Saturday, July 11, 2009

ശ്രീക്ക്‌ ഇരിക്കപിണ്ഡമോ ?


ശാന്തകുമാരന്‍ ശ്രീശാന്ത്‌ ചെയ്‌ത തെറ്റെന്താണ്‌? ആലോചിച്ച്‌ നോക്കിയാല്‍ കുറേ കാര്യങ്ങള്‍ ചൂണ്ടികാണിക്കാനുണ്ടാവും. കളിക്കളത്തിനകത്ത്‌ അതിരുകടന്ന രീതിയില്‍ അഗ്രഷന്‍ പ്രകടമാക്കുന്നു, സംസാരത്തില്‍ പക്വതയില്ല, അച്ചടക്കമില്ല അങ്ങനെ പലതും. എന്നാല്‍ ഈ കാരണങ്ങള്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ശ്രീയെ ഇന്ത്യന്‍ ടീമിലേക്ക്‌ പരിഗണിക്കാതിരിക്കാന്‍ കാരണമാവണോ? അല്ലെങ്കില്‍ ഈ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഇന്ത്യയില്‍ ഇന്നുള്ള ഏക ക്രിക്കറ്ററാണോ ശ്രീ ? അച്ചടക്കമില്ല എന്ന കുറ്റം ആരോപിക്കപ്പെടാത്ത ഒരു ക്രിക്കറ്റര്‍ പോലും ഇന്ന്‌ ഇന്ത്യന്‍ ടീമിലില്ല. പ്രധാന മല്‍സരങ്ങളുടെ തലേന്ന്‌ തെരുവിലും നൈറ്റ്‌ ക്ലബ്ബുകളിലും അലഞ്ഞു തിരിഞ്ഞതിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ നമ്മുടെ സൂപ്പര്‍ ക്രിക്കറ്റര്‍മാരുടെ ഒരു നിര തന്നെയുണ്ട്‌. ടീം മാനേജ്‌മെന്റ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെച്ചിരുന്നു. പരിക്ക്‌ ഒളിപ്പിച്ച്‌ വെച്ച്‌ ടീമില്‍ ഇടം നേടുകയും നിര്‍ണായക മല്‍സരത്തില്‍ കളിക്കാനാവാതെ വരികയും ചെയ്‌ത സംഭവങ്ങള്‍ വിരളമല്ല. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ സെവാഗിന്റെ പേരില്‍ ഈ കറ്റം ആരോപിക്കപ്പെടുകയും ക്യാപ്‌റ്റന്‍ ധോനി അത്‌ പരസ്യമായി സമ്മതിക്കുകയും ചെയ്‌തിരുന്നു. കളിക്കളത്തിനകത്തെ പെരുമാറ്റത്തിന്റെ പേരില്‍ സമീപ കാലത്ത്‌ വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ്‌ ഹര്‍ബജന്‍ സിങ്ങും പ്രവീണ്‍ കുമാറും എല്ലാം. ഇന്ത്യന്‍ ടീമിലെ ആഭ്യന്തര കലഹത്തെ കുറിച്ച്‌ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്നുണ്ട്‌. എന്നാല്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട കളിക്കാരെയാരെയും അതിന്റെ പേരില്‍ ദീര്‍ഘ കാലത്തേക്ക്‌ ഇന്ത്യന്‍ ടീമില്‍ നിന്ന്‌ മാറ്റി നിര്‍ത്തിയിട്ടില്ല. പക്ഷെ, ശ്രീക്ക്‌ ഇന്ത്യന്‍ ടീമിന്റെ മേലാളന്‍മാര്‍ ദീര്‍ഘ കാലത്തേക്ക്‌ ഊരു വിലക്ക്‌ കല്‍പ്പിച്ചിരിക്കുകയാണെന്ന്‌ ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ട്രോഫിക്കായി പ്രഖ്യാപിക്കപ്പെട്ട 30 അംഗ സാധ്യതാ പട്ടികയും വ്യക്തമാക്കുന്നു. ഇന്ത്യയിലെ മികച്ച 30 ക്രിക്കറ്റര്‍മാരില്‍ ഇപ്പോള്‍ ശ്രീക്ക്‌ സ്ഥാനമില്ലെന്ന്‌ പറയുന്നത്‌ ശുദ്ധ ഭോഷ്‌ക്കാണ്‌. 2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശ്രീ. അതിന്‌ ശേഷം ബംഗ്ലാദേശില്‍ ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രീക്കതില്‍ സ്ഥാനമുണ്ടായിരുന്നു. പരിക്കു കാരണം അന്ന്‌ ശ്രീ ടീമില്‍ നിന്ന്‌ പിന്‍മാറി. പിന്നീട്‌ ഫിറ്റ്‌നസ്‌ വീണ്ടെടുത്ത ശ്രീ രഞ്‌ജി ട്രോഫിയിലും ദുലീപ്‌ ട്രോഫിയിലും ഇക്കഴിഞ്ഞ ഐ പി എല്ലിലും കളിച്ചു. ഐ പി എല്ലില്‍ ശ്രീയുടെ പ്രകടനം ഒട്ടും മോശമായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മാച്ചില്‍ ധോനിയെ ക്ലീന്‍ ബൗള്‍ ചെയ്‌ത ഒറ്റ പന്ത്‌ മതി ശ്രീയുടെ ഫോം മങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കാന്‍. ശ്രീയെ പോലെ ആവശ്യാനുസരണം വ്യത്യസ്ഥമായ ഡെലിവറികള്‍ എറിയാന്‍ മിടുക്കുള്ള വേറൊരു പേസ്‌ ബൗളര്‍ ഇന്ത്യയിലില്ലെന്ന്‌ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ്‌ വിശാരദന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അല്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ പേസ്‌ ബൗളറാണ്‌ ശ്രീയെന്ന്‌ അവരില്‍ ബഹു ഭൂരിപക്ഷവും അംഗീകരിക്കുന്നു. പന്ത്‌ നിരന്തരം സീമില്‍ തന്നെ പിച്ച്‌ചെയ്യിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു പേസ്‌ബൗളര്‍ ലോകക്രിക്കറ്റില്‍ തന്നെ വിരളമാണ്‌. ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടതല്ല ശ്രീ. പരിക്ക്‌ കാരണം മാറി നിന്നതായിരുന്നു. അങ്ങനെയുള്ള ക്രിക്കറ്റര്‍ക്ക്‌ പരിക്ക്‌ ഭേദമായാല്‍ ഒരവസരം നല്‍കുകയെന്നത്‌ സാമാന്യ മര്യാദയാണ്‌. പരിക്കുകളുടെ ഇടവേളക്ക്‌ ശേഷം താരങ്ങള്‍ സ്വയം ഫിറ്റ്‌നസ്‌ പ്രഖ്യാപിച്ച്‌ ടീമില്‍ തിരിച്ചുവരുന്നത്‌ ഇന്ത്യന്‍ ടീമില്‍ സര്‍വസാധാരണമാണ്‌. ശ്രീശാന്തിനോട്‌ അത്തരം ഔദാര്യമൊന്നും കാട്ടേണ്ട. എന്നാല്‍ ഇന്ത്യക്ക്‌ വേണ്ടി നേട്ടങ്ങള്‍ കൊയ്‌ത, മല്‍സരങ്ങള്‍ ജയിച്ച ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ക്ക്‌ ഫിറ്റ്‌നസ്‌ തെളിയിക്കാന്‍ അവസരം നല്‍കുകയും ടീമിലേക്ക്‌ പരിഗണിക്കുകയും ചെയ്യേണ്ടതല്ലേ ? ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും , പരിഗണിക്കുകയെങ്കിലും ചെയ്‌താല്‍ മതിയായിരുന്നു. ടീം സെലക്ഷന്‌ ശേഷം ടീമില്‍ ഇടം പിടിക്കാത്ത കളിക്കാരെ കുറിച്ച്‌ സെലക്‌റ്റര്‍മാര്‍ ടീം പ്രഖ്യാപന വേളയില്‍ രണ്ടു വാക്കു പറയാറുണ്ട്‌. ഭാവിയിലെങ്കിലും ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ആ താരത്തിന്‌ നല്‍കാനും, അതുവഴി അയാള്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനും ആ നല്ല വാക്കുകള്‍ ഉതകും. ശ്രീയുടെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല. ടീം സെലക്ഷന്‍ വേളയില്‍ സ്വാധീനിക്കുന്ന ലോബികളെ കുറിച്ച്‌ ഒരുപാട്‌ പറഞ്ഞുകേള്‍ക്കാറുണ്ട്‌. മുംബൈ ലോബി, നോര്‍ത്ത്‌ഇന്ത്യന്‍ ലോബി, കൊല്‍ക്കത്ത ലോബി എന്നിങ്ങനെ അതാതുകാലത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡില്‍ സ്വാധീനമുള്ള ആളുകളുടെ ഉപജാപവൃന്ദങ്ങള്‍ സെലക്ഷനില്‍ സ്വാധീനം ചെലുത്തുന്നുവെന്നത്‌ ഇന്ന്‌ ഒരു രഹസ്യമല്ല. അങ്ങനെയുള്ള ലോബികള്‍ വഴി ടീമില്‍ കളിക്കാര്‍ എത്തുന്നത്‌ സഹിക്കാം. പക്ഷെ ഇത്തരം ലോബികളുടെ പിന്തുണയില്ലാതെ ഒരു കളിക്കാരനും ടീമില്‍ എത്താനാവില്ലെന്ന്‌ വന്നാലോ ? ശ്രീയുടെ കാര്യത്തില്‍ അതല്ലേ സംഭവിക്കുന്നത്‌ ? ശ്രീക്ക്‌ വേണ്ടി സെലക്ഷന്‍ കമ്മിറ്റിയിലോ, ക്രിക്കറ്റ്‌ ബോര്‍ഡിലോ സംസാരിക്കാന്‍ ആരുമില്ല. കേരളാക്രിക്കറ്റ്‌ അസോസിയേഷനന്റെ ഭാരവാഹികള്‍ക്ക്‌ അതിനുള്ള കഴിവില്ല, അല്ലെങ്കില്‍ അവര്‍ക്കതില്‍ താല്‍പര്യമില്ല. സമുദായത്തിലെ നിയമങ്ങള്‍ ലംഘിക്കുന്നവരെ പടിയടച്ച്‌ പിണ്ഡം വെക്കുന്ന പതിവ്‌ പഴയകാലത്ത്‌ കേരളത്തിലുണ്ടായിരുന്നു (ഇന്നും അപൂര്‍വമായെങ്കിലും അതുണ്ട്‌.) ജീവിച്ചിരിക്കെ പിണ്ഡം വെക്കുന്ന ആ രീതിക്ക്‌ ഇരിക്കപിണ്ഡമെന്നാണ്‌ പേര്‍. ഫോം നഷ്ടപ്പെട്ടിട്ടില്ലാത്ത, കളിയില്‍ നിന്ന്‌ വിരമിച്ചിട്ടില്ലാത്ത യുവക്രിക്കറ്റര്‍ക്ക്‌്‌ ഭ്രഷ്ട്‌ കല്‍പ്പിക്കുന്നത്‌ ഇരിക്കപിണ്ഡം തന്നെയല്ലേ. ഹേമങ്‌ ബദാനിയേയും അജയ്‌ രാത്രയേയും പോലുള്ള കളിക്കാര്‍ക്ക്‌ മുമ്പങ്ങിനെ സംഭവിച്ചിരുന്നു. പക്ഷെ അതൊന്നും ശ്രീശാന്തിന്റെ അനുഭവത്തോളം കഠിനമല്ല. ടെസ്‌റ്റിലും ഏകദിനത്തിലും ശ്രീശാന്തിന്റെ റെക്കോര്‍ഡും നിലവിലെ ഫോമും പരിഗമിക്കുമ്പോള്‍ ഇത്‌ ഇരിക്കപിണ്ഡത്തേക്കാള്‍ പ്രാകൃതമായ ശിക്ഷയാണ്‌.രസകരമായ ഒരു വസ്‌തുത. പ്രഥമ ഐ പി എല്ലിലെ ഒരു മല്‍സര ശേഷം തോറ്റ ടീമിലെ കളിക്കാരനായ ഹര്‍ഭജന്‍ സിങ്‌ ജയിച്ച ടീമിലെ കളിക്കാരനായ ശ്രീശാന്തിന്റെ കരണത്തടിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയൊരു സംഭവം മറ്റേതെങ്കിലും രാജ്യത്തെ ക്രിക്കറ്റ്‌ മാച്ചിനിടയിലോ മറ്റേതെങ്കിലും ഗെയ്‌മിലോ ആയിരുന്നു സംഭവിച്ചതെങ്കില്‍ പിന്നീട്‌ അടിച്ച കളിക്കാരന്‍ ഗ്രൗണ്ടിലിറങ്ങില്ല. അയാള്‍ക്ക്‌ ആജീവന കാല വിലക്ക്‌ തന്നെ വന്നേനേ. പക്ഷെ ഇവിടെ സംഭവിച്ചതോ, ഹര്‍ബജന്‌ ആ വര്‍ഷത്തേക്ക്‌ ഐ പി എല്ലില്‍ വിലക്ക്‌ വന്നു. പക്ഷെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ ബാധിച്ചില്ല. അയാള്‍ തുടരെ ഇന്ത്യക്ക്‌ വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. അയാള്‍ക്ക്‌ പത്മശ്രീ നല്‍കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശുപാര്‍ശ ചെയ്‌തു. പത്മ അവാര്‍ഡ്‌ നല്‍കി രാജ്യം സിങ്ങിനെ ആദരിച്ചു. ശ്രീയാവട്ടെ പിന്നീട്‌ ഇന്നുവരെ ഇന്ത്യക്ക്‌ വേണ്ടി കളിച്ചിട്ടില്ല. കാരണം ലളിതം, ഇത്‌ ഇന്ത്യന്‍ ക്രിക്കറ്റാണ്‌.....

1 comment:

നിഷാദ്കുമാര്‍ said...

ആദ്യമായി ഈ പോസ്റ്റിന് എന്റെ അഭിനന്ദങ്ങള്‍..

ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലും ഇതുപോലെയുള്ള പക്ഷപാതപരമായ കാര്യങ്ങള്‍ നമുക്ക് കാണാനാകും. അനന്തപത്മനഭന്റെയും ശ്രീകുമാരന്‍ നായരുടെയും അനുഭവങ്ങളെ അപേക്ഷിച്ച് ശ്രീശാന്തിന് കുറെച്ചെങ്കിലും ആശ്വസിക്കാം.പണാധിപത്യത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു സംഘടനയില്‍ നിന്ന് ഇതില്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കണ്ട. ഒരു പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ഭാവിയില്‍ അറിയപ്പെടുക ഫീല്‍ഡിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല.മറിച്ച് ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്പാദ്യത്തിന്റെ പേരിലായിരിക്കും.