Tuesday, July 14, 2009

ലവിങ്‌ റാസ്‌ക്കല്‍...


മെലാനിന്‍ എന്ന രാസവസ്‌തുവിന്‌ ലോകചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്‌. കാരണം ലളിതം, മനുഷ്യരുടെ തൊലിയുടെ നിറം നിര്‍ണയിക്കുന്നത്‌ മെലാനിനാണ്‌. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ്‌ മനുഷ്യകുലത്തില്‍ പ്രാഥമിക വിഭജനം നടന്നത്‌. വെളുത്ത തൊലിക്കാരന്‍ കുലീനനായി സ്വയം പ്രഖ്യാപിച്ചു. കറുത്തവനെ കീഴടക്കാനും ഭരിക്കാനും തുടങ്ങി. നൂറ്റാണ്ടുകളും യുഗങ്ങളും ഏറെ കഴിഞ്ഞിട്ടും മനുഷ്യസംസ്‌കാരം ഏറെ പരിണാമങ്ങള്‍ക്ക്‌ വിധേയമായിട്ടും കറുത്തവന്റെ അസ്‌പൃശ്യത മാറ്റമില്ലാതെ തുടരുന്നുവെന്നത്‌ ലോകത്തെ രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യം വരും. ബരാക്‌ ഒബാമ യു എസ്‌ പ്രസിഡന്റായി എന്നത്‌ വലിയ അതിശയത്തോടെ തന്നെ വീക്ഷിക്കേണ്ടി വരുന്നു. ബരാക്‌ ഒബാമ കറുത്തവനായ പിതാവില്‍ വെള്ളക്കാരിയായ മാതാവിന്‌ പിറന്ന, വെളുത്തവന്റെ സാംസ്‌കാരിക ഭൂമികയില്‍ ഉരുവം കൊണ്ട ഒരു രാഷ്ട്രീയ നേതാവാണ്‌. കറുത്തവന്റെ പ്രതിനിധിയെന്ന്‌ അയാളെ വിശേഷിപ്പിക്കുന്നതില്‍ എത്രത്തോളം സാംഗത്യമുണ്ടെന്നും സംശയിക്കണം. കായിക രംഗത്ത്‌ കറുത്തവനോടുള്ള വിവേചനവും അവജ്ഞാപ്രകടനങ്ങളും ഇന്നും ശക്തമായി തുടരുന്നു. മുഹമദ്‌ അലി, ജെസ്സി ഓവന്‍സ്‌ തുടങ്ങിയ മഹാരഥന്‍മാര്‍ക്ക്‌ പോലും വര്‍ണവെറിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്ന്‌ ലോകത്ത്‌ ഏറ്റവും അധികം പണമൊഴുകുന്ന യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ തിയറി ഹെന്‍റിയും സാമുവല്‍ എറ്റൂവും ഉള്‍പ്പെട്ട `കറുത്ത താരങ്ങള്‍ക്ക്‌' നേരിടേണ്ടി വരുന്ന അപമാനവും ഭീഷണികളും വാര്‍ത്തയാവുന്നു. മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ നിന്ന്‌ വര്‍ണവെറിയെ ഉഛാടനം ചെയ്യാന്‍ ഐ. സി. സി. (അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സില്‍ ) ഏറെ യത്‌നിച്ചിരുന്നു. വെളുത്ത വര്‍ഗ്ഗക്കാരന്റെ ന്യൂനപക്ഷ ഭരണകൂടത്തിനോടുള്ള എതിപ്പ്‌ പ്രകടമാക്കുന്നതിന്‌ വേണ്ടി കായികലോകത്ത്‌ നിന്ന്‌ ദക്ഷിണാഫ്രിക്കയെ അകറ്റി നിര്‍ത്താനുള്ള തീരുമാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ കായിക സംഘടനയാണ്‌ ഐ. സി. സി. പക്ഷെ, അന്താരാഷ്ട്ര ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വെള്ളക്കാരായ കാണികളില്‍ നിന്ന്‌ അവജ്ഞയും അപമാനവും നേരിടേണ്ടി വന്ന സംഭവങ്ങള്‍ എത്രയോ ഉണ്ട്‌. വെസ്‌റ്റിന്‍ഡ്യന്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനുണ്ടായ തിക്താനുഭവങ്ങള്‍ അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്‌. ഇന്ന്‌ ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നത്‌ ഓസ്‌ട്രേലിയയുടെ പ്രതിഭാധനനായ ആള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ ക്രിക്കറ്റ്‌ കരിയര്‍ അകാലത്തില്‍ അവസാനിക്കുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്‌. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പെരുമാറ്റ ദൂഷ്യത്തിന്റേയും അച്ചടക്കമില്ലായ്‌മയുടേയും പേരില്‍ സൈമണ്ടിനെതിരെ നടപടിയെടുത്തിരിക്കുന്നു. ട്വന്റി-20 ലോകകപ്പിന്‌ പോയ ഓസീസ്‌ ടീമില്‍ അംഗമായിരുന്ന സൈമണ്ട്‌സിനെ ഇടക്ക്‌ വെച്ച്‌ നാട്ടിലേക്ക്‌ തിരിച്ചയച്ചു. ഇപ്പോള്‍ സൈമണ്ട്‌സുമായുള്ള കരാര്‍ റദ്ദാക്കാന്‍ അവര്‍ തുനിയുകയാണ്‌. ആന്‍ഡ്രൂ ഇതിന്‌ മുമ്പും കളിക്കളത്തിനകത്തും പുറത്തുമുള്ള സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മുമ്പ്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങുമായി ഗ്രൗണ്ടില്‍ വെച്ച്‌ സൈമണ്ട്‌സ്‌ ഉടക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ ഓര്‍ക്കുക. സത്യത്തില്‍ അങ്ങനെയൊരു കുഴപ്പക്കാരനോണോ സൈമണ്ട്‌സ്‌? അല്ലെങ്കില്‍ സൈമണ്ട്‌സിനെ മാന്യന്‍മാരുടെ കളിയിലെ `റിബല്‍' ആക്കി തീര്‍ത്ത പശ്ചാത്തലമെന്താണ്‌? സൈമണ്ട്‌സ്‌ എന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ, മനുഷ്യന്റെ കടുത്ത ആരാധകനായി മാറിപ്പോയ ഒരു വ്യക്തിയാണ്‌ ഇതെഴുതുന്നത്‌ എന്നകാര്യം ദയവായി വിസ്‌മരിക്കുക. വെസ്‌റ്റിന്‍ഡീസുകാരനായ പിതാവും ഇംഗ്ലീഷുകാരിയായ മാതാവുമാണ്‌ ആന്‍ഡ്രൂവിന്‌. ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ മാറിയ, ക്രിക്കറ്റിനു വേണ്ടി ജീവതമര്‍പ്പിച്ച മനുഷ്യന്‍. ആധുനിക സമൂഹത്തില്‍ വര്‍ണവെറി ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്ന സവര്‍ണ യാഥാസ്‌തിതികരുള്ളത്‌ ഓസട്രേലിയയിലാണ്‌. തന്റെ ജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന ചീത്ത അനുഭവങ്ങളാണ്‌ സൈമണ്ട്‌സിന്റെ റിബല്‍ വ്യക്തിത്വത്തിന്‌ പിന്നില്‍. കാണികളുടെ കുരങ്ങന്‍ വിളികളും അപഹസിക്കുന്ന അംഗവിക്ഷേപങ്ങളും സൈമണ്ട്‌സിന്‌ എത്രയോ നേരിടേണ്ടി വന്നിരുന്നു. ഹര്‍ഭജന്‍ സിങ്‌ ഗ്രൗണ്ടില്‍ വെച്ച്‌ മങ്കി എന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചുവെന്ന്‌ സൈമണ്ട്‌സ്‌ പരാതിപ്പെട്ടപ്പോള്‍ അന്വേഷണത്തിനൊടുവില്‍ അധികൃതര്‍ ഹര്‍ഭജനെ കുറ്റ വിമുക്തനാക്കി. മങ്കി എന്നല്ല ഹിന്ദിയില്‍ `മാ കീ' എന്നാണ്‌ ഹര്‍ഭജന്‍ വിളിച്ചതെന്നായിരുന്നു ഇന്ത്യന്‍ ടീമംഗങ്ങളുടെ ന്യായം. ഇതൊരു നല്ല പ്രയോഗമാണെന്നോ അല്ലെങ്കില്‍ സൈമണ്ട്‌സ്‌ കള്ളം പറയുകയാണന്നോ ആവണം ഇവിടെ വിവക്ഷ. ഏതായാലും ഈ സംഭവം സൈമണ്ട്‌സിനെ ഏറെ വേദനിപ്പിച്ചിരുന്നു. തനിക്ക്‌ വേണ്ടി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന പരാതിയും ഉണ്ടായിരുന്നു. മുമ്പും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കെതിരെ ആരോപണമുണ്ടാവുകയും ശിക്ഷ നേരിടുകയും ചെയ്‌തുട്ടുണ്ട്‌. ഷെയ്‌ന്‍ വോണിനേയും റിക്കി പോണ്ടിങ്ങിനേയും പോലുള്ള തലതെറിച്ച ക്രിക്കറ്റര്‍മാരെ നേര്‍വഴിക്ക്‌ കൊണ്ടുവന്ന ചരിത്രമുണ്ട്‌ ക്രിക്കറ്റ്‌ ഓസ്‌ട്രലിയക്ക്‌. അതിന്‌ വേണ്ടി അവര്‍ നടത്തിയ പരിശ്രമമോ വിട്ടുവീഴ്‌ചയോ സെമണ്ട്‌സിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്ന്‌ അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയാല്‍ കുറ്റം പറയാനാവില്ല. ലോകോത്തര ലെഗ്‌സ്‌പിന്നറായി മാറിയ ഷെയ്‌ന്‍ വോണ്‍ തന്റെ യൗവ്വനത്തില്‍ തികഞ്ഞ തെമ്മാടിയായിരുന്നു. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം വോണിന്റെ കരിയര്‍ അവസാനിക്കുമെന്ന്‌ തോന്നിച്ചപ്പോള്‍ വോണിനെ മെരുക്കിയെടുക്കാനും നേര്‍വഴിക്ക്‌ നടത്താനും ടെറി ജെന്നര്‍ എന്ന്‌ പ്രഗല്‍ഭ പരിശീലകനെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ജെന്നറാണ്‌ പിന്നീട്‌ വോണിനെ സംസ്‌കരിച്ചെടുത്തത്‌. പോണ്ടിങിന്റെ കാര്യത്തിലും സമാനമായ നടപടികള്‍ ഉണ്ടായി. ഇവരെ പോലെ പ്രതിഭാധനനാണ്‌ സൈമോ. പക്ഷെ സൈമണ്ട്‌സിന്റെ കാര്യത്തില്‍ ഇത്തരം ഉദ്യമങ്ങളൊന്നും ഉണ്ടായില്ല. തൊലിയുടെ നിറം ഇതിലൊരു ഘടകമല്ലെന്ന്‌ എങ്ങിനെ പറയാനാവും? സൈമണ്ട്‌സിന്റെ തെമ്മാടിത്തങ്ങളെ കുറിച്ച്‌ ഇപ്പോള്‍ വര്‍ണവെറിയന്‍മാരുടേതായ വെബ്‌ സൈറ്റുകളിലും ബ്ലോഗുകളിലും വരുന്ന റിപ്പോര്‍ട്ടുകളും അഭിപ്രായപ്രകടനങ്ങളും ഏതൊരു ക്രിക്കറ്റ്‌ പ്രേമിയേയും വേദനിപ്പിക്കുന്നതാണ്‌. സൈമോയുടെ സ്വഭാവത്തേയും കളിയേയും മാത്രമല്ല അദ്ദേഹത്തിന്റെ ജന്‍മത്തെ വരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും കറുത്ത തമാശകളും. ഇതെല്ലാം കാണുമ്പോള്‍ മൂന്നു വര്‍ഷം മുമ്പ്‌ സൈമണ്ട്‌സുമായി നടത്തിയ കൂടികാഴ്‌ച്ചയെ കുറിച്ച്‌ ഓര്‍ത്തു പോവുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏതുതരം വ്യക്തിയാണ്‌ സൈമോ എന്ന്‌ വ്യക്തമാക്കപ്പെടുകയും അദ്ദേഹത്തോടുള്ള ഇഷ്ടം ഇരട്ടിപ്പിക്കുകയും ചെയ്‌ത സംഭവമായിരുന്നു അത്‌. 2006 ഒക്ടോബര്‍ മാസം ഐ. സി. സി. ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മൊഹാലിയില്‍ പോയതായിരുന്നു. ഒരു മാസത്തോളം മൊഹാലിയില്‍ താമസിക്കണം. ചണ്ഡീഗഡില്‍ നിന്ന്‌ പത്ത്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ചെറു പട്ടണമാണ്‌ മൊഹാലി. അവിടുത്തെ സ്റ്റേഡിയത്തിനടുത്ത്‌ രണ്ടു മൂന്ന്‌ ഹോട്ടലുകളേയുള്ളൂ. അവിടുത്തെ മുറികളെല്ലാം ഇന്ത്യയുടെ മാച്ചുകള്‍ നടക്കുന്നത്‌ കൊണ്ട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യപ്പെട്ടിരുന്നു. വളരെ വിഷമിച്ചാണ്‌ ഒരു റൂം കിട്ടിയത്‌. അപ്പോഴേ പറഞ്ഞിരുന്നു, ബുക്ക്‌ ചെയ്‌തു വെച്ചവര്‍ വന്നാല്‍ ഒഴിയേണ്ടി വരും. ഇന്ത്യ-ഓസീസ്‌ മല്‍സരത്തിന്‌ രണ്ടു ദിവസം മുമ്പ്‌ റിസപ്‌ഷണിസ്റ്റ്‌ പറഞ്ഞു, "നാളെ മുറി ഒഴിഞ്ഞു കിട്ടണം." ശരിക്കും വെട്ടിലായി. മറ്റെവിടെയും മുറി കിട്ടാനില്ല. ഹോട്ടലിന്റെ ഉടമയെ കണ്ട്‌ ഒന്നു കൂടി അപേക്ഷിച്ചു നോക്കി. അപ്പോള്‍ അയാള്‍ വിചിത്രമായൊരു ഡിമാന്റ്‌ വെച്ചു: ഇന്ത്യ-ഓസീസ്‌ മല്‍സരം കാണാന്‍ രണ്ട്‌ വി. ഐ. പി. ടിക്കറ്റ്‌ വേണം . അതത്ര എളുപ്പമല്ല. അപ്പോള്‍ മൊഹാലിയില്‍ ഏറ്റവും വിലപിടിച്ച വസ്‌തുവാണത്‌. മാച്ചിന്റെ ടിക്കറ്റുകള്‍ എത്രയോ ദിവസം മുമ്പേ വിറ്റു തീര്‍ന്നിരിക്കുന്നു... അന്നു വൈകുന്നേരം ഓസീസ്‌ ടീമിന്റെ പരിശീലനമുണ്ട്‌. ഏതെങ്കിലും ഓസീസ്‌ താരത്തിന്റെ ഇന്റര്‍വ്യൂ തരപ്പെടുമോയെന്ന പ്രതീക്ഷയിലാണ്‌ ഗ്രൗണ്ടില്‍ പോയത്‌. രക്ഷയില്ല. താരങ്ങള്‍ മീഡിയക്ക്‌ മുഖം കൊടുക്കുന്നില്ല. അപ്പോള്‍ സൈമോ ട്രെയ്‌നിങ്‌ അവസാനിപ്പിച്ച്‌ പുറത്തേക്ക്‌ വരുന്നു. മുന്നോട്ട്‌ ചെന്ന്‌ ാെന്നു മുട്ടിനോക്കി. `മാച്ചിന്റെ മുമ്പുള്ള ദിവസങ്ങളില്‍ മീഡിയയെ കാണുന്നതില്‍ വിലക്കുണ്ട്‌ സുഹൃത്തേ', സൈമണ്ട്‌സ്‌ പറഞ്ഞു. ഒന്നുകൂടി നിര്‍ബന്ധിച്ചപ്പോള്‍, ടീമിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കരുതെന്ന നിബന്ധനയില്‍ വൈകുന്നേരം മുറിയിലേക്ക്‌ ചെല്ലാന്‍ പറഞ്ഞു. താജ്‌ ഹോട്ടലിലെ സൈമോയുടെ മുറി തേടിപിടിച്ച്‌ ചെല്ലുമ്പോള്‍ ടി.വി.യില്‍ വെസ്‌റ്റിന്‍ഡീസിന്റെ ഒരു മാച്ച്‌ ലൈവ്‌ കണ്ടു കൊണ്ടിരിക്കുകയാണ്‌ സൈമോ. ഹൃദയം തുറന്ന ഒരു ചിരിയോടെ അകത്തേക്ക്‌ ക്ഷണിച്ചു. ശരിക്കും അദ്ദേഹം എന്നെ വിസ്‌മയിപ്പിച്ചു. നിഷ്‌ക്കലങ്കമായ പെരുമാറ്റം. താരജാഡയില്‍ മതിമറന്ന്‌ മറ്റുള്ളവരെ അവഗണിക്കുന്ന ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒരു അപവാദമാണ്‌ സൈമോയെന്ന്‌ പെട്ടെന്ന്‌ ബോധ്യം വരാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇന്ത്യയെ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുവെന്നും ഇവിടുത്തെ കാഴ്‌ചകളും റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകളും എല്ലാം ക്യാമറയിലും ഹൃദയത്തിലും പകര്‍ത്തിവെക്കാറുണ്ടെന്നും സൈമോ പറഞ്ഞു. എന്നിലെ ആരാധകന്‍ ഉണര്‍ന്നു. ഞാന്‍ മടിച്ചു കൊണ്ട്‌ പറഞ്ഞു, " സൈമോയുടെ ചുരുണ്ടുകിടക്കുന്ന മുടിചുരുള്‍ ഒന്നു തൊട്ടുനോക്കണം. വലിയൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ഞാന്‍ നന്നായൊന്ന്‌ മുടിയില്‍ പിടിച്ചു വലിച്ചു. ഒപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത്‌ ക്യാമറയില്‍ ആ രംഗം പകര്‍ത്തിയപ്പോള്‍ സൈമോയുടെ കമന്റ്‌ " ഒരു കോപ്പി എനിക്കും വേണം." ഒരു മണിക്കൂറിലധികം സൈമോ എനിക്കു വേണ്ടി ചിലവഴിച്ചു. തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതൊരു ചോദ്യം, " നിങ്ങള്‍ക്ക്‌ ഞാന്‍ എന്താണ്‌ തരേണ്ടത്‌?" പെട്ടെന്ന്‌ തന്നെ ഞാന്‍ പറഞ്ഞു, ഇന്ത്യ-ഓസീസ്‌ മാച്ചിന്റെ രണ്ട്‌ ടിക്കറ്റ്‌. വീണ്ടും പൊട്ടിച്ചിരി. കളിക്കാര്‍ക്ക്‌ മാത്രം കിട്ടുന്ന നാല്‌ വി ഐ പി പാസുകള്‍ എടുത്ത്‌ കൈയില്‍ തന്നു. അടുത്ത ദിവസം ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ ചെറുപ്പക്കാരനായ ഉടമ തന്റെ കാമുകിക്കൊപ്പം വി ഐ പി ബോക്‌സിലിരുന്ന്‌ ഇന്ത്യയുടെ മാച്ച്‌ കണ്ടു, ആ ദിവസം മുതല്‍ എനിക്ക്‌ ഹോട്ടലില്‍ ബ്രെയ്‌ക്ക്‌ഫാസ്റ്റ്‌ ഫ്രീ..... എല്ലാം സൈമോയുടെ ചിലവില്‍. ഈ സൈമോ എങ്ങനെ തെമ്മാടിയാവും?

No comments: