Tuesday, September 15, 2009

ഇന്ത്യന്‍ ക്രിക്കറ്റ്‌ എങ്ങോട്ടാണാവോ ?


തികച്ചും യാഥാസ്ഥിതികമായ ചിട്ടവട്ടങ്ങളുള്ള ഒരു ഗെയിമാണ്‌ ക്രിക്കറ്റ്‌. നിയമങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തില്‍ മാന്യന്‍മാര്‍ കളിക്കേണ്ട ഗെയിം. അതെല്ലാം പഴയകാര്യം എന്നു പറയേണ്ടി വരും. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലെ ഭരണ ഘടനയിലും നിയമ വ്യവസ്ഥയിലും മാറ്റം വന്നതിനേക്കാള്‍ വേഗത്തിലാണ്‌ ഇപ്പോള്‍ ക്രിക്കറ്റിലെ മാറ്റം. ഒരു കളി തന്നെ വ്യത്യസ്ഥമായ കളികളായി മാറുന്ന അവസ്ഥ. ടെസ്‌റ്റ്‌, ഏകദിനം, ട്വന്റി-20 എന്നിങ്ങനെയുള്ള അംഗീകൃത രൂപങ്ങള്‍ക്ക്‌ പുറമെ ഡബ്‌ള്‍ വിക്കറ്റ്‌ മാച്ചുകളെ പോലെ അത്രക്കങ്ങ്‌ ക്ലച്ച്‌ പിടിക്കാതെ പോയ വേറെയും പരിഷ്‌കൃത രൂപങ്ങള്‍. പന്തില്‍, കളിക്കാരുടെ വസ്‌ത്രത്തില്‍, ഡ്രിങ്ക്‌സ്‌ ട്രോളിയില്‍... അങ്ങനെ മാറ്റങ്ങള്‍ വന്ന്‌ ഇപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന്‌ കളിക്കാര്‍ ഇയര്‍ഫോണ്‍ വഴി മല്‍സരത്തിനിടെ കമന്റേറ്റര്‍മാരുമായി സംസാരിക്കുന്നിടത്ത്‌ വരെയെത്തിയിരിക്കുന്നു മാറ്റം. ` ഒറ്റ സെക്കന്റ്‌, അതാ ഒരു ബൗണ്‍സര്‍ വരുന്നു, ഞാനൊന്ന്‌ ഹുക്ക്‌ ചെയ്യട്ടെ` എന്ന്‌ ബാറ്റ്‌സ്‌മാന്‍ ടെലിവിഷനിലൂടെ കാണികളോട്‌ ലൈവ്‌ ആയി പറയുന്ന കാലത്തേക്ക്‌ ഇനിയധികമില്ലെന്ന്‌ തന്നെ വേണം വിശ്വസിക്കാന്‍ഈ മാറ്റങ്ങള്‍ നല്ലതിനോയെന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ. ഈ മാറ്റങ്ങള്‍ക്കൊത്ത്‌ മുന്നോട്ട്‌ പോവാന്‍ ഓരോ ക്രിക്കറ്റ്‌ ടീമിനും ഓരോ രാജ്യത്തെയും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനും ക്രിക്കറ്റ്‌ ഒരു കരിയര്‍ ആയി തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കും എന്തെല്ലാം രീതിയില്‍ മാറേണ്ടിവരും തയ്യാറെടുക്കേണ്ടി വരുമെന്ന്‌ ചിന്തിക്കുന്നത്‌ രസകരമായിരിക്കും. കാരണം മാറ്റങ്ങളുടെ ലോകത്ത്‌ അവക്കൊത്ത്‌ നീങ്ങാത്തവര്‍ അപ്രസക്തരായി പോവും. ഇന്ന്‌ മുന്‍നിര ക്രിക്കറ്റ്‌ രാഷ്ട്രങ്ങള്‍ എല്ലാം അഭിമുഖീകരിക്കുന്ന വെല്ലുവിളി ഇതാണ്‌. ഇനി നടക്കുന്ന ഓരോ മല്‍സരവും ടൂര്‍ണമെന്റുകളും കളിക്കേണ്ടത്‌ ഈ കാര്യങ്ങള്‍ മനസ്സില്‍ കണ്ടാവണം. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും സെലക്‌റ്റര്‍മാരും ഈ സവിശേഷ സാഹചര്യത്തെ ശരിയായ രീതിയില്‍ തന്നെ അഭിമുഖീകരിക്കുന്നുവോയെന്നതും ഏറെ പ്രസക്തമാണ്‌. മുമ്പൊന്നുമില്ലാത്തവിധം ശാരീരികക്ഷമത ആവശ്യമായ ഗെയിം ആയി മാറിയിരിക്കുന്നു എന്നാതാണ്‌ കളിക്കാരുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ക്രിക്കറ്റിന്‌ സംഭവിച്ചിരിക്കുന്ന വലിയ മാറ്റം. കളിക്കാരുടെ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ നേരിയ വിട്ടുവീഴ്‌ചകള്‍ പോലും അനുവദനീയമല്ല. ഈ കാര്യത്തില്‍ ഇന്ത്യന്‍ സെലക്‌റ്റര്‍മാരുടെ സമീപനം ഇന്നും നിരാശാജനകമാണ്‌. പരിക്കു പറ്റിയ കളിക്കാര്‍ അത്‌ പുറത്തു പറയാതെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുകയും സെലക്‌റ്റര്‍മാര്‍ അതിന്‍മേല്‍ കൂടുതല്‍ വിശദീകരണം തേടാതെ അതാത്‌ കളിക്കാര്‍ക്ക്‌ സെലക്‌,ന്‍ നല്‍കുകയും ചെയ്യുന്ന പതിവ്‌ നിര്‍ബാധം തുടരുകയാണ്‌. ട്വന്റി-20 ലോകകപ്പിന്‌ പോയ ടീമില്‍ ഉള്‍പ്പെട്ടിരുന്ന വീരേന്ദര്‍ സെവാഗ്‌ മല്‍സര വേദിയിലെത്തിയ ശേഷം താന്‍ പരിക്കിന്റെ പിടിയിലാണെന്ന്‌ സമ്മതിക്കുകയും നാട്ടിലേക്ക്‌ തിരിച്ചു പോരികയും ചെയ്‌ത സംഭവം ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്റെ സാധ്യതകള്‍ തകര്‍ത്തുകളഞ്ഞിരുന്നു. സെവാഗ്‌ അവസാന നിമിഷം പിന്‍മാറിയത്‌ കാരണം. പകരം ഒരു കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പോലും കഴിയാതെ പോയി. സെവാഗിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ തന്നെ ഇങ്ങനെ ചെയ്‌താല്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ? ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ട്രോഫിക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാധ്യതാ ടീമില്‍ ഉണ്ടായിരുന്ന സഹീര്‍ പരിക്കുകാരണം പിന്‍മാറി. പരിക്കാണെന്ന കാര്യം തുറന്നു സമ്മതിക്കാന്‍ സെവാഗ്‌ നേരത്തെ തന്നെ തയ്യാറായിരുന്നെങ്കില്‍ സാധ്യതാ ടീമില്‍്‌ മറ്റൊരു ഫാസ്റ്റ്‌ ബൗളരെ ഉള്‍പ്പെടുത്താമായിരുന്നു. തനിക്ക്‌ പരിക്കാണെന്ന്‌ വെളിപ്പെടുത്തിയാല്‍ ആ ഒഴിവില്‍ മറ്റൊരു യുവതാരം കയറി പറ്റുകയും നന്നായി പെര്‍ഫോം ചെയ്‌താല്‍ ഭാവിയില്‍ തന്റെ വാതില്‍ അടയുകയും ചെയ്യുമെന്ന കളിക്കാരുടെ ഭയമാണ്‌ ഇത്തരെ ഒളിച്ചുകളികള്‍ക്ക്‌ പിന്നില്‍ എന്നത്‌ വ്യക്തമാണ്‌. അത്‌ കളിക്കാരുടെ കാര്യം. സെലക്‌റ്റര്‍മാര്‍ക്ക്‌ ഈ അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലേയെന്ന്‌ സ്വാഭാവികമായും ചോദ്യമുയരണം. പ്രതിഫലം വാങ്ങുന്ന ജോലിയാണ്‌ ഇന്ത്യന്‍ വെലക്‌റ്റര്‍മാരോട്‌. അതുകൊണ്ടു തന്നെ തികച്ചും പ്രൊഫഷണലായി ആ ജോലി ചെയ്യുന്നതിന്‌ അവര്‍ക്ക്‌ ബാധ്യതയും ഉണ്ട്‌. പക്ഷെ ഒരു പാട്‌ സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴിപ്പെട്ട്‌ പലരുടേയും ഇംഗിതത്തിനൊത്ത്‌ പ്രവര്‍ത്തിക്കുകയാണ്‌ നമ്മുടെ സെലക്‌റ്റര്‍മാര്‍ എന്നത്‌ അവര്‍ സെലക്‌റ്റ്‌ ചെയ്യുന്ന ടീമുകളുടെ ഘടന തന്നെ വ്യക്തമാക്കുന്നു. ഓരോ സോണിനേയും, സംസ്ഥാനത്തേയും പ്രതിനിധീകരിച്ചാണ്‌ സെലക്ഷന്‍ കമ്മിറ്റിയിലേക്ക്‌ സെലക്‌റ്റര്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌. ഈ 'സെലക്ഷന്‍' തന്നെ ടീം സെലക്ഷനിലെ ക്രമക്കേടുകള്‍ക്ക്‌ വഴി വെക്കുന്നു. താന്‍ ്‌പരതിനിധീകരിക്കുന്ന സ്‌ംസ്ഥാനത്ത്‌ നിന്ന്‌ കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. ഒരു സെലക്‌റ്റര്‍ എന്ന നിലയില്‍ അയാളുടെ സംസ്ഥാന അസോസിയേഷന്‍ അയാളുടെ പെര്‍ഫോമന്‍സ്‌ വിലയിരുത്തുന്നത്‌ അതാത്‌ സംസ്ഥാനത്തെ, സോണിലെ എത്ര കളിക്കാര്‍ക്ക്‌ സെലക്ഷന്‍ നേടികൊടുത്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തിലാണ്‌. പിന്നീട്‌ കൂടുതല്‍ വലിയ പദവിയിലേക്ക്‌ പിന്തുണ നേടിയെടുക്കാന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ ഓരോ സെലക്‌റ്ററും ശ്രമിക്കുന്നതോടെ ദേശീയ ടീം സെലക്ഷന്റെ സര്‍വ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്നു. അര്‍ഹരായ കളിക്കാര്‍ പുറത്താവുന്നു. ശരാശരിക്കാര്‍ പലരും ഇന്ത്യന്‍ താരങ്ങളാവുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനും ഐ സി സി ചാമ്പ്യന്‍സ്‌ ട്രോഫിക്കുമുള്ള ടീമില്‍ നിന്ന്‌ സമീപ കാലത്ത്‌ ഏകദിന മാച്ചുകളില്‍ ഇന്ത്യക്ക്‌ വിജയം നേടിക്കൊടുത്ത ഒട്ടേറെ പ്രകടനങ്ങള്‍ നടത്തിയ ഇര്‍ഫാന്‍ പത്താന്‍ പുറത്തായതിനും ഇന്ത്യയിലെ മികച്ച പേസ്‌ ബൗളര്‍ എന്ന്‌ രവിശാസ്‌ത്രി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ്‌ വിശാരദരും മുന്‍താരങ്ങളും വിലയിരുത്തുന്ന ശ്രീശാന്തിന്‌ 30 അംഗ സാധ്യതാ ലിസിറ്റില്‍ തന്നെ ഇടം പിടിക്കാന്‍ കഴിയാതെ പോയതിനും കാരണം ഇതുതന്നെ. സഹീര്‍ ഖാന്റെ അഭാവത്തില്‍ പോലും ശ്രീയുടെ പേര്‌ പരാമര്‍ശിക്കാന്‍ പോലും സെലക്‌റ്റര്‍മാര്‍ മടിക്കുന്നത്‌ അതി വിചിത്രം തന്നെ. മുന്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ മികച്ച കളിക്കാരനാണെന്നതില്‍ രണ്ടില്ല പക്ഷം. കുറച്ചു കാലമായി രാഹുലിന്‌ ഏകദിന ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. യുവാക്കള്‍ക്ക്‌ അവസരം നല്‍കി ഭാവിയിലേക്കുള്ള ടീമിനെ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നായിരുന്നു അതിനുള്ള കാരണമായി സെലക്‌റ്റര്‍മാരും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അധികൃതരും നല്‍കിയത്‌. എന്നാല്‍ ഇപ്പോള്‍ നല്ല പ്രായം പിന്നിട്ട സച്ചിനും രാഹുലും ഒരുമിച്ച്‌ ടീമില്‍ ഇടം പിടിച്ചിരിക്കുന്നു. തിരച്ചില്‍ കഴിഞ്ഞോ, ഭാവിയിലേക്കുള്ള ടീമിനെ കണ്ടെത്തി കഴിഞ്ഞുവോ ? അതോ പുതിയ കളിക്കാര്‍ ആരും മികച്ചവരല്ലെന്ന നിഗമനത്തില്‍ എത്തികഴിഞ്ഞോ ആവോ ? ട്വന്റി-20 ലോകകപ്പിലെ ദയനീയ പതനത്തിന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്ററിയുന്നതിന്‌ ലഭിച്ചിരിക്കുന്ന അവസരമാണ്‌ ഐ സി സി ട്രോഫി. ഗൊരവ പൂര്‍ണമായ സമീപനം ഇന്ത്യന്‍ സെലക്‌റ്റര്‍മാര്‍ക്കോ ടീം മാനേജ്‌്‌മെന്റിനും ഇനിയും അന്യമാണെന്നാണ്‌. ഈ ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍വാവലോകന വേളയിലും വ്യക്തമാവുന്നത്‌. ഒട്ടേറെ പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ ജന്‍മം കൊള്ളുന്ന വിശാല രാഷ്ട്രമാണിത്‌. ക്രിക്കറ്റിനെ ഹൃദയപൂര്‍വം ഉള്‍ക്കൊള്ളുന്ന ഒരുപാട്‌ ആരാധകരുടെ പിന്തുണയും ഉണ്ട്‌. പക്ഷെ ഈ അനുകൂല ഘടകങ്ങളൊന്നും ശരിയായി മുതലെടുക്കാന്‍ കഴിവുള്ള ഭാവനാശാലികളായ ക്രിക്കറ്റ്‌ ഒഫീഷ്യലുകള്‍ നമുക്കില്ലെന്നത്‌ ഇന്നും വലിയ ദുര്യോഗമായി അവശേഷിക്കുന്നു. ഇടക്ക്‌ വീണു കിട്ടുന്ന വിജയങ്ങള്‍ ഈ രാജ്യത്തെ ക്രിക്കറ്റ്‌ പ്രതിഭയുടെ ആധിക്യം കൊണ്ടുമാത്രമാണ്‌. അതില്‍ നമ്മുടെ ഒഫീഷ്യലുകളുടെ പങ്ക്‌ തികച്ചും നിസ്സാരമാണ്‌. ഈ തിരിച്ചറിവോടെ വേണം ഇന്ത്യന്‍ ടീമിന്റെ ഓരോ കളികളും കാണാന്‍, ഓരോ വിജയങ്ങളും ആഘോഷിക്കാന്‍.

വാഡയെ ഭയക്കുന്നതാര്‌ ?


കലാകാരന്‌ അഥവാ സാഹിത്യകാരന്‌ സാമൂഹിക പ്രതിബദ്ധത ആവശ്യമാണോയെന്നത്‌ ഏറെ പഴക്കമുള്ള ചോദ്യമാണ്‌. ഓരോ കലാസൃഷ്ടിയും ഒരോ ഉല്‍പ്പന്നമാണെന്നും അത്‌ സമൂഹത്തിന്‌ ഗുണകരമായ എന്തെങ്കിലും സന്ദേശം നല്‍കുന്നതാവണം എന്നുമുള്ള മാര്‍ക്‌സിയന്‍ കാഴ്‌പ്പാടില്‍ നിന്നാണ്‌ ഇങ്ങനെയൊരു ചോദ്യമുല്‍ഭവിച്ചത്‌. മറിച്ച്‌ ഒരു സന്ദേശം നല്‍കുന്നതിന്‌ വേണ്ടി കലാസൃഷ്ടിയെ രൂപപ്പെടുത്തുമ്പോള്‍ അത്‌ സൗന്ദര്യതലത്തില്‍ പരാജയമാവുന്നുവെന്നും അതുകൊണ്ട്‌ അതിന്‌ വേണ്ടി ബോധപൂര്‍വം ശ്രമിക്കേണ്ടതില്ലെന്നും, കല കലയ്‌ക്കു വേണ്ടിയെന്ന മുദ്രാവാക്യമുയര്‍ത്തിയ ശുദ്ധകലാവാദികളും വാദിച്ചിരുന്നു. ഇവരുടെ വാദങ്ങള്‍ക്കാണ്‌ പില്‍കാലത്ത്‌ പ്രാമുഖ്യം ലഭിച്ചത്‌. എന്നാല്‍ കലാസൃഷ്ടിക്ക്‌ പ്രകടമായ സാമൂഹിക പ്രതിബദ്ധതയില്ലെങ്കിലും കലാകാരന്‌ അത്‌ ആവശ്യമാണെന്ന്‌ അംഗീകരിക്കാതിരിക്കാന്‍ വയ്യ. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാകാരന്‍മാര്‍ സാഹോദര്യം, സഹിഷ്‌ണുത, വര്‍ഗ്ഗസമത്വം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മാതൃക കാണിക്കുകയും ചെയ്യണമെന്നതില്‍ തര്‍ക്കമില്ല താനും. ആ കാര്യങ്ങള്‍ കായിക രംഗത്തും ഇന്ന്‌ ഏറെ പ്രസക്തമാണ്‌. കായിക താരങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ മാതൃകയാവും വിധം മല്‍സരിക്കുകയും ജീവിക്കുകയും വേണമെന്നത്‌ ഒളിമ്പിക്‌സ്‌ പോലുള്ള മഹാപ്രസ്ഥാനങ്ങളും കായിക സംഘടനകളും ഉദ്‌ഘോഷിക്കുന്നുണ്ട്‌ . കളിക്കളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന ഉത്തേജക മരുന്നുകള്‍ വിലക്കപ്പെട്ടതും ഇങ്ങനെയുള്ള ചില സദാചാര ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്‌. കൃത്രിമമായി കായിക താരങ്ങളുടെ പ്രകടന മികവ്‌ വര്‍ദ്ധിപ്പിക്കുന്നുവെന്നത്‌ മാത്രമല്ല ഉത്തേജക മരുന്നുകളുടെ ദൂഷ്യം. അത്‌ ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിന്‌, ആയുസ്സിന്‌ ഭീഷമിയാവുന്നു എന്നത്‌ കൂടിയാണ്‌. ഉത്തേജക മരുന്നുകള്‍ക്ക്‌ ഇരയായ അമേരിക്കന്‍ അത്‌ലറ്റ്‌ ഫ്‌ളോറന്‍സ്‌ ഗ്രിഫിത്ത്‌ ജോയ്‌നറെ പോലുള്ളവരുടെ ദുരന്തം നമുക്ക്‌ മുന്നിലുണ്ട്‌. ലോകത്തെ സര്‍വ കായിക ഇനങ്ങളിലും ഉത്തേജക മരുന്നിന്റെ ഉപഭോഗം തടയാനുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടു വന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റ്‌ സംഘടന മാത്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഏറെ വൈകിയാണ്‌ അവര്‍ കണ്ണുതുറന്നത്‌. ക്രിക്കറ്റിന്‌ സാര്‍വദേശീയ അംഗീകാരം നേടിയെടുക്കാനും അതുവഴി ഒളിമ്പിക്‌സ്‌ പോലുള്ള ലോക കായിക മേളകളില്‍ മല്‍സര ഇനമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ക്രിക്കറ്റര്‍മാരെ ഡോപ്‌ ടെസ്റ്റിന്‌ വിധേയരാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ സി സി) തുനിഞ്ഞത്‌.ആ പതിവ്‌ ആരംഭിച്ച്‌ അധികം കഴിയും മുമ്പെ തന്നെ അതി പ്രശസ്‌തരായ ക്രിക്കറ്റര്‍മാര്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതിന്‌ പിടിക്കപ്പെടുകയും ചെയ്‌തു. ആദ്യം പിടിക്കപ്പെട്ടത്‌ ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണായിരുന്നു. അതോടെ ക്രിക്കറ്റില്‍ കാര്യങ്ങള്‍ നമ്മള്‍ കരുതിയത്‌ പോലെ അത്ര ക്ലീന്‍ അല്ലെന്ന്‌ ലോകത്തിന്‌ ബോധ്യം വന്നു. പിന്നീട്‌ പാകിസ്‌താന്റെ ഫാസ്റ്റ്‌ ബൗളര്‍മാരായ ഷോയിബ്‌ അക്തറും മുഹമദ്‌ ആസിഫും കുരുങ്ങിയതോടെ കാര്യങ്ങള്‍ കുറേകൂടി വ്യക്തമാവുകയായിരുന്നു. ക്രിക്കറ്റ്‌ ഒരു പവര്‍ ഗെയിമല്ലെന്നും സാങ്കേതികതയില്‍ ഊന്നിയുള്ള കളിയാണെന്നതു കൊണ്ട്‌ ഉത്തേജക മരുന്നു കൊണ്ട്‌ എന്തു പ്രയോജനമാണ്‌ ക്രിക്കറ്റില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്നായിരുന്നു അതുവരെ ക്രിക്കറ്റര്‍മാര്‍ വാദിച്ചിരുന്നത്‌. എന്നാല്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം കൊണ്ട്‌ പവറും സ്റ്റാമിനയും കൃത്രിമമായി വര്‍ധിപ്പിക്കുക മാത്രമല്ല മാനസിക സമ്മര്‍ദ്ധത്തെ അതിജീവിക്കാനും കഴിയുമെന്ന്‌്‌ വ്യക്തമായതോടെ ചെസ്സില്‍ പോലും ഡോപ്‌ടെസ്റ്റ്‌ ആവശ്യമായി വന്നിരിക്കുകയാണ്‌. അന്താരാഷ്ട്ര ചെസ്‌ സംഘടന, ഫിഡെയും ചെസ്‌ താരങ്ങളും ഡോപ്‌ ടെസ്റ്റുമായി സഹകരിക്കുകയും ചെയ്യുന്നു. വോണും അക്തറും മറ്റും പിടിക്കപ്പെട്ടത്‌ ക്രിക്കറ്റിനെ ഉത്തേജക വിമുക്തമാക്കാന്‍ കൂടുതല്‍ ഗൗരവതരമായ നടപടികള്‍ ആവശ്യമാണെന്നും തെളിയിക്കുന്നു. ഈ വസ്‌തുതകള്‍ പരിഗണിച്ചു വേണം വേള്‍ഡ്‌ ആന്റി ഡോപ്പിങ്‌ അതേറിറ്റി(വാഡ)യുമായി സഹകരിക്കാന്‍ തയ്യാറില്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ നിലപാടിനെ വിലയിരുത്തുന്നത്‌. വാഡയുടെ പരിശോധനാ സംഘം മല്‍സരങ്ങള്‍ ഇല്ലാത്ത സമയത്ത്‌ പോലും താരങ്ങളെ തേടിയെത്തുമെന്നും അത്‌ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ വാദം. ആ നിലപാടിനോട്‌ യോജിച്ചു കൊണ്ട്‌ വാഡയുടെ പരിശോധനയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌(ബി സി സി ഐ) സ്വീകരിച്ചിരിക്കുന്നത്‌. സ്വകാര്യത എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ മാത്രമുള്ളതല്ല. അവരേക്കാള്‍ എത്രയോ ഇരട്ടി പ്രതിഫലം വാങ്ങുന്ന ലോകത്തെ മുന്‍നിര ടെന്നീസ്‌ താരങ്ങളും ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാക്കളായ അത്‌ലറ്റുകളും പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാരും ഇത്തരം പരിശോധനകളോട്‌ സഹകരിക്കുന്നുണ്ട്‌ . ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളിയായ ലോങ്‌ജംപര്‍ അഞ്‌ജു ബി ജോര്‍ജിന്റെ ഫോട്ടോ വാഡയുടെ പ്രചരണ പോസ്‌റ്ററില്‍ ഇടം പിടിച്ചിരുന്നു. വാഡയോട്‌ ഏറ്റവും സജീവമായി സഹകരിക്കുന്ന അത്‌ലറ്റ്‌ എന്ന നിലയിലാണ്‌ അഞ്‌ജുവിന്‌ ഈ ബഹുമതി(സംശയിക്കേണ്ട, ഇതൊരു ബഹുമതി തന്നെ) ലഭിച്ചത്‌. കായിക ലോകം ഉത്തേജക വിമുക്തമാവണമെന്നും താരങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ മാതൃകയാവമമെന്നും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ്‌ ഇവരെല്ലാം അല്‍പം ബുദ്ധിമുട്ടുകള്‍ സഹിച്ചും വാഡയുടെ പരിശോധനകളോട്‌ സഹകരിക്കുന്നത്‌. ക്രിക്കറ്റിനെ ഒളിമ്പിക്‌സും കോമണ്‍വെല്‍ത്ത്‌ ഗെയിംസും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മേളകളില്‍ ഉള്‍പ്പെടുത്തിയെടുക്കാനുള്ള ഐ സി സിയുടെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാവുന്ന രീതിയിലാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടേയും ബോര്‍ഡിന്റേയും നടപടി എന്നുകൂടി മനസ്സിലാക്കണം. മറ്റൊരു കാര്യം കൂടി. എന്തൊക്കയോ ഒളിപ്പിക്കാനുള്ളതു കൊണ്ടാണ്‌ ഇന്ത്യന്‍ താരങ്ങള്‍ വാഡയുമായി സഹകരിക്കാത്തതെന്ന്‌ കായികപ്രേമികള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.