Monday, September 3, 2007

ടീം യങ്‌ ഇന്ത്യ


യുവരക്തത്തിന്‌ വേണ്ടിയുള്ള മുറവിളിക്ക്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പ്രത്യേകിച്ചും ഏകദിന മല്‍സരങ്ങള്‍ ജയിക്കാന്‍ യുവരക്തത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന വാദം ശക്തമാണ്‌. വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്‌ കാരണമായി കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ഉയര്‍ത്തിയിരുന്ന പരാതി ഓര്‍ക്കുക. ടീമിലെ സീനിയര്‍ താരങ്ങള്‍ ഗൂഡാലേചന നടത്തി, യുവതാരങ്ങളെ കളിക്കാനിറക്കിയില്ല. ഇങ്ങനെ തന്റെ ഗെയിംപ്ലാന്‍ അവര്‍ തകര്‍ത്തു കളഞ്ഞു.- ചാപ്പലിന്റെ ഈ കുറ്റപ്പെടുത്തല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും സൗരവ്‌ ഗാംഗുലിക്കും നേരെയാണ്‌ പ്രധാനമായും വിരല്‍ചൂണ്ടിയിരുന്നത്‌. അന്ന്‌ കേള്‍ക്കേണ്ടി വന്ന ഈ വിമര്‍ശനത്തിന്റെ പേരിലാണ്‌ ഇപ്പോള്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക്‌ തങ്ങളെ പരിഗണിക്കേണ്ടെന്ന്‌ സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവര്‍ കൂട്ടായി തീരുമാനമെടുത്ത്‌ തങ്ങളെ പരിഗണിക്കേണ്ടെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടത്‌. അതിനോട്‌ ബോര്‍ഡും സെലക്‌റ്റര്‍മാരും ക്രിയാത്മകമായി തന്നെ പ്രതികരിച്ചിരിക്കുന്നു. കൂടുതല്‍ യൂവതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെയാണ്‌ ഇന്ത്യ ട്വന്റി-20 ലോകകപ്പിന്‌ അയക്കുന്നത്‌. മുപ്പത്‌ വയസ്സ്‌ തികഞ്ഞ ഒറ്റ കളിക്കാരന്‍ പോലും ടീമിലില്ല. ടീമിന്റെ ശരാശരി പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. ഇന്ത്യ മുമ്പൊരിക്കലും ഇങ്ങനെയൊരു ടീമിനെ ഒരു ചാമ്പ്യന്‍ഷിപ്പിനും അയച്ചിട്ടില്ല. ടീമില്‍ ഏറ്രവും പ്രായം കൂടിയ കളിക്കാരന്‍ 29കാരനായ അജിത്ത്‌ അഗാര്‍ക്കറാണ്‌. പതിനഞ്ച ടീമിലെ ഒന്‍പത്‌ കളിക്കാര്‍ 25 ല്‍ താഴെ പ്രായമുള്ളവരാണ്‌. (ഓസീസ്‌ ടീമില്‍ ഒന്‍പത്‌ പേര്‍ മുപ്പതിന്‌ മേല്‍ പ്രായമുള്ളവരാണ്‌.) യുവതാരങ്ങളില്‍ സെലക്‌റ്റര്‍മാര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‌ മറുപടി നല്‍കുകയെന്നത്‌ മഹേന്ദ്ര സിങ്ങ്‌ ധോനിയുടെ 'ടീം യങ്‌ ഇന്ത്യ'യുടെ കടമയാണ്‌.യുവാക്കളുടെ ടീം ആണെങ്കിലും പരിചയ സമ്പന്നരായ അര ഡസന്‍ കളിക്കാരെങ്കിലും ഇന്ത്യന്‍ ടീമിലുണ്ട്‌. വണ്‍ഡേ സ്‌പെഷ്യലിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന അഗാര്‍ക്കറും യുവരാജ്‌ സിങ്ങും ഒപ്പം ലോകകപ്പിലെ പതനത്തിന്‌ ശേഷം ടീമില്‍ നിന്ന്‌ പുറത്തായ വീരേന്ദര്‍ സെവാഗ്‌, ഹര്‍ഭജന്‍ സിങ്ങ്‌, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ്‌ ഈ ടീമിലെ സീനിയര്‍മാര്‍. സെവാഗ്‌, ഹര്‍ഭജന്‍, പത്താന്‍ എന്നിവര്‍ക്ക്‌ നിലനില്‍പ്പിനുള്ള പോരാട്ടമാണ്‌. ടെസ്‌റ്റ്‌, ഏകദിന ടീമുകളിലേക്ക്‌ തിരിച്ചെത്തുകയെന്ന സ്വപ്‌നം സഫലമാവണമെങ്കില്‍ അവര്‍ക്ക്‌ ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്തിയേ മതിയാവൂ. ആക്രമണോല്‍സുക ബാറ്റിങ്ങിന്‌ പുതിയ മാനങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന, ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന സെവാഗിന്‌ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ പ്രതീക്ഷയര്‍പ്പിക്കാം. സെവാഗ്‌ ക്ലിക്ക്‌ ചെയ്യുമോ ഇല്ലയോ എന്നതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായക ഘടകം. ഓപ്പണിങ്ങില്‍ സെവാഗ്‌-റോബിന്‍ ഉത്തപ്പ ടീം ട്വന്റി-20 മാച്ചുകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ജോഡിയായിരിക്കും. മധ്യനിരയില്‍ യുവരാജിനും ദിനേശ്‌ കാര്‍ത്തികിനുമൊപ്പം ദേശീയ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലെ ഏക സെഞ്ച്വറിക്ക്‌ ഉടമയായ രോഹിത്‌ ശര്‍മയും ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായ ധോനിയും പിന്നെ രണ്ട്‌ ഓള്‍റൗണ്ടര്‍മാര്‍- ഇര്‍ഫാന്‍ പത്താന്‍, ചേട്ടന്‍ യൂസഫ്‌ പത്താന്‍, ജോഗീന്ദര്‍ എന്നിവര്‍ക്കിടയില്‍ നിന്ന്‌ രണ്ട പേര്‍ക്ക്‌ അവസരമുണ്ട്‌. യൂസഫ്‌ പത്താന്‍ സ്‌ിന്നറാണ്‌. അയാള്‍ കളിക്കുന്ന മാച്ചുകളില്‍ ഹര്‍ഭജന്‌ ഇടം കിട്ടണമെന്നില്ല. ട്വന്റി-20 മാച്ചുകളില്‍ രണ്ടു സ്‌പിന്നര്‍മാര്‍ക്ക്‌ ഇടം കിട്ടുന്നത്‌ ദുര്‍ലഭമാണ്‌. പേസ്‌ ബൗളര്‍മാരുടെ സെലക്ഷന്‍ അഗാര്‍ക്കര്‍, ആര്‍ പി സിങ്‌, ശ്രീശാന്ത്‌ എന്നിവര്‍ക്കിടയില്‍ നിന്നാണ്‌. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ഫലപ്രദമായിരുന്നു എന്നത്‌ ശ്രീക്ക്‌ മുന്‍തൂക്കം നല്‍കുന്നു. ഇര്‍ഫാന്‍ പത്താന്‍ ബൗളിങില്‍ ഇപ്പോഴും പഴയ ശൗര്യം വീണ്ടെടുത്തിട്ടില്ലെന്നത്‌ തലവേദനയാണ്‌. ഇന്ത്യന്‍ എ ടീമിന്റെ കെനിയന്‍ പര്യടനത്തിലും ഇര്‍ഫാന്‌ പന്ത്‌ കൊണ്ട്‌ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.ട്വന്റി-20 മാച്ചുകളില്‍ ഫീല്‍ഡിങിന്‌ ഏകദിന മാച്ചുകളേക്കാളും പ്രസക്തിയുണ്ട്‌. യുവരാജ്‌, ദിനേഷ്‌ കാര്‍ത്തിക്‌ എന്നിവര്‍ ലോകോത്തര ഫീല്‍ഡര്‍മാരാണ്‌. റോബിന്‍, ശ്രീ, ഇര്‍ഫാന്‍ തുടങ്ങിയ യുവതാരങ്ങളും ഫീല്‍ഡില്‍ കരുത്തു പകരുന്നു. സെവാഗ്‌, അഗാര്‍ക്കര്‍, ആര്‍ പി തുടങ്ങിയവരാണ്‌ താരതമ്യേന ദുര്‍ബല കണ്ണികള്‍. സെവാഗ്‌ പക്ഷെ ക്ലോസിന്‍ ഫീല്‍ഡിങ്ങില്‍ മികവു പുലര്‍ത്താറുണ്ട്‌. ഫീല്‍ഡിങ്ങ്‌കരുത്തിനെ ക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ സുരേഷ്‌ റൈനയെ പരിഗണിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നു വരുന്നു. ഇടക്കാലത്ത്‌ ബാറ്റിങ്‌ ഫോം മങ്ങിപ്പോയെങ്കിലും നമ്മുടെ യുവതാരങ്ങളില്‍ വെച്ച്‌ ഏറ്റവും മികച്ചഫീല്‍ഡറാണ്‌ റൈന. വേഗത്തില്‍ റണ്‍ സ്‌കോര്‍ ചെയ്യാനുള്ള മിടുക്കുണ്ട്‌. ആവശ്യം വരുമ്പോള്‍ ബൗളറായും ഉപയോഗിക്കാം. മുന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ദിനേഷ്‌ കാര്‍ത്തികിനും ശ്രീശാന്തിനും ധോണിക്കുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട്‌ നയിക്കാന്‍ കെല്‍പ്പുള്ള ഭാവിവാഗ്‌ദാനമായി റൈനയെ വിലയിരുത്തിയിരുന്നു ഒന്നോര്‍ക്കുക. ക്യാപ്‌റ്റനായി ധോനിയെ തിരഞ്ഞെടുത്തത്‌ യുവരാജ്‌ സിങ്ങിന്റെ തലക്ക്‌ മുകളിലൂടെയാണെന്ന്‌ വേണമെങ്കില്‍ ആരോപിക്കാം. ഭാവി ക്യാപ്‌റ്റന്‍ ആരായിരിക്കമെന്നതിന്റെ സൂചനയാണ്‌ സെലക്‌റ്റര്‍മാര്‍ നല്‍കിയിരിക്കുന്നത്‌. യുവിയുടേയും ധോനിയുടേയും സമിപനവും വ്യക്തിത്വവും പരിഗണിക്കുമ്പോള്‍ സെലക്‌റ്റര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്ന തന്നെ വിശ്വസിക്കണം. അച്ചടക്കത്തിന്റേയും ടീമിനുള്ളില്‍ ലോബികള്‍ ഉണ്ടാക്കുന്നതിന്റേയും കാര്യത്തില്‍ മുന്‍ പരിശീലകരുടെ വിമര്‍ശനത്തിന്‌ വിധേയനായ വ്യക്തിയാണ്‌ യുവരാജ്‌. ലോകകപ്പ്‌ വഴിഞ്ഞ ഉടന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട്‌ നടത്തിയ പ്രസ്ഥാവനകളും യുവരാജിന്റെ സല്‍പ്പേരിനെ ബാധിച്ചിരുന്നു. ധോനിയാവട്ടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച ടീംമാനാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്‌തു. ഭാവി ക്യാപ്‌റ്റന്‍ പദവിയിലേക്ക്‌ ധോനിക്ക്‌ ഇപ്പോഴുള്ള പ്രതിയോഗി ദിനേഷ്‌ കാര്‍ത്തികാണ്‌. നല്ല ക്രിക്കറ്റ്‌ മസ്‌തിഷ്‌ക്കത്തിന്‌ ഉടമയാണ്‌ കാര്‍ത്തികെന്ന്‌ ടീമിനുള്ളിലും പുറത്തും നിന്ന്‌ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ട്വന്റി-20 ലോകകപ്പില്‍ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ധോനിക്ക്‌ ഏറെ ആശ്രയിക്കാവുന്ന കൂട്ടുകാരനാവും കാര്‍ത്തിക്‌. ട്വന്റി-20 ലോകകപ്പില്‍ സെമി വരെയെങ്കിലും എത്തേണ്ടെത്‌ ടീം യങ്‌ ഇന്ത്യയുടെ ബാധ്യതയാണ. ഭാവിയില്‍ യുവതാരങ്ങള്‍ക്ക്‌ കൂടുതലായി അവസരം നല്‍കാന്‍ അത്‌ സെലക്‌റ്റര്‍മാരെ പ്രേരിപ്പിക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സെമിഫൈനല്‍ വരെ മുന്നേറാന്‍ കഴിഞ്ഞാല്‍ അത്‌ വലിയ നേട്ടമായി തന്നെ പരിഗണിക്കപ്പെടുകയും ചെയ്യും. ആദ്യ റൗണ്ടില്‍ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളി പാരമ്പര്യ വൈരികളായ പാകിസ്‌താനില്‍ നിന്നാണ്‌. അവരോട്‌ തോറ്റാലും സ്‌കോട്ട്‌ലണ്ടിനെ കീഴടക്കിയാല്‍ അടുത്തറൗണ്ടിലേക്ക്‌ മുന്നേറാം. പക്ഷെ പാകിസ്‌താനെതിരായ പോരാട്ടം അഭിമാനപ്രശ്‌നമായി തന്നെ ധോനിയുടെ ടീം കരുതും. ഇന്‍സമാം ഉല്‍ ഹഖും യൂസഫ്‌ യുഹാനയും ഇല്ലെന്നത്‌ ഒഴിച്ചാല്‍ മുഴുവന്‍ കരുത്തമായാണ്‌ പാകിസ്‌താന്‍ എത്തുന്നത്‌. ഇന്‍സമാമും യുഹാനയും മാറി നിന്നതല്ല. സെലക്‌റ്റര്‍മാര്‍ ഒഴിവാക്കിയതാണ്‌. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ഏറ്റവും ശ്രദ്ധ നേടുക ഇന്ത്യ-പാക്‌ പോരാട്ടം തന്നെയാവും.

No comments: