Friday, July 24, 2009

മുംബൈ ലജന്റ്‌സ്‌


സ്‌പോര്‍ട്‌സിന്‌ ഒരു ഭൂമിശാസ്‌ത്രമുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തെ, നാട്ടിലെ ജനങ്ങള്‍ ഏതെങ്കിലും ഒരു ഗെയ്‌മിലോ, സ്‌പോര്‍ട്‌സിലെ സവിശേഷ മികവു കാട്ടുന്നുവെന്ന വസ്‌തുതയാണ്‌. ഭൂമിശാസ്‌ത്രം എന്ന വാക്കു കൊണ്ട്‌ ഇവിടെ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്‌. ആ പ്രയോഗം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹവുമുണ്ട്‌. അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ കാര്യത്തിലേക്ക്‌ കടക്കാം. സ്‌ക്വാഷില്‍ ലോക ചാമ്പ്യന്‍മാരായ ജഹാംഗീര്‍ ഖാനും ജാന്‍ഷര്‍ ഖാനും പെഷവാറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. പഞ്ചാബിലെ ഹോഷിയാപ്പൂരില്‍ നിന്ന്‌ ഇന്ത്യന്‍ ഹോക്കി ടീമില്‍ എത്തിയവരുടെ പട്ടിക എടുത്തു നോക്കിയാലും ഈ ഭൂമിശാസ്‌ത്രം പിടികിട്ടും. അമേരിക്കയിലെ അത്‌ലറ്റിക്‌സ്‌ ഗ്രാമങ്ങളും ബ്രസീലിലെ ഫുട്‌ബോള്‍ ഗ്രാമങ്ങളും ക്യൂബയിലെ ബോക്‌സിങ്‌ ഗ്രാമങ്ങളും എല്ലാം ഇവിടെ പരാമര്‍ശ യോഗ്യമാണ്‌. (കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ല. രാഷ്ട്രീയം നമുക്ക്‌ അസ്സല്‍ കളിയാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ കളിയായി അംഗീകാരം ലഭിച്ചിട്ടില്ല.)ഇന്ത്യന്‍ ക്രിക്കറ്റില്‍ മികവു തെളിയിച്ച ബാറ്റ്‌ല്‌മാന്‍മാരുടെ കാര്യത്തിലും ഈയൊരു പ്രാദേശിക മുന്‍തൂക്കം കാണാം. പ്രത്യേകിച്ചും ബാറ്റ്‌സ്‌മാന്‍മാരുടെ കാര്യത്തില്‍. മുംബൈ ഗഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും നിന്ന്‌ നിന്ന്‌ ബാറ്റിങ്‌ ലജന്റുകള്‍ ഒന്നിനു പിറകെ ഒന്നായി ഉദിച്ചുയരുന്നുവെന്നത്‌ പഠന വിധേയമാക്കേണ്ടതാണ്‌. പലരും ഈ വഴിക്ക്‌ ചിന്തിക്കുകയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. മുംബൈ നഗരത്തില്‍ പണ്ടു തൊട്ടേ മികച്ച ബാറ്റിങ്‌ പരിശീലകര്‍ ഉണ്ടായിരുന്നുവെന്നതും മുമ്പ്‌ ജന്‍മം കൊണ്ട മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ സൃഷ്ടിച്ച സ്വാധീനം കൂടുതല്‍ കുട്ടികളെ ഈ വഴിക്ക്‌ നടക്കാന്‍ പ്രേരിപ്പിച്ചു എന്നതെല്ലാം ഇതിനുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനെല്ലാമുപരി ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ മികവു കാട്ടാന്‍ പറ്റുന്നരീതിയില്‍ ചില സവിശേഷതകള്‍ മുംബൈക്കാര്‍ക്ക്‌ ഉണ്ട എന്ന വിശ്വസിച്ചു പോവുന്നത്ര മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ മുംബൈ ജന്‍മം നല്‍കിയിട്ടുണ്ട്‌. നോക്കൂ, ആ പട്ടിക എത്ര നീണ്ടതാണ്‌ ! വിജയ്‌ മര്‍ച്ചന്റ്‌, പോളി ഉമ്രിഗര്‍, വിജയ്‌ മഞ്ച്‌രേക്കര്‍, നരീ കോണ്‍ട്രാക്ട്‌ടര്‍, ദിലീപ്‌ സര്‍ദേശായി, അജിത്ത്‌ വഡേക്കര്‍, സുനില്‍ ഗാവസ്‌കര്‍, ദുലീപ്‌ വെങ്‌സര്‍ക്കാര്‍, സഞ്‌ജയ്‌ മഞ്ച്‌രേക്കര്‍, വിനോദ്‌ കാംബ്ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍......... ഇന്ത്യക്ക്‌ വേണ്ടി ടെസ്‌റ്റ്‌ കളിച്ച എല്ലാ മുംബൈ ബാറ്റ്‌സ്‌മാന്‍മാരുടെയും പട്ടിക നോക്കുകയാണെങ്കില്‍ അത്‌ ഇതിലും ദീര്‍ഘമാണ്‌.സുനില്‍ ഗാവസ്‌കര്‍ക്ക്‌ 60 വയസ്സ്‌ തികഞ്ഞിരിക്കുന്നു എന്നൊരു വാര്‍ത്തയാണ്‌ ഇപ്പോള്‍ മുംബൈ ലജന്റ്‌സിനെ കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം. സുനില്‍ ഗാവസ്‌കര്‍ ഇന്ത്യയിലെ "ക്രിക്കറ്റ്‌ മത വിശ്വാസികളെ" സംബന്ധിച്ചിടത്തോളം മാര്‍പാപ്പയായിരുന്നു. ഗാവസ്‌കര്‍ ബാറ്റിങ്ങിന്റെ അവസാന വാക്കായിരുന്നു. എന്നാല്‍ ഗാവസ്‌കര്‍ റിട്ടയര്‍ ചെയ്‌ത്‌ വര്‍ഷങ്ങള്‍ക്കകം അവര്‍ക്കൊരു ദൈവത്തെ ലഭിച്ചു, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. നേട്ടങ്ങലുടെ കാര്യത്തില്‍ സച്ചിന്‍ ഇതിനകം ഗാവസ്‌കറെ ഏറെ പിന്നിലാക്കി കഴിഞ്ഞു. ഗാവസ്‌കറുടെ സുപ്രസിദ്ധമായ വിശേഷണം - ലിറ്റില്‍ മാസ്റ്റര്‍ - സച്ചിന്റേതായി മാറി. ഗാവസ്‌കറുഠെ കാലത്ത്‌ അദ്ദേഹത്തോട്‌ പ്രതിഭയുടെ കാര്യത്തില്‍ മല്‍സരിച്ചിരുന്ന വെസ്റ്റിന്‍ഡീസുകാരന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വിശേഷണം- മാസ്റ്റര്‍ ബ്ലാസ്റ്ററും സച്ചിന്‍ കൈവശപ്പെടുത്തി. ഒരേ സമയം ഗാവസ്‌കറുടേയും റിച്ചാര്‍ഡ്‌സിന്റേയും പിന്‍ഗാമിയായി അവരോധിക്കപ്പെടുക എന്നത്‌ എത്രയോ വലിയ കാര്യമാണ്‌. ഡോണ്‍ ബ്രാഡ്‌മാനുമായി താരതമ്യം ചെയ്‌തു നോക്കി ബാറ്റിങ്ങിലെ ഓള്‍ ടൈം ഗ്രെയ്‌റ്റ്‌ ആയി സച്ചിനെ അവരോധിക്കുന്നതിന്‌ അദ്ദേഹത്തിന്റെ ആരാധകര്‍ ധൈര്യപ്പെടുന്നു. അവര്‍ക്ക്‌ ബ്രാഡ്‌മാന്‍ തന്നെയാണ്‌ അതിന്‌ ധൈര്യം പകര്‍ന്നത്‌. എന്റെ കളി ഇപ്പോള്‍ നേരിട്ട്‌ കാണണമെങ്കില്‍ സച്ചിന്റെ ബാറ്റിങ്‌ കണ്ടാല്‍ മതിയെന്ന്‌ ഞാന്‍ ഭാര്യയോട്‌ പറയാറാണ്ടെന്ന ബ്രാഡ്‌മാന്റെ പ്രസ്ഥാവന സച്ചിന്‌ തന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും പുരസ്‌കാരവുമായിരുന്നു. സച്ചിനെ റിച്ചാര്‍ഡ്‌സും ബ്രാഡ്‌മാനുമായി താരതമ്യം ചെയ്‌തവരാരും ഒരു ഗാവസ്‌കര്‍-സച്ചിന്‍ താരതമ്യത്തിന്‌ മുതിര്‍ന്നില്ലെന്നത്‌ ശ്രദ്ധിക്കുക. ഈ രണ്ടു പേരുടേയും ശൈലിയിലും കളിയോടുള്ള സമീപനത്തിലുള്ള അന്തരവും ആവാം അതിന്‌ കാരണം. സച്ചിന്‍ തന്നേക്കാള്‍ മിടുക്കനാണെന്ന്‌ ഗാവസ്‌കര്‍ സച്ചിന്റെ കരിയര്‍ തുടങ്ങിയ കാലത്തേ അംഗീകരിച്ചിരുന്നു. സച്ചിനാവട്ടെ ഗാവസ്‌കര്‍ ചെറുപ്പത്തിലേ തന്റെ ആരാധനാ പാത്രമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയുകയും എഴുതുകയും ചെയ്യുന്നു. ആരാണ്‌ വലിയവനെന്ന്‌ നിശ്ചയിക്കാന്‍ വേണ്ടിയല്ലെങ്കിലും നമ്മുടെ എക്കാലത്തേയും മികച്ചവരായ ഈ രണ്ട്‌ ബാറ്റിങ്‌ ഇതിഹാസങ്ങളെ താരതമ്യം ചെയ്യ്‌തു നോക്കുന്നത്‌ ഏറെ രസകരമാവും. ഗാവസ്‌കര്‍ എതിരിട്ട ബൗളിങ്‌ എത്തരത്തിലുള്ളതായിരുന്നു! മൈക്കല്‍ ഹോള്‍ഡിങ്‌, ജിയോല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍, വെയ്‌ന്‍ ഡാനിയല്‍, ആന്‍ഡി റോബര്‍ട്‌സ്‌ എന്നിവരുള്‍പ്പെട്ട കരീബിയന്‍ പേസ്‌ ബാറ്ററിയോട്‌ പോരടിച്ചാണ്‌ ഗാവസ്‌കര്‍ ഓരോ പടവും പിന്നിട്ടത്‌. അവരെ മെരുക്കാന്‍ കഴിഞ്ഞ അന്നത്തെ ഒരേയൊരു ബാറ്റ്‌സ്‌മാനായിരുന്നു സണ്ണി. അത്‌ പോലൊരു ബൗളിങ്‌ അറ്റാക്ക്‌ പിന്നീട്‌ ലോകക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്ന്‌ പാരമ്പര്യവാദികളായ ക്രിക്കറ്റ്‌ നിരൂപകര്‍ ഉറപ്പിച്ച്‌ പറയും. സച്ചിനുണ്ടോ അത്തരം ബൗളര്‍മാരെ നേരിട്ടിരിക്കുന്നു! ഇല്ലെന്ന്‌ ആര്‌ പറഞ്ഞു ? വഖാര്‍ യൂനുസ്‌- വസീം അക്രം ദ്വയത്തെ എതിരിട്ട്‌ ജയിച്ചാണ്‌ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. പിന്നീട്‌ വെസ്റ്റിന്‍ഡീസുകാരായ കോട്‌നീ വാല്‍ഷ്‌-കര്‍ട്‌ലി ആംബ്രോസ്‌ സഖ്യത്തെ നേരിട്ടും കൊടിനാട്ടി. എന്നാല്‍ അവരേക്കാളൊക്കെ ആപല്‍ക്കാരിയായ ബൗളറെന്ന്‌ വിലയിരുത്താവുന്ന ഓസ്‌ട്രേലിയക്കാരന്‍ ഗ്ലെന്‍ മഗ്രാത്തിനെ മിക്കവാറും തന്‍രെ കരിയറിലുടനീളം സച്ചിന്‍ നേരിട്ടു. മഗ്രാത്തിനൊപ്പം ഡാമിയന്‍ ഫ്‌ളെമിങും ജാസന്‍ ഗില്ലസ്‌പിയും ചേര്‍ന്ന സംഘം വിഖ്യാതമായ കരീബിയന്‍ സംഘത്തോളം പോന്നതല്ലെങ്കിലും അവരോട്‌ കിടപിടിക്കുന്നതാണ്‌. അവര്‍ക്കെതിരെ ഏറ്റവും മികവു പുലര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ തന്നെയാണ്‌. സ്‌പിന്‍ ബൗളര്‍മാരെ നേരിടുന്ന കാര്യത്തിലാണ്‌ സച്ചിന്‍ ഗാവസ്‌കറേക്കാള്‍ കുറച്ചു കൂടി മാര്‍ക്കു വാങ്ങുന്നത്‌. സച്ചിന്‍ കളിക്കുമ്പോള്‍ ക്രിക്കറ്റില്‍ സ്‌പിന്‍ ബൗളിങ്ങിന്റെ പൂക്കാലമാണ്‌. ഷെയ്‌ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ ഈ രണ്ടു പേരെയും മാറി മാറി നേരിട്ട്‌ ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതി സച്ചിന്‍ നിലനിര്‍ത്തി പോന്നു. പ്രത്യേകിച്ചും ഷെയിന്‍ വോണ്‍ എത്രയോ തവണ സച്ചിന്‌ മുന്നില്‍ തോറ്റ്‌ സുല്ല്‌ പറഞ്ഞിരുന്നു. തീര്‍ന്നില്ല സച്ചിന്റെ മഹത്വങ്ങള്‍. ലോക ക്രിക്കറ്റിലെ ഫീല്‍ഡിങ്‌ നിലവാരം മുമ്പെന്നത്തേക്കാളും മെച്ചമായ ഒരു കാലത്താണ്‌ സച്ചിന്‍ കളിക്കുന്നത്‌. സച്ചിന്റെ്‌ എത്രയോ ഉറച്ച ബൗണ്ടറികള്‍ വിക്കറ്റുകളായി പരിണമിച്ചു പോയി. ഇങ്ങനെ കിട്ടാതെ പോയ റണ്‍സ്‌ എത്ര ! സച്ചിന്‍ ലോക ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകളില്‍ ആയിരകണക്കിന്‌ വരുന്ന റണ്ണുകളും പെരുകി വരുന്ന സെഞ്ച്വറികളും അതുവഴി ജന്‍മം കൊണ്ട റെക്കോര്‍ഡുകളും മാത്രമല്ല. ക്രിക്കറ്റിന്‍രെ പുസ്‌തകത്തില്‍ അതുവരെ ഇല്ലാതിരുന്ന ചില ഷോട്ടുകള്‍ കൂടിയാണ്‌. പാഡ്‌ല്‍ സ്വീപും സ്ലിപ്പിന്‌ മുകളിലൂടെ പറക്കുന്ന ലാഡര്‍ ഷോട്ടും ഉള്‍പ്പെടെയുള്ള പുത്തന്‍ ഷോട്ടുകല്‍ കൂടിയാണ്‌. ഈ ഷോട്ടുകള്‍ സച്ചിന്‌ മുമ്പും ചിലരൊക്കെ അപൂര്‍വമായി കളിച്ചിരിക്കാം. എന്നാല്‍ നിരന്തരം ആ ഷോട്ടുകള്‍ വിജയകരമായി കളിച്ച്‌ അവക്ക്‌ ഒരു ക്രിക്കറ്റിങ്‌ ഷോട്ടെന്ന നിലയില്‍ അംഗീകാരം നേടി കൊടുത്തത്‌ ചസ്സിനാണ്‌. ഇതെല്ലാം അപൂര്‍വ പ്രതിഭകള്‍ക്ക്‌ മാത്രം സാധിക്കുന്ന കാര്യമാണ്‌. ആദ്യമേ പറഞ്ഞു, സച്ചിന്‍ ഗാവസ്‌കറേക്കാള്‍ കേമനാണെന്ന്‌ സ്ഥാപിക്കാനല്ല ഇത്രയും എഴുതിയത്‌. ഗാവസ്‌കര്‍ ഗാവസ്‌കറും സച്ചിന്‍ സച്ചിനുമാണ്‌..........

No comments: