്ത്യയുടെ ഈ 'വയസ്സന്‍പട' തന്നെ മതിയെന്നല്ലേ ഇത്‌ സൂചിപ്പിക്കുന്നത്‌. കൂടുതല്‍ ചടുലതയും ആര്‍ജ്ജവവും ആവശ്യമായ ഏകദിന മല്‍സരങ്ങള്‍ക്ക്‌ കൂടുതല്‍ യുവതാരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെ കളിപ്പിക്കുകയും സച്ചിന്‍, സൗരവ്‌, ്‌നില്‍ കുംബ്ലെ തുടങ്ങിയവരെ ടെസ്റ്റ്‌ മാച്ചുകള്‍ക്ക്‌ മാത്രം ഉപയോഗിക്കുകയും ചെയ്യുകയെന്ന ഇപ്പോഴത്തെ നിലപാട്‌ ഗുണം ചെയ്യുമെന്നെങ്കിലും ഈ ബംഗ്ലാദേശ്‌ പര്യടനം തെളിയിച്ചിരിക്കുന്നു. അപ്പോഴും ഒരു ചോദ്യം നാവില്‍ വരുന്നു. സത്യത്തില്‍ ഗ്രെഗ്‌ ചാപ്പല്‍ നേരത്തെ നിര്‍ദ്ദേശിച്ചതും ഇതു തന്നെയായിരുന്നില്ലേ, ആ പദ്ധതി നമ്മുടെ സീനിയര്‍ താരങ്ങള്‍ ചേര്‍ന്ന്‌ അട്ടിമറിക്കുകയായിരുന്നില്ലേ? ഇപ്പോഴും ഏകദിന ടീമില്‍ തിരിച്ചെത്താനുള്ള വാശിയോടുള്ള ശ്രമമാണ്‌ നമ്മുടെ സീനിയര്‍ താരങ്ങള്‍ നടത്തുന്നത്‌. അതവര്‍ക്ക്‌ ദോഷമേ ചെയ്യുള്ളൂവെന്നത്‌ അനുഭവത്തില്‍ നിന്ന്‌ അവര്‍ പഠിച്ചില്ലെങ്കില്‍, അതവരുടെ തന്നെ കുറ്റമാണ്‌. സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ പെരുമാറാന്‍ കഴിയുകയെന്നത്‌ മികച്ച കായികതാരത്തിന്‌ അനിവാര്യമായ ഗുണമാണ്‌. ടെസ്റ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ മുന്നോട്ട്‌ പോയാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ ഇനിയും ഏറെ നേട്ടങ്ങളും, ആരാധകര്‍ പ്രതീക്ഷിക്കുന്നത്‌ പോലെ റെക്കോര്‍ഡുകളും സൃഷ്ടിക്കാന്‍ കഴിയും. ബംഗ്ലാദേശിന്റെ താരതമ്യേന ദുര്‍ബലമായ ബൗളിങ്‌ നിരയ്‌ക്കെതിരെയാണെങ്കിലും രണ്ട്‌ ടെസ്‌റ്റിലും തുടര്‍ച്ചയായി സെഞ്ച്വറി നേടാനായത്‌ തുടരെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സച്ചിന്‌ ഏറെ ആശ്വാസകരമാണ്‌. ടെസ്‌റ്റ്‌ മാച്ചുകളില്‍ സച്ചിന്‍ നേടിയ സെഞ്ച്വറികളുടെ എണ്ണം 37 ആയി. ലോകറെക്കോര്‍ഡിന്റെ കാര്യത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങിനേക്കാള്‍ നാലെണ്ണമധികം. മൊത്തം 10922 റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത്‌ കഴിഞ്ഞ സച്ചിന്‌ ടെസ്‌റ്റ്‌ റണ്ണുകളുടെ കാര്യത്തില്‍ ലോകറെക്കോര്‍ഡ്‌ സൃഷ്ടിക്കാന്‍ 1032 റണ്‍സ്‌ കൂടി വേണം. 11953 റണ്‍സെടുത്ത ബ്രയാന്‍ ലാറയുടെ പേരിലാണ്‌ ഇപ്പോള്‍ റെക്കോര്‍ഡ്‌. വ്യക്തമായ ആസൂത്രണത്തോടെ കരിയര്‍ പ്ലാന്‍ ചെയ്‌ത, ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി കളിച്ചാല്‍, ആ റെക്കാര്‍ഡ്‌ സച്ചിന്‌ മറികടക്കാവുന്നതേയുള്ളൂ. അതു തന്നെയാണ്‌ സച്ചിന്‍ ഏകദിന മല്‍സരങ്ങളില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന്‌ പറയാനുള്ള കാരണങ്ങളില്‍ ഒന്ന്‌. (ഏകദിനങ്ങളില്‍ സച്ചിന്‍ പതിനയ്യായിരത്തോളം റണ്‍സും 41 സെഞ്ച്വറിയും ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ അധികം ഇനിയെന്ത്‌ വേണം?) സച്ചിനൊപ്പം ടീമിലെ സീനിയര്‍ കളിക്കാരനായ സൗരവ്‌ ഗാംഗുലിക്കും ഈ പരമ്പര ആശ്വസിക്കാന്‍ വക നല്‍കുന്നു. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ദാദ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ തെളിയിച്ചു. ടെസ്റ്റില്‍ (ടെസ്‌റ്റില്‍ മാത്രം) രണ്ടു വര്‍ഷം കൂടി കളിക്കാനുള്ള 'ബാല്യം' ഉണ്ടെന്നാണ്‌ സൗരവും നല്‍കുന്ന സൂചന. ഇന്ത്യന്‍ ക്രിക്കറ്റിലെ സമീപ കാലത്തെ മികച്ച കണ്ടെത്തല്‍ ദിനേഷ്‌ കാര്‍ത്തികാണെന്ന നിഗമനത്തിന്‌ ഈ ബംഗ്ലാ പര്യടനം അടിവരയിടുന്നു. മികച്ച ടെസ്റ്റ്‌ ഓപ്പണറെന്ന നിലയിലേക്കുള്ള കാര്‍ത്തികിന്റെ വളര്‍ച്ച പ്രാധാന്യത്തോടെ കാണേണ്ട സംഭവ വികാസമാണ്‌. പ്രത്യേകിച്ചും വീന്ദേര്‍ സെവാഗിന്‌ ഫോം വീണ്ടെടുക്കാന്‍ കഴിയാതെ പോവുന്ന സാഹചര്യത്തില്‍. സെവാഗിനെ പോലെ തന്നെ മധ്യനിര ബാറ്റ്‌സ്‌മാനായ ദിനേഷ്‌ ഓപ്പണറുടെ റോള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായതാണ്‌. ലഭിച്ച അവസരങ്ങള്‍ ഒന്നും പാഴാക്കാത്ത ഈ 21കാരന്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷക്കും അപ്പുറത്തേക്ക്‌ പോവുന്നു. സാഹചര്യത്തിനൊത്ത്‌ ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാനും ദിനേഷിന്‌ കഴിയുന്നു. കരിയറിന്റെ തുടക്കം തൊട്ടേ ഓപ്പണറായി തന്നെ കളിക്കുന്ന മൂംബൈക്കാര്‍ സലീം ജാഫര്‍ പക്ഷെ ഇപ്പോഴും വലിയ വെല്ലുവിളികള്‍ ഓറ്രെടുക്കാനുള്ള കെല്‍പ്പ്‌ കാണിക്കുന്നില്ല. ഇതിന്‌ മുമ്പ്‌ കളിച്ച ദക്ഷിണാഫ്രിന്‍ പര്യടനത്തിലെന്ന പോലെ ഈ പരമ്പരയിലും ഒരു സെഞ്ച്വറി നേടിയിരുന്നുവെങ്കിലും ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നത്‌ പലിയ പരാധീനത തന്നെ. എന്നിരിക്കിലും ഇന്ന്‌ ഇന്ത്യയില്‍ ലഭ്യമായ മെച്ചപ്പെട്ട ഓപ്പണിങ്ങ്‌ സഖ്യം എന്ന നിലയില്‍ കാര്‍ത്തിക്‌-ജാഫര്‍ സഖ്യത്തിന്‌ പരമാവധി അവസരങ്ങള്‍ നല്‍കണം.ദീര്‍ഘകാലം ആശ്രയിക്കാവുന്ന ബൗളിങ്‌ കോമ്പിനേഷന്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്‌ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴഞ്ഞിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌. തളര്‍ച്ചയില്ലാതെ ഏറെ നേരം ബൗള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ബൗളിങ്‌ കോമ്പിനേഷനെ കണ്ടെത്തുകയെന്നത്‌ ടെസ്റ്റ്‌ ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌. ഓസ്‌ട്രേലിയക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ സര്‍വാധിപത്യം നേടിക്കൊടുക്കുന്നതില്‍ ഗ്ലെന്‍ മെഗ്രാത്ത്‌-ഗില്ലസ്‌പി-ഷെയിന്‍ വോണ്‍ സഖ്യത്തിനുള്ള പങ്ക്‌ നിസ്‌തുലമാണ്‌. മുമ്പ്‌ പാകിസ്‌താന്‍ വസീം അക്രം-വഖാര്‍ യൂനുസ്‌-സഖ്‌ലയിന്‍ മുഷ്‌താഖ്‌ എന്നിവരെ മുന്‍നിര്‍ത്തി വിജയങ്ങള്‍ കൊയ്‌തിരുന്നു. ഇതു പോലെ ദീര്‍ഘ കാലം ആശ്രയിക്കാവുന്ന ബൗളിങ്‌ കോമ്പിനേഷന്‍ കണ്ടെത്തുക എന്നൊരു വെല്ലുവിളി അങ്ങനെ തന്നെ ഇന്ത്യന്‍ സെലക്‌റ്റര്‍മാരുടെ മുന്നില്‍ നില്‍ക്കുന്നു. ബംഗ്ലാ പര്യടനത്തിന്‌ പോയ ഫ്രണ്ട്‌ലൈന്‍ ബൗളര്‍മാരില്‍ ശ്രീശാന്തിനും മുനാഫ്‌ പട്ടേലിനും പരിക്കേറ്റ്‌ തിരിച്ചു പോരേണ്ടി വന്നു. അവരുടെ അഭാവത്തില്‍ ആര്‍ പി സിങ്ങും വി ആര്‍ വി സിങ്ങും തങ്ങളുടെ ജോലി തരക്കേടില്ലാതെ നിര്‍വ്വഹിച്ചെങ്കിലും വലിയ പ്രതീക്ഷകളായി ഉയര്‍ത്തിക്കാട്ടാനാവില്ല. ശ്രീ തന്നെയാണ്‌ ഇപ്പോഴും സെലക്‌റ്റര്‍മാരുടെ പരിഗണനയില്‍ മുന്നില്‍ നില്‍ക്കുന്നത്‌. സഹീര്‍-ശ്രീ-ആര്‍ പി സംഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടാവും വരാനിരിക്കുന്ന ഇംഗ്ലീഷ്‌ പര്യടനത്തിനുള്ള സെലക്ഷന്‍. തുടരെ പരിക്കേല്‍ക്കുന്നുവെന്നത്‌ മുനാഫിന്റെ കരിയറിനു തന്നെ ഭീഷണിയായി മാറുകയാണ്‌. ഡല്‍ഹിക്കാരന്‍ ഇഷാന്ത്‌ ശര്‍മ ഇനിയും വലിയ യുദ്ധങ്ങള്‍ക്ക്‌ പര്യാപ്‌തനായിട്ടില്ല. സ്‌പിന്‍ നിരയില്‍ ഇപ്പോഴും കുംബ്ലെയില്‍ തന്നെ വിശ്വാസമര്‍പ്പിക്കേണ്ട അവസ്ഥയാണ്‌. പിയൂഷ്‌ ചൗള മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കുന്നുമില്ല. രമേഷ്‌ പവാര്‍ വിക്കറ്റുകള്‍ നേടുന്നുവെങ്കിലും ഒരു മാച്ച്‌ വിന്നറെന്ന നിലയിലേക്കുയരുന്നില്ല. പ്രായവും രമേശിന്‌ അത്ര അനുകൂലമായ ഘടകമല്ല.

Friday, April 27, 2007

എന്തതിശയം! മെഗ്രാ...


ക്രിക്കറ്റില്‍ ഇത്‌ ബാറ്റ്‌സ്‌മാന്‍മാരുടെ യുഗമാണ്‌. ഏകദിന ക്രിക്കറ്റ്‌ പ്രത്യേകിച്ചും ബാറ്റ്‌സ്‌മാന്‍മാരുടെ കളിയാണ്‌. പക്ഷെ ഈ ലോകകപ്പിന്റെ താരമായി അവരോധിക്കാന്‍ നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരേയൊരു ക്രിക്കറ്ററേയുള്ളൂ-ഗ്ലെന്‍ മെഗ്രാത്ത്‌. മെഗ്രാത്തിനാണ്‌ എന്റെ ആദ്യ പത്ത്‌ വോട്ടുകളും. എന്ത്‌കൊണ്ട്‌ മെഗ്രാത്ത്‌ , എന്നാണെങ്കില്‍ അതിന്‌ ഒരു പത്ത്‌ കാരണങ്ങളെങ്കിലും ഉണ്ട്‌. മാടപ്രാവെന്നാണ്‌ മെഗ്രാത്തിന്റെ വിളിപ്പേര്‌. ഒരു ഫാസ്റ്റ്‌ബൗളര്‍ക്ക്‌ ഒട്ടും യോജിക്കാത്ത പേര്‌. കഴുകനെന്നോ, പുലിയെന്നോ, കാളയെന്നോ എല്ലാമാണ്‌ ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്ക്‌ യോജിക്കുക. പക്ഷെ മഗ്രാത്തിന്റെ കാര്യത്തില്‍ അതങ്ങിനെയല്ല. പ്രാവെന്ന വിളിപ്പേരില്‍ നിന്നു തന്നെ മറ്റു ഫാസ്റ്റ്‌ ബൗളര്‍മാരില്‍ നിന്ന്‌ മഗ്രായെ വ്യത്യസ്‌തനാക്കുന്ന ചില ഘടകങ്ങളുണ്ട്‌. കളിക്കളത്തില്‍ അക്തറിന്റേയും ലീയുടേയും ഷെയ്‌ന്‍ ബോണ്ടിന്റേയും മുഖ്യഭാവം വന്യതയാണ്‌. പക്ഷെ മഗ്രാത്തിനെ ക്കുറിച്ച്‌ ആര്‍ക്കും അങ്ങിനെ തോന്നാറില്ല. റണ്ണപ്പിലും ബൗളിങ്‌ ആക്ഷനിലും എല്ലാം സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു. ബാറ്റ്‌സ്‌മാന്‍ പോലും അതില്‍ അഭിരമിച്ചുപോവുന്നു. ഒട്ടും വേദനിപ്പിക്കാതെ തന്നെ അയാളുടെ വിക്കറ്റെടുക്കുന്നു. ചിരിക്കുന്ന, സൗമ്യനായ കൊലയാളിയാണയാള്‍. ഒരു ഫാസ്റ്റ്‌ ബൗളര്‍ എന്ന നിലയില്‍ തികച്ചും അവിശ്വസനീയമാണ്‌ മെഗ്രായുടെ റെക്കോഡ്‌. ടെസ്‌റ്റും ഏകദിന മല്‍സരങ്ങളും മാറി മാറി നിരന്തരം കളിക്കേണ്ടി വരുന്ന പുതുയുഗ ക്രിക്കറ്റില്‍ ശരാശരി പത്തു വര്‍ഷത്തില്‍ താഴെയാണ്‌ ഒരു ഫാസ്റ്റ്‌ ബൗളറുടെ കരിയറിന്റെ ശരാശരി ദൈര്‍ഘ്യം. ഷെയിന്‍ ബോണ്ടും അക്തറും ഇന്ത്യയില്‍ ലക്ഷ്‌മീപതി ബാലാജിയും ആശിഷ്‌ നെഹ്‌റയുമെല്ലാം പരിക്കുകളോട്‌ മല്ലടിച്ച്‌ കായിയക്ഷമതയില്ലാതെ കരിയര്‍ പെട്ടെന്ന്‌ എരിച്ചുതീര്‍ക്കുന്നു. ക്രിക്കറ്റില്‍ ഏറ്റവുമധികം കരുത്തും കായികക്ഷമതയും ആവശ്യമായ കര്‍മ്മമാണ്‌ ഫാസ്റ്റ്‌ബൗളിങ്ങെന്നത്‌ തന്നെ അതിന്‌ കാരണം. അപ്പോള്‍, നീണ്ട 14 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുകയും കളിക്കുന്ന ഓരോ മാച്ചിലും ടീമിന്‌ നൂറ്‌ ശതമാനം മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന ഫാസ്റ്റ്‌ ബൗളറെക്കുറിച്ച്‌ നമ്മള്‍ എന്ത്‌ പറയും? 37 വയസ്സായി മെഗ്രായ്‌ക്ക്‌. ഈ ലോകകപ്പിനുള്ള ഓസ്‌്‌ട്രേലിയന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ ആശങ്കകളുണ്ടായിരുന്നു. 'വയസ്സന്‍ മെഗ്രാ' ടീമിന്‌ ഭാരമാവുമെന്ന്‌ പ്രവചിച്ചവരില്‍ ലോകപ്രസിദ്ധരായ ക്രിക്കറ്റ്‌ നിരൂപകരും മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും ഉണ്ടായിരുന്നു. ഓര്‍ക്കണം, പ്രായമായെന്നതിന്റെ പേരില്‍ സ്റ്റീവ്‌ വോയെന്ന അതീവ പ്രതിഭാശാലിയായ ക്യാപ്‌റ്റന്റെ, ബാറ്റ്‌സ്‌മാന്റെ ഏകദിന കരിയര്‍ നിര്‍ബന്ധ പൂര്‍വ്വം അവസാനിപ്പിച്ച അതേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ 37കാരനായ ഈ ഫാസ്റ്റ്‌ ബൗളറെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. ആ സെലക്ഷനെ മെഗ്രാ ന്യായീകരിച്ചുവെന്നു മാത്രമല്ല, സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി അദ്ദേഹത്തെ തഴഞ്ഞിരുന്നെങ്കില്‍ എന്ത്‌ നഷ്ടമാവുമായിരുന്നുവെന്ന്‌ ഓസ്‌ട്രേലിയക്കാരെക്കൊണ്ട്‌ ചിന്തിപ്പിക്കുകയും ചെയ്‌തു.ലോകകപ്പോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന്‌ മെഗ്രാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവികമായും ക്രിക്കറ്ററെന്ന നിലയില്‍ തന്റെ അവസാന ദൗത്യം വിജയകരമാക്കി തീര്‍ക്കുക എന്നൊരു വെല്ലുവിളി, സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ഭംഗിയായാണ്‌്‌ ആ ചുമതലയും അദ്ദേഹം നിര്‍വ്വഹിച്ചത! മഹാനായ കളിക്കാരനെ വലിയ കളിക്കാരുടെ കൂട്ടത്തില്‍ നിന്ന്‌ ഉയര്‍ത്തി നിര്‍ത്തുന്നത്‌ ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ തന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കാനുള്ള ശേഷി തന്നെയാണ്‌. ലോകകപ്പിനെ തന്റെ അവസാന ടൂര്‍ണമെന്റായി തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിക്കുകയും അതില്‍ പ്രതീക്ഷക്കൊത്ത്‌ ഉയരുകയും ചെയ്‌ത എത്ര കളിക്കാരെ കായിക ചരിത്രത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ചികഞ്ഞെടുക്കാനാവും? മെഗ്രായേയും സിദാനേയും പോലെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം. സങ്കീര്‍ണമായ ഹൃദയ ശസ്‌ത്രക്രിയകള്‍ നിരന്തരം നടത്തുകയും അതില്‍ 99.9 ശതമാനം വിജയം വരിക്കുകയും ചെയ്യുന്ന വിധഗ്‌ധനായ ഒരു സര്‍ജനോടാണ്‌ മെഗ്രായെ ഉപമിക്കേണ്ടത്‌. ഇംഗ്ലീഷില്‍ 'ക്ലിനിക്കല്‍ പെര്‍ഫക്ഷന്‍' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന രീതിയിലുള്ള കൃത്യതയും കണിശതയും അദ്ദേഹത്തിന്റെ ബൗളിങ്ങിനുണ്ട്‌. സച്ചിനും ലാറയും ഇന്‍സമാമും തീവ്രശോഭയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ്‌ മെഗ്രാ ബൗള്‍ ചെയ്‌തിരുന്നത്‌. പക്ഷെ ഇവര്‍ക്കാര്‍ക്കും മെഗ്രായുടെ ബൗളിങ്ങിനു മേല്‍ തുടര്‍ച്ചയായി ഒരു നിശ്ചിത കാലയളവില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സച്ചിനെതിരെ മെഗ്രാ പലപ്പോഴും ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയിരുന്ന തന്ത്രം രസകരമായിരുന്നു. ഓവറിലെ ആദ്യ പന്ത്‌ ഓഫ്‌ സ്റ്റംപിന്‌ പുറത്തൂടെ വ്യക്തമായ മാര്‍ജിനില്‍ സ്വിങ്‌ ചെയ്‌ത്‌ പോവും. അടുത്ത പന്ത്‌ കുറച്ച്‌ കൂടി സ്റ്റംപിനരികിലൂടെയാവും പുറത്തേക്ക്‌ പോവുക. അടുത്തത്‌ കുറച്ചുകൂടെ അടുക്കും. അങ്ങിനെ ബാറ്റ്‌സ്‌മാന്‍ അറിയാതെ നേരിയ വ്യത്യാസത്തില്‍ അടുത്തുവരുന്ന പന്ത്‌ ഒടുവില്‍ ബാറ്റിനരികില്‍ ഉരസ്സും. ഇങ്ങനെ എഡ്‌്‌ജ്‌ കണ്ടെത്താനുള്ള മിടുക്ക്‌ മെഗ്രായുടെ സ്വന്തമാണ്‌. മെഗ്രാ മടങ്ങുമ്പോള്‍ ഫാസ്റ്റ്‌ ബൗളിങ്ങ്‌ എന്ന കലയ്‌ക്ക്‌ നഷ്ടമാവുന്നത്‌ ഏറ്റവും ശ്രേഷ്‌ഠനായ പ്രയോക്താവിനേയും പ്രചാരകനേയുമാണ്‌.

Wednesday, April 18, 2007

വൂമറെ കൊന്നതാര്‌?


റോബര്‍ട്ട്‌ ആന്‍ഡ്രൂ വൂമറുടെ പ്രേതം അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിനെ(ഐ സി സി) വേട്ടയാടിക്കൊണ്ടിരിക്കും, ആ സംഘടന എന്നെങ്കിലും പിരിച്ചുവിടും വരെ. കാരണം 58ാം വയസ്സില്‍ ഒരുപാട്‌ മോഹങ്ങളും പ്രതീക്ഷകളും അവശേഷിപ്പിച്ച്‌ വൂമര്‍ ഇഹലോകത്ത്‌ നിന്ന്‌ യാത്രയാകേണ്ടിവന്നതിന്‌ ഉത്തരവാദികള്‍ മേല്‍പ്പറഞ്ഞ സംഘടനയാണ്‌, അവര്‍ മാത്രമാണ്‌. ജീവിതമെന്നാല്‍ വൂമര്‍ക്ക്‌ ക്രിക്കറ്റ്‌ മാത്രമായിരുന്നു. തന്റെ നല്ല നാളുകളില്‍ കളിക്കാരനെന്ന നിലയിലും പിന്നീട്‌ ക്രിക്കറ്റ്‌ പരിശീലനത്തിന്‌ പുതിയ മുഖം നല്‍കിയ കോച്ചെന്ന നിലയിലും വൂമര്‍ ക്രിക്കറ്റിനെ സേവിച്ചു. പക്ഷെ ഒടുവില്‍ ആ മനുഷ്യന്‌ തിരിച്ചുകിട്ടിയതോ? വൂമര്‍ കൊല്ലപ്പെട്ടതാണ്‌, അതും ഒരു ലോകകപ്പ്‌ വേദിയില്‍ വെച്ച്‌. കൊല്ലപ്പെട്ടതാണെന്ന്‌ ഐ സി സി തന്നെ സമ്മതിക്കുന്നു. പക്ഷെ, ആരു കൊന്നു, എന്തിന്‌? ഇത്തരം കാര്യങ്ങളില്‍ ഒരു ബാധ്യതയുമില്ലെന്ന നിലപാടിലാണ്‌ ഐ സി സി അധികൃതര്‍. ലോകകപ്പിന്റെ സംഘാടകരേയും അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിനേയും സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്‌ ഈ സംഭവം. കാരണം കൊല സംഭവിച്ചിരിക്കുന്നത്‌ ലോകകപ്പ്‌ വേദിയില്‍ വെച്ചാണ്‌. കൊല്ലപ്പെട്ടത്‌ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനെത്തിയ ടീമിന്റെ പരിശീലകനും. അന്താരാഷ്ട്ര കായിക രംഗത്ത്‌ തന്നെ സമാനതകളില്ലാത്ത സംഭവമാണിത്‌. ബ്രയാന്‍ ലാറയെയോ, സച്ചിന്‍ തെണ്ടുല്‍ക്കറേയോ പോലുള്ള താരങ്ങളില്‍ ആരെങ്കിലുമാണ്‌ കൊല്ലപ്പെട്ടതെങ്കിലോ? പരിശീലകന്‍ കൊല്ലപ്പെടാമെങ്കില്‍ നാളെ മറ്റൊരു ടൂര്‍ണമെന്റിനിടയില്‍ അതും സംഭവിക്കാം. പിന്നെയെന്ത്‌ സുരക്ഷയാണ്‌, ഐ സി സി ലോകകപ്പിന്‌ ഏര്‍പ്പെയുത്തിയിരിക്കുന്നത്‌? വൂമറുടെ കൊലയ്‌ക്ക്‌ വാതുവെപ്പ്‌ മാഫിയയുമായി ബന്ധമുണ്ടെന്ന്‌ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതിന്റെ പേരില്‍ പാകിസ്‌താന്‍ കളിക്കാരെ ഒട്ടേറെത്തവണ ചോദ്യം ചെയ്‌തു. ക്രിക്കറ്റ്‌ മാത്രമല്ല വാതുവെപ്പിന്റെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ഗെയിം. ബാസ്‌ക്കറ്റ്‌ബോളിലും ബേസ്‌ബോളിലും എന്തിന്‌ ഫുട്‌ബോളില്‍ പോലും ആപല്‍ക്കരമായ രീതിയില്‍ വാതുവെപ്പും ഒത്തുകളിയും അരങ്ങേറിയിരുന്നു. പക്ഷെ അതിന്റെ അപകടം മണത്തറിഞ്ഞ്‌ ഇത്തരം ദുഷ്‌പ്രവണതകളെ മുളയിലേ നുള്ളാന്‍ അതാത്‌ കളികളുടെ ലോകസംഘടനകള്‍ക്ക്‌ കളിഞ്ഞിരുന്നു, വാതുവെപ്പുകാരുടെ താല്‍പര്യത്തിനൊത്ത്‌ കളിയില്‍ വെള്ളം ചേര്‍ക്കുന്ന കളിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആ സംഘടനകള്‍ തയ്യാറായി. അത്‌ മറ്റു കളിക്കാര്‍ക്ക്‌ മുന്നറിയിപ്പായി. പക്ഷെ ക്രിക്കറ്റിലോ? ഒത്തുകളിനാടകങ്ങള്‍ പുറത്തായപ്പോള്‍ ഇന്ത്യയിലേയും പാകിസ്‌താനിലേയും ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ ഏതാനും കളിക്കാര്‍ക്കെതിരെ ആജീവനകാല വിലക്കുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കൈക്കൊണ്ടെങ്കിലും ഐ സി സി കാര്യമായി ഒന്നും ചെയ്‌തില്ല എന്നതാണ്‌ സത്യം. അസ്‌ഹറുദ്ദീനെ വിലക്കിയത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌, അതില്‍ ഐ സി സിക്ക്‌ ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍ ഈയിടെ ഐ സി സിയുടെ ചീഫ്‌ എക്‌സിക്യൂട്ടിവിന്റെ പ്രസ്‌താവനയും ഉണ്ടായിരുന്നു. അവരുടെ ഈ അഴകൊഴമ്പന്‍ നിലപാട്‌ വാതുവെപ്പുകാര്‍ക്കും അവരോട്‌ പണം പറ്റാന്‍ തയ്യാറായി നില്‍ക്കുന്ന കളിക്കാര്‍ക്കും പ്രേരണയാവുമെന്നതില്‍ സംശയിക്കാനില്ല. ഇപ്പോള്‍ വൂമറുടെ മരണത്തിന്‌ ഐ സി സി ഉത്തരവാദികളാവുന്നത്‌ എങ്ങനെയെന്ന്‌ ഇതില്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വാതുവെപ്പിന്റെ സൂചനകള്‍ കിട്ടി തുടങ്ങിയപ്പോഴേ കര്‍ശന നടപടിക്ക്‌ ഐ സി സി തയ്യാറായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാവില്ലായിരുന്നു, തീര്‍ച്ച. ഒരു പക്ഷെ വൂമര്‍ കൊല്ലപ്പെടില്ലായിരുന്നു. വാതുവെപ്പ്‌ മാഫിയക്കും അവരുമായി ബന്ധമുള്ള കളിക്കാര്‍ക്കുമെതിരെ തക്ക സമയത്ത്‌ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഗ്രൗണ്ടിനകത്തും പുറത്തും ദുര്‍മരണങ്ങള്‍ സംഭവിക്കാമെന്ന്‌ ഇതേക്കുറിച്ച്‌ അന്വഷണം നടത്തിയ ഏജന്‍സികളും പത്രപ്രവര്‍ത്തകരുമെല്ലാം എത്രയോ തവണ മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. പക്ഷെ ഇത്തരം മുന്നറിയിപ്പുകള്‍ ഐ സി സി ചെവിക്കൊണ്ടതേയില്ല. ഒത്തുകളിയെന്നത്‌ വലിയൊരു ക്രൈം ആണ്‌്‌. ഏത്‌ ക്രൈമിന്റെയും കാര്യത്തിലുമെന്നപോലെ ഒത്തുകളിയുടെ കാര്യത്തിലും അമ്പത്‌ ശതമാനവും ലോകമറിയാതെ പോയി. ഇന്നും ക്രിക്കറ്റ്‌ ലോകത്തിന്റെ ആരാധനാപാത്രങ്ങളായ പല താരങ്ങളും ടീമിനേയും രാജ്യത്തേയും വഞ്ചിച്ച്‌ കാശുണ്ടാക്കിയവരാവാമെന്നത്‌ ക്രിക്കറ്റ്‌പ്രേമികളെ അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തയായി അവശേഷിക്കുന്നു. ഇനി പിടിക്കപ്പെട്ടവരുടെ കാര്യമോ? മിക്കവരും സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ നിന്ന്‌ രക്ഷപ്പെട്ടു. പിടിക്കപ്പടില്ല, അഥവാ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടില്ല. ഈയൊരു വിശ്വാസം കാശുവാങ്ങി ഒത്തുകളിക്കാന്‍ പിന്നെയും കളിക്കാരെ പ്രേരിപ്പിക്കും. വാതുവെപ്പ്‌ മാഫിയയാവട്ടെ അനുദിനം ശക്തി പ്രാപിച്ചുവരുന്നു. ഒരൊറ്റ മല്‍സരത്തിന്‌ തന്നെ 4600 കോടി രൂപയുടെ ബെറ്റിങ്ങ നടക്കുന്ന അവസ്ഥ. ഇതിന്റെ ചെറിയൊരു ഭാഗം, 100 കോടിരൂപ മുടക്കിയാല്‍ ഇരു ടീമിലേയും എത്ര കളിക്കാരെ വിലക്കെടുക്കാം, അത്രയക്ക്‌ വലിയ ഓഫറുകള്‍ വരുമ്പോള്‍ അതില്‍ വീണുപോവുന്ന കളിക്കാരെ എങ്ങിനെ കുറ്റം പറയും? അവിടെയാണ്‌ ഐ സി സി ഇടപെടേണ്ടിയിരുന്നത്‌. കോഴ വാങ്ങി ഒത്തുകളിച്ചത്‌ ഓരോ രാജ്യത്തെ കോടതികളിലും തെളിയിക്കുക ബുദ്ധിമുട്ടായിരിക്കും. പക്ഷെ, ഒരു കളിക്കാരന്‍ ഇങ്ങനെ കുറ്റം ചെയ്‌തെന്ന്‌ ബോധ്യം വന്നാല്‍ ഐ സി സിക്ക്‌ നടപടിയെടുക്കാവുന്നതായിരുന്നു. പക്ഷെ, ഇക്കാര്യത്തില്‍ ഐ സി സി തികച്ചും നിഷ്‌കൃയത്വം പാലിച്ചു. സമാനമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായിരുന്നെങ്കില്‍, ഒന്നാലോചിച്ചി നോക്കൂ. ആലോചിക്കാനൊന്നുമില്ല, ഒത്തുകളിച്ചെന്ന്‌ ബോധ്യം വരുന്ന പഷം ആ കളിക്കാരന്‍ പിന്നെ ഫുട്‌ബോള്‍ തൊടില്ല. ഇന്ത്യയിലും പാകിസ്‌താനിലും ഏതാനും കളിക്കാര്‍ക്ക്‌ ശിക്ഷ നല്‍കിയത്‌, ഇവിടുത്തെ ക്രിക്കറ്റ്‌ അസോസിയേഷനുകളാണ്‌, ഐ സി സിയല്ല.ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഒത്തുകളിച്ചെന്ന്‌ ആരോപണം ഉയര്‍ന്നപ്പോള്‍ കോച്ച്‌, വൂമറായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും, ഒരിടത്ത്‌ നിന്നും വൂമര്‍ക്കെതിരെ ആരോപണം ഉയര്‍ന്നില്ല. നൂറ്‌ ശതമാനം സംശുദ്ധമായ ക്രിക്കറ്റിന്‌ വേണ്ടി നിലകൊണ്ട വ്യക്തിയായി അംഗീകരിക്കപ്പെട്ടിരുന്നു, ഈ ഇംഗ്ലീഷുകാരന്‍. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ചുമതല വിട്ട ശേഷം, എത്തിപ്പെട്ടതാവട്ടെ പാകിസ്‌താനെ പോലെ വാതുവെപ്പിന്റെ കേന്ദ്രമായ ഒരിടത്തും. തിക്താനുഭവങ്ങള്‍ അവിടെയും അദ്ദേഹത്തിന്‌ ഉണ്ടായി എന്ന്‌ ന്യായമായും സംശയിക്കാം. ഉണ്ടായി എന്ന്‌ അദ്ദേഹത്തോട്‌ അടുപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ വെളിപ്പെടുത്തുന്നു.ലോകകപ്പില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസിലേക്ക്‌ പോയ പാക്‌ ടീമില്‍ വൂമര്‍ക്കൊപ്പമുണ്ടായിരുന്ന ബൗളിങ്ങ്‌ കോച്ച്‌ മുഷ്‌താഖ്‌ അഹമ്മദിനും ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിനും ഇരുണ്ട ഭൂതകാലങ്ങളുണ്ട്‌. ഒത്തുകളിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പാക്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നിയമിച്ച ജസ്റ്റിസ്‌ ഖയൂം കമ്മീഷന്‍ ഇരുവര്‍ക്കും പിഴ വിധിച്ചിരുന്നു. ഈ വസ്‌തുത വൂമറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ദുരൂഹത വളര്‍ത്താന്‍ കാരണമാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട്‌ പാക്‌ താരങ്ങളെ ജമൈക്കന്‍ പോലീസ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേ, അവരെക്കുറിച്ച്‌ പോലീസിന്‌ സംശയമൊന്നുമില്ലെന്ന്‌ പ്രസ്‌താവനയിറക്കാന്‍ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി അടുപ്പമുള്ള സകലരും ഉല്‍സാഹിച്ചിരുന്നു. ഈ വ്യഗ്രത തന്നെ സംശയം വര്‍ധിപ്പിക്കുന്നു. അതേ സമയം അങ്ങനെ ആരെയും അന്വഷണത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടില്ലെന്നാണ്‌ പൊലിസിന്റെ വിശദീകരണം. വാതുവെപ്പുമായി ബന്ധപ്പെട്ട മരണങ്ങള്‍ വിരളമല്ല. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ വാത്‌ വെപ്പ്‌ മാഫിയയുടെ അധിപന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളികളില്‍ ചിലരുടെ മരണം ക്രിക്കറ്റ്‌ ബെറ്റിങ്ങുമായി ബന്ധപ്പെട്ടാണെന്ന്‌ തെളിയിക്കപ്പെട്ടിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഹാന്‍സി ക്രോണ്യെ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും സംശയമുയര്‍ന്നിരുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എവിടെയുമെത്താതെ നില്‍ക്കുന്നു. വൂമര്‍ പ്രസിദ്ധീകരിക്കുമെന്ന്‌ പറഞ്ഞിരുന്ന പുസ്‌തകത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിരല്‍ ചൂണ്ടുന്നത്‌ വാതുവെപ്പുകാരിലേക്കാണ്‌. വൂമറെ ഉടനടി അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ യശസ്സിനും നിലനില്‍പ്പിനും ഭീഷണിയാവുമെന്ന്‌ ചിലര്‍ ഭയപ്പെട്ടിരിക്കണം. വൂമര്‍ പാക്‌ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ടീമിനകത്ത്‌ സംഭവിച്ച ചില കാര്യങ്ങളും അന്വേഷണ വിഷയമാവുന്നുവത്രെ. ഷോയിബ്‌ അക്തറിനും മുഹമ്മദി ആസിഫിനും ടീമില്‍ നിന്ന്‌ പുറത്ത്‌ പോവേണ്ടിവന്നത്‌ വൂമര്‍ മുന്‍കൈ എടുത്ത്‌ നടത്തിച്ച ഡോപ്പ്‌ ടെസ്റ്റിനെ തുടര്‍ന്നായിരുന്നു. ടെസ്റ്റ്‌ നടത്തിയത്‌ തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന്‌ വൂമര്‍ പത്ര സമ്മേളനത്തില്‍ പരസ്യമായി സമ്മതിക്കുകയും ചെയ്‌തിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ ഷോയിബ്‌ അക്തര്‍ വൂമറിനെ പിടിച്ചുതള്ളുക വരെ ചെയ്‌തു. പാക്‌ ടീമംഗങ്ങള്‍ക്ക്‌ വൂമറോടുള്ള സമീപനത്തിന്‌ ഉദാഹരണമായി ഈ സംഭവത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിച്ചേക്കും

Wednesday, April 11, 2007

ഈ ദൈവങ്ങളെ ആരു തളയ്‌ക്കും?


ചില തോല്‍വികള്‍ അങ്ങിനെയാണ്‌, അതിന്റെ അലയടികള്‍ പെട്ടെന്ന്‌ അവസാനിക്കില്ല. നെപ്പോളിയന്‌ വാട്ടര്‍ലൂ പോലെ, ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‌ മാരക്കാന പോലെ അവ പരാജിതരെ ദീര്‍ഘകാലം വേട്ടയാടിക്കൊണ്ടിരിക്കും. അതിന്റെ സ്‌മൃതികള്‍ മായ്‌ച്ചു കളയുക എളുപ്പമല്ല. ഇന്ത്യന്‍ ടീം, പ്രത്യേകിച്ചും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകകപ്പിലെ തോല്‍വികൊണ്ട്‌ അനുഭവിക്കുന്നത്‌ സമാനമായ അവസ്ഥയാണ്‌. സച്ചിന്റെ കരിയറില്‍ ഇത്ര വലിയ പ്രതിസന്ധി മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഏത്‌ വെല്ലുവിളിക്കും ബാറ്റ്‌ കൊണ്ട്‌ മറുപടി നല്‍കുകയായിരുന്നു, സച്ചിന്റെ പതിവ്‌. അങ്ങനെയുള്ള സച്ചിനെയാണ്‌ നമ്മള്‍ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചിരുന്നത്‌. പക്ഷെ, ഇപ്പോള്‍ ബാറ്റിന്‌ പകരം നാവുകൊണ്ട്‌ മറുപടി നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കുന്നു. ബാറ്റിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നത്‌ തന്നെയല്ലേ അതിന്‌ കാരണം? തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച്‌ അവസാനിക്കാത്ത വിവാദങ്ങളാണ്‌ അരങ്ങേറുന്നത്‌. ദയനീയമായ തോല്‍വിക്ക്‌ കാരണം എന്തെന്ന്‌ അന്വേഷിക്കുന്നതിന്‌ പകരം പരസ്‌പരം ആരോപണങ്ങള്‍ ഉയര്‍ത്താനാണ്‌ സീനിയര്‍ കളിക്കാര്‍ തുനിഞ്ഞത്‌. കോച്ച്‌ ചാപ്പലിന്റെ റിപ്പോര്‍ട്ടില്‍ സീനിയര്‍ കളിക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ടെന്ന്‌ ആദ്യം വാര്‍ത്ത വന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ചാപ്പല്‍ ഏവിടേയും, ഒരു മീഡിയയോടും ഇങ്ങനെ നേരിട്ട്‌ പറഞ്ഞതായി റിപ്പോര്‍ട്ടില്ല. കോച്ചിന്റെ റിപ്പോര്‍ട്ടില്‍ അങ്ങനെയൊക്കെയുണ്ടെന്ന്‌ ഒരു ഇംഗ്ലീഷ്‌ ചാനലിന്റെ കണ്ടെത്തല്‍ മാത്രമായിരുന്നു. പക്ഷെ സച്ചിനോ? കോച്ചിനെതിരായ പ്രസ്‌താവനയുമായി പരസ്യമായി രംഗത്തെത്തി. കളിക്കാര്‍ ടീമിനുള്ളിലെ കാര്യങ്ങളെക്കുറിച്ച്‌ പരസ്യ പ്രസ്‌താവനയിറക്കരുതെന്ന്‌ ബി സി സി ഐ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇത്‌ ലംഘിക്കുകയായിരുന്നു, സച്ചിന്‍. ആ കളിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ ഓര്‍ത്ത്‌ കൊണ്ട്‌ തന്നെ പറയട്ടെ, ഗെയിമിന്റെ മാന്യതക്ക്‌ ചേരാത്ത നടപടിയായി ഇത്‌. സച്ചിന്റെ പ്രസ്‌താവന വന്ന്‌ അധികം കഴിയും മുമ്പ്‌ ഗ്രെഗ്‌ ചാപ്പല്‍ കോച്ചിന്റെ സ്ഥാനം രാജിവെക്കുകയും ചെയ്‌തു. കളിയില്‍ തോല്‍വി, ജയം പോലെ സ്വാഭാവികമാണ്‌. തോറ്റ ടീമിന്റെ ആരാധകര്‍ക്ക്‌ അത്‌ സഹിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. പക്ഷെ, രാജ്യത്തിന്റേയും കളിയുടേയും അംബാസിഡര്‍മാരായ താരങ്ങള്‍ മാന്യതക്ക്‌ നിരക്കാത്ത രീതിയില്‍ സ്വന്തം കോച്ചിനെതിരെ പ്രസ്‌താവന ഇറക്കാന്‍ പാടില്ല. സത്യത്തില്‍ സച്ചിന്‌ സംഭവിച്ച വലിയ പരാജയം ഇവിടെയാണ്‌, കളിക്കളത്തിലല്ല. മറിച്ച്‌ രാഹുല്‍ ദ്രാവിഡോ? ഇന്ത്യ ലോകകപ്പില്‍ നിന്ന്‌ പുറത്തായ ഉടന്‍ രാഹുലിന്റെ പ്രസ്‌താവന വന്നു-`തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഞാനേറ്റെടുക്കുന്നു.` സീനിയര്‍ താരങ്ങല്‍ മുഴുവന്‍ അധികാരത്തിന്റെ ഇടനാഴിയില്‍ കരുക്കള്‍ നീക്കുമ്പോള്‍ രാഹുല്‍ കുടുംബത്തിനൊപ്പം കേരളത്തില്‍ വന്നു-ലോകകപ്പിലെ തിരിച്ചടികള്‍ ഏല്‍പ്പിച്ച്‌ ആഘാതത്തില്‍ നിന്ന്‌ മുക്തനാവാന്‍ ഒരു വിശ്രമം. മറ്റു തീരുമാനങ്ങല്‍ എല്ലാം രാഹുല്‍ സെലക്‌റ്റര്‍മാര്‍ക്കും ബോര്‍ഡധികൃതര്‍ക്കും വിട്ടു. അധികാരത്തിന്റെ ചക്കളത്തിപോരാട്ടത്തിനിടയ്‌ക്ക്‌ അങ്ങനെ മാന്യത കാട്ടാനും വേണ്ടേ ഒരാള്‍? ശ്രദ്ധേയമായ മറ്റൊരു കാര്യം ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുത്ത ഉടന്‍ അന്നത്തെ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയുമായി ഇടയുകയും സൗരവ്‌ ടിമില്‍ നിന്ന്‌ തന്നെ പുറത്ത്‌ പോവാന്‍ ഇടയാവുകയും ചെയ്‌തിരുന്നു. ദീര്‍ഘകാലം ടീമിനകത്ത്‌ മികച്ച പിന്തുണയുള്ള ക്യാപ്‌റ്റനായിരിക്കെ തന്നെ അന്ന്‌ ആ പ്രതിസന്ധി ഘട്ടത്തില്‍ ഗാംഗുലിക്ക്‌ കാര്യമായ പിന്തുണ കിട്ടിയില്ല. പക്ഷെ ഇപ്പോള്‍ ചാപ്പലിന്റെ വിമര്‍ശനത്തിന്‌ വിധേയനായ സച്ചിന്‍ കൂടുതല്‍ കരുത്തനാണ്‌. ടീമിനകത്തും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനുള്ളിലും മികച്ച പിന്തുണയുള്ള സൂപ്പര്‍ താരം. ഒപ്പം കോച്ചിന്റെ അനിഷിടത്തിന്‌ പാത്രമായ 'സീനിയര്‍ സിന്‍ഡിക്കേറ്റിന്റെ' പിന്തുണയുമുണ്ട്‌. സൗരവ്‌ നേരത്തെ തന്നെ സച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാവര്‍ക്കും ഇത്‌ നിലനില്‍പ്പിന്റെ പോരാട്ടമാണ്‌. അതുകൊണ്ട്‌ തന്നെ കിട്ടാവുന്ന ആയുധങ്ങള്‍ മുഴുവന്‍ കൈയ്യിലെടുത്ത്‌ അവര്‍ പോരാടും. സച്ചിനെ ക്യാപ്‌റ്റനാക്കാന്‍ ടീമിനകത്തും പുറത്തും ഇപ്പോഴും ശക്തമായ ലോബീയിങ്ങ്‌ നടക്കുന്നു. ആ സമ്മര്‍ധങ്ങള്‍ക്ക്‌ വഴങ്ങി, ബോര്‍ഡ്‌ ഭാവിയില്‍ അങ്ങിനെ ചെയ്‌താല്‍ തികച്ചും തെറ്റായ ഒരു സന്ദേശമാവും നല്‍കുന്നത്‌. പരസ്യ പ്രസ്‌താവന പാടില്ലെന്ന നിര്‍ദേശം പ്രകടമായ രീതിയില്‍ തന്നെ ലംഘിച്ച ഒരു കളിക്കാന്‌ തന്നെ ക്യാപ്‌റ്റന്‍ പദവി നല്‍കുന്നത്‌ അച്ചടക്ക ലംഘനത്തിന്‌ മറ്റു കളിക്കാരെ കൂടി പ്രോല്‍സാഹിപ്പിക്കലാവില്ലേ? സച്ചിന്റെ ശബ്ദം ടീമിന്റെ മൊത്തമാണെന്ന നിലയില്‍ യുവരാജ്‌ സിങ്ങും രംഗത്തെത്തി. ഒപ്പം മറ്റൊരു കാര്യം കൂടി 'യുവരാജാവ്‌ ' പറയുന്നു- `എന്ത്‌ ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും ഏറ്റെടുക്കാം` സച്ചിനല്ലെങ്കില്‍ താനായാലും മതിയെന്നല്ലേ മനസ്സിലിരുപ്പ്‌ ? ഒന്നുറപ്പ്‌, ടീമിന്റ ഘടനയും തന്ത്രങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കളിക്കാര്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന്‌ ബി സി സി ഐ വ്യക്തമായ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ നടത്തുന്ന കളിക്കാര്‍ക്കെതിരെ, അവര്‍ എത്ര വലിയവരായാലും, 'ദൈവ'മായാലും കടുത്ത നടപടി തന്നെ വേണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനിയും വലിയ നാണക്കേടുകള്‍ സംഭവിച്ചുകൊണ്ടിരിക്കും.

Tuesday, April 3, 2007

38ന്റെ ചെറുപ്പം!


ക്രിക്കറ്റര്‍മാരുടെ പ്രായത്തെക്കുറിച്ചാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂട്‌ പിടിച്ച ചര്‍ച്ച. ഈ ലോകകപ്പില്‍ നമ്മുടെ ടീം ദയനീയമായി പരാജയപ്പെടാന്‍ കളിക്കാരുടെ പ്രായക്കൂടുതല്‍ ഒരു ഘടകമായിരുന്നുവത്രെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ പ്രായക്കൂടുതല്‍ കാരണം ഗ്രൗണ്ടില്‍ മുടന്തിയും ഞെരങ്ങിയും നീങ്ങിയതിനെക്കുറിച്ച്‌ എസ്‌ എം എസ്സുകളും ഇ-മെയിലുകളും പ്രചരിക്കുന്നു. അപ്പോഴും ലോകകപ്പില്‍ നമ്മള്‍ രണ്ട്‌ 'വൃദ്ധന്‍മാരുടെ' കളികള്‍ കണ്ട്‌ അമ്പരന്നു പോവുന്നു. സനത്‌ ജയസൂര്യയുടേയും ബ്രയാന്‍ ലാറയുടേയും. രണ്ടു പേരും മേല്‍ പറഞ്ഞ ഇന്ത്യന്‍ കളിക്കാരേക്കാള്‍ മുതിര്‍ന്നവരാണ്‌, നമ്മുടെ സച്ചിനേക്കാള്‍ മൂന്നു വയസ്സ്‌ മുതിര്‍ന്നവര്‍. പക്ഷെ ഒരിക്കലും ടീമിന്‌ ഭാരമായി എന്ന്‌ അവര്‍ തോന്നിച്ചിട്ടില്ല. മാത്രമല്ല, ഈ ലോകകപ്പിലും ടീമിന്റെ ഭാഗദേയങ്ങള്‍ അവരെ ആശ്രയിച്ച്‌ നില്‍ക്കുന്നു. പ്രത്യേകിച്ചും ജയസൂര്യ- തികച്ചും ആധികാരികമായ പ്രകടനങ്ങളാണ്‌ ഓരോ മാച്ചിലും ജയയില്‍ നിന്നുണ്ടാവുന്നത്‌.ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയും പാകിസ്‌താനും പുറത്തായി. ബംഗ്ലാദേശും വെസ്‌റ്റിന്‍ഡീസും പുറത്തേക്കുള്ള പാതയിലാണ്‌. കളി പുരോഗമിക്കും തോറും ഇത്‌ വെള്ളക്കാരുടെ മാത്രം ലോകകപ്പാണെന്ന്‌ തോന്നിക്കുന്നു. വെള്ളക്കാര്‍ തുടങ്ങിവെച്ച കളിയില്‍ അവരുടെ പ്രതാപം തകര്‍ത്ത്‌ രംഗത്തെത്തിയവരാണ്‌ കരീബിയന്‍ പടയാളികള്‍. പിന്നീട്‌ ഏഷ്യക്കാര്‍, പാകിസ്‌താനും ഇന്ത്യയും ക്രിക്കറ്റില്‍ തങ്ങളുടേതായ വഴി വെട്ടി ലോക ജേതാക്കളായി. ശ്രീലങ്കക്ക്‌ കൂടി അതിന്‌ കഴിഞ്ഞതോടെ ക്രിക്കറ്റ്‌ ഒരു സൗത്ത്‌ ഏഷ്യന്‍ ഗെയിമായി മാറിയെന്നു വരെ വിധിയെഴുതിയതാണ്‌. പക്ഷെ, ഫുട്‌ബോളിലേയും ബാസ്‌ക്കറ്റ്‌ബോളിലേയും പോലെ പ്രൊഫഷണലിസം സ്ഥാപിച്ച്‌ വെള്ളക്കാരന്‍ ക്രിക്കറ്റിലും ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും(ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക വെളുത്തവന്റെ ടീമാണെന്നതില്‍ തര്‍ക്കമില്ലല്ലോ?) ആണ്‌ മുന്നില്‍ നടന്നത്‌. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും പിറകേയും. അവരുടെ രീതികള്‍ വിജയം കണ്ട്‌ തുടങ്ങിയതോടെ മറ്റ്‌ ടീമുകളും ആ വഴിക്ക്‌ നടന്നു. ഇന്ത്യയും പാകിസ്ഥാനും സ്വന്തമായി വെട്ടിയുണ്ടാക്കിയ വഴി ഉപേക്ഷിച്ചു. വെള്ളക്കാരന്റെ പ്രൊഫഷണലിസം അതേപടി സ്വീകരിച്ചു. ഓസ്‌ട്രേലിയയിലേയും ദക്ഷിണാഫ്രിക്കയിലേയും കളിക്കാരുടെ ശാരീരിക ക്ഷമതയോ, മനോഭാവമോ അല്ല നമ്മള്‍ക്ക്‌. അപ്പോള്‍ നമ്മുടെ ശൈലിയും വ്യത്യസ്‌തമാവണ്ടേ? വിദേശ കോച്ചിനെ കൊണ്ട്‌ വന്ന്‌ ഓസ്‌ട്രേലിയക്കാരുടെ കളി പകര്‍ത്താന്‍ ശ്രമിച്ചത്‌ നന്നായിരുന്നോ? ഇന്ത്യക്കും പാകിസ്‌താനും പുനര്‍ വിചിന്തനത്തിന്റെ വേളയാണിത്‌.മറിച്ച്‌ ശ്രീലങ്ക തങ്ങളുടേതായ ശൈലിയും രീതിയും നില നിര്‍ത്തിക്കൊണ്ട്‌ തന്നെ പ്രൊഫഷണലിസത്തെ ഉള്‍ക്കൊള്ളുകയായിരുന്നു. 1996 ലോകകപ്പ്‌ ജയിക്കാന്‍ അവര്‍ രൂപപ്പെടുത്തിയെടുത്ത തന്ത്രങ്ങളിലും ശൈലിയിലും ഊന്നിയാണ്‌ ഈ ലോകകപ്പിലും ശ്രീലങ്കന്‍ ടീം കളിക്കുന്നത്‌. അന്നത്തെ ടീമില്‍ ഓരോ കടമകളും നിര്‍വഹിച്ചിരുന്ന കളിക്കാര്‍ക്ക്‌ ശരിയായ പകരക്കാരെ കണ്ടെത്തിയിരിക്കുന്നു. ജയസൂര്യയും മുരളീധരനും വാസും അന്നും ഇന്നും ടീമിലുണ്ട്‌. മുരളിക്കുും വാസിനും മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്‌. പക്ഷെ ജയസൂര്യക്ക്‌ അന്നത്തേതില്‍ നിന്ന്‌ അല്‍പ്പം പോലും മങ്ങലേറ്റിറ്റില്ലെന്ന്‌ തോന്നിപ്പോവുന്നു. ഷോട്ടുകള്‍ കളിക്കുന്ന രീതിയും അതില്‍ ആവാഹിക്കുന്ന കരുത്തും മാറ്റമില്ലാതെ തൂടരുന്നു. കഷ്ടി, ഒരു വര്‍ഷം മുമ്പ്‌ ഫോമിലല്ലെന്ന കാരണത്താല്‍ ടീമില്‍ നിന്ന്‌ ജയസൂര്യയെ സെലക്‌റ്റര്‍മാര്‍ പുറത്താക്കിയിരുന്നു. പക്ഷെ ചെറിയൊരിടവേളക്ക്‌ ശേഷം കൂടുതല്‍ കരുത്തോടെ തിരിച്ചെത്തി. തിരിച്ചുവരവിന്‌ ശേഷം ജയ നേടുന്ന ആറാമത്തെ സ്വഞ്ചറിയാണ്‌, കഴിഞ്ഞ ദിവസം വെസ്‌റ്റിന്‍ഡീസിനെതിരായ മാച്ചില്‍ കണ്ടത്‌. ഇതിനേക്കാള്‍ മികച്ചൊരു തിരിച്ചുവരവ്‌ ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ടോ, സംശയമാണ്‌. ബ്രയാന്‍ ചാള്‍സ്‌ ലാറയവട്ടെ ഇന്നും ലോകത്തെ ഓര്‍മിപ്പിച്ച്‌കൊണ്ടേയിരിക്കുന്നു; ബാറ്റിങ്ങ്‌ ഒരു സുകുമാരകലയാണ്‌. പക്ഷെ അയാള്‍ ഇവിടെ ഏകനാണ്‌. മരംവെട്ട്‌ പോലെ, പേശികളുടെ മിടുക്കു കൊണ്ട്‌ നിര്‍വ്വഹിക്കേണ്ട ഒരു ജോലിയായി ബാറ്റിങ്ങിനെ കാണുന്നവരാണ്‌, അദ്ദേഹത്തിന്റെ കൂട്ടുകാര്‍ മിക്കവരും. ലാറക്ക്‌ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറെയുണ്ട്‌. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്‌, തന്റെ ടീമിനെ ഒറ്റയ്‌ക്ക്‌ തലയിലേറ്റണം, ടീമിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും തലപൊക്കിയേക്കാവുന്ന അസ്വാരസ്യങ്ങള്‍ അടക്കി നിര്‍ത്തണം... ഇന്ന്‌ ലോകക്രിക്കറ്റില്‍ ഒരൊറ്റ കളിക്കാരനെ ആശ്രയിച്ച്‌ ഒരു ടീം നിലനില്‍ക്കുന്നുവെങ്കില്‍ അത്‌ ലാറയും വിന്‍ഡീസുമാണ്‌. തന്റെ നല്ല കാലത്ത്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ വഹിക്കേണ്ടി വന്നതിനേക്കാള്‍ വലിയ ഭാരമാണ്‌, ഉത്തരവാദിത്വമാണ്‌ കരീബിയന്‍ ക്രിക്കറ്റ്‌ ലാറയുടെ തോളില്‍ വെച്ചുകൊടുത്തിരിക്കുന്നത്‌. പ്രായം നാല്‍പ്പതിനോടടുക്കുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ പല ക്രിക്കറ്റര്‍മാരും കമന്ററി ബോക്‌സിലുരുന്ന്‌ നാക്കിട്ടടിക്കുമ്പോള്‍ ലാറ ഗ്രൗണ്ടിന്‌ നടുക്ക്‌ കര്‍മ്മനിരതനാണ്‌. എന്താണ്‌ ലാറയുടെ കര്‍മ്മം? വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റിന്റെ മാനം കാക്കുക എന്നതാണോ? അതല്ലെന്ന്‌ പറയാനാവില്ല. പക്ഷെ ഈ ലോകകപ്പിലെ ഇതുവരെയുള്ള സംഭവ വികാസങ്ങല്‍ പരിഗണിക്കുമ്പോള്‍ ഒന്നു വ്യക്തമാവും - അത്‌ ലാറയില്‍ നിക്ഷിപ്‌തമായ കര്‍മ്മങ്ങളില്‍ ഒന്ന്‌ മാത്രം.പിന്നെ? മേല്‍ പറഞ്ഞ പോലെ ബാറ്റിങ്ങ്‌ അതി സുന്ദരമായ ഒരു കലയാണെന്ന്‌ ക്രിക്കറ്റിനെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ആരാധകര്‍ക്ക്‌ വേണ്ടി മറ്റു ബാറ്റ്‌സ്‌മാന്‍മാരെ ഓര്‍മിപ്പിക്കുക. എങ്ങനെയും റണ്ണെടുക്കുക എന്നതല്ല ലാറയുടെ രീതി. ഓരോ റണ്ണിനും, സ്‌ട്രോക്കിനും സൗന്ദര്യം പകരുന്നു ലാറ. കളി ജയിക്കുക എന്നതാണ്‌ ആത്യന്തികമായ ലക്ഷ്യം. അതിനു വേണ്ടിയാണ്‌ ടീമിലെ ഓരോ കളിക്കാരനും അദ്വാനിക്കുന്നത്‌. പക്ഷെ ബാറ്റ്‌സ്‌മാന്‍മാര്‍ റണ്‍ മെഷിനുകള്‍ മാത്രമായി മാറുമ്പോള്‍ കളിയുടെ രസനീയത നഷ്ടമാവുന്നു. ഇവിടെയാണ്‌ ലാറ വ്യത്യസ്‌തനാവുന്നത്‌. അന്യം നിന്നു പോവുന്ന സുകുമാര കലയുടെ വക്താവായി അയാള്‍ മാറുന്നു. സുന്ദരമായ കട്ടുകളും ആരെയും കൊതിപ്പിക്കുന്ന ഡ്രൈവുകളും കൊണ്ട്‌ ലാറ കാണികളുടെ മനം കവര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്‌ പോലൊരു ഷോട്ട്‌ കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്‌ മാത്യു ഹൈഡനും ഹര്‍ഷലെ ഗിബ്‌സും പോലെ ഈ ലോകകപ്പിന്റെ രാജാക്കന്‍മാരായി മാറിക്കഴിഞ്ഞവരും കൊതിക്കുന്നുണ്ട്‌, തീര്‍ച്ച.

Tuesday, March 27, 2007

ദുരന്തം- അജ്ഞാതം, അവര്‍ണനീയം


ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ കുറിച്ചിടാം- അര ഡസനോളം ഇതിഹാസ താരങ്ങളും വന്‍തുക മുടക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ഇറക്കുമതി ചെയ്‌ത പ്രഗല്‍ഭനായ പരിശീലകനും ഫിസിയോയും ട്രെയ്‌നറും ബയോ മെക്കാനിക്ക്‌ എക്‌സ്‌പര്‍ട്ടുമൊക്കെയായി ഒന്‍പതാം ലോകകപ്പില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസിലേക്ക്‌ തിരിച്ച ഇന്ത്യന്‍ ടീം പരാജയത്തിന്റെ വിഴുപ്പു ഭാണ്ഡവുമായി തിരിച്ചു പോന്നു. നാട്ടില്‍ ആരാധകരുടെ വിലാപങ്ങളും മാധ്യമങ്ങളുടെ പരിഹാസവും അതിന്റെ ഉച്ഛസ്ഥായിയുലെത്തി......... ഇത്രയും ഇപ്പോഴേ കുറിച്ചിടാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഇതെന്ന്‌ കൂടി ഇതിനോട്‌ കൂടി എഴുതി ചേര്‍ക്കേണ്ടി വരുമോയെന്നേ ഇപ്പോള്‍ ചിന്തിക്കേണ്ടതുള്ളൂ. അങ്ങനെസംഭവിക്കാതിരിക്കണമെങ്കില്‍ ശരിയായ ഗൗരവത്തോടെ, ലക്ഷ്യ ബോധത്തോടെ ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി, അനില്‍ കുംബ്ലെ.... ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടിയ ഇതിഹാസ താരങ്ങള്‍ കളിക്കുന്ന ഒരു ടീം, സമീപ കാലത്ത്‌ റോബിന്‍ ഉത്തപ്പ, മഹേന്ദ്ര സിങ്ങ്‌ ധോനി, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ യുവതാരങ്ങളുടെ വരവോട്‌ കൂടി കൂടുതല്‍ മികവു നേടിയ ടീം. പരിശീലകനായി ഗ്രെഗ്‌ ചാപ്പല്‍ എന്ന ബുദ്ധിരാക്ഷസനും. ഈ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന എന്ത്‌ വിശദീകരണം നല്‍കും? എവിടെയാണ്‌ പിഴച്ചത്‌? മനസ്സിലാവുന്നില്ലെന്ന്‌ നമ്മുടെ ക്യാപ്‌റ്റന്‍ തന്നെ പറയുന്നു.ശ്രീലങ്കയോട്‌ തോറ്റത്‌ മനസ്സിലാക്കാം. പക്ഷെ ബംഗ്ലാദേശിനെതിരെ പിണഞ്ഞ തോല്‍വിക്ക്‌ എന്ത്‌ വിശദീകരണം നല്‍കും? ഇവിടെയാണ്‌ ക്രിക്കറ്റിന്‌, പ്രത്യേകിച്ചും ഏകദിനക്രിക്കറ്റിന്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന പരിണാമത്തെക്കുറിച്ച്‌ ബോധവാന്‍മാരാവേണ്ടതിന്റെ ആവശ്യം. ഫുട്‌ബോളുള്‍പ്പെടെയുള്ള ഗെയിമുകളെ പോലെ ഒരു ഫിസിക്കള്‍ ഗെയിം, അഥവാ ശാരീരികശേഷിക്ക്‌ പ്രാധാന്യമുള്ള കളി ആയിരുന്നില്ല ക്രിക്കറ്റ്‌. ടെക്‌നിക്കുകള്‍ക്ക്‌ ആധിപത്യമുള്ള ഗെയിം ആയിരുന്നു. ഫുട്‌ബോളിനേയോ ഹോക്കിയേയോ പോലെ മെയ്‌ക്കരുത്തിന്‌, സ്‌റ്റാമിനയ്‌ക്ക്‌ അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല. ഈയൊരു അവസ്ഥക്ക്‌ മാറ്റം വരാന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ വര്‍ഷങ്ങളായി. പതുക്കെ ക്രിക്കറ്റ്‌ കൂടുതല്‍ ഫിസിക്കലായി മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയും ന്യൂസിലഡുമെല്ലാം ഈ വഴിയില്‍ മുമ്പേ നടന്നവരാണ്‌. ഇപ്പോള്‍ ആ മാറ്റത്തിന്‌ വേഗം കൂടുന്നു. ഈ ലോകകപ്പ്‌ അതിന്‌ അടിവരയിടുന്നു. ബംഗ്ലാദേശ്‌ ഇന്ത്യയെ കീഴടക്കിയത്‌ തീര്‍ച്ചയായും ആ ഘടകത്തില്‍ ഊന്നിയാണ്‌. ശാരീരിക ക്ഷമതയില്‍ താരതമ്യേന ചെറുപ്പക്കാരായ ബംഗ്ലാദേശുകാര്‍ ഇന്ത്യക്കാരെ ശരിക്കും പിന്നിലാക്കി. ശാരീരിക ക്ഷമതയിലും അതുവഴി ആര്‍ജിക്കുന്ന ഫീല്‍ഡിങ്ങ്‌ മികവിലും ഈ ലോകകപ്പില്‍ ഏറ്റവും പിന്നില്‍ നിന്നത്‌ ഇന്ത്യയും പാകിസ്‌താനുമാണ്‌. നവാഗത യൂറോപ്യന്‍ ടീമുകളായ അയര്‍ലന്‍ഡും ഹോളണ്ടുമെല്ലാം ഇക്കാര്യത്തില്‍ മികവുള്ളവരാണ്‌. സച്ചിനും ദ്രാവിഡും കൂംബ്ലെയും സൗരവും എല്ലാം ഫീല്‍ഡിങ്ങില്‍ ബാധ്യതയായി വരികയാണ്‌. അല്‍പ്പം വിഷമത്തോടെ തന്നെ പറയട്ടെ, ഇവരൊക്കെ ഇനി ടെസ്റ്റ്‌ മാച്ചുകളില്‍ ശ്രദ്ധ കേന്ദീകരിക്കുന്നതവും ഉചിതം. പ്രായമേറി വരുന്നതാണ്‌ ഇവരുടെ പ്രശ്‌നമെന്ന്‌ മനസ്സിലാക്കാം. അപ്പോള്‍ മുനാഫ്‌ പട്ടേലിനെ പോലുള്ള യുവാക്കളോ? പുതുതായി ടീമിലെത്തുന്ന ഈ കളിക്കാര്‍ പോലും ശാരീരിക മികവിന്റേയും ഫീല്‍ഡിങ്ങിന്റേയും പ്രാധാന്യം ഇനിയും തിരച്ചറിഞ്ഞിട്ടില്ലെന്നത്‌ സത്യമാണ്‌. ഫീല്‍ഡീങ്ങ്‌ മല്‍സരങ്ങള്‍ ജയിക്കുന്നതില്‍ എത്ര നിര്‍ണായകമാണെന്ന്‌ ഇനിയും നമ്മുടെ ക്രികകറ്റ്‌ സംവിധാനത്തിന്‌ ബോധ്യം വന്നിട്ടില്ല എന്നതാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. യുവതാരങ്ങളുടെ പോലും ശാരീരികശേഷിയും ഫീല്‍ഡിങ്ങ്‌ മികവും മെച്ചപ്പെടുത്താന്‍ ശ്രമം നടക്കുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌.ക്യാപ്‌റ്റന്‍ എന്ന നിലയിലുള്ള രാഹുലിന്റെ പിഴവുകളും ഇന്ത്യയുടെ പതനത്തില്‍ നിര്‍ണായകമായി. രാഹുല്‍ അത്ര മികച്ചൊരു ക്യാപ്‌റ്റനല്ലെന്നത്‌ നേരത്തെ തന്നെ വ്യക്തമായിരുന്നു. പക്ഷെ, ടീമിലെ മറ്റു സീനിയര്‍ താരങ്ങളുടെ പിന്തുണയും സഹായവും ക്യാപ്‌റ്റനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, എന്തുകൊണ്ടോ, ഇങ്ങനെയൊരു സഹകരണം ഫീല്‍ഡില്‍ കണ്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ നയിച്ച ക്യാപറ്റന്‍ ഫീല്‍ഡില്‍ തികച്ചും ഒറ്റപ്പെട്ട്‌ മാറ്റിനിര്‍ത്തപ്പട്ടപോലെ തോന്നി. ഒരിക്കല്‍ പോലും ഫീല്‍ഡില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സൗരവിന്റെ സാന്നിധ്യം കണ്ടില്ല. ഓരോ മല്‍സരങ്ങള്‍ക്കും അവസാന പതിനൊന്നംഗ ടീമിനെ തിരഞ്ഞെടുക്കുന്നതിലും ടീം മാനേജ്‌മെന്റിന്‌ പിഴവ്‌ പറ്റി, തീര്‍ച്ച. ഹര്‍ബജന്റെ ദൗര്‍ബൗല്യങ്ങളെക്കുറിച്ച്‌ കളികാണുന്നവര്‍ക്കെല്ലാം വ്യക്തമായ ധാരണയുണ്ട്‌. അതില്ലാത്തത്‌ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്‌ മാത്രമാണെന്ന്‌ തോന്നുന്നു. പേസ്‌ ബൗളര്‍ അഗാര്‍ക്കറേയും അമിതമായി ആശ്രയിച്ചു. ഫാസ്റ്റ്‌ ബൗളിങ്ങിന്‌ അനുകൂലമായ സാഹചര്യത്തില്‍ കളിക്കാനിറങ്ങുമ്പോള്‍, മുന്‍നിര ബാറ്റ്‌സ്‌മാന്‍മാരുടെ വിക്കറ്റെടുക്കാന്‍ കൂടുതല്‍ മിടുക്കുള്ള ശ്രീശാന്തിനെ ഉപയോഗിക്കാമായിരുന്നു. തീര്‍ച്ചയായും അതിന്‌ ഫലമുണ്ടാവുമായിരുന്നു. ബംഗ്ലാദേശിനെതിരായ മാച്ചില്‍ ചെറിയ സ്‌കോറിന്‌ പുറത്താക്കപ്പെട്ട ശേഷവും ബൗളര്‍മാര്‍ക്ക്‌ കളി ജയിക്കാന്‍ കഴിയുമായിരുന്നു. ആ സമയത്ത്‌ ശ്രീശാന്തിനെ പോലെ തുടക്കത്തിലേ വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ള ഒരു ബൗളറുടെ അഭാവം നിഴലിച്ചു കണ്ടു.ഇനി, ചില തലകള്‍ ഉരുളുമെന്ന സൂചനയാണ്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അധികൃതര്‍ നല്‍കുന്നത്‌. ഈ തോല്‍വി അവരുടേയും മാനം കെടുത്തിയിരിക്കുന്നു. എന്തെങ്കിലും ചെയ്യാതെ തരമില്ല. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, മികച്ച കളിക്കാരില്ലാത്തതു കൊണ്ടല്ല, ഇന്ത്യന്‍ ടീം തോറ്റത്‌. മാറ്റം വേണ്ടത്‌ സമീപനത്തിലാണ്‌, ഘടനയിലാണ്‌. പെട്ടന്ന്‌ വരുത്താവുന്ന മാറ്റമല്ല അത്‌. എത്രയും പെട്ടന്ന്‌ തുടങ്ങുന്നവോ, അത്രയും നല്ലത്‌.