Sunday, July 15, 2012

ചിരിപ്പിക്കുന്ന കൊലയാളി


കൊലയാളി, രക്തദാഹി, പിശാച് തുടങ്ങിയ വിശേഷണങ്ങളാണ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പതിവുള്ളത്. ബൗണ്ടറിലൈനിന് അരികില്‍ നിന്ന് നാസാദ്വാരങ്ങള്‍ വിടര്‍ത്തി ഓടിവരുന്ന ഷോയിബ് അക്തറും ബാറ്റ്‌സ്മാനെ കണ്ണുരുട്ടി വിരട്ടാന്‍ നോക്കുന്ന ലസിത് മലിംഗയും ബാറ്റ്‌സ്മാന് അരികില്‍ച്ചെന്ന് കാണിച്ചു തരാമെന്ന് പിറുപിറുത്ത ശേഷം ബൗണ്‍സര്‍ എറിയുന്ന ഡെയ്ല്‍ സ്‌റ്റെയ്‌നും റണ്ണൗട്ടാക്കാനെന്ന ഭാവത്തില്‍ ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്റെ നെഞ്ചിനു നേരെ എറിയാനോങ്ങുന്ന നഥാന്‍ ബ്രാക്കണുമെല്ലാം ഈ വിശേഷണങ്ങളുടെ ഗരിമ നിലനിര്‍ത്തുന്നു. വേഗതയും രൗദ്രതയും കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിരട്ടി, അവര്‍ക്കു മേല്‍ മാനസിക ആധിപത്യം നേടി വിക്കറ്റെടുക്കുക എന്ന പഴയ ബോഡീലൈന്‍ സ്ട്രാറ്റജിയുടെ തുടര്‍ച്ച തന്നെ ഇതെല്ലാം.

ബ്രെറ്റ് ലീക്കുമുണ്ട് ഇങ്ങെയൊരു നമ്പര്‍. പന്ത് കൈയ്യിലെടുത്ത് ബൗളിങ് മാര്‍ക്കിലേക്ക് നടക്കുമ്പോള്‍ ബാറ്റ്‌സ്മാന്റെ കണ്ണിലേക്ക് തുറിച്ചുകയറുന്ന ഒരു പുഞ്ചിരി. നിന്റെ എല്ലാ ഐഡിയകളും എനിക്കു പിടികിട്ടിയിരിക്കുന്നു എന്നൊരു മട്ടുണ്ടതിന്. തീഷ്ണമായ നോട്ടങ്ങളേക്കാളും ശകാരവാക്കുകളേക്കാളും ശക്തിയുണ്ടതിനെന്ന് വീരേന്ദര്‍ സെവാഗ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഗ്രൗണ്ടിനകത്തും പുറത്തും തന്റെ ട്രേഡ്മാര്‍ക്കായ പുഞ്ചിരിയോടെയേ ലീയെ കാണാന്‍ കഴിയുള്ളൂ. ചോദ്യങ്ങള്‍ക്ക് ലീയുടെ മറുപടി എന്തെങ്കിലും ജോക്ക് ആയിരിക്കും, എന്നിട്ട് ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. ഒരു ഇന്ത്യഓസീസ് പരമ്പരക്കിടെ ലീയെ കണ്ടപ്പോള്‍ ചോദിച്ചു, ' ഒരു ഇന്റര്‍വ്യൂ തരുമോ? ഉടന്‍ വന്നു മറുപടി ' നാട്ടില്‍ നിന്ന് കുറേ കൊണ്ടുവന്നിരുന്നു. എല്ലാം ഇന്ത്യയിലെ ജേണലിസ്റ്റുകള്‍ക്ക് കൊടുത്ത് തീര്‍ന്നുപോയി. കൊറിയര്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. എത്തുമ്പോള്‍ തരാം' എന്റെ മുഖം വിവര്‍ണമായതു കണ്ടിട്ടാവാം, പുറത്തുതട്ടി പറഞ്ഞു, 'മാച്ചിനു ശേഷമാവട്ടെ' ലീ വാക്കുപാലിച്ചു, മാച്ചിനു ശേഷം ഇന്റര്‍വ്യൂ തന്നു. ഒരു പാകിസ്താനി ജേണലിസ്റ്റ് ഷോയിബിനേയും ലീയേയും താരതമ്യം ചെയ്തപ്പോള്‍ ലീയുടെ മറുപടി ഇങ്ങനെയായിരുന്നു. ' അയാള്‍ വലിയ ഓട്ടക്കാരന്‍. നമ്മുടെ ഫീല്‍ഡ് ചാട്ടമല്ലേ? അക്തറിന്റെ ദീര്‍ഘമായ റണ്ണപ്പിനേയും ലീയുടെ വിക്കറ്റെടുത്ത ശേഷമുള്ള ചാട്ടത്തേയും പരാമര്‍ശിച്ചായിരുന്നു ഈ മറുപടി. ലീയെന്ന പേരിന് വല്ല ചൈനീസ് ബന്ധവുമുണ്ടോ എന്ന ചോദ്യത്തിന്, ചൈനീസ് ഭക്ഷണം ഇഷ്ടമാണെന്നായിരുന്നു മറുപടി. ലീയുടെ ഈ സരസ പ്രകൃതം ഗൗരവത്തിലുള്ള ഒരു ഇന്റര്‍വ്യു പോലും അസാധ്യമാക്കുന്നതായിരുന്നു. ചിരിക്കുന്ന കൊലയാളിയെന്നതിനേക്കാള്‍ ലീക്ക് യോജിച്ച വിളിപ്പേര് ചിരിപ്പിക്കുന്ന കൊലയാളിയെന്നാവും. ലീ മാധ്യമ പ്രവര്‍ത്തകരും എതിര്‍ ടീമിലെ ക്രിക്കറ്റര്‍മാരുമായി വാക്കേറ്റമുണ്ടായ സന്ദര്‍ഭമില്ലെന്നല്ല. സാധാരണ ഫാസ്റ്റ് ബൗളര്‍മാരുടെ കൂടപ്പിറപ്പായ ഇത്തരം അഗ്രസ്സീവ് ഇപെടലുകളുടെ പേരില്‍ ലീയും വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ആദ്യം ക്ഷമാപണം നടത്തുന്നത് ലീ തന്നെയാണെന്നാണ് അനുഭവം. അല്‍പം ഗൗരവവും അതിലേറെ തമാശയും കലര്‍ന്ന ലീയുടെ വാക്കുകളും പ്രവര്‍ത്തിയും മറ്റുള്ളവര്‍ ശരിയായ രീതിയില്‍ തിരിച്ചറിയാതെ പോവുന്നതാണ് ഇത്തരം അസുഖകരമായ സംഭവങ്ങള്‍ക്ക് കാരണമായതെന്ന് വിശ്വസിക്കാനാണ് ഈ ലേഖകന് ഇഷ്ടം.
ലീയുടെ നാവിനെ നേരിടുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ദുഷ്‌ക്കരമാണ് അയാളുടെ പന്തുകള്‍ നേരിടുകയെന്ന് ലോകമെമ്പാടുമുള്ള ബാറ്റ്‌സ്മാന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ മികച്ച ഫോമില്‍ ലീ ബൗള്‍ ചെയ്യുമ്പോള്‍ അയാളുടെ പന്തുകള്‍ അതിജീവിക്കുകയും മറ്റു ബൗളര്‍മാരുടെ പന്തില്‍ റണ്ണെടുക്കുകയും ചെയ്യുകയെന്നതായിരുന്നു ബാറ്റ്‌സ്മാന്‍മാരുടെ സ്ട്രാറ്റജി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ലീ സ്ഥാനം പിടിക്കുന്നത് അതുകൊണ്ടു തന്നെ. ശരിയായ ഫാസ്റ്റ് ബൗളറുടെ ജീവിതം എത്ര ദുഷ്‌ക്കരമാണെന്നും പരിക്കുകളും വേദനകളും വിടാതെ പിന്തുടരാനുള്ള സാധ്യതകള്‍ എത്ര വലുതാണെന്നും ലീ തന്റെ കരിയര്‍ കൊണ്ട് വ്യക്തമാക്കുന്നു. 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റ് നേടിയ ലീ 2008ല്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലിയത് വിടാതെ പിന്തുടര്‍ന്ന പരിക്കുകള്‍ കാരണമായിരുന്നു. ഏകദിന, ടി20 കരിയറുകള്‍ പരമാവധി ദീര്‍ഘിപ്പിച്ച് കൊണ്ടുപോവാന്‍ കൂടിയായിരുന്നു ലീയുടെ ഈ തീരുമാനം. ശ്രീലങ്കയില്‍ സപ്തംബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിക്കണമെന്ന് ലീ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. പരിക്ക് അതിന് അനുവദിക്കില്ല എന്നുറപ്പായതോടെ മനസ്സില്ലാ മനസ്സോടെയാണ് ഇപ്പോള്‍ ഏകദിന, ടി20 മാച്ചുകളില്‍ നിന്നു കൂടി റിട്ടയര്‍ ചെയ്യാന്‍ ലീ തീരുമാനിച്ചത്. 221 ഏകദിന മാച്ചുകളില്‍ നിന്ന് 380 വിക്കറ്റ് നേടിയ ലീ ഓസ്‌ട്രേലിയയില്‍ രണ്ടാം സ്ഥാനത്താണ്. 381 വിക്കറ്റെടുത്ത് ഗ്ലെന്‍ മെഗ്രാത്ത് മാത്രമാണ് ഏകദിന ക്രിക്കറ്റില്‍ ലീയേക്കാള്‍ വിക്കറ്റ് നേടിയ ഓസീസ് ബൗളര്‍. രണ്ടു വിക്കറ്റു കൂടി നേടിയിരുന്നെങ്കില്‍ മെഗ്രാത്തിനെ മറികടക്കാമായിരുന്നു.
പരിക്കു ഭേദമായി അതിനു കാത്തുനില്‍ക്കാതെ ലീ റിട്ടയര്‍ ചെയ്യുമ്പോള്‍ ഒരു നിലപാട് കൂടി വ്യക്തമാക്കുന്നു. മുമ്പത് ലീ പല തവണ പറഞ്ഞിട്ടുണ്ട് . 'വ്യക്തിഗത റെക്കോഡില്‍ വലിയ കാര്യമൊന്നുമില്ല സുഹൃത്തേ ' 2003ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ലീ ഓസ്്രേടലിയയുടെ എക്കാലത്തേയും മികച്ച ടീമിന്റെ ഭാഗമായിരുന്നു. മെഗ്രാത്ത്, ഷെയിന്‍ വോണ്‍, ആഡം ഗില്‍ക്രിസ്റ്റ് സ്റ്റീവ് വോ മാര്‍ക്ക് വോ എന്നിവര്‍ക്കൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നതാണ് തന്റെ ഭാഗ്യമെന്ന് ഉറപ്പിച്ചുപറയുന്നു. മെഗ്രാത്തിന്റെ വിക്കറ്റ് നേട്ടത്തെ മറികടക്കേണ്ടെന്ന് ലീ തീരുമാനിച്ചതിനു പിന്നിലെ ചേതോവികാരം ഇവിടെ വ്യക്തവുമാണല്ലോ? 35കാരനായ ഈ ഓസ്‌ട്രേലിയക്കാരനെ ഏറ്റവും ലളിതമായി ഇങ്ങനെ നിര്‍വചിക്കാംമികച്ചൊരു ക്രിക്കറ്റര്‍, അതിലേറെ മികച്ച വ്യക്തി. ക്രിക്കറ്റ് മാത്രമല്ല ലീയുടെ ഫീല്‍ഡ്‌ലീയുടെ ഭാഷയില്‍ താന്‍ 'വളര്‍ന്നു വരുന്ന ഗിറ്റാറിസ്റ്റ് 'കൂടിയാണ്. പരിക്കുകള്‍ പിന്തുടരാത്ത ശോഭനമായൊരു കരിയര്‍ ലീയ്ക്ക് ആശംസിക്കുന്നു.