Wednesday, September 5, 2007

സൗരവ്‌ ഗാംഗുലിയുമായി അഭിമുഖം


വര്‍ഷാവസാന പരീക്ഷയ്‌ക്ക്‌ ഒരുങ്ങുന്ന മിടുക്കനായ പത്താംക്ലാസ്‌ വി ദ്യാര്‍ഥിയെപ്പോലെയാണ്‌ സൗരവ്‌. നല്ലവണ്ണം തയ്യാറെടുത്തേ ക്രിക്കറ്റ്‌ ഫീല്‍ഡിലെ ഏതു പരീക്ഷയും അഭിമുഖീകരിക്കൂ. രാവിലെയും വൈകുന്നേരവുമായി ആറുമണിക്കൂറോളം നീളുന്ന വ്യായാമവും നെറ്റ്‌ പ്രാക്‌ടീസും സൗരവിന്റെ ദിനചര്യയുടെ ഭാഗമാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ മത്സരങ്ങളൊന്നുമില്ലാത്ത ഇടവേളകളില്‍ സൗരവ്‌ കൊല്‍ക്കത്തയില്‍ ഉണ്ടാവുമെങ്കിലും തിരക്കൊഴിഞ്ഞ്‌ അല്‌പനേരം ഒന്നു പിടികിട്ടാനുള്ള വിഷമത്തിനു കാരണം ഇതുതന്നെ. മറ്റെന്തു മുടങ്ങിയാലും ക്രിക്കറ്റ്‌ പരിശീലനം മുടക്കാന്‍ വയ്യ. ഇക്കാര്യത്തില്‍ സൗരവ്‌ വലിയ `വാശിക്കാര'നാണ്‌. അതിനിടെ ഒഴിച്ചുകൂടാനാവാത്ത ചില ചടങ്ങുകള്‍. ബാക്കിസമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി വിഭജിച്ചുനല്‍കാന്‍ തികയുന്നില്ല.ഇത്തരം തിരക്കിട്ട ദിവസങ്ങളിലൊന്നില്‍ കൊല്‍ക്കത്തയിലെ തന്റെ വീട്ടില്‍വെച്ച്‌ നാലു മണിക്കൂറുകള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പ്രത്യേക അഭിമുഖത്തിനായി അനുവദിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

? കൊല്‍ക്കത്തക്കാരനല്ലേ, ഫുട്‌ബാളിനോട്‌ കമ്പം കാണുമല്ലോ?

= സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ ക്ലാസുകളില്‍ ഞാന്‍ ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബാള്‍ ആണ്‌ കളിച്ചത്‌. ശരിതന്നെ. പക്ഷെ, അങ്ങനെ ഒരു വലിയ ന്നൊന്നും ഗൗരവമായി ആഗ്രഹിച്ചിട്ടില്ല. സ്‌കൂളില്‍ നല്ലൊരു ഫുട്‌ബാള്‍ ടീമുണ്ടായിരുന്നു. തുടരെ മാച്ചുകള്‍ കളിക്കും. അതിനിടെ പഠിക്കാന്‍ സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോഴേക്കും കൂടുതല്‍ ക്രിക്കറ്റിനോട്‌ അടുത്തു. പതുക്കെ അതൊരു പ്രൊഫഷനായി കണ്ടു തുടങ്ങി. പിന്നെ മുഴുവന്‍ സമയവും ക്രിക്കറ്റിനായി നീക്കിവെച്ചു. ഫുട്‌ബാളിനോട്‌ ഇന്നും താല്‍പര്യമുണ്ട്‌. ടി.വി.യില്‍ യൂറോപ്യന്‍ ലീഗിലെ മത്സരങ്ങള്‍ കാണും. പിന്നെ, ഞാന്‍ കടുത്ത ഒരു ബ്രസീലിയന്‍ ഫാന്‍ ആണ്‌. കൊല്‍ക്കത്ത ഫുട്‌ബാളും ശ്രദ്ധിക്കാറുണ്ട്‌.

? ക്രിക്കറ്റ്‌ ഗൗരവമായി എടുത്തുതുടങ്ങിയത്‌ എന്നു തൊട്ടാണ്‌.

= എന്റെ പതിനാലാം വയസ്സിലാണ്‌ ശാസ്‌ത്രീയമായ കോച്ചിങ്‌ കിട്ടിയത്‌. അതുവരെ വെറും തമാശക്കായിരുന്നു കളി. സ്‌കൂളിന്റെ പിന്‍വശത്ത്‌ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമായിരുന്നു. എന്റെ അച്ഛന്‍ കൊല്‍ക്കത്ത ലീഗിലും യൂണിവേഴ്‌സിറ്റിതലത്തിലും ക്രിക്കറ്റ്‌ കളിച്ചിരുന്നു. ചേട്ടന്‍ രഞ്‌ജിടീമിലും കളിച്ചു. തികച്ചും ക്രിക്കറ്റിന്റെ ബാക്‌ഗ്രൗണ്ട്‌ എന്റെ കുടുംബത്തിനുണ്ടായിരുന്നു. അച്ഛന്‍ ഞാന്‍ ഒരു ക്രിക്കറ്റ്‌ താരമായിത്തീരാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ കൂടുതല്‍ സമയം ക്രിക്കറ്റ്‌ പരിശീലനത്തിന്‌ മാറ്റിവെച്ചു.

? സൗരവിന്‌ അന്ന്‌ പരിശീലകര്‍ ഇല്ലായിരുന്നോ

= തീര്‍ച്ചയായും ഒരുപാടുപേര്‍ എന്നെ ക്രിക്കറ്റ്‌ പഠിപ്പിച്ചു. അതെല്ലാം എനിക്ക്‌ ഗുണവും ചെയ്‌തു. പിന്നെ ശ്രീറാം ക്രിക്കറ്റ്‌ കോച്ചിങ്‌ സെന്ററില്‍ ചേര്‍ന്നു. അവിടെ വെച്ചാണ്‌ അടിസ്ഥാന നിയമങ്ങളും രീതികളും പഠിച്ചത്‌.

? അന്ന്‌ സൗരവിന്‌ ക്രിക്കറ്റില്‍ വഴികാട്ടിയായി ആരെങ്കിലും ഉണ്ടായിരുന്നോ

= അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാനാവില്ല. ഒട്ടേറെ വ്യക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും എന്റെ കരിയറില്‍ എന്നെ സഹായിച്ചു, ഗൈഡ്‌ ചെയ്‌തു. ചെറുപ്പത്തില്‍ത്തന്നെ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ്‌ താരം എങ്ങനെ ആയിരിക്കണം, എങ്ങനെയൊക്കെ ആയിരിക്കരുതെന്ന്‌ ഞാന്‍ മനസ്സിലാക്കിയിരുന്നു.

? ചെറുപ്പത്തില്‍ ആരായിരുന്നു സൗരവിന്റെ ഹീറോ

= പ്രധാനമായും നാലുപേര്‍. ഗാവസ്‌കര്‍, കപില്‍ദേവ്‌, അലന്‍ ബോര്‍ഡര്‍, ഡേവിഡ്‌ ഗവര്‍. അവരെപ്പോലെ ആവണമെന്ന്‌ ഞാനാഗ്രഹിച്ചു. അവരെപ്പോലെ ബാറ്റ്‌ ചെയ്യാനും ബൗള്‍ ചെയ്യാനും ശ്രമിച്ചു. ക്രിക്കറ്റ്‌ കളിച്ചുതുടങ്ങുന്ന എല്ലാ കുട്ടികളും ഇങ്ങനെയൊക്കെ ആയിരിക്കും.

? കപില്‍ദേവിന്റെ ക്യാപ്‌റ്റന്‍സിയില്‍ 83ല്‍ ഇന്ത്യ ലോകകപ്പ്‌ നേടുമ്പോള്‍ സൗരവിന്‌ പത്ത്‌ വയസ്സേ കാണുള്ളൂ. അന്നത്തെ ആ വിജയം എത്രത്തോളം സ്വാധീനിച്ചു.

= സത്യത്തില്‍ ഇത്‌ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യമാണ്‌. ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഇന്ത്യ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ കീഴടക്കി ലോകക്രിക്കറ്റ്‌ ചാമ്പ്യന്മാരായ രാത്രി! അന്ന്‌ കൊല്‍ക്കത്തയിലെ തെരുവുകളൊന്നും ഉറങ്ങിയില്ല. നേരം പുലരുവോളം ആഘോഷങ്ങളായിരുന്നു. ആ മുഹൂര്‍ത്തങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ഞങ്ങള്‍ കുട്ടികള്‍പോലും വല്ലാത്ത ത്രില്ലിലായിരുന്നു. ക്രിക്കറ്റ്‌ കളിക്കാനും ജയിക്കാനും അന്ന്‌ ആ വിജയം ഞങ്ങള്‍ക്കൊക്കെ പ്രചോദനമായി.

? ഇന്ത്യക്കുവേണ്ടി സൗരവിന്റെ ആദ്യ അവസരം ആസ്‌ത്രേല്യന്‍ പര്യടനമായിരുന്നു. അന്ന്‌ പക്ഷേ, പ്രധാന മാച്ചുകളില്‍ ഒന്നും കളിക്കാനായില്ല. ടീമില്‍ നിന്ന്‌ പുറത്താവുകയും ചെയ്‌തു. തീര്‍ച്ചയായും വല്ലാതെ നിരാശ തോന്നിക്കാണുമല്ലേ?

= ക്രിക്കറ്റില്‍ ഉയരത്തിലെത്താന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം വല്ലാതെ വേദനിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. പക്ഷേ, അങ്ങനെ നിരാശനായി ഇരുന്നിട്ട്‌ കാര്യമില്ലല്ലോ? കൂടുതല്‍ കരുത്തോടെ ആവേശത്തോടെ അധ്വാനിക്കുകയായിരുന്നു പിന്നെ. ഞാന്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ക്യാപ്‌റ്റനുമായി. ആ ആസ്‌ത്രേല്യന്‍ പര്യടനം ഇന്ന്‌ പഴങ്കഥയാണ്‌. നമുക്കത്‌ വിട്ടുകളയാം. പിന്നോട്ട്‌ നോക്കി ദുഃഖിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക്‌ മുന്നോട്ടു നോക്കാം. അവിടെ ഒരുപാട്‌ പ്രതീക്ഷകളും ലക്ഷ്യങ്ങളുമുണ്ട്‌. അതാണ്‌ എന്റെ ഫിലോസഫി.

? 96ല്‍ ലോര്‍ഡ്‌സില്‍ സൗരവിന്റെ ടെസ്റ്റ്‌ അരങ്ങേറ്റം അവിസ്‌മരണീയമായിരുന്നു. ശരിക്കും കരിയറിലെ ടേണിങ്‌ പോയന്റ്‌.

= അത്‌ എന്റെ ജീവിതത്തിലെ തന്നെ വലിയ മുഹൂര്‍ത്തമാണ്‌. കാര ണം, എന്റെ ആദ്യടെസ്റ്റ്‌. വേദി ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സ്‌. എനിക്ക്‌ അന്ന്‌ പലതും തെളിയിക്കാനുണ്ടായിരുന്നു. അവസാന ഇലവനില്‍ ഞാനുണ്ടെന്ന്‌ അറിഞ്ഞപ്പോഴേ തീരുമാനിച്ചു. എന്റെ പരമാവധി പുറത്തെടുക്കണമെന്ന്‌. ആഗ്രഹിച്ചതുപോലെ തന്നെ നടന്നു. ഞാന്‍ സെഞ്ച്വറി നേടി. അത്‌ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

? 97ലെ സഹാറാകപ്പും സൗരവിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട ടൂര്‍ണമെന്റാണല്ലോ. ഏകദിന ക്രിക്കറ്റില്‍ സൗരവിന്റെ സ്ഥാനമുറപ്പിച്ചത്‌ സഹാറാ കപ്പായിരിക്കും.

= ശരിയാണ്‌. വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു അത്‌. ഇന്ത്യ യും പാകിസ്‌താനും എവിടെവെച്ച്‌ ഏറ്റുമുട്ടിയാലും അതിന്‌ ഒരുപാട്‌ പ്രാധാന്യം ലഭിക്കുമല്ലോ. വീറും വാശിയും ഇരട്ടിയാവും. അങ്ങനെയുള്ള ഒരു പരമ്പരയില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ കഴിയുക. സ്വപ്‌നസാക്ഷാത്‌കാരമായിരുന്നു എനിക്കത്‌. ഞാന്‍ മാന്‍ ഓഫ്‌ ദ സീരീസ്‌ ആയി എന്നതല്ല, അന്ന്‌ ഇന്ത്യ പാകിസ്‌താനെ വ്യക്തമായ മാര്‍ജിനില്‍ തകര്‍ത്തു എന്നതാണ്‌ പ്രധാനം. ആ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു എന്നതില്‍ ഞാന്‍ ഇന്നും അഭിമാനിക്കുന്നു. എന്റെ ക്രിക്കറ്റ്‌ കരിയറിന്റെ തുടക്കത്തിലെ വലിയ അനുഭവവും വലിയ വിജയവും ആയിരുന്നു ആ സഹാറാകപ്പ്‌.

? പാകിസ്‌താനെതിരെ സൗരവിന്റെ റിക്കാര്‍ഡ്‌ വളരെ മികച്ചതാണ്‌. പ്രതിയോഗി പാകിസ്‌താനാവുമ്പോള്‍ സൗരവ്‌ പതിവിലും കൂടുതല്‍ അധ്വാനിച്ചുകളിക്കുന്നതാണോ.

= ഒരിക്കലും അതങ്ങനെയല്ല. ഇന്ത്യക്കുവേണ്ടി കളിക്കുന്ന എല്ലാ മത്സരവും പ്രധാനമാണ്‌. എല്ലാ മത്സരത്തിലും ടെസ്റ്റോ ഏകദിനമോ ആവട്ടെ, പ്ര തിയോഗി പാകിസ്‌താനോ ശ്രീലങ്കയോ ആവട്ടെ, മത്സരം ഇന്ത്യയിലോ വിദേശത്തോ ആവട്ടെ, ഞാന്‍ എന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നു.

? ടെസ്റ്റ്‌ ക്രിക്കറ്റില്‍ സൗരവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്‌ ഏതെന്നാണ്‌ കരുതുന്നത്‌.

= എന്റെ അരങ്ങേറ്റ ടെസ്റ്റില്‍, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി തന്നെയാണ്‌ ഏറ്റവും മികച്ചതെന്ന്‌ ഞാന്‍ കരുതുന്നു. അന്ന്‌ പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഞാനിന്ന്‌ ഇവിടെ എത്തില്ലായിരുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ വെച്ച്‌ അവര്‍ക്കെതിരെ നേടിയ സെഞ്ച്വറി മികച്ചതാണെന്ന്‌ നിങ്ങള്‍ക്കും തോന്നുന്നില്ലേ.

? മികച്ച ഏകദിന ഇന്നിങ്‌സോ?

= ധാക്കാ ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പില്‍ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി, ആസ്‌ത്രേല്യയില്‍ വെച്ച്‌ പാകിസ്‌താനെതിരെ ത്രിരാഷ്‌ട്ര ടൂര്‍ ണമെന്റില്‍ നേടിയ സെഞ്ച്വറി, കഴിഞ്ഞ ഐ.സി.സി കപ്പ്‌ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ ഹെഡിങ്‌ലിയില്‍ നേടിയ സെഞ്ച്വറി. ഇതെല്ലാം മികച്ചതാണെന്ന്‌ ഞാന്‍ കരുതുന്നു. കാരണം, ആ മാച്ചുകള്‍ ഇന്ത്യ ജയിച്ചു. അതാണു കാര്യം. ഞാന്‍ നന്നായി കളിച്ചിട്ടും ഇന്ത്യ ജയിച്ചില്ലെങ്കില്‍ പിന്നെന്തു കാര്യം?

? സൗരവിന്റെ ആരാധകര്‍ ഏറ്റവും കാണാന്‍ കൊതിക്കുന്നത്‌ ലോങ്ങോണിന്‌ മുകളിലുള്ള ലോഫ്‌റ്റി ഷോട്ടായിരുന്നു. സൗരവ്‌ ഫ്രണ്ട്‌ ഷൂട്ടില്‍ മുന്നോട്ടു കയറി ആ ഷോട്ട്‌ കളിക്കുന്നത്‌ കാണാന്‍ പ്രത്യേക ചന്തം ഉണ്ട്‌. ഈ ഷോട്ടിനായി എന്തെങ്കിലും പ്രത്യേക പരിശ്രമം നടത്തുന്നുവോ?

= എനിക്കറിയാം ആളുകള്‍ എന്റെ ആ ഷോട്ട്‌ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന്‌. നിങ്ങളെപ്പോലെ പലരും അതെന്നോടു പറഞ്ഞിട്ടുണ്ട്‌. എന്റെ ആ ഷോട്ട്‌ കൂടുതല്‍ മിനുക്കിയെടുക്കാന്‍ പ്രത്യേക പരിശ്രമം നടത്തുന്നു. ഇപ്പോഴും അത്‌ തുടരുന്നു.

? ക്യാപ്‌റ്റനെന്ന നിലയില്‍ സൗരവിന്‌ ആസ്‌ത്രേല്യക്കെതിരെ മികച്ച റിക്കാര്‍ഡാണ്‌. മറ്റൊരു ക്യാപ്‌റ്റനും ലോക ചാമ്പ്യന്മാര്‍ക്കെതിരെ ഇത്ര മികച്ച റിക്കാര്‍ഡ്‌ അവകാശപ്പെടാനാവില്ല. ഇതിനെ എങ്ങനെ വിലിയിരുത്തുന്നു?

= അതിനു കാരണം എന്റെ ടീമാണ്‌. ക്രിക്കറ്റ്‌ ഒരു ടീം ഗെയിമാണ്‌. ക്യാപ്‌റ്റന്‌ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ടീമിന്റെ സഹായമില്ലാതെ ഒരു ക്യാപ്‌റ്റനും വിജയങ്ങള്‍ നേടാനാവില്ല. ഏറ്റവും ഉചിതമായ സമയത്താണ്‌ ഞാന്‍ ക്യാപ്‌റ്റനായത്‌. കഴിവുള്ള ഒട്ടേറെ കളിക്കാരെ എനിക്ക്‌ കിട്ടി. അവരില്‍നിന്ന്‌ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്‌ എന്റെ ജോലി.

? ഹര്‍ഭജന്‍, സഹീര്‍ഖാന്‍, യുവരാജ്‌ സിങ്‌ എല്ലാവര്‍ക്കും ടീമില്‍ സ്ഥാനം നേടിക്കൊടുക്കുന്നതിലും അവരെക്കൊണ്ട്‌ നന്നായി കളിപ്പിക്കുന്നതിലും സൗരവിന്‌ വലിയ പങ്കുണ്ടായിരുന്നല്ലോ, സൗരവ്‌ ക്യാപ്‌റ്റനായതുകൊണ്ടാണ്‌ അവര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതെന്നും കേട്ടിട്ടുണ്ട്‌.

= കഴിവുള്ളവരെ പിന്തുണയ്‌ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അത്രമാത്രം. അവര്‍ക്ക്‌ കഴിവുള്ളതുകൊണ്ടാണ്‌ അവര്‍ ടീമില്‍ ഇടംപിടിച്ചതും മികച്ച കളിക്കാരായതും. അല്ലാതെ കഴിവില്ലാത്തവരെ ആരെത്ര തള്ളിവിട്ടിട്ടും കാര്യമില്ല.

? ക്രിക്കറ്റ്‌ കരിയറിലെ താങ്കളുടെ ലക്ഷ്യം എന്താണ്‌?

= ഇന്ത്യക്കുവേണ്ടി പരമാവധി കളിക്കുക. നമ്മുടെ ടീമിനെ ജയിപ്പിക്കുക. അതുതന്നെ എന്റെ ലക്ഷ്യം. അതിനു കഴിഞ്ഞാല്‍ ഞാന്‍ സംതൃപ്‌തനാവും.

? പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്നത്‌ എങ്ങനെയാണ്‌?

= പ്രധാനമായും മാനസികമായ തയ്യാറെടുപ്പാണ്‌ നടത്തുന്നത്‌. അടുത്ത മത്സരത്തെ നന്നായി ചിന്തിക്കും. നാളെ ഞാന്‍ എങ്ങനെയായിരിക്കും കളിക്കുകയെന്ന്‌ സങ്കല്‌പിച്ചുനോക്കും. എന്തൊക്കെയാണ്‌ എന്റെ കരുത്ത്‌, ദൗര്‍ബല്യങ്ങള്‍ എന്നു വിലയിരുത്തും. പ്രതിയോഗികളുടെ ശക്തി ഏതൊ ക്കെ മേഖലയിലാണെന്നും ചിന്തിക്കും. എന്നിട്ട്‌ ഒരു ഗെയിംപ്ലാന്‍ ഉണ്ടാ ക്കും. എന്നാല്‍ വല്ലാതെ നെഗറ്റീവായി ചിന്തിച്ച്‌ സ്വയം സമ്മര്‍ദ്ദത്തിലാവാന്‍ അനുവദിക്കില്ല. പോസറ്റീവായ ചിന്തയാണ്‌ വേണ്ടത്‌. എനിക്കതിന്‌ കഴിയുമെന്ന ഒരു ആത്മവിശ്വാസം വളര്‍ത്തിയെടുക്കും.

? ഇന്ത്യക്കുവേണ്ടി മത്സരങ്ങള്‍ ജയിക്കുമ്പോള്‍ എന്തു തോന്നും?

= ഏതു കായികതാരത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്‌ തന്റെ രാജ്യത്തെ ജയിപ്പിക്കുകയെന്നത്‌. രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യുമ്പോള്‍ എല്ലാവരും നിങ്ങളെ അഭിനന്ദിക്കും. അപ്പോള്‍ തോന്നുന്ന ആത്മാഭിമാനം പറഞ്ഞുതരാന്‍ പറ്റില്ല. നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്നതിലും വലുതായി മറ്റെന്തുണ്ട്‌?

? തോല്‍വികള്‍ വിഷമിപ്പിക്കാറുണ്ടോ?

= തോല്‍ക്കുമ്പോള്‍ വിഷമം തോന്നും. അത്‌ സ്വാഭാവികമല്ലേ? പക്ഷേ, അതിനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിച്ച്‌ അസ്വസ്ഥമാകാറില്ല. അത്‌ നല്ലതിനല്ല. ആദ്യം തോല്‍വി സ്വയം ഉള്‍ക്കൊള്ളണം. എന്നിട്ട്‌ അതിന്റെ കാര്യങ്ങള്‍ പഠിക്കും. എന്നിട്ട്‌ അതിനെ തരണം ചെയ്യാന്‍ ശ്രമിക്കും.

? സൗരവ്‌ എന്ന ക്രിക്കറ്ററെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ അറിയാം. പക്ഷേ, സൗരവ്‌ എന്ന വ്യക്തിയെക്കുറിച്ച്‌ അധികമറിയില്ലല്ലോ? സ്വയം വിലയിരുത്താമോ? പെട്ടെന്ന്‌ ക്ഷോഭിക്കുന്ന പ്രകൃതമാണോ?

= ഗ്രൗണ്ടിലെ എന്റെ വികാരപ്രകടനങ്ങള്‍ കണ്ട്‌ പലരും എന്നെ തെറ്റാ യി മനസ്സിലാക്കാറുണ്ട്‌. പക്ഷേ, ഗ്രൗണ്ടിനു പുറത്ത്‌ ഞാന്‍ വളരെ ശാന്തനായ മനുഷ്യനാണ്‌. വീട്ടില്‍ ആരോടും ദേഷ്യപ്പെടാറില്ല. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടേത്‌ ഒരു കൂട്ടുകുടുംബമാണ്‌. ഒരുപാട്‌ സഹോദരന്മാ രും സഹോദരിമാരും അമ്മാവന്മാരും ഒക്കെയുണ്ട്‌. എല്ലാവരോടും ഒത്ത്‌ സമയം കഴിക്കാന്‍ എനിക്കിഷ്‌ടമാണ്‌.

? ഡോണയും സനയും സൗരവില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി.

= സന എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്‌. പത്തു വര്‍ഷം മുമ്പായിരുന്നു എന്റെ വിവാഹം. ഡോണ വന്നതിനുശേഷം ജീവിതം കൂടുതല്‍ സുന്ദരമായി. മകള്‍ പിറന്നതോടെ കൂടുതല്‍ അര്‍ഥപൂര്‍ണവുമായി. നമ്മുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും കൂടുതല്‍ തിളക്കമുള്ളതായി മാറുന്നു. അത്‌ എന്റെ കരിയറിനും ഗുണം ചെയ്‌തു എന്നാണ്‌ അനുഭവം.

? വലിയ കാളീഭക്തനാണെന്നു കേട്ടിട്ടുണ്ട്‌?

= പൊതുവെ ബംഗാളികള്‍ കാളീഭക്തന്മാരാണ്‌. എല്ലാവരും കാളിയുടെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നു. മംഗളദുര്‍ഗ എന്റെ കുടുംബദേവതയാണ്‌. ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ്‌.

? സൗരവ്‌ ഒരു ഫുട്‌ബോള്‍ ആരാധകനാണെന്ന്‌ കേട്ടു. കൊല്‍ക്കത്തക്കാരുടെ സ്വന്തം ക്ലബ്ബുകളായ ബഗാനെയും ഈസ്റ്റ്‌ബംഗാളിനെയും കുറിച്ച്‌ എന്തു പറയുന്നു?

= കൊല്‍ക്കത്തയിലെ എല്ലാ ഫുട്‌ബാള്‍ ക്ലബ്ബുകളും എനിക്കിഷ്‌ടമാണ്‌. മോഹന്‍ബഗാനും ഈസ്റ്റ്‌ ബംഗാളിനും വേണ്ടി കൊല്‍ക്കത്ത ലീഗില്‍ ക്രിക്കറ്റ്‌ കളിച്ചിരുന്നു. അവര്‍ നേടുന്ന ഓരോ വിജയവും ഏറെ സന്തോഷിപ്പിക്കുന്ന അനുഭവമാണ്‌.

Tuesday, September 4, 2007

സൗരവ്‌ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്‌ ചെയ്‌തത്‌ ...




നാട്ടില്‍ പുലികള്‍, വിദേശത്ത്‌ കടലാസ്‌ പുലികള്‍- ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ, പ്രത്യേകിച്ചും ടെസ്റ്റ്‌ ടീമിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും അധികം ഉപയോഗിച്ച വാചകമായിരിക്കും ഇത്‌. വിദേശത്ത്‌ ഇന്ത്യ ഒരു ടെസ്‌റ്റ്‌ ജയിക്കുന്നത്‌ നീലക്കുറിഞ്ഞി പൂക്കും പോലെ അപൂര്‍വമായ സംഭവമായിരുന്നു താനും. ഈ അവസ്ഥ ഇന്ന്‌ പതുക്കെ മാറിയിരിക്കുന്നു. ഇന്ത്യ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും വെസ്‌റ്റിന്‍ഡീസിലും ടെസ്‌റ്റ്‌ ജയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടു ദശകത്തിലധികം നീണ്ട കാത്തിരിപ്പിന്‌ ശേഷം ഇംഗ്ലണ്ടില്‍ വെച്ച്‌ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒരു ടെസ്റ്റ്‌ പരമ്പര ജയിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ മണ്ണില്‍ വെച്ചും സമാനമായ വിജയം ഇന്ത്യ നേടിയിരുന്നു. എന്താണ്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഈ മാറ്റത്തിന്‌ പിന്നില്‍? അതിനെക്കുറിച്ച്‌ പഠിക്കുമ്പോള്‍ ചില കണക്കുകള്‍ ഇവിടെ ഉദ്ദരിക്കുന്നത്‌ നന്നായിരിക്കും. 75 വര്‍ഷം മുമ്പ്‌ 1932 ലാണ്‌ ഇന്ത്യ വിദേശത്ത്‌ ആദ്യമായൊരു ടെസ്റ്റ്‌ കളിച്ചത്‌. അന്നുതൊട്ടിന്നേവരെ 201 ടെസ്റ്റ്‌ ഇന്ത്യ വിദേശ മണ്ണില്‍ കളിച്ചു. അതില്‍ ജയിച്ചത്‌ 29 എണ്ണം. 84 തോല്‍വിയും 88 സമനിലയും. വിദേശത്ത്‌ നേടിയ വിജയങ്ങളില്‍ 11 എണ്ണം സൗരവ്‌ ഗാംഗുലിയുടെ ക്യാപ്‌റ്റന്‍സിയിലും. അഞ്ചെണ്ണം രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്‌റ്റന്‍സിയിലുമാണ്‌. രണ്ടു പേരുടേയും കൂടി ക്യാപ്‌റ്റന്‍സിയില്‍ വിദേശത്ത്‌ കളിച്ച 45 മാച്ചുകളില്‍ 16 എണ്ണം ഇന്ത്യ ജയിച്ചു. 15 സമനില, 14 തോല്‍വി. അതിനിടെ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്‌റ്റ്‌ ജയിച്ചു. ഇംഗ്ലണ്ടിലും വെസ്‌റ്റിന്‍ഡീസിലും പാക്‌സ്‌താനിലും നീണ്ട ഇടവേളക്ക്‌ ശേഷവും സിംബാബ്‌വേയില്‍ ആദ്യമായും ടെസ്റ്റ്‌ പരമ്പര ജയിച്ചു.ഒരു കാര്യം ഇവിടെ വ്യക്തമാവുന്നു. ഇന്ത്യക്ക്‌ പുറത്ത്‌ മല്‍സരങ്ങള്‍ ജയിക്കാന്‍ കെല്‍പ്പും മനക്കരുത്തും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഉണ്ടാക്കുന്നതില്‍ സൗരവ്‌ ഗാംഗുലിക്ക്‌ വലിയ റോളുണ്ട്‌. ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ സൗരവ്‌ ഗാംഗുലി എന്ന പേരിന്‌ നേരെ നല്‍കേണ്ട വിവരണം - ടെസ്റ്റ്‌ ക്രിക്കറ്റില്‍ പതിനായിരത്തിലധികവും ഏകദിന മല്‍സരങ്ങളില്‍ അയ്യായിരത്തിലധികവും റണ്‍സ്‌ നേടിയ ബാറ്റ്‌സ്‌മാന്‍ എന്നല്ല മറിച്ച്‌ " പ്രതിഭാധനരെങ്കിലും നാട്ടിന്‌ പുറത്ത്‌ കളിക്കുമ്പോള്‍ അതി സമ്മര്‍ദ്ധത്തിന്‌ അടിപ്പെട്ട്‌ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തളര്‍ന്നു പോവുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക തങ്ങളുടെ കരുത്ത്‌ ബോധ്യപ്പെടുത്തി കൊടുക്കുകയും വിദേശത്തും മല്‍സരങ്ങള്‍ ജയിക്കാന്‍ അവരെ പര്യാപ്‌തരാക്കുകയും ചെയ്‌ത നായകന്‍ " എന്നാവണം. സൗരവ്‌ തുടക്കമിട്ടതിന്റെ പിന്തുടര്‍ച്ചയാണ്‌ രാഹുല്‍ ഇപ്പോള്‍ നേടുന്ന വിജയങ്ങള്‍. സൗരവ്‌ ഉണ്ടാക്കിയ അടിത്തറയില്‍, ഊന്നിനിന്നാണ്‌ രാഹുല്‍ മുന്നോട്ട്‌ പോവുന്നത്‌. ഇംഗ്ലണ്ടില്‍ നേടിയ ഈ പരമ്പര വിജയത്തിനിടയിലും മൂന്നാം ടെസ്‌റ്റ്‌ ജയിക്കാവുന്ന അവസ്ഥയില്‍ നിന്ന്‌ സമനിലയിലെത്തിച്ചതിന്റെ പേരില്‍ രാഹുല്‍ വിമര്‍ശന വിധേയനായെന്നത്‌ ശ്രദ്ധേയമാണ്‌. ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റ്‌ ചെയ്യാനിറങ്ങിയത്‌ ഹിമാലയന്‍ വങ്കത്തമായി വിലയിരുത്തപ്പെടുന്നു. ഒരു ടെസ്റ്റ്‌ ജയിച്ച്‌ പരമ്പരയില്‍ ലീഡ്‌ നേടിയ സാഹചര്യത്തില്‍ അവസാന ടെസ്റ്റ്‌ തോല്‍ക്കില്ലെന്ന്‌ ഉറപ്പിക്കാനാണ്‌ രാഹുല്‍ ഇങ്ങനെയൊരു നീക്കത്തിന്‌ തുനിഞ്ഞതത്രെ. ഇഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ തുടരെ ബൗള്‍ ചെയ്‌ത്‌ തളര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാരെ ഉടന്‍ തന്നെ ബൗള്‍ ചെയ്യിക്കുന്നത്‌ നല്ലതാവില്ലെന്ന്‌ കരുതിയാണ്‌ മറിച്ചൊരു തീരുമാനമെടുത്തതെന്ന വിശദീകരണമാണ്‌ രാഹുല്‍ മീഡിയക്ക്‌ മുന്നില്‍ നല്‍കിയത്‌. അത്‌ ശരിയോ തെറ്റോ ആവട്ടെ. ഒരു കാര്യം ശ്രദ്ധേയമാണ്‌. ഇത്തരം തീരുമാനങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറാവുന്നു. നേരത്തെ ലോകകപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വവും രാഹുല്‍ സ്വയം ഏറ്റെടുത്തിരുന്നു, എന്നോര്‍ക്കുക. മുന്‍ഗാമികളായ പല ക്യാപ്‌റ്റന്‍മാരും പിഴവുകള്‍ പറ്റുമ്പോള്‍ അതിന്‌ കാരണമായ തീരുമാനം ടീമിന്റെ, അല്ലെങ്കില്‍ മാനേജ്‌മെന്റിന്റെ മൊത്തം തീരുമാനമാണെന്ന്‌ പറഞ്ഞ്‌ തടിയൂരിയിരുന്നത്‌ ഓര്‍ക്കുക. രാഹുലിന്‌ ഇത്തവണ അങ്ങനെ പറഞ്ഞൊഴിയാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു എന്നതാണ്‌ സത്യം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദുലീപ്‌ വെങ്‌സര്‍ക്കാര്‍, ബി സി സി ഐ ഭാരവാഹികളായ നിരഞ്‌ജന്‍ ഷാ, രത്‌നാകര്‍ ഷെട്ടി എന്നിവരെല്ലാം കളി നടക്കുമ്പോള്‍ ഡ്രസ്സിങ്‌ റൂമിലുണ്ടായിരുന്നു. കളിക്കാര്‍ മാത്രമുണ്ടാവേണ്ട ഡ്രസ്സിങ്‌ റൂമില്‍ ഇങ്ങനെയൊരു ആള്‍ക്കൂട്ടത്തെ കണ്ട്‌ ടി വി കമന്റേറ്ററായ രവി ശാസ്‌ത്രി അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും കേട്ടിരുന്നു. രാഹുലിന്‌ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ ഈ ഉന്നതരുടെ സംഘം വിഘാതമാന്നുണ്ടോ എന്ന്‌ വ്യക്തമല്ല. അതെന്തായാലും ഡ്രസ്സിങ്‌ റൂമിലെ "ആള്‍ക്കൂട്ടം" ഒട്ടും ആശ്വാസ്യമായ പ്രവണതയല്ല. ഈ വിജയത്തില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ നിര്‍ണായക സംഭാവന നല്‍കിയ സൗരവ്‌ ഗാംഗുലി, ദിനേഷ്‌ കാര്‍ത്തിക്‌, സഹീര്‍ ഖാന്‍, ആര്‍ പി സിങ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി വി എസ്‌ ലക്ഷ്‌മണ്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകളെടുക്കുന്ന ചെയ്‌ഞ്ച്‌ ബൗളറെന്ന നിലയിലും സൗരവ്‌ നല്‍കിയ സംഭാവനകളും ഇവിടെ സ്‌മരണീയമാണ്‌. മുന്നു ടെസ്‌റ്റിലെ ആറ്‌ ഇന്നിങ്‌സുകളില്‍ നിന്ന്‌ 49.80 ശരാശരിയില്‍ 249 റണ്‍സ്‌ സൗരവ്‌ സ്‌കോര്‍ ചെയ്‌തു. 43.83 ശരാശരിയില്‍ 263 റണ്‍സെടുത്ത ദിനേഷ്‌ കാര്‍ത്തിക്‌ മാത്രമാണ്‌. പരമ്പരയില്‍ സൗരവിനേക്കാള്‍ റണ്‍സ്‌ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍. ഏതാനും മാസങ്ങള്‍ക്ക്‌ മുൂമ്പ ഫോം നഷ്ടപ്പെട്ട്‌ ടീമില്‍ നിന്ന്‌ പുറത്ത്‌ പോവുകയും ഇനിയൊരിക്കലും തിരിച്ചു വരികയില്ലെന്ന്‌ വിധിയെഴുതപ്പെടുകയും ചെയ്‌ത കളിക്കാരനാണ്‌ സൗരവ്‌ എന്നത്‌ ഈ പ്രകടനങ്ങളുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ഇന്ന്‌ ടീമില്‍ ഏറ്റവും അനിവാര്യനായ കളിക്കാരനായി സൗരവ്‌ മാറിയിരിക്കുന്നു. സൗരവിനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജവീഥിയിലേക്കുള്ള തിരിച്ചുവരവാണ്‌ സഹീര്‍ഖാനും നടത്തിയത്‌. ഗാംഗുലി ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഉയര്‍ത്തികൊണ്ടു വന്ന ഒരു സംഘം യുവതാരങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്ന പേസ്‌ ബൗളറാണ്‌ സഹീര്‍. പിന്നീട്‌ ഫോം നഷ്ടമായി എന്നതിനുപരി അച്ചടക്കത്തിന്റെ പേരിലാണ്‌ ടീമിന്‌ പുറത്ത്‌ പോയത്‌. ഇനിയൊരു ഇനിയൊരു തിരിച്ചു വരവുണ്ടാവുമോയെന്ന്‌ ആശങ്കയുയര്‍ത്തും വിധം വിസ്‌മരിക്കപ്പെട്ടുപോവുന്നതായി തോന്നിച്ചിരുന്നു സഹീര്‍. ഇപ്പോഴത്തെ ഈ തിരിച്ചു വരവിന്‌ പിന്നില്‍ ഒരു പാട്‌ അദ്വാനമുണ്ട്‌. ഏറെ വിയര്‍പ്പ്‌ ചിന്തിയിട്ടുണ്ട്‌. ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റില്‍ ഒന്‍പത്‌ വിക്കറ്റ്‌ നേടിയ സഹീര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ഇപ്പോള്‍ ലഭിച്ച മാന്‍ ഓഫ്‌ ദ സീരിസ്‌ അവാര്‍ഡ്‌ ഓരോ ഇഞ്ചിലും സഹീര്‍ അര്‍ഹിക്കുന്നതാണ്‌. ദിനേഷ്‌ കാര്‍ത്തിക്‌ ആണ്‌ ഭാവി ഇന്ത്യന്‍ ടീമിലേക്ക്‌ ഏറ്രവും പ്രതീക്ഷ നല്‍കുന്ന താരമെന്ന്‌ ഈ ഇംഗ്ലീഷ്‌ പര്യടനം അര്‍ഥശങ്കക്കിയടില്ലാത്ത വിധം തെളിയിക്കപ്പെട്ടിരിക്കയാണ്‌. മഹേന്ദര്‍ സിങ്‌ ധോനി സ്ഥാനമുറപ്പിച്ചിരിക്കെ മറ്റൊരു വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കൂടിയാവാമെന്ന്‌ സെലക്‌റ്റര്‍മാരെക്കൊണ്ട്‌ തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്തായിരുന്നു ദിനേഷിന്റെ ആദ്യ വിജയം. ഇപ്പോള്‍ ധോനിയോ ദിനേഷോ ആരാണ്‌ മിടുക്കന്‍ എന്ന ചോദ്യമുയര്‍ന്നു വരികയും. കൂടുതല്‍ പേര്‍ ദിനേഷാണ്‌ മികച്ചവന്‍ എന്ന്‌ ചിന്തിക്കുകയും ചെയ്യുന്നിടത്ത്‌ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ശ്രീശാന്തിന്‌ ഈ പരമ്പര അത്ര മികച്ചതായിരുന്നില്ല. ഇന്ത്യ ഇംഗ്ലണ്ടിലേക്ക്‌ യാത്ര തിരിക്കുമ്പോള്‍ ശ്രീയായിരിക്കും തുരുപ്പ്‌ ചീട്ട്‌ എന്ന രീതിയിലായിരുന്നു വിലയിരുത്തലുകള്‍. പക്ഷെ, ആ പ്രതീക്ഷക്കൊത്തുയരാന്‍ ശ്രീക്ക്‌ തുടക്കത്തില്‍ കഴിയാതെ പോയി. എന്നാലും ടെസ്‌റ്റ്‌ പരമ്പരയുടെ അവസാനം ശ്രീ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കി. രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ വോനുമായുണ്ടായ ചെറിയ ഉരസലുകള്‍ ഇംഗ്ലീഷ്‌ മീഡിയ വലിയ വാര്‍ത്തയാക്കി. അത്‌ മുതലെടുത്ത്‌ ശ്രീയെ സമ്മര്‍ദ്ധത്തിലാക്കാനാണ്‌ പിന്നീട്‌ ശ്രമം നടന്നത്‌. മാച്ചറഫറി ഫൈന്‍ വിധിച്ചപ്പോള്‍ അത്‌ പോരാ ശ്രീയെ ഇന്ത്യ അടുത്ത ടെസ്‌റ്റില്‍ കളിപ്പിക്കാതെ ശിക്ഷിക്കണമെന്ന ആവശ്യവുമായി ചില മുന്‍താരങ്ങള്‍ രംഗത്ത്‌ വന്നത്‌ ദുരുദ്ദേശപരമാണ്‌. ഇംഗ്ലീഷുകാരോ ഓസ്‌ട്രേലിയക്കാരോ ആയ കളിക്കാര്‍ സമാനമായ കുറ്റം ചെയ്‌താല്‍ ഇത്ര ഗുരുതരമായി അതിനെ കാണുകയോ, ഇത്തരം പ്രസ്‌താവനകള്‍ ഉയരുകയോ ചെയ്യാറില്ലെന്ന്‌ ക്രിക്കറ്റ്‌ സര്‍ക്യൂട്ട്‌ നിരന്തരം പിന്തുടരുന്നവര്‍ക്ക്‌ ഉറപ്പിച്ചു പറയാനാവും. അതാണ്‌ ക്രിക്കറ്റിലെ വിവേചനം. എന്നിരുന്നാലും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തന്റെ ബൗളറെ തള്ളികളഞ്ഞില്ല. മൂന്നാം ടെസ്‌റ്റില്‍ ശ്രീ കളിച്ചു. ഇത്തരം കൊച്ചു കൊച്ചു പ്രതിസന്ധികള്‍ ഏതു ക്രിക്കറ്ററുടെ കരിയറിലുമുണ്ടാവാം. വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കാന്‍ ശ്രീക്ക്‌ കഴിയട്ടെ.

Monday, September 3, 2007

ആഘോഷിക്കപ്പെടാത്ത പ്രതിഭ !


ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ഇപ്പോഴത്തെ എത്ര കളിക്കാരെ അതില്‍ ഉള്‍പ്പെടുത്തും. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി... അങ്ങനെ നീളുന്നവയാണ്‌ മിക്ക പണ്ഡിതന്‍മാരുടേയും സെലക്ഷന്‍ എന്ന്‌ നമ്മള്‍ കണ്ടുകളഞ്ഞു. ഇവരൊക്കെ വലിയ കളിക്കാരാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അനില്‍ കുംബ്ലെ എന്തു കൊണ്ട്‌ ആ പട്ടികയില്‍ ഇടം പിടിക്കുന്നില്ലെന്ന്‌ അദ്‌ഭുതപ്പെട്ടു പോവുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്രവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറെന്ന നിലയില്‍ കപില്‍ദേവുള്‍പ്പെടെയുള്ളവരെ കുംബ്ലെ ബഹുദൂരം പിന്നിലാക്കുന്നു. കപിലുമായി താരതമ്യം ചെയ്യാന്‍ മാത്രം മഹത്വമൊന്നും കുംബ്ലെക്കില്ലെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. 118 ടെസ്‌റ്രുകളില്‍ നിന്ന്‌ 556 വിക്കറ്റ്‌, എട്ടു തവണ ടെസ്റ്റില്‍ പത്തു വിക്കറ്റ്‌ നേട്ടം, 33 തവണ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ്‌ നേട്ടം. തീര്‍ന്നില്ല. ഒരിന്നിങ്‌സിലെ പത്തു വിക്കറ്റുകളും നേടുന്ന ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ബൗളറുമാണ്‌. ഇതിലപ്പുറം എന്തു വേണം ക്രിക്കറ്റ്‌മഹത്വത്തിന്‌ അവകാശിയാവാന്‍ ? നേടുന്ന വിക്കറ്റുകളുടെ എണ്ണം മാത്രമല്ല ഒരു ക്രിക്കറ്ററുടെ മഹത്വം നിശ്ചയിക്കുന്നത്‌ എന്ന്‌ വാദിക്കാം. എങ്കില്‍ പിന്നെ അയാള്‍ ടീമിനെ എത്ര മാച്ചുകളില്‍ വിജയിപ്പിച്ചു എന്നത്‌ കൂടി പരിഗണിക്കണം. ഇന്ത്യയുടെ ടെസ്‌റ്റ്‌ റെക്കോഡുകള്‍ എടുത്ത്‌ പരിശോധിച്ചു നോക്കൂ, കുംബ്ലെയോളം ഇന്ത്യക്ക്‌ വോണ്ടി മല്‍സരങ്ങള്‍ ജയിച്ച ആരുണ്ട്‌ ? ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക ടീമിലെ ജൂനിയറായ കളിക്കാരുടെ പേരുകള്‍ പോലും ചര്‍ച്ചയില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്‌. ഒരിക്കല്‍ പോലും കുംബ്ലെ സെലക്‌റ്റര്‍മാരുടെ പരിഗണനയില്‍ വന്നില്ല. ഏകദിന ടീമില്‍ നിന്ന്‌ കുംബ്ലെ നിഷ്‌കാസിതനായത്‌ ഫീല്‍ഡിങ്‌ ദുര്‍ബലമാണെന്നതിന്റെ പേരിലാണ്‌. പക്ഷെ ടീമിലെ മറ്റംഗങ്ങളില്‍ എത്ര പേരുണ്ട്‌ മിടുക്കന്‍മാരായ ഫീല്‍ഡര്‍മാര്‍ ? ഇന്ത്യ ഫൈനല്‍ വരയെത്തിയ 2003 ലോകകപ്പിലെ മല്‍സരങ്ങളില്‍ കരക്കിരിക്കേണ്ടി വന്നത്‌ കുംബ്ലെയെ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍്‌ സമീപ കാലത്തുണ്ടായ ഏറ്റവും മികച്ച മാച്ച്‌ വിന്നറെ കൈകാര്യം ചെയ്യേണ്ട രീതി ഇതായിരുന്നോ ? ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ്‌ പര്‌മ്പരക്കിടെ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന വലിയൊരു നേട്ടത്തിന്‌ അനില്‍ ഉടമയായി. ഷെയിന്‍ വോണിനും മുത്തയ്യ മുരളിധരനും പിന്നില്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി. മൂന്നാം സ്ഥാനത്തിന്‌ വേണ്ടി ഗ്ലെന്‍ മഗ്രാത്തിനെയാണ്‌ അനില്‍ പിന്തള്ളിയത്‌. ഓവലില്‍ നടന്ന മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌നില്‍ മൂന്നു വിക്കറ്റെടുത്തു കൊണ്ടാണ്‌ അനില്‍ മെഗ്രായെ പിന്നിലാക്കിയത്‌. ഈ നേട്ടം നമ്മള്‍ പ്രതീക്ഷിച്ചതായിരുന്നെങ്കില്‍, തികച്ചും അപ്രതീക്ഷിതമായ മറ്റൊന്ന്‌ കൂടി ആഹ്ലാദിക്കാനും ആഘോഷിക്കാനും ഈ ടെസ്‌റ്റില്‍ കൂംബ്ലെ ആരാധകര്‍ക്ക്‌ സമ്മാനിച്ചു- തന്റെ ടെസ്‌റ്റ്‌ കരിയറിലെ ആദ്യ സെഞ്ച്വറി. തന്റെ പ്രതിഭയോട്‌ പൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ പോയ ഒരു ബാറ്റ്‌സ്‌മാനാണ്‌ സത്യത്തില്‍ അനില്‍. ഇതിന്‌ എത്രയോ മുമ്പ്‌ ഒരു സ്വഞ്ചറി നേടാമായിരുന്നു. അത്‌ കഴിയാത്തതിന്‌ ഒരു കാരണം ബാറ്റിങ്‌ ഓഡറില്‍ എട്ടാമനും ഒന്‍പതാമനുമൊക്കെയായാണ്‌ ബാറ്റിങിന്‌ ഇറങ്ങുന്നത്‌ എന്നുകൊണ്ടാണെന്ന്‌ തോന്നുന്നു. ഓവല്‍ ടെസറ്റിലും എട്ടാമനായാണ്‌ അനില്‍ ഇറങ്ങിയത്‌. എന്നാല്‍ സഹീര്‍, ആര്‍ പി സിങ്‌, ശ്രീശാന്ത്‌ എന്നീ പിന്‍നിര ബാറ്റ്‌സ്‌മാന്‍മാരുടെ പിന്തുണ കിട്ടിയത്‌ കൊണ്ട്‌ അനിലിന്‌ സെഞ്ച്വറി തികക്കാനായി. പ്രത്യേകിച്ചും പതിനൊന്നാമനായി ഇറങ്ങി 35 റണ്‍സെടുത്ത്‌ മികച്ച പിന്തുണ നല്‍കിയ ശ്രീയോട്‌ ഈ സെഞ്ച്വറിക്ക്‌ അനില്‍ കടപ്പെട്ടിരിക്കുന്നു. അനിലിന്റെ ഈ സെഞ്ച്വറി ആഘോഷിക്കപ്പെടേണ്ടതാണ്‌, എക്കാലവും ഓര്‍ക്കപ്പെടേണ്ടതും.

ടീം യങ്‌ ഇന്ത്യ


യുവരക്തത്തിന്‌ വേണ്ടിയുള്ള മുറവിളിക്ക്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പ്രത്യേകിച്ചും ഏകദിന മല്‍സരങ്ങള്‍ ജയിക്കാന്‍ യുവരക്തത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന വാദം ശക്തമാണ്‌. വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്‌ കാരണമായി കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ഉയര്‍ത്തിയിരുന്ന പരാതി ഓര്‍ക്കുക. ടീമിലെ സീനിയര്‍ താരങ്ങള്‍ ഗൂഡാലേചന നടത്തി, യുവതാരങ്ങളെ കളിക്കാനിറക്കിയില്ല. ഇങ്ങനെ തന്റെ ഗെയിംപ്ലാന്‍ അവര്‍ തകര്‍ത്തു കളഞ്ഞു.- ചാപ്പലിന്റെ ഈ കുറ്റപ്പെടുത്തല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും സൗരവ്‌ ഗാംഗുലിക്കും നേരെയാണ്‌ പ്രധാനമായും വിരല്‍ചൂണ്ടിയിരുന്നത്‌. അന്ന്‌ കേള്‍ക്കേണ്ടി വന്ന ഈ വിമര്‍ശനത്തിന്റെ പേരിലാണ്‌ ഇപ്പോള്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക്‌ തങ്ങളെ പരിഗണിക്കേണ്ടെന്ന്‌ സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവര്‍ കൂട്ടായി തീരുമാനമെടുത്ത്‌ തങ്ങളെ പരിഗണിക്കേണ്ടെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടത്‌. അതിനോട്‌ ബോര്‍ഡും സെലക്‌റ്റര്‍മാരും ക്രിയാത്മകമായി തന്നെ പ്രതികരിച്ചിരിക്കുന്നു. കൂടുതല്‍ യൂവതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെയാണ്‌ ഇന്ത്യ ട്വന്റി-20 ലോകകപ്പിന്‌ അയക്കുന്നത്‌. മുപ്പത്‌ വയസ്സ്‌ തികഞ്ഞ ഒറ്റ കളിക്കാരന്‍ പോലും ടീമിലില്ല. ടീമിന്റെ ശരാശരി പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. ഇന്ത്യ മുമ്പൊരിക്കലും ഇങ്ങനെയൊരു ടീമിനെ ഒരു ചാമ്പ്യന്‍ഷിപ്പിനും അയച്ചിട്ടില്ല. ടീമില്‍ ഏറ്രവും പ്രായം കൂടിയ കളിക്കാരന്‍ 29കാരനായ അജിത്ത്‌ അഗാര്‍ക്കറാണ്‌. പതിനഞ്ച ടീമിലെ ഒന്‍പത്‌ കളിക്കാര്‍ 25 ല്‍ താഴെ പ്രായമുള്ളവരാണ്‌. (ഓസീസ്‌ ടീമില്‍ ഒന്‍പത്‌ പേര്‍ മുപ്പതിന്‌ മേല്‍ പ്രായമുള്ളവരാണ്‌.) യുവതാരങ്ങളില്‍ സെലക്‌റ്റര്‍മാര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‌ മറുപടി നല്‍കുകയെന്നത്‌ മഹേന്ദ്ര സിങ്ങ്‌ ധോനിയുടെ 'ടീം യങ്‌ ഇന്ത്യ'യുടെ കടമയാണ്‌.യുവാക്കളുടെ ടീം ആണെങ്കിലും പരിചയ സമ്പന്നരായ അര ഡസന്‍ കളിക്കാരെങ്കിലും ഇന്ത്യന്‍ ടീമിലുണ്ട്‌. വണ്‍ഡേ സ്‌പെഷ്യലിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന അഗാര്‍ക്കറും യുവരാജ്‌ സിങ്ങും ഒപ്പം ലോകകപ്പിലെ പതനത്തിന്‌ ശേഷം ടീമില്‍ നിന്ന്‌ പുറത്തായ വീരേന്ദര്‍ സെവാഗ്‌, ഹര്‍ഭജന്‍ സിങ്ങ്‌, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ്‌ ഈ ടീമിലെ സീനിയര്‍മാര്‍. സെവാഗ്‌, ഹര്‍ഭജന്‍, പത്താന്‍ എന്നിവര്‍ക്ക്‌ നിലനില്‍പ്പിനുള്ള പോരാട്ടമാണ്‌. ടെസ്‌റ്റ്‌, ഏകദിന ടീമുകളിലേക്ക്‌ തിരിച്ചെത്തുകയെന്ന സ്വപ്‌നം സഫലമാവണമെങ്കില്‍ അവര്‍ക്ക്‌ ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്തിയേ മതിയാവൂ. ആക്രമണോല്‍സുക ബാറ്റിങ്ങിന്‌ പുതിയ മാനങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന, ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന സെവാഗിന്‌ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ പ്രതീക്ഷയര്‍പ്പിക്കാം. സെവാഗ്‌ ക്ലിക്ക്‌ ചെയ്യുമോ ഇല്ലയോ എന്നതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായക ഘടകം. ഓപ്പണിങ്ങില്‍ സെവാഗ്‌-റോബിന്‍ ഉത്തപ്പ ടീം ട്വന്റി-20 മാച്ചുകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ജോഡിയായിരിക്കും. മധ്യനിരയില്‍ യുവരാജിനും ദിനേശ്‌ കാര്‍ത്തികിനുമൊപ്പം ദേശീയ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലെ ഏക സെഞ്ച്വറിക്ക്‌ ഉടമയായ രോഹിത്‌ ശര്‍മയും ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായ ധോനിയും പിന്നെ രണ്ട്‌ ഓള്‍റൗണ്ടര്‍മാര്‍- ഇര്‍ഫാന്‍ പത്താന്‍, ചേട്ടന്‍ യൂസഫ്‌ പത്താന്‍, ജോഗീന്ദര്‍ എന്നിവര്‍ക്കിടയില്‍ നിന്ന്‌ രണ്ട പേര്‍ക്ക്‌ അവസരമുണ്ട്‌. യൂസഫ്‌ പത്താന്‍ സ്‌ിന്നറാണ്‌. അയാള്‍ കളിക്കുന്ന മാച്ചുകളില്‍ ഹര്‍ഭജന്‌ ഇടം കിട്ടണമെന്നില്ല. ട്വന്റി-20 മാച്ചുകളില്‍ രണ്ടു സ്‌പിന്നര്‍മാര്‍ക്ക്‌ ഇടം കിട്ടുന്നത്‌ ദുര്‍ലഭമാണ്‌. പേസ്‌ ബൗളര്‍മാരുടെ സെലക്ഷന്‍ അഗാര്‍ക്കര്‍, ആര്‍ പി സിങ്‌, ശ്രീശാന്ത്‌ എന്നിവര്‍ക്കിടയില്‍ നിന്നാണ്‌. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ഫലപ്രദമായിരുന്നു എന്നത്‌ ശ്രീക്ക്‌ മുന്‍തൂക്കം നല്‍കുന്നു. ഇര്‍ഫാന്‍ പത്താന്‍ ബൗളിങില്‍ ഇപ്പോഴും പഴയ ശൗര്യം വീണ്ടെടുത്തിട്ടില്ലെന്നത്‌ തലവേദനയാണ്‌. ഇന്ത്യന്‍ എ ടീമിന്റെ കെനിയന്‍ പര്യടനത്തിലും ഇര്‍ഫാന്‌ പന്ത്‌ കൊണ്ട്‌ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.ട്വന്റി-20 മാച്ചുകളില്‍ ഫീല്‍ഡിങിന്‌ ഏകദിന മാച്ചുകളേക്കാളും പ്രസക്തിയുണ്ട്‌. യുവരാജ്‌, ദിനേഷ്‌ കാര്‍ത്തിക്‌ എന്നിവര്‍ ലോകോത്തര ഫീല്‍ഡര്‍മാരാണ്‌. റോബിന്‍, ശ്രീ, ഇര്‍ഫാന്‍ തുടങ്ങിയ യുവതാരങ്ങളും ഫീല്‍ഡില്‍ കരുത്തു പകരുന്നു. സെവാഗ്‌, അഗാര്‍ക്കര്‍, ആര്‍ പി തുടങ്ങിയവരാണ്‌ താരതമ്യേന ദുര്‍ബല കണ്ണികള്‍. സെവാഗ്‌ പക്ഷെ ക്ലോസിന്‍ ഫീല്‍ഡിങ്ങില്‍ മികവു പുലര്‍ത്താറുണ്ട്‌. ഫീല്‍ഡിങ്ങ്‌കരുത്തിനെ ക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ സുരേഷ്‌ റൈനയെ പരിഗണിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നു വരുന്നു. ഇടക്കാലത്ത്‌ ബാറ്റിങ്‌ ഫോം മങ്ങിപ്പോയെങ്കിലും നമ്മുടെ യുവതാരങ്ങളില്‍ വെച്ച്‌ ഏറ്റവും മികച്ചഫീല്‍ഡറാണ്‌ റൈന. വേഗത്തില്‍ റണ്‍ സ്‌കോര്‍ ചെയ്യാനുള്ള മിടുക്കുണ്ട്‌. ആവശ്യം വരുമ്പോള്‍ ബൗളറായും ഉപയോഗിക്കാം. മുന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ദിനേഷ്‌ കാര്‍ത്തികിനും ശ്രീശാന്തിനും ധോണിക്കുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട്‌ നയിക്കാന്‍ കെല്‍പ്പുള്ള ഭാവിവാഗ്‌ദാനമായി റൈനയെ വിലയിരുത്തിയിരുന്നു ഒന്നോര്‍ക്കുക. ക്യാപ്‌റ്റനായി ധോനിയെ തിരഞ്ഞെടുത്തത്‌ യുവരാജ്‌ സിങ്ങിന്റെ തലക്ക്‌ മുകളിലൂടെയാണെന്ന്‌ വേണമെങ്കില്‍ ആരോപിക്കാം. ഭാവി ക്യാപ്‌റ്റന്‍ ആരായിരിക്കമെന്നതിന്റെ സൂചനയാണ്‌ സെലക്‌റ്റര്‍മാര്‍ നല്‍കിയിരിക്കുന്നത്‌. യുവിയുടേയും ധോനിയുടേയും സമിപനവും വ്യക്തിത്വവും പരിഗണിക്കുമ്പോള്‍ സെലക്‌റ്റര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്ന തന്നെ വിശ്വസിക്കണം. അച്ചടക്കത്തിന്റേയും ടീമിനുള്ളില്‍ ലോബികള്‍ ഉണ്ടാക്കുന്നതിന്റേയും കാര്യത്തില്‍ മുന്‍ പരിശീലകരുടെ വിമര്‍ശനത്തിന്‌ വിധേയനായ വ്യക്തിയാണ്‌ യുവരാജ്‌. ലോകകപ്പ്‌ വഴിഞ്ഞ ഉടന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട്‌ നടത്തിയ പ്രസ്ഥാവനകളും യുവരാജിന്റെ സല്‍പ്പേരിനെ ബാധിച്ചിരുന്നു. ധോനിയാവട്ടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച ടീംമാനാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്‌തു. ഭാവി ക്യാപ്‌റ്റന്‍ പദവിയിലേക്ക്‌ ധോനിക്ക്‌ ഇപ്പോഴുള്ള പ്രതിയോഗി ദിനേഷ്‌ കാര്‍ത്തികാണ്‌. നല്ല ക്രിക്കറ്റ്‌ മസ്‌തിഷ്‌ക്കത്തിന്‌ ഉടമയാണ്‌ കാര്‍ത്തികെന്ന്‌ ടീമിനുള്ളിലും പുറത്തും നിന്ന്‌ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ട്വന്റി-20 ലോകകപ്പില്‍ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ധോനിക്ക്‌ ഏറെ ആശ്രയിക്കാവുന്ന കൂട്ടുകാരനാവും കാര്‍ത്തിക്‌. ട്വന്റി-20 ലോകകപ്പില്‍ സെമി വരെയെങ്കിലും എത്തേണ്ടെത്‌ ടീം യങ്‌ ഇന്ത്യയുടെ ബാധ്യതയാണ. ഭാവിയില്‍ യുവതാരങ്ങള്‍ക്ക്‌ കൂടുതലായി അവസരം നല്‍കാന്‍ അത്‌ സെലക്‌റ്റര്‍മാരെ പ്രേരിപ്പിക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സെമിഫൈനല്‍ വരെ മുന്നേറാന്‍ കഴിഞ്ഞാല്‍ അത്‌ വലിയ നേട്ടമായി തന്നെ പരിഗണിക്കപ്പെടുകയും ചെയ്യും. ആദ്യ റൗണ്ടില്‍ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളി പാരമ്പര്യ വൈരികളായ പാകിസ്‌താനില്‍ നിന്നാണ്‌. അവരോട്‌ തോറ്റാലും സ്‌കോട്ട്‌ലണ്ടിനെ കീഴടക്കിയാല്‍ അടുത്തറൗണ്ടിലേക്ക്‌ മുന്നേറാം. പക്ഷെ പാകിസ്‌താനെതിരായ പോരാട്ടം അഭിമാനപ്രശ്‌നമായി തന്നെ ധോനിയുടെ ടീം കരുതും. ഇന്‍സമാം ഉല്‍ ഹഖും യൂസഫ്‌ യുഹാനയും ഇല്ലെന്നത്‌ ഒഴിച്ചാല്‍ മുഴുവന്‍ കരുത്തമായാണ്‌ പാകിസ്‌താന്‍ എത്തുന്നത്‌. ഇന്‍സമാമും യുഹാനയും മാറി നിന്നതല്ല. സെലക്‌റ്റര്‍മാര്‍ ഒഴിവാക്കിയതാണ്‌. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ഏറ്റവും ശ്രദ്ധ നേടുക ഇന്ത്യ-പാക്‌ പോരാട്ടം തന്നെയാവും.